അതിരില്ലാ ലോകത്തെക്കുറിച്ചുള്ള മനനങ്ങൾ

അതിരില്ലാ ലോകത്തെക്കുറിച്ചുള്ള മനനങ്ങൾ

ഹിന്ദിയിലും ഇന്ത്യൻ ഇംഗ്ലീഷിലും വിശ്വ സാഹിത്യത്തിലും എണ്ണം പറഞ്ഞ കൃതികൾ ഇറങ്ങിയ വർഷമായിരുന്നു 2022 
Updated on
6 min read

"This is the season of fetters

on love, affection and intimacy of hearts

Have no doubts,

my sweetheart,

this season of hate collapses in no time.

Mere time is no history.

History is what changes the times." (G.N, Saibaba, My love, are you tired?)

ബുക്കർ സമ്മാനം ലഭിച്ച ഹിന്ദി നോവലിസ്റ്റ് ഗീതാഞ്ജലി ശ്രീയെ പരിചയപ്പെടാനും ഹ്രസ്വമായിട്ടാണെങ്കിലും അവരോടു സംവദിക്കാൻ കഴിഞ്ഞുവെന്നതും ഈ പോകുന്ന വർഷത്തിലെ  ഒരു ആഹ്ളാദകരമായ അനുഭവം. കോഴിക്കോട് ലൈഫ് ലിറ്റററി ഫെസ്റിവലിൽ വെച്ചായിരുന്നു ഈയൊരു അവസരം എനിക്ക് ലഭിച്ചത്. കഴിഞ്ഞ വർഷത്തെയെന്നല്ല സമകാലിക ഇന്ത്യൻ സാഹിത്യത്തിലെ തന്നെ മികച്ച രചനകളിലൊന്നാണ് ഗീതാഞ്ജലി ശ്രീയുടെ "Tomb of sand". "റേത് സമാധി" എന്നതിന്റെ ഭവാർത്ഥമുൾക്കുള്ളുന്നതല്ല "റ്റൂമ്പ് ഇഫ് സാൻഡ്" എന്ന ഇംഗ്ലീഷ് വിവർത്തനമെന്ന അഭിപ്രായം നോവലിന്റെ വിവർത്തകയായ ഡെയ്‌സി റോക്കവെലിനോട് ഗീതാഞ്ജലി ശ്രീ സൂചിപ്പിച്ചിരുന്നതായി അവർ പറയുകയുണ്ടായി. സമാധി എന്നതിനു സമാനമായ ഒരു പദം ഇംഗ്ലീഷിൽ ലഭ്യമായിരുന്നില്ല എന്നതുക്കൊണ്ടാണ് കുടീരം എന്നർത്ഥം വരുന്ന വാക്ക് സ്വീകരിക്കേണ്ടതായി വന്നതെന്നും ഗീതാഞ്ജലി ശ്രീ പറയുന്നു. 

