ലോഹ്യ മുതല്‍ നിതീഷ്കുമാര്‍ വരെ; സോഷ്യലിസ്റ്റ് അടുക്കളയില്‍ ഫാസിസത്തിന് കഞ്ഞിവെച്ചവര്‍

ലോഹ്യ മുതല്‍ നിതീഷ്കുമാര്‍ വരെ; സോഷ്യലിസ്റ്റ് അടുക്കളയില്‍ ഫാസിസത്തിന് കഞ്ഞിവെച്ചവര്‍

നിതീഷ്‌ കുമാറിന്റെത് അധാര്‍മികവും അവസരവാദപരവുമായ രാഷ്ട്രീയ കൂടുമാറ്റമാകുമ്പോഴും, ലാലു പ്രസാദിനെപോലുള്ള ചുരുക്കം ചിലരെ മാറ്റിനിര്‍ത്തിയാല്‍ ഇന്ത്യയില്‍ സോഷ്യലിസ്റ്റുകള്‍ എന്താണ് ഇക്കാലമത്രയും ചെയ്തത്?
Updated on
5 min read

നിതീഷ് കുമാര്‍ യാതൊരു സങ്കോചവും കൂടാതെ 18 മാസത്തിനിടയില്‍ മറ്റൊരു രാഷ്ട്രീയ മലക്കം മറിച്ചില്‍ കൂടി നടത്തിയിരിക്കുന്നു. ഒന്നരവര്‍ഷം മുമ്പ് എന്‍ഡിഎ വിട്ട് വീണ്ടും മതേതര ശക്തികളോടൊപ്പം ചേര്‍ന്ന് ബിഹാറിന്റെ ഭരണ സാരഥ്യം കൈയാളിയ നേതാവാണ്, ലോക്സഭ തിരഞ്ഞെടുപ്പിന് മുമ്പ് വീണ്ടും രാഷ്ട്രീയ മലക്കം മറിഞ്ഞത്. മോദിയ്ക്കെതിരെ 'ഇന്ത്യ' മുന്നണിയുടെ രൂപീകരണത്തിന് നേതൃത്വം വഹിച്ച നേതാവ് തന്നെയാണ് മാസങ്ങള്‍ക്കുളളില്‍ കാമ്പുള്ള ഒരു രാഷ്ട്രീയ വിശദീകരണത്തിനും മുതിരാതെ മറുകണ്ടം ചാടിയിരിക്കുന്നത്.

ഇന്ത്യന്‍ പാര്‍ലമെന്ററി ജനാധിപത്യം, നരേന്ദ്ര മോദി അധികാരത്തിലെത്തിയതിന് ശേഷം ഏതോക്കെ വിധത്തില്‍ സ്വയം പരിഹാസ്യപ്പെടുന്നതിന്റെ മറ്റൊരു ഉദാഹരണമായി മാത്രമാണ് ഇതിനെയും കാണാന്‍ കഴിയുക. എന്നാല്‍ അതോടൊപ്പം ഒരുകാര്യം കൂടി നിതീഷിന്റെ രാഷ്ട്രീയ അവസരവാദ സമീപനം വെളിപ്പെടുത്തുന്നുണ്ട്. ലാലു പ്രസാദിനെ പോലെയുള്ള നേതാവിനെ ഒഴിച്ചു നിര്‍ത്തിയാല്‍ സോഷ്യലിസ്റ്റുകള്‍ പൊതുവില്‍ സംഘപരിവാറിന് അനുകൂലമായ തീരുമാനമാണ് പലപ്പോഴും കൈക്കൊണ്ടതെന്നതാണ് അത്.

