ഐടി ചട്ട ഭേദഗതി; അഭിപ്രായ സ്വാതന്ത്ര്യത്തിന് കരുത്തുനൽകിയ ബോംബെ ഹൈക്കോടതി
ഓണ്‍ലൈന്‍ വാര്‍ത്താ മാധ്യമങ്ങള്‍ക്ക് കൂച്ചു വിലങ്ങിടും വിധം 'ഫാക്ട് ചെക്ക് യൂണിറ്റുകള്‍' രൂപീകരിക്കാന്‍ യൂണിയന്‍ ഗവണ്മെന്റിന് അധികാരം നല്‍കുന്ന 2023-ലെ ഐ.ടി. റൂള്‍ ഭേദഗതി ബോംബേ ഹൈക്കോടതി ഭരണഘടനാവിരുദ്ധമെന്നു കണ്ടു റദ്ദ് ചെയ്തു. അഭിപ്രായ സ്വാതന്ത്ര്യം സംബന്ധിച്ച ഭരണഘടനാപരമായ അവകാശങ്ങളെ ശക്തിപ്പെടുത്തുന്നതാണ് ഈ വിധി. സൈബര്‍ ഇടങ്ങളില്‍ തങ്ങള്‍ക്കെതിരെയുയരുന്ന വിമര്‍ശനങ്ങളെ ഇല്ലാതാക്കാനുള്ള യൂണിയന്‍ ഗവണ്‍മെന്റിന്റെ ശ്രമങ്ങള്‍ക്ക് തിരിച്ചടി നേരിട്ടിരിക്കുന്നു. ഈ വിഷയത്തില്‍ പതിറ്റാണ്ടുകള്‍ കൊണ്ട് ഉരുവാര്‍ന്ന നിയമ വൈജ്ഞാനിക തത്വങ്ങളെ ചേര്‍ത്തുപിടിക്കാന്‍ ഹൈക്കോടതി തയ്യാറായി എന്നത് ആശ്വാസകരമാണ്.
2023-ലെ ഐടി ചട്ടഭേദഗതി
2023-ല്‍ ഇന്‍ഫര്‍മേഷന്‍ ടെക്‌നോളജി റൂള്‍സ് ഭേദഗതി ചെയ്ത്, യൂണിയന്‍ ഗവണ്‍മെന്റിന്റെ പ്രവര്‍ത്തനങ്ങളുമായി ബന്ധപ്പെട്ട വിഷയങ്ങളില്‍, ഓണ്‍ലൈന്‍ പ്ലാറ്റ്‌ഫോമുകളില്‍ പ്രസിദ്ധീകൃതമാകുന്ന വിവരങ്ങള്‍ ശരിയോ തെറ്റോ എന്ന് നിശ്ചയിക്കുന്നതിന് ഒരു ഫാക്റ്റ് ചെക്കിംഗ് യൂണിറ്റ് രൂപീകരിക്കുവാന്‍ സര്‍ക്കാരിനെ അധികാരപ്പെടുത്തുകയാണുണ്ടായത്. ഇതിനായി ചട്ടം 3(1)ബി(v) -യില്‍ or, in respect of any business of the Central Government, is identified as fake or false or misleading by such fact check unit of the Central Government as the Ministry may, by notification published in the Official Gazette, specify]; എന്നു കൂട്ടിച്ചേര്‍ക്കുകയാണ് ചെയ്തത്.
സൈബറിടങ്ങളില്‍ പ്രസിദ്ധീകൃതമാകുന്ന കാര്യങ്ങളെ സംബന്ധിച്ച്, 'ഇടനിലക്കാ'രുടെ (ഇന്റര്‍മീഡിയറി) ഉത്തരവാദിത്തങ്ങള്‍ വിശദീകരിക്കുന്നതാണ് ചട്ടം 3. ഉദാഹരണത്തിന്, സാമൂഹ്യ മാധ്യമങ്ങളിലൊക്കെ പ്രസിദ്ധീകരിക്കുന്ന കുറിപ്പുകള്‍ക്ക് ഉത്തരവാദി അത് എഴുതുന്നയാള്‍ ആയിരിക്കും. പ്രസിദ്ധീകരണത്തിന് പ്ലാറ്റ്‌ഫോം ഒരുക്കുന്ന സാമൂഹ്യ മാധ്യമം ഇടനിലക്കാരനാണ്. ഉള്ളടക്കത്തില്‍ ഇടനിലക്കാര്‍ക്ക് നിയന്ത്രണം ഇല്ലാത്തതു കൊണ്ട് തന്നെ, ഉത്തരവാദിത്തങ്ങളില്‍ നിന്നും അവര്‍ക്ക് നിയമ സംരക്ഷണമുണ്ട്. സാമൂഹ്യ മാധ്യമങ്ങള്‍ മാത്രമല്ല, ഇന്‍ഫര്‍മേഷന്‍ ടെക്‌നോളജി ആക്ടിന്റെ വകുപ്പ് 2(ഡബ്ലിയു) പ്രകാരം, മറ്റൊരാള്‍ക്ക് വേണ്ടി, വിവരങ്ങള്‍ ശേഖരിക്കുകയും സൂക്ഷിക്കുകയും പ്രസിദ്ധീകരിക്കുകയും ചെയ്യുന്ന എല്ലാവരും ഇടനിലക്കാരാണ്. അതില്‍, വെബ് ഹോസ്റ്റിംഗ് സര്‍വീസുകള്‍ മുതല്‍, ഇന്റര്‍നെറ്റ് സര്‍വീസ് പ്രൊവൈഡേഴ്‌സ് വരെ ഉള്‍പ്പെടും! അതായത് സൈബര്‍ ലോകത്തെ സര്‍വ്വ സേവനങ്ങളും ഈ ചട്ടങ്ങള്‍ക്ക് വിധേയമായി പ്രവര്‍ത്തിക്കേണ്ടി വരുമെന്ന് സാരം. സാമൂഹ്യ മാധ്യമങ്ങള്‍ മാത്രമല്ല, ന്യൂസ് പോര്‍ട്ടലുകളും, യൂട്യൂബ് ചാനലുകളും, വെബ്‌സൈറ്റുകളും എല്ലാം സര്‍ക്കാരിന്റെ 'വസ്തുതാ പരിശോധന സമിതി' എടുക്കുന്ന തീരുമാനങ്ങള്‍ക്കനുസരിച്ച് നീങ്ങേണ്ടിവരും. ഫലത്തില്‍, ഓണ്‍ലൈന്‍ സെന്‍സര്‍ഷിപ്പ് ആണ് ഉണ്ടാവുക. സര്‍ക്കാരിനെ സംബന്ധിച്ച വിവരങ്ങളുടെ സത്യാവസ്ഥയെന്തെന്ന് സര്‍ക്കാര്‍ തന്നെ നിയോഗിച്ച ഒരു സമിതി തീര്‍ച്ചപ്പെടുത്തുകയും, അതിനു വിരുദ്ധമായി പറയുന്നവരെ ശിക്ഷിക്കുകയും ചെയ്യാം. ഈ ഭേദഗതിയാണ് ബോംബെ ഹൈക്കോടതിയില്‍ ചോദ്യം ചെയ്യപ്പെട്ടത്.
