കേരളത്തിലെ ഇസ്ലാമോഫോബിയയുടെ സാമ്പത്തിക കാരണങ്ങൾ
സ്ഥലം: കരുനാഗപ്പള്ളി.
സ്ഥാനം: വിദ്യാഭ്യാസവും ജോലിയും ഉള്ള മധ്യവർഗ്ഗം.
വ്യക്തി: മധ്യവയസ്‌ക/സ്ത്രീ
മതം: ഹിന്ദു
ജാതി: ഓ ബി സി
മുസ്ലീങ്ങളെക്കുറിച്ചുള്ള വീക്ഷണം: അവർക്ക് (മുസ്ലീങ്ങൾക്ക്) ഗൾഫിൽ നിന്ന് അനധികൃതമായി ധാരാളം പണം ലഭിക്കുന്നുണ്ട്. അതിനാൽ അവർ ഇപ്പോൾ കൂടുതൽ ശക്തരായിരിക്കുന്നു. ഹിന്ദുക്കളേക്കാൾ കൂടുതൽ അവർ സാമൂഹ്യസ്ഥാനം നേടിയിരിക്കുന്നു.
വിവരസ്രോതസ്സ്: കേട്ടുകേൾവി
സ്ഥലം: ഡൽഹി
സ്ഥാനം: കോളേജ് പ്രൊഫെസ്സർ
വ്യക്തി: പുരുഷൻ/അമ്പത് വയസ്സിനു മേൽ പ്രായം
മതം: ഹിന്ദു
ജാതി: ബ്രാഹ്മണൻ
മുസ്ലീങ്ങളെക്കുറിച്ചുള്ള വീക്ഷണം: മലപ്പുറം എന്നൊരു സ്ഥലമുണ്ട് കേരളത്തിൽ. അവിടെ ഉള്ള ഒരിടത്ത്, സംസ്ഥാനസർക്കാരിനെയും ഇന്ത്യൻ സർക്കാരിനെയും അനുസരിക്കാത്ത ഒരു വിഭാഗം മുസ്ലീങ്ങൾ സ്വന്തം ഭരണം നടത്തുന്നു. ഹിന്ദുക്കൾക്കൊന്നും അങ്ങോട്ട് കടന്നു ചെല്ലാൻ കഴിയില്ല. പോലീസും നിസ്സഹായരാണ്.
വിവരസ്രോതസ്സ്: കേരളാ സ്റ്റോറി സിനിമ.
സ്ഥലം: ചിറയിൻകീഴ്
സ്ഥാനം: തൊഴിലുറപ്പിനു പോകുന്നു. പത്താം ക്ലാസ്സ് വിദ്യാഭ്യാസം.
വ്യക്തി: നാല്പത് വയസ്സ് പ്രായമുള്ള സ്ത്രീ
മതം: ഹിന്ദു
ജാതി: ഓ ബി സി
മുസ്ലീങ്ങളെക്കുറിച്ചുള്ള വീക്ഷണം: അവർക്കെവിടെന്നോ പണം കിട്ടുന്നു. പുരയിടങ്ങളെല്ലാം അവർ വാങ്ങിക്കൂട്ടുന്നു. കള്ളപ്പണമാണ്.
വിവരസ്രോതസ്സ്: കേട്ടുകേൾവി
മലയാളികൾക്കിടയിൽ അതിവേഗം വളർന്നു കൊണ്ടിരിക്കുന്ന ഇസ്‌ലാമോഫോബിയയുടെ സാഹചര്യത്തിൽ ഞാൻ നടത്തിയ ചില അന്വേഷണങ്ങളിൽ നിന്ന് എനിയ്ക്ക് ലഭിച്ച വിവരങ്ങളാണ് മേൽക്കൊടുത്തിരിക്കുന്നത്. വ്യത്യസ്തങ്ങളായ തലങ്ങളിൽ ജീവിയ്ക്കുന്ന മനുഷ്യർ പൊതുവെ മുസ്‌ലിം സമുദായത്തോട് വെച്ച് പുലർത്തുന്ന ഭീതിയും അസൂയയും കാരണമില്ലാതെ വെറുപ്പും എവിടെ നിന്ന് എന്നാലോചിച്ചാൽ അതിനുള്ള ഉത്തരം മേൽക്കാണിച്ച വിവരത്തെ വിശകലനം ചെയ്യുന്നതിൽ നിന്ന് ലഭിയ്ക്കും. മൂന്ന് വ്യക്തികൾ അവരുടെ ഇസ്ലാമോഫോബിയയെ വെളിപ്പെടുത്തുന്നത് 'അസൂയ' എന്ന അടിസ്ഥാനത്തിലാണ് എന്ന് മനസ്സിലാക്കാൻ കഴിയും. മധ്യവർഗ്ഗിയും താഴ്ന്ന ഇടത്തരവും മേൽത്തരവും എല്ലാം മുസ്ലീങ്ങൾ നേടിയ സാമ്പത്തിക വിജയത്തെയാണ് ചൂണ്ടിക്കാട്ടുന്നത്. കേരളാ സ്റ്റോറി എന്ന സിനിമയിൽ നിന്ന് 'അറിവ്' നേടിയ വ്യക്തിയാകട്ടെ കേരളത്തിലെ മുസ്ലീങ്ങൾ സംസ്ഥാനത്തിനുള്ളിൽ മറ്റൊരു റിപ്പബ്ലിക് തന്നെ സ്ഥാപിച്ചു പ്രവർത്തിക്കുന്നതായി വിശ്വസിക്കുന്നു.