തീവ്രവലതുപക്ഷത്തിന്റെ ആശയങ്ങള്‍ വളരെ സ്വാഭാവികമെന്ന രീതിയില്‍ നടപ്പിലാക്കിക്കൊണ്ടിരിക്കുന്ന ഒരു കാലത്ത് നിന്നുകൊണ്ട്, സ്വാതന്ത്ര്യാനന്തര കാലത്ത് സോഷ്യലിസ്റ്റ് പ്രസ്ഥാനങ്ങള്‍ ഇന്ത്യയില്‍ ചെയ്തത് എന്താണ് എന്ന് ആലോചിക്കുന്നതുപോലും ഒരര്‍ത്ഥത്തില്‍ ചില പരാജയങ്ങളെക്കുറിക്കുന്നുണ്ട് എന്നത് വ്യക്തമാണ്. ആ പരാജയം എന്ന് പറയുന്നത് തീര്‍ച്ചയായും സോഷ്യലിസ്റ്റ് പ്രസ്ഥാനങ്ങളുടെ മാത്രമല്ല, മറിച്ച് വിശാലാര്‍ത്ഥത്തില്‍ ഇന്ത്യയിലെ എല്ലാ ജനാധിപത്യ പ്രസ്ഥാനങ്ങളുടെതുമാണ്.

ഹിന്ദുത്വ രാഷ്ട്രീയത്തെ പാര്‍ലമെന്ററി രാഷ്ട്രീയത്തിലൂടെ മാത്രം പ്രതിരോധിക്കാന്‍ കഴിയുമോ എന്ന തരത്തിലൂള്ള ചര്‍ച്ചകളിലേക്ക് കൂടി നിതീഷിന്റെ അസംബന്ധ രാഷ്ട്രീയ നീക്കം ജനാധിപത്യ വിശ്വാസികളെ നയിക്കേണ്ടതുണ്ട്.

അതേസമയം ഇന്ത്യയിലെ ദേശീയ പ്രസ്ഥാനത്തിന്റെ കാലം മുതല്‍ സജീവമായിരുന്ന സോഷ്യലിസ്റ്റ് പ്രസ്ഥാനങ്ങള്‍ ഇന്ത്യന്‍ രാഷ്ട്രീയത്തില്‍ പാര്‍ശ്വവല്‍ക്കരിക്കപ്പെട്ടത് എന്തുകൊണ്ടാവും എന്നത് തീര്‍ച്ചയായും പ്രാധാന്യമേറിയ ഒരു വിഷയം തന്നെയാണ്. സാമ്രാജ്യത്വത്തിനും ധനമുതലാളിത്തത്തിനും ബദലായി ലോകത്തെ പല രാജ്യങ്ങളിലും സവിശേഷമായ രീതിയിലുള്ള സോഷ്യലിസ്റ്റ് പ്രസ്ഥാനങ്ങള്‍ ഉയര്‍ന്നുവരുന്ന ഘട്ടത്തിലാണ് ഇന്ത്യയിലെ സോഷ്യലിസ്റ്റ് പ്രസ്ഥാനങ്ങള്‍ രാഷ്ട്രീയമായി നിര്‍വീര്യമാക്കപ്പെടുന്നതെന്നതും പ്രധാന്യമുള്ളതാണ്.

ഇന്ത്യന്‍ ഭരണഘടനാ മൂല്യങ്ങളെ തീര്‍ത്തും അപ്രസ്‌കതമാക്കി, ഒരു ഹിന്ദു റിപ്പബ്ലിക്കിന്റെ പ്രഖ്യാപനങ്ങള്‍ പലരീതിയില്‍ മോദി സര്‍ക്കാര്‍ നടപ്പിലാക്കി കൊണ്ടിരിക്കുമ്പോള്‍ തന്നെയാണ് നിതീഷ് കുമാര്‍ അധാര്‍മ്മികമായ രാഷ്ട്രീയ നിലപാടിലൂടെ രാഷ്ട്രീയ പ്രസ്ഥാനങ്ങളുടെ പ്രത്യയശാസ്ത്ര രാഹിത്യം വെളിപ്പെടുത്തുന്നത്. ഹിന്ദുത്വ രാഷ്ട്രീയത്തെ പാര്‍ലമെന്ററി രാഷ്ട്രീയത്തിലൂടെ മാത്രം പ്രതിരോധിക്കാന്‍ കഴിയുമോ എന്ന തരത്തിലൂള്ള ചര്‍ച്ചകളിലേക്ക് കൂടി നിതീഷിന്റെ അസംബന്ധ രാഷ്ട്രീയ നീക്കം ജനാധിപത്യ വിശ്വാസികളെ നയിക്കേണ്ടതുണ്ട്.

