പരിസ്ഥിതി രാഷ്ട്രീയത്തിന്റെ സംഘര്‍ഷ ലോകങ്ങള്‍
കേരളത്തിലെ ഏറ്റവും വലിയ രാഷ്ട്രീയ-സാമൂഹ്യ പ്രശ്‌നങ്ങളിലൊന്നാണോ 'കേവല പരിസ്ഥിതി വാദം'? കേരളത്തിന്റെ 'വികസന കുതിപ്പിന്റെ' മുന്നിലുള്ള വിലങ്ങുതടി 'പരിസ്ഥിതി രാഷ്ട്രീയമാണോ'? കേരളത്തിലെ നാനാവിധ കാര്‍ഷിക പ്രതിസന്ധിയില്‍ പരിസ്ഥിതി രാഷ്ട്രീയത്തിന് എന്ത് പങ്കാണുള്ളത്? പരിസ്ഥിതിരാഷ്ട്രീയത്തേയും വികസനത്തെയും പരസ്പരശത്രുക്കളായി വ്യാഖ്യാനിക്കുന്ന രാഷ്ട്രീയാഗധ്യാനം എന്ത് തരത്തിലുള്ള വികസനത്തെക്കുറിച്ചാണ് സംസാരിക്കുന്നത്? ഇത്തരത്തിലുള്ള ചോദ്യങ്ങളും സംവാദവിഷയങ്ങളും കേരളീയ സമൂഹത്തില്‍ വീണ്ടും ഉയരുകയാണ്. അത് ജനാധിപത്യസമൂഹമെന്ന നിലയില്‍ നല്ലതുമാണ്.
വാസ്തവത്തില്‍ കേവലമായ പരിസ്ഥിതിവാദം എന്നത് മുതലാളിത്തത്തെ ഒട്ടും അലോസരപ്പെടുത്താത്ത ഒരു സംഗതിയാണ്. അത് നിലവിലുള്ള ചൂഷണാധിഷ്ഠിതമായ വ്യവസ്ഥയെ ചോദ്യം ചെയ്യുകയോ അതിനെ മാറ്റിമറിക്കാന്‍ ആവശ്യപ്പെടുകയോ ചെയ്യുന്നില്ല. അത് രാഷ്ട്രീയാധികാര ബന്ധങ്ങളില്‍ യാതൊരു വിധ പൊളിച്ചെഴുത്തും ആവശ്യപ്പെടുന്നില്ല. പരിസ്ഥിതി എന്നത് ഇതില്‍ നിന്നെല്ലാം മുക്തമായ ഒന്നാണെന്ന ശുദ്ധതാവാദത്തിനോട് ചേര്‍ന്നുനില്‍ക്കും. ഒരുതരം ധാര്‍മ്മികതയുടെ വെളിപാടാണ് പരിസ്ഥിതിവാദം എന്ന മട്ടിലാക്കി മാറ്റും. ഇത്തരത്തിലുള്ള പരിസ്ഥിതി രാഷ്ട്രീയമായിരുന്നു ഇപ്പോഴും നടന്നുപോന്നതെങ്കില്‍ കേരളത്തില്‍ ഇപ്പോള്‍ വളരെ ആസൂത്രിതവും സംഘടിതവുമായി ഉണ്ടാക്കിയെടുക്കുന്ന പരിസ്ഥിതി രാഷ്ട്രീയ വിരുദ്ധതയുടെ ഭാഷയും രൂപവും ഇങ്ങനെയുണ്ടാകില്ലായിരുന്നു. കാരണം കേവല പരിസ്ഥിതിവാദം ഒരുതരത്തിലും തങ്ങളെ അലോസരപ്പെടുത്താത്തതുകൊണ്ട് അതിനെ എങ്ങനെ കൈകാര്യം ചെയ്യണമെന്ന് മുതലാളിത്തത്തിനറിയാം. അത്തരത്തിലുള്ള കേവല പരിസ്ഥിതി വാദമല്ല കേരളത്തിലടക്കം ഇപ്പോള്‍ സാവകാശമെങ്കിലും സംവാദസ്ഥലങ്ങളുണ്ടാക്കുന്നതെന്നും അത് വിഭവങ്ങളുടെ ഉപയോഗവും ഉടമസ്ഥതയും അതിന്റെ ആത്യന്തികമായ ഗുണഭോക്താക്കളെയുമെല്ലാം സംബന്ധിച്ച വലിയ ഘടനാപരമായ ചോദ്യങ്ങള്‍ ഉയര്‍ത്തുന്നു എന്നുള്ളതുകൊണ്ടുമാണ് ഇപ്പോള്‍ പരിസ്ഥിതി രാഷ്ട്രീയത്തിനെതിരായ ആസൂത്രിതമായ എതിര്‍പ്പുണ്ടാകുന്നത്.
ഇത്തരത്തിലുള്ള വലിയ എതിര്‍പ്പും സ്വാഭാവികമാണ്. ഒരു അധികാര വ്യവസ്ഥയും വിഭവങ്ങള്‍ക്ക് മുകളിലുള്ള തങ്ങളുടെ അധികാരാവകാശത്തെ ജനങ്ങളുടെ പൊതുസ്വത്തായി അംഗീകരിച്ചിട്ടില്ല. വിഭവങ്ങളുടെ ഉടമസ്ഥതയും അതിന്റെ ഉപയോഗവും ചൂഷണവും സംബന്ധിച്ച തര്‍ക്കങ്ങളിലാണ് പരസ്പരം വിരുദ്ധ താത്പര്യങ്ങളിലായി സംഘര്‍ഷത്തിലേര്‍പ്പെടുന്ന വർഗങ്ങളായി ലോകം മാറിയത്.
