സംസ്‌കൃതത്തില്‍ പ്രസംഗിച്ച് ലോക്‌സഭയെ വിസ്മയിപ്പിച്ച കമ്യൂണിസ്റ്റ് എം പി

സംസ്‌കൃതത്തില്‍ പ്രസംഗിച്ച് ലോക്‌സഭയെ വിസ്മയിപ്പിച്ച കമ്യൂണിസ്റ്റ് എം പി

കടുത്ത നേതൃക്ഷാമം അനുഭവിക്കുന്ന ഇന്ത്യന്‍ രാഷ്ട്രീയരംഗത്തിന്, പ്രത്യേകിച്ച് ഇന്ത്യന്‍ ഇടതുപക്ഷത്തിന്, ഹിമാലയസമാനമായ ദൃഢതയുള്ള ഹിരണ്‍ മുഖര്‍ജി പാഠവും മാതൃകയുമാണ്
Published on

ബി ബി സി ഉള്‍പ്പെടെയുള്ള വിദേശമാധ്യമങ്ങളില്‍ പ്രവര്‍ത്തിച്ച് പരിചയമുള്ള പ്രമുഖ ഇന്ത്യന്‍ ജേണലിസ്റ്റ് സാഗരിക ഘോഷ് അടുത്ത കാലത്തെഴുതിയ ലേഖനത്തില്‍ മുക്കാല്‍ നൂറ്റാണ്ട് മുമ്പാരംഭിച്ച് പതിനേഴാം ലോക്‌സഭ വരെയുള്ള കാലത്തിനിടെ ഇന്ത്യ കണ്ട ഏറ്റവും മികച്ച പത്ത് പാര്‍ലമെന്റംഗങ്ങളെ പരിചയപ്പെടുത്തുന്നുണ്ട്. സഭയ്ക്കകത്ത് പണ്ഡിതോചിതമായ പ്രസംഗങ്ങളിലൂടെയും സര്‍ഗാത്മകമായ ഇടപെടലുകളിലൂടെയും മികച്ച പ്രകടനങ്ങളിലൂടെയും യശസ്സ് നേടിയ ഈ പത്ത് പേരില്‍ പ്രധാനമന്ത്രി ജവഹര്‍ലാല്‍ നെഹ്‌റുവിനെയാണ് പ്രഥമസ്ഥാനത്ത് സാഗരിക പരിഗണിച്ചിട്ടുള്ളത്. നാല് കമ്യൂണിസ്റ്റ് എം പിമാരും ഈ പട്ടികയിലുണ്ട്.

ലോക്‌സഭയില്‍ അവിഭക്ത കമ്യൂണിസ്റ്റ് പാര്‍ട്ടിയുടെ ലീഡറായി പ്രവര്‍ത്തിച്ച പ്രൊഫ. ഹിരണ്‍ മുഖര്‍ജി, സി പി ഐയുടെ പാര്‍ലമെന്ററി പാര്‍ട്ടി നേതാവ് ഇന്ദ്രജിത് ഗുപ്ത, രാജ്യസഭയില്‍ സി പി ഐ ലീഡറായിരുന്ന ഭൂപേഷ് ഗുപ്ത, സി പി എം നേതാവും പിന്നീട് ലോക്‌സഭാ സ്പീക്കറുമായിരുന്ന സോമനാഥ് ചാറ്റര്‍ജി എന്നിവരെയാണ് ഇടതുപക്ഷത്തുനിന്ന് മികച്ച പാര്‍ലമെന്റേറിയന്മാരായി ഈ മാധ്യമപ്രവര്‍ത്തക കണക്കാക്കുന്നത്. കടുത്ത നേതൃക്ഷാമം അനുഭവിക്കുന്ന ഇന്ത്യന്‍ രാഷ്ട്രീയരംഗത്തിന്, പ്രത്യേകിച്ച് ഇന്ത്യന്‍ ഇടതുപക്ഷത്തിന്, ഹിമാലയസമാനമായ ദൃഢതയുള്ള ഹിരണ്‍ മുഖര്‍ജി പാഠവും മാതൃകയുമാണ്.