ലോഹ്യ മുതല്‍ നിതീഷ്കുമാര്‍ വരെ; സോഷ്യലിസ്റ്റ് അടുക്കളയില്‍ ഫാസിസത്തിന് കഞ്ഞിവെച്ചവര്‍
'തിരഞ്ഞെടുപ്പിൽ തോറ്റാൽ ഉപേക്ഷിക്കാവുന്ന മുദ്രാവാക്യമല്ല ജാതി സെൻസസ്'; ഡോ. ടി ടി ശ്രീകുമാർ അഭിമുഖം

ഇന്ത്യയിലെ സോഷ്യലിസ്റ്റ് പ്രസ്ഥാനത്തിന്റെ ഇപ്പോഴത്തെ രാഷ്ട്രീയ അപചയവും രാം മനോഹര്‍ ലോഹ്യയെ പോലുളള നേതാക്കളെടുത്ത നിലപാടുകളെയും ചേര്‍ത്ത് നിര്‍ത്തി പരിശോധിക്കുന്നത് ശരിയല്ലെങ്കിലും, ചരിത്രം തെളിയിക്കുന്ന ഒരു വസ്തുതയുണ്ട്. ഇന്ത്യയിലെ സോഷ്യലിസ്റ്റ് എന്ന് വിളിക്കപ്പെടുന്ന പാര്‍ട്ടികളില്‍ ബഹുഭൂരിപക്ഷവും, (തീര്‍ച്ചയായും വീണ്ടും ലാലുവിന്റെ അപവാദം പറയേണ്ടി വരും), കോണ്‍ഗ്രസ് വിരോധം ഉണ്ടാക്കിയ രാഷ്ട്രീയ മുന്‍വിധികളില്‍ സംഘ്പരിവാറിന് കഞ്ഞിവെച്ചവരായിരുന്നു.

ലോഹ്യയും ജയപ്രകാശ് നാരായണും

കോണ്‍ഗ്രസിലെ സോഷ്യലിസ്റ്റായിരുന്ന ജവഹര്‍ലാല്‍ നെഹ്റുവിനെ എതിരിട്ടുകൊണ്ടുതന്നെ, കോണ്‍ഗ്രസിന് രാഷ്ട്രീയ ബദലാകാനാണ് സോഷ്യലിസ്റ്റുകള്‍ ശ്രമിച്ചത്. ആദ്യ തിരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസിനെതിരെ മല്‍സരിച്ചെങ്കിലും കാര്യമായ ചലനം ഉണ്ടാക്കാന്‍ അവര്‍ക്ക് കഴിഞ്ഞില്ല. ആചാര്യ കൃപാലിനിയുടെയും രാം മനോഹര്‍ ലോഹ്യയുടെ നേതൃത്വത്തില്‍ രണ്ട് പാര്‍ട്ടികളായിട്ടായിരുന്നു അവര്‍ തിരഞ്ഞെടുപ്പില്‍ മത്സരിച്ചത്.

രാം മനോഹര്‍ ലോഹ്യ
രാം മനോഹര്‍ ലോഹ്യ

ഇതിന് ശേഷം സോഷ്യലിസ്റ്റുകളെ കോണ്‍ഗ്രസിലേക്ക് നെഹ്റു ക്ഷണിച്ചെങ്കിലും, അവര്‍ സ്വന്തം അസ്തിത്വം കൈവിടാതെ കോണ്‍ഗ്രസിനെതിരായ രാഷ്ട്രീയ പ്രസ്ഥാനമായി തുടരാന്‍ തന്നെ തീരുമാനിക്കുകയായിരുന്നു. രാം മനോഹര്‍ ലോഹ്യയുടെ രാഷ്ട്രീയ അടിത്തറ തന്നെ 'ആന്റി കോണ്‍ഗ്രസിസം' ആയി മാറുകയും ചെയ്തു. ഇതുള്‍പ്പെടെയുള്ള കാരണങ്ങളാല്‍ സോഷ്യലിസ്റ്റ് പ്രസ്ഥാനത്തില്‍ ഭിന്നതയുണ്ടാകുകയും, ജയപ്രകാശ് നാരായണിനെ പോലുള്ളവര്‍ താത്കാലികമായി സജീവ രാഷ്ട്രീയത്തില്‍നിന്ന് പിന്‍വാങ്ങുന്ന അവസ്ഥയുണ്ടാകുകയും ചെയ്തു.

