ടെക് കമ്പനികളുടെ പിഴവിന് ജീവിതം കൊണ്ട് പിഴയൊടുക്കുന്ന ജീവനക്കാർ
എഡ്യൂ ടെക് (Edu Tech) എന്ന് വിശേഷിപ്പിക്കപ്പെടുന്ന വിദ്യാഭ്യാസ സാങ്കേതികവിദ്യാമേഖലയിലെ ഏറ്റവും മൂല്യമുള്ള സ്റ്റാർട്ടപ്പുകളിൽ ഒന്നായ "ബൈജൂസി"ൽ നിന്ന് രണ്ടായിരത്തിയഞ്ഞുറോളം ജീവനക്കാരെ പിരിച്ചുവിടുമെന്നുള്ള തീരുമാനം ഐ ടി ഉൾപ്പെടെയുള്ള പുതിയ വ്യവസായ മേഖലയിലെ ഒട്ടും അസ്വാഭാവികവും അസാധാരണവുമല്ലാത്ത നടപടിയായതിനാലാകണം വലിയ വാർത്താപ്രാധാന്യം ലഭിക്കാതെ പോയത്.
കൂട്ട പിരിച്ചുവിടലും, അല്ലെങ്കിൽ ക്രമേണയുള്ള ഘട്ടം ഘട്ടമായുള്ള പിരിച്ചുവിടലുകളും സ്ഥാപനത്തിൽ അടിഞ്ഞുകൂടിയിരിക്കുന്ന അധികമേദസ്സ് കുറയ്ക്കുക തുടങ്ങിയ നവലിബറൽ മാനേജീരിയൽ ഉൽപ്രേക്ഷകളാൽ ന്യായീകരിക്കപ്പെടുകയും ചെയ്യുന്നു. ടെക്നോ വ്യവസായ മേഖലയിലെ തൊഴിൽ പ്രശ്നങ്ങളിൽ ഇടപെടാൻ സർക്കാരും മടിക്കുന്ന ലക്ഷണമാണ്. സർക്കാർ ഇത്തരം വിഷയങ്ങളിൽ നിശബ്ധത പാലിക്കുന്നത് സോഫ്‌റ്റ്‌വെയർ കയറ്റുമതിയിലൂടെ സർക്കാരിന് വലിയ വരുമാനമുണ്ടാകുന്നു എന്നതുകൊണ്ടൊന്നുമല്ല. സർക്കാരിന്റെ തന്നെ ആഡംബരവും പ്രൗഢിയുമായി കാണപ്പെടുന്ന സൺറൈസ് സെക്ടറിനെ പിന്തുണയ്‌ക്കേണ്ടത് സ്വാഭാവിക ബാധ്യതയായി സർക്കാർ കാണുന്നതിനാലാണ്.
സ്റ്റാർട്ടപ്പുകൾ കൂടുതൽ തൊഴിലവസരങ്ങൾ സൃഷ്‌ടിക്കുന്നുവെന്നും അതിനാൽ ഈ മേഖലയിലെ സർക്കാർ ഇടപെടുകൾ നവസാങ്കേതിക വ്യവസായങ്ങളെയാകെ തന്നെ ബാധിക്കുമോ എന്ന ആശങ്ക നിമിത്തവുമാണ് സർക്കാർ ഈ മേഖലയിലെ തൊഴിൽ പ്രശ്നങ്ങളിൽ ഇടപെടാതെ മാറി നിലനിൽക്കുന്നത്. സർക്കാരിന്റെ ഭാഗത്തുനിന്നുള്ള ഈ ദൗർബല്യം ടെക് സ്റ്റാർട്ടപ്പുകൾ നന്നായി തന്നെ മുതലെടുക്കുന്നുമുണ്ട്. ടെക്നോക്രസിയുടെ അതിസാങ്കേതിക വാഗ്ധോരണികളിൽ വാപൊളിച്ചു നിൽക്കുന്നവരാണ് നമ്മുടെ രാഷ്ട്രീയ നേതൃത്വങ്ങൾ എന്നതും തൊഴിലാളികളുടെ പിരിച്ചുവിടൽ ഉൾപ്പെടെ ഈ മേഖലയിൽ നടക്കുന്ന തൊഴിൽ ചൂഷണത്തോടെ വിമുഖമാകാനുള്ള മറ്റൊരു കാരണം.
