തിരഞ്ഞെടുപ്പ് ഫലം നൽകുന്ന പാഠം
നമ്മുടെ തിരഞ്ഞെടുപ്പ് രാഷ്ട്രീയത്തിന്റെ പ്രത്യേകത പലപ്പോഴും അത് വലിയ രാഷ്ട്രീയപ്പാർട്ടികൾക്ക് ചുറ്റും വട്ടംകറങ്ങുന്നു എന്നതാണ്. മുൻപ് കോൺഗ്രസായിരുന്നു ഇതിന്റെ മുഖ്യ ഗുണഭോക്താവായിരുന്നതെങ്കിൽ ഇപ്പോൾ അത് ബിജെപിയും അതിന്റെ സഖ്യകക്ഷികളുമാണ്. ചില സംസ്ഥാനങ്ങളിൽ പ്രാദേശിക പാർട്ടികളും. ഇത്തരം സാഹചര്യത്തിൽ, പ്രതിപക്ഷത്തിന്റെ അവസ്ഥ ഏതാണ്ട് നാറാണത്ത് ഭ്രാന്തന്റെ കണക്കാണ്. നഷ്ടപ്പെട്ട അധികാരം തിരിച്ചുപിടിക്കാൻ അവർ ശ്രമിക്കുന്തോറും അത് നഷ്ടപ്പെട്ട് കൊണ്ടേയിരിക്കുന്നു. നാറാണത്ത് ഭ്രാന്തൻ മേൽപ്പോട്ടുരുട്ടിയ കല്ല് താഴോട്ട് വരുന്നത് പോലെ. ഇതിന് പൊതുവേ അപവാദമായിരുന്ന കേരളത്തിൽ പോലും ഇതാണല്ലോ ഇപ്പോഴത്തെ അവസ്ഥ.
ഉപഭോഗ സംസ്കാരത്തിൽ കണ്ടുവരുന്ന പ്രവണതയുടെ – ഉപയോഗിക്കുക ഉപേക്ഷിക്കുക (throw away culture) – രാഷ്ട്രീയ വകഭേദം എന്നുവേണമെങ്കിൽ ഇതിനെ വിലയിരുത്താം. ഉപഭോഗ വസ്തുക്കളെപ്പോലെ രാഷ്ട്രീയ കക്ഷികളെയും ജനങ്ങൾ ഉപയോഗിക്കുന്നു, വലിച്ചെറിയുന്നു. ഇക്കാര്യത്തിൽ ഒരു ചെറു വ്യത്യാസം മാത്രമേ ഉള്ളു. ഉപഭോഗ വസ്തുക്കളുടെ ആയുസ് തീരെ ചെറുതാണെങ്കിൽ, രാഷ്ട്രീയ പാർട്ടികളുടെ കാര്യത്തിൽ അതിന്റെ ദൈർഘ്യം കുറച്ചു കൂടുതലാണ്. “ഈ വെളിച്ചത്തിന് എന്ത് വെളിച്ചം” എന്ന വൈക്കം മുഹമ്മദ് ബഷീർ അതിശയപ്പെട്ടതുപോലെ കുറച്ച് കാലത്തേക്ക് ഭരണകക്ഷിയുടെ രാഷ്ട്രീയത്തെ മഹാസംഭവമായി ജനങ്ങൾ കരുതുന്നു.
ഒടുവിൽ - വെളിച്ചത്തിന് വെളിച്ചമില്ലെന്ന് തോന്നുമ്പോൾ - അവരതിനെ ഉപേക്ഷിച്ച് മറ്റൊന്നിനെ പരീക്ഷിക്കുന്നു. ഈ പശ്ചാത്തലത്തിൽ വേണം ഇപ്പോൾ തിരഞ്ഞെടുപ്പ് നടന്ന മൂന്ന് സംസ്ഥാനങ്ങളിലേയും- ത്രിപുര, നാഗാലാൻഡ് മേഘാലയ - ഫലത്തെ വിലയിരുത്തേണ്ടത്. ത്രിപുരയിലെയും നാഗാലാൻഡിലേയും ഭരണകക്ഷികളുടെ/മുന്നണികളുടെ എക്സ്പ്പയറി ഡേറ്റ് കഴിഞ്ഞില്ലെന്ന് ജനങ്ങൾ വിധി എഴുതിയപ്പോൾ മേഘാലയയിൽ ഭരണകക്ഷിക്ക് ഭൂരിപക്ഷം നൽകാതെ ഏറ്റവും വലിയ ഒറ്റ കക്ഷിയായി അതിനെ നിലനിർത്തി.