ചരിത്രകാരന്‍ രാമചന്ദ്ര ഗുഹ പറയുന്നത്, നെഹ്റുവിനോടുള്ള ലോഹ്യയുടെ എതിര്‍പ്പിന് പിന്നില്‍ രാഷ്ട്രീയത്തോടൊപ്പം തന്നെ വ്യക്തിപരമായ കാരണങ്ങളുമുണ്ടായിരുന്നു എന്നാണ്. സോഷ്യലിസം എന്ന ആശയവുമായി ബന്ധപ്പെടുത്തി നോക്കുമ്പോള്‍ നെഹ്റുവിനെയും ലോഹ്യയേയും ഒരു രാഷ്ട്രീയ ദര്‍ശനം പിന്തുടരുന്നവരെന്ന് വിശാലാര്‍ത്ഥത്തില്‍ പറയാമെങ്കിലും, നെഹ്റുവിന്റെ രാഷ്ട്രീയ ദര്‍ശനത്തോട് വലിയ വിയോജിപ്പ് പുലര്‍ത്തിയ വ്യക്തിത്വമായിരുന്നു ലോഹ്യയുടേത്. നെഹ്റുവിന്റെ കാഴ്ചപാടിന്റെ അടിസ്ഥാനം ഫാബിയന്‍ സോഷ്യലിസമെന്ന് പറയാമെങ്കില്‍ ലോഹ്യയുടേത് തന്റെ രാഷ്ട്രീയ സാമ്പത്തിക ആശയങ്ങള്‍ ഇന്ത്യന്‍ സാഹചര്യങ്ങളുടെ അടിസ്ഥാനത്തില്‍ രൂപപ്പെടുത്തിയതായിരുന്നു. നെഹ്റുവിന്റെ ആശയങ്ങളെക്കാള്‍ ലോഹ്യ അടുത്തുനില്‍ക്കുന്നത് ഗാന്ധിയന്‍ ആദര്‍ശങ്ങളോടായിരുന്നു.( Rammanohar Lohia and Socialism in India -Dr. V K Arora).

സമത്വം എന്നതാണ് ഏറ്റവും പ്രധാനമെന്ന് കരുതുമ്പോഴും മാര്‍ക്സിസസവുമായി അടിസ്ഥാനപരമായി കരുതാവുന്ന അഭിപ്രായവ്യത്യാസങ്ങളും ലോഹ്യ നിലനിര്‍ത്തി. വന്‍കിട ഉത്പാദനത്തെക്കാളും, അദ്ദേഹം ചെറുകിട ഉത്പാദനമാണ് അഭികാമ്യം എന്ന് കരുതി. അതേപോലെ, വികേന്ദ്രീകരണത്തിന്റെ ശക്തനായ വക്താവായിരുന്നു രാം മനോഹര്‍ ലോഹ്യ. ഇക്കാരണങ്ങള്‍ കൊണ്ടു തന്നെ നെഹ്റുവിന്റെ കോണ്‍ഗ്രസിനോടും കമ്മ്യൂണിസ്റ്റുകാരോടും ലോഹ്യ അകന്നു നിന്നു. ഇന്ത്യയിലെ ജാതിവ്യവസ്ഥയോട് കടുത്ത എതിര്‍പ്പ് പുലര്‍ത്തുകയും അതേക്കുറിച്ച് പഠിക്കുകയും ചെയ്ത ലോഹ്യയ്ക്ക് ഡോ. അംബേദ്ക്കറുമായി ഒന്നിച്ചുചേര്‍ന്നുള്ള രാഷ്ട്രീയത്തിന് കഴിഞ്ഞില്ല. എന്നാല്‍ ഡോ. അംബേദ്ക്കറിന്റെ പ്രാധാന്യത്തെ ലോഹ്യ തിരിച്ചറിയുന്നതായി അദ്ദേഹത്തിന്റെ രചനകള്‍ തെളിയിക്കുന്നുണ്ട്. പ്രജാ സോഷ്യലിസ്റ്റ് പാര്‍ട്ടി പിളര്‍ന്ന്, സോഷ്യലിസ്റ്റ് പാര്‍ട്ടി രൂപീകരിക്കാന്‍ ശ്രമിക്കുന്ന ഘട്ടത്തിലാണ് അംബേദ്ക്കറുമായി ലോഹ്യ ബന്ധപ്പെടുന്നതെന്നാണ് സാമൂഹികശാസ്ത്രകാരനും എഴുത്തുകാരനുമായ യോഗേന്ദ്ര യാദവ് വിശദീകരിക്കുന്നത്.