2004 ജൂലൈ 30 ന് തൊണ്ണൂറ്റി ഏഴാം വയസ്സില്‍ അന്തരിക്കുന്നതുവരെ ഹിരണ്‍ മുഖര്‍ജി കര്‍മനിരതനായിരുന്നു. പശ്ചിമബംഗാളിനെ കണ്ണീരിലാഴ്ത്തി അദ്ദേഹം കടന്നുപോകുമ്പോള്‍ ഉള്ളുനുറുങ്ങി പൊട്ടിക്കരഞ്ഞവരില്‍ പാര്‍ട്ടി വ്യത്യാസമില്ലാതെ പതിനായിരങ്ങളുണ്ടായിരുന്നതായി പില്‍ക്കാലത്ത് പ്രസിദ്ധ ചലച്ചിത്രകാരന്‍ മൃണാള്‍സെന്‍ എഴുതുകയുണ്ടായി

കൊല്‍ക്കത്ത നോര്‍ത്ത് ഈസ്റ്റ് മണ്ഡലത്തില്‍നിന്ന് 1952, 1957, 1962, 1967, 1971 എന്നീ വര്‍ഷങ്ങളില്‍ തുടര്‍ച്ചയായി വന്‍ഭൂരിപക്ഷത്തില്‍ ലോക്‌സഭയിലേക്ക് തെരഞ്ഞെടുക്കപ്പെട്ടു പോന്ന ഹിരേന്ദ്രനാഥ് മുഖോപാധ്യായ അഥവാ ഹിരണ്‍മുഖര്‍ജിയെന്ന ഈ നേതാവിന്റെ ചരിത്രം ഗതകാല കിഴക്കന്‍ ഇന്ത്യയുടെ വിപ്ലവസ്വപ്‌നങ്ങള്‍ അരുണാഭമാക്കിയ നിരവധി ഓര്‍മകളിരമ്പുന്നതാണ്. സി പി ഐ കേന്ദ്ര ആസ്ഥാനമായ ഡല്‍ഹി അജോയ്ഭവനിലെ പാര്‍ട്ടി ക്ലാസില്‍ പങ്കെടുക്കാനും അദ്ദേഹത്തിന്റെ സരസവും സാരസമ്പുഷ്ടവുമായ വാഗ്മിതയില്‍ ഏറെ മണിക്കൂറുകള്‍ ലയിച്ചിരിക്കാനും ഈ ലേഖകന് ഭാഗ്യം സിദ്ധിച്ചിട്ടുണ്ട്. എഴുപതുകളുടെ അവസാനകാലത്തെ ആ പാര്‍ട്ടി ക്ലാസുകള്‍ ഇന്നും ത്രസിപ്പിക്കുന്ന സ്മരണയാണ്.

പ്രൊഫ. ഹിരണ്‍ മുഖര്‍ജി
പ്രൊഫ. ഹിരണ്‍ മുഖര്‍ജി
സംസ്‌കൃതത്തില്‍ പ്രസംഗിച്ച് ലോക്‌സഭയെ വിസ്മയിപ്പിച്ച കമ്യൂണിസ്റ്റ് എം പി
പ്രതിപക്ഷമുക്ത ഭാരതത്തിലേക്കുള്ള ഹിന്ദുത്വ രാഷ്ട്രീയത്തിന്റെ 'അവിശുദ്ധയുദ്ധം'