ജനങ്ങൾ രാഷ്ട്രീയത്തെ നിർവചിക്കുന്നത് അവരുടെതായ ചില യുക്തിയുടെ അടിസ്ഥാനത്തിലാണ്. തൃപുരയുടെ കാര്യം തന്നെ ഉദാഹരണമായെടുത്താൽ, പ്രതിപക്ഷത്തിന്റെ വാഗ്ദാനങ്ങളെയും വിമർശനങ്ങളെയുംകാൾ ഭരണപക്ഷത്തിന്റെ വികസന പരിപ്രേക്ഷ്യത്തെയും പ്രചരണത്തെയും വിശ്വസിക്കാനാണ് ജനങ്ങൾ ഇഷ്ടപ്പെട്ടത്
തൃപുരയിലെയും നാഗാലാൻഡിലെയും ബിജെപി/എൻഡിഎ ഭരണത്തിന് പലവിധ പോരായ്മകൾ ഉണ്ടായിരുന്നിട്ടും എന്തുകൊണ്ടാണ് അവർക്ക് വീണ്ടും വിജയിക്കാനായത് എന്ന ചോദ്യം പ്രസക്തമാണ്. തിരിച്ച് ചോദിച്ചാൽ എന്തുകൊണ്ടാണ് സിപിഎമ്മും കോൺഗ്രസും ഉൾപ്പെടുന്ന പ്രതിപക്ഷം വീണ്ടും വീണ്ടും പരാജയപ്പെടുന്നത്? മേഘാലയയിൽ പോലും പ്രതിപക്ഷ കക്ഷികൾക്ക് വിജയം അവകാശപ്പെടാനാവില്ലല്ലോ?
ഇവിടെ ഒരു കാര്യം വ്യക്തമാണ്, ജനങ്ങൾ രാഷ്ട്രീയത്തെ നിർവചിക്കുന്നത് അവരുടെതായ ചില യുക്തിയുടെ അടിസ്ഥാനത്തിലാണ്. തൃപുരയുടെ കാര്യം തന്നെ ഉദാഹരണമായെടുത്താൽ, പ്രതിപക്ഷത്തിന്റെ വാഗ്ദാനങ്ങളെയും വിമർശനങ്ങളെയുംകാൾ ഭരണപക്ഷത്തിന്റെ വികസന പരിപ്രേക്ഷ്യത്തെയും പ്രചരണത്തെയും വിശ്വസിക്കാനാണ് ജനങ്ങൾ ഇഷ്ടപ്പെട്ടത്. കോൺഗ്രസിനും അതിനുശേഷം ദീർഘനാൾ ഭരിച്ച സിപിഎമ്മിനും സംഭവിച്ച പിഴവുകൾ ഇപ്പോഴും അവരെ വേട്ടയാടിക്കൊണ്ടിരിക്കുന്നു.
ഇരുപാർട്ടികളും ചേർന്നുണ്ടാക്കിയ മുന്നണിക്ക്പോലും അതിനെ അതിജീവിക്കാനായില്ല. ''കാലാന്തരത്തിൽ നിങ്ങൾ/നിങ്ങൾ വരുത്തിയ പിഴവുകൾ മാത്രമായിത്തീരുന്നു” എന്ന് കവി കല്പറ്റ നാരായണൻ പറഞ്ഞത് ഓർമ്മയില്ലേ. അത് ഒഴിയാബാധ പോലെ ഇരുകക്ഷികളെയും പിന്തുടരുന്നു. ബിജെപിയെ കാത്തിരിക്കുന്നതും ഇത്തരമൊരു നിയതിയാണെന്ന കാര്യത്തിൽ സംശയം വേണ്ട. ജനങ്ങൾ എല്ലാം കാണുന്നുണ്ട്. പക്ഷേ വിധി പറയാൻ അവർ അവരുടെതായ സമയമെടുക്കും. തൃപുരയിലേക്ക് വന്നാൽ ഇപ്പോൾ മനസിലാക്കേണ്ടത് സിപിഎമ്മാണ്.
