വിജയനെ പാലക്കാടും ബഷീറിനെ ബേപ്പൂരിലും മാധവിക്കുട്ടിയെ പുന്നയൂർക്കുളത്തും തളച്ചിടുന്നത് എന്തിനാണ് ?

വിജയനെ പാലക്കാടും ബഷീറിനെ ബേപ്പൂരിലും മാധവിക്കുട്ടിയെ പുന്നയൂർക്കുളത്തും തളച്ചിടുന്നത് എന്തിനാണ് ?

സാംസ്‌കാരിക മന്ത്രിക്ക് എഴുതുന്ന തുറന്ന കത്തിലൂടെ കലാകാരന്മാർക്ക് അവർ ജനിച്ച വീട്ടിൽ തന്നെ സ്മാരകം ഒരുക്കണമെന്ന കീഴ്വഴക്കം പൊളിച്ചെഴുതിക്കൂടേയെന്ന് ചോദിക്കുന്നു കലാസ്വാദകനായ ലേഖകൻ 
Updated on
4 min read

ബഹുമാനപ്പെട്ട സാംസ്‌കാരിക മന്ത്രി,

കേരള സർക്കാർ 


ശ്രീമൻ,

സുഗതകുമാരി ടീച്ചറുടെ വീട് വിൽപ്പനയുമായി ബന്ധപ്പെട്ട വിഷയം പല ചർച്ചകൾക്കും വഴി വെച്ചിരിക്കുകയാണല്ലോ. പല വിദേശ രാജ്യങ്ങളിലും അന്തരിച്ച വിശിഷ്ട വ്യക്തികളുടെ വീടുകൾ സ്മാരകമാക്കാറുണ്ട്, അത് ചിലപ്പോൾ സർക്കാർ പിന്തുണയോടെ ആവാം, സ്വകാര്യമായാവാം. കേരളം പോലൊരു സ്ഥലത്ത്, അതിന്റെ ഭൂമിശാസ്ത്രപരമായ കിടപ്പും വീടിന്റെ സ്വഭാവവും വച്ച് പല വീടുകളും ഇത്തരത്തിൽ സ്മാരകമാക്കാവുന്നവയല്ല. സുഗത ടീച്ചറുടെ വീട് ഒരു സ്മാരകം ആക്കിയിരുന്നെങ്കിൽ പോലും അത് ഏതെങ്കിലും തരത്തിലുള്ള സാംസ്കാരികമോ ഗവേഷണപരമോ ആയ ദൗത്യം നിറവേറ്റി എന്ന് വരില്ല. സുഗത ടീച്ചറെ അവരുടെ വീടുമായി മാത്രം ചേർത്തുവച്ച് കാണേണ്ട കാര്യമുണ്ടോ?

ആ വീട് വിറ്റതിലെ  ശരിതെറ്റുകളെ കുറിച്ച് വിധി എഴുതേണ്ട സമയമല്ലിത്. അവരുടെ മകൾ ഇതിനെക്കുറിച്ച് പറഞ്ഞ കാര്യങ്ങൾ ഇക്കാര്യത്തിൽ അവരുടെ നിലപാട് വ്യക്തമാക്കുന്നു, അവരുടെ നിസ്സഹായതയും. അവർ പറഞ്ഞതിൽ വ്യക്തമായ ന്യായമുണ്ട്. ആരും പാർക്കാതെ ആ വീട് നാളെ ഇടിഞ്ഞു വീണാൽ? നേരെ ചൊവ്വേ ഒരു വഴി ഇല്ലാത്ത ആ വീട്ടിലേക്ക് വാഹനങ്ങൾ കടന്നുവരാനൊക്കെ ബുദ്ധിമുട്ടാണ് എന്നാണ് അറിവ്. ഇനി ഇതെല്ലം പരിഹരിച്ച് സുഗത ടീച്ചറുടെ വീട് ഒരു സ്മാരകമാക്കിയാൽ അത് എത്ര കാലം അങ്ങനെ നിൽക്കും? നമ്മൾ നൊസ്റ്റാൾജിക് ആയി എത്രനാൾ അവിടം സന്ദർശിക്കും? അത് എന്തുതരത്തിലുള്ള സാംസ്‌കാരിക ദൗത്യമാണ് നിറവേറ്റുക? മുൻവാതിൽ അടച്ചിട്ട സ്മാരകമാണോ നമുക്ക് വേണ്ടത്, അതോ സജീവമായ ആശയവിനിമയങ്ങൾ നടക്കുന്ന ഇടമോ?