തിരുവനന്തപുരം ടെക്നോപാർക്കിൽ പ്രവർത്തിക്കുന്ന "ബൈജൂസ് ആപ്പ്" കേന്ദ്രത്തിൽ നിന്ന് 170 ജീവനക്കാരെ ഒറ്റയടിക്ക് പിരിച്ചുവിടാനാണ് തീരുമാനിച്ചിരിക്കുന്നത്. ഇടതുപക്ഷ സർക്കാരും അതിന്റെ നേതൃത്വത്തിലുള്ളവരും ഇടയ്ക്കിടെ അവകാശപ്പെടാറുള്ളത് പോലെ കേരളം ഒരു വ്യത്യസ്ത സ്വഭാവമുള്ള സംസ്കാരമായതിനാലാകണം തിരുവനന്തപുരത്തെ കേന്ദ്രത്തിൽ നിന്നു പിരിച്ചുവിടപ്പെട്ടവരും, പിരിച്ചുവിടൽ ഭീഷണി നേരിടുന്ന തൊഴിലാളികളും നിർബന്ധിത രാജി സമ്മർദ്ദത്തിനു വഴങ്ങി നിശബ്ധം തലകുനിച്ചു മടങ്ങാതിരുന്നത്. കേരളത്തിന്റെ പൊതുവിദ്യാഭ്യാസ മന്ത്രികൂടിയായ തൊഴിൽ മന്ത്രി ശിവൻകുട്ടിയെ നേരിൽ കണ്ടു അവർ കാര്യങ്ങൾ വ്യക്തമാക്കുന്ന നിവേദനം നൽകുകയുണ്ടായി. തിരുവനന്തപുരത്തെ കേന്ദ്രം ബൈജൂസ് അടയ്ക്കാൻ തീരുമാനിച്ചിരിക്കുന്നു എന്നാണ് ഈ നിവേദനത്തിൽ അവർ ആരോപിച്ചിരിക്കുന്നത്.
പിരിച്ചുവിടലിനു പകരം ഐ ടി മേഖലയിൽ എക്കാലവും ഉപയോഗിച്ചുവരുന്ന തന്ത്രമാണ് രാജി എഴുതിവാങ്ങുക എന്നത്. പുറത്താക്കിയാൽ മറ്റിടങ്ങളിൽ തൊഴിൽ ലഭിക്കില്ല എന്ന ദൂഷിതമായ പ്രവണത ഐ റ്റി മേഖലയിൽ നിലനിൽക്കുന്നതിനാലുമാണ് നിർബന്ധിത രാജിവെയ്ക്കലിന് തൊഴിലാളികൾക്ക് വഴങ്ങേണ്ടി വരുന്നത്. വി സി മാരുടെ കാര്യത്തിലാണെങ്കിലും ടെക് മേഖലയിലാണെങ്കിലും നിർബന്ധിത രാജി എന്നത് പുറത്താക്കൽ തന്നെ. ആദ്യത്തെ കാര്യത്തിൽ സർക്കാരിനു പക്ഷമുണ്ടെങ്കിൽ രണ്ടാമത്തേതിൽ സർക്കാർ സർക്കാർ നിഷ്പക്ഷമാണ്.