ബാബ്‌റി മസ്ജിദ്, ഗോധ്ര തുടങ്ങിയ സംഭവങ്ങളെത്തുടർന്ന് വലതുപക്ഷ മൗലികവാദികളും ഇന്ത്യൻ ഭരണകൂടവും ശക്തിപ്പെടുത്തി മുസ്‌ലിം അപരത്വ നിർമ്മാണം ഈ കാലയളവിലുടനീളം കേരളത്തിൽ പ്രതിഫലിച്ചത് പല രീതികളിൽ ആണ്. അതിൽ ഏറ്റവും പ്രധാനം, പ്രബുദ്ധ കേരളം ഇസ്‌ലാമോഫോബിയയ്ക്ക് വഴിപ്പെടില്ല എന്നും എന്തൊക്കെ ആരോപണങ്ങൾ ഉണ്ടായാലും അതൊക്കെ കേരളത്തിലെ പ്രബുദ്ധ സമൂഹം ഒറ്റക്കെട്ടായി ചെറുക്കും എന്നുമൊക്കെയുള്ള ഉറപ്പായിരുന്നു. ഈ ഉറപ്പുകൾ നിലനിൽക്കവേ തന്നെ, കേരള സംസ്ഥാനത്തിന്റെ ഭരണത്തിൽ എല്ലായ്‌പോഴും മുസ്‌ലിം സമുദായത്തിന് ശക്തമായ പ്രാതിനിധ്യം ഉണ്ടായിരിക്കുന്ന വേളയിലും, ക്രമേണ ഇസ്‌ലാമോഫോബിയ ഉണ്ടായി വരുന്നത്, പ്രബുദ്ധ സമൂഹത്തിന്റെ വ്യാവഹാരിക പരിധികൾക്കുള്ളിൽ നിൽക്കുമെന്ന് കരുതിയിരുന്നെങ്കിലും അത് പല സന്ദർഭങ്ങളിലും മറനീക്കി പുറത്ത് വരുന്നത് കാണാൻ കഴിയുമായിരുന്നു. കർണാടകത്തിലെ ഹിജാബ് വിഷയം ഒരുപക്ഷെ ആ സംസ്ഥാനത്തേക്കാൾ ഏറെ ചർച്ച ചെയ്യുകയും പ്രതിഫലിക്കുകയും ചെയ്തത് കേരളത്തിലായിരുന്നു. ലൗ ജിഹാദ് എന്ന വിഷയം ഒളിഞ്ഞും തെളിഞ്ഞും ചർച്ച ചെയ്യപ്പെട്ടെങ്കിലും സിറിയയിൽ ഐ എസ് എസ്സിൽ ചേരാൻ ഹിന്ദു പെൺകുട്ടികളെ കടത്തുന്നു എന്ന ഒറ്റപ്പെട്ട സംഭവങ്ങൾക്ക് ലഭിച്ച പ്രചാരം ആയിരുന്നു. എന്നാൽ ഈ വിഷയങ്ങളെയൊക്കെ ബൗദ്ധികതലങ്ങളിൽ പ്രതിരോധിയ്ക്കാൻ കേരളത്തിന് കഴിഞ്ഞു എന്നതായിരുന്നു, ഇന്നും ചിലരെങ്കിലും പുലർത്തുന്ന ശുഭാപ്തിവിശ്വാസത്തിന് ആധാരം.