സ്മാരകങ്ങളിൽ എത്രയെണ്ണം ഗവേഷകരെയും സന്ദർശകരെയും ആകർഷിക്കുകയും കൃത്യമായി പരിപാലിക്കപ്പെടുകയും ചെയ്യുന്നുണ്ട്?

ഒരു വ്യക്തിയെ ഓർക്കുന്നതിനായി അവർ താമസിച്ച വീട് സ്മാരകമാക്കരുത് എന്നല്ല. പക്ഷെ ഇത്തരം സ്മാരകങ്ങളിൽ എത്രയെണ്ണം ഗവേഷകരെയും സന്ദർശകരെയും ആകർഷിക്കുകയും കൃത്യമായി പരിപാലിക്കപ്പെടുകയും ചെയ്യുന്നുണ്ട്? നമുക്ക് അത്ര മികച്ച ഒരു മ്യൂസിയം സംസ്കാരമൊന്നും ഇല്ല എന്നത് തന്നെയാണ് സത്യം. അതിൽ ഒരു സർക്കാരിനെയോ വ്യക്തിയെയോ കുറ്റപ്പെടുത്തുന്നതിൽ അർത്ഥമില്ല. കുറച്ച് കഴിയുമ്പോൾ ഇത്തരം വീടുകൾ അനാഥമാവാനാണ് സാധ്യത എന്ന് അനുഭവം നമ്മളെ പഠിപ്പിക്കുന്നു.

ഒരു വ്യക്തിയുടെ ഓർമ എന്നത് അവരുടെ വീട് മാത്രമല്ല. മാധവിക്കുട്ടിയെ നീർമാതളം എന്ന നൊസ്റ്റാൾജിയയിൽ  തൂങ്ങി അവർ ചെറുപ്പത്തിൽ തന്നെ വിട്ടുപോന്ന പുന്നയൂർക്കുളത്ത് തളച്ചിടേണ്ടതില്ല, വിജയനെ പാലക്കാടും, ബഷീറിനെ ബേപ്പൂരിലും തന്നെ കെട്ടിയിടുന്നത് എന്തിനാണ്? ഒരു സ്മാരകം, അത് എവിടെയായാലും ഒരു വ്യക്തിയെ 'കണ്ടെത്തുന്നതിനുള്ള' ഉപാധി കൂടി ആയിരിക്കണം.

സാംസ്‌കാരിക നായകരായാലും എഴുത്തുകാരായാലും കലാകാരരായാലും ശാസ്ത്രജ്ഞരായാലും വലിയ പുസ്തകശേഖരങ്ങളും മറ്റും സ്വന്തമായുള്ള നിരവധി പേരുണ്ട് നമ്മുടെ നാട്ടിൽ, അവരിൽ പലരും ജീവിത സായാഹ്നത്തിൽ എത്തിയവരും ആണ്. അതുപോലെതന്നെ വലിയ പേരും പ്രശസ്തിയും ഒന്നുമില്ലാതെ പുസ്തകങ്ങളും വലിയ അളവിൽ സംഗീത-കലാ ശേഖരങ്ങളും സ്വന്തമായുള്ള ആളുകൾ വേറെയുമുണ്ട്. അവർ അർഹിക്കുന്ന ആദരവോടു കൂടി അവരെ സമീപിച്ചാൽ അവർ തീർച്ചയായും ഇത്തരം സമ്പാദ്യങ്ങൾ അത് അർഹിക്കുന്ന സ്ഥാപനങ്ങളുമായി പങ്കുവയ്ക്കും എന്ന് ഉറപ്പ്. കാരണം, നമ്മൾ ഈ ഗൃഹാതുരത്വം പറഞ്ഞിരിക്കുമ്പോൾ തന്നെ ജീവിത സായാഹ്നത്തിൽ എത്തിയ ഇവരിൽ പലരും  ഈ ശേഖരങ്ങൾ എങ്ങിനെ സംരക്ഷിക്കപ്പെടും എന്ന കാര്യത്തിൽ വ്യാകുലരാണ്.