സഖാക്കള്‍ ഹിരണ്‍ മുഖര്‍ജിയും എസ് എ ഡാങ്കെയും മോഹിത് സെനും ഭൂപേഷ് ഗുപ്തയും ഇന്ദ്രജിത് ഗുപ്തയുമെല്ലാം ശിരസ്സുയര്‍ത്തി നടന്നുനീങ്ങിയ അജോയ്ഭവനിലെ ഇടനാഴികളില്‍ ഒരു വേള ഇന്നും അണയാത്ത ചിന്തയുടെ അഗ്നിസ്ഫുലിംഗങ്ങള്‍ ചിതറിക്കിടപ്പുണ്ടാകും. 2004 ജൂലൈ 30 ന് തൊണ്ണൂറ്റി ഏഴാം വയസ്സില്‍ അന്തരിക്കുന്നത് വരെ ഹിരണ്‍ മുഖര്‍ജി കര്‍മനിരതനായിരുന്നു. പശ്ചിമബംഗാളിനെ കണ്ണീരിലാഴ്ത്തി അദ്ദേഹം കടന്നുപോകുമ്പോള്‍ ഉള്ളുനുറുങ്ങി പൊട്ടിക്കരഞ്ഞവരില്‍ പാര്‍ട്ടിവ്യത്യാസമില്ലാതെ പതിനായിരങ്ങളുണ്ടായിരുന്നതായി പില്‍ക്കാലത്ത് പ്രസിദ്ധ ചലച്ചിത്രകാരന്‍ മൃണാള്‍സെന്‍ എഴുതുകയുണ്ടായി. ഇന്ത്യാ ചരിത്രത്തിന് ബംഗാള്‍ നല്‍കിയ സംഭാവനയെക്കുറിച്ചുള്ള ഡോക്യുമെന്ററി നിര്‍മാണത്തിന് ഹിരണ്‍ബാബു നല്‍കിയ സഹായങ്ങളെക്കുറിച്ചും മൃണാള്‍സെന്‍ ഓര്‍ക്കുകയുണ്ടായി. ദക്ഷിണേശ്വറിലെ ഖനിത്തൊഴിലാളികള്‍ അവരുടെ കരിപുരണ്ട ജീവിതത്തിന്റെ ദൈന്യാവസ്ഥ പുറംലോകത്തെത്തിച്ച മഹാനായ നേതാവിന്റെ നിര്യാണത്തില്‍ ആര്‍ത്തലച്ച് വിലപിച്ചതായി മുഖ്യമന്ത്രിയായിരുന്ന ബുദ്ധദേവ് ഭട്ടാചാര്‍ജി ദു:ഖപൂര്‍വം അയവിറക്കുകയുണ്ടായി. ഭട്ടാചാര്‍ജി പറഞ്ഞു: ''എന്റെ രക്ഷകനെയാണ് എനിക്ക് നഷ്ടപ്പെട്ടത്.''


അക്കാദമിക പാണ്ഡിത്യത്തിന്റെ മഹാസാഗരം നീന്തിക്കടക്കുമ്പോഴും വിശ്വചരിത്രത്തിന്റെ വിസ്മയങ്ങള്‍ ഉള്ളം കൈയിലിട്ട് അമ്മാനമാടുമ്പോഴും താഴെത്തട്ടിലുള്ള ജനങ്ങളെ കരുതലോടെ ചേര്‍ത്ത് നിര്‍ത്തിയ സഖാവായിരുന്നു ഹിരണ്‍ മുഖര്‍ജി. അതുകൊണ്ടാണ് തുടര്‍ച്ചയായ അഞ്ചു തവണയും വന്‍ഭൂരിപക്ഷത്തോടെ അദ്ദേഹം തെരഞ്ഞെടുക്കപ്പെട്ടത്. മിക്ക തിരഞ്ഞെടുപ്പുകളിലും എതിര്‍സ്ഥാനാര്‍ഥികള്‍ക്ക് കിട്ടിയതിന്റെ ഇരട്ടിവോട്ടുകള്‍ ഹിരണ്‍ദാദയുടെ അരിവാള്‍ നെല്‍ക്കതിര്‍ അടയാളത്തില്‍ കുലച്ചുനിന്നു. കാലത്തിന്റെ കാവ്യനീതിയാകാം, അടിയന്തരാവസ്ഥയുടെ പാപഭാരത്തില്‍ അല്പകാലമെങ്കിലും കോണ്‍ഗ്രസിനോടൊപ്പം പങ്കാളിയായതിന്റെ ശിക്ഷയാവണം, 1977 ലെ തെരഞ്ഞെടുപ്പില്‍ കൊല്‍ക്കത്ത നോര്‍ത്ത് ഈസ്റ്റ് മണ്ഡലം ഹിരണ്‍ മുഖര്‍ജിയെ കൈവിട്ടത് പലരെയും ഞെട്ടിച്ചു. ഇന്ദിരാഗാന്ധി പോലും വീണ തിരഞ്ഞെടുപ്പല്ലേയെന്ന് ചിലരെങ്കിലും ആശ്വസിച്ചു. പിന്നീട് കേന്ദ്രവിദ്യാഭ്യാസമന്ത്രിയായ പ്രഫുല്ല ചന്ദ്രചുന്ദറിനോടാണ് അദ്ദേഹത്തിന് അടിയറവ് പറയേണ്ടി വന്നതെന്നതും ഒരു ഭാഗ്യവിപര്യയമാകാം.