കേസിന്റെ നാള്‍വഴി
2023 ഏപ്രില്‍ 06-ന് വിജ്ഞാപനം ചെയ്ത ഭേദഗതിക്കെതിരെ, പ്രമുഖ സ്റ്റാന്‍ഡ് അപ്പ് കൊമേഡിയന്‍, കുനാല്‍ കംറയാണ്, ഇന്റര്‍നെറ്റ് ഫ്രീഡം ഫൗണ്ടേഷന്റെ പിന്തുണയോടെ ആദ്യമായി ഹൈക്കോടതിയെ സമീപിച്ചത്. പിന്നീട്, എഡിറ്റേഴ്‌സ് ഗില്‍ഡും, അസോസിയേഷന്‍ ഓഫ് ഇന്ത്യന്‍ മാഗസീന്‍സും കക്ഷി ചേര്‍ന്നിരുന്നു. ബോംബെ ഹൈക്കോടതിയുടെ, ജസ്റ്റിസുമാരായ ജി എസ് പട്ടേല്‍, ഡോ. നീലം ഗോഖലെ എന്നിവരുടെ ഡിവിഷന്‍ ബെഞ്ചാണ് കേസ് ആദ്യം പരിഗണിച്ചത്. ചട്ടങ്ങള്‍ സ്റ്റേ ചെയ്യാതിരിക്കാനുള്ള കാരണങ്ങള്‍ ബോധിപ്പിക്കാന്‍ കോടതി ആവശ്യപ്പെട്ടപ്പോള്‍, 2023 ഏപ്രില്‍ 27-ന്, കേസില്‍ വിധി വരുന്നതുവരെ, ഫാക്ട് ചെക്ക് യൂണിറ്റ് രൂപീകരിക്കില്ല എന്ന ഉറപ്പ് ഗവണ്മെന്റ് നല്‍കി. അന്നുമുതല്‍ ഫലത്തില്‍ റൂളിനു സ്റ്റേ ആയിരുന്നു.
2024 ജനുവരി 31-ന് ബോംബേ ഹൈക്കോടതിയുടെ ഡിവിഷന്‍ ബെഞ്ച് വിധി വന്നു. ജസ്റ്റിസ് ജി എസ് പട്ടേല്‍ ഭേദഗതികള്‍ ഭരണഘടനാ വിരുദ്ധമെന്ന് പ്രഖ്യാപിച്ചപ്പോള്‍, ജസ്റ്റിസ് നീലം ഗോഖലെ ഗവണ്മെന്റിനൊപ്പം നിന്നു. ഇതേതുടര്‍ന്ന് കേസില്‍ ഭൂരിപക്ഷ വിധിക്കായി മൂന്നാമതൊരു ജഡ്ജി കൂടി വാദം കേള്‍ക്കുവാന്‍ തീരുമാനിക്കുകയായിരുന്നു.
ഹൈക്കോടതി വിധി വന്നതോടെ, ഫാക്റ്റ് ചെക്ക് യൂണിറ്റ് സ്ഥാപിക്കുകയില്ല എന്ന ഗവണ്‍മെന്റ് നല്‍കിയ ഉറപ്പിന്റെ കാലാവധി അവസാനിച്ചു. എന്നാല്‍ മൂന്നാമത്തെ ന്യായാധിപന്റെ തീരുമാനം വരുന്നതുവരെ യൂണിയന്‍ ഗവണ്‍മെന്റിന്റെ ഉറപ്പ് തുടരണമെന്ന ആവശ്യം കക്ഷികള്‍ ഉന്നയിച്ചു. മൂന്നാമത്തെ ജഡ്ജ്, ജ. ചന്ദുര്‍ക്കര്‍, ഈ ആവശ്യം 2024 മാര്‍ച്ച് 13-ന് നിരാകരിച്ചു. ഇതേതുടര്‍ന്ന് ഹര്‍ജിക്കാര്‍ സുപ്രീംകോടതിയേയും സമീപിച്ചെങ്കിലും മാര്‍ച്ച് 20-ന് വൈകീട്ട് 6.25-ന് യൂണിയന്‍ ഗവണ്മെന്റ് ഫാക്ട് ചെക്ക് യൂണിറ്റ് രൂപീകരിച്ചു. 21-ന് കേസ് പരിഗണിച്ച സുപ്രീംകോടതി ഫാക്ട് ചെക്ക് യൂണിറ്റ് രൂപീകരിച്ച നടപടി സ്റ്റേ ചെയ്തു. കേസിന്റെ വാദം ബോംബെ ഹൈക്കോടതിയില്‍ തുടരട്ടെ എന്നും ഉത്തരവായി.
