ഹിന്ദുത്വ പൊതുബോധം ഭയക്കുന്ന ചോദ്യങ്ങൾ ആരെയാണ് അസ്വസ്ഥമാക്കുന്നത്?

ഹിന്ദുത്വ പൊതുബോധം ഭയക്കുന്ന ചോദ്യങ്ങൾ ആരെയാണ് അസ്വസ്ഥമാക്കുന്നത്?

സാമൂഹ്യമായി മേല്‍ക്കൈയുള്ള, ന്യൂനപക്ഷമായ വിഭാഗത്തിന്റെ ജീവിതരീതികള്‍ പൊതുബോധമായി മാറിയതിന്റെ പ്രത്യാഘാതമാണ് കലോത്സവത്തിന് എന്തുകൊണ്ട് മാംസാഹാരം ആയിക്കൂടെന്ന ചോദ്യം വിഭാഗീയമാണെന്ന പ്രചാരണത്തിന് കാരണം
Updated on
3 min read

സംസ്ഥാന കലോത്സവത്തില്‍ കുട്ടികളുടെ കലാപ്രകടനത്തോളമോ, അതിനെക്കാളെറെയോ ചര്‍ച്ച ചെയ്യപ്പെട്ടത് അവിടെ വിളമ്പിയ സദ്യയാണെന്നതാണ് ഇത്തവണത്തെ സവിശേഷത. അതിന് കാരണമായതോ, എന്തുകൊണ്ടാണ് സര്‍ക്കാര്‍ ചിലവില്‍ നടത്തുന്ന ഒരു പരിപാടിയില്‍ സസ്യാഹാരം മാത്രം വിളമ്പുന്നത് എന്ന വളരെ സ്വാഭാവികമായി കണക്കാക്കേണ്ട ഒരു ചോദ്യവും. പിന്നീട് വാദി പ്രതിയാകുന്ന രീതിയില്‍ 'വാട്ട്എബൗട്ടറി'യുടെ പലപല ആവിഷ്‌ക്കാരങ്ങളാണ് നമ്മള്‍ കണ്ടത്.

പഴയിടം മോഹനന്‍ നമ്പൂതിരി എന്ന അതിപ്രശസ്തനായ പാചകക്കാരനാണ് വര്‍ഷങ്ങളായി കലോത്സവത്തിന് ഭക്ഷണമൊരുക്കുന്നത്. കലോത്സവം ടെലിവിഷന്‍ ചാനലുകള്‍ ഉത്സവമാക്കിയതുമുതല്‍ ഉത്സവക്കാലയളവിലെ സ്ഥിരം താരം പഴയിടമാണ്. അദ്ദേഹത്തിന്റെ നൂതനമായ രുചിക്കൂട്ടുകളും, ചേന പായസങ്ങളുമെല്ലാം, കുട്ടികളുടെ കലാപ്രകടനത്തേക്കാള്‍ വാര്‍ത്തകളില്‍ നിറഞ്ഞു. അത് അങ്ങനെ പോയി.

ഹിന്ദുത്വ പൊതുബോധം ഭയക്കുന്ന ചോദ്യങ്ങൾ ആരെയാണ് അസ്വസ്ഥമാക്കുന്നത്?
ഊട്ടുപുരയിലെന്ത്യേ നോൺവെജിന് നോ എൻട്രി

കാലം മാറി. വ്യവസ്ഥാപിതമായി പോയ പല പൊതുബോധങ്ങള്‍ക്കുനേരെയും ചോദ്യങ്ങളുയര്‍ന്നു. അങ്ങനെയുണ്ടായ ഒരു ചോദ്യമാണ് കുട്ടികള്‍ക്കും അധ്യാപകര്‍ക്കും മാംസാഹാരവും കലോത്സവ ദിവസങ്ങളില്‍ കഴിക്കാന്‍ തോന്നില്ലേ എന്നത്. വളരെ സ്വാഭാവികമായ ചോദ്യം. ആ ചോദ്യത്തിന് പല തരത്തിലുള്ള പ്രതികരണങ്ങളുണ്ടായി. ദ ഫോര്‍ത്ത് സംപ്രേഷണം ചെയ്ത വാര്‍ത്തയില്‍ മുസ്ലീം സ്ത്രീകളുടെ പ്രതികരണമെടുത്തപ്പോള്‍ അവര്‍ പറഞ്ഞത് വാര്‍പ്പ് മാതൃകകളെ പ്രതീക്ഷിച്ചവരെ നിരാശപ്പെടുത്തുന്നതായിരുന്നു. തങ്ങള്‍ ദിവസവും മാംസാഹാരമാണ് കഴിക്കുന്നത്. അതുകൊണ്ട് ഒരു മാറ്റമെന്ന നിലയില്‍ ഇഷ്ടം സസ്യാഹാരമാണെന്നായിരുന്നു ആ പ്രതികരണം. അതടര്‍ത്തി മാറ്റിവെച്ചായിരുന്നു പിന്നീടുളള പ്രചാരണം.