ജോലി രാജിവെച്ച് 1936 ല്‍ കോണ്‍ഗ്രസ് സോഷ്യലിസ്റ്റ് പാര്‍ട്ടി വഴി കമ്യൂണിസ്റ്റ് പാര്‍ട്ടിയിലെത്തിയ ഹിരണ്‍മുഖര്‍ജി ഇംഗ്ലിഷിലും ബംഗാളിയിലും ഉജ്വലമായി പ്രസംഗിച്ചു. പാര്‍ലമെന്റിനകത്തെ ഇടിമുഴക്കമായിരുന്നു അതെങ്കില്‍ ബംഗാളിലെ ചണ - ഖനിത്തൊഴിലാളികള്‍ക്ക് ആ സമരസഖാവിന്റെ വാക്കുകള്‍ ആശ്വാസത്തിന്റെ കുളിരലയും ആവേശദായകമായ പോര്‍വിളികളുമായിരുന്നു

കൊല്‍ക്കത്ത പ്രസിഡന്‍സി കോളേജില്‍നിന്ന് ചരിത്രത്തില്‍ ബിരുദവും പൊളിറ്റിക്കല്‍ സയന്‍സില്‍ മാസ്റ്റര്‍ ബിരുദവും നേടിയ ഹിരണ്‍ മുഖര്‍ജി ഓക്‌സ്‌ഫോര്‍ഡില്‍നിന്ന് ബി ലിറ്റ് (ഓക്‌സോണ്‍), ലണ്ടന്‍ ലിങ്കണ്‍സ് ഇന്‍ യൂണിവേഴ്‌സിറ്റിയില്‍നിന്ന് ബാരിസ്റ്റര്‍ അറ്റ് ലോ ബിരുദവും കരസ്ഥമാക്കിയശേഷമാണ് പൊതുരംഗത്തേക്കിറങ്ങിയത്. ഇത്രയും അക്കാദമിക യോഗ്യത നേടിയ ഒരാള്‍ ഇടതുപക്ഷത്തിന്റെ മുന്‍നിര പോരാളിയായി മാറിയത് ചരിത്രത്തിലെ തിളങ്ങുന്ന അധ്യായമാണ്. സിവില്‍ സര്‍വിസ് ഉപേക്ഷിച്ച് ചെങ്കൊടി പിടിച്ച ഭൂപേഷ് ഗുപ്തയാകണം ഇക്കാര്യത്തില്‍ ഹിരണ്‍ മുഖര്‍ജിയുടെ സമകാലികനായ സഖാവെന്നു തോന്നുന്നു. ആന്ധ്രാ യൂണിവേഴ്‌സിറ്റിയില്‍ ഒന്നര വര്‍ഷം പൊളിറ്റിക്‌സ് ലക്ചറര്‍ പദവിയിലിരുന്ന ഹിരണ്‍, കൊല്‍ക്കത്തയില്‍ തിരിച്ചെത്തി പ്രസിദ്ധമായ സുരേന്ദ്രനാഥ് കോളേജില്‍ ചരിത്രവിഭാഗം മേധാവിയായി. ജോലി രാജിവെച്ച് 1936 