ഭൂമിക്കും പരിസ്ഥിതിക്കും വേണ്ടിയുള്ള സമരം 21-ാം നൂറ്റാണ്ടിലെ വര്‍ഗ്ഗസമരമാണ്. മുതലാളിത്തക്രമത്തിന്റെ കൊടും ചൂഷണം ഭൂമിയെ മനുഷ്യവാസയോഗ്യമല്ലാത്ത ഒന്നാക്കി മാറ്റിക്കൊണ്ടിരിക്കുകയാണ്. കാലാവസ്ഥാമാറ്റമടക്കമുള്ള അതിഭീകരമായ പ്രതിസന്ധികളേയാണ് മനുഷ്യരാശി അഭിമുഖീകരിക്കുന്നത്. ഇതിന്റെയെല്ലാം ഇരകളാക്കപ്പെടുന്നവരിലും കാലാവസ്ഥാ അഭയാര്‍ത്ഥികളിലുമെല്ലാം ആദ്യം ഉള്‍പ്പെടുന്നവരും അവരിലെ മഹാഭൂരിഭാഗവും ദരിദ്രരായ മനുഷ്യരാണ്. പരിസ്ഥിതി സംരക്ഷണത്തിന്റെ രാഷ്ട്രീയമെന്നാല്‍ ഭൂമിയിലെ മഹാഭൂരിഭാഗം വരുന്ന സാധാരണ മനുഷ്യര്‍ ഒരു ചെറുവിഭാഗം ധനികചൂഷകര്‍ക്കെതിരെ നടത്തുന്ന സമരം കൂടിയാണ്. അത് വിഭവങ്ങളുടെ പൊതു ഉടമസ്ഥതയ്ക്കും അവയുടെ യുക്തിസഹവും ഭാവിയെ കരുതുന്നതുമായ ഉപയോഗത്തിനുമുള്ള അധികാരവകാശങ്ങള്‍ക്കായുള്ള സമരവുമാണ്.
ഇതേ കാരണങ്ങള്‍ക്കൊണ്ടാണ് കേരളത്തിലിപ്പോള്‍ ഒരു ഭാഗത്തുനിന്നും പരിസ്ഥിതി വാദത്തിനെതിരെ, പരിസ്ഥിതി കവിതക്കെതിരെ, പരിസ്ഥിതി തീവ്രവാദത്തിനെതിരെ എന്നൊക്കെയുള്ള പല ശബ്ദങ്ങളിലാണെങ്കിലും ഒരേ മുതലാളിക്കുവേണ്ടി ഉയരുന്ന മുദ്രാവാക്യങ്ങളുണ്ടാകുന്നത്. അത് മുതലാളിത്തത്തിന്റെ വിഭവക്കൊള്ളയ്ക്ക് വേണ്ടിയാണ്; അല്ലാതെ മലയോര കർഷകന് വേണ്ടിയൊന്നുമല്ല. അതുകൊണ്ടുതന്നെ ആര്‍പ്പുവിളിച്ചു പൊക്കിയെറിയുന്ന കെട്ടുകുതിരകളല്ല യഥാര്‍ഥത്തില്‍ ഈ യുദ്ധത്തില്‍ പടയ്ക്കിറങ്ങുന്നത്, പൊയ്ക്കുതിരകളെ സംവാദങ്ങളെ ജനാധിപത്യവിരുദ്ധമായ കൂവിവിളികളാലും തെറിവിളികളാലുമൊക്കെ അട്ടിമറിക്കാന്‍ ഇറക്കിവിടുന്നതാണ്. ആരാണോ പൊക്കിയെറിയുന്നത് അവരുടെ ശേഷിയനുസരിച്ച് പൊക്കത്തില്‍ പോകുകയും താഴേക്ക് വരികയും ചെയ്യുന്ന നിര്‍ഗുണ പൊയ്ക്കാല്‍കുതിരകളുടെ പടയോട്ടമല്ല ഇത്, നിയോ ലിബറല്‍ നയങ്ങളുടെ നടത്തിപ്പുകാരുടെ യുദ്ധമുഖമാണിത്.
പരിസ്ഥിതി രാഷ്ട്രീയം എന്നത് ഇടതുപക്ഷ രാഷ്ട്രീയമാണ്. പ്രകൃതിയും മനുഷ്യനും തമ്മിലുള്ള ഒരു metabolic rift വിനാശകരമായ വിധത്തില്‍ രൂക്ഷമാക്കിയാണ് മുതലാളിത്തം അതിന്റെ വളര്‍ച്ചാ ഘടന ഉണ്ടാക്കിയെടുത്തത് എന്നാണ് മാര്‍ക്‌സിസ്റ്റ് പാരിസ്ഥിതിക പഠനങ്ങള്‍ കാണിക്കുന്നത്. ഇത് അനിയന്ത്രിതവും സര്‍വവിനാശകരവുമായ രീതിയിലേക്ക് എത്തിയിരിക്കുന്നു എന്നതാണ് ഇപ്പോഴത്തെ അവസ്ഥ. ഇതിനെ മറികടക്കാന്‍ മുതലാളിത്തത്തിന്റെത്തന്നെ വളര്‍ച്ചാസമവാക്യങ്ങളെ പിന്തുടര്‍ന്നാല്‍ മതിയോ? പോര. മുതലാളിത്തത്തിന്റെ വികസനപദ്ധതിയാണ് ഈ പ്രതിസന്ധി സൃഷ്ടിച്ചത്. അതുകൊണ്ടുതന്നെ ഭൂമിയുടെ നിലനില്‍പ്പ് എന്നത് മുതലാളിത്തക്രമത്തിനെതിരായ സമരമാണ്. ഇതൊന്നും ഒട്ടും എളുപ്പമല്ല. കാലാവസ്ഥാമാറ്റം എന്നതുതന്നെ ഒരു കെട്ടുകഥയാണെന്നും fossil fuel പ്രതിസന്ധി ഉണ്ടാവുകയേ ഇല്ലെന്നുമൊക്കെയുള്ള 'data analysis ' മുതലാളിത്തത്തിന്റെയും അതില്‍ത്തന്നെ വലതുപക്ഷത്തിന്റെയും ഉപശാലകളില്‍ നിന്നും ധാരാളമായി പുറത്തുവരുന്നുണ്ട്.