പഴയിടം മോഹനന്‍ നമ്പൂതിരി
പഴയിടം മോഹനന്‍ നമ്പൂതിരി

എന്നാല്‍ പിന്നീട് കളി മാറി. രണ്ട് വിഭാഗക്കാര്‍ക്കായിരുന്നു ഈ ചോദ്യം ഉന്നയിച്ചതില്‍ വിഷമം. ഒന്ന് സുവര്‍ണാവസരക്കാരായിരുന്നു. വിദ്വേഷത്തിലും വെറുപ്പിലും മാത്രം രാഷ്ട്രീയപ്രവര്‍ത്തനം നടത്തുന്ന, വര്‍ഗീയത പ്രത്യയശാസ്ത്രമാക്കി നടക്കുന്നവര്‍. അവര്‍ പഴയിടം എന്ന പാചകക്കാരനെ ചിലര്‍ ലക്ഷ്യമിടുന്നുവെന്ന് പറഞ്ഞ്, അദ്ദേഹത്തിന്റെ കഴിവിനെ വാഴ്ത്തി, എല്ലാം ഹലാലാക്കാനുളള അന്താരാഷ്ട്ര ഇസ്ലാമിസ്റ്റ് ഗൂഢാലോചനയാണ് കലോത്സവത്തെ മുന്‍നിര്‍ത്തി നടത്തുന്നതെന്ന് ആരോപിച്ചു. ഇവരുടെ വികൃത രാഷ്ട്രീയം പിന്നീട് നിറഞ്ഞാടിയത് സംസ്ഥാനത്ത് കുഴിമന്തി കഴിച്ച് മരണമുണ്ടായി എന്ന വാര്‍ത്ത അറിഞ്ഞപ്പോഴാണ്. ഹലാല്‍ ഭക്ഷണം കഴിച്ചാണ് മരണമെന്ന വ്യാജവും, വികൃതവുമായ പ്രചാരണം അവര്‍ കെട്ടഴിച്ചുവിട്ടു. കലോത്സവത്തില്‍ മാംസാഹാരം വിളമ്പിയാല്‍ ഇതാവും ഫലമെന്ന് പറഞ്ഞ് അവര്‍ സാമൂഹ്യമാധ്യമങ്ങളില്‍ വിഷം വിളമ്പി. കലര്‍പ്പില്ലാതെ ഇസ്ലാം വിരുദ്ധത പ്രചരിപ്പിക്കാനുള്ള അവസരം അവര്‍ ഭംഗിയായി ഉപയോഗിച്ചു. അതിനിടെ ഭക്ഷ്യവിഷ ബാധയേറ്റ് മരിച്ചുവെന്ന് പ്രചരിപ്പിച്ച യുവതിയുടെ അന്ത്യത്തിന് അതല്ല കാരണമെന്ന് തെളിയുകയും ചെയ്തു.

വികൃത രാഷ്ട്രീയം പിന്നീട് നിറഞ്ഞാടിയത് സംസ്ഥാനത്ത് കുഴിമന്തി കഴിച്ച് മരണമുണ്ടായി എന്ന വാര്‍ത്ത അറിഞ്ഞപ്പോഴാണ്. ഹലാല്‍ ഭക്ഷണം കഴിച്ചാണ് മരണമെന്ന വ്യാജവും, വികൃതവുമായ പ്രചാരണം അവര്‍ കെട്ടഴിച്ചുവിട്ടു.

