ഴാങ് ലക് ഗൊദാര്‍ദ്
ഴാങ് ലക് ഗൊദാര്‍ദ്

ഗൊദാര്‍ദ്: അനശ്വരതയിലേയ്ക്കുള്ള താത്കാലിക വിടവാങ്ങല്‍

സിനിമയിലൂടെ ജീവിതം നോക്കിക്കാണാനായിരുന്നു ഗൊദാര്‍ദിന് ഇഷ്ടം
Updated on
3 min read

To be or not to be. That’s not really a question
-Jean-Luc Godard

സിനിമയിലും ജീവിതത്തിലും വിഗ്രഹഭഞ്ജനത്തിന്‍റെ മറുപേരാണ് ഴാങ് ലക് ഗൊദാര്‍ദ്. കണ്ടിന്യുവിറ്റി എഡിറ്റിങ് എന്ന വിശുദ്ധമായ ചിത്രസംയോജന പ്രക്രിയയെ ഒട്ടാകെ പരിഹാസപൂര്‍വം തകിടം മറിച്ചുകൊണ്ടാണ് അദ്ദേഹം ബ്രെത്ലെസ് എന്ന ചിത്രത്തിലൂടെ ലോകസിനിമാ വേദിയില്‍ കാലെടുത്തുകുത്തിയത് തന്നെ. Every edit is a lie - എല്ലാ എഡിറ്റിങ്ങും നുണയാണ് എന്ന് അദ്ദേഹം പിന്നീട് പറഞ്ഞിട്ടുമുണ്ട്. സിനിമ സെക്കന്‍ഡില്‍ ഇരുപത്തിനാല് ഫ്രെയ്മുകളില്‍ പറയുന്ന സത്യമാണെന്ന് പറഞ്ഞതും ഗൊദാര്‍ദ് തന്നെ. (Cinema is truth twenty four frames per second).

''സിനിമ കലയാണ്. സിനിമ ചെയ്യുമ്പോള്‍ ലൊക്കേഷനില്‍ നിങ്ങള്‍ ഏകാകിയാണ്, ഒഴിഞ്ഞ ഒരു കടലാസു താളിന് മുന്നിലെന്ന പോലെ. ഒറ്റയ്ക്കാകുമ്പോള്‍ ഒരുപാട് ചോദ്യങ്ങള്‍ ഉയര്‍ന്നു വരുന്നു. ആ ചോദ്യങ്ങള്‍ക്കുള്ള ഉത്തരമാണ് സിനിമ.''
ഗൊദാര്‍ദ്

സിനിമയിലൂടെ ജീവിതം നോക്കിക്കാണാനായിരുന്നു ഗൊദാര്‍ദിന് ഇഷ്ടം. ജീവിതത്തിന്‍റെ ഓരോ ഋതുഭേദങ്ങളിലും മാറിമാറി വരുന്ന ചിന്താധാരകള്‍ക്കനുസൃതമായി സ്വന്തം ചലച്ചിത്രദര്‍ശനത്തെയും ജീവിതവീക്ഷണത്തെയും അദ്ദേഹം പുനര്‍നിര്‍വചിച്ചു കൊണ്ടിരുന്നു. ചിലപ്പോഴൊക്കെ ആ ദര്‍ശനങ്ങള്‍ പരസ്പര വിരുദ്ധമായി അദ്ദേഹത്തിന്‍റെ ആരാധകര്‍ക്ക് തന്നെ അനുഭവപ്പെട്ടു. സിനിമാ നിര്‍മ്മാണ പ്രക്രിയ ഒരു കൂട്ടുത്തരവാദിത്തമല്ലെന്ന് പോലും അദ്ദേഹം പറഞ്ഞിട്ടുണ്ട്. ''സിനിമ കലയാണ്. സിനിമ ചെയ്യുമ്പോള്‍ ലൊക്കേഷനില്‍ നിങ്ങള്‍ ഏകാകിയാണ്, ഒഴിഞ്ഞ ഒരു കടലാസു താളിന് മുന്നിലെന്ന പോലെ. ഒറ്റയ്ക്കാകുമ്പോള്‍ ഒരുപാട് ചോദ്യങ്ങള്‍ ഉയര്‍ന്നു വരുന്നു. ആ ചോദ്യങ്ങള്‍ക്കുള്ള ഉത്തരമാണ് സിനിമ.''