ആഖ്യാനപരമായ പരീക്ഷണത്തിന്റെ ഓജസ്സ് ഒട്ടും ചോരാതെ തന്നെ ഈ വിവർത്തനം നിർവഹിക്കപ്പെട്ടിട്ടുണ്ട്. 'റേത് സമാധി"യിൽ ഒരിടത്തു ഇന്ത്യ - പാക്കിസ്താന്‍ വിഭജനത്തെകുറിച്ചെഴുതിയ പ്രഗല്ഭരായ എഴുത്തുകാരുടെ പട്ടിക നിരത്തിയിട്ടുണ്ട്. വിഭജനം സൃഷ്‌ടിച്ച ആഘാതത്തിന്റെ അനുഭവ തീവ്രമായ ഭാഷയാണ് ഇവരുടെ രചനകളിൽ ആവിഷ്കൃതമായത്. എന്നാൽ ഗീതാഞ്ജലി ശ്രീയുടെ നോവൽ ഈയൊരു ഗണത്തിൽപ്പെടുത്തുന്നതല്ല. "റേത് സമാധി" ഹൃദയസ്പർശിയായ ഹീലിംഗ് സാഹിത്യമാണ് (Healing Literature) . വേദനയുണങ്ങാൻ പാകത്തിലുള്ള ലേപനം പോലെയാണ് ഈ നോവൽ. "ഹീലിംഗ് ലിറ്ററേച്ചർ" എന്ന് തന്നെ ഇതിനെ വിളിക്കാം. സത്യത്തിന്റെയും അനുരഞ്ജനത്തിന്റെയും മനുഷ്യാനുഭവത്തെയാണ് മറികടക്കപ്പെടേണ്ട അതിർത്തികളിലൂടെ ഗീതാഞ്ജലി ശ്രീ ആവിഷ്കരിക്കുന്നത്. ദേശത്തിന്റെയും വംശത്തിന്റെയും മതത്തിന്റെയും ഭാഷയുടെയും പേരിൽ നാലുചുറ്റും അതിർത്തികൾ നാട്ടുകയും ഇങ്ങനെ നാട്ടിയ അതിർത്തികൾ വലിയൊരു തടവറയായി മാറ്റപ്പെടുകയും ചെയ്യുന്ന കാലത്തിൽ എല്ലാത്തരം വിഭജനങ്ങളെയും അതിലംഘിക്കുന്ന "റേത് സമാധി" പുതിയൊരു ജൈവരാഷ്ട്രീയത്തെയാണ് പ്രതിപാദിക്കുന്നത്.  ആദ്യമായി ബുക്കർ സമ്മാനം ലഭിക്കുന്ന ഇന്ത്യൻ ഭാഷകളിലുള്ള രചനയാണിത്. ഇത്ര മഹത്തായൊരു പുരസ്‌കാരം ഹിന്ദി സാഹിത്യത്തിന് ലഭിച്ചിട്ടും ഇന്ത്യയുടെ ഭരണാധികാരികൾ അഭിനന്ദത്തിന്റെ ഒരു വാക്ക് പോലും പരാമർശിച്ചില്ല എന്നുള്ളത് അത്ഭുതപ്പെടുത്തുന്ന കാര്യമൊന്നുമല്ലെങ്കിലും, ഹിന്ദി ഭാഷയോടുള്ള കേന്ദ്രാധികാരികളുടെ ആദരവ് കേവലം രാഷ്ട്രീയപ്രേരിതമാണെന്നുള്ളതെന്ന് ഇതിൽ നിന്ന് വ്യക്തമാകുന്നു. 