കമ്പനി വക്താക്കളുടെ മാനേജീരിയൽ ദുസ്സഹപ്രയോഗങ്ങൾ (jargon) തൊഴിൽ ചൂഷണങ്ങൾക്കുള്ള മറയാണ്. നിയമ ലംഘനങ്ങളെയും ചൂഷണങ്ങളെയും സാമ്പത്തിക ക്രമക്കേടുകളെയും ടെക് സ്ഥാപനങ്ങൾ സ്വാഭാവികവല്കരിക്കുന്നത് ഇങ്ങനെയുള്ള ശൂന്യാർത്ഥ ജടിലമെങ്കിലും എന്തോ സംഭവമാണെന്ന് തെറ്റിദ്ധരിപ്പിക്കുന്ന പ്രയോഗങ്ങളിലൂടെയാണ്.
ഇന്ത്യയിലാകെ ആറുമാസത്തിനുള്ളിൽ 2500 പേരെ പിരിച്ചുവിടുമെന്നാണ് ബൈജൂസ് ആപ്പ് കമ്പനി വക്താവ് മാധ്യമങ്ങളോട് പറഞ്ഞത്. പതിനായിരം ടീച്ചർമാരെ പുതുതായി നിയോഗിക്കുമെന്നും അവർ അവകാശപ്പെടുന്നു. പിരിച്ചുവിടലും പുതിയ റിക്രൂട്ട്മെന്റും തമ്മിൽ എന്തെങ്കിലും ബന്ധമുണ്ടോ എന്നത് വ്യക്തമല്ല. പിരിച്ചുവിടലിന്റെ ആഘാതം കുറയ്ക്കാനായി കൂടുതൽ തൊഴിലവസരങ്ങൾ സൃഷ്ടിക്കുമെന്നുള്ള പ്രഖ്യാപനം നവസാങ്കേതിക വ്യവസായങ്ങൾ സ്ഥിരമായി ഉപയോഗിക്കുന്ന ഒരു തന്ത്രവുമാണ്.
കരാർ നിയമനങ്ങളിലെ വ്യവസ്ഥകൾ എപ്പോഴും കമ്പനിക്ക് അനുകൂലമായിരിക്കും. കാമ്പസ് റിക്രൂട്ട്മെന്റ് വഴി പുതിയ ജോലിയിലേക്ക് പ്രവേശിക്കുന്നവർ അറിയപ്പെടുന്ന ഒരു സ്ഥാപനത്തിൽ തൊഴിൽ ലഭിക്കുന്നതിന്റെ തിടുക്കത്തിൽ കരാറിലെ ഉപാധികളൊന്നും വായിച്ചു നോക്കാൻ മെനക്കെടാറില്ല. തൊഴിൽ നിയമങ്ങളെ സംബന്ധിച്ചുള്ള വ്യവസ്ഥകളെക്കുറിച്ചും അവർ ബോധവാന്മാരായിരിക്കുകയില്ല. പഠിച്ചിറങ്ങുന്നവർ പെട്ടെന്ന് ജോലി ലഭിക്കാനാണ് സ്വാഭാവികമായി ശ്രമിക്കുക. എന്നാൽ കരാർ തൊഴിൽ നിയമ വ്യവസ്ഥകള്‍ ലംഘിച്ചല്ല ടെക് കമ്പനികൾ കരാർ നിയമനങ്ങൾ നടത്തുന്നതെന്നു ഉറപ്പു വരുത്തേണ്ടത് സർക്കാരിന്റെ തൊഴിൽ വകുപ്പാണ്. കമ്പനി വക്താക്കളുടെ മാനേജീരിയൽ ദുസ്സഹപ്രയോഗങ്ങൾ (jargon) തൊഴിൽ ചൂഷണങ്ങൾക്കുള്ള മറയാണ്.
നിയമ ലംഘനങ്ങളെയും ചൂഷണങ്ങളെയും സാമ്പത്തിക ക്രമക്കേടുകളെയും ടെക് സ്ഥാപനങ്ങൾ സ്വാഭാവികവല്കരിക്കുന്നത് ഇങ്ങനെയുള്ള ശൂന്യാർത്ഥ ജടിലമെങ്കിലും എന്തോ സംഭവമാണെന്ന് തെറ്റിദ്ധരിപ്പിക്കുന്ന പ്രയോഗങ്ങളിലൂടെയാണ്.