ഴാങ് ലക് ഗൊദാര്‍ദ്
വ്യവസ്ഥകളെ ധിക്കരിച്ച ഗൊദാർദിയൻ മാതൃക

എല്ലാവരോടും ഇടകലര്‍ന്ന് ജീവിക്കാനിഷ്ടപ്പെടുമ്പോഴും ഏകാന്തത കാത്തുസൂക്ഷിക്കാനാണ് ഗൊദാര്‍ദ് ഇഷ്ടപ്പെട്ടത്. മാറിയ കാലത്തിന്‍റെ സിനിമയെ അതിസൂക്ഷ്മമായി ഗൊദാര്‍ദ് ഒരിക്കല്‍ നിര്‍വചിച്ചു. സിനിമയുടെ ഉടയോന്‍ സംവിധായകനാണെന്ന സിദ്ധാന്തവുമായി പരമ്പരാഗത ചലച്ചിത്ര സമ്പ്രദായങ്ങളെ വെല്ലുവിളിച്ച ഫ്രഞ്ച് നവതരംഗ പ്രസ്ഥാനത്തിന്‍റെ പതാകാവാഹകരിലൊരാളായിരുന്ന ഗൊദാര്‍ദിന്‍റെ വാക്കുകള്‍: ''സംവിധാനം ചെയ്യുന്ന സിനിമകളുടെ അധിപന്‍മാരാണ് ഞങ്ങളെന്ന് വിശ്വസിച്ചിരുന്നു. ആ വിശ്വാസം തെറ്റായിരുന്നു. സത്യത്തില്‍ ഞങ്ങള്‍ക്ക് ഒരു ധാരണയും ഉണ്ടായിരുന്നില്ല. സിനിമ ഇല്ലാതായിരിക്കുന്നു. ആരും സിനിമയില്‍ പരീക്ഷണങ്ങള്‍ നടത്തുന്നില്ല. മൊബൈല്‍ ഫോണുകളും മറ്റും വ്യാപകമായതോടെ എല്ലാവരും സിനിമയുടെ മുതലാളിമാരായിരിക്കുന്നു.''

സിനിമയുടെ ഉള്ളടക്കത്തെയും ഘടനയെയും സംബന്ധിച്ച അടിസ്ഥാനപരമായ ചോദ്യങ്ങള്‍ എക്കാലത്തും ഗൊദാര്‍ദ് അഭിമുഖീകരിച്ചിരുന്നു

സാങ്കേതികതയുടെ സാന്നിദ്ധ്യം അനിവാര്യമായ മാധ്യമമെന്ന നിലയില്‍ മറ്റു കലാരൂപങ്ങളില്‍ നിന്ന് ഉയര്‍ന്നു നിന്നിരുന്ന സിനിമയെ ചുറ്റിപ്പറ്റി നിലനിന്നിരുന്ന മായികപ്രഭ ഇല്ലാതാകുന്നതിന്‍റെ രോഷമോ നിരാശയോ അദ്ദേഹത്തിന്‍റെ വാക്കുകളിലുണ്ടായിരുന്നുവോ? സിനിമയുടെ ഉള്ളടക്കത്തെയും ഘടനയെയും സംബന്ധിച്ച അടിസ്ഥാനപരമായ ചോദ്യങ്ങള്‍ എക്കാലത്തും ഗൊദാര്‍ദ് അഭിമുഖീകരിച്ചിരുന്നു. ആരും ചോദിച്ച ചോദ്യങ്ങളായിരുന്നില്ല അവ. നിരന്തരമായ സ്വയം നവീകരണപ്രക്രിയയുടെ ഭാഗമായി അദ്ദേഹം സ്വയം പ്രതിക്കൂട്ടില്‍ നില്‍ക്കുകയായിരുന്നു. ഫിലിം സോഷ്യലിസം, ഇമേജ് ബുക്ക്, ഗുഡ് ബൈ റ്റു ലാംഗ്വേജ് തുടങ്ങിയ അവസാന സിനിമകളില്‍ ഈ ചോദ്യങ്ങളെ അദ്ദേഹം അഭിമുഖീകരിക്കുന്നത് വളരെ സ്വതന്ത്രമായ ചലച്ചിത്രബോധത്തോടെയാണ്.