കലോത്സവത്തില്‍ മാംസം പാടില്ലേ എന്ന ചോദ്യം സംഘ്പരിവാര്‍ ഉപയോഗിച്ചത് മനസ്സിലാക്കാം. എന്നാല്‍ മാംസാഹാരത്തെക്കുറിച്ചുള്ള ചോദ്യം, സര്‍ക്കാര്‍ വിമര്‍ശനമായി ഉള്‍ക്കൊണ്ട് അതിനെതിരെ രംഗത്തുവന്ന ഇടതെന്ന് പറയുന്നവരുടെ രാഷ്ട്രീയമാണ് കൗതുകമായത്. ഫലത്തില്‍ അവരും അറിഞ്ഞോ അറിയാതെയോ സംഘ്പരിവാറിന്റെ ദൗത്യം തന്നെ നിര്‍വഹിച്ചു.

ഇരുവരും പറഞ്ഞത് ഒരു കാര്യമാണ്. മാംസാഹാരത്തെ കുറിച്ചുള്ള ചോദ്യം അപ്രസക്തമാണ്. അങ്ങനെയൊരു ചോദ്യം തന്നെ പഴയിടം മോഹനന്‍ നമ്പൂതിരിയെ അപമാനിക്കലാണ്, വിഷം കലക്കലാണ് എന്നിങ്ങനെ വളര്‍ന്ന് അത് സംഘ്പരിവാര്‍ കേന്ദ്രത്തിലെത്തുമ്പോള്‍ പച്ചയായ ഇസ്ലാം വിരുദ്ധതയായി മാറി. ഭക്ഷണത്തില്‍ വിഷം കലര്‍ത്തിയെന്ന ആരോപണമായി.

ഹലാല്‍ അംഗീകൃത മുദ്ര
ഹലാല്‍ അംഗീകൃത മുദ്ര

കേരളത്തില്‍ മുസ്ലീം ഉടമസ്ഥതയിലുള്ള ഹോട്ടലുകളില്‍ തുപ്പിയ ഭക്ഷണമാണ് നല്‍കുന്നതെന്ന് ഹിന്ദു വര്‍ഗീയവാദികളുടെ പ്രചാരണം കേട്ടിട്ട് ഒരു അലോസരവുമുണ്ടാവാത്തരൊക്കെയാണ് ഇപ്പോള്‍ ഞെട്ടി ഞെട്ടി ആകെ അസ്വസ്ഥരാകുന്നത്. ഹലാല്‍ എന്ന് ബോര്‍ഡ് വെച്ച് കടകള്‍ നടത്താന്‍ അനുവദിക്കില്ലെന്ന് പറഞ്ഞപ്പോഴും അതിനെതിരെ പ്രചാരണം നടന്നപ്പോഴും മലയാളി പൊതുബോധം ഒട്ടും അസ്വസ്ഥമായിട്ടില്ല.

മാംസാഹാരം പറ്റില്ലേ എന്ന ചോദ്യം തന്നെ, വര്‍ഷങ്ങളായി കുട്ടികളെ ഊട്ടിയ പാചകക്കാരനെതിരായ നീചമായ നീക്കമാണെന്നായി പ്രചാരണം. ബീഫ് സൂക്ഷിച്ചുവെന്നാരോപിച്ച് ആളുകള്‍ കൊല്ലപ്പെട്ടപ്പോഴും, കന്നുകാലി വ്യാപാരത്തില്‍ ഏര്‍പ്പെട്ടതിന്റെ പേരില്‍ ആളുകള്‍ കൊല്ലപ്പെട്ടപ്പോഴും കേരളത്തില്‍ ഇത്രയും ഞെട്ടലുണ്ടായിട്ടുണ്ടോ എന്ന് സംശയമാണ്.