ജയപ്രകാശ് നാരായണ്‍
ജയപ്രകാശ് നാരായണ്‍

ലോഹ്യയുടെ പത്രാധിപത്യത്തില്‍ ഇറങ്ങിയിരുന്ന 'മാന്‍കൈന്റില്‍' എഴുതുവാന്‍ ആവശ്യപ്പെട്ടായിരുന്നു അദ്ദേഹം അംബേദ്ക്കറെ ബന്ധപ്പെടുന്നത്. ( Ambedkar and Lohia: A dialogue on caste: Yogendra Yadav, Seminar മാസിക) എന്നാല്‍ അവര്‍ തമ്മില്‍ ഒരു കൂടിക്കാഴ്ച നടക്കുന്നതിന് മുമ്പ് അംബേദ്ക്കര്‍ അന്തരിച്ചു. ജാതിവ്യവസ്ഥയടെ വിമര്‍ശകരായിരിക്കുമ്പോഴും, അംബേദ്ക്കറിന്റെ സമീപനങ്ങളില്‍നിന്ന് ലോഹ്യയുടെ ജാതി വിരുദ്ധ നിലപാടുകളില്‍ വ്യത്യാസമുണ്ടായിരുന്നുവെന്നാണ് യോഗേന്ദ്ര യാദവിനെ പോലുള്ളവര്‍ പറയുന്നത്. അതുകൊണ്ടുകൂടിയാവും ചിലപ്പോള്‍, ആദ്യഘട്ടത്തില്‍ ലോഹ്യയും അംബേദ്ക്കറും തമ്മില്‍ ഒരു സംഭാഷണം സാധ്യമാകാതെ പോയത്.

സമത്വം എന്നതാണ് ഏറ്റവും പ്രധാനമെന്ന് കരുതുമ്പോഴും മാര്‍ക്സിസസവുമായി അടിസ്ഥാനപരമായി കരുതാവുന്ന അഭിപ്രായവ്യത്യാസങ്ങളും ലോഹ്യ നിലനിര്‍ത്തി. വന്‍കിട ഉത്പാദനത്തെക്കാളും, അദ്ദേഹം ചെറുകിട ഉത്പാദനമാണ് അഭികാമ്യം എന്ന് കരുതി. അതേപോലെ, വികേന്ദ്രീകരണത്തിന്റെ ശക്തനായ വക്താവായിരുന്നു രാം മനോഹര്‍ ലോഹ്യ.

എന്തായാലും ലോഹ്യയുടെ പ്രായോഗിക രാഷ്ട്രീയത്തെ നയിച്ചത് അദ്ദേഹത്തിന്റെ തന്നെ ആന്റി കോണ്‍ഗ്രസിസം എന്ന ആശയമാണ്. ജാതി ഉള്‍പ്പെടെയുള്ള വിഷയങ്ങളില്‍ സമകാലികരായ മറ്റ് രാഷട്രീയ നേതാക്കളെക്കാള്‍ സൂക്ഷ്മതയോടെ വിലയിരുത്താന്‍ കഴിഞ്ഞെങ്കിലും ഒരു പ്രായോഗിക ബദല്‍ രാഷ്ട്രീയം വളര്‍ത്താന്‍ രാം മനോഹര്‍ ലോഹ്യയ്ക്ക് പല കാരണങ്ങളാല്‍ കഴിഞ്ഞില്ല.