എല്ലാ ശുഭാപ്തി വിശ്വാസങ്ങളെയും തകർത്ത് കൊണ്ട് ഇസ്‌ലാമോഫോബിയ കടന്നു വരുന്നതായി ഇന്ന് നമ്മൾ കാണുന്നു. പക്ഷെ അതിന്റെ പിന്നിൽ ലൗ ജിഹാദോ, രാഷ്ട്രീയ ഇസ്‌ലാമുകൾ എന്ന് അടയാളപ്പെടുത്തപ്പെട്ട ഇസ്‌ലാമിക തീവ്രവാദികളോ, ഹിജാബ് നൽകുന്ന ദൃശ്യപരമായ അപരിചിതത്വമോ മാത്രമല്ല, അത് മുസ്‌ലിം സമുദായത്തിന്റെ സാമ്പത്തികമായ ഉന്നമനത്തെ അസൂയയോടെ വീക്ഷിക്കുന്ന ഹിന്ദു അപകർഷതാ ബോധം കൂടിയാണെന്ന് മനസ്സിലാക്കേണ്ടിയിരിക്കുന്നു. കഴിഞ്ഞ അമ്പത് വർഷങ്ങൾക്കിടെ കേരളത്തിലെ മുസ്‌ലിം സമൂഹം ഉണ്ടാക്കിയ സാമ്പത്തിക സാംസ്‌കാരിക മുന്നേറ്റത്തെ അല്പം പോലും സഹിഷ്ണുതയോടെ സ്വീകരിക്കാൻ അപകർഷതാ ബോധം നിറഞ്ഞ ഹിന്ദു മധ്യവർഗങ്ങൾക്ക് കഴിയുന്നില്ല എന്നത് വ്യക്തമായിരിക്കുന്നു. കേരളത്തിലെ മുസ്ലീങ്ങളുമായി ആശയപരമായും സമരാധിഷ്ഠിതമായും യോജിപ്പ് പുലർത്തുന്ന ദളിത് വിഭാഗങ്ങളും ഇതര പിന്നോക്ക വിഭാഗങ്ങളിലെ ചെറിയൊരു ശതമാനവും മാത്രമാണ് ഈ അപകർഷതാ ബോധം കൊണ്ട് നടക്കാത്തത്. എന്ന് മാത്രമല്ല ഈ വിഭാഗങ്ങൾ മാത്രമാണ് വളർന്നു വരുന്ന ഇസ്‌ലാമോഫോബിയയെ ചെറുക്കാൻ വേണ്ട പ്രതിരോധവ്യവഹാരങ്ങൾക്ക് രൂപം കൊടുക്കുന്നതും.
വിദ്യാഭ്യാസത്തിൽ ഉണ്ടായ ഈ പുരോഗതി ഗൾഫ് മേഖലയിൽ മാത്രമല്ല ആഭ്യന്തരമേഖലയിലും മുസ്‌ലിം സമുദായത്തിന് മുന്നാക്കസ്ഥിതി കൈവരിക്കാൻ സഹായകമായി. തൊഴിൽ രംഗത്ത് തുല്യ അളവിലെ പ്രാതിനിധ്യവും വിദ്യാഭ്യാസ സ്ഥാപനങ്ങൾ, കച്ചവടം, വ്യവസായം, സിനിമ തുടങ്ങി എല്ലാ രംഗത്തും ഉള്ള വളർച്ചയും മുസ്‌ലിം സമുദായത്തെ സമ്പന്നമായ ഒരു സമൂഹമാക്കി മാറ്റി.