ഇത് കോൺഗ്രസിനുള്ളൊരു പാഠം കൂടിയാണ്. ഒരർത്ഥത്തിൽ സിപിഎമ്മിനേക്കാൾ പരിതാപകരമാണ് കോൺഗ്രസിന്റെ അവസ്ഥ. ഇന്ത്യയിലെ ഇതരഭാഗങ്ങളിലേതുപോലെ, തിരഞ്ഞെടുപ്പ് നടന്ന മൂന്ന് സംസ്ഥാനങ്ങളിലും അത് സംഘടനാപരമായും ആശയപരമായും അതീവ ദുർബലമാണ്. സ്വന്തം എംഎൽഎമാരെ പോലും പാർട്ടിയിൽ ഉറപ്പിച്ച് നിർത്താൻ അതിനാവുന്നില്ല. വടക്കു-കിഴക്കൻ സംസ്ഥാനങ്ങളിലെ പല പ്രാദേശിക കക്ഷികളും വളർന്നത് കോൺഗ്രസിന്റെ അടിത്തറയിൽ നിന്നാണ്. ഇതിന്റെ ഏറ്റവും അവസാനത്തെ ഉദാഹരണമാണ് മേഘാലയയിലെ തൃണമൂൽ കോൺഗ്രസ്. കോൺഗ്രസിനെ പിന്തള്ളിക്കൊണ്ട് അത് സംസ്ഥാനത്തെ മുഖ്യ പ്രതിപക്ഷ കക്ഷിയായി വളർന്നിരിക്കുന്നു. മറുവശത്ത്, വേരുകളില്ലാത്ത തൃണത്തെപ്പോലെ (grass without roots) ചരിത്രത്തിന്റെ ഭാരം പേറിനിൽക്കുന്ന രാഷ്ട്രീയ പ്രസ്ഥാനമായി കോൺഗ്രസ് ചുരുങ്ങിയിരിക്കുന്നു. ഭാരമേറിയ ചരിത്രവും ശൂന്യമായ വർത്തമാനവുo, സോണിയ-രാഹുൽ-പ്രിയങ്ക ത്രയങ്ങൾക്ക് സ്തുതി പാടുന്ന ആൾക്കൂട്ടവുമായി അത് നിൽക്കുന്നു, മൂന്ന് സംസ്ഥാനങ്ങളിലും.
തിരഞ്ഞെടുപ്പ് ഫലം ഈ വിധമായതിന്റെ മറ്റൊരു കാരണത്തിലേക്കാണ് ഇത് വിരൽ ചൂണ്ടുന്നത്- തീരെ ദുർബലമായ പ്രതിപക്ഷം, സoഘടനാപരമായും പ്രത്യയശാസ്ത്രപരമായും. നാഗാലാൻഡിൽ ഒരു ബിജെപി സ്ഥാനാർഥി എതിരില്ലാതെ തിരഞ്ഞെടുക്കപ്പെട്ടു എന്നതിൽ നിന്നുതന്നെ ഇതിന്റെ വ്യാപ്തി ഊഹിക്കാവുന്നതേയുള്ളു. ബിജെപിയുടെയും സഖ്യകക്ഷികളുടെയും ബഹളത്തിനും ഒച്ചയ്ക്കും ഇടയിൽ പിടിച്ചുനിൽക്കാൻ വേണ്ടി സ്വന്തം നിലപാടുകളിൽ വെള്ളം ചേർത്ത് സ്വയം അപ്രസക്തരാവുകയാണ് ഇവർ. സാമ്പത്തിക നയങ്ങളിൽ തുടങ്ങി വർഗീയതയുടെ കാര്യത്തിൽവരെ ബിജെപിയുടെ നിലപാടുകൾക്ക് ബദലായി ഇവർക്ക് പറയാനൊന്നുമില്ലെന്ന് മാത്രമല്ല, പലകാര്യങ്ങളിലും അതിന്റെ അതേ നയങ്ങളെ നിഴൽപറ്റി നീങ്ങുകയും ചെയ്യുന്നു.