ഡിസൈഡിങ് ജഡ്ജിന്റെ വിധി
ഡിവിഷന്‍ ബെഞ്ചിലെ ഇരു ജഡ്ജിമാരും ഭിന്നാഭിപ്രായം രേഖപ്പെടുത്തിയ നിലയ്ക്ക്, ലെറ്റേഴ്‌സ് പേറ്റന്റ് പ്രകാരം, ഭൂരിപക്ഷ തീരുമാനത്തിനായി മൂന്നാമതൊരു ജഡ്ജ് കൂടി വാദം കേള്‍ക്കുകയായിരുന്നു. ജ. ജി.എസ്. ചന്ദുര്‍ക്കറായിരുന്നു ഡിസൈഡിങ് ജഡ്ജ്. ലെറ്റേഴ്‌സ് പേറ്റന്റിലെ ക്ലോസ് 36 അനുസരിച്ച് മൂന്നാമത്തെ ന്യായാധിപന്‍, ആദ്യ വിധിയില്‍ ഇരു ജഡ്ജിമാരും തമ്മില്‍ അഭിപ്രായഭിന്നതയുള്ള വിഷയങ്ങള്‍ മാത്രം പരിശോധിച്ചാല്‍ മതിയാകും. അഭിപ്രായ ഐക്യമുള്ളതോ, ഒരാള്‍ മാത്രം അഭിപ്രായം പറഞ്ഞതോ ആയ വിഷയങ്ങളില്‍, പുന പരിശോധനയുടെ ആവശ്യമില്ല. ആദ്യ ബെഞ്ചിന് മുന്നില്‍ വരാത്ത പുതിയ വിഷയങ്ങള്‍ പരിഗണിക്കാനുള്ള അധികാരവും ഡിസൈഡിങ് ജഡ്ജിനില്ല. അതുകൊണ്ട് എല്ലാ കക്ഷികളുടെയും വാദമുഖങ്ങള്‍ പൂര്‍ണമായി കേട്ടതിനു ശേഷം അഭിപ്രായവ്യത്യാസങ്ങള്‍ ഉള്ള വിഷയങ്ങളില്‍ സ്വന്തം നിഗമനങ്ങള്‍ രേഖപ്പെടുത്തുകയാണ് ജ.ചന്ദൂര്‍ക്കര്‍ ചെയ്തത്.
അഭിപ്രായവ്യത്യാസം ഇല്ലാതിരുന്ന വിഷയങ്ങള്‍
വിഭാഗീയ നിയമം: ഐടി ചട്ടത്തിലെ 2023-ലെ ഭേദഗതി, വിവേചനപരമാണെന്നും, വിഭാഗീയ നിയമമാണെന്നും ജസ്റ്റിസ് പട്ടേല്‍ തന്റെ വിധിയുടെ 178 മുതല്‍ 188 വരെയുള്ള ഖണ്ഡികകളില്‍ വിശദീകരിക്കുന്നുണ്ട്. ചട്ടത്തില്‍, യൂണിയന്‍ ഗവണ്‍മെന്റിന്റെ പ്രവര്‍ത്തനങ്ങളുമായി മാത്രം ബന്ധപ്പെട്ട വസ്തുതകളെ ഒരു പ്രത്യേക വിഭാഗമായി കണക്കാക്കി, അതിനുവേണ്ടി മാത്രം ഫാക്റ്റ് ചെക്ക് യൂണിറ്റ് സ്ഥാപിക്കും എന്നാണ് പറയുന്നത്. അത് ഭരണഘടനാപരമായി ന്യായീകരിക്കാന്‍ കഴിയുന്ന വര്‍ഗ്ഗീകരണമല്ല. തുല്യത ഒരു മൗലികാവകാശമായി ഉറപ്പു നല്‍കുന്ന അനുച്ഛേദം 14-ന്റെ ലംഘനമാകാതിരിക്കണമെങ്കില്‍, വിഭാഗീകരണത്തിന് ഒരു യുക്തി വേണം. ഇവിടെ കേന്ദ്രസര്‍ക്കാരിന്റെ പ്രവര്‍ത്തനങ്ങളുമായി ബന്ധപ്പെട്ട വസ്തുതകള്‍ക്കു മാത്രം അങ്ങനെയൊരു പ്രത്യേകതയുമില്ല. അതുകൊണ്ടുതന്നെ ചട്ടം ഒരു വിഭാഗീയ നിയമമാണ് ( ക്ലാസ് ലജിസ്‌ളേഷന്‍). വിവേചനപരമാണ്. അനുഛേദം 14-ന് വിരുദ്ധമാണ്. ഈ വിഷയത്തില്‍ ജസ്റ്റിസ് ഗോഖലെ അഭിപ്രായം രേഖപ്പെടുത്തിയിട്ടില്ലാത്തതിനാല്‍ അഭിപ്രായവ്യത്യാസം ഇല്ലെന്ന് അനുമാനിക്കാം.
സ്വാഭാവിക നീതിയുടെ ലംഘനം: ജസ്റ്റിസ് പട്ടേല്‍ കണ്ടെത്തിയ രണ്ടാമത്തെ പ്രശ്‌നം, ചട്ടങ്ങളില്‍ സ്വാഭാവിക നീതിയുടെ ലംഘനമുണ്ടെന്നായിരുന്നു. ചട്ടങ്ങളില്‍ പറഞ്ഞിരിക്കുന്ന കാര്യങ്ങള്‍ എങ്ങനെ നടപ്പിലാക്കും എന്നതിനെക്കുറിച്ച് വിശദമായ മാര്‍ഗനിര്‍ദ്ദേശങ്ങള്‍ ഒന്നും നിലവിലില്ല. വസ്തുതാ പരിശോധന സമിതിയുടെ തീരുമാനത്തിനെതിരെ ഹിയറിങ്ങിനായി നടപടിക്രമങ്ങള്‍ ഒന്നും പറഞ്ഞിട്ടില്ല. വാസ്തവത്തില്‍, പരാതി പരിഹാരത്തിനായി സംവിധാനങ്ങള്‍ ഒന്നുമില്ല. മാത്രവുമല്ല, വസ്തുതാ പരിശോധന സമിതി കാര്യകാരണസഹിതമുള്ള ഉത്തരവുകളാണ് ഇറക്കേണ്ടതെന്ന നിബന്ധനയുമില്ല. അതുകൊണ്ടുതന്നെ, ഏതു രേഖയുടെ അടിസ്ഥാനത്തിലാണ്, എന്തു കാരണത്താലാണ്, സമിതി തീരുമാനങ്ങള്‍ എടുത്തത് എന്ന കാര്യം ഇടനിലക്കാര്‍ക്ക് അറിയാന്‍ കഴിയില്ല. ഇതൊക്കെ സാമാന്യനീതിയുടെ ലംഘനമാണ്. ഈ വിഷയത്തിലും ജസ്റ്റിസ് ഗോഖലെ അഭിപ്രായം പറഞ്ഞിട്ടില്ലാത്തതിനാല്‍ അത് തര്‍ക്ക വിഷയമല്ലെന്ന് വിലയിരുത്തേണ്ടി വരും.