ഹിന്ദു അപകർഷതയ്ക്ക് ഉള്ള ഒരു പ്രധാനകാരണം, ഹിന്ദു ഹൃദയ സാമ്രാട്ട് എന്ന പേരിൽ ഇന്ത്യൻ ഭരണത്തിന്റെ സാരഥ്യം ഏറ്റെടുത്ത പ്രധാനമന്ത്രി നരേന്ദ്ര മോഡിയ്ക്ക് പത്തു വർഷങ്ങൾ ഭരണനേതൃത്വത്തിലിരുന്നിട്ടും 'ഹിന്ദുക്കൾക്ക്' വേണ്ടി പ്രത്യേകിച്ച് തൊഴിലവസരം ഉണ്ടാക്കാൻ മോഡിയ്ക്ക് കഴിഞ്ഞില്ല എന്ന് മാത്രമല്ല, തൊഴിൽ രംഗത്ത് വമ്പിച്ച ഇടിവുണ്ടാവുകയും ചെയ്തു. ഫോർബ്‌സ് ഇന്ത്യ പ്രസിദ്ധീകരിച്ച ഡാറ്റ പ്രകാരം 2014 ൽ മൻമോഹൻ സിങ് പ്രധാനമന്ത്രിയായിരിക്കുന്ന സമയത്ത് 5.44 % ആയിരുന്ന തൊഴിലില്ലായ്മാ നിരക്ക് മോദിയുടെ നാളിതുവരെയുള്ള ഭരണത്തിൽ 9.2 % -ത്തിൽ എത്തി നിൽക്കുകയാണ്. ഇതിനു പ്രധാനപ്പെട്ട കാരണങ്ങളായി ഫോർബ്‌സ് ചൂണ്ടിക്കാണിക്കുന്നത് ഇന്ത്യൻ കറൻസിയുടെ നിർമൂല്യകരണം അഥവാ ഡീമോണിട്ടൈസേഷനും ജി എസ് ടിയും ആണെന്നാണ്. ഇത് രണ്ടും മോദിയുടെ പരിഷ്കാരങ്ങളും ആണ്. കോവിഡ് മറ്റൊരു പ്രധാനകാരണം ആയി ചൂണ്ടിക്കാണിക്കുന്നുവെങ്കിലും അതിന് ശേഷം തൊഴിൽ രംഗത്തെ രക്ഷിയ്ക്കാൻ മോഡി ഭരണകൂടത്തിന് പ്രത്യേകിച്ച് ഒന്നും ചെയ്യാൻ കഴിഞ്ഞിട്ടില്ല. ഔപചാരിക തൊഴിൽ രംഗത്തെ ശക്തിപ്പെടുത്താനും പുതുതായി ജോലിയ്ക്ക് കയറുന്നവരെ പിടിച്ചു നിർത്താനും പുതിയ ബഡ്ജറ്റിൽ സ്കീമുകൾ അവതരിപ്പിച്ചിട്ടുണ്ടെങ്കിലും, ഇന്ത്യയുടെ തൊഴിൽ രംഗത്തെ ഘടനാപരമായ അപര്യാപ്തതകൾ പരിഹരിയ്ക്കാൻ സർക്കാരിന് കഴിയാത്തിടത്തോളം കാലം പുതിയ തൊഴിൽ അവസരങ്ങൾ എന്നത് പ്രയാസമായിരിക്കും എന്നാണ് സാമ്പത്തിക വിദഗ്ദർ പറയുന്നത്.
കേരളത്തിൽ പക്ഷെ ഈ കാലയളവിലും താരതമ്യേന മുസ്‌ലിം സമുദായത്തിന് സാമ്പത്തികമായ തളർച്ച നേരിട്ടതായി കണ്ടിട്ടില്ല. പാൻഡെമിക് നാളുകളിൽ പൊതുവെ സാമ്പത്തിക തകർച്ച ഉണ്ടായെങ്കിലും അത് കാരണം മുസ്‌ലിം സമുദായത്തിന് ഒന്നാകെ സാമ്പത്തിക തിരിച്ചടി ഏറ്റതായി കണക്കുകൾ ഉണ്ടായിട്ടില്ല. അറുപതുകളിൽ ആരംഭിയ്ക്കുന്ന ഗൾഫ് ബൂം കേരളത്തിലെ മുസ്‌ലിം സമുദായത്തെ എങ്ങനെ പുതിയൊരു അവസ്ഥയിലേയ്ക്ക് നയിച്ചു എന്നത് കണക്കുകളിലും സമൂർത്തമായ ഉദാഹരണങ്ങളിലും വ്യക്തമാണ്. കേരളത്തിലെ വാസ്തുശില്പ ഭൂപടം തന്നെ മാറ്റി വരച്ചത് റെമിറ്റൻസ് എക്കണോമി അഥവാ മണിയോർഡർ സമ്പദ് വ്യവസ്ഥയാണ്. കേരളത്തിലെ 26.56 % വരുന്ന മുസ്‌ലിം ജനസംഖ്യ ഈ കാലയളവിനുള്ളിൽ 93.7 % സാക്ഷരത പുരുഷന്മാർക്കിടയിലും എഴുപത് ശതമാനം സാക്ഷരത സ്ത്രീകൾക്കിടയിലും നേടി. ഹിന്ദുക്കൾക്ക് ഈ സമയത്ത് ഉണ്ടാക്കാൻ കഴിഞ്ഞ സാക്ഷരതാ വർദ്ധനവ് ദശാംശം ഒരു ശതമാനമാണ്. വിദ്യാഭ്യാസത്തിൽ ഉണ്ടായ ഈ പുരോഗതി ഗൾഫ് മേഖലയിൽ മാത്രമല്ല ആഭ്യന്തരമേഖലയിലും മുസ്‌ലിം സമുദായത്തിന് മുന്നാക്കസ്ഥിതി കൈവരിക്കാൻ സഹായകമായി. തൊഴിൽ രംഗത്ത് തുല്യ അളവിലെ പ്രാതിനിധ്യവും വിദ്യാഭ്യാസ സ്ഥാപനങ്ങൾ, കച്ചവടം, വ്യവസായം, സിനിമ തുടങ്ങി എല്ലാ രംഗത്തും ഉള്ള വളർച്ചയും മുസ്‌ലിം സമുദായത്തെ സമ്പന്നമായ ഒരു സമൂഹമാക്കി മാറ്റി.