ഴാങ് ലക് ഗൊദാര്‍ദ്
കലാപങ്ങളിലൂടെ മാറ്റം കൊണ്ടുവരാന്‍ ശ്രമിച്ച ഗൊദാർദ്

ചലച്ചിത്ര നിര്‍മ്മാണ പ്രക്രിയയെക്കുറിച്ചും ചലച്ചിത്ര ചരിത്രത്തെക്കുറിച്ചും ലോകരാഷ്ട്രീയത്തിലെ സമകാലീന ചലനങ്ങളെക്കുറിച്ചും സിനിമ ആത്യന്തികമായി സൃഷ്ടിച്ചു പോന്ന എണ്ണമറ്റ ബിംബങ്ങളെക്കുറിച്ചും സംഗീതത്തെക്കുറിച്ചും ഭാഷയെക്കുറിച്ച് തന്നെയും ഗൊദാര്‍ദ് അനുപമമായ ദൃശ്യഭാഷയിലൂടെ ഈ സിനിമകളില്‍ സംസാരിച്ചു. ഈ സിനിമകളത്രയും ഗൊദാര്‍ദ് രചിച്ച ചലച്ചിത്ര പ്രബന്ധങ്ങളായിരുന്നു. ജീവിച്ചിരുന്ന കാലം മുഴുവന്‍ ലോകത്തിലെ ഏറ്റവും പ്രായം കുറഞ്ഞ, യൗവനയുക്തനും ആരാധ്യനുമായ ചലച്ചിത്രകാരനായി ഗൊദാര്‍ദിനെ നിലനിര്‍ത്തിയത് അടങ്ങാത്ത ഗവേഷണത്വരയായിരുന്നു. മാര്‍ക്സിസത്തെക്കുറിച്ചുള്ള ഗൗരവകരമായ ചിന്തകള്‍ ഗൊദാര്‍ദിനെ എക്കാലത്തും സ്വാധീനിച്ചിരുന്നു. പക്ഷേ മാര്‍ക്സിസ്റ്റ് പ്രത്യയശാസ്ത്രത്തെയും അദ്ദേഹം വളരെ വിമര്‍ശനാത്മകമായാണ് സമീപിച്ചിരുന്നത്.

"സമകാലീന സിനിമ മരിച്ചു. എനിക്കിനി ഇങ്ങനെ സിനിമ ചെയ്യേണ്ട. മൃതശരീരത്തെ പ്രാപിക്കുന്നതു പോലെയാകുമത്."
ഗൊദാര്‍ദ് ജീവിതപങ്കാളി വയ്സെംസ്കിക്കൊപ്പം
ഗൊദാര്‍ദ് ജീവിതപങ്കാളി വയ്സെംസ്കിക്കൊപ്പം

ഗൊദാര്‍ദിന്‍റെ ജീവിതപങ്കാളിയായിരുന്ന ആന്‍ വയ്സെംസ്കിയുടെ വണ്‍ ഇയര്‍ ലേയ്റ്റര്‍ എന്ന ആത്മകഥാപരമായ പുസ്തകത്തെ ആസ്പദമാക്കി 2011ല്‍ പുറത്തുവന്ന റീഡൗട്ടബിള്‍ എന്ന ചിത്രത്തിലെ ഒരു സന്ദര്‍ഭം ഓര്‍ക്കുന്നു. ആന്‍ വയ്സെംസ്കി പ്രധാന വേഷത്തില്‍ അഭിനയിച്ച ഗൊദാര്‍ദിന്‍റെ ദി ചൈനീസ് എന്ന സിനിമ അവിന്യോണ്‍ ചലച്ചിത്രമേളയിലെ ഉദ്ഘാടനചിത്രമായി പ്രദര്‍ശിപ്പിക്കുകയാണ്. ഗൊദാര്‍ദും ആനും മേളയില്‍ പങ്കെടുത്തിരുന്നു.