വികസിത മുതലാളിത്ത രാജ്യങ്ങളാണ് അവയുടെ കൊളോണിയല്‍ ഭരണകാലത്തിന്റെയും മുതലാളിത്തചൂഷണത്തിന്റെയും കുന്നുകൂട്ടിയിട്ട സമ്പത്തിനുമുകളില്‍ നിന്നുകൊണ്ട് കാലാവസ്ഥാമാറ്റമടക്കമുള്ള വന്‍ പ്രതിസന്ധികള്‍ ഉണ്ടാക്കിയെടുത്തത്. അതുകൊണ്ടുതന്നെ അതിനുള്ള പരിഹാരമാര്‍ഗങ്ങള്‍ക്കും അവര്‍ ബാധ്യസ്ഥരാണ് . അതിന്റെ ദുരിതമനുഭവിക്കുന്ന അവികസിത,ദരിദ്ര സമൂഹങ്ങള്‍ക്ക് ഈ പ്രതിസന്ധിയെ നേരിടാനുള്ള സാങ്കേതിക,സാമ്പത്തിക സഹായങ്ങള്‍ നല്‍കേണ്ടത് അവരുടെ ചരിത്രപരമായ ചുമതലയാണ്, അതവര്‍ ചെയ്യുന്നില്ല എന്നത് മുതലാളിത്ത ലോകക്രമത്തിന്റെ പ്രശ്‌നമാണ്. കാരണം കൂടുതല്‍ ദരിദ്രലോകത്തെ ഈ പ്രതിസന്ധിയുടെ വായിലേക്കെറിഞ്ഞുകൊടുത്തുകൊണ്ട് മാത്രമേ മുതലാളിത്തത്തിന് നിലനില്‍ക്കാനാകൂ എന്നതാണ് വാസ്തവം. ഇങ്ങനെ മുതലാളിത്ത ലാഭാര്‍ത്തിയുടെ വായിലേക്ക് നടന്നുകയറുന്ന പരിപാടി ആഘോഷത്തോടെ അരങ്ങേറ്റുന്നതിനു ദരിദ്ര ജനസമൂഹത്തെ തയ്യാറാക്കിയെടുക്കാന്‍ തങ്ങളുടെ കൊള്ളലാഭത്തിന്റെ ഒരു പങ്കു ചെലവാക്കാന്‍ അവര്‍ തയ്യാറാണ്. അതിനവര്‍ക്ക് രാഷ്ട്രീയ ദല്ലാളുമാരും മാധ്യമപ്രചാരകരും വായ്പ്പാട്ടുകാരും പിന്നണിക്കാരും ഭരണകൂടത്തിന്റെ സായുധസേനയുമൊക്കെ വേണം.
അങ്ങനെയാണ് അദാനിയുടെ വിഴിഞ്ഞം തുറമുഖത്തിനു വേണ്ടി ഹിന്ദു ഐക്യവേദി മുതല്‍ കോണ്‍ഗ്രസും സി പി ഐ (എം) വരെ അണിനിരക്കുന്നത്. അങ്ങനെയാണ് മോദി മുതല്‍ പിണറായി വിജയന്‍ വരെ ഒരേ വികസനസ്വപ്നത്തിന്റെ കിളികളെ പറത്തിവിടുന്നത്. അങ്ങനെയാണ് പഴയ പരിസ്ഥിതിബോധത്തിന്റെ തടവറയില്‍ നിന്നും പുത്തന്‍ വികസന ജ്ഞാനോദയം സിദ്ധിച്ച വെളിപാടുകളുമായി വികസനത്തിന്റെ പുതിയ സുവിശേഷപ്രചാരകര്‍ ഉണ്ടാകുന്നത്. ഒരേ ആകാശം, ഒരേ പാട്ട്, ഒരേ താളം.
കേരളത്തിലെ കൃഷിയുമായി ബന്ധപ്പെട്ട പ്രശ്‌നങ്ങളില്‍ പരിസ്ഥിതി രാഷ്ട്രീയം എന്ത് തരത്തിലുള്ള സ്വാധീനമാണ് ചെലുത്തുന്നത്? കൃഷിയെ സംരക്ഷിക്കാനും നിലനിര്‍ത്താനുമുള്ള ആവശ്യവും അതിനുള്ള ശാസ്ത്രീയമായ പ്രവര്‍ത്തനസന്നദ്ധതയും പ്രകടിപ്പിക്കുന്നത് പാരിസ്ഥിതിക രാഷ്ട്രീയം മാത്രമാണ് എന്നതാണ് വാസ്തവം. ഇപ്പോളുയരുന്ന വലിയൊരു ആരോപണം പരിസ്ഥിതി വാദം കാരണം മലയോര കർഷകരാകെ തകര്‍ന്നു എന്നൊക്കെയാണ്. മലയോര കര്‍ഷകര്‍ എന്നല്ല ഇന്ത്യയിലെമ്പാടും കാര്‍ഷിക മേഖലയും കര്‍ഷകരും അനുഭവിക്കുന്ന പ്രതിസന്ധിയുടെ കാരണം കാര്‍ഷിക മേഖലയിലെ ഭരണകൂട നയങ്ങളാണ്. ഉത്പാദനം, ശേഖരണം, സംഭരണം, വിപണനം എന്നീ മേഖലകളിലൊന്നും ഭരണകൂടം യാതൊരു പിന്തുണയും കര്‍ഷകര്‍ക്ക് നല്‍കുന്നില്ല. കൃഷി കോര്‍പ്പറേറ്റ് കുത്തകകള്‍ക്ക് പതിച്ചുകൊടുക്കാനുള്ള നിയമനിര്‍മ്മാണങ്ങള്‍ക്കെതിരെ അതിദീര്‍ഘമായ സമരം നടത്തിയാണ് കര്‍ഷകര്‍ പിടിച്ചുനിന്നത്.