കേരളത്തിലെ ഹിന്ദു സമൂഹത്തെ അപേക്ഷിച്ച് സാമൂഹ്യശാസ്ത്രപരമായും മതപരമായും ഉള്ള വ്യത്യസ്ത കുടുംബ ബന്ധങ്ങളും നെറ്റ്വർക്കിങ്ങും മുസ്‌ലിം സമുദായത്തിന്റെ സാമ്പത്തികമായ ഉന്നമനത്തെ സഹായിച്ചിട്ടുണ്ടെന്ന് ഡോക്ടർ ജി ആർ സന്തോഷ് പറയുന്നു. "ഹിന്ദു സമുദായങ്ങളെ അപേക്ഷിച്ച് മുസ്‌ലിം സമുദായത്തിലെ കുടുംബങ്ങൾക്ക് ബിസിനസ്സ് പ്രസ്ഥാനങ്ങൾ വിജയിപ്പിക്കാൻ എളുപ്പമാണ്. അവരുടെ മതപരമായ അടിത്തറ ഒരു സഹോദര്യത്തെ അടിസ്ഥാനമാക്കി ഉള്ളതിനാൽ പരസ്പരം താങ്ങാൻ കഴിയുന്ന ഒരു സാമൂഹിക-ഗാർഹിക ഘടന മുസ്‌ലിം സമുദായത്തിനുണ്ട്. ഹിന്ദു സമുദായങ്ങൾക്കുള്ളിൽ വിഘടിച്ചു പോകാനുള്ള പ്രവണത കൂടുതലാണ്. കൂടാതെ, വിദ്യാഭ്യാസം, ആരോഗ്യം എന്നീ രംഗങ്ങളിൽ വളരെയധികം അച്ചടക്കവും ശുഷ്കാന്തിയും പുലർത്തുന്ന സമൂഹമായി കേരളത്തിലെ മുസ്ലീങ്ങൾ വളർന്നു എന്നതാണ് സത്യം". അറുപതുകളിലും എഴുപതുകളിലും ഗൾഫിലേക്ക് കുടിയേറിയ മലയാളി മുസ്‌ലിം തന്റെ സമുദായാംഗങ്ങളുടെ മുന്നിൽ കുടിയേറ്റത്തിന്റെ വലിയ വാതിലുകൾ തുറന്നിട്ടുവെന്നും എന്നാൽ ഹിന്ദു സമുദായങ്ങൾക്ക് ഗൾഫ് സാധ്യത ലഭിച്ചതെങ്കിലും ഓരോ വ്യക്തിയും കടൽ കടന്നാൽ കുടുംബത്തിലെ മറ്റംഗങ്ങൾക്ക് പ്രവേശിക്കാനുള്ള വാതിലുകൾ അടയ്ക്കുകയായിരുന്നു എന്നും സന്തോഷ് നിരീക്ഷിയ്ക്കുന്നു. ലോകാരോഗ്യസംഘടനയുടെ ഭാഗമായി മുസ്‌ലിം പ്രദേശങ്ങളിൽ നടത്തിയ പഠനങ്ങളുടെ അടിസ്ഥാനത്തിലാണ് അദ്ദേഹം ഈ ആശയം പങ്കുവെച്ചത്.
