ഗാന്ധിജിയുടെ നിശബ്ദ ഹിംസാ പരീക്ഷണങ്ങൾ 

ഗാന്ധിജിയുടെ നിശബ്ദ ഹിംസാ പരീക്ഷണങ്ങൾ 

ചരിത്രത്തിലും രാഷ്ട്രീയത്തിലുമൊക്കെ തീർത്തും അദൃശ്യരായിപ്പോയ ഗാന്ധിജിയുടെ മക്കൾ ,അദ്ദേഹത്തിൻ്റെ കടുത്ത ആദർശനിഷ്ഠതയിലൂന്നിയ ജീവിതത്തിൻ്റെ ഇരകളായി പലരും പറഞ്ഞു കേട്ടിട്ടുണ്ട്.
Updated on
3 min read

"പൂച്ചയുടെ മുന്നിൽ നിന്ന് എലി പേടിച്ചോടുന്നില്ലെങ്കിൽ പൂച്ചയ്ക്ക് മറ്റൊരിരയെ അന്വേഷിക്കേണ്ടി വരും. എല്ലാ ആട്ടിൻകുട്ടികളും സ്വമേധയാ സിംഹത്തിനു മുന്നിൽ ചെന്നാൽ സിംഹം ആട്ടിറച്ചി സദ്യ വേണ്ടെന്നു വെക്കും. ഹിംസ എന്താണെന്നു അറിയുന്ന ഒരാൾക്കു മാത്രമേ അഹിംസ പാലിക്കാനാവൂ.എലിക്ക് പൂച്ചയെ ഭയമില്ലെങ്കിൽ പൂച്ച വേട്ടയാടില്ല ഹിംസയുടെ ലോകത്താണ്  അഹിംസയ്ക്കു പ്രസക്തി."---

ഗാന്ധിജി

ചെറിയ ക്ലാസുകളിൽ രാഷ്ട്രപിതാവ് എന്ന നിലയിൽ മഹാത്മാഗാന്ധിയെക്കുറിച്ചു കേൾക്കുന്നു. പാഠപുസ്തകങ്ങളിൽ അദ്ദേഹത്തിൻ്റെ ചിത്രമുണ്ട്. വട്ടക്കണ്ണടയും ചിരിക്കുന്ന മുഖവും മെലിഞ്ഞ ശരീരവും ഒറ്റമുണ്ടും .ആരാധനയോടെ ഗാന്ധിജിയുടെ കഥകൾ കേൾക്കുന്ന ഒരു പ്രായം എല്ലാ കുട്ടികൾക്കുമുണ്ടാകുമെന്നാണ് തോന്നുന്നത്. വീട്ടിൽ അമ്മയോ  ക്ലാസിലെ ടീച്ചറോ ആരെങ്കിലുമൊരാൾ

ഗാന്ധിജി കേട്ടെഴുത്തു നോക്കിയെഴുതാതെ ,നോക്കിയെഴുതാൻ അധ്യാപകൻ പറഞ്ഞിട്ടു പോലും അതു ചെയ്യാതെ സത്യസന്ധനായതിനെപ്പറ്റി പറഞ്ഞു തരുമ്പോൾ അതിശയിക്കും. അത്രയും സത്യത്തെ മുറുകെപിടിച്ച വ്യക്തിയെന്നു ബഹുമാനം തോന്നും. ഗാന്ധിജിയെപ്പോലെ ജീവിതത്തിലുടനീളം സത്യസന്ധത കാണിക്കണമെന്ന ഉപദേശം കൂടി അതിനൊപ്പം ലഭിക്കാതിരിക്കില്ല .ടീച്ചർ പറഞ്ഞാൽ അനുസരിക്കണ്ടേ ,അറിയാത്ത വാക്ക് അടുത്തയാളുടേതു നോക്കി എഴുതുന്നതിൽ എന്താണു തെറ്റ് ,അതും വാർഷികപരീക്ഷയൊന്നുമല്ല ,വെറും കേട്ടെഴുത്ത് ,അതും സ്കൂൾ പരിശോധനയ്ക്കു വന്ന ഇൻസ്പെക്ടർ നടത്തിയത് ... ഇങ്ങനെയൊക്കെ  ചില കുസൃതികൾ എതിർവാദങ്ങളുന്നയിക്കും.അവർക്കു ശാസനയോ ലഘുവായ ശിക്ഷകളോ കിട്ടിയേക്കും.  മിക്കവാറും കുട്ടികൾ  ഗാന്ധിജിയെക്കുറിച്ചും സത്യാന്വേഷണ പരീക്ഷണങ്ങളെക്കുറിച്ചും ഉൾക്കൊള്ളുന്നത് ഇത്തരം ചില സംഘർഷങ്ങളിലൂടെയാണെന്നാണ് വ്യക്തിപരമായി തോന്നിയിട്ടുള്ളത്.