കേരളത്തിന്റെ വികസനസാധ്യതകളെയോ വളര്‍ച്ചയെയോ യാതൊരുവിധത്തിലും മുന്നോട്ടുകൊണ്ടുപോകാന്‍ കഴിയാതെ സങ്കുചിതവും ഭാവനാദരിദ്രവുമായ ഒരു രാഷ്ട്രീയസംവിധാനം സൃഷ്ടിച്ചെടുത്തത് പരിസ്ഥിതി വാദമല്ല. കെ എസ് ആര്‍ ടി സിയെപ്പോലെ ഒരു പൊതുഗതാഗത സംവിധാനം പോലും ശരാശരി ഗുണനിലവാരത്തില്‍ കൊണ്ടുനടക്കാന്‍ കഴിയാത്ത രാഷ്ട്രീയ-ഉദ്യോഗസ്ഥ നേതൃത്വമാണ് വികസനയജ്ഞം മുടക്കുന്ന പരിസ്ഥിതി രാക്ഷസരെക്കുറിച്ച് പറയുന്നത്.
കേരളത്തിലെ മലയോര കാര്‍ഷികമേഖലയില്‍ പരിസ്ഥിതി വാദം കൊണ്ടുണ്ടായ കാര്‍ഷികപ്രതിസന്ധി ഒന്നുമില്ല. ഉത്പ ന്നങ്ങളുടെ വിലയിടിവും സാമ്പ്രദായികമായ കാർഷിക വിളകളില്‍ നിന്നുള്ള വരുമാനം ഒരു പുതുകാല ജീവിതത്തെ താങ്ങിനിര്‍ത്താന്‍ കഴിയാതെയുണ്ടാകുന്ന പ്രതിസന്ധിയുമാണ് മലയോര മേഖലയിലുള്ളത്. കേരളത്തില്‍ ഏതാണ്ട് 1990-കള്‍ വരെ ഉണ്ടായിരുന്ന ജീവിതാവശ്യങ്ങളല്ല ഇന്നുള്ളത്. അന്നത്തെ പോലെയല്ല പുതിയ കാലത്തിന്റെ ചലനാത്മകത. ഇന്ന് മലയോരമേഖലയിലെ കൃഷി കുടിയേറ്റക്കാരിലെ പുതിയ തലമുറയെ സംബന്ധിച്ച് ആകര്‍ഷകമാക്കിയെടുക്കുക ഒട്ടും എളുപ്പമുള്ള കാര്യമല്ല. എത്രയൊക്കെ പരിശ്രമിച്ചാലും ഒരു ഇടത്തരം കര്‍ഷകന്റെ കൃഷിയില്‍ നിന്നുള്ള വരുമാനത്തിന് 21-ാം നൂറ്റാണ്ടിലെ മധ്യവര്‍ഗ മലയാളിയുടെ ജീവിതാവശ്യങ്ങളെ താങ്ങിനിര്‍ത്തുക ബുദ്ധിമുട്ടായിരിക്കും. എങ്ങനെയാണ് ഈ പ്രശ്‌നത്തെ മറികടക്കേണ്ടത് എന്നതിന് പരിസ്ഥിതി രാഷ്ട്രീയത്തിന്റെ കഴുത്തിനു കുത്തിപ്പിടിക്കാം എന്നതൊരു പരിഹാരമല്ല. വാസ്തവത്തില്‍ അടിസ്ഥാനപരമായ പ്രതിസന്ധിയെ കൂടുതല്‍ രൂക്ഷമാകാന്‍ വിട്ടുകൊണ്ട് ഒരു വ്യാജ ശത്രുവിനെ ഉണ്ടാക്കിയെടുക്കുകയാണ് നിയോ ലിബറല്‍ വികസനവാദികളും ഭരണകൂടവും ചെയ്യുന്നത്. അതിന്റെ അച്ചാരം വാങ്ങി പരിസ്ഥിതി തീവ്രവാദികളെ കൊന്നു കുടല്‍മാല ചൂടുന്ന നാടകം കളിക്കുന്ന രൗദ്രഭീമന്മാരൊക്കെ ഇതിന്റെ കൂലിപ്പട്ടാളമാണ്.
എല്ലാ പരിസ്ഥിതി രാഷ്ട്രീയവും കേവല പരിസ്ഥിതിവാദമെന്ന ഒറ്റക്കള്ളിയിലുള്ള ആക്ഷേപത്തിലേക്ക് ചുരുക്കിവെച്ചു എന്നുതന്നെ കരുതുക. എന്നാലിനി എന്താണ് കേരളത്തിന്റെ 'മഹാവികസനയാത്രയില്‍' പരിസ്ഥിതി വാദമുണ്ടാക്കിയ വന്‍ തടസം? സൈലന്റ് വാലി പദ്ധതിയും അതിരപ്പിള്ളി പദ്ധതിയും നടപ്പാക്കാന്‍ കഴിഞ്ഞില്ല എന്ന പരിദേവനത്തില്‍ കിടന്നു കറങ്ങുക മാത്രമാണ് വികസനവിലാപം ചെയ്യുന്നത്. കേരളത്തിന്റെ വികസനസാധ്യതകളെയോ വളര്‍ച്ചയെയോ യാതൊരുവിധത്തിലും മുന്നോട്ടുകൊണ്ടുപോകാന്‍ കഴിയാതെ സങ്കുചിതവും ഭാവനാദരിദ്രവുമായ ഒരു രാഷ്ട്രീയസംവിധാനം സൃഷ്ടിച്ചെടുത്തത് പരിസ്ഥിതി വാദമല്ല. കെ എസ് ആര്‍ ടി സിയെപ്പോലെ ഒരു പൊതുഗതാഗത സംവിധാനം പോലും ശരാശരി ഗുണനിലവാരത്തില്‍ കൊണ്ടുനടക്കാന്‍ കഴിയാത്ത രാഷ്ട്രീയ-ഉദ്യോഗസ്ഥ നേതൃത്വമാണ് വികസനയജ്ഞം മുടക്കുന്ന പരിസ്ഥിതി രാക്ഷസരെക്കുറിച്ച് പറയുന്നത്.