വലിയ തോതിൽ തൊഴിലാളികളെ പിരിച്ചുവിടുന്നതിനെ മറച്ചുവെക്കാനായി പതിവായി വൻകിട കമ്പനികൾ പ്രയോഗിക്കുന്ന ഒരു ക്ലീഷേ രീതിയാണ് ശതമാനക്കണക്ക് അവതരിപ്പിക്കുക എന്നുള്ളത്. ഇതിന്റെ പിറകിലെ കുയുക്തി എന്താണെന്നുവെച്ചാൽ ഒരു കമ്പനിയിലെ സർവ മേഖലയിലും പണിയെടുക്കുന്ന തൊഴിലാളികളെ മൊത്തത്തിൽ കണക്കിലെടുത്തുകൊണ്ട് ഇതിൽ നിന്ന് ഒരു ചെറിയ ശതമാനം ജീവനക്കാരെ മാത്രമാണ് പിരിച്ചുവിടപ്പെടുന്നുവെന്നുള്ള രീതിയിലാണ് അവതരിപ്പിക്കുക. വാസ്തവത്തിൽ ഓരോ ഓരോ പ്രത്യേക മേഖലയിലെ ജീവനക്കാരെയാണ് പിരിച്ചുവിടുന്നത്. അതുകൊണ്ട് കൂട്ടപിരിച്ചുവിടലിന്റെ ആഘാതം കുറച്ചുകാണിക്കാനുള്ള ടെക് കമ്പനികളുടെ തന്ത്രം തുറന്നുകാണിക്കപ്പെടേണ്ടതുണ്ട്.
പിരിച്ചുവിടുന്നത് ഫ്രഷേഴ്‌സിനെ നിയമിക്കാനാണ് എന്ന വാദത്തിന്റെ യഥാർത്ഥ വസ്തുത കൂടി മനസ്സിലാക്കപ്പെടേണ്ടതുണ്ട്. കൂടുതൽ വർഷങ്ങൾ ജോലി ചെയ്തവർക്ക് നൽകേണ്ടി വരുന്ന ആനുകൂല്യം വെട്ടിക്കുറയ്ക്കാനുള്ള മുതലാളിത്ത ചൂഷണത്തിന്റെ പ്രാചീന യുക്തി തന്നെയാണ് പുതിയ ആളുകള്‍ക്ക് തൊഴിലവസരം നൽകിക്കൊണ്ട് കമ്പനി നവീകരണത്തിന്റെ പാതയിലാണെന്നുള്ള പതിവ് മാനേജീരിയൽ കരിസ്മാറ്റിക് വിശദീകരണം. ലാഭ വിഹിതം ഉയർത്താനും നിക്ഷേപകർക്കും സ്ഥാപനത്തിന്റെ ഇതര പ്രായോജകർക്കും നൽകിയ ഉറപ്പ് പാലിക്കാനാണ് സ്ഥാപനത്തിൽ നിന്ന് ഒരു നിശ്ചിത ശതമാനം തൊഴിലാളികളെ പിരിച്ചുവിടുന്നതെന്ന് പറയുന്നതും ഭോഷ്ക്കാണ്.