സത്യം ആപേക്ഷികമാണെന്നും ചില സന്ദർഭങ്ങളിലെങ്കിലും സത്യത്തെക്കാൾ അസത്യമാണ് കൂടുതൽ സത്യമെന്നും അനുഭവപ്പെട്ടു തുടങ്ങുന്ന പ്രായത്തിൽ പ്രത്യേകിച്ചും. 

ഗാന്ധിജിയുടെ നിശബ്ദ ഹിംസാ പരീക്ഷണങ്ങൾ 
തകഴിയുടെ അമ്മ 2022 ലും അലയുകയാണ്
അധീശത്വമുള്ള വ്യക്തി വിധേയരായ  സഹജീവികളുടെ മേൽ അടിച്ചേല്പിച്ച അനുസരണയും ദാരിദ്ര്യവുമൊക്കെ രക്തരൂഷിതമല്ലാത്ത സൈലൻ്റ് വയലൻസായി തോന്നിയിട്ടുണ്ട്.അതു പോലെ സ്വന്തം ശരീരത്തിനു മേൽ അദ്ദേഹം  നിരന്തരം നടത്തിയ പരീക്ഷണങ്ങൾക്കും ഹിംസയുടെ ഛായ ഉണ്ട്.

ഗാന്ധിജി ആദരണീയനാണ് ,ഇങ്ങനൊരാൾ ജീവിച്ചിരുന്നുവെന്നു വിശ്വസിക്കാൻ പോലും പ്രയാസമുണ്ടാവുന്ന രീതിയിൽ അനനുകരണീയനാണ്. പക്ഷേ അദ്ദേഹം മികച്ച മാതൃകയായിരുന്നോ എന്നു സംശയവും അതിനൊപ്പം തന്നെ തോന്നും. കുട്ടിക്കാലം കടന്ന് വളരുമ്പോൾ  ഗാന്ധിജിയോടു പലേടത്തും വിയോജിപ്പുണ്ടാകും. രാഷ്ട്രീയ നിലപാടുകളിലായിരിക്കില്ല ,(അതു വിശാലമായ മറ്റൊരു മേഖലയാണ് ,)ഈ വിയോജിപ്പ്. വ്യക്തിജീവിതത്തിലെ ഗാന്ധിജിയുടെ നിലപാടുകൾ എല്ലായ്പ്പോഴും ശരിയായിരുന്നോ ,അതിൽ ഹിംസയുടെ ലാഞ്ഛന  ഉണ്ടായിരുന്നില്ലേ എന്ന തോന്നൽ പലപ്പോഴും ഉണ്ടായിട്ടുണ്ട്. അധീശത്വമുള്ള വ്യക്തി വിധേയരായ  സഹജീവികളുടെ മേൽ അടിച്ചേല്പിച്ച അനുസരണയും ദാരിദ്ര്യവുമൊക്കെ രക്തരൂഷിതമല്ലാത്ത സൈലൻ്റ് വയലൻസായി തോന്നിയിട്ടുണ്ട്.അതു പോലെ സ്വന്തം ശരീരത്തിനു മേൽ അദ്ദേഹം  നിരന്തരം നടത്തിയ പരീക്ഷണങ്ങൾക്കും ഹിംസയുടെ ഛായ ഉണ്ട്.

 ദക്ഷിണാഫ്രിക്കയിൽ വെച്ചു കസ്തൂർബാ ഗാന്ധിയോടു കക്കൂസു കഴുകാൻ ആവശ്യപ്പെട്ടതും 1906 ൽ മുപ്പത്തേഴാം വയസ്സിൽ സ്വമേധയാ സ്വീകരിച്ച ബ്രഹ്മചര്യവും ആശ്രമത്തിലെ ലളിതവും കർക്കശവുമായ ജീവിതചര്യകളും ഭക്ഷണ നിയന്ത്രണവും നിരന്തരമായ ഉപവാസപരീക്ഷണങ്ങളുമൊക്കെ ഗാന്ധിജിയെ മാത്രം ബാധിക്കുന്ന വിഷയങ്ങളായിരുന്നില്ല. അങ്ങനെയൊരു  പരിഗണന  തനിക്കു ചുറ്റുമുള്ളവർക്കു ഗാന്ധിജി നൽകിയിരുന്നോ എന്നു സംശയമുണ്ടായിട്ടുണ്ട്. കുടുംബ ജീവിതത്തിലെ ,ഹിംസ എന്താണെന്നറിഞ്ഞു കൊണ്ടു തന്നെയാവണം അദ്ദേഹം പൊതു സമൂഹത്തിലെ അഹിംസയെക്കുറിച്ചു സംസാരിച്ചത്. ചരിത്രത്തിലും രാഷ്ട്രീയത്തിലുമൊക്കെ തീർത്തും അദൃശ്യരായിപ്പോയ ഗാന്ധിജിയുടെ മക്കൾ ,അദ്ദേഹത്തിൻ്റെ കടുത്ത  ആദർശനിഷ്ഠതയിലൂന്നിയ ജീവിതത്തിൻ്റെ ഇരകളായി പലരും പറഞ്ഞു കേട്ടിട്ടുണ്ട്.  