ഇപ്പറഞ്ഞ സാംസ്കാരിക നായകരിൽ പലരും തന്നെ മക്കളും പേരക്കുട്ടികളുമൊത്ത് കൂട്ടുകുടുംബത്തിൽ ഒന്നുമല്ല താമസിക്കുന്നത്. പലരും ഏകാകികൾ തന്നെയാണ്. ഇവരിൽ എത്രപേരുടെ മക്കൾക്ക് തങ്ങളുടെ രക്ഷിതാക്കളുടെ പുസ്തക ശേഖരവും മറ്റും പരിപാലിക്കാനുള്ള സാഹചര്യം ഉണ്ട്, അല്ലെങ്കിൽ താല്പര്യം ഉണ്ട് എന്നുകൂടി നമ്മൾ ഓർക്കേണ്ടതുണ്ട്.  എന്നാൽ അതേസമയം അത് പരിപാലിക്കപ്പെടുക തന്നെ വേണം. അത് കേവലം ഗൃഹാതുരത്വത്തിന്റെ പേരില്ല, മറിച്ച് അവയുടെ സാംസ്കാരികവും സാമൂഹ്യ രാഷ്ട്രീയപരവുമെല്ലാം ആയ സാംഗത്യം കൊണ്ട് കൂടിയാണ്.

ഏതാനും വര്‍ഷം മുന്നേ അയർലൻഡിലെ ഡബ്ലിനിലുള്ള പ്രാദേശിക ഭരണകൂടം ജെയിംസ് ജോയ്‌സിന്റെ തറവാട്ടുവീട് ഒരു ടൂറിസ്റ്റ് ഹോസ്റ്റൽ ആക്കാൻ തീരുമാനിച്ചപ്പോൾ അത് വലിയ  വിവാദമായിരുന്നു. പതിനെട്ടാം നൂറ്റാണ്ടിൽ പണികഴിപ്പിച്ച ഈ വീട് മറ്റേതെങ്കിലും തരത്തിൽ പരിപാലിക്കപ്പെടുക  ബുദ്ധിമുട്ടാണ് എന്ന് പറഞ്ഞാണ് ഭരണകൂടം അതിനെ ഹോസ്റ്റൽ ആക്കാൻ തീരുമാനിച്ചത്. ജെയിംസ് ജോയ്‌സിന്റെ ഓർമ നിലനിർത്താൻ ആ വീട് തന്നെ സ്മാരകം ആക്കണം എന്നില്ല, കാരണം അദ്ദേഹത്തിന്റെ പൈതൃകം മറ്റു പല തരത്തിലും അവിടെ സംരക്ഷിക്കപ്പെടുന്നുണ്ട്. ഇവിടെ നമുക്ക് അത്തരം ഒരു സംസ്കാരം ഇല്ല. പഴയ ചുമർചിത്രങ്ങൾക്ക് ഭംഗി ഇല്ല, അവ മങ്ങിപ്പോയി എന്ന് പറഞ്ഞു അവക്കുമേൽ ചായം പൂശിയ ചരിത്രമാണ് നമുക്കുള്ളത്. കേരളത്തിലെ ഒരു മ്യൂസിയത്തിൽ ആർട്ട് റെസ്റ്റോറേഷന്റെ പേരിൽ ചിത്രങ്ങൾ വികലമാക്കപ്പെട്ടു എന്ന ആരോപണം വരെ ഉയർന്നിരുന്നു. ഇത്തരം കാര്യങ്ങളിൽ  പ്രഫഷണൽ ആയ ഒരു സമീപനം കേരളത്തിൽ ഇനിയും ഉരുത്തിരിഞ്ഞു വരേണ്ടതുണ്ട്.