1962-ലെ ചൈന യുദ്ധത്തിന്റെ പാശ്ചാത്തലത്തില്‍ നെഹ്റുവിനും കോണ്‍ഗ്രസിനും ഉണ്ടായ തിരിച്ചടി മുതലെടുത്ത് കോണ്‍ഗ്രസ് വിരുദ്ധ ഗ്രൂപ്പുണ്ടാക്കാനായിരുന്നു ലോഹ്യ ശ്രമിച്ചത്. അതിന്റെ രാഷ്ട്രീയ പ്രത്യാഘാതത്തെക്കുറിച്ച് സോഷ്യലിസ്റ്റുകള്‍ അന്ന് ഓര്‍ത്തിരുന്നുവോ എന്നത് വ്യക്തമല്ല. എന്തായാലും രാം മനോഹര്‍ ലോഹ്യ ലോക്സഭയിലേക്ക് തിരഞ്ഞെടുക്കപ്പെടുന്നത് ജനസംഘിന്റെ പിന്തുണയോടെയായിരുന്നു. കോണ്‍ഗ്രസിനെ മറികടക്കുകയെന്ന ഏക രാഷ്ട്രീയ ലൈനിലായിരുന്നു രാം മനോഹര്‍ ലോഹ്യയുടെ ഊന്നല്‍. ജാതിവ്യവസ്ഥ സൃഷ്ടിച്ച ഭീകരത മനസ്സിലാക്കിയ ലോഹ്യയ്ക്ക് പക്ഷെ ജനസംഘിന്റെ ഭൂരിപക്ഷ വര്‍ഗീയതയുണ്ടാക്കുന്ന, അത് ഇന്ത്യന്‍ ജനാധിപത്യത്തിന് സൃഷ്ടിക്കാവുന്ന ഭീഷണമായ അവസ്ഥയെന്താവും എന്ന് പൂര്‍ണ അര്‍ത്ഥത്തില്‍ മനസ്സിലാക്കാന്‍ കഴിഞ്ഞോ എന്ന് വ്യക്തമല്ല.

ഇന്ദിര ഗാന്ധിക്കൊപ്പം ജവഹര്‍ലാല്‍ നെഹ്‌റു
ഇന്ദിര ഗാന്ധിക്കൊപ്പം ജവഹര്‍ലാല്‍ നെഹ്‌റു

സംഘ്പരിവാരത്തിന്റെ വംശീയ രാഷ്ട്രീയ പ്രത്യയശാസ്ത്രത്തെ ഫലപ്രദമായി മറച്ചുപിടിക്കാന്‍ ജനസംഘിന് കഴിഞ്ഞു. അല്ലെങ്കില്‍ അത്തരം രാഷ്ട്രീയ സൂക്ഷ്മതകളെ അന്നത്തെ രാഷ്ട്രീയ സാഹചര്യത്തില്‍ അപ്രസ്‌കതമാണെന്ന് ലോഹ്യയെ പോലുള്ള മഹാനായ രാഷ്ട്രീയ ചിന്തകന്‍ ആലോചിച്ചുകാണും. ഇത് പക്ഷെ രാം മനോഹര്‍ ലോഹ്യയുടെ മാത്രം പ്രശ്നമല്ലന്നാണ് പിന്നീടുള്ള സോഷ്യലിസ്റ്റ് ചരിത്രം ബോധ്യപ്പെടുത്തുന്നത്. ജയപ്രകാശ് നാരായണന്റെ നേതൃത്വത്തില്‍ ഉണ്ടായ, ഇന്ദിരാഗാന്ധിയുടെ സമഗ്രാധിപത്യ വാഴ്ചക്കെതിരായ ചെറുത്തുനില്‍പ്പ് ഇതിന്റെ ഉദാഹരണമാണ്.

ഇന്ദിരാഗാന്ധിയുടെ അമിതാധികാര പ്രവണതയ്ക്കും അടിയന്തരാവസ്ഥയ്ക്കുമെതിരായ ചെറുത്തുനില്‍പ്പുകളുടെ കേന്ദ്രമായി പ്രവര്‍ത്തിച്ചുവെന്നതാവും സ്വതന്ത്രാനന്തര കാലത്തെ സോഷ്യലിസ്റ്റ് പാര്‍ട്ടിയുടെ ഏറ്റവും മികച്ച രാഷ്ട്രീയ സംഭാവന. കോണ്‍ഗ്രസിനെതിരെ, പി എസ് പിയും ലോക്ദളും ജനസംഘും എല്ലാം ചേര്‍ന്ന് ജനതാപാര്‍ട്ടിയാവുകയും ഇന്ദിരാഗന്ധിയെ പരാജയപ്പെടുത്തുകയും ചെയ്തു. എന്നാല്‍ അതേസമയം ഇന്ദിരാഗാന്ധിയുടെ അമിതാധികാര പ്രവണതയ്ക്കെതിരെ നടന്ന സമരങ്ങളില്‍ ജനസംഘിനെ ഭാഗമാക്കിയതോടെയാണ് ആ ഹിന്ദു വര്‍ഗീയ പാര്‍ട്ടിയ്ക്ക് ഒരു തരത്തിലുള്ള സ്വീകാര്യത ഇന്ത്യന്‍ മധ്യവര്‍ഗത്തിനിടയില്‍ ലഭിക്കുന്നത്.

