ചൈനീസ് കോക്‌ടെയില്‍ 'പിരിയുന്നതി'ന്റെ തിക്തഫലങ്ങള്‍
ലോകം മുഴുവന്‍ പണപ്പെരുപ്പ (ഇന്‍ഫ്‌ളേഷന്‍)ത്തെ അഭിമുഖീകരിക്കുമ്പോള്‍ ലോകത്തെ ഏറ്റവും വലിയ രണ്ടാമത്തെ സാമ്പത്തിക ശക്തിയായ ചൈന പണച്ചുരുക്കം (ഡിഫ്‌ളേഷന്‍) മൂലമുള്ള പ്രതിസന്ധിയിലേക്ക് കൂപ്പുകുത്തുന്നത് അസാധാരണമായ കാഴ്‌ചയാണ്. കമ്യൂണിസ്റ്റ് പാര്‍ട്ടിയുടെ കീഴിലുള്ള ഏകാധിപത്യ സര്‍ക്കാര്‍ സോഷ്യലിസ്റ്റ് 'നീതിശാസ്‌ത്ര'ത്തെ മാറ്റിവച്ചുകൊണ്ട് സ്വതന്ത്ര വിപണി സമ്പദ്‌വ്യവസ്ഥയ്‌ക്ക് വാതിലുകള്‍ തുറന്നിട്ടതിന്റെ ഫലമായി ചൈന കൈവരിച്ച ശക്തമായ വളര്‍ച്ചയാണ് വഴിമുട്ടി നില്‍ക്കുന്നത്. യഥാര്‍ത്ഥത്തില്‍ കോവിഡിനു ശേഷമുള്ള സവിശേഷ സാഹചര്യത്തെത്തുടര്‍ന്ന് തങ്ങള്‍ ഇതുവരെ സേവിച്ച `കോക്‌ടെയിലി'ന്റെ ചേരുവകളില്‍ ചില മാറ്റങ്ങള്‍ വേണമെന്ന് കമ്യൂണിസ്റ്റ് സര്‍ക്കാരിന് പൊടുന്നനെയുണ്ടായ ബോധോദയമാണ് ഈ വഴിമുട്ടലിലേക്ക് ചൈനയെ എത്തിച്ചത്.
ചൈനയുടെ ഉപഭോക്തൃവില സൂചിക ജൂലൈയില്‍ മുന്‍വര്‍ഷത്തെ അപേക്ഷിച്ച് 0.3 ശതമാനവും ഉല്‍പ്പാദക വില സൂചിക 4.4 ശതമാനവും ഇടിഞ്ഞതോടെയാണ് പണച്ചുരുക്കം സ്ഥിരീകരിക്കപ്പെട്ടത്. മറ്റു രാജ്യങ്ങളില്‍നിന്ന് വ്യത്യസ്‌തമായി ഏറെ നീണ്ടുപോയ ചൈനയിലെ ലോക്‌ഡൗണ്‍ ഈ വര്‍ഷമാദ്യം പിന്‍വലിച്ചതോടെ അവിടുത്തെ സമ്പദ്‌വ്യവസ്ഥ കരകയറ്റം നടത്തുമെന്ന പ്രതീക്ഷകളെ അസ്ഥാനത്താക്കിയാണ് ലോകത്തെ ഏറ്റവും വലിയ രണ്ടാമത്തെ സാമ്പത്തിക ശക്തി പണച്ചുരുക്കത്തില്‍ അകപ്പെട്ടത്. ഉല്‍പ്പാദക വില സൂചിക 4.1 ശതമാനം ഉയരുമെന്ന പ്രവചനങ്ങള്‍ അസ്ഥാനത്തായി. കോവിഡ് മൂലമുള്ള നിയന്ത്രണങ്ങളുടെ കാലത്ത് സാമ്പത്തിക നയങ്ങളില്‍ വരുത്തിയ മാറ്റങ്ങള്‍ തങ്ങള്‍ക്ക് പ്രതികൂലമായി ഭവിച്ചുവെന്നും രാജ്യത്തിന് അവശ്യം വേണ്ട ആഭ്യന്തര ഡിമാന്റ് താളം തെറ്റിയ സാമ്പത്തികനില മൂലം ശുഷ്‌കമായെന്നും തങ്ങളുടെ സമ്പദ്‌വ്യവസ്ഥ എത്രത്തോളം മറ്റ് രാജ്യങ്ങളുമായി ബന്ധിതമാണെന്നും ചൈന തിരിച്ചറിഞ്ഞത് ലോക്‌ഡൗണ്‍ പിന്‍വലിക്കപ്പെട്ടതിനെ തുടര്‍ന്ന് വിപണി സാധാരണ നിലയിലേക്ക് മടങ്ങിയശേഷമാണ്.