പണ്ട്, ബ്രിട്ടനിലെ ലിബറൽ പാർട്ടിയും കൺസർവേറ്റീവ് പാർട്ടിയും തമ്മിലുള്ള വ്യാത്യാസത്തിന്റെ അന്തസാരശൂന്യതയെ കുറിച്ച് പറഞ്ഞിരുന്നത് ഇത്തരുണത്തിൽ ഓർമ വരുന്നു. സ്വന്തം വിശ്വാസം മറച്ചുവയ്ക്കാൻ വേണ്ടി ലിബറലുകൾ അഞ്ചുമണിക്കും, സ്വന്തം വിശ്വാസം പുറത്തറയിക്കാൻ വേണ്ടി യാഥാസ്ഥിതികർ എട്ടുമണിക്കും പള്ളിയിൽ പോകുമായിരുന്നത്രെ. ഇത് തന്നെയല്ലേ നമ്മുടെ രാജ്യത്തെ ഒട്ടുമിക്ക പാർട്ടികളും തമ്മിലുള്ള വ്യത്യാസവും. ഇത് ഒരു പുതിയ നോർമാലിറ്റി സൃഷ്ടിക്കുകയും ബിജെപിയുടെ അജണ്ടയ്ക്ക് പൊതുസമൂഹത്തിന്റെ അംഗീകാരം നേടിക്കൊടുക്കുകയും ചെയ്യുന്നു.
കാട് അടച്ചുള്ള പ്രചരണ്ത്തിന്റെ വെളിച്ചത്തിൽ, ജനങ്ങൾ അഭിമുഖീകരിക്കുന്ന ജീവിത പ്രശ്നങ്ങൾ, ഭരണകൂടത്തിന്റെ പിഴവുകൾ തന്നെയും, മുങ്ങിപ്പോകുന്നു
ആഗോളവത്ക്കരണത്തിന്റെ കാലത്ത് രാഷ്ട്രീയം വല്ലാതെ മാറിയിരിക്കുന്നു എന്നതും ശ്രദ്ധേയമാണ്. പ്രചരണങ്ങളുടെയും പരസ്യങ്ങളുടെയും അന്തരീക്ഷത്തിൽ, വസ്തുതകൾക്ക് പ്രസക്തിയോ അധികാരത്തിന് പുറത്തുള്ള ആശയങ്ങൾക്ക് പിടിച്ചു നിൽക്കാനോ കഴിയുന്നില്ല. തിരഞ്ഞെടുപ്പ് രാഷ്ട്രീയത്തിലാണ് ഇത് ഏറ്റവും പ്രകടമായി കാണാനാവുന്നത്. തിരഞ്ഞെടുപ്പ് വേളകളിൽ ജനങ്ങളെ വൈകാരികമായി ഇളക്കാൻ പറ്റുന്ന വിഷയങ്ങളുടെ പുറകെയാണ് രാഷ്ട്രീയ പാർട്ടികൾ പോകുന്നത്. ''അവർക്ക് കൊടികളും ചെണ്ടകളും നൽകു, അവർ വേറൊന്നും ആവശ്യപ്പെടില്ല” എന്ന് ഹിറ്റ്ലർ പറഞ്ഞതിന്റെ ആധുനിക രൂപം. കാട് അടച്ചുള്ള പ്രചരണ്ത്തിന്റെ വെളിച്ചത്തിൽ, ജനങ്ങൾ അഭിമുഖീകരിക്കുന്ന ജീവിത പ്രശ്നങ്ങൾ, ഭരണകൂടത്തിന്റെ പിഴവുകൾ തന്നെയും, മുങ്ങിപ്പോകുന്നു.