സ്ഥാപനം പ്രതിസന്ധിയിലകപ്പെടുമ്പോൾ നിക്ഷേപകർക്കിടയിൽ നഷ്ടപ്പെടുന്ന വിശ്വാസം തിരിച്ചുപിടിക്കാനുള്ള മറ്റൊരു തന്ത്രം മാത്രമാണിത്. യഥാർത്ഥത്തിൽ, സ്ഥാപനത്തിന്റെ പ്രതിസന്ധിക്ക് ഹേതുവാകുന്നത് നേതൃത്വപരമായ വീഴ്ച്ചയാണ്. പ്രവർത്തന ലക്‌ഷ്യം കാണാതെപോകുന്നതും നിക്ഷേപകർക്ക് വാക്ക് നൽകിയവിധം വിപണിയിൽ മുന്നേറാത്തതും കമ്പനി നേതൃത്വത്തിന്റെ ദീർഘവീക്ഷണമില്ലായ്മ നിമിത്തമാണ് മിക്കവാറും. അല്ലെങ്കിൽ കമ്പനിയെക്കുറിച്ചു ഉന്നത മാനേജ്‌മെന്റ് നൽകിയ പ്രൊജക്ഷൻ തന്നെ വ്യാജമാകാം. രണ്ടാണെങ്കിലും കമ്പനിയുടെ നടത്തിപ്പുകാരുടെ തന്നെ ഉത്തരവാദിത്വമാണ്. ഇങ്ങനെയുള്ള പരാജയത്തിന്റെ ഉത്തരവാദിത്വം കമ്പനി നടത്തിപ്പുകാരും ഉന്നത മാനേജീരിയൽ നേതൃത്വവും ഏറ്റടുക്കാതെ ഇത് തൊഴിലാളികൾ അധികമായതിന്റെ പ്രശ്നമായി അവതരിപ്പിക്കുന്നത് തന്നെ സ്റ്റാർട്ടപ്പുകൾ ഉൾപ്പെടെ ടെക് കമ്പനിയുടെ പ്രവർത്തനവൈകല്യത്തിന്റെ തെളിവാണ്.
തിങ്ക് & ലേൺ പ്രൈവറ്റ് ലിമിറ്റഡ് എന്ന പേരിൽ രജിസ്റ്റർ ചെയ്തിട്ടുള്ള ബൈജൂസിന്റെ നഷ്ടം 2020 സാമ്പത്തിക വർഷത്തിലെ 231.69 കോടി രൂപയിൽ നിന്ന്, 20 മടങ്ങ് വർധിച്ച് 4,588.75 കോടി രൂപയായി ഈ വർഷത്തെ ആദ്യ അർദ്ധ പകുതി ഫലങ്ങളെ അടിസ്ഥാനപ്പെടുത്തി മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തിരുന്നു. ഈയൊരു നഷ്ടത്തിന്റെ യഥാർത്ഥ കാരണങ്ങളാണ് പരിശോധിക്കപ്പെടേണ്ടത്. ഒന്നരമാസം വൈകിയാണ് ബൈജൂസ് ഓഡിറ്റ് റിപ്പോർട്ട് പുറത്തുവിട്ടത്.
ഇത് തന്നെ വലിയ വിവാദത്തിന് വഴിവെച്ചിരുന്നു. ഇതിനു പുറമെ പിരിച്ചുവിടലുകളും കൂടി ചേർന്നതോടെ കമ്പനിയുടെ സാമ്പത്തിക സ്ഥിതിയെപ്പറ്റി വിമർശനങ്ങൾ ഉയർന്നിരുന്നു. മഹാമാരിയുടെ പ്രശ്നങ്ങൾ കാരണമാണ് ഓഡിറ്റ് റിപ്പോർട്ട് വൈകിയത് എന്നാണ് ഔദ്യോഗിക വിശദീകരണം.