പരമ്പരാഗത മാധ്യമങ്ങളെ വിലയ്‌ക്കെടുത്തും, ഭീഷണിപ്പെടുത്തിയും, സ്വതന്ത്ര മാധ്യമ പ്രവര്‍ത്തകരുടെ ശബ്ദം അടിച്ചമര്‍ത്തിയും, ഭൂരിപക്ഷ ഏകാധിപത്യ പ്രവണതകള്‍ക്ക് മാത്രം ശബ്ദം നല്‍കുന്ന ഇടമായി ജനാധിപത്യത്തിന്റെ നാലാംതൂണിനെ ഇതിനോടകം മാറ്റിത്തീര്‍ത്തിട്ടുണ്ട്. ഈ സാഹചര്യത്തിലും, സത്യം വിളിച്ചു പറയാന്‍ വേദിയൊരുക്കിയതും, ധൈര്യം കാണിച്ചതും സൈബര്‍ ഇടമാണ്
അഭിപ്രായവ്യത്യാസം ഉണ്ടായിരുന്ന വിഷയങ്ങള്‍
അഭിപ്രായസ്വാതന്ത്ര്യം: 2023-ലെ ഭേദഗതി, ഭരണഘടന ഉറപ്പുനല്‍കുന്ന അഭിപ്രായ സ്വാതന്ത്ര്യത്തിനു മേലുള്ള കടന്നുകയറ്റം ആണെന്നായിരുന്നു ജസ്റ്റിസ് പട്ടേലിന്റെ നിഗമനം. അനുഛേദം 19(1)(എ) അഭിപ്രായ സ്വാതന്ത്ര്യമാണ് ഉറപ്പുനല്‍കുന്നത്. അതു മറികടക്കുന്നതിന്, അനുഛേദം19(2)-ല്‍ പ്രസ്താവിച്ചിട്ടുള്ള എട്ടു കാരണങ്ങളില്‍ അധിഷ്ഠിതമായ യുക്തിസഹമായ നിയന്ത്രണം മാത്രമേ സാധ്യമാകൂ. ''സത്യം അറിയാനുള്ള അവകാശം'' എന്നൊരു അവകാശം ഭരണഘടനയിലില്ല. അഭിപ്രായസ്വാതന്ത്ര്യമെന്നാല്‍, ഇന്ത്യയുടെ പരമാധികാരവും അഖണ്ഡതയും, വിദേശ രാജ്യങ്ങളുമായുള്ള സൗഹൃദപരമായ ബന്ധം, ക്രമസമാധാനം, അന്തസ്സ്, ധാര്‍മികത, കോടതിയലക്ഷ്യം, മാനനഷ്ടം, കുറ്റം ചെയ്യുന്നതിന് വേണ്ടിയുള്ള ആഹ്വാനം എന്നിങ്ങനെ എട്ട് വിഷയങ്ങളിലെ യുക്തിസഹമായ നിയന്ത്രണങ്ങള്‍ക്ക് വിധേയമായി അഭിപ്രായങ്ങള്‍ പ്രകാശിപ്പിക്കുവാനുള്ള അവകാശമാണ്. ഈ ഭേദഗതി അതിനുമപ്പുറമാണെന്ന് അദ്ദേഹം വിലയിരുത്തി.
ജസ്റ്റിസ് ഗോഖലെ, നിയമം അനുഛേദം 19-ന്റെ ലംഘനമല്ലെന്നാണ് വിധിയെഴുതിയത്. ശ്രേയ സിംഗാള്‍ കേസിനു ശേഷം, ഇടനിലക്കാര്‍ക്ക് നിയമബാധ്യത ഏര്‍പ്പെടുത്തുന്ന ഐടി ആക്ടിന്റെ സെക്ഷന്‍ 79, അനുഛേദം 19 (2)-ന് അനുപൂരകമായി സുപ്രീംകോടതി പരിമിതപ്പെടുത്തിയിട്ടുള്ളതാണ്. 2023-ലെ ചട്ടങ്ങള്‍ ഐടി ആക്ടിന്റെ വകുപ്പ് 69-ന് കീഴില്‍ ആയതിനാല്‍ പ്രസ്തുത നിയന്ത്രണങ്ങള്‍ ബാധകമാണ്. അതുകൊണ്ടുതന്നെ 19 (1)-ന് വിരുദ്ധമാകാന്‍ കഴിയില്ല. അതായത് ചട്ടങ്ങളില്‍ ഇല്ലാത്ത നിയന്ത്രണങ്ങള്‍, കോടതിവിധിയുടെ വ്യാഖ്യാനം വഴി, ചട്ടങ്ങളില്‍ ചേര്‍ത്ത് വായിച്ചു കൊണ്ട്, അതിനെ പരിമിതപ്പെടുത്തി രക്ഷിച്ചെടുക്കുകയായിരുന്നു ജസ്റ്റിസ് ഗോഖലെ.
ക്രിക്കറ്റ് അസോസിയേഷന്‍ ഓഫ് ബംഗാള്‍, ശ്രേയ സിംഗാള്‍, അനുരാധാ ഭാസിന്‍, കൗശല്‍ കിഷോര്‍ തുടങ്ങിയ അഭിപ്രായ സ്വാതന്ത്ര്യം സംബന്ധിച്ച സുപ്രധാനമായ സുപ്രീംകോടതി വിധികള്‍ ഉദ്ധരിച്ചുകൊണ്ട് ''ഭരണഘടനാപരമായി അനുവദനീയമല്ലാത്ത കാര്യങ്ങള്‍ക്ക് ഉപയോഗിക്കാനുള്ള സാധ്യത സമ്പൂര്‍ണ്ണമായി ഇല്ലാതാക്കാത്ത പക്ഷം, ആ നിയമം പൂര്‍ണ്ണമായും ഭരണഘടന വിരുദ്ധമാണെന്ന് വിലയിരുത്തണം'' എന്ന തീര്‍പ്പിലേക്കാണ് ജ. ചന്ദുര്‍ക്കര്‍ എത്തിച്ചേരുന്നത്.
ബിസിനസ് ചെയ്യുന്നതിനുള്ള അവകാശം: വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുമ്പോള്‍, പ്രിന്റ് മീഡിയയില്‍ ഇല്ലാത്ത നിയന്ത്രണങ്ങള്‍ ഡിജിറ്റല്‍ പ്ലാറ്റ്‌ഫോമുകളില്‍ അടിച്ചേല്‍പ്പിക്കുന്ന ഐടി ചട്ടങ്ങള്‍ ഇഷ്ടപ്പെട്ട തൊഴില്‍, വ്യാപാരം, ബിസിനസ് ഒക്കെ നടത്തുവാന്‍ അവകാശം ഉറപ്പുനല്‍കുന്ന ഭരണഘടനയുടെ അനുഛേദം 19(1)(ജി)യുടെ ലംഘനമാണെന്ന് ജസ്റ്റിസ് പട്ടേല്‍ വിധിച്ചു. എന്നാല്‍ സ്വേച്ഛാപരമായ നടപടികള്‍ക്ക് എതിരായ മുന്‍കരുതലുകള്‍ ചട്ടങ്ങളില്‍ ചേര്‍ത്തിട്ടുണ്ടെന്ന് പറഞ്ഞ് ജസ്റ്റിസ് ഗോഖലെ, ഇതില്‍ ഭരണഘടനാ വിരുദ്ധമായി ഒന്നുമില്ലെന്ന നിലപാടാണ് സ്വീകരിച്ചത്. പ്രിന്റ് മീഡിയയേയും, ഡിജിറ്റല്‍ മീഡിയയേയും വേര്‍തിരിച്ചു കാണുന്നതിലൂടെ, അനുഛേദം 19(1)(ജി)യുടെ ലംഘനം നടന്നിട്ടുണ്ടെന്ന അഭിപ്രായമായിരുന്നു ജസ്റ്റിസ് ചന്ദൂര്‍ക്കര്‍ക്കും.
അനുച്ഛേദം 14; സ്വന്തം കാര്യത്തില്‍ അന്തിമ വിധികര്‍ത്താവാകുന്ന യൂണിയന്‍ ഗവണ്‍മെന്റ്:
സ്വന്തം പ്രവര്‍ത്തന മേഖല സംബന്ധിച്ച കാര്യങ്ങളില്‍ സത്യം ഏതെന്ന് സ്വയം നിര്‍ണയിക്കാനുള്ള അധികാരം ഗവണ്‍മെന്റിന് നല്‍കുന്ന ചട്ട ഭേദഗതി സ്വാഭാവിക നീതിക്ക് വിരുദ്ധമാണെന്ന് ജസ്റ്റിസ് പട്ടേല്‍ നിരീക്ഷിച്ചു. ജസ്റ്റിസ് ഗോഖലെയും, യൂണിയന്‍ ഗവണ്‍മെന്റ് ഏകപക്ഷീയമായാണ് വാര്‍ത്തയിലെ വസ്തുത സംബന്ധിച്ച തീരുമാനമെടുക്കുന്നത് എന്ന് സമ്മതിക്കുന്നുണ്ടെങ്കിലും, അവസാന തീരുമാനത്തിനായി ഭരണഘടനാകോടതിയെ സമീപിക്കാനുള്ള അവസരമുണ്ട് എന്ന കാരണത്താല്‍ ചട്ടങ്ങള്‍ ഭരണഘടനാപരമാണെന്ന് വിലയിരുത്തി. അവസാന മാര്‍ഗമെന്ന നിലയ്ക്ക് ഭരണഘടനാ കോടതിയെ സമീപിക്കുവാനുള്ള അവകാശമുണ്ടെന്നത് മാത്രം പോരാ എന്ന അഭിപ്രായമായിരുന്നു ഡിസൈഡിങ് ജഡ്ജിക്കും. സ്വന്തം കാര്യത്തില്‍ സ്വയം വിധികര്‍ത്താവ് ആകുന്ന സംവിധാനം അനുഛേദം 14 ന് വിരുദ്ധമാണെന്ന് അദ്ദേഹവും വിലയിരുത്തി.
'അറിഞ്ഞുകൊണ്ടും മന:പൂര്‍വ്വവും' എന്ന പ്രയോഗം സംബന്ധിച്ച്: ഇടനിലക്കാരുടെ ബാധ്യതയെക്കുറിച്ച് പറയുന്ന ചട്ടം 3 (1)(ഡി)(v)-ല്‍ 'അറിഞ്ഞുകൊണ്ടും മനപ്പൂര്‍വ്വവും' എന്ന പ്രയോഗം, 2023-ലെ ഭേദഗതിയില്‍ കൂട്ടിച്ചേര്‍ത്ത ഭാഗത്തിനു കൂടി ബാധകമാണോ എന്ന ചോദ്യത്തിലും അഭിപ്രായവ്യത്യാസമുണ്ടായി. ഭേദഗതിക്ക് മുന്‍പുള്ള ആദ്യ ഭാഗം, ഓണ്‍ലൈന്‍ മാധ്യമങ്ങളില്‍ ഉള്ളടക്കം സൃഷ്ടിച്ചവരുടെ ബാധ്യത സംബന്ധിച്ചുള്ളതാണ്, രണ്ടാമത് കൂട്ടിച്ചേര്‍ത്ത ഭാഗം, കേന്ദ്രസര്‍ക്കാരിന്റെ വസ്തുതാ പരിശോധന സമിതി തെറ്റെന്ന് കണ്ടെത്തിയ ഉള്ളടക്കം സംബന്ധിച്ചും. ഈ പ്രയോഗം ഭേദഗതിക്ക് ബാധകമല്ല എന്നാണ് ജസ്റ്റിസ് പട്ടേല്‍ വ്യാഖ്യാനിച്ചത്. എന്നാല്‍ ജസ്റ്റിസ് ഗോഖലെ ചട്ടത്തിലെ ഇരുഭാഗങ്ങള്‍ക്കും ഈ പ്രയോഗം ബാധകമാണെന്ന് നിരീക്ഷിച്ചു. ചട്ടത്തിന്റെ ആദ്യഭാഗം ഓണ്‍ലൈന്‍ പ്ലാറ്റ്‌ഫോം ഉപയോഗിക്കുന്ന ആളെ സംബന്ധിച്ചും, രണ്ടാം ഭാഗം ഗവണ്‍മെന്റിന്റെ ഫ്‌ലാറ്റ് ചെക്ക് യൂണിറ്റിനെ സംബന്ധിച്ചും ആണെന്നും അതുകൊണ്ട് പ്രസ്തുത പ്രയോഗം അതിനെ ബാധിക്കില്ല എന്നുമുള്ള ജസ്റ്റിസ് പട്ടേലിന്റെ നിരീക്ഷണത്തോട് ജസ്റ്റിസ് ചന്ദുര്‍ക്കറും ചേര്‍ന്നുനിന്നു.