ല്‍ കോണ്‍ഗ്രസ് സോഷ്യലിസ്റ്റ് പാര്‍ട്ടി വഴി കമ്യൂണിസ്റ്റ് പാര്‍ട്ടിയിലെത്തിയ ഹിരണ്‍മുഖര്‍ജി ഇംഗ്ലിഷിലും ബംഗാളിയിലും ഉജ്വലമായി പ്രസംഗിച്ചു. പാര്‍ലമെന്റിനകത്തെ ഇടിമുഴക്കമായിരുന്നു അതെങ്കില്‍ ബംഗാളിലെ ചണ - ഖനിത്തൊഴിലാളികള്‍ക്ക് ആ സമരസഖാവിന്റെ വാക്കുകള്‍ ആശ്വാസത്തിന്റെ കുളിരലയും ആവേശദായകമായ പോര്‍വിളികളുമായിരുന്നു. ട്രേഡ് യൂണിയന്‍ രംഗത്ത് സജീവമായി പ്രവര്‍ത്തിച്ചതിനാല്‍ രാജ്യത്തെ തൊഴിലാളിവര്‍ഗത്തിന്റെ അവകാശങ്ങളെക്കുറിച്ച് ആഴത്തിലുള്ള അറിവുകള്‍ അദ്ദേഹത്തിന് ലഭിക്കുകയും പാര്‍ലമെന്റിനകത്ത് അവയത്രയും പ്രകടിപ്പിക്കുന്നതിനുള്ള അവസരങ്ങള്‍ ലഭിക്കുകയും ചെയ്തു. പല അടിസ്ഥാന പ്രശ്‌നങ്ങളും പരിഹരിക്കപ്പെട്ടു. ഓള്‍ ഇന്ത്യാ പ്രോഗ്രസീവ് റൈറ്റേഴ്‌സ് അസോസിയേഷന്‍ സ്ഥാപകാംഗമാണ് ഹിരണ്‍ മുഖര്‍ജി. 1940 ല്‍ ഇന്‍ഡോ- സോവ്യറ്റ് ജേണലിന്റെ എഡിറ്ററായി. ഇന്ത്യന്‍ പീപ്പിള്‍സ് തിയേറ്ററിന്റെ (ഇപ്റ്റ) ചെയര്‍മാനായും അദ്ദേഹം പ്രവര്‍ത്തിച്ചു.

ഹിരണ്‍ മുഖര്‍ജിയുടെ പുസ്തകം
ഹിരണ്‍ മുഖര്‍ജിയുടെ പുസ്തകം
നെഹ്‌റുവിന്റെ ഏറ്റവുമിഷ്ടപ്പെട്ട സുഹൃദ് വലയത്തിലെ പേരുകാരനായിരുന്ന ഹിരൺ മുഖർജി പാര്‍ട്ടിഭേദമന്യേ നേതാക്കളെയും പ്രവര്‍ത്തകരെയും ചങ്ങാത്തത്തിന്റെ കരവലയത്തിലൊതുക്കി. അതേസമയം രാഷ്ട്രീയനിലപാടുകളില്‍ ഒട്ടും വീഴ്ച വരുത്തിയുമില്ല