ലോഹ്യ മുതല്‍ നിതീഷ്കുമാര്‍ വരെ; സോഷ്യലിസ്റ്റ് അടുക്കളയില്‍ ഫാസിസത്തിന് കഞ്ഞിവെച്ചവര്‍
2024; നിരാശാഭരിതനായ ഒരു പൗരന്റെ രാഷ്ട്രീയക്കുറിപ്പ്
ബാബ്റി മസ്ജിദ് തകര്‍ത്തതിന് ശേഷം ഇന്ത്യന്‍ രാഷ്ട്രീയത്തില്‍ വീണ്ടും ബി ജെ പി ഒറ്റപ്പെട്ടു. ആ ഘട്ടത്തില്‍ ബി ജെ പിയ്ക്ക് രക്ഷകനായി എത്തിപ്പെടുന്നത്, ഉശിരനായ തൊഴിലാളി നേതാവായി കരുതപ്പെട്ട 'സോഷ്യലിസ്റ്റ്' ജോര്‍ജ് ഫെര്‍ണാണ്ടസായിരുന്നു. ബി ജെ പി രൂപികരിച്ച എന്‍ ഡി എയുടെ കണ്‍വീനറായി, അവരുടെ വിശ്വസ്തനായി അദ്ദേഹം മാറി.

ജനതാ സര്‍ക്കാരിലെ സാന്നിധ്യം ഉപയോഗിച്ച് ഭരണസംവിധാനത്തിന്റെ വിവിധ മേഖലകളില്‍ നുഴഞ്ഞുകയറാന്‍ ഹിന്ദുത്വ ശക്തികള്‍ക്ക് സാധിച്ചത് ഈ ഘട്ടത്തിലാണെന്ന് വിലയിരുത്തുന്നവര്‍ ഏറെയാണ്. 1980-ല്‍ ബി ജെ പിയുമായി ഹിന്ദുത്വ വാദികള്‍ രംഗത്തെത്തി. ഇന്ത്യന്‍ രാഷ്ട്രീയത്തില്‍ പിന്നീട് ഹിന്ദുത്വ ശക്തികള്‍ക്ക് തിരിഞ്ഞുനോക്കേണ്ടി വന്നിട്ടില്ലെന്നത് ഒരു സത്യമാണ്. അതി തീവ്ര വര്‍ഗീയ പ്രചരണവുമായി ബാബ്റി മസ്ജിദ് പൊളിക്കാന്‍ സംഘപരിവാരം തയാറാകുന്നത് പിന്നീടാണ്. ബാബ്റി മസ്ജിദ് തകര്‍ത്തതിന് ശേഷം ഇന്ത്യന്‍ രാഷ്ട്രീയത്തില്‍ വീണ്ടും ബി ജെ പി ഒറ്റപ്പെട്ടു. ആ ഘട്ടത്തില്‍ ബി ജെ പിയ്ക്ക് രക്ഷകനായി എത്തിപ്പെടുന്നത്, ഉശിരനായ തൊഴിലാളി നേതാവായി കരുതപ്പെട്ട 'സോഷ്യലിസ്റ്റ്' ജോര്‍ജ് ഫെര്‍ണാണ്ടസായിരുന്നു. ബി ജെ പി രൂപികരിച്ച എന്‍ ഡി എയുടെ കണ്‍വീനറായി, അവരുടെ വിശ്വസ്തനായി അദ്ദേഹം മാറി.