മഹാത്മാഗാന്ധിയെക്കുറിച്ച് ഇങ്ങനെ  വൈരുദ്ധ്യങ്ങളും സംഘർഷങ്ങളും നിറഞ്ഞ ധാരാളം ചിന്തകൾ പലപ്പോഴുമുണ്ടായിട്ടുണ്ട്. പാസീവ് റെസിസ്റ്റൻസ് എന്ന താരതമ്യേന തണുത്ത ആയുധവുമായി എങ്ങനെയാണൊരു മനുഷ്യൻ ദീർഘകാലം വലിയൊരു സാമ്രാജ്യത്വ ശക്തിയോടു പോരാടിയതെന്ന ചോദ്യത്തിനു മുന്നിൽ അതൊക്കെ നിഷ്പ്രഭമാകുകയാണു പതിവ്. സത്യത്തിലും പ്രേമത്തിലും അധിഷ്ഠിതമായ പ്രതിരോധം മാത്രമായിരുന്നു അദ്ദേഹം നടത്തിയത്, അതുതന്നെയായിരുന്നു ലോകം കണ്ടതിൽ വെച്ചേറ്റവും മൂർച്ചയുള്ള ,ഫലവത്തായ ആയുധവും.

ഒന്നിച്ചു ജീവിക്കലും ചിന്തിക്കലുമെന്ന ആശയത്തെ പ്രായോഗികതലത്തിലെത്തിച്ച ആശ്രമം എന്ന കാഴ്ചപ്പാട് ,ഇച്ഛാപൂർവ്വമായി തെരഞ്ഞെടുത്ത ദാരിദ്ര്യം ,സ്വാശ്രയത്വം , പൂർണ്ണതയ്ക്കു വേണ്ടിയുള്ള ശ്രമത്തിൽ നിരന്തരം നടത്തുന്ന പുനസൃഷ്ടികൾ .... ഗാന്ധിജിയുടെ ദർശനങ്ങളുടെ ആഴവും വ്യാപ്തിയും അതിശയിപ്പിക്കും. തൻ്റെ സൃഷ്ടികളിൽ ഏറ്റവും ഉദാത്തമായത് ആശ്രമമാണെന്നദ്ദേഹം എപ്പോഴും അവകാശപ്പെട്ടു.ഓരോ സത്യാഗ്രഹിയും ചലിക്കുന്ന ആശ്രമമാണെന്നു പ്രഖ്യാപിച്ചു. 

മഹാന്മാരായ മനുഷ്യർ രൂപപ്പെടുമ്പോൾ, അവരുടെ പ്രഭാവലയത്തിൻ്റെ തീക്ഷ്ണത കൂടുമ്പോൾ  ചുറ്റും ഏറ്റവുമടുത്തുള്ള കുറച്ചുപേർ ഇരുട്ടിലാഴുന്നു എന്നത് സനാതനമായ സത്യമാണ്. ഗാന്ധിജി സ്ത്രീപുരുഷ സമത്വത്തെക്കുറിച്ച് ഉദാത്തമായ ആശയങ്ങൾ അവതരിപ്പിച്ചിരുന്നു. ദാമ്പത്യം ദീർഘകാല സൗഹൃദമാണെന്നും ഭാര്യ ,ഭർത്താവ് ഇവരെ അളക്കാനുള്ള തുലാസ് രണ്ടു പേർക്കും ഒന്നു തന്നെയാവണമെന്നും സ്ത്രീക്ക് ഒന്നും പുരുഷനു മറ്റൊന്നും എന്ന രീതി പാടില്ലെന്നുമൊക്കെയുള്ള അർത്ഥത്തിൽ അദ്ദേഹം സംസാരിച്ചിട്ടുമുണ്ട്. എങ്കിലും കസ്തൂർബാ ഗാന്ധിയെക്കുറിച്ചും ഗാന്ധിജിയുടെ മക്കളെക്കുറിച്ചും വേദനയോടെ ഓർക്കുന്നു ,അവരാഗ്രഹിച്ചിരുന്ന ജീവിതമായിരുന്നിരിക്കുമോ അവർക്കു ലഭിച്ചത്?  