2022ൽ തന്നെ ബുക്കർ സമ്മാനം ലഭിക്കുന്നത് ഷെഹൻ കരുണതിലകയുടെ രണ്ടാമത്തെ നോവലായ "സെവൻ മൂൺസ് ഓഫ് മാലി അൽമീഡിയയ്ക്കാണ്". മാലി എന്ന ശ്രീലങ്കൻ ഫോട്ടോഗ്രാഫർ കൊല്ലപ്പെടുകയും ബൈറ തടാകത്തിലേക്ക് അയാളുടെ ശരീരം വലിച്ചെറിയപ്പെടുകയുമാണ്. കൊലചെയ്യപ്പെട്ടവരുടെയും ആത്മഹത്യ ചെയ്തവരുടെയും ശരീരങ്ങൾ വലിച്ചെറിയുന്നത് ഈ തടാകത്തിലേക്കാണ്. ബുദ്ധ മത വിശ്വാസമനുസരിച്ച് ഇവർക്ക് മരണാനന്തര ജീവിതത്തിന്റെ ഒരു ഘട്ടവുമുണ്ട്. മാലി മരണാന്തരം തമിഴ് തീവ്രവാദികൾ കൊന്ന റാണി ശ്രീധരനെ കണ്ടുമുട്ടുന്നു. ഏഴു ചന്ദ്രന്മാർ എന്നത് ഏഴു രാത്രികളെ സൂചിപ്പിക്കുന്നു, മരണാന്തരം ലഭിക്കുന്ന ഈ ഏഴു രാത്രികളിലൂടെ ഭൂമിയിൽ ചെയ്യാൻ അവശേഷിപ്പിച്ചു വന്ന കാര്യങ്ങൾ അവസാനിപ്പിക്കാനുള്ള അവസരമാണ്. ഇതിനു ശേഷം "വെളിച്ചം" എന്നുപേരുള്ള മറ്റൊരു ലോകത്തിലേക്ക് മരിച്ചവർ പോകുന്നു. മാലിക്ക് താൻ എന്തിനു കൊലപ്പെട്ടുവെന്നും തന്നെ ആരു കൊന്നുവെന്നും അറിയില്ല. ഈ  ദുരൂഹതയാണ് തനിക്ക് അനാവരണം ചെയ്യേണ്ടത്. മാലിയുടെ രണ്ടു സുഹൃത്തുക്കളായ ഡി ഡിയും അയാളുടെ തന്നെ കസിനായ ജാക്കിയും  ഒരു കൊളംബോ കാസിനോയിൽവെച്ചു മാലിയെ കണ്ടതിനു ശേഷം അപ്രത്യക്ഷനായ തങ്ങളുടെ ചങ്ങാതിയെ അന്വേഷിക്കുകയാണ്.  മാലി കൊല്ലപ്പെട്ടിരിക്കാം എന്ന അനുമാനത്തോടെ മാലിയുടെ ഏറ്റവും വിലപിടിപ്പുള്ള  ഫോട്ടോ നെഗറ്റീവുകളുടെ മറഞ്ഞിരിക്കുന്ന  പെട്ടി എവിടെയാണെന്നാണ് അവർ തിരയുന്നത്. ഡി ഡി എന്നാൽ ഡിലൻ ധർമേന്ദ്രൻ. അധികാരത്തിൽ വലിയ സ്വാധീനമുള്ള ഒരിക്കൽ കാബിനറ്റ് മന്ത്രിയായിരുന്ന ആളായ  ധർമേന്ദ്രന്റെ മകനാണ് ഡിലൻ. മാലിക്ക് ശത്രുക്കൾ ഒരുപാടുണ്ട്. കാരണം മാലി പകർത്തിയ ചിത്രങ്ങൾ അധികാരത്തിലുള്ളവരെ മാത്രമല്ല രാഷ്ട്രീയ പ്രതിയോഗികളെയും വിറകൊള്ളിക്കുന്നതായിരുന്നു. 

എൺപതുകളിലെ ശ്രീലങ്കയിൽ, ഭരണകൂടം തന്നെ സ്പോൺസർ ചെയ്തിരുന്ന തട്ടിക്കൊണ്ടുപോക്കും കൊലപാതകവും പെരുകിയിരുന്നു. 'ജനത വിമുക്‌തി പെരുമന' ക്കാരെയും തമിഴ് പോരാളികളെയും കൊന്നൊടുക്കിയിരുന്നു. അവരും ക്രൂരമായി തന്നെ തിരിച്ചു പ്രതികാരം വീട്ടി. ഇന്ത്യയിൽ നിന്നയച്ച സമാധാന സേന ശ്രീലങ്കയിൽ കൂടുതൽ സമാധാനക്കേടാണുണ്ടാക്കിയത്. മാലി ചിത്രങ്ങൾ ഈ രഹസ്യങ്ങളെല്ലാം അനാവരണം ചെയ്യുന്നതായിരുന്നു. മാലിയും ഡി ഡിയും തമ്മിൽ സ്വവർഗ പ്രണയത്തിലായിരുന്നു. മാലിയുടെ കൊലയിലേക്ക് നയിച്ച യഥാർത്ഥ കാരണം തിരിച്ചറിയപ്പെടുന്നുണ്ട് അവസാനം. കൊലയ്ക്ക് ഉത്തരവിട്ടയാളെയും മാലി കണ്ടുമുട്ടുന്നുണ്ട് മരണാനന്തര ജീവിതത്തിന്റെ ഇടവേളയിൽ. ശ്രീലങ്കൻ ബുദ്ധിസ്റ്റ് ഫോക്‌ലോർ ആഖ്യാനത്തെ ദൃഢപ്പെടുത്തുന്നു. ശ്രീലങ്കയിലെ രാഷ്ട്രീയ സംഘർഷാവസ്ഥകൾ ഇതിൽ പ്രതിപാദ്യമാകുന്നുണ്ട്. തെക്കേ ഏഷ്യയിലെ മനുഷ്യാനുഭവങ്ങളെയും രാഷ്ട്രീയ സങ്കീർണതകളെയാണ് രണ്ടു തലത്തിൽ നിന്നുകൊണ്ടാണെങ്കിലും രണ്ടു നോവലുകളും- അന്താരാഷ്ട്ര ബുക്കർ ലഭിച്ച ഗീതാഞ്ജലി ശ്രീയുടെ "റ്റൂമ്പ് ഓഫ് സാൻഡും" ബുക്കർ ലഭിച്ച ഷെഹൻ കരുണതിലകേയുടെ "സെവൻ മൂൺസും" പ്രതിപാദിക്കുന്നത്. 