റെസ്റ്റോറേഷന്റെ  ഇതേ പ്രശ്നം പുസ്തകങ്ങളുടെ കാര്യത്തിലും ഉണ്ട്. ടി കെ പദ്മിനിയുടെ കുടുംബ ശേഖരത്തിൽ ഉള്ള രേഖ ചിത്രങ്ങളുടെ ഒരു പുസ്തകം വളരെ മോശം അവസ്ഥയിൽ ആണെന്ന് ഈയിടെ ആർട്ടിസ്റ്റ് ഷിജോ ജേക്കബ് ഒരു കുറിപ്പ് ഇട്ടിരുന്നു. ഇത്തരം കാര്യങ്ങൾ അഭിസംബോധന ചെയ്യാൻ നമുക്ക് സാധിക്കണം. എന്നിട്ടു വേണം സാംസ്‌കാരിക പ്രവർത്തകരുടെ വീടുകൾ അവരുടെ മരണശേഷം സ്മാരകം ആക്കുന്നതിനെ കുറിച്ച് ചർച്ച ചെയ്യാൻ.

എല്ലാ ഓർമകളും നിലനിർത്താൻ സർക്കാരുകൾ തന്നെ നേരിട്ടിറങ്ങണം എന്ന് നമ്മൾ കരുതുന്നതും ശരിയായ കാര്യമല്ല. ഐറിഷ് അമേരിക്കൻ യൂണിവേഴ്സിറ്റിയുടെ ഭാഗമായ അമേരിക്കൻ കോളേജ് ഡബ്ലിൻ സ്ഥിതി ചെയ്യുന്നത് വിഖ്യാത എഴുത്തുകാരനായ ഓസ്കാർ വൈൽഡ് തന്റെ ബാല്യം ചെലവഴിച്ച വീട്ടിലാണ്. അതായത് ഓസ്കാർ വൈൽഡിന്റെ ഓർമകൾ നിലനിർത്തുന്നത് ഒരു സർവകലാശാല കൂടി ആണ്. ഇവിടെ ഏതെങ്കിലും ഒരു സാംസ്‌കാരിക പ്രതിഭയുടെ വീട് അങ്ങനെ പരിപാലിക്കപ്പെടുന്നുണ്ടോ? നമ്മുടെ വീടുകൾ അങ്ങനെ ഒരു അക്കാദമിക് സ്ഥാപനമാക്കാൻ പറ്റിയ രൂപഘടനയിൽ ഉള്ളതല്ല എന്നത് ഒരു സത്യം. ഇത്തരത്തിൽ എന്തെങ്കിലും തരത്തിൽ ഉപയോഗിക്കപ്പെട്ടവയൊക്കെ കൊട്ടാരങ്ങളാണ്, വീടുകൾ അല്ല. കേരളത്തിലെ ശരാശരി വീടുകൾ അവയുടെ ഘടനകൊണ്ടും ചുറ്റുപാടുകൾ കൊണ്ടും അങ്ങിനെ ഉപയോഗിക്കാൻ കഴിയില്ല. കഴിയുമായിരുന്ന പല വീടുകളും അവയുടെ ചരിത്രം സഹിതം പൊളിച്ചുമാറ്റപ്പെട്ടു.

ഇവിടെയാണ് നമ്മുടെ സാംസ്‌കാരിക സ്ഥാപനങ്ങളും, സർവകലാശാലകളും ഗവേഷണ സ്ഥാപനങ്ങളുമെല്ലാം ചേർന്ന് ഒരു സംവിധാനം ഉണ്ടാക്കേണ്ടതിന്റെ സാധ്യത നമ്മൾ ആരായേണ്ടത്. കോർപ്പറേറ്റുകൾ പോലും ഇടപെടേണ്ട ഒരു വിഷയമാണിത്. വള്ളത്തോൾ തന്റെ കവിതകൾ വായിക്കാത്തവർക്കിടയിൽ പോലും ഇന്ന് അറിയപ്പെടുന്നത് കലാമണ്ഡലത്തിന്റെ പേരിലാണ്.