1948 ല്‍ പാര്‍ട്ടി നിരോധനകാലത്ത് വിചാരണ കൂടാതെ ഒരു വര്‍ഷം തടവില്‍. ആദ്യ പൊതുതിരഞ്ഞെടുപ്പില്‍ - 1952 ല്‍ പാര്‍ട്ടി ടിക്കറ്റില്‍ മല്‍സരിച്ച ഹിരണ്‍ ബാബു ഇന്ത്യയുടെ പ്രഥമ ലോക്‌സഭയിലെ അവിഭക്ത കമ്യൂണിസ്റ്റ് പാര്‍ട്ടിയുടെ ഗ്രൂപ്പ് ലീഡറായി. തുടര്‍ന്നുള്ള തിരഞ്ഞെടുപ്പുകളിലും കൊല്‍ക്കത്ത നോര്‍ത്ത് ഈസ്റ്റ് മണ്ഡലം ഹിരണ്‍ മുഖര്‍ജിയുടെ സ്ഥിരം തട്ടകമായി. കമ്യൂണിസ്റ്റ് പാര്‍ട്ടി പിളര്‍പ്പിനുശേഷം പാര്‍ലമെന്റില്‍ പാര്‍ട്ടി ഡെപ്യൂട്ടി ലീഡറായി. ഇന്ദ്രജിത് ഗുപ്തയായിരുന്നു ലീഡര്‍. പാര്‍ലമെന്റ് ലൈബ്രറിയുടെ ഹോണററി അഡ്വൈസറായി പ്രവര്‍ത്തിച്ചിരുന്ന ഹിരണ്‍ മുഖര്‍ജിക്ക് 1978 ല്‍ സോവ്യറ്റ് ലാൻഡ് നെഹ്‌റു പുരസ്‌കാരം ലഭിച്ചു. 1990 ല്‍ പത്മഭൂഷണും തൊട്ടടുത്ത വര്‍ഷം പത്മവിഭൂഷണ്‍ പുരസ്‌കാരവും ഹിരണ്‍ മുഖര്‍ജിയെ തേടിയെത്തി.

ഹിരണ്‍ മുഖര്‍ജിയുടെ ഛായാചിത്രം പാര്‍ലമെന്റ് ഹൗസില്‍ അന്ന് ഉപരാഷ്ട്രപതിയായിരുന്ന ഹാമിദ് അന്‍സാരി അനാച്ഛാദനം ചെയ്യുന്നു. അമര്‍ത്യാ സെന്‍, അന്നത്തെ പ്രധാനമന്ത്രി ഡോ. മന്‍മോഹന്‍സിങ്, ലോക്‌സഭാ സ്പീക്കറായിരുന്ന സോമനാഥ് ചാറ്റര്‍ജി എന്നിവര്‍ സമീപം
ഹിരണ്‍ മുഖര്‍ജിയുടെ ഛായാചിത്രം പാര്‍ലമെന്റ് ഹൗസില്‍ അന്ന് ഉപരാഷ്ട്രപതിയായിരുന്ന ഹാമിദ് അന്‍സാരി അനാച്ഛാദനം ചെയ്യുന്നു. അമര്‍ത്യാ സെന്‍, അന്നത്തെ പ്രധാനമന്ത്രി ഡോ. മന്‍മോഹന്‍സിങ്, ലോക്‌സഭാ സ്പീക്കറായിരുന്ന സോമനാഥ് ചാറ്റര്‍ജി എന്നിവര്‍ സമീപം