ഓർഹൻ പാമുക്കിന്റെ "നൈറ്റ്സ് ഓഫ് പ്ളേഗാണ്" 2022 -ൽ പുറത്തിറങ്ങിയ ശ്രദ്ധേയമായ ഒരു നോവൽ. വലിയ നിരൂപകശ്രദ്ധ ഈ നോവൽ നേടുകയുണ്ടായി. ഒർഹാൻ പാമുക്കിന്റെ ഏറ്റവും പുതിയ നോവലിൽ, ഓട്ടോമൻ സാമ്രാജ്യത്തിലെ ഒരു സാങ്കൽപ്പിക ദ്വീപിൽ ഒരു പ്ലേഗ് പൊട്ടിപ്പുറപ്പെടുന്നതാണ് ആഖ്യാന സന്ദർഭം. സാങ്കൽപ്പിക ദ്വീപായ മിംഗ്ഹേരിയിലാണ് പ്ളേഗ് പടരുന്നത്. ഈ ദ്വീപിലെ 80,000 വരുന്ന ജനങ്ങൾ മുസ്ലീങ്ങളും ഗ്രീക്ക് ഓർത്തഡോക്സ് ക്രിസ്ത്യാനികളുമായി പകുതി പകുതിയായി വിഭജിച്ചിരിക്കുന്നു. മിംഗ്ഹേരിയയിൽ ഒരു പ്ലേഗ് പൊട്ടിപ്പുറപ്പെടുന്നതോടെ, അവസാനത്തെ  ഓട്ടോമൻ ചക്രവർത്തിയായ  സുൽത്താൻ അബ്ദുൾ ഹമീദ് രണ്ടാമനിൽ നിന്നുള്ള സ്വാതന്ത്ര്യത്തിനായുള്ള പ്രസ്ഥാനവും രൂപപ്പെടുന്നു. എല്ലാ ദിവസവും, ദ്വീപിന്റെ ശവ വാഗൺ തെരുവുകളിലൂടെ മുഴങ്ങി പായുന്നു.  ശരീരങ്ങളുടെ കൂമ്പാരം കൂടുന്നു,  വിപ്ലവകാരികൾ ഈ ഘട്ടത്തിൽ രാഷ്ട്രീയമായി ചുവടുറപ്പിക്കുന്നു, മിംഗ്ഹേരിയയുടെ ആരോഗ്യ പ്രതിസന്ധി രാഷ്ട്രീയ പ്രതിസന്ധിയാൽ സങ്കീർണ്ണമാകുന്നു. പാൻഡെമിക് അഴിച്ചുവിട്ട സങ്കീർണ്ണമായ രാഷ്ട്രീയ, സാംസ്കാരിക, മത ശക്തികളെ അഭിസംബോധന ചെയ്യാനുള്ള ശാസ്ത്രത്തിന്റെ ശക്തിയുടെ പരിമിതി ഈ  നോവലിൽ പ്രതിപാദ്യമാകുന്നു. 