കേരളത്തിൽ ഒരു എഴുത്തുകാരന്റെ പേരിൽ നിലനിൽക്കുന്ന സ്ഥാപനങ്ങളിൽ വളരെ സജീവമായത് ഒ വി വിജയന്റെ ഓർമയ്ക്ക് വേണ്ടിയുള്ള തസ്രാക്കിലെ ആ ഞാറ്റുപുരയാണ്. പക്ഷെ വിജയൻ പഠിച്ചിറങ്ങിയ വിക്ടോറിയ കോളേജിൽ വിജയന്റെ എഴുത്തുകളെ കുറിച്ച്, കാർട്ടൂണുകളെ കുറിച്ച് പഠിക്കാൻ ഒരു സംവിധാനം ഉണ്ടായിരുന്നെങ്കിലോ? അഴീക്കോട് മാഷുടെ സ്മാരകം കോഴിക്കോട് സർവകലാശാല ക്യാംപസ്സിൽ ആയിരുന്നെകിൽ? ഇങ്ങനെ കേരളത്തിലെ ഉന്നത  വിദ്യാഭ്യാസ സ്ഥാപനങ്ങളുമായി ബന്ധപ്പെടുത്തി ശാസ്ത്രത്തിലെയും സംസ്കാരത്തിലേയും രാഷ്ട്രീയത്തിലേയും എല്ലാം മഹാരഥന്മാരെ ഓർമകളിൽ നിലനിർത്താനും അതേസമയം ഗവേഷണ പ്രവർത്തനങ്ങൾ നടപ്പാക്കാനും സാധിക്കില്ലേ? കേരളത്തിൽ ഇനിയും വേണ്ടത്ര നടപ്പാക്കിയിട്ടില്ലാത്ത ഈ ഒരു മാതൃക നമ്മൾ പിന്തുടരണം. അങ്ങനെ വന്നാൽ ഇത്തരം വ്യക്തികളുടെ ഓർമ നിലനിർത്തുകയും അവരുടെ പ്രതിഭ വരും തലമുറയ്ക്ക് പകർന്നു നൽകുകയും ചെയ്യാൻ പലതും ചെയ്യാനാവും.

അതുപോലെ തന്നെ തങ്ങളുടെ ശേഖരങ്ങൾ കൈമാറാൻ തയ്യാറുള്ളവരിൽ നിന്നും അത് ഏറ്റെടുത്ത്  സാംസ്‌കാരിക സ്ഥാപനങ്ങൾക്കും സർവകലാശാലകൾക്കും വിവിധ ഇടങ്ങളിലായി എന്തുകൊണ്ട് ലൈബ്രറികളോ ഗവേഷണ കേന്ദ്രങ്ങളോ തുടങ്ങിക്കൂടാ? ആ രീതിയിലുള്ള ഒരു മ്യൂസിയം സംസ്കാരം രൂപപ്പെടുത്തി എടുക്കാൻ എന്തുകൊണ്ട് ശ്രമിച്ചുകൂടാ?

ആരുടെയൊക്കെയോ അലംഭാവം കൊണ്ട് കേരളത്തിന് നഷ്ടപ്പെട്ട പലതും ഉണ്ട്. ഇനിയും അങ്ങിനെ സംഭവിക്കാതിരിക്കണമെങ്കിൽ നമ്മൾ ഗൃഹാതുരമായ വിലാപകാവ്യ രചനയിൽ നിന്നും പ്രായോഗികമായ ചിന്തകളിലേക്ക് നടക്കണം, അല്ലെങ്കിൽ ചരിത്രം നമ്മളെ കൈവിട്ടുപോകും.  

സസ്നേഹം,

പി സുധാകരൻ,

വായനക്കാരൻ, കലാസ്വാദകൻ 

logo
The Fourth
www.thefourthnews.in