'സിനിമാലയുള്ളത് കൊണ്ടാണ് ജീവിച്ചിരിക്കുന്നതെന്ന് സുബി പറഞ്ഞു; ആ വാക്കുകളിലുണ്ടായിരുന്നു എല്ലാം' : ഡയാന സിൽവസ്റ്റർ

'സിനിമാലയുള്ളത് കൊണ്ടാണ് ജീവിച്ചിരിക്കുന്നതെന്ന് സുബി പറഞ്ഞു; ആ വാക്കുകളിലുണ്ടായിരുന്നു എല്ലാം' : ഡയാന സിൽവസ്റ്റർ

ഡയാന സിൽവസ്റ്റർ പ്രൊഡ്യൂസറായ സിനിമാലയിലൂടെയാണ് സുബി ടെലിവിഷൻ രംഗത്തേക്ക് വരുന്നത്
Updated on
1 min read

1993 ലാണ് ഞങ്ങൾ സിനിമാല തുടങ്ങുന്നത്. അന്നൊന്നും സിനിമാലയ്ക്ക് പൂർണ സമയ വനിതാ ആർട്ടിസ്റ്റുണ്ടായിരുന്നില്ല. 2000 ത്തിൽ ഡാൻസിന് പ്രാധാന്യമുള്ള ഒരു എപ്പിഡോഡ് വന്നപ്പോൾ നൃത്തം ചെയ്യുന്ന ഒരു കുട്ടിയെ വേണമായിരുന്നു. അന്ന് ഞങ്ങൾക്കൊപ്പമുണ്ടായിരുന്ന ടിനി ടോം ആണ് തൃപ്പൂണിത്തുറയുള്ള ഒരു കുട്ടിയുണ്ടെന്ന് പറയുന്നത് . അങ്ങനെയാണ് സുബി സിനിമാലയിലേക്ക് വരുന്നത്

'സിനിമാലയുള്ളത് കൊണ്ടാണ് ജീവിച്ചിരിക്കുന്നതെന്ന് സുബി പറഞ്ഞു; ആ വാക്കുകളിലുണ്ടായിരുന്നു എല്ലാം' : ഡയാന സിൽവസ്റ്റർ
സിനിമാ- ടിവി താരം സുബി സുരേഷ് അന്തരിച്ചു

വന്നത് ഡാൻസ് ചെയ്യാനാണെങ്കിലും സുബിയുടെ നർമബോധം എനിക്ക് ആദ്യം തന്നെ മനസിലായി. സ്ക്രീൻ ടെസ്റ്റ് നടത്തി. അങ്ങനെ സുബി സിനിമാലയുടെ ആദ്യ മുഴുവൻ സമയ വനിതാ ആർട്ടിസ്റ്റായി മാറുകയായിരുന്നു. അന്നുമുതൽ 2013 ൽ സിനിമാല അവസാനിപ്പിക്കുന്നതുവരെ സുബി ഞങ്ങളുടെ ടീമിലുണ്ടായിരുന്നു. സ്റ്റേജ് ഷോകൾക്കും മറ്റ് പരിപാടികൾക്കുമായി ഒരുമിച്ച് ഒരുപാട് യാത്ര ചെയ്തിട്ടുണ്ട് . ജീവിതത്തിലെ പ്രയാസങ്ങളൊന്നും പുറത്ത് കാണിക്കാതെ എപ്പോഴും വളരെ പോസിറ്റീവായി, ചിരിച്ചും ചിരിപ്പിച്ചും നടക്കുന്ന സുബിയെ ആണ് ഞങ്ങളൊക്കെ കണ്ടിട്ടുള്ളത്.

'സിനിമാലയുള്ളത് കൊണ്ടാണ് ജീവിച്ചിരിക്കുന്നതെന്ന് സുബി പറഞ്ഞു; ആ വാക്കുകളിലുണ്ടായിരുന്നു എല്ലാം' : ഡയാന സിൽവസ്റ്റർ
ഇതാദ്യമായി നമ്മളെ കരയിപ്പിച്ച് സുബി സുരേഷ്

സിനിമാലയിൽ നിന്ന് സിനിമയിലേക്കും മറ്റ് ചാനലുകളിലെ ഷോയിലേക്കുമൊക്കെ മാറിയപ്പോഴും ആ ബന്ധം അങ്ങനെ തന്നെ തുടർന്നു. ഒരു സഹോദര ബന്ധമായിരുന്നു ഞങ്ങൾ തമ്മിലുണ്ടായിരുന്നത്. ബഡായി ബംഗ്ലാവ് തുടങ്ങാൻ ആലോചിച്ചപ്പോഴും എന്റെ മനസിൽ ആദ്യം വന്നത് സുബി തന്നെയായിരുന്നു. പക്ഷെ സിനിമാലയിൽ നിന്ന് വളരെ വ്യത്യസ്തമാകണമെന്നുള്ളത് കൊണ്ടാണ് പുതുമുഖമായി ആര്യയെ കൊണ്ടുവന്നത്.