കൊച്ചിയിലെ ഒരു ഹോട്ടലില്‍ വെച്ചിരുന്ന നോ ഹലാല്‍ ബോര്‍ഡ്
കൊച്ചിയിലെ ഒരു ഹോട്ടലില്‍ വെച്ചിരുന്ന നോ ഹലാല്‍ ബോര്‍ഡ്

ഇത്തരം പ്രചാരണങ്ങള്‍ക്ക് മേല്‍ക്കൈ കിട്ടുന്ന തരത്തിലുള്ള മധ്യവര്‍ഗ സ്വഭാവം കേരളത്തിനുണ്ട്. നാമജപ ഘോഷയാത്രയ്ക്ക് ലഭിച്ച സ്വീകാര്യത തന്നെയാണ് ഇത്തരത്തിലുള്ള പ്രചാരണങ്ങള്‍ക്കും കിട്ടുന്നത്. സാമൂഹ്യമായി മേല്‍ക്കൈയുള്ള, എന്നാല്‍ എണ്ണത്തില്‍ ന്യൂനപക്ഷമായ വിഭാഗത്തിന്റെ ജീവിതരീതികള്‍ പൊതുബോധമായി മാറിയതിന്റെ പ്രത്യാഘാതമാണ് കലോത്സവത്തിന് എന്തുകൊണ്ട് മാംസാഹാരം ആയിക്കൂടാ എന്ന ചോദ്യത്തെ ഭക്ഷണത്തില്‍ വിഷം കലര്‍ത്തുന്നതായി തോന്നുന്നതിന് കാരണം.

പതിറ്റാണ്ടുകളായി നമ്പീശന്‍സ് എന്നും ബ്രാഹ്‌മിണ്‍സ് എന്നുമുള്ള ബ്രാന്‍ഡുകളുടെ വില്‍പ്പനയില്‍ വിഭാഗീയത തോന്നാത്തവരാണ് ഇപ്പോള്‍ ഭക്ഷണത്തിന്റെ പേരില്‍ ജാതിയും മതവും പറയരുതെന്ന നിഷ്‌കളങ്കമായ 'വിശാല മാനവികത'യുടെ വക്താക്കള്‍ ആകുന്നത്. സാമൂഹ്യമായി മേല്‍ക്കൈയുള്ള വിഭാഗത്തിന്റെതായ രീതികള്‍ സ്വാംശീകരിക്കുമ്പോഴാണ് ഒരു സമൂഹം വിഭാഗീയതയ്ക്ക് അപ്പുറമെത്തുന്നതെന്ന ബോധമാണ് ഇതിന് കാരണം. അവിടെ മറ്റുള്ളവരുടെ രീതികള്‍ വിഭാഗീയമായി ചിത്രീകരിക്കപ്പെടുകയാണ്. മാംസാഹാരം ആയിക്കൂടെ എന്ന് ചോദ്യം കേട്ടമാത്രയില്‍ പാചകക്കാരനില്‍ ഭീതി ഉടലെടുക്കുന്നതൊക്കെ ഇതുകൊണ്ടാണ്.

മതേതരത്വം ഹിന്ദുത്വത്താല്‍ മാറ്റപ്പെടുന്ന ഈ കാലത്ത് എല്ലാ വിഭാഗം ജനങ്ങളെയും കൂടെ നിര്‍ത്താന്‍ ഇതുവരെ പ്രാക്ടീസ് ചെയ്ത മതേതരത്വത്തിന് കഴിയുന്നുണ്ടോ എന്ന ചോദ്യം അനിവാര്യമാണ്. അങ്ങനെ ഉയര്‍ന്നുവരേണ്ട നിരവധി ചോദ്യങ്ങളില്‍ ഒന്നാണ് കലോത്സവ വേദിയില്‍ മാസാംഹാരം പറ്റില്ലേ എന്നത്.