2022 -ലെ ഇന്ത്യൻ ഭാഷയിൽ നിന്നുള്ള വിവർത്തന കൃതിക്കുള്ള അവാർഡ് ലഭിച്ചത് ഖാലിദ് ജാവേദിന്റെ ഉറുദു ഭാഷയിൽ രചിച്ച "ദ പാരഡൈസ് ഓഫ് ഫുഡ്" എന്ന നോവലിനാണ്. ബരാൻ ഫാറൂഖിയാണ് ഈ നോവൽ ഇംഗ്ലീഷിലേക്ക് വിവർത്തനം ചെയ്തിരിക്കുന്നത്. പോയ് മറഞ്ഞ ഒരു കാലഘട്ടത്തിന്റെ  സാമൂഹികവും സാംസ്കാരികവുമായ ചുറ്റുപാടുകൾ ഇതിൽ  ആവിഷ്ക്കരിക്കപ്പെടുന്നു. ഒരു ഇടത്തരം മുസ്ലീം കൂട്ടുകുടുംബത്തെ പശ്ചാത്തലമാക്കിയുള്ളതാണ് ഇതിലെ കഥാതന്തു. മറ്റുള്ളവർക്ക് ആഘാതവും ഭീകരതയും ഉണ്ടാക്കുന്ന സംഭവങ്ങൾ പ്രവചിക്കാൻ കഴിയുന്ന വ്യക്തിയാണ് ഇതിലെ പ്രധാന കഥാപാത്രം.

അനീസ് സലീമിന്റെ പുതിയ നോവലായ " ദ ബെൽ ബോയ് " ഈ വർഷമാണ് പ്രസിദ്ധീകരിച്ചത്. അനീസ് സലീമിന്റെ രചനകൾ പുതിയ ഒരു തലത്തിലേക്ക് വഴിമാറുന്നുന്നതിന്റെ ഒരു സവിശേഷത ഈ നോവലിൽ പ്രകടമാണ്. കൗമാരക്കാരുടെ തീക്ഷ്ണമായ ജീവിതാനുഭവങ്ങളിലൂടെ ലോകത്തെ നോക്കിക്കാണുന്ന ആഖ്യാന രീതി അനീസ് സലിം രചനകളിലെ പ്രത്യക്തയാണ്. ഈ നോവലിലും ഈ സവിശേഷത അനുഭവവേദ്യമാണ്. "പാത്തോസ്" എന്ന വിളിക്കാവുന്ന ഒരു വൈകാരിക തലം കൂടുതൽ സാന്ദ്രമായിരിക്കുന്നു ഈ നോവലിൽ.

പ്രൊഫസർ ജി എൻ സായിബാബയുടെ കവിതകളുടെയും കത്തുകളുടെയും സമാഹാരം പ്രസിദ്ധീകൃതമായത് 2022 ലാണ്. "Why do you fear my way so much: Poems and Letters from Prison" എന്ന സമാഹാരം ഒരേസമയം അനുഭവേദ്യമാകുന്ന കഠിന യാതനകളുടെയും അതെ സമയം ദുരാധികാരം അടിച്ചേൽപ്പിച്ച കഠിന യാതനകൾ അനുഭവിക്കുമ്പോഴും പുലർത്തുന്ന പ്രത്യാശയെക്കുറിച്ചുമാണ്. 2017 -ൽ എഴുതിയ "When is the New Year" എന്ന കവിതയുടെ അവസാനവരികൾ ഇങ്ങനെയാണ്

"Now, democracies breed fascism

Nazism, majoritarianism.

They set in automotion self-destructing human machines

Democracies love a good many genocides

End of History!

Democracies spew out nukes

The greatest democracies

spew out the greatest nukes

End of Imagination!

My friend, when is the new year?"