വ്യാപാരയുദ്ധത്തിനും ഡീഗ്ലോബലൈസേഷനും വഴിവച്ച ഭിന്നതകള്‍
മുന്‍ യുഎസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് തുടങ്ങിവച്ച വ്യാപാരയുദ്ധത്തിന് കോവിഡ് കാലത്തു പുതിയ മുഖം കൈവന്നതും അതിനെത്തുടര്‍ന്ന് ഭാഗികമായ ഡീഗ്ലോബലേസഷനിലേക്ക് വിവിധ രാജ്യങ്ങള്‍ കടന്നതും ഉള്‍പ്പെടെയുള്ള ഭൗമരാഷ്‌ട്രീയ പശ്ചാത്തലം ഇന്ന് ചൈന നേരിടുന്ന പ്രതിസന്ധിക്കുണ്ട്. കോവിഡ് ചൈനയ്‌ക്കും ലോകത്തിനുമടയില്‍ പുതിയൊരു അതിര്‍വരമ്പ് സൃഷ്‌ടിക്കുകയാണ് ചെയ്‌തത്. ആഗോളവല്‍ക്കരണത്തിന്റെ ഗുണഫലങ്ങള്‍ ഏറ്റവുമേറെ പ്രയോജനപ്പെടുത്തിയ രാജ്യമാണ് ചൈന. എന്നാല്‍ പിന്നീട് അവര്‍ ആഗോളവല്‍ക്കരണ നയങ്ങളില്‍ അയവ് വരുത്തി. കോവിഡ് ഡീഗ്ലോബലൈസേഷന് വഴിവെക്കുമെന്ന ഒരു വിഭാഗം സാമ്പത്തിക വിദഗ്‌ധരുടെ നിരീക്ഷണങ്ങള്‍ ശരിവെച്ചുകൊണ്ട് ചൈന ലോകത്തിന്റെ ഇതരഭാഗവുമായുള്ള വ്യാപാര-സാമ്പത്തിക ഇടപാടുകളുടെ കണ്ണികളില്‍ അയവ് വരുത്താനുള്ള ഇടപെടലുകള്‍ നടത്തിയത് പക്ഷേ അവര്‍ക്കുതന്നെ തിരിച്ചടിയായതിന്റെ ഫലമാണ് ഇപ്പോള്‍ കാണുന്നത്.
ചൈനയ്‌ക്കെതിരെ ഡൊണാള്‍ഡ് ട്രംപ് തുടങ്ങിവച്ച വ്യാപാരയുദ്ധം കോവിഡിനെത്തുടര്‍ന്ന് പുതിയ തലത്തിലേക്ക് എത്തുകയാണ് ചെയ്‌തത്. ലോകത്തിന്റെ `മാനുഫാക്‌ചറിങ് ഹബ്' ആയ ചൈനയോടുള്ള അമിത ആശ്രിതത്വം അപകടകരമാണെന്ന തിരിച്ചറിവിലേക്കാണ് മറ്റു രാജ്യങ്ങളെ കോവിഡ് കാലം എത്തിച്ചത്. ചൈനയാണ് ഈ മഹാമാരിയുടെ വിളനിലമെന്നതും രോഗവ്യാപനം തടയാന്‍ ആ രാജ്യം ഫലപ്രദമായ നടപടികള്‍ ആദ്യഘട്ടത്തില്‍ കൈകൊണ്ടില്ലെന്നതും ലോകമെമ്പാടും ചൈനീസ് വിരുദ്ധ വികാരത്തിന് തിരികൊളുത്തി.
ലിബറല്‍ ഡെമോക്രസി നിലനില്‍ക്കുന്ന തങ്ങളുടെ രാജ്യങ്ങളിലെ കര്‍ശനമായ റെഗുലേറ്ററി സംവിധാനം മൂലം നിര്‍ബന്ധമായും പാലിക്കേണ്ട ചട്ടങ്ങള്‍ വരുത്തിവയ്ക്കുന്ന ഉയര്‍ന്ന സാമ്പത്തിക ചെലവ് കുറയ്‌ക്കാന്‍ വേണ്ടിയാണ് വിവിധ ആഗോള കമ്പനികള്‍ ലോകത്തിന്റെ മാനുഫാക്‌ചറിങ് ഹബ് ആയി നിലകൊണ്ട ചൈനയില്‍ ഉല്‍പ്പാദന യൂണിറ്റുകള്‍ തുറന്നത്. തങ്ങളുടെ രാജ്യത്തെ കര്‍ശനമായ തൊഴില്‍ നിയമങ്ങളും പരിസ്ഥിതി ചട്ടങ്ങളും പാലിക്കാതെ ചെലവ് കുറച്ച് ഉല്‍പ്പാദനം നടത്തുന്നതിനുള്ള ഇടമായി അവര്‍ ചൈനയെ ഉപയോഗപ്പെടുത്തി. എന്നാല്‍ കോവിഡിനു ശേഷം ചൈനയോടുള്ള ആശ്രിതത്വം കുറയ്‌ക്കുക എന്ന ലക്ഷ്യത്തോടെ യുഎസ് പോലുള്ള വിവിധ രാജ്യങ്ങള്‍ ചൈന വണ്‍പ്ലസ് നയം ആവിഷ്‌കരിപ്പോള്‍ ഇന്ത്യ പോലുള്ള രാജ്യങ്ങള്‍ ചൈനയില്‍നിന്നുള്ള ഇറക്കുമതി കുറയ്‌ക്കാന്‍ നയങ്ങള്‍ കൊണ്ടുവന്നു. ഇന്ത്യയില്‍ `മെയ്‌ക്ക് ഇന്‍ ഇന്ത്യ'യുടെ കീഴിലായി ഉല്‍പ്പാദനമേഖലയ്‌ക്കും മറ്റും പ്രൊഡക്ഷന്‍ ലിങ്ക്‌ഡ് ഇന്‍സെന്റീവ് സ്‌കീമിലൂടെ സാമ്പത്തിക ഉത്തേജനം നല്‍കുന്നതിനുപിന്നില്‍ ചൈനയില്‍നിന്നുള്ള ഇറക്കുമതി കുറയ്‌ക്കുകയെന്ന ലക്ഷ്യം കൂടിയുണ്ട്.