വാര്‍ത്താസമ്മേളനത്തില്‍ വച്ച് ഇങ്ങനെയൊരു ചോദ്യമുണ്ടായി:
"താങ്കള്‍ വിപ്ലവകാരിയാണോ?"
സിനിമ മാവോയിസ്റ്റ് പശ്ചാത്തലത്തിലുള്ളതായിരുന്നു. അതു കൊണ്ടാണ് ഈ ചോദ്യമുയര്‍ന്നത്.
ഗൊദാര്‍ദിന്‍റെ മറുപടി വളരെ ശാന്തവും ദാര്‍ശനികവുമായിരുന്നു:
"നൂറു പൂക്കള്‍ വിരിയണമെന്നു ഞാന്‍ ആശിക്കുന്നു; ഒപ്പം നൂറ് ആശയങ്ങളുടെ എതിര്‍സ്വരം ഉണ്ടാകണമെന്നും."
എപ്പോഴും എതിര്‍സ്വരങ്ങളെ ഇഷ്ടപ്പെട്ടിരുന്ന ഗൊദാര്‍ദ് ആ മേളയ്ക്കു ശേഷം പറഞ്ഞു: "സമകാലീന സിനിമ മരിച്ചു. എനിക്കിനി ഇങ്ങനെ സിനിമ ചെയ്യേണ്ട. മൃതശരീരത്തെ പ്രാപിക്കുന്നതു പോലെയാകുമത്."

ഴാങ് ലക് ഗൊദാര്‍ദ്
ഗൊദാര്‍ദ്- നിർവചനങ്ങൾക്ക് അപ്പുറത്തെ സർഗാത്മകത

പക്ഷേ, അക്കാലവും അദ്ദേഹം പിന്നിട്ടുപോന്നു. ചലച്ചിത്ര ജീവിതത്തിന്‍റെ വേറിട്ടൊരു കാലഘട്ടത്തിലേയ്ക്ക് ഗൊദാര്‍ദ് കടന്നു. വ്യവസ്ഥിതിയെയും തന്നെത്തന്നെയും വെല്ലുവിളിച്ചുകൊണ്ട് വീണ്ടും അദ്ദേഹം സിനിമയില്‍ സജീവമായി. ഇടത്തരക്കാരുടെ മനോവ്യാപാരങ്ങളെ തൃപ്തിപ്പെടുത്തുന്ന മധ്യവര്‍ത്തി സിനിമകളോട് ഗൊദാര്‍ദിന് താത്പര്യമുണ്ടായിരുന്നില്ല. രാഷ്ട്രീയ സിനിമകളായിരുന്നു അദ്ദേഹത്തിന്‍റെ ശക്തി- ഒരുപക്ഷേ ദൗര്‍ബല്യവും. ബ്രെത്ലെസ് മുതല്‍ അദ്ദേഹം പറയാന്‍ ശ്രമിച്ചത് സ്വന്തം രാഷ്ട്രീയ ദര്‍ശനമാണ്. ഹോളിവുഡ് സിനിമയുടെ രാഷ്ട്രീയത്തെ പരിഹസിക്കാനാണല്ലോ, അദ്ദേഹം ബ്രെത്ലെസ്സിലെ മിഷേല്‍ എന്ന നായകകഥാപാത്രത്തെ സൃഷ്ടിച്ചത്. (ഹോളിവുഡ് താരം ഹംഫ്രി ബോഗാര്‍ട്ടിനെ അനുകരിക്കുന്ന ആ കഥാപാത്രത്തെ അവതരിപ്പിച്ച ഴാങ് പോള്‍ ബെല്‍മോണ്ടോ കഴിഞ്ഞ വര്‍ഷമാണ് അന്തരിച്ചത്.)