നോൺ ഫിക്ഷൻ പുസ്തകങ്ങളുടെ കൂട്ടത്തിൽ 2022 വർഷം ശ്രദ്ധ നേടിയ രചനകൾ ബാബ സാഹേബ് അംബേദ്കറെക്കുറിച്ചുള്ള രണ്ടു പുസ്തകങ്ങളാണ്, ശശി തരൂരിന്റെയും സവിത അംബേദ്കറിന്റെയും. വികസിതമായികൊണ്ടിരിക്കുന്ന അംബേദ്‌കർ പഠന ശാഖയിലേക്ക് പ്രത്യേകിച്ചൊരു സംഭവനയൊന്നും നൽകുന്നിലെങ്കിലും തരൂരിന്റെ പുസ്തകം ലിബറൽ രാഷ്ട്രീയം എന്തുക്കൊണ്ട് അംബേദ്‌കറിന്റെ ലോകവുമായി സംവദിക്കണമെന്നതിനെക്കുറിച്ചുള്ള ഒരു കാഴ്ചപ്പാട് അവതരിപ്പിക്കുന്നു. സവിത അംബേദ്കറുടെ പുസ്തകം മറാത്തിയിൽ നിന്ന് വിവർത്തനം ചെയ്തതാണ് . പിൽക്കാല അംബേദ്കറുടെ ജീവിതത്തെക്കുറിച്ചുള്ള അടുത്തുനിന്നുള്ള ചിത്രമാണ് ഇതിൽ ലഭിക്കുക. നദീം ഖാനാണ് ഈ പുസ്തകം മറാത്തിയിൽ നിന്ന് വിവർത്തനം ചെയ്തിരിക്കുന്നത്.

ഇന്ത്യൻ ഭരണഘടനാ പഠനങ്ങൾ ഒരു പ്രത്യേക പഠന ശാഖയായി തന്നെ വികസിക്കുകയും ഭരണഘടനയുടെ നാനാവശങ്ങളെക്കുറിച്ചുള്ള അന്തർവൈഞ്ജാനികമായ കാഴ്ചപ്പാടോടെ പുതിയ പഠനങ്ങൾ സമീപകാലങ്ങളിൽ പുറത്തിറങ്ങുകയുണ്ടായി. ഗൗതം ഭാട്ടിയ, അഭിനവ് ചന്ദ്രചൂഡ്, രാഹുൽ ദേ, ആകാശ് സിങ് റാത്തോർ എന്നിവരുടെ പുസ്തകങ്ങൾ ഭരണഘടനയുടെ ജൈവികമായ അന്തസത്തയുടെ വ്യത്യസ്ത മാനങ്ങളെ ആവിഷ്ക്കരിക്കുന്നവയായിരുന്നു. 2022 അവസാന മാസം പ്രസിദ്ധീകൃതമായ കെ ജി കണ്ണബിരാന്റെ "The Speaking Constitution: A Sysyphean life in Law" ഈ പഠന ശാഖയിലേക്ക് വലിയൊരു മുതൽക്കൂട്ടാണ്. രണ്ടുമൂന്നു കാരണങ്ങൾ കൊണ്ടാണിത്. ആത്മകഥാപരമായ ആഖ്യാനമാണ് ഈ രചന പിന്തുടരുന്നത്. ഇന്ത്യയിലെ ഏറ്റവും പോരാളിയായ  ഒരു അഭിഭാഷകന്റെ സാന്നിധ്യം നീതിയുടെ മാനവികതലത്തെ കൂടുതൽ ഭാവഭദ്രമാക്കുന്നു. സിസിഫിയൻ എന്ന പ്രയോഗം കൂടുതൽ അർത്ഥധ്വനികളുള്ളതാണ്. തെലുങ്കിൽ നിന്ന് ഈ പുസ്തകം വിവർത്തനം ചെയ്തിരിക്കുന്നത് കെ ജി കണ്ണബിരാന്റെ മകൾ കല്പന കണ്ണബിരാനാണ്. വരും വർഷങ്ങളിൽ കൂടുതൽ ചർച്ചയും വായനയും ആവശ്യപ്പെടുന്ന പുസ്തകമാണിത്.