ഹിന്ദു സമുദായങ്ങൾ കേരളത്തിലും ഇന്ത്യയിലും പൊതു-സ്വകാര്യമേഖലകൾ നൽകുന്ന സുരക്ഷിതത്വമാണ് ലക്ഷ്യമിട്ടത്. ഇന്ന് കേരളത്തിൽ നിന്ന് പഠനാർത്ഥം പുറത്തേയ്ക്ക് പോവുകയും തിരികെ വരാതിരിക്കുകയും ചെയ്യുന്ന യുവതീ യുവാക്കളുടെ എണ്ണം വർധിച്ചു വരുന്ന സാഹചര്യം ഉണ്ടാകാനുള്ള പ്രധാനകാരണം ഗൾഫ് മേഖലയെ ഉപയോഗപ്പെടുത്തിയ മുസ്‌ലിം സമുദായത്തെപ്പോലെ ഹിന്ദു സമുദായങ്ങൾക്ക് അന്ന് പ്രവർത്തിക്കാൻ കഴിയാത്തത് കൊണ്ടുതന്നെയാണ്. പൊതുമേഖലയിലെ ഉദ്യോഗം പരിമിതമാക്കിയ ജീവിതസാഹചര്യങ്ങൾ താരതമ്യേന വിജയിച്ച മുസ്‌ലിം സമുദായവുമായി തട്ടിച്ചു നോക്കുമ്പോൾ അപര്യാപ്തമാണ് എന്ന് കണ്ടത് തന്നെയാകണം (ഒപ്പം പുതിയ രീതിയിൽ വ്യവസായ-ഉദ്യോഗ മേഖലകൾ വികസിപ്പിക്കാൻ കേരളത്തിലെ സർക്കാരുകൾക്ക് കഴിയാത്തതും) ഹിന്ദു സമുദായങ്ങളിലെ കുട്ടികൾ വിദേശത്തു പോയ ശേഷം മടങ്ങി വരാത്തത്. 2031 -ഓടെ കേരളത്തിലെ ജനസംഖ്യയിൽ മുപ്പത് ശതമാനം അറുപത് വയസ്സിനുമേൽ പ്രായമുള്ളവരാകും എന്ന് കണക്കുകൾ സൂചിപ്പിക്കുന്നു. ഇന്ത്യയിലെ ഇതരസംസ്ഥാനങ്ങളെ അപേക്ഷിച്ച് കേരളം അതിവേഗം വൃദ്ധമായികൊണ്ടിരിക്കുകയാണെന്ന് 2023 നവംബർ മാസത്തിൽ ന്യൂ ഇന്ത്യൻ എക്സ്പ്രസ് റിപ്പോർട്ട് ചെയ്തിരുന്നു. പുതിയ തലമുറ വിദേശത്തേയ്ക്ക് പോകുമ്പോൾപ്പോലും മുസ്‌ലിം സമുദായങ്ങളിലെ കുട്ടികൾക്ക് അവരുടെ മുൻ തലമുറകൾ സൃഷ്ടിച്ച സാഹചര്യങ്ങൾ കേരളത്തിലും പുറത്തും ഒരുപോലെ സഹായകമാകുന്നു എന്ന സ്ഥിതിവിശേഷവുമുണ്ട്.