വ്യാജം, കളവ്, തെറ്റിദ്ധരിപ്പിക്കുന്നത്: ചട്ടത്തിലെ 'വ്യാജം, കളവ്, തെറ്റിദ്ധരിപ്പിക്കുന്നത്' എന്നീ പ്രയോഗങ്ങള്‍ വ്യക്തതയില്ലാത്തതാണെന്നും, ദുരുപയോഗത്തിന് സാധ്യതകള്‍ തുറന്നിടുന്നതാണെന്നും ജസ്റ്റിസ് പട്ടേല്‍ അഭിപ്രായപ്പെട്ടു. എന്നാല്‍ ആ വാക്കുകള്‍ക്ക് നിഘണ്ടുവില്‍ നല്‍കുന്ന അര്‍ത്ഥം കണ്ടു വ്യാഖ്യാനിച്ചാല്‍ മതിയാകുമെന്നാണ് ജസ്റ്റിസ് ഗോഖലെ പറഞ്ഞത്. ഈ വിഷയത്തിലും, മൂന്നാമത്തെ ന്യായാധിപന്‍ ജസ്റ്റിസ് പട്ടേലിന്റെ നിലപാടിനോടാണ് യോജിച്ചത്.
ചട്ടങ്ങള്‍ ഐടി ആക്റ്റിന്റെ ലംഘനമാണ്:
ഐടി നിയമത്തിന്റെ വകുപ്പ് 87(2)(സെഡ്)(ക്യൂ) അനുസരിച്ച്, വസ്തുത പരിശോധനാ സമിതികള്‍ രൂപീകരിക്കാനുള്ള അവകാശം ഗവണ്‍മെന്റിനില്ല, നിയമത്തിന്റെ വകുപ്പ് 69(എ) (2)-ലാണ് ഇന്റര്‍നെറ്റിലെ ബ്ലോക്കിംഗിനെ പറ്റി പ്രതിപാദിക്കുന്നത്. ആയതിനാല്‍ ഐടി ആക്ടിന്റെ ലംഘനം കൂടിയാണ് ഈ ചട്ടങ്ങള്‍ എന്ന ജസ്റ്റിസ് പട്ടേല്‍ വിധിയെഴുതി. എന്നാല്‍ 2009-ലെ ബ്ലോക്കിംഗ് റൂള്‍സിന്റെയും എത്തിക്‌സ് കോഡിന്റെയും അടിസ്ഥാനത്തിലാണ് ബ്ലോക്കിംഗ് ചെയ്യാന്‍ കഴിയുക എന്നതുകൊണ്ട് ഭേദഗതിയില്‍ നിയമവിരുദ്ധമായി ഒന്നുമില്ല എന്നായിരുന്നു ജസ്റ്റിസ് ഗോഖലെയുടെ കണ്ടെത്തല്‍. വിവരസാങ്കേതിക നിയമത്തിന്റെ വകുപ്പ് 87(3) വിവക്ഷിക്കുന്നത് പോലെയല്ല ചട്ട രൂപീകരണം നടന്നിട്ടുള്ളത്, പാര്‍ലമെന്റിലെ ഇരുസഭകളിലും അവതരിപ്പിച്ച് അംഗീകാരം നേടിയിട്ടില്ല; മാത്രവുമല്ല ഡിജിറ്റല്‍ ഉള്ളടക്കങ്ങള്‍ ബ്ലോക്ക് ചെയ്യുന്നതിനുള്ള അധികാരം വകുപ്പ് 87(2)(സെഡ്)(ക്യൂ)-വിലാണ്, 79(2)-ല്‍ അല്ലെന്ന നിലപാട് ജസ്റ്റിസ് ചന്ദുര്‍ക്കറും സ്വീകരിച്ചു.
ശീതീകരണ പ്രഭാവം (ചില്ലിംഗ് ഇഫക്ട്): നിയമപരമായ പ്രത്യാഘാതങ്ങളെ ഭയന്ന്, ഉള്ളടക്കത്തിലും അഭിപ്രായപ്രകടനത്തിലും പ്രത്യക്ഷമോ പരോക്ഷമോ ആയ സെന്‍സര്‍ഷിപ്പ് കൊണ്ടുവരുന്നതിന് ചട്ടങ്ങള്‍ കാരണമാകും എന്ന അഭിപ്രായമായിരുന്നു ജസ്റ്റിസ് പട്ടേലിന്. ഇതിനാണ് നിയമത്തിന്റെ ഭാഷയില്‍ ശീതീകരണ പ്രഭാവം എന്നു പറയുന്നത്. അഭിപ്രായ സ്വാതന്ത്ര്യത്തിന് അഭികാമ്യമല്ലാത്ത രീതിയിലുള്ള നിയമപരമായ ഭീഷണി, ചില്ലിംഗ് എഫക്റ്റിന് കാരണമാകും എന്ന് അദ്ദേഹം കരുതുന്നു. ഇടനിലക്കാര്‍ക്ക് കോടതിയെ സമീപിക്കാന്‍ കഴിയുമെന്നതിനാല്‍ ശീതീകരണ പ്രഭാവം ഉണ്ടാവില്ലെന്നാണ് ജസ്റ്റിസ് ഗോഖലെയുടെ വാദം. അനുഛേദം 19(2) നല്‍കുന്ന സംരക്ഷണം ഇടനിലക്കാര്‍ക്ക് ഇല്ലാതാവുന്നില്ലെന്ന നിലപാട് അവര്‍ ആവര്‍ത്തിക്കുന്നു. ഇവിടെയും ജസ്റ്റിസ് ചന്ദുര്‍ക്കര്‍ ജസ്റ്റിസ് ഗോഖലെയോട് വിയോജിക്കുകയാണ്.