മനുഷ്യാവകാശത്തിന്റെ കാഴ്ചപ്പാടിൽ നിന്ന് വളരെ ശ്രദ്ധയര്‍ഹിക്കുന്ന ഒരു പുസ്തകം 2022ൽ വായിക്കാൻ കഴിഞ്ഞത് ആയിവീവീയുടെ "1000 years of joys and sorrows Two Lives, one Nation and a Century of art under tyranny in China" എന്ന പുസ്തകമാണ്. ഈ പുസ്തകം ആയിവീവീ എന്ന വീഡിയോ ആര്‍ട്ടിസ്റ്റിനെ കുറിച്ചെന്നതിനേക്കാൾ അയാളുടെ പിതാവും ചൈന ഏറ്റവും ആദരിക്കുന്ന കവിയുമായ ആയിക്വിങിനെകുറിച്ചാണ്. മാവോയുടെ  കാലത്തും പിന്നീട് ഡെങ്കിന്റെ കാലത്തും ലോകപ്രസിദ്ധനായ ഈ കവി അനുഭവിക്കേണ്ടി വന്ന മനുഷ്യാവകാശധ്വംസനങ്ങൾ ഇതിൽ വിവരിച്ചിട്ടുണ്ട്. ആയിവീവീ സമീപകാലമായി മനുഷ്യാവകാശത്തെമുൻനിർത്തി നടത്തുന്ന ഡിജിറ്റൽ മനുഷ്യാവകാശ പ്രവർത്തനത്തെക്കുറിച്ചുള്ള കാര്യങ്ങളും പ്രതിപാദിച്ചിരിക്കുന്നു. ആത്മകഥാപരമായ രചന ചൈനയിലെ മനുഷ്യാവകാശധ്വംസനത്തിന്റെ യാഥാർഥ്യത്തെ വെളിച്ചത്തുകൊണ്ടുവരുന്നതാണ്. 

മനുഷ്യാവകാശവും ഭരണഘടനയും നിയമവാഴ്ചയെക്കുറിച്ചുള്ള ആലോചനകളും 2022-ന്റെ തുടക്കം ഇറങ്ങിയ മൂന്നു പ്രധാന രചനകളിലേക്ക് നമ്മുടെ ശ്രദ്ധകൊണ്ടുപോകുന്നു. വിശദമായ ചർച്ചയും വായനയും ആവശ്യപ്പെടുന്ന പുസ്തകങ്ങളാണിതൊക്കെ. അരവിന്ദ് നാരായന്റെ "India's Undeclared Emergency: Constitutionalism and Politics of Resistance"  ഒരു പ്രധാനപ്പെട്ട പുസ്തകമാണ് ഇത് പോലെ ശ്രദ്ധേയമാണ് ആകാർ പട്ടേലിന്റെ "Price of Modi Years" എന്ന പുസ്തകം. ദേബാശിഷ് റോയ് ചൗധരിയുടെ "To Kill a Democracy: India's passage to democracy" 2021 അവസാനമാണ് പ്രസിദ്ധീകരിച്ചതെങ്കിലും 2022 ലെ വായനകളിൽ ഏറെശ്രദ്ധപിടിച്ചുപറ്റിയ ഒരു രചനയാണ്. ഈ പുസ്തകങ്ങളൊക്കെ ഇന്ത്യൻ ജനാധിപത്യം അഭിമുഖീകരിച്ചുക്കൊണ്ടിരിക്കുന്ന ഏകാധിപത്യപരവും വംശീയാധിപത്യപരവുമായ പ്രവണതകളെ നിർധാരണം ചെയ്യുന്ന രചനകളാണ്. 2022 -ൽ തന്നെ വലിയ ചർച്ചകൾക്ക് വഴിവെച്ച ധിരേന്ദ്ര കെ ഝയുടെ പുസ്തകം "Gandhi's Assasin: The making of Nathuram Godse and his idea of India" ഇന്ത്യയുടെ രാഷ്ട്രസങ്കല്പത്തിന്റെ ഹിന്ദുത്വവൽക്കരണത്തെക്കുറിച്ചുള്ള സൂക്ഷ്മമായ വിചാരങ്ങൾ അവതരിപ്പിക്കുന്നു. ഈ പുസ്തകങ്ങൾ പരാമർശത്തിനപ്പുറം  കൂട്ടായ വായനയും ചർച്ചയും ആലോചനകളും ആവശ്യപ്പെടുന്നു. 