കഴിഞ്ഞ മൂന്നു ദശകങ്ങൾക്കിടെ കേരളത്തിലെ തൊഴിൽ രംഗത്ത് വമ്പിച്ച മാറ്റങ്ങൾ ഉണ്ടായിട്ടുണ്ട്. ഇന്ത്യയിൽത്തന്നെ കൂലി ശരാശരിയിൽ കേരളം മുൻപിൽ നിൽക്കുന്നു. ഇന്ത്യയിലെ ഇതരസംസ്ഥാനങ്ങളിൽ നിന്ന് കേരളത്തിലേയ്ക്കുള്ള തൊഴിൽ സംബന്ധമായ കുടിയേറ്റം ഈ കൂലിയെയും ജീവിതസാഹചര്യങ്ങളെയും കേരളത്തിൽ പൊതുവെയുള്ള ജനാധിപത്യ ബോധത്തെയും അടിസ്ഥാനമാക്കിയുള്ളതാണ്. പ്രതിദിനം ഒരു വിദഗ്ധ തൊഴിലാളിയ്ക്ക് ആയിരത്തി ഇരുനൂറ് മുതൽ ആയിരത്തി അഞ്ഞൂറ് രൂപ വരെ കൂലിയായി ലഭിയ്ക്കുന്നു. പ്രതിമാസം ഇരുപത്തി അയ്യായിരം രൂപ ലഭിക്കാൻ സാധ്യതയുള്ള തൊഴിൽ ലഭിക്കാൻ കേരളത്തിൽ സാധ്യതയുള്ളപ്പോൾ വലിയ നഗരങ്ങളിൽ അഭ്യസ്തവിദ്യർക്ക് പോലും എൻട്രി ലെവലിൽ ഇത്രയും രൂപ പ്രതിഫലമായി ലഭിയ്ക്കുന്നില്ല. അതിനാൽത്തന്നെ കുടിയേറ്റ തൊഴിലാളികൾ കേരളത്തെ ഇന്ത്യയിലെ ഗൾഫ് എന്ന് വിളിക്കുകയും കേരളാശൈലി ജീവിതത്തെ സ്വന്തം ഗ്രാമങ്ങളിൽ അനുകരിക്കാൻ ശ്രമിക്കുകയും ചെയ്യുന്നു. എന്നാൽ ഈ ഒരു സാഹചര്യത്തെ കേരളത്തിലെ തൊഴിലാളികളും തൊഴിലില്ലാത്തവരും ഉപയോഗപ്പെടുത്താൻ ശ്രമിക്കുന്നില്ല എന്നതാണ് അനുദിനം വർധിച്ചു വരുന്ന ആഭ്യന്തര കുടിയേറ്റം സൂചിപ്പിക്കുന്നത്. തൊഴിൽ ചെയ്യാനുള്ള മടി, കരാറുകാരോ ഇടനിലക്കാരോ ആയി പ്രവർത്തിക്കാനുള്ള ഇഷ്ടം, അധ്വാനത്തിന് മേൽ അലസതയെ പ്രതിഷ്ഠിക്കാനും സ്ത്രീകളുടെ വരുമാനത്തെ ആശ്രയിക്കാനും ഉള്ള ത്വര, നവഹിന്ദു പരിപാടികളിൽ പങ്കുചേരാനുള്ള പ്രവണത തുടങ്ങി ധാരാളം തുറസ്സുകളിൽ ഹിന്ദു തൊഴിൽ ശേഷി വൃഥാവിലാവുകയും ഹിന്ദു വീടുകളിലേക്കുള്ള വരുമാനം കുറയുകയും ചെയ്യുന്നു.
ഈ സാഹചര്യങ്ങളിലുടനീളം മുസ്‌ലിം സമുദായങ്ങളുടെ തൊഴിൽമേഖലാ സാന്നിധ്യവും വിദേശത്തേക്കുള്ള കുടിയേറ്റവും റെമിറ്റൻസ് എക്കണോമിയും ഇടതടവില്ലാതെ തുടരുകയാണ്. രണ്ടായിരത്തി പതിനഞ്ചിൽ, ആം ആദ്മി പാർട്ടിയുടെ പ്രവർത്തകനായി കേരളത്തിലെ ഒരു ഗ്രാമപഞ്ചായത്തിലെ മൂവായിരം വീടുകൾ സന്ദർശിയ്ക്കുകയും സർവേ നടത്തുകയും ചെയ്തതിന്റെ ഫലമായി ഞാൻ ഉണ്ടാക്കിയ ഡാറ്റ പ്രകാരം, ഒരു സാധാരണ ഗ്രാമപഞ്ചായത്തിലെ എഴുപത് ശതമാനം ഹിന്ദു വീടുകളും മെയിന്റനൻസ് ആവശ്യപ്പെടുന്നവയാണ്. ഗൾഫ് റിട്ടേണികൾ മറ്റു തൊഴിലുകളിൽ ഏർപ്പെടാതെ നിശ്ചേതനമായ അനേകം ഹിന്ദു വീടുകൾ കാണാൻ കഴിഞ്ഞു. ഇരുപത് ശതമാനത്തോളം