കാല്പനിക പരിസ്ഥിതിവാദം എന്നാക്ഷേപിക്കപ്പെടുന്ന എന്തെങ്കിലുമൊന്നിന്റെ ഛായയുള്ള പരിസ്ഥിതി വാദം ദുര്‍ബലമാവുകയും രാഷ്ട്രീയ-സമ്പദ് വ്യവസ്ഥയുമായി ചേര്‍ത്തുവെച്ചുകൊണ്ട് പരിസ്ഥിതി രാഷ്ട്രീയത്തെക്കുറിച്ച് സംസാരിക്കുന്ന നിലപാടുകള്‍ ശക്തിയാർജിക്കുകയും ചെയ്തപ്പോഴാണ് 'പരിസ്ഥിതി തീവ്രവാദികളെ' ആക്രമിക്കാനുള്ള പുതിയ സൈന്യമൊക്കെ ഉണ്ടാകുന്നത്. അതുവരെ ഭൂമിയുടെ മറ്റേതോ കോണില്‍ നടക്കുന്ന പോലെ പരിസ്ഥിതി പ്രശ്‌നങ്ങളെക്കുറിച്ച് സംസാരിച്ചിരുന്ന ഒരു സംഗതി സ്വന്തം നാട്ടിലെ വിഭവക്കൊള്ളയെ എതിര്‍ക്കുകയും തലതിരിഞ്ഞ വികസന കാഴ്ചപ്പാടുകളെ ചോദ്യം ചെയ്യുകയും ചെയ്യുന്ന തലത്തിലേക്ക് വളര്‍ന്നപ്പോഴാണ് നമ്മളിപ്പോള്‍ കാണുന്നതരത്തിലേക്ക് പരിസ്ഥിതി രാഷ്ട്രീയമെന്നാല്‍ വികസനവിരുദ്ധം എന്ന വായ്ത്താരിയിലേക്ക് എത്തിയത്. സില്‍വര്‍ ലൈന്‍ വിഷയത്തില്‍ ഇത് തെളിഞ്ഞുകണ്ടു. പ്രകൃതി വിഭവങ്ങളും വിഭവസ്രോതസ്സുകളും കോര്‍പ്പറേറ്റുകള്‍ക്ക് തീറെഴുതിക്കൊടുക്കുന്ന പ്രക്രിയക്കെതിരെക്കൂടിയാണ് പാരിസ്ഥിതിക രാഷ്ട്രീയം ശബ്ദമുയര്‍ത്തുന്നത്. ആസ്‌ട്രേലിയയിലും വിഴിഞ്ഞത്തും അദാനിക്കെതിരെ ഉയരുന്ന പ്രതിഷേധങ്ങളില്‍ പാരിസ്ഥിതിക രാഷ്ട്രീയവും മുതലാളിത്ത-കോര്‍പ്പറേറ്റ് കൊള്ളക്കെതിരായ രാഷ്ട്രീയ സമരവും ഒരേപോലെ ഒന്നിക്കുന്നത് അതുകൊണ്ടാണ്. അതായത് പാരിസ്ഥിതിക രാഷ്ട്രീയം എന്നത് മുതലാളിത്ത വികസനവാദികള്‍ ആക്ഷേപിക്കുന്ന കാല്‍പ്പനിക പരിസ്ഥിതി വാദമല്ല, മറിച്ച് മുതലാളിത്ത ചൂഷണക്രമത്തിനെതിരായ സമരം കൂടിയാണ്.
ഇത്തരത്തില്‍ പ്രകടമായി തെളിഞ്ഞുവരുന്ന വൈരുധ്യത്തെയും സംഘര്‍ഷത്തെയും മറച്ചുപിടിക്കാന്‍ വേണ്ടിയാണ് പരിസ്ഥിതി വാദം എന്നാല്‍ കാല്പനികമായ കവിതകളാണെന്നും വികസനവും പരിസ്ഥിതി കാല്പനികതയും തമ്മിലാണ് തര്‍ക്കമെന്നും വരുത്തുന്നത്. തര്‍ക്കം മുതലാളിത്ത വികസനപദ്ധതിയും അതിന്റെ ഗുണഭോക്താക്കളായ ചെറു ധനികപക്ഷവും ഒരു വശത്തും അത് തകര്‍ത്തെറിഞ്ഞ ഭൂമിയും അതിന്റെ അവകാശികളായ സാധാരണ ജനങ്ങളും മറുവശത്തുമായി നടക്കുന്നതാണ്. കോര്‍പ്പറേറ്റ് മൂലധനവും ഭരണകൂടങ്ങളും ഒരു വശത്തും മുതലാളിത്ത സമ്പദ് വ്യവസ്ഥയുടെ വികാസത്തിന് ദരിദ്രരാക്കി നിലനിര്‍ത്തപ്പെടുകയും കൊള്ളയടിക്കപ്പെടുകയും ചെയ്യുന്ന മഹാഭൂരിഭാഗം ജനങ്ങള്‍ മറുവശത്തുമായാണ് സമരം. അതില്‍ കവിതയെഴുതുന്നവരും എഴുതാത്തവരുമൊക്കെ ഇരുഭാഗത്തുമുണ്ടാകും. അല്ലാതെ കവിതയും സാഹിത്യവുമാണ് ഇതിലെ നയങ്ങളേയും രാഷ്ട്രീയ-സാമ്പത്തിക വ്യവസ്ഥയെയുമൊക്കെ തീരുമാനിക്കുന്നതെന്ന മട്ടിലുള്ള വ്യാജതര്‍ക്കങ്ങള്‍ സൃഷ്ടിക്കുന്നത് യഥാര്‍ഥ കൊള്ളക്കാരെ രക്ഷിച്ചെടുക്കാന്‍ വേണ്ടിയാണ്. പാരിസ്ഥിതിക പ്രാധാന്യമുള്ള മേഖലകലും പരിസ്ഥിതി ലോല പ്രദേശങ്ങളും വനം മാത്രമല്ല. അതുകൊണ്ടുതന്നെ പരിസ്ഥിതി സംരക്ഷണവും അതിന്റെ നയപരമായ തീരുമാനങ്ങളുമെടുക്കുന്ന പ്രക്രിയയില്‍ മുഴവന്‍ സമൂഹത്തിനും ജനാധിപത്യപരമായ പങ്കാളിത്തമുണ്ടാകണം. ഇത്തരത്തില്‍ ജനങ്ങളുടെ പങ്കാളിത്തവും അവരുടെ അധികാരവും ഭരണസംവിധാനത്തില്‍ ഇല്ലാതിരിക്കുക എന്നത് പരിസ്ഥിതിവാദ രാഷ്ട്രീയം ഉണ്ടാക്കിയ പ്രശ്‌നമല്ല, അത് കൊളോണിയല്‍ ഭരണകാലത്തിന്റെ തുടര്‍ച്ചയായി ഇപ്പോഴും ഇവിടെയുള്ള ഭരണവര്‍ഗം ബോധപൂര്‍വം കൊണ്ടുനടക്കുന്ന സംവിധാനമാണ്. ഈ സംവിധാനം സൃഷ്ടിക്കുന്ന അതാര്യതയിലാണ് പരിസ്ഥിതി ലോല മേഖലകളെക്കുറിച്ചുള്ള ആശയക്കുഴപ്പങ്ങളുണ്ടാകുന്നത്. ഇത്തരം ആശയക്കുഴപ്പങ്ങളുണ്ടാക്കുകയും ന്യായമായ പ്രശ്‌നങ്ങള്‍ക്ക് പരിഹാരം കണ്ടെത്താതെ പരിസ്ഥിതി സംരക്ഷണത്തിനെതിരെ പട കൂട്ടുകയും ചെയ്യുന്നത് വളരെ ബോധപൂര്‍വമാണ്. അത് കര്‍ഷകരുടെ താത്പര്യങ്ങള്‍ക്കല്ല, മറിച്ച് പാറമട കച്ചവടക്കാരും റിസോര്‍ട്ട് വ്യാപാരികളും ക്രിസ്ത്യന്‍സഭയും ഭൂമി കച്ചവടക്കാരുമൊക്കെച്ചേര്‍ന്ന നിക്ഷിപ്തതാത്പര്യക്കാരാണ്. ആ സമരത്തിന്റെ മുന്നില്‍ സാധാരണക്കാരായ മനുഷ്യരെ തെറ്റിദ്ധരിപ്പിച്ച് അണിനിരത്താന്‍ അവര്‍ക്ക് കഴിയുന്നുണ്ട് എന്നതില്‍ സംശയമില്ല.
മനുഷ്യരെ ഇങ്ങനെ അണിനിരത്താന്‍ കഴിയുമെന്നത് വലിയ അദ്ഭുതമുള്ള കാര്യമല്ല. തങ്ങളുടെ ദുരിതങ്ങളുടെ കാരണമായി ഒരു വ്യാജശത്രുവിനെ നിര്‍മിച്ച് കൊടുത്താല്‍ ജനം പലപ്പോഴും യഥാര്‍ഥ കാരണങ്ങള്‍ക്കെതിരെ തിരിയാതിരിക്കും എന്നത് ഇന്ത്യയിലെ ഫാഷിസ്റ്റ് രാഷ്ട്രീയത്തിന്റെ വിജയഗാഥയുടെ ഇക്കാലത്ത് ഒട്ടും സങ്കീര്‍ണമായ സിദ്ധാന്തവുമല്ല. നിങ്ങളുടെ ദാരിദ്ര്യത്തിനും ബുദ്ധിമുട്ടിനും ജീവിതപ്രശ്‌നങ്ങള്‍ക്കും കാരണക്കാര്‍ ജൂതരാകും, മുസ്ലീങ്ങളാകും, സമരം ചെയ്യുന്ന തൊഴിലാളികളാകും. നിങ്ങളുടെ കാര്‍ഷികോത്പന്നങ്ങളുടെ ഉത്പാദന,വിപണ പ്രശ്‌നങ്ങളുടെ കാരണം യാതൊരു ബന്ധവുമില്ലാത്ത പരിസ്ഥിതി രാഷ്ട്രീയമായി അവതരിപ്പിക്കപ്പെടും. മലയോരമേഖലയില്‍ ആശുപ്രത്രി സൗകര്യങ്ങളോ നല്ല വിദ്യാലയങ്ങളോ ഇല്ലാത്തത് പരിസ്ഥിതി രാഷ്ട്രീയം കൊണ്ടാണെന്ന് വ്യാഖ്യാനിക്കപ്പെടും. പുതിയ ശത്രുവിനെതിരെ ഗാഗ്വാ വിളിക്കുന്ന തിരക്കില്‍ അടിസ്ഥാന പ്രശ്‌നങ്ങള്‍ തമസ്‌ക്കരിക്കപ്പെടും. ഇത്തരത്തിലുള്ള വ്യാജ ശത്രു നിര്‍മ്മാണത്തിന്റെ ഭാഗമായാണ് പരിസ്ഥിതി രാഷ്ട്രീയം പറഞ്ഞ കവിയുടെ കവിതാപുസ്തകം കത്തിക്കുന്നതും അതിനെ ജനതയുടെ ആത്മരോഷമായി വ്യാഖ്യാനിക്കുന്നതുമൊക്കെ. പുസ്തകം കത്തിച്ചാലെന്താ, പുസ്തകത്തിനെന്താ വിശുദ്ധി എന്നാണെങ്കില്‍ പുസ്തകം കത്തിച്ചാല്‍ കത്തിപ്പോകും, പുസ്തകത്തിനും അതിലെഴുതിയതിനും മതാത്മക വിശുദ്ധിയൊന്നുമില്ല താനും. എന്നാല്‍ ഏതുതരം രാഷ്ട്രീയ കാലാവസ്ഥയില്‍ എന്തുതരം പ്രശ്‌നങ്ങളോട് എങ്ങനെയാണ് പ്രതികരിക്കുന്നത് എന്നത് തീര്‍ച്ചയായും വളരെ പ്രസക്തമായ കാര്യമാണ്. ഒരു അഭിപ്രായഭിന്നതയോട് എന്തുത്തരത്തിലാണ് നിങ്ങള്‍ പ്രതികരിക്കുന്നത് എന്നത് ഇന്ത്യയിലിപ്പോള്‍ നിലനില്‍ക്കുന്ന ജനാധിപത്യവിരുദ്ധമായ ഹിന്ദുത്വ ഫാഷിസത്തിന്റെ രാഷ്ട്രീയാധികാരകാലത്ത് വളരെ നിര്‍ണ്ണായകമായ സംഗതിയാണ്. അഭിപ്രായവ്യത്യാസം കത്തിച്ചുകളയാന്‍ പാകത്തിലുള്ള ഒന്നാണെന്ന സൂചനകള്‍ ആര്‍ക്കെങ്കിലും അവഗണിക്കാവുന്ന ഒന്നല്ല. മലയാള ബി എക്കാരന്റെ പുസ്തകം കത്തിക്കല്‍ മലയാളം അധ്യാപകര്‍ വിളിച്ചുസംസാരിച്ചു തീര്‍ക്കുന്ന പ്രശ്‌നമായി വ്യക്തിപരമായ കാര്യമായി വേണമെങ്കില്‍ കാണാം. എന്നാല്‍ ഒരു സാമൂഹ്യപ്രതികരണത്തെ അതിന്റെ വിശാലാര്‍ത്ഥത്തില്‍ കാണുകയും അതിന്റെ രാഷ്ട്രീയസ്വഭാവത്തെ മനസിലാക്കുകയും ചെയ്യുമ്പോഴാണ് സംഭവങ്ങളെ ഉപരിപ്ലവമായി കാണാതിരിക്കാനുള്ള രാഷ്ട്രീയശേഷി നമുക്കുണ്ടാവുന്നത്. പരിസ്ഥിതി വാദിയായ കവിയുടെ പുസ്തകം കത്തിക്കുന്ന വ്യക്തി അപ്രസക്തനാണ്. എന്നാല്‍ കേരളത്തിലെ രാഷ്ട്രീയഘടനയില്‍ ഭരണപക്ഷത്തിനെതിരായ എല്ലാവിധ അഭിപ്രായവ്യത്യാസങ്ങളേയും പ്രത്യേകിച്ചും ഭരണപക്ഷത്തുള്ള ഇടതുകക്ഷികളില്‍ നിന്നും വ്യത്യസ്തമായി ഇടതുപക്ഷ രാഷ്ട്രീയം പറയുന്നവര്‍ക്കെതിരെയുമുള്ള ആക്രമണത്തിനുള്ള കടന്നലുകളാണ് തങ്ങളെന്നുള്ള അവകാശവാദവുമായി ഒരു ഫാഷിസ്റ്റ് അധികാര രാഷ്ട്രീയത്തിന്റെ ആള്‍ക്കൂട്ടസേനയുടെ സകലസ്വഭാവവുമുള്ള സ്വയംപ്രഖ്യാപിത കടന്നലുകള്‍ എല്ലാവിധ ജനാധിപത്യ സംവാദങ്ങളേയും തകിടംമറിക്കാന്‍ ശ്രമിക്കുന്ന കാലത്ത് ഒരാള്‍ പുസ്തകം കത്തിക്കുമ്പോള്‍ അയാള്‍ക്കിഷ്ടപ്പെട്ടില്ലെങ്കില്‍ കത്തിച്ചോട്ടെ എന്ന ലളിതയുക്തി നിങ്ങളിത് പക്ഷത്താണ് എന്നുകൂടി തെളിയിക്കും. ഗാന്ധി വിദേശവസ്ത്രങ്ങള്‍ കത്തിച്ചിട്ടുണ്ട്, രാഷ്ട്രീയക്കാരുടെ കോലങ്ങള്‍ കത്തിക്കുന്നുണ്ട്, കൃസ്ത്യന്‍ സഭ അവിശ്വാസികളെ കത്തിച്ചിട്ടുണ്ട്, ശാസ്ത്രജ്ഞരെ കത്തിച്ചിട്ടുണ്ട്, ഫാഷിസ്റ്റുകള്‍ പുസ്തകശാലകള്‍ കത്തിച്ചിട്ടുണ്ട്, പുസ്തകങ്ങള്‍ കത്തിച്ചിട്ടുണ്ട്, മനുഷ്യരെ പുകച്ചു കൊന്നിട്ടുണ്ട്. ഇതൊക്കെയും പല വിധത്തിലുള്ള കത്തിക്കലുകളാണ്. അതിനെയൊക്കെ എങ്ങനെയാണ് നിങ്ങള്‍ വായിക്കുന്നത് എന്നതാണ് നിര്‍ണ്ണായകം. ആര്‍ എസ് എസിന് ഗാന്ധിവധത്തില്‍ പങ്കില്ല എന്നാണ് ആര്‍ എസ് എസ് വാദം. സംഘടനാപരമായി അവരുടെ ഔദ്യോഗികതീരുമാനമായിരുന്നോ ഗാന്ധിവധം എന്നത് അപ്രസക്തമാണെന്ന് നമുക്കറിയാവും. ഹിന്ദുത്വ രാഷ്ട്രീയമായിരുന്നു ഗാന്ധിയെ കൊന്നത്. ഗോഡ്സെയെ തൂക്കിലേറ്റിയിട്ടും ആ രാഷ്ട്രീയം അതുപോലെ വളര്‍ന്നതാണ് നാമിന്നു കാണുന്നത്. ഞങ്ങളാണ് ജനം, ഞങ്ങള്‍ക്കെതിരെ ഒന്നും മിണ്ടരുത്, മിണ്ടിയാല്‍ കത്തിക്കും എന്ന് ഭയപ്പെടുത്താന്‍ ഫാഷിസം ഉപയോഗിക്കുന്ന തീ എവിടെയൊക്കെ കത്തുന്നു എന്നത് നമുക്ക് കാണാനുണ്ട്. ഓരോ വ്യക്തിയിലും ജനാധിപത്യവിരുദ്ധവും സംവാദവിരുദ്ധവുമായ വെറുപ്പ് നിറച്ചാണ് ഫാഷിസം പ്രവര്‍ത്തിക്കുന്നത്. അത് സംഘടിതമായ പഥസഞ്ചലനങ്ങള്‍ മാത്രമായല്ല