20 -21 വർഷത്തിന്റെ കാലയളവിൽ തന്നെ ബൈജൂസ് മറ്റുകമ്പനികളെ വ്യാപകമായി തന്നെ ഏറ്റെടുത്തിട്ടുമുണ്ട്. മഹാമാരിയുടെ ഘട്ടത്തിൽ ഓൺലൈൻ പഠനം വ്യാപകമായതോടെ ഇന്ത്യയിലെ ഏറ്റവും പ്രധാനപ്പെട്ട എഡ്യൂ ടെക് സ്ഥാപനമായ ബൈജൂസിന്റെ ലാഭം വലിയ തോതിൽ ഉയരുമെന്നാണ് പ്രതീക്ഷിച്ചത്. അതുണ്ടായിട്ടില്ല എന്നാണ് ബൈജൂസ് മാത്രമല്ല എഡ്യൂടെക് മേഖല തന്നെയാകെ നേരിടുന്ന പ്രശ്നം. സ്റ്റാർട്ടപ്പ് മേഖലയിൽ മഹാമാരിയോടെ എഡ്യൂടെക് സ്ഥാപനങ്ങൾ കൂണുപോലെ മുളച്ചു പൊന്തി. മധ്യവർഗ പശ്ചാത്തലത്തിൽ നിന്ന് വരുന്ന രക്ഷിതാക്കളെയും വിദ്യാർത്ഥികളെയും പരസ്യങ്ങളിലൂടെയും മറ്റും കൈയിലെടുത്തുകൊണ്ട് വലിയ ബിസിനസ് മുന്നേറ്റം നടത്തിയെന്ന പ്രതീതിയാണ് ആദ്യം ലഭിച്ചിരുന്നത്. മാത്രമല്ല. എഡ്യൂടെക് സ്ഥാപനങ്ങൾ രക്ഷിതാക്കളെ ആകർഷിക്കാനായി അവതരിപ്പിക്കുന്ന പരസ്യങ്ങൾ കബളിപ്പിക്കൽ സ്വഭാവത്തിലുള്ളതാണെന്നുള്ള വിമർശനവും ഉയർന്നു വന്നിരുന്നു.
ഇക്കഴിഞ്ഞ ജൂലൈയിൽ ഇന്ത്യാ സർക്കാർ ഉപഭോക്തൃകാര്യ വകുപ്പ് രാജ്യത്തെ ഒരു കൂട്ടം എഡ്യൂടെക് കമ്പനികൾക്ക് രക്ഷിതാക്കളെയും വിദ്യാർത്ഥികളെയും തെറ്റിദ്ധരിപ്പിക്കുന്ന പരസ്യം പോലുള്ള അന്യായമായ വ്യാപാര സമ്പ്രദായങ്ങളിൽ ഏർപ്പെടുന്നതിനെതിരെ മുന്നറിയിപ്പ് നൽകുകയുണ്ടായി. വിദ്യാഭ്യാസ കമ്പനികളാണ് പരസ്യ നിയമങ്ങൾ ഏറ്റവും കൂടുതൽ ലംഘിച്ചതാണെന്നു അഡ്വർടൈസിംഗ് സ്റ്റാൻഡേർഡ് കൗൺസിൽ ഓഫ് ഇന്ത്യ (ASCI) കണ്ടെത്തിയത്. ഈ റിപ്പോർട്ട് ചൂണ്ടിക്കാട്ടിയാണ് സർക്കാർ എഡ്യൂടെക് സ്ഥാപനങ്ങൾക്ക് കർശന നിർദേശം നൽകിയത്.