2022 അവസാനിക്കുമ്പോൾ ശ്രദ്ധയിൽ വരികയും വായന തുടങ്ങി വെച്ച രണ്ടു പുസ്തകങ്ങളെക്കുറിച്ചുകൂടി ഇവിടെ പറയേണ്ടതുണ്ട്. കാരണം ഈ രണ്ടു പുസ്തകങ്ങളും സമകാലിക ഇന്ത്യയിലെ സാമൂഹിക രാഷ്ട്രീയ പ്രവണതകളെക്കുറിച്ചുള്ള ആലോചനകൾക്ക് തെളിച്ചം നൽകുന്നവയാണ്. സുന്ദർ സാരുക്കായിയുടെ "The Social Life of Democracy"യാണ്  ഒരു പുസ്തകം. ജനാധിപത്യത്തെക്കുറിച്ചുള്ള ആഴത്തിലുള്ള ചിന്തകൾ ഈ പുസ്തകത്തിൽ പ്രതിപാദ്യമാകുന്നു. സുന്ദർ സാരുക്കായി ഉന്നയിക്കുന്ന ഒരു അടിസ്ഥാനപരമായ ചോദ്യമിതാണ്: "The fundamental question that we should be asking is not whether Nations have democratic rule but what is to live a democratic life." . ജനാധിപരമായ ജീവിതമെന്താണെന്നാണ് പ്രധാനമായി നമ്മൾ അന്വേഷിക്കേണ്ട പ്രശ്നം. പലപ്പോഴും ജനാധിപത്യത്തെ ഔപചാരികതയ്ക്കപ്പുറം മനസ്സിലാകക്കാൻ കഴിഞ്ഞിട്ടില്ല എന്നുള്ളതാണ് ഇടതുപക്ഷ രാഷ്ട്രീയവും നേരിടുന്ന ആഭ്യന്തര പ്രതിസന്ധി. ജനാധിപത്യവൽക്കരിക്കപ്പെട്ട ,മനോഭാവത്തിന്റെ അഭാവമാണ് സ്റ്റാലിൻ മുതൽ തുടങ്ങുന്ന ഏകാധിപത്യ പ്രവണതകളുള്ള സ്വാർത്ഥരായ നേതാക്കൾ വെച്ചുപുലർത്തിയിരുന്നത്. വലതുപക്ഷത്തിന്റെ മനോഘടനയുമായി ഇത് പലനിലയിലും സാമ്യപ്പെടുന്നു. 

സ്വേച്ഛാധികാരപ്രവണതകൾ ജനാധിപത്യത്തെ എപ്രകാരമാണ് ധ്വംസിക്കുന്നതെന്നതിനെക്കുറിച്ചുള്ള ആത്മകഥാപരമായ അനുഭവങ്ങളാണ് മരിയ റെസ്സയുടെ "How to Stand up to a Dictator: The Fight for our future" വിശദമായി വിവരിക്കപ്പെടുന്നത്.  2021 വർഷം സമാധാനത്തിനുള്ള നോബൽ സമ്മാനം ലഭിച്ച ഫിലിപൈൻ മാധ്യമപ്രവർത്തകയാണ് മരിയ റെസ്സ. "How to Stand up to a Dictator" The Fight for our future" എന്ന പുസ്തകത്തിന്റെ വായന തുടങ്ങിയതേയുള്ളൂ.  ഈ പുസ്തകത്തിന്റെ ആരംഭത്തിലെ ഒരു വാചകത്തിൽ, ഒരു പക്ഷെ,  വരാൻ പോകുന്ന വർഷങ്ങളിൽ നമ്മളെ മുന്നോട്ട് നയിക്കാനുള്ള ആശയത്തിന്റെ വിത്തുണ്ട് : "The world we once knew is decimated. Now we have to decide what we want to create." 

logo
The Fourth
www.thefourthnews.in