ഹിന്ദു വീടുകളിൽ മത-ജാതി സൂചകങ്ങൾ ഉണ്ട്. അതേസമയം തൊണ്ണൂറ്റിയഞ്ചു ശതമാനം മുസ്‌ലിം വീടുകളും പണ്ട് കുടിലുകൾ ആയിരുന്നവയുൾപ്പെടെ ഇരുനിലക്കെട്ടിടങ്ങൾ ആയിക്കഴിഞ്ഞിരുന്നു എന്ന് മാത്രമല്ല നന്നായി മെയിന്റനൻസ് ചെയ്തവയും ആയിരുന്നു. മുസ്‌ലിം സമ്പന്നതയും ഹിന്ദു ഇല്ലായ്‌മയും വ്യക്തമായി കാണാൻ കഴിഞ്ഞു. പല ദളിത് വീടുകളിലെയും ചെറുപ്പക്കാർ വ്യക്തമായും ബി ജെ പി- ആർ എസ് എസ് ബന്ധമുള്ളവരാണെന്ന് തുറന്ന് പറഞ്ഞു. കൂടാതെ ഹിന്ദു സമൂഹത്തിലെ വലിയൊരു പങ്കും പ്രാദേശിക ക്ഷേത്ര പുനരുദ്ധാരണങ്ങളിലും പൊങ്കാലകളിലും ഏർപ്പെടുന്നവരായി കാണപ്പെട്ടു. എഴുപതുകളിലോ എൺപതുകളിലോ കാണാൻ കഴിയാത്തവയായിരുന്നു ഇത്. മറ്റൊരു കാര്യം മുസ്‌ലിം സ്വത്വത്തെ അടയാളപ്പെടുത്തുന്ന വേഷവിധാനങ്ങൾ വളരെയധികം മുസ്ലീങ്ങൾ സ്വീകരിച്ചു എന്നതാണ്. അത്രയും തന്നെ കാവി കൈലികളും ചന്ദനക്കുറിയും കൈയിൽ ചരടും കാണാൻ കഴിഞ്ഞു.
പ്രതീകാത്മകമായി മുസ്‌ലിം വളർച്ചയ്‌ക്കെതിരെ ഹിന്ദു വളർച്ചയെ കാവി കൈലിയും കൈയിലെ ചരടും ചന്ദനക്കുറിയും കൊണ്ട് പ്രതിരോധിക്കാമെങ്കിലും സാമ്പത്തികമായി ഇവയൊന്നും ഒരു പരിഹാരം ആകുന്നതേയില്ല. അങ്ങനെ വരുമ്പോഴാണ് മുസ്‌ലിം സമൂഹത്തിന്റെ സാമ്പത്തികവും സാംസ്കാരികവും ഒക്കെ ആയ വളർച്ച ഹിന്ദുക്കളിൽ അപകർഷതാബോധമായി മാറുന്നത്. ഇന്ന് കേരളത്തിൽ കാണുന്ന ഇസ്‌ലാമോഫോബിയയുടെ ഒരു പ്രധാനകാരണം ഹിന്ദുക്കളിൽ വലിയൊരു വിഭാഗത്തിന് സാമൂഹികമുന്നേറ്റം നടത്തിയ മുസ്ലീങ്ങളുടെ സാന്നിധ്യത്തിൽ തങ്ങൾ അപര്യാപ്തരാണ് എന്ന ബോധമാണ്. അതാണ് മുസ്ലീങ്ങൾ എന്തോ തെറ്റായ മാർഗ്ഗത്തിലൂടെ പണമുണ്ടാക്കുന്നവരാണെന്ന് മലയാളികളിൽ പലർക്കും തോന്നുന്നത്. സാമ്പത്തികമായ മുസ്‌ലിം മുന്നേറ്റത്തിൽ ഉണ്ടായിരിക്കുന്ന അസൂയ ക്രമേണ വെറുപ്പും വിദ്വേഷവുമായി മാറുകയാണ് ചെയ്യുന്നത്. കേരളത്തിലെ ഇസ്‌ലാമോഫോബിയ അതുകൊണ്ട് തന്നെ അപകടകരവുമാണ്. മുസ്ലീങ്ങളും ഹിന്ദുക്കളും തമ്മിൽ ഏതെങ്കിലും തരത്തിലുള്ള ഒരു സംഘർഷം ഉടലെടുത്താൽ ഗുജറാത്തിലെ ഗോധ്രയിലും ബോംബെയിലും ഇപ്പോൾ ഉത്തർപ്രദേശിലും മധ്യപ്രദേശിലും ഒക്കെ സംഭവിച്ചത് പോലെ മുസ്ലീങ്ങളെ സാമ്പത്തികമായി തകർക്കുന്ന കൊള്ളയും കൊള്ളിവെപ്പും ആയിരിക്കും കേരളത്തിൽ ഉണ്ടാവുക. അതിനാൽ പ്രബുദ്ധമലയാളികൾ ജാഗരൂകരാകേണ്ടതുണ്ട്.