ചട്ടങ്ങളെ പരിമിതപ്പെടുത്തുന്ന വ്യാഖ്യാനങ്ങളിലൂടെ സംരക്ഷിക്കാന്‍ ആവുമോ?: 'തെറ്റിദ്ധരിപ്പിക്കുന്നത്' എന്ന പ്രയോഗം നീക്കം ചെയ്തുകൊണ്ട് ചട്ടത്തെ സംരക്ഷിക്കാന്‍ കഴിയുമെന്ന നിലപാടിനോട് ജസ്റ്റിസ് പട്ടേല്‍ യോജിക്കുന്നില്ല. ചില പ്രയോഗങ്ങളെ പരിമിതപ്പെടുത്താന്‍ കഴിയുമെങ്കിലും, പാടെ നീക്കം ചെയ്തുകൊണ്ട് നിയമത്തെ സംരക്ഷിക്കുന്നത് ജുഡീഷ്യറിയുടെ പണിയല്ലെന്ന് അദ്ദേഹം വ്യക്തമാക്കുന്നു. 'അഭിപ്രായങ്ങള്‍, കാഴ്ചപ്പാടുകള്‍, രാഷ്ട്രീയ ഹാസ്യങ്ങള്‍, സറ്റയറുകള്‍, വിമര്‍ശനങ്ങള്‍' തുടങ്ങിയവയെ ചട്ടത്തിലെ 'വിവരങ്ങള്‍' എന്ന പ്രയോഗത്തിന്റെ നിര്‍വചനത്തില്‍ നിന്ന് ഒഴിവാക്കാം എന്ന വാദവും നിലനില്‍ക്കുന്നതല്ല. കാരണം, 'വിവരങ്ങള്‍' എന്ന പദം ഐടി ആക്ടിന്റെ സെക്ഷന്‍ രണ്ടില്‍ കൃത്യമായി നിര്‍വചിക്കപ്പെട്ടിട്ടുള്ളതാണ്. എന്നാല്‍ ഇത്തരം ഇടപെടലുകളിലൂടെ നിയമത്തെ സംരക്ഷിക്കാം എന്നാണ് ജസ്റ്റിസ് ഗോഖലെ കരുതുന്നത്. ഉള്ളടക്കങ്ങള്‍ നീക്കം ചെയ്യുന്നതിന് പകരം ഡിസ്‌ക്‌ളൈമറുകള്‍ കൊടുക്കാനാകുമെന്നും അവര്‍ വിധിയില്‍ രേഖപ്പെടുത്തുന്നുണ്ട്.
പാര്‍ലമെന്റിന്റെ ഉദ്ദേശ്യലക്ഷ്യങ്ങള്‍ക്കപ്പുറത്തേക്ക് നിയമത്തെ പരിമിതപ്പെടുത്തി വ്യാഖ്യാനിച്ച് രക്ഷപ്പെടുത്താന്‍ കഴിയില്ലെന്ന അഭിപ്രായമാണ് മൂന്നാമത്തെ ന്യായാധിപനും ഉള്ളത്. വിമര്‍ശനങ്ങള്‍, അഭിപ്രായപ്രകടനങ്ങള്‍ എന്നിവയൊക്കെ ചട്ടത്തിന്റെ പരിധിയില്‍ നിന്ന് ഒഴിവാക്കാമെന്ന ഗവണ്‍മെന്റിന്റെ വാദം അംഗീകരിക്കാനാവില്ല. നിയമമെന്താണ് എന്നതിനനുസരിച്ചാണ്, അതെങ്ങനെ നടപ്പിലാക്കും എന്നതു നോക്കിയല്ല, നിയമത്തെ വിലയിരുത്തേണ്ടതെന്ന് അദ്ദേഹം വ്യക്തമാക്കുന്നു. ആയതിനാല്‍ ചട്ടങ്ങള്‍ നിയമവിരുദ്ധമാണെന്ന നിലപാടിനോട് യോജിക്കുകയും ചെയ്യുന്നു.
ആനുപാതികത: ഒരു നിയമത്തിന്റെ ഭരണഘടനാപരത പരിശോധിച്ചാല്‍, വളരെ പ്രധാനപ്പെട്ട ഒരു ടെസ്റ്റ് ആണ് ആനുപാതികത. ഗുജറാത്ത് മസ്ദൂര്‍ സംഘ് കേസില്‍ സുപ്രീംകോടതി രൂപപ്പെടുത്തിയ മാനദണ്ഡങ്ങള്‍ക്കനുസരിച്ചാണ് ഈ പരിശോധന നടത്തേണ്ടത്. (പട്ടുസ്വാമി കേസില്‍ സുപ്രീംകോടതി അനുപാതികതാ പരിശോധനയ്ക്ക് കൂടുതല്‍ സുദൃഢമായ രൂപം നല്‍കിയിട്ടുണ്ട്).
