എന്റെ അംബേദ്ക്കർ

എന്റെ അംബേദ്ക്കർ

സംസ്കൃത സാഹിത്യ ഗവേഷണത്തെ വിമർശന രഹിതമായി സമീപിക്കുന്ന പൊതുപശ്ചാത്തലത്തിൽ നിന്നും വഴി മാറി നടക്കുന്നതിന് അംബേദ്ക്കർ ചിന്തകൾ എങ്ങനെ കാരണമായെന്ന് ഗവേഷകനും എഴുത്തുകാരനുമായ ലേഖകൻ
Updated on
2 min read

ആലപ്പുഴ ജില്ലയിൽ ഹരിപ്പാടിനടുത്തുള്ള വീയപുരം എന്ന അപ്പർ കുട്ടനാടൻ ഗ്രാമമാണ് ഈ എഴുത്താളുടെ സ്വദേശം. വളരെ ചെറുപ്പം മുതൽ തന്നെ എഴുത്തിന്റെയും വായനയുടെയും ലോകത്തിലേക്ക് കടക്കുന്നതിന് മുൻപ് തന്നെ കഥകളുടെ അൽഭുത സാഗരത്തിലേക്ക് അമ്മൂമ്മ കൂട്ടി കൊണ്ടു പോയി. യേശുവും മുഹമ്മദ് നബിയും പുരാണ കഥകളും എല്ലാം ഈ ചെറുപ്പകാലത്ത് ആലീസ് കണ്ട അൽഭുത ലോകം കണക്കെ പ്രവിശാലമാക്കി. ഈ പുരാണ കഥാസരിത്സാഗരങ്ങളുടെ ലോകം ഏഴാം ക്ലാസ് മുതൽ അനൗദ്യോഗികമായ സംസ്കൃത പഠനത്തിലേക്കും നയിച്ചു. പുരാണങ്ങൾ പഠിക്കാൻ നാട്ടിലുള്ള മണികണ്ഠൻ പിള്ളയുടെ ശിഷ്യനായി. അമ്മാവനായ ദാമോദര പാർക്ക് ജ്യോതിഷം അഭ്യസിപ്പിച്ചു. ഹരിപ്പാട് പിത്തമ്പിൽ മഠം കുമാരൻ നമ്പൂതിരിയുടെ ശിക്ഷണത്തിൽ തന്ത്രശാസ്ത്രവും അഭ്യസിക്കാൻ തുടങ്ങി. വീടിന് മുൻപിലുള്ള ഗുരുമന്ദിരത്തിലെ നിത്യ സന്ദർശകനായത് നിമിത്തം ഗുരുവിനോടുള്ള ഹൃദയബന്ധം ആഴമേറിയതായും തീർന്നു. അവസാനം സന്യസിക്കാനായി ശിവഗിരി മഠത്തിലേക്ക് എത്തുന്ന ഒരു പത്താം ക്ലാസുകാരന്റെ അനുഭവമണ്ഡലത്തെ ഗുരുവിന്റെ ചിന്തകൾ ആഴത്തിൽ ഗ്രസിച്ചിരുന്നു. എന്നാൽ പിന്നീട് ഔദ്യോഗികമായ സംസ്കൃത പഠനത്തിനായി കാലടി സംസ്കൃത സർവകലാശാലയിൽ ചേർന്നതോടെ ജീവിതത്തിന്റെ മറ്റൊരു ഘട്ടം തുറക്കുകയായിരുന്നു. അത്തരമൊരു ജീവിത പന്ഥാവിലെ വലിയ വെളിച്ചമായിത്തീർന്നു മഹത്തായ ജനാധിപത്യ ദാർശനികനും നിയമജ്ഞനും രാഷ്ട്രമീമാംസകനും സാമൂഹ്യ ശാസ്ത്രജ്ഞനും ഭരണഘടനാ വിധാതാവുമായ ഡോ. ബിആർ അംബേദ്കർ .

അന്നോളം പഠിച്ചു ശീലിച്ച സംസ്കൃത സാഹിത്യ മണ്ഡലത്തെയും അതിന്റെ വിജ്ഞാന സ്രോതസുകളെയും നിശിത വിമർശ വിചാരത്തിന് പ്രേരിപ്പിച്ചത് അംബേദ്കർ രചനകളായിരുന്നു. തന്ത്ര പ്രായശ്ചിത്തം എന്ന വിഷയം ഗവേഷണത്തിനായി തിരഞ്ഞെടുത്ത സംസ്കൃത വിദ്യാർത്ഥിയായ ഈ ഗവേഷകനെ പാപം, പുണ്യം, പ്രായശ്ചിത്തം തുടങ്ങിയ സങ്കല്പങ്ങൾ ഇന്ത്യൻ സാമൂഹ്യ ജീവിതത്തിൽ ജാതി ചെലുത്തുന്ന അപ്രതിഹതമായ സ്വാധീനമായി തിരിച്ചറിയുന്നതിന് അംബേദ്കർ ചിന്തകൾ അതുല്യമായി സഹായിച്ചു.