ബംഗാളി ചുവയുള്ള ഇംഗ്ലിഷായിരുന്നില്ല, തനി ഓക്‌സ്‌ഫോര്‍ഡ് ശൈലിയില്‍ തന്നെയായിരുന്നു ഹിരണ്‍ മുഖര്‍ജിയുടെ ആംഗലേയ പ്രഭാഷണങ്ങളെന്ന് അദ്ദേഹത്തെക്കുറിച്ച് പുസ്തകമെഴുതിയ പ്രതുല്‍ ലാഹ്‌രി ഓര്‍ക്കുന്നു. ഒരിക്കല്‍ പാര്‍ലമെന്റില്‍ അരമണിക്കൂര്‍ നീണ്ട സംസ്‌കൃതപ്രസംഗത്തിലൂടെ ഹിരണ്‍ മുഖര്‍ജി ലോക്‌സഭാംഗങ്ങളെ വിസ്മയിപ്പിച്ചതായി ചരിത്രമുണ്ട്. സഭാനേതാവും ഭരണ-പ്രതിപക്ഷാംഗങ്ങളുമെല്ലാം ഹിരണ്‍ മുഖര്‍ജിയുടെ സംസ്‌കൃതജ്ഞാനത്തില്‍ അദ്ഭുതം കൊണ്ടു. നെഹ്‌റുവിന്റെ ഏറ്റവുമിഷ്ടപ്പെട്ട സുഹൃദ്‌വലയത്തിലെ പേരുകാരനായിരുന്ന ഇദ്ദേഹം പാര്‍ട്ടിഭേദമന്യേ നേതാക്കളെയും പ്രവര്‍ത്തകരെയും ചങ്ങാത്തത്തിന്റെ കരവലയത്തിലൊതുക്കി. അതേസമയം രാഷ്ട്രീയനിലപാടുകളില്‍ ഒട്ടും വീഴ്ച വരുത്തിയുമില്ല. പാര്‍ട്ടിപ്രവര്‍ത്തനത്തോടും പ്രസംഗങ്ങളോടുമൊപ്പം ബംഗാളിയിലും ഇംഗ്ലിഷിലും നിരന്തരം ലേഖനങ്ങളെഴുതി. പാര്‍ട്ടി മുഖപത്രമായ ന്യൂ ഏജില്‍ കനപ്പെട്ട പ്രതിവാര രാഷ്ട്രീയകോളങ്ങളെഴുതി. രണ്ടു ഭാഷകളിലായി അമ്പത് ഗ്രന്ഥങ്ങള്‍ രചിച്ചു.

സംസ്‌കൃതത്തില്‍ പ്രസംഗിച്ച് ലോക്‌സഭയെ വിസ്മയിപ്പിച്ച കമ്യൂണിസ്റ്റ് എം പി
ആയിരം വാക്കുകളെക്കാള്‍ ശക്തമായ ചിത്രം, എന്നിട്ടും ന്യൂസ് റൂമുകള്‍ അത് ഒഴിവാക്കിയതെന്തുകൊണ്ട്?

കക്ഷിവ്യത്യാസത്തിന് അതീതനായി ഒരു വേള, ഇന്ത്യന്‍ രാഷ്ട്രപതി സ്ഥാനത്തേക്കുപോലും ഹിരണ്‍ മുഖര്‍ജിയുടെ പേര് പരിഗണിക്കപ്പെട്ടിരുന്നു. 'ഹിരണ്‍ മുഖര്‍ജി സ്മാരക പാര്‍ലമെന്ററി ലക്ചര്‍ ചെയര്‍' ഏര്‍പ്പെടുത്തി ലോക്‌സഭ അദ്ദേഹത്തെ ആദരിച്ചു. പാര്‍ലമെന്റ് ഹൗസില്‍ അദ്ദേഹത്തിന്റെ ഛായാചിത്രം അന്നത്തെ ഉപരാഷ്ട്രപതി ഹാമിദ് അന്‍സാരി അനാവരണം ചെയ്തു.
അപൂര്‍വങ്ങളില്‍ അപൂര്‍വമായ വ്യക്തിത്വത്തിനുടമയായിരുന്നു ഹിരണ്‍മുഖര്‍ജിയെന്ന് ഛായാചിത്രം അനാവരണം ചെയ്ത ചടങ്ങില്‍ അമര്‍ത്യാ സെന്‍ അനുസ്മരിക്കുകയുണ്ടായി. വിഭാ മുഖര്‍ജിയാണ് ഹിരണ്‍മുഖര്‍ജിയുടെ ജീവിത സഖാവ്.

logo
The Fourth
www.thefourthnews.in