മൗലികാവകാശങ്ങളെ ബാധിക്കുന്ന ഏതൊരു നിയമനിര്‍മ്മാണത്തെ സംബന്ധിച്ചും പരിശോധിക്കേണ്ട ചില കാര്യങ്ങളുണ്ട്. ആദ്യമായി, നിയമപരമായി ന്യായീകരിക്കത്തക്ക ഒരു ലക്ഷ്യമുണ്ടോയെന്നാണ് നോക്കുക. അടുത്തതായി, ഈ ലക്ഷ്യവും സ്വീകരിച്ച മാര്‍ഗ്ഗവും തമ്മില്‍ യുക്തിഭദ്രമായ ബന്ധമുണ്ടോ എന്ന് പരിശോധിക്കുന്നു. ഈ ലക്ഷ്യം സാക്ഷാത്കരിക്കുന്നതിന്, ഇപ്പോള്‍ സ്വീകരിച്ചിരിക്കുന്ന നടപടിയേക്കാള്‍ കുറഞ്ഞതോതില്‍ മാത്രം മൗലികാവകാശത്തെ ബാധിക്കുന്ന ഇതര മാര്‍ഗ്ഗങ്ങള്‍ ഉണ്ടോ എന്ന അന്വേഷണമാണ് അടുത്ത പടി. ഈ നടപടി മൂലം ഉണ്ടാകുന്ന സാമൂഹികമായ ഗുണവും, മൗലികാവകാശത്തിന്മേല്‍ ഉള്ള കടന്നുകയറ്റവും തമ്മില്‍ സമീകരിക്കാന്‍ കഴിയുമോ എന്ന ചോദ്യവുമുയരുന്നു. പരിശോധനയ്ക്ക് ശേഷം, 2003-ലെ ഭേദഗതികള്‍ ആനുപാതികമല്ല എന്ന നിഗമനത്തിലാണ് ജസ്റ്റിസ് പട്ടേല്‍ എത്തിച്ചേരുന്നത്.
ജസ്റ്റിസ് ഗോഖലെയാവട്ടെ, മുന്‍പ് വിശദീകരിച്ചിരുന്നത് പോലെ ചട്ടങ്ങള്‍ അനുഛേദം 19 (2)-ന് വിധേയമായിരിക്കും എന്ന മുന്‍വിധിയോടെയാണ് വിഷയത്തെ സമീപിച്ചിരിക്കുന്നത്. 'അറിവോടെയും മനഃപൂര്‍വ്വവും' എന്ന പ്രയോഗം സംബന്ധിച്ച തന്റെ നിഗമനവും, വിമര്‍ശനങ്ങളും ആക്ഷേപഹാസ്യങ്ങളും ഒഴിവാക്കപ്പെടും എന്ന ധാരണയും മുന്‍നിര്‍ത്തി ചട്ടം ആനുപാതികമാണെന്ന് വിധിക്കുന്നു. ജസ്റ്റിസ് ഗോഖലെയുടെ ഈ അനുമാനങ്ങളോടുള്ള വിയോജിപ്പ് ആവര്‍ത്തിച്ചുകൊണ്ട്, ജസ്റ്റിസ് ചന്ദൂര്‍ക്കറും ഭേദഗതികള്‍ അനുപാതികമല്ല എന്ന് വിധി എഴുതുന്നു.
മൂന്നു ന്യായാധിപരുടെയും വിധികള്‍ പരിശോധിക്കുമ്പോള്‍, യുക്തിഭദ്രതയും, കീഴ്വഴക്കങ്ങളുടെ ശരിയായ പിന്തുടര്‍ച്ചയും, നിയമവൈജ്ഞാനികതയുടെ തെളിമയും ദര്‍ശിക്കാന്‍ കഴിയുക ഭൂരിപക്ഷ വിധിന്യായങ്ങളില്‍ തന്നെയാണ്. പൗരാവകാശങ്ങള്‍ സംരക്ഷിക്കുന്നതിന് നിതാന്ത ജാഗ്രത പുലര്‍ത്തേണ്ട ഭരണഘടനാ സ്ഥാപനമെന്ന നിലയില്‍, ബോംബെ ഹൈക്കോടതി കൃത്യമായി കടമ നിര്‍വഹിച്ചിട്ടുണ്ടെന്നു കാണാം. യൂണിയന്‍ ഗവണ്‍മെന്റിനെതിരെ ഉയരുന്ന വിമത ശബ്ദങ്ങളെ നിശബ്ദമാക്കാനുള്ള ശ്രമങ്ങളെ കോടതി തള്ളിക്കളയുന്നു. അഭിപ്രായ സ്വാതന്ത്ര്യം ജനാധിപത്യത്തിന്റെ അനിവാര്യ ഘടകമാണെന്ന് ആവര്‍ത്തിച്ചുറപ്പിക്കുന്നു.
സമകാലിക ഇന്ത്യന്‍ രാഷ്ട്രീയ സാഹചര്യത്തില്‍, ഗതിനിര്‍ണ്ണായകമായ വിധിയാണിത്. പരമ്പരാഗത മാധ്യമങ്ങളെ വിലയ്‌ക്കെടുത്തും, ഭീഷണിപ്പെടുത്തിയും, സ്വതന്ത്ര മാധ്യമ പ്രവര്‍ത്തകരുടെ ശബ്ദം അടിച്ചമര്‍ത്തിയും, ഭൂരിപക്ഷ ഏകാധിപത്യ പ്രവണതകള്‍ക്ക് മാത്രം ശബ്ദം നല്‍കുന്ന ഇടമായി ജനാധിപത്യത്തിന്റെ നാലാംതൂണിനെ ഇതിനോടകം മാറ്റിത്തീര്‍ത്തിട്ടുണ്ട്. ഈ സാഹചര്യത്തിലും, സത്യം വിളിച്ചു പറയാന്‍ വേദിയൊരുക്കിയതും, ധൈര്യം കാണിച്ചതും സൈബര്‍ ഇടമാണ്. ലഗസി മീഡിയക്കില്ലാത്ത സെന്‍സറിംഗ്, ഡിജിറ്റല്‍ പ്ലാറ്റ്‌ഫോമുകളില്‍ കൊണ്ടുവരാന്‍ ശ്രമിച്ചതിന്റെ കാരണവും മറ്റൊന്നല്ല. അതിനേറ്റ തിരിച്ചടി, ഇന്ത്യന്‍ നീതിന്യായ വ്യവസ്ഥയെ സംബന്ധിച്ച് ശുഭപ്രതീക്ഷ നല്‍കുന്നതാണ്.