'സിനിമാലയുള്ളത് കൊണ്ടാണ് ജീവിച്ചിരിക്കുന്നതെന്ന് സുബി പറഞ്ഞു; ആ വാക്കുകളിലുണ്ടായിരുന്നു എല്ലാം' : ഡയാന സിൽവസ്റ്റർ
സുബി ഒരു ചെറിയ പ്രതിഭാസമായിരുന്നില്ല, ആ ചിരിക്ക് പിറകിൽ നീണ്ട പോരാട്ടങ്ങളുടെ വേദന ഉണ്ടായിരുന്നു : ദീദി

എല്ലാവരും ചോദിക്കുന്നുണ്ട് ഇപ്പോൾ എന്താണ് സുബിക്കൊപ്പമുള്ള മറക്കാനാകാത്ത ഓർമ്മ എന്നൊക്കെ . അങ്ങനെയൊന്നും പറയാനാകുന്നില്ലെന്നതാണ് സത്യം. ഒരു കുടുംബം പോലെയാണ് സിനിമാല ടീം കഴിഞ്ഞിരുന്നത്. എല്ലാ ആഴ്ചയും കാണും. വിശേഷങ്ങൾ പങ്കുവയ്ക്കും . ബഡായി ബംഗ്ലാവിനേക്കാൾ എനിക്ക് അടുപ്പവും സിനിമാല ടീമിനോടാണ്. പക്ഷെ 2013 ൽ സിനിമാലയുടെ അവസാന എപ്പിസോഡിൽ സുബി പറഞ്ഞു ' ഞാൻ ജീവിച്ചിരിക്കുന്നതിന് കാരണം സിനിമാലയാണ് ' . ആ വാക്കുകളിൽ എല്ലാം ഉണ്ടായിരുന്നതിനാൽ ഞങ്ങളാരും കൂടുതൽ ഒന്നും ചോദിച്ചില്ല . പക്ഷെ ആ വാക്കുകൾ എന്റെ ഹൃദയത്തിലുണ്ട് .

ജീവിതത്തിൽ ഒരുപാട് പ്രതിസന്ധികൾ നേരിട്ട സുബിയുടെ കഷ്ടപ്പാടുകളൊക്കെ ഒന്നുമാറി വരുന്ന സമയമായിരുന്നു . സ്വന്തമായി വീടെന്ന സുബിയുടെ ആഗ്രഹം അടുത്തിടെയാണ് യാഥാർത്ഥ്യമായത്. പറവൂരുള്ള ഒരാളുമായി വിവാഹം തീരുമാനിച്ചിരുന്ന സമയത്താണ് അടുത്തിടെ ജാർഖണ്ഡിൽ ഒരു ഷോയ്ക്ക് പോകുന്നത് .അവിടെ വച്ച് എന്തോ ഇൻഫെക്ഷൻ ഒക്കെയായിട്ടാണ് തിരികെ വന്നത്. ആശുപത്രിയിലായിരുന്നപ്പോഴും വിളിച്ചിരുന്നു. അപ്പോഴും തിരികെ വരുമെന്നാണ് കരുതിയത് . ഇങ്ങനെ ഒരു വേർപാട് പ്രതീക്ഷിച്ചിരുന്നില്ല . ഏറ്റവും പ്രിയപ്പെട്ട സഹോദരിയാണ് നഷ്ടപ്പെട്ടത്. ആ വേദന ഉൾക്കൊള്ളാനാകുന്നില്ല

ടെലിവിഷൻ പ്രോഗ്രാം പ്രൊഡ്യൂസറാണ് ഡയാന സിൽവസ്റ്റർ. സിനിമാലയും ബഡായി ബംഗ്ലാവുമാണ് ശ്രദ്ധേയമായ ടെലിവിഷൻ ഷോകൾ

logo
The Fourth
www.thefourthnews.in