സുബി ഒരു ചെറിയ പ്രതിഭാസമായിരുന്നില്ല, ആ ചിരിക്ക് പിറകിൽ നീണ്ട പോരാട്ടങ്ങളുടെ വേദന ഉണ്ടായിരുന്നു : ദീദി
പെണ്ണായി പിറന്നവൾക്ക് , പെണ്ണിന്റെ കണ്ണു കൊണ്ട് സ്വയം കാണാൻ തയ്യാറാകുന്നവൾക്ക് അസഹനീയമാണ് മുഖ്യധാരാ മലയാള സിനിമയുടെ നായികാഭാവനകൾ. അത് അടിസ്ഥാനപരമായി ആണാഗ്രഹങ്ങളുടെ , ആണത്തഭീതികളുടെ പെണ്ണാവിഷ്കാരങ്ങൾ മാത്രമാണ്. അതിന്റെ ഹ്രസ്വദൃഷ്ടി രൂപപ്പെടുത്തിയതാണ് നമ്മുടെ സിനിമയുടെ ചരിത്രവും അതിലെ പെൺകഥാപാത്രനിർമ്മിതികളും. അതൊരു വാർപ്പു മാതൃകയാണ് . അതിൽ നിന്നും മലയാള സിനിമ തെന്നി പുറത്തുകടന്ന സന്ദർഭങ്ങൾ വിരളമാണ്. അതുകൊണ്ട് തന്നെ സുബി എന്ന അതുല്യ പ്രതിഭാശാലിയായ നടിക്ക് മലയാള സിനിമയുടെ 90 വർഷം പിന്നിട്ട ആ ചരിത്രത്തിൽ അലിഞ്ഞുചേരാൻ കഴിഞ്ഞതുമില്ല.
സുബി മലയാള സിനിമയുടെ ചരിത്രത്തിന് നൽകിയ ഏറ്റവും വലിയ സംഭാവന, പടച്ചട്ടയണിഞ്ഞ പിടിച്ചു കെട്ടാനാവാത്ത ആ ചിരിയാണ്
അവൾ വേറിട്ടു നടന്നു , വലിയ വെള്ളിത്തിരയ്ക്ക് പുറത്തെ ചെറിയ വെള്ളിത്തിരകളിൽ അവൾ ചിരി കൊണ്ട് സ്വന്തം ഇടം കെട്ടിപ്പടുത്തു. മുഖ്യധാരാ സിനിമയിലെ ഒരു താരനായികയായി മാറിയില്ലെങ്കിലും അകാലത്ത് അവൾ വിട വാങ്ങുമ്പോൾ പെണ്ണായി പിറന്നവർക്കെല്ലാം അവൾ ബാക്കി വയ്ക്കുന്ന ചിരിയുടെ ശൂന്യതയാൽ വേദനിക്കാതെ വയ്യ. സുബി ഒരു ചെറിയ പ്രതിഭാസമായിരുന്നില്ല. ആ ചിരിയ്ക്ക് പിറകിൽ നീണ്ട പോരാട്ടങ്ങളുടെ വേദന ഉണ്ടായിരുന്നു എന്നത് ഏത് സ്ത്രീയ്ക്കും തൊട്ടറിയാം. വഴങ്ങാത്ത , പിടിച്ചു കെട്ടാനാവാത്ത ചിരിയുടെ പേരാണ് സുബി എന്നത് . ആണത്തങ്ങളുടെ അശ്ലീലങളെ , പുരുഷാധികാരത്തിന്റെ അഹങ്കാരങ്ങളെ "ആക്കുന്ന " ഒരു വിമോചന സ്വഭാവം ആ ചിരിയിൽ ഉള്ളടങ്ങിയിട്ടുണ്ട്. അതൊരു സ്ത്രീക്ക് തിരിച്ചറിയാനാവും. അതവരെ സ്പർശിക്കും. സുബി മലയാള സിനിമയുടെ ചരിത്രത്തിന് നൽകിയ ഏറ്റവും വലിയ സംഭാവന പടച്ചട്ടയണിഞ്ഞ പിടിച്ചു കെട്ടാനാവാത്ത ആ ചിരിയാണ്.