ഉല്‍പ്പാദനമേഖലയിലെ സ്വാശ്രയത്വമെന്ന ആശയവുമായി മറ്റ് രാജ്യങ്ങള്‍ മുന്നോട്ടുപോകുമ്പോള്‍ ചൈന അതിനോട് തിരിച്ചടിച്ചതും അതേ ആശയത്തെ മുന്‍നിര്‍ത്തിയാണ്. തങ്ങള്‍ക്ക് ലോകത്തെ ആവശ്യമുള്ളതിനേക്കാള്‍ കൂടുതല്‍ ലോകത്തിന് തങ്ങളെയാണ് ആവശ്യമുള്ളതെന്ന ചൈനയുടെ നിലപാട് ഡിഗ്ലോബലൈസേഷന് ആക്കം കൂട്ടുകയാണ് ചെയ്‌തത്. മറ്റ് രാജ്യങ്ങളുമായുള്ള വ്യാപാര-സാമ്പത്തിക ഇടപാടുകള്‍ വെട്ടിക്കുറയ്‌ക്കുന്നതിനുള്ള നടപടികളുമായി ചൈന മുന്നോട്ടുപോയത് ലോകജനസംഖ്യയുടെ 17.72 ശതമാനവും വസിക്കുന്ന തങ്ങളുടെ രാജ്യത്തെ ഉപഭോഗത്തെയും വിപണിയെയും മാത്രം ആശ്രയിച്ച് തന്നെ ശക്തമായി നിലകൊള്ളാനാകുമെന്ന ആത്മവിശ്വാസവുമായാണ്.
സാമ്പത്തിക നയം മാറ്റത്തിനുപിന്നിലെ രാഷ്ട്രീയ അജണ്ട
ലോകത്തിലെ ഏറ്റവും വേഗത്തില്‍ വളരുന്ന സമ്പദ്‌വ്യവസ്ഥകളിലൊന്നായ ചൈന സാമ്പത്തിക നയങ്ങളില്‍ പൊടുന്നനെയുള്ള ചില തിരുത്തലുകള്‍ വരുത്തിയതിന് പിന്നില്‍ രാഷ്‌ട്രീയമാനങ്ങളുണ്ട്. സുതാര്യത കുറഞ്ഞതും അന്തര്‍മുഖത്വം പുലര്‍ത്തുന്നതുമായ കമ്യൂണിസ്റ്റ് സര്‍ക്കാര്‍ സംവിധാനത്തിന്റെ ഉള്‍വലിയലാണ് ചൈനയില്‍ കോവിഡിനു ശേഷം കണ്ടത്. തങ്ങളുടെ ആഭ്യന്തര വിവരങ്ങളുടെ സുരക്ഷിതത്വത്തെ കുറിച്ചുള്ള വേവലാതി സാമ്പത്തിക നയങ്ങളിലും പ്രതിഫലിച്ചു. ടെക്‌നോളജി കമ്പനികളുടെ വിദേശ മൂലധനത്തോടുള്ള ആശ്രിതത്വം പരിധി കടക്കുന്നതും വിദേശത്തെ സ്റ്റോക്ക് എക്‌സ്‌ചേഞ്ചുകളില്‍ ഇത്തരം കമ്പനികള്‍ കൂടുതലായി ലിസ്റ്റ് ചെയ്യുന്നതും അവര്‍ സന്ദേഹത്തോടെ കാണാന്‍ തുടങ്ങി. ഇതിലൊക്കെ നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തേണ്ടത് വിവരങ്ങളുടെ അതിര്‍ത്തി കടന്നുള്ള പങ്കുവെക്കപ്പെടല്‍ തടയുന്