സാമൂഹിക മാധ്യമങ്ങളുടെ വരവ് ഇത് കൂടുതൽ സുഗമമാക്കിയിരിക്കുന്നു. ഫലമോ, പണവും പരസ്യവും പ്രചരണവും ഉപയോഗിച്ച് കൈകാര്യം ചെയ്യേണ്ടുന്ന ഒരു മാനേജ്മെൻറ് കലയായി തിരഞ്ഞെടുപ്പുകൾ മാറിയിരിക്കുന്നു. നയിക്കാൻ ശക്തനായൊരു നേതാവ് കൂടി ഉണ്ടെങ്കിൽ ചേരുവ പൂർത്തിയായി. ഇക്കാര്യത്തിൽ ബിജെപിയേയും അതിന്റെ തണലിൽ നിൽക്കുന്ന സഖ്യകക്ഷികളെയും കടത്തിവെട്ടാൻ ഈ മൂന്ന് സംസ്ഥാനങ്ങളിൽ ഏത് പ്രതിപക്ഷ പാർട്ടിക്കാണ് കെൽപ്പുള്ളത്?
തിരഞ്ഞെടുപ്പിൽ ജയിക്കാൻ ഉതകുന്നൊരു മുന്നണി സംവിധാനം ഉണ്ടാക്കാനും ബിജെപിക്കായി എന്നതും എടുത്ത് പറയേണ്ടിയിരിക്കുന്നു. സ്വന്തം അടിത്തറ ശക്തമായ തൃപുരയിൽ പോലും അവർ ഐപിഎഫിനെ കൂടെ കൂട്ടിയെങ്കിൽ, നാഗാലാൻഡിൽ പ്രബലമായൊരു പ്രാദേശിക കക്ഷിയുമായി സഖ്യത്തിൽ ഏർപ്പെട്ടു. ശ്രദ്ധേയമായ കാര്യം, ആശയപരമായ ഭിന്നതയോ മുന്നണിയിലെ മൂപ്പ്–ഇളമ തർക്കമോ ഇക്കാര്യത്തിൽ അവർക്ക് പ്രശ്നമല്ലെന്നതാണ്. നാഗാലൻഡിൽ ക്രൈസ്തവർക്കെതിരെ അതിക്രമങ്ങൾ നടത്തിയെന്ന ആരോപണം തങ്ങൾക്കെതിര നിലനിൽക്കെ തന്നെ അവർ എൻഡിപിപിയുമായി സഖ്യത്തിൽ ഏർപ്പെട്ടു. മേഘാലയിൽ ഇക്കുറി ഒറ്റയ്ക്കാണ് മത്സരിച്ചതെങ്കിലും തിരഞ്ഞെടുപ്പിന് ശേഷം വേണ്ടിവന്നാൽ ഏറ്റവും വലിയ ഒറ്റ കക്ഷിയായ എൻപിപിയുമായി സഹകരിക്കാൻ തയ്യാറാണെന്ന് അവർ പ്രഖ്യാപിച്ചും കഴിഞ്ഞു.
വടക്കുകിഴക്കൻ സംസ്ഥാനങ്ങളിലായാലും ഇന്ത്യയുടെ മറ്റ് ഭാഗങ്ങളിലായാലും, ബിജെപിയോടും അവരുടെ സഖ്യകക്ഷികളോടും പൊരുതി ജയിക്കണമെങ്കിൽ പ്രതിപക്ഷ ഐക്യം സുപ്രധാനമാന്നെന്ന് ഒരിക്കൽ കൂടി ഈ തിരഞ്ഞെടുപ്പ് ഫലം തെളിയിച്ചിരിക്കുന്നു
ഇക്കാര്യത്തിലും പ്രതിപക്ഷ കക്ഷികൾ പരാജയപ്പെട്ടു എന്നതാണ് യാഥാർത്ഥ്യം. കോൺഗ്രസിന് ടിഎംസി ചതുർഥി, നാഗാ പീപ്പിൾസ് ഫ്രണ്ടിന് കോൺഗ്രസ് ചതുർഥി, ഇതാണ് പ്രതിപക്ഷത്തിന്റെ അവസ്ഥ. സ്വന്തം അടിത്തറ ദുർബലമാണെങ്കിലും ഒരുമിച്ച് നിൽക്കുന്നതിനെക്കാൾ തമ്മിൽ കണക്ക് തീർക്കാനാണ് അവർ ശ്രമിക്കുന്നത്. പ്രതിപക്ഷ കക്ഷികൾ ഒരുമിച്ച് നിന്നെങ്കിൽ തിരഞ്ഞെടുപ്പ് ഫലം എങ്ങനെ ആകുമായിരുന്നു എന്നത് ആലോചനാമൃതമാണ്, ത്രിപുരയിൽ പ്രത്യേകിച്ചും. വളരെ ബുദ്ധിമുട്ടി ആയിരുന്നെങ്കിലും സിപിഎമ്മും കോൺഗ്രസും ഒരുമിച്ച് നിന്നപ്പോൾ അവർക്ക് നല്ലൊരു മത്സരം കാഴ്ചവയ്ക്കാനെങ്കിലുമായി. അതേസമയം തിപ്ര മോതയുമായി സഖ്യത്തിൽ ഏർപ്പെടാനുള്ള ദീർഘവീക്ഷണം അവർക്ക് ഉണ്ടായതുമില്ല. അതുകൂടി സംഭവിച്ചിരുന്നെങ്കിൽ തിരഞ്ഞെടുപ്പ് ഫലം നിശ്ചയമായും വ്യത്യസ്തമായിരുന്നേനെ.
വടക്കുകിഴക്കൻ സംസ്ഥാനങ്ങളിലായാലും ഇന്ത്യയുടെ മറ്റ് ഭാഗങ്ങളിലായാലും, ബിജെപിയോടും അവരുടെ സഖ്യകക്ഷികളോടും പൊരുതി ജയിക്കണമെങ്കിൽ പ്രതിപക്ഷ ഐക്യം സുപ്രധാനമാന്നെന്ന് ഒരിക്കൽ കൂടി ഈ തിരഞ്ഞെടുപ്പ് ഫലം തെളിയിച്ചിരിക്കുന്നു. തിരഞ്ഞെടുപ്പിനെ മുന്നിൽ കണ്ടുള്ള രാഷ്ട്രീയ നീക്കുപോക്കുകൾക്കപ്പുറം, അത് ചില മിനിമം പരിപാടികളിൽ അധിഷ്ഠിതവുമായിരിക്കണം. മഹാഭാരത യുദ്ധം 18 ദിവസം മാത്രമേ നീണ്ടുനിന്നുള്ളു എങ്കിലും അത് അഞ്ച് തലമുറയുടെ ചരിത്രമാണ് പറയുന്നത് എന്നകാര്യം ഓർക്കുക. രാഷ്ട്രീയത്തിൽ വേണ്ടത് ദീർഘവീക്ഷണമാണെന്ന പാഠമാണ് ഇത് നൽകുന്നത്. 18 ദിവസത്തെ തിരഞ്ഞെടുപ്പിന് നീണ്ട കാലത്തെ തയ്യാറെടുപ്പ് വേണമെന്ന് സാരം.
ജനങ്ങളെ ബാധിക്കുന്ന കാര്യങ്ങളിൽ സത്യസന്ധമായ നിലപാടുകൾ എടുക്കാനും അതനുസരിച്ച് ആവശ്യമായ ഇടപെടലുകൾ നടത്താനും കഴിയണം. വെളിച്ചം ഇരുട്ടിൽ ഒളിഞ്ഞിരിക്കുന്നു എന്ന് പറയും പോലെ അധികാരത്തിലേക്കുള്ള മാർഗം അധികാരത്തിന്റെ പുറത്തുനിന്നാണ്, ജനങ്ങളിൽ നിന്നാണ്, തുടങ്ങുന്നത്. അധികാരത്തിൽ നിന്ന് പുറത്താവുക എന്നുവച്ചാൽ സമൂഹത്തിന്റെ അകത്താവുക എന്നൊരർഥം കൂടിയുണ്ട്. വിരോധാഭാസമാകാം, ആഗോളവത്ക്കരണ കാലത്ത് ഭരണകക്ഷിയെ പരാജയപ്പെടുത്താൻ കൂടുതൽ ദൂരം സഞ്ചരിക്കേണ്ടത് പ്രതിപക്ഷമാണ്.