അടിയന്തരാവസ്ഥയ്ക്കെതിരായ സമരത്തില്‍ ആര്‍എസ്എസുമായുള്ള 'സഹകരണം' സിപിഎമ്മില്‍ പോലും വലിയ വിഷയമായിരുന്നു. പി സുന്ദരയ്യയുടെ അക്കാലത്തെ നിലപാടുകളും അദ്ദേഹത്തിന്റെ ജനറല്‍ സെക്രട്ടറി സ്ഥാനത്തുനിന്നുള്ള രാജിയും ഇതാണ് സൂചിപ്പിക്കുന്നത്. അത് മറ്റൊരു വിഷയമാണ്.

ജോര്‍ജ് ഫെര്‍ണാണ്ടസ്
ജോര്‍ജ് ഫെര്‍ണാണ്ടസ്

അടിയന്തരാവസ്ഥ വിരുദ്ധ പ്രക്ഷോഭ കാലത്തെ 'ഐക്കണ്‍' എന്ന് പോലും വിശേഷിപ്പിക്കപ്പെട്ട ജോര്‍ജ് ഫെര്‍ണാണ്ടസ് സംഘ്പരിവാരത്തിന്റെ വിനീത വിധേയനായതും ആന്റി കോണ്‍ഗ്രസിസം എന്ന ലോഹ്യയുടെ ആശയത്തിന്റെ അടിസ്ഥാനത്തിലാണെന്നിരിക്കണം. ഹിന്ദുത്വ ഫാസിസത്തിന്റെ അട്ടഹാസത്തില്‍ ഇന്ത്യ ആടിയുലഞ്ഞപ്പോഴും അത് തിരിച്ചറിയാനാവാതെ പോയ സോഷ്യലിസ്റ്റ്! ഗുജറാത്ത് വംശഹത്യയ്ക്കും പോലും ന്യായികരണവാദങ്ങള്‍ ചമച്ചു നല്‍കി ഒരു കാലത്തെ ക്ഷുഭിത യൗവനത്തിന്റെ ആവേശമായി അറിയപ്പെട്ടിരുന്ന ജോര്‍ജ് ഫെര്‍ണാണ്ടാസ്! അതുകൊണ്ടും തീര്‍ന്നില്ല, ലാലു പ്രസാദ് യാദവ് ഒഴികെ ലോഹ്യയുടെ രാഷ്ട്രീയ അനുയായികളില്‍ ഏറെ പേരും ഹിന്ദുത്വ ഫാസിസവുമായി പലരൂപത്തിലും ബന്ധപ്പെട്ടു. ഇപ്പോള്‍ നീതീഷ് കുമാര്‍ തന്നെ വീണ്ടും ആവര്‍ത്തിക്കുന്നു.

ഇന്ത്യയിലെ സോഷ്യലിസ്റ്റുകളില്‍ ഹിന്ദുത്വത്തിന്, ഫാസിസത്തിന് കഞ്ഞിവെച്ചവര്‍ മാത്രമല്ല എന്നത് ഒരു സത്യമാണ്. മധു ദന്തവതെ, സുരേന്ദ്ര മോഹന്‍ തുടങ്ങി നിരവധി പേര്‍ ഹിന്ദുത്വത്തിനെതിരെ ചെറുത്തുനില്‍ക്കാന്‍ ശ്രമിച്ചവരാണ്. പക്ഷെ നിര്‍ഭാഗ്യവശാല്‍ അവരുടെതായില്ല സോഷ്യലിസ്റ്റ് പ്രസ്ഥാനം. ഇന്ത്യന്‍ ജനാധിപത്യത്തിനും ഭരണഘടനയ്ക്കും വരെ ഭീഷണിയായ സംഘ്പരിവാറിനെ നിര്‍ണായക ഘട്ടങ്ങളില്‍ സഹായിച്ചവരായാവും, സോഷ്യലിസത്തിന്റെ ഒരു വലിയ വിഭാഗത്തെ ചരിത്രത്തില്‍ അടയാളപ്പെടുത്തുക. അത് തിരുത്തി എഴുതുമെന്ന് പ്രതീക്ഷിക്കാനുള്ള വകയൊന്നും കാണുന്നില്ലെന്നതാണ് യാഥാര്‍ത്ഥ്യം.

logo
The Fourth
www.thefourthnews.in