മാംസാഹാരം പാടില്ലേ എന്ന ചോദ്യമാണ് വിഷവിത്തായി മാറുന്നതെന്ന് രോഷം കൊണ്ടവര്‍ യഥാര്‍ത്ഥത്തില്‍ സവര്‍ണ പൊതുബോധത്തിന്റെ തടവറയില്‍ തന്നെയാണ്. ആ ചോദ്യം ചോദിക്കുക തന്നെയാണ് വേണ്ടത്. എന്തുകൊണ്ട് ഇത്രനാള്‍ ഉന്നയിക്കപ്പെടാത്ത ചോദ്യങ്ങള്‍ ഇപ്പോള്‍ ഉയരുന്നതെന്നാണ് ചോദ്യം. തീര്‍ച്ചയായും നേരത്തെ തന്നെ ചോദിക്കേണ്ട, ചോദിക്കേണ്ടവ തന്നെയായിരുന്നു. ഇപ്പോഴെങ്കിലും ഇത്തരം ചോദ്യങ്ങള്‍ അനിവാര്യവുമാണ്. മതേതരത്വം ഹിന്ദുത്വത്താല്‍ മാറ്റപ്പെടുന്ന ഈ കാലത്ത് എല്ലാ വിഭാഗം ജനങ്ങളെയും കൂടെ നിര്‍ത്താന്‍ ഇതുവരെ പ്രാക്ടീസ് ചെയ്ത മതേതരത്വത്തിന് കഴിയുന്നുണ്ടോ എന്ന ചോദ്യവും അനിവാര്യമാണ്. അങ്ങനെ ഉയര്‍ന്നുവരേണ്ട നിരവധി ചോദ്യങ്ങളില്‍ ഒന്നാണ് കലോത്സവ വേദിയില്‍ മാസാംഹാരം പറ്റില്ലേ എന്നത്. ഇതുള്‍പ്പെടെയുള്ള ചോദ്യങ്ങള്‍ കേരളം വൈകിയെങ്കിലും കേള്‍ക്കാന്‍ തയ്യാറാവുകയാണ് വേണ്ടത്.

ഹിന്ദുത്വ പൊതുബോധം ഭയക്കുന്ന ചോദ്യങ്ങൾ ആരെയാണ് അസ്വസ്ഥമാക്കുന്നത്?
കലോത്സവ ഊട്ടുപുരയില്‍ അടുത്ത വർഷം മുതൽ മാംസാഹാരവും; വിവാദങ്ങള്‍ക്ക് പിന്നില്‍ ഗൂഢ ലക്ഷ്യമെന്ന് വി ശിവന്‍കുട്ടി

ഇങ്ങനെയൊക്കെ ആണെങ്കിലും സദ്യയുടെ സംരക്ഷണത്തിന് സംഘ്പരിവാറെങ്കില്‍ അറേബ്യന്‍ ഭക്ഷണത്തിന്റെ കാര്യം ഞങ്ങള്‍ക്ക് വിട്ടേക്കുവെന്ന മട്ടില്‍ മറ്റൊരു വിഭാഗവും രംഗത്തെത്തിയിട്ടുണ്ടെന്നതാണ് കേരളത്തിന്റെ വര്‍ത്തമാനകാല ദുരവസ്ഥ. സംഘ്പരിവാര്‍ കോര്‍ക്കുന്ന എല്ലാ കെണിയിലും വീഴാന്‍ കാത്തിരിക്കുന്ന ചിലര്‍ കേരളത്തിന്റെ പിന്നാക്ക നടത്തം എത്ര വേഗത്തിലാണെന്ന് അടയാളപ്പെടുത്തുന്നുണ്ട്.

കുഴിമന്തിയെ സംരക്ഷിക്കുന്നതിലൂടെയാണ് ന്യൂനപക്ഷത്തിന്റെ നിലനില്‍പ്പെന്ന മട്ടില്‍ എതിര്‍സംഘത്തെയും സൃഷ്ടിക്കാന്‍ പറ്റി എന്നത് സംഘ്പരിവാറിനെ സന്തോഷിപ്പിക്കും. ഭക്ഷണത്തില്‍ വിഷവും വിഭാഗീയതയും കലര്‍ത്തുന്നവരെ മുഴുവന്‍ സന്തോഷിപ്പിക്കുക തന്നെ ചെയ്യും. വൈജാത്യത്തിന് വേണ്ടി ഉയരുന്ന ചോദ്യങ്ങളല്ല, മറിച്ച് അതിനെ വിഭാഗീയമായി അവതരിപ്പിക്കുന്നവരാണ്, ആ ചോദ്യം കേള്‍ക്കുമ്പോള്‍ സിരകളില്‍ ഭയം ഇരച്ചുകയറുന്നവരാണ്, സ്വയം മാറാന്‍ തയ്യാറാവേണ്ടത്.

logo
The Fourth
www.thefourthnews.in