വരുന്നത്, ഓരോ മനുഷ്യനെയും അതിഹീനമായ വിധത്തില്‍ വക്രീകരിച്ചുകൊണ്ടുകൂടിയാണ്. ദുരിതങ്ങളുടെ അനുഭവങ്ങളിലൂടെ കടന്നുപോകുന്ന മനുഷ്യര്‍ക്ക് അതിനോട് നടത്തുന്ന പ്രതികരണങ്ങളെല്ലാം യുക്തിസഹമോ രാഷ്ട്രീയമായി ശരിയോ ആയിരിക്കണമെന്നില്ല. മുസ്ലീങ്ങളാണ് ശത്രുക്കളെന്ന് ഉറച്ചുവിശ്വസിക്കുന്നു മനുഷ്യരില്‍ മഹാഭൂരിഭാഗവും കടുത്ത ജീവിതദുരിതങ്ങള്‍ പേറുന്നവരായിരിക്കാം. തങ്ങളുടെ ജീവിതപ്രതിസന്ധികളുടെ പരിഹാരം വലതുപക്ഷ രാഷ്ട്രീയമാണെന്ന് ധരിക്കുന്നവരുമാകും. പ്രാര്‍ത്ഥനയും വിശ്വാസവും ദുരിതം മാറ്റും എന്ന് കരുതുന്നവരുണ്ടാകും. എന്തുകൊണ്ടാണ് ഈ ദുരിതപര്‍വ്വത്തിലൂടെയും അനീതിയുടെയും ജീവിച്ചുപോകേണ്ടിവരുന്നത് എന്നതിന്റെ രാഷ്ട്രീയ-സമ്പദ് വ്യവസ്ഥാ കാരണങ്ങള്‍ ജനങ്ങളെ ബോധ്യപ്പെടുത്തുകയും അവരെ ആ രാഷ്ട്രീയബോധത്തിലേക്ക് കൊണ്ടുവരികയും ചെയ്യേണ്ടതുണ്ട്. അതായത് അനുഭവങ്ങളെ ശരിയായി വായിക്കുക എന്നതൊരു രാഷ്ട്രീയപ്രവര്‍ത്തനമാണ്. കര്‍ഷകനാണ് എന്നതുകൊണ്ട് ഒരാള്‍ക്ക് ഫാഷിസ്റ്റ് രാഷ്ട്രീയത്തിന്റെ ഭാഗമാകാന്‍ തടസമൊന്നുമില്ല. കാര്‍ഷികോത്പന്നങ്ങള്‍ക്ക് വിലയിടിഞ്ഞു കൃഷി ലാഭമല്ല എന്നൊക്കെ വരുമ്പോള്‍ രണ്ടു കവിതാ പുസ്തകമെടുത്ത് കത്തിക്കാം എന്ന പരിതാപകരമായ ബോധത്തില്‍ കര്‍ഷകനെ നിലനിര്‍ത്തുക എന്നത് ആരുടെ രാഷ്ട്രീയ അജണ്ടയാണ് എന്നതില്‍ വലിയ സംശയമൊന്നും ഇനിയുണ്ടാവില്ല.
മുതലാളിത്ത ചൂഷണത്തിന് വേണ്ട പൊതുബോധം ഉണ്ടാക്കിയെടുക്കുക എന്ന പണി എത്രയോ കാലങ്ങളായി നടക്കുന്നതാണ്. ആ പൊതുബോധ നിര്‍മിതിക്കെതിരായ സമരത്തിന് രാഷ്ട്രീയ-സമ്പദ് വ്യവസ്ഥയുമായി ബന്ധമുണ്ടാകുമ്പോള്‍ അതുണ്ടാക്കുന്ന ഹാലിളക്കമാണ് കേരളത്തിലിപ്പോള്‍ കാണുന്നത്.
ലോകത്തെവിടെ നോക്കിയാലും കേവല പരിസ്ഥിതിവാദത്തിന്റെ അടിസ്ഥാനത്തിലുള്ള പാരിസ്ഥിതിക സമരങ്ങള്‍ തുലോം വിരളമാണ്. മനുഷ്യരാശിയുടെയും ഭൂമിയുടെയും പൊതുസ്വത്തായ വിഭവങ്ങള്‍ അതിന്യൂനപക്ഷമായ ധനികര്‍ കൊള്ളയടിക്കുന്നതിനെതിരെയും ഭൂമിയെ ജീവയോഗ്യമല്ലാതാക്കുന്നതിനെതിരെയുമാണ് പരിസ്ഥിതി രാഷ്ട്രീയത്തിന്റെ സമരം. ഇത്തരം സമരങ്ങള്‍ ഇന്ത്യയിലും കേരളത്തിലും ശക്തമാകുന്നത് സമാനമായ കൊള്ള ഇവിടെയും നിയോ ലിബറല്‍ നയങ്ങളുടെ ഭാഗമായി ശക്തമായപ്പോഴാണ്. അതുകൊണ്ടുതന്നെ കടുത്ത ചേരിതിരിവ് ഈ പോരാട്ടത്തിലുണ്ടാകും. ഇപ്പോള്‍ കേരളത്തില്‍ തെളിഞ്ഞുവരുന്നതും ആ പോരാട്ട ചേരികളാണ്. അതില്‍ നിയോ ലിബറല്‍ വികസനവാദികളുടെ അധിക്ഷേപങ്ങളും തെറിവിളികളുമൊക്കെ അതിന്റെ ഭാഗമാണ്. അതിനിയും രൂക്ഷമാകും. മുതലാളിത്ത ചൂഷണത്തിന് വേണ്ട പൊതുബോധം ഉണ്ടാക്കിയെടുക്കുക എന്ന പണി എത്രയോ കാലങ്ങളായി നടക്കുന്നതാണ്. ആ പൊതുബോധ നിര്‍മ്മിതിക്കെതിരായ സമരത്തിന് രാഷ്ട്രീയ-സമ്പദ്വ്യവസ്ഥയുമായി ബന്ധമുണ്ടാകുമ്പോള്‍ അതുണ്ടാക്കുന്ന ഹാലിളക്കമാണ് കേരളത്തിലിപ്പോള്‍ കാണുന്നത്.