സിനിമയുടെ ചരിത്രത്തോടും വിവിധ പരിണാമഘട്ടങ്ങളോടും എക്കാലത്തും ആഭിമുഖ്യമുണ്ടായിരുന്ന ഗൊദാര്‍ദ് കണ്‍ടെംപ്റ്റ് എന്ന സിനിമയില്‍ ജര്‍മ്മന്‍ എക്സ്പ്രഷനിസത്തിനും ഇറ്റാലിയന്‍ നിയോറിയലിസത്തിനും ഹോളിവുഡിന്‍റെ സുവര്‍ണ്ണകാലത്തിനും ആദരമര്‍പ്പിക്കുന്നുണ്ട്. ജര്‍മ്മന്‍ എക്സ്പ്രഷനിസ്റ്റ് സംവിധായകരില്‍ പ്രമുഖനായ ഫ്രിറ്റ്സ് ലാങ് ആ സിനിമയില്‍ അഭിനയിച്ചു. ഇറ്റലിയിലെ പ്രസിദ്ധമായ സിനിസിറ്റ സ്റ്റുഡിയോയിലാണ് ആ സിനിമ ഷൂട്ട് ചെയ്തത്. ഇറ്റലിയിലെ സിനിമാനിര്‍മ്മാണ പ്രക്രിയയാണ് സിനിമയുടെ ഇതിവൃത്തം എന്നു പറയാം.

സിനിമ, ലോകത്തിലെ ഏറ്റവും മനോഹരമായ തട്ടിപ്പാണെന്ന് പറഞ്ഞ ഗൊദാര്‍ദിന് സിനിമയല്ലാതെ മറ്റൊന്നും അറിയില്ലായിരുന്നു. അതുകൊണ്ട് സിനിമയെ സ്നേഹിച്ചും തള്ളിപ്പറഞ്ഞും പൊളിച്ചടുക്കിയും അദ്ദേഹം സിനിമയില്‍ത്തന്നെ ജീവിച്ചു.

കഥാകഥനത്തിലെ പരീക്ഷണങ്ങള്‍ ഗൊദാര്‍ദിന് ലഹരിയായിരുന്നു. ''ഒരു കഥയ്ക്ക് ആദിമദ്ധ്യാന്തങ്ങള്‍ ഉണ്ടാകണം. ആ ക്രമത്തില്‍ത്തന്നെ വേണമെന്നില്ലെന്നു മാത്രം'' എന്ന പ്രസിദ്ധമായ അഭിപ്രായത്തിലൂടെ അദ്ദേഹമത് വ്യക്തമാക്കി. (A story should have a beginning, a middle and an end… but not necessarily in that order). വിപ്ലവകരമായ ഈ അഭിപ്രായപ്രകടനം ഏറ്റവും പുതിയ തലമുറയിലെ ചലച്ചിത്രപ്രവര്‍ത്തകര്‍ പോലും ഇപ്പോഴും വേദവാക്യമായി കരുതിപ്പോരുന്നു. സിനിമ, ലോകത്തിലെ ഏറ്റവും മനോഹരമായ തട്ടിപ്പാണെന്ന് പറഞ്ഞ ഗൊദാര്‍ദിന് സിനിമയല്ലാതെ മറ്റൊന്നും അറിയില്ലായിരുന്നു. അതുകൊണ്ട് സിനിമയെ സ്നേഹിച്ചും തള്ളിപ്പറഞ്ഞും പൊളിച്ചടുക്കിയും അദ്ദേഹം സിനിമയില്‍ത്തന്നെ ജീവിച്ചു. അവസാന നിമിഷം വരെ സിനിമ ഭക്ഷിക്കുകയും സിനിമ ശ്വസിക്കുകയും സിനിമ സ്വപ്നം കാണുകയും ചെയ്തു. അതുകൊണ്ടുതന്നെ സിനിമയില്‍ ഗൊദാര്‍ദ് അനശ്വരനായി തുടരും.

logo
The Fourth
www.thefourthnews.in