ഗാന്ധിയൻ ദർശനങ്ങൾ ,അദ്ദേഹമാവിഷ്കരിച്ച ജീവിതശൈലി ഇതൊക്കെയും അത്ഭുതകരമാണ് ,പക്ഷേ പ്രായോഗികമാക്കുക പ്രയാസവും. അതുകൊണ്ടുതന്നെ കുഞ്ഞുങ്ങൾ ചെറുതായിരുന്നപ്പോൾ  സത്യസന്ധതയ്ക്കുള്ള  ഉദാഹരണമായി ഗാന്ധിജിയുടെ കുട്ടിക്കാലാനുഭവങ്ങൾ  പറഞ്ഞു കൊടുത്തതിനപ്പുറം,  (എൻ്റെ കുട്ടിക്കാലത്തു ഞാൻ കേട്ടതു പോലെ )മറ്റൊന്നും അവർക്കുപദേശിച്ചിട്ടില്ല. സിലബസിൻ്റെ ഭാഗമായി അവരും ഗാന്ധിജിയെക്കുറിച്ചു പഠിച്ചിട്ടുണ്ടാവും.

ഗാന്ധിജിയുടെ നിശബ്ദ ഹിംസാ പരീക്ഷണങ്ങൾ 
ഗോളടിക്കുന്ന മഹാത്മാഗാന്ധി

ഗാന്ധിജി അപ്രാപ്യമായ ദൂരത്തായിരുന്നെങ്കിലും  ഗാന്ധിജയന്തി യുമായി ബന്ധപ്പെട്ടു ഊഷ്മളമായ ഓർമ്മകളുണ്ട്. അക്കാലത്ത് ഒരാഴ്ചയായിരുന്നു ഗാന്ധിജയന്തി ആഘോഷങ്ങൾ. സേവനവാരം എന്നു പേരിട്ടിരുന്ന ആ ഒരാഴ്ച ,സ്കൂൾ ജീവിതകാലത്തെ ഏറ്റവും രസകരമായ ദിവസങ്ങളായിരുന്നു. ക്ലാസ് റൂമും പരിസരങ്ങളും വൃത്തിയാക്കുക ,ബഞ്ചും ഡസ്കും ഉരച്ചു കഴുകുക ,പുല്ലുപറിക്കുക, പൂന്തോട്ടമുണ്ടാക്കുക.... തുടങ്ങി പലതരം ജോലികൾ .സ്കൂൾ മുഴുവൻ ഇളകി മറിയുന്ന ദിവസങ്ങൾ..... ഇടനേരത്ത് നാരങ്ങ വെള്ളം ,സംഭാരം , ഉച്ചയ്ക്ക് എല്ലാവരുമൊരുമിച്ചിരുന്നു കഴിക്കുന്ന ഉപ്പുമാവ് ,ചില ദിവസം അവൽ നനച്ചതും പഴവും .... അവസാന ദിവസത്തെ സ്പെഷ്യൽ പായസം .... എല്ലാ ദിവസവും സേവനവാരമായിരുന്നെങ്കിൽ എന്നു മോഹിപ്പിച്ചിരുന്ന പകലുകൾ! ഹൈസ്കൂളിലെത്തുമ്പോഴേക്ക് സേവനവാരം ഒറ്റദിവസമായി ചുരുങ്ങി. അവധിയായതുകൊണ്ട് അന്ന്  സ്കൂളിലെത്തിയില്ലെങ്കിലും പ്രശ്നമില്ലെന്നായി..

സേവനവാരത്തിനിടയിൽ ഒരിക്കൽ പോലും ഞങ്ങളാരും ഗാന്ധിജിയെ ഓർത്തിട്ടുണ്ടാവില്ല. ക്ലാസ്മുറിയുടെ തടവിൽ നിന്നു വിശാലമായ തുറസ്സിലേക്കിറങ്ങുന്നതിൻ്റെ ആനന്ദമായിരുന്നു അത്. പക്ഷേ  സ്വാശ്രയത്വത്തിലധിഷ്ഠിതമായ ,സഹവർത്തിത്വത്തിലും സഹകരണത്തിലുമൂന്നിയ സമൂഹത്തിൻ്റെ സൃഷ്ടിയെക്കുറിച്ചുള്ള ഗാന്ധിയുടെ ദർശനമായിരുന്നിരിക്കാം അബോധമായെങ്കിലും ആ ദിവസങ്ങൾ പകർന്നു തരാൻ ശ്രമിച്ചിരുന്നതെന്ന് ഇപ്പോൾ തോന്നുന്നു.

logo
The Fourth
www.thefourthnews.in