സിനിമയിലെ നായിക എന്നാൽ എല്ലുറപ്പില്ലാത്ത ശബ്ദത്തിൽ സംസാരിക്കുന്നവൾ ആയിരിക്കണം. കൊഞ്ചി വഴങ്ങി നിൽക്കുന്നവൾ. കാൽനഖം കൊണ്ട് കളം വരയ്ക്കുന്നവൾ . അതിലിന്നും വലിയ മാറ്റമെന്നും സംഭവിച്ചിട്ടില്ല. അങ്ങനെയല്ലാത്ത പെണ്ണുങ്ങളെ പണ്ടേ നമ്മൾ ഹാസ്യ താരങ്ങളായും അടുക്കളക്കാരികളായും തെരുവുപെണ്ണുങ്ങളോ പ്രേതങ്ങളോ ആയും എന്നും ഒതുക്കി നിർത്തിയിട്ടുണ്ട്. അതൊരു തരം ഓരം ചേർക്കലാണ്. ഒരരുക്കാക്കൽ. ആണത്ത ഭാവനയുടെ ജൈത്രയാത്ര അതിലാണ്. അട്ടഹസിക്കാൻ പ്രേതങ്ങൾക്കേ കെല്പുള്ളൂ , അവരാണെന്ന് ആൺസത്യമോ ആൺധർമ്മമോ ആൺനീതിയോ നോക്കാതെ കൊല്ലുന്നവരും ഒടുവിൽ പിടിച്ചു കെട്ടി കുപ്പിയിലടച്ച് കടലിൽ എറിയേണ്ടവരുമാണ്. ഇവിടെയാണ് കൊഞ്ചാതെ , വഴങ്ങി നിൽക്കാതെ അട്ടഹസിച്ചു കൊണ്ട് ഒരു പെണ്ണ് മലയാളിയുടെ ചെറിയ വെള്ളിത്തിരകളിൽ ഹാസ്യതാരമായി നിറഞ്ഞാടിയത്. അതൊരു വിപ്ലവം തന്നെയായിരുന്നു. വഴങ്ങാത്ത പെൺചിരിയുടെ പ്രകാശം , അതായിരുന്നു സുബി .
ആ വിസമ്മതമില്ലായിരുന്നെങ്കിൽ മലയാളത്തിലെ വലിയ നായികമാരുടെ നിരയിൽ അവളുണ്ടാകുമായിരുന്നു
കുട്ടികൾക്ക് ചിരിയുടെ ഭാഷയറിയാവുന്നത് കൊണ്ട് തന്നെ സുബി ടെലിവിഷൻ ചാനലുകളിൽ കുട്ടികളുടെ പ്രിയ താരമായിരുന്നു. അവരുടെ അച്ഛനമ്മമാരേക്കാൾ എളുപ്പത്തിൽ ചിരി കൊണ്ട് അവരുമായി സൗഹൃദത്തിലാകാൻ ശേഷിയുണ്ടായിരുന്ന താരം. കുട്ടികളോടൊത്തുള്ള ഓരോ നിമിഷവും സുബി ആഘോഷമാക്കി. ആ പ്രസരിപ്പ് അവരിലേക്കും അത് കാണുന്നവരിലേക്കും പകർന്നു.
എന്നിട്ടും മലയാള സിനിമ അവളെ കണ്ടില്ല എന്നു നടിച്ചു. ചില സിനിമകളിലൊക്കെ അവൾ വേഷമിട്ടിട്ടുണ്ടെങ്കിലും സ്വതസിദ്ധമായ ചിരിയുടെ വിധ്വംസകത ആഘോഷമാക്കാൻ സിനിമയുടെ ആണെഴുത്ത് അവൾക്ക് അനുവാദം നൽകിയില്ല. ആ വിസമ്മതമില്ലായിരുന്നെങ്കിൽ മലയാളത്തിലെ വലിയ നായികമാരുടെ നിരയിൽ അവളുണ്ടാകുമായിരുന്നു.
എന്നാൽ ടെലിവിഷനിൽ കിട്ടിയ അവസരങ്ങളിലെല്ലാം സുബി ആ നഷ്ടം നികത്തി. ചെറിയ ഇടങ്ങളെ തന്റെ അഭിനയ മികവ് കൊണ്ട് വലുതാക്കി മാറ്റി ഓരോ സാന്നിദ്ധ്യവും ഉത്സവമാക്കി.
ഒരിക്കലേ സുബിയെ നേരിട്ട് കണ്ടിട്ടുള്ളൂ. ഒരു ഗോവ ഫിലിം ഫെസ്റ്റിവലിൽ വച്ച്. ആ ചെറിയ സമയത്ത് പങ്കിടാനായ സൗഹൃദത്തിന്റെ ഓർമ്മകൾ ഇന്നും ഊഷ്മളമായി മനസ്സിൽ നിറഞ്ഞു നിൽക്കുന്നു. ഇഷ്ടം തോന്നി എന്നും പിൻതുടർന്നിട്ടുള്ള ആ പ്രിയതാരത്തിന്റെ അകാലവേർപാട് തീർക്കുന്ന വേദന കഠിനമാണ്. ആ നഷ്ടം നികത്താനാവാത്തതാണ്.
വിട സുബീ ,