രാമനിലും രാമായണത്തിലും മഹാഭാരതത്തിലും വിപ്ലവ മൂല്യങ്ങൾ തേടുന്ന ഹിന്ദുത്വ പരിപോഷണ പരമായ വ്യാഖ്യാനങ്ങളോട് ജനാധിപത്യപരമായി തന്നെ വിയോജിച്ചു കൊണ്ട് രാമായണ മഹാഭാരത വിമർശ വിചാരങ്ങൾക്ക് വേദി സൃഷ്ടിക്കാൻ ആത്മ പ്രേരണയായത് അംബേദ്കർ സൃഷ്ടിച്ച വിമർശ ധാരയാണ്.

സംസ്കൃത സാഹിത്യത്തെ ചരിത്രപരമായി സമീപിക്കുന്നതിന് അക്ഷരാർത്ഥത്തിൽ തന്നെ അംബേദ്കർ പ്രേരകമായി. സംസ്കൃത സാഹിത്യ ഗവേഷണത്തെ വിമർശന രഹിതമായി സമീപിക്കുന്ന പൊതുപശ്ചാത്തലത്തിൽ നിന്നും വഴി മാറി നടക്കുന്നതിന് ഇത് നിരന്തര ചോദക ശക്തിയായി വർത്തിച്ചു. ഹിന്ദുത്വ രാഷ്ട്രീയത്തിന് അനുകൂലമായി സംസ്കൃത ഗവേഷണം മാറിത്തീർന്ന പശ്ചാത്തലത്തിൽ സംസ്കൃത സാഹിത്യത്തെയും അതിന്റെ പാരമ്പര്യ വ്യവസ്ഥയെയും അഴിച്ചു പരിശോധിക്കുന്നതിനുള്ള രീതിശാസ്ത്രവും പ്രത്യയ ശാസ്ത്രവും വികസിക്കുന്നത് അംബേദ്കറിലൂടെയാണ്. ഇതാകട്ടെ സംസ്കൃത വിജ്ഞാന പാരമ്പര്യം അകമേ സംവഹിക്കുന്ന ജാതി ബ്രാഹ്മണ്യ മൂല്യങ്ങളെ നിരന്തര പരിശോധനക്ക് വിധേയമാക്കുന്നതിനും ആത്മ പരിഷ്കരണത്തിനും സഹായിച്ചു.

രാമനിലും രാമായണത്തിലും മഹാഭാരതത്തിലും വിപ്ലവ മൂല്യങ്ങൾ തേടുന്ന ഹിന്ദുത്വ പരിപോഷണ പരമായ വ്യാഖ്യാനങ്ങളോട് ജനാധിപത്യപരമായി തന്നെ വിയോജിച്ചു കൊണ്ട് രാമായണ മഹാഭാരത വിമർശ വിചാരങ്ങൾക്ക് വേദി സൃഷ്ടിക്കാൻ ആത്മ പ്രേരണയായത് അംബേദ്കർ സൃഷ്ടിച്ച വിമർശ ധാരയാണ്. "ആരുടെ രാമൻ ?" എന്ന ഗ്രന്ഥത്തിന്റെ അകപ്പൊരുളായി വർത്തിക്കുന്നത് അംബേദ്കറിയൻ ചരിത്ര വിമർശന രീതിയാണെന്ന് ആ ഗ്രന്ഥത്തിലൂടെ കടന്നു പോയാൽ ബോധ്യപ്പെടും. രാമായണ മഹാഭാരതങ്ങളെ മാത്രമല്ല സംസ്കൃത അനുഭൂതി മണ്ഡലത്തിലെ വ്യത്യസ്ത വിഷയങ്ങളെ ചരിത്രപരമായി അഴിച്ചു പരിശോധിക്കുവാനുള്ള വിജ്ഞാന വിമർശ പ്രകാശമായി അംബേദ്കർ നിരന്തര പ്രേരണയായി.

രാമായണ മഹാഭാരതങ്ങളെ മാത്രമല്ല സംസ്കൃത അനുഭൂതി മണ്ഡലത്തിലെ വ്യത്യസ്ത വിഷയങ്ങളെ ചരിത്രപരമായി അഴിച്ചു പരിശോധിക്കുവാനുള്ള വിജ്ഞാന വിമർശ പ്രകാശമായി അംബേദ്കർ നിരന്തര പ്രേരണയായി