ബിസിനസ് പ്രവർത്തനങ്ങളിൽ കൂടുതൽ സുതാര്യത ഉറപ്പാക്കാനും സർക്കാർ എഡ്യൂടെക് സ്ഥാപനങ്ങളോട് ആവശ്യപ്പെട്ടിരുന്നു. ബൈജൂസ് ഉൾപ്പെടെയുള്ള സ്ഥാപനങ്ങൾ തെറ്റിദ്ധരിപ്പിക്കുന്ന കോഴ്സ് ഉള്ളടക്കവും പഠനസാമഗ്രികളും നൽകുന്നുവെന്നുള്ള പരാതികളും ഉയർന്നു വന്നിട്ടുണ്ട്. എഡ്യൂടെക് ഓണ്‍ലൈന്‍ പ്ലാറ്റ്ഫോമുകൾ വലിയ തോതിലുള്ള വ്യക്തിഗത ക്യാൻവാസിങ്ങിന്റെ ഭാഗമായി സബ്‌സ്‌ക്രിപ്‌ഷനെടുക്കേണ്ടി വന്നവർക്ക് അവർ വാഗ്ദാനം ചെയ്ത ഉള്ളടക്കമല്ല തുടർന്നുലഭിച്ചത് എന്നതിന്റെ പേരിൽ സബ്‌സ്‌ക്രിപ്‌ഷൻ റദ്ദാക്കി റീഫണ്ട് ആവശ്യപ്പെടുമ്പോൾ ഇത് തിരികെ ലഭിക്കാതെ സാഹചര്യം ഒട്ടേറെ പരാതികൾക്ക് വഴിവെച്ചു. എഡ്യൂടെക് സ്റ്റാർട്ടപ്പുകൾ വാഗ്ദാനം ചെയ്യുന്ന വിവിധ ചെലവേറിയ കോഴ്‌സുകൾക്കായി ദീർഘകാല ലോണുകളും വായ്പ അടിസ്ഥാനമാക്കിയുള്ള മറ്റു ധനസഹായവും സ്വീകരിക്കുന്നതിനും പ്രേരിപ്പിക്കുന്നതായും രക്ഷിതാക്കൾ പരാതിയുന്നയിച്ചിട്ടുണ്ട്. എഡ്യൂടെക് മേഖലയിലെ ഏറ്റവും പ്രധാന സ്റ്റാർട്ടപ്പ് എന്ന നിലയിൽ ബൈജൂസ് നടപ്പാക്കുന്ന പിരിച്ചുവിടൽ ഈ മേഖലയെ ഒന്നാകെ ബാധിച്ചിരിക്കുന്നു. ഈ മേഖലയിൽ വ്യാപകമായ പിരിച്ചുവിടലാണ് നടന്നു കൊണ്ടിരിക്കുന്നത്. മഹാമാരിക്ക് ഒരറുതി വന്നതോടെ സ്‌കൂളുകളും പ്രഫഷണൽ കോളേജുകൾ ഉൾപ്പെടെ എല്ലാ കോളേജുകളും കോച്ചിങ് - ട്യൂഷൻ കേന്ദ്രങ്ങളൊക്കെ തുറന്നു പ്രവർത്തിക്കാൻ തുടങ്ങിയതോടെ ഓൺലൈൻ കോച്ചിങ്ങിന്റെ സാധ്യത മങ്ങി. ഇത് തീർച്ചയായും എഡ്യൂടെക് ബിസിനസിനെ ബാധിച്ചിട്ടുണ്ട്. ഇത്തരമൊരു സ്ഥിതി വിശേഷമുണ്ടാകുമെന്ന് മുന്‍കൂട്ടി കാണാൻ പറ്റാത്തത് ഈ ടെക് സ്ഥാപനങ്ങളുടെ വീക്ഷണപരമായ പാളിച്ചയായി തന്നെ കാണേണ്ടതുണ്ട്.
സാമ്പ്രദായികമെന്നു വിശേഷിപ്പിക്കുന്ന പഠന പ്രക്രിയയ്ക്ക് ബദലായി ഓണ്‍ലൈൻ വിദ്യാഭ്യാസത്തെ സങ്കല്പിച്ചതിലും പിശകുണ്ട്. തീർച്ചയായും ഡിജിറ്റൽ വിദ്യാഭ്യാസത്തിന് പ്രാധാന്യമേറുക തന്നെയാണ്. ഈ വിദ്യാഭ്യാസ രീതിക്ക് അതിന്റെതായ പ്രസക്തിയുമുണ്ട്. സാമ്പ്രദായികമായ പഠന പ്രക്രിയയിൽ ലഭ്യമല്ലാത്ത കൂടുതൽ വൈജ്ഞാനികമായ അന്വേഷണങ്ങൾക്കും അറിവിന്റെ പുതിയ ലോകങ്ങളിലേക്കും വാതിൽ തുറന്നു നല്കുന്നുവെന്നല്ലാതെ ഡിജിറ്റൽ വിദ്യാഭ്യാസം നിലവിലെ വിദ്യാഭ്യാസത്തിനു പകരമാകണമെന്നുള്ള ധാരണ അബദ്ധമാണ്. പലപ്പോഴും സാധാരണക്കാർക്ക് അപ്രാപ്യമായ വൻതുക ആവശ്യം വരുന്ന പഠന രീതിയാണ് സ്വകാര്യ എഡ്യൂ ടെക് കമ്പനികൾ നടപ്പാക്കിയത്. പഠന ഉള്ളടക്കത്തേക്കാൾ പ്രാമുഖ്യം നൽകിയത് പഠന സാമഗ്രികൾക്കാണ്. ടാബ്ലെറ്റിനും, ലാപ്ടോപിനുമാണ് ഉള്ളടക്കത്തേക്കാൾ കമ്പനികൾ പ്രാധാന്യം നൽകിയത്. ഹാർഡ്‌വെയർ കമ്പനികളുമായി ടൈ അപ്പ് ചെയ്തുകൊണ്ട് പഠന സാമഗ്രികൾ വിപണനം ചെയ്യുന്നതിനാണ് മുൻഗണന നൽകപ്പെട്ടത്. ഇന്റർനെറ്റ് സാങ്കേതികവിദ്യയുടെ മൗലികമായ സാധ്യതകളെപോലും പ്രയോജനപ്പെടുത്തുന്നതിനേക്കാൾ പ്രാധാന്യം ഹാർഡ് വെയർ ഉത്പന്നങ്ങളുടെ വിപണനത്തിന് നൽകി എന്നത് തന്നെ ഈ ടെക് കമ്പനികളുടെ പ്രധാന താല്പര്യം ഉള്ളടക്കത്തിലല്ല പകരം സാങ്കേതിക ഉപാധികളിലാണെന്നു തെളിയിക്കുന്നു
ഇതിന്റെയൊക്കെ ഫലമായി സംജാതമായിരിക്കുന്ന പ്രതിസന്ധിക്ക് തട്ടുമുട്ടു പരിഹാരമെന്നോണം തൊഴിലാളികളെ വ്യാപകമായി പിരിച്ചുവിടുന്ന ചൂഷക തന്ത്രത്തിലേക്ക് തന്നെ സ്വകാര്യ മേഖലയിലെ വിദ്യാഭ്യാസസാങ്കേതികവിദ്യാ വ്യവസായങ്ങളും എത്തിച്ചേർന്നിരിക്കുന്നു. ജീവനക്കാരുടെ ദുരിതം വർധിപ്പിച്ചുക്കൊണ്ടു നിരവധി സ്റ്റാർട്ടപ്പുകൾ തൊഴിലാളികളുമായുള്ള കരാർ ഏകപക്ഷീയമായി അവസാനിപ്പിച്ചുകൊണ്ട് ജീവനക്കാരെ പിരിച്ചുവിടുകയാണ്. സ്റ്റാർട്ടപ്പുകൾ നേരിടുന്ന പ്രതിസന്ധി മുഴുവനായും ജീവനക്കാർക്ക് കൈമാറി പ്രതിസന്ധിക്ക് നിമിത്തമായ നയങ്ങൾ രൂപപ്പെടുത്തുകയും തിരുമാനങ്ങളുമെടുത്തിരുന്ന ഉദ്യോഗസ്ഥർ തടിയൂരുകയും ചെയ്യുകയാണ്. പിരിച്ചുവിടലുകളും നിർബന്ധിത രാജിവെയ്പ്പിക്കലുകളൂം എതിർക്കപ്പെടേണ്ടതാണ്. പുറത്താക്കപ്പെട്ട ജീവനക്കാരുടെ തൊഴിലവകാശങ്ങൾ ലംഘിക്കപ്പെട്ടിട്ടില്ലെന്നു ഉറപ്പുവരുത്തേണ്ടത് സംസ്ഥാന -കേന്ദ്ര സർക്കാരുകളുടെ ഉത്തരവാദിത്വമാണ്.