കേരളത്തിൽ സാംസ്കാരിക രാഷ്ട്രീയ ഹിന്ദുത്വർ സൃഷ്ടിച്ച ശബരിമല കലാപത്തിലെ ഹിന്ദുത്വ തന്ത്രങ്ങളെ വൈജ്ഞാനികമായി തന്നെ തുറന്നുകാട്ടുന്നതിന് സംസ്കൃത ഗവേഷകനെന്ന നിലക്ക് വെളിച്ചമായത് അംബേദ്കർ ചിന്തകളുടെ ശക്തിയായിരുന്നു. രാഷ്ട്രീയമായി ഹിന്ദുത്വം പരാജയപ്പെട്ടെന്നു വരികിലും സാംസ്കാരികമായി ഇന്ത്യയിലത് ആഴത്തിൽ വേരോടിയിരിക്കുന്നു. ഈ ഹിംസാത്മക ഹിന്ദുത്വം ആത്യന്തികമായി ഇന്ത്യയുടെ സാഹോദര്യ ജനാധിപത്യത്തെയും ഭരണഘടനാ സമത്വവിചാരങ്ങളെയും സ്വാതന്ത്ര്യ തുല്യ നീതി സങ്കല്പങ്ങളെയും ഉന്മൂലനം ചെയ്യുന്നതിനായാണ് പ്രയത്നിക്കുന്നത്. ഉന്നത നീതി പീഠങ്ങളിലെ ന്യായാധിപന്മാർ പോലും വിമർശ രഹിതമായി ഭരണഘടനാ തത്വങ്ങളുടെ നിലപാടു തറയിൽ നിന്നു വിട്ടു നിന്നുകൊണ്ട് സംസ്കൃത ഗ്രന്ഥങ്ങളെ "ആധികാരികമായി " ഉദ്ധരിച്ച് ഹിന്ദു രാഷ്ട സംസ്ഥാപനത്തിന് അറിഞ്ഞോ അറിയാതെയോ വഴിവെട്ടുമ്പോൾ സംസ്കൃത വിജ്ഞാന മണ്ഡലത്തെയും ബ്രാഹ്മണ്യ മൂല്യ വ്യവസ്ഥയെയും ചരിത്ര സാമൂഹ്യ ശാസ്ത്ര വീക്ഷണങ്ങളിൽ നിലയുറപ്പിച്ച് പഠിക്കേണ്ടത് ജനാധിപത്യത്തിന്റെ നിലനില്പിന് അനിവാര്യമാണെന്ന ബോധ്യം ലേഖകന് ലഭിച്ചത് നിസ്സംശയമായും ഡോ. ബിആർ അംബേദ്ക്കറിൽ നിന്നുമാണ്. ഇതാകട്ടെ ഹിന്ദുത്വത്തോട് സന്ധിയില്ലാത്ത പോരാട്ടത്തിന് ആത്മ പ്രേരണയായി വർത്തിക്കുകയും ചെയ്തു കൊണ്ടേയിരിക്കുന്നു. ഒരു സാധാരണ ദളിത് കുടുംബത്തിൽ ജനിച്ച് സംസ്കൃതവും വേദാന്തവും മറ്റും പഠിക്കാനുള്ള അദമ്യമായ ആഗ്രഹം നിമിത്തം ഈ വിജ്ഞാനം ആർജ്ജിക്കാനുള്ള എല്ലാ വാതിലുകളും ഒന്നൊന്നായി തുറന്നു . സംസ്കൃതവും തന്ത്രവും ജ്യോതിഷവും വാസ്തുവിദ്യയും വേദാന്തവും പഠിക്കാൻ ഏഴാം ക്ലാസ് മുതലുള്ള തുടർച്ചയായ പത്ത് വർഷം ഔദ്യോഗിക വിദ്യാഭ്യാസത്തോടൊപ്പം ചിലവഴിച്ചു. ഈ പഠിച്ച പാഠങ്ങളെ ഒരു സമൂഹത്തെ ജനാധിപത്യവൽക്കരിക്കുന്നതിനുള്ള വിമർശ വിചാരങ്ങൾക്കായി പുന:പരിശോധനക്ക് വിധേയമാക്കുന്നതിന് എന്നെ സഹായിച്ച മഹത്തായ ധിഷണാ വൃത്തി ഡോ. ബി.ആർ. അംബേദ്‌കറുടേതായിരുന്നു. സത്യത്തിൽ ഒരു അംബേദ്കർ ജയന്തി ദിനത്തിൽ ഇങ്ങനെ തുറന്നെഴുതുമ്പോൾ നിരന്തര ആത്മ പരിഷ്കരണത്തിനും ധാർമിക ജീവിതത്തിനും കൂടുതലായി ഉത്തരവാദിത്വപ്പെട്ടിരിക്കുന്നു . ചുരുക്കത്തിൽ ഒരു സംസ്കൃത വിദ്യാർത്ഥിയുടെ ഗവേഷണ ജീവിതത്തിന്റെ വിച്ഛേദ സ്ഥാനവും മുന്നോട്ടുള്ള വെളിച്ചവുമായി അംബേദ്കർ മാറിത്തീർന്നു. സംസ്കൃതം പഠിക്കാനാഗ്രഹിച്ച് അത് നിവർത്തിയാകാതെ പോയ അംബേദ്കറുടെ ബാല്യകാലം ഇതെഴുതുമ്പോൾ ചരിത്രത്തിലെ വലിയ സ്മരണയായി തിര തള്ളുന്നുണ്ട്.

logo
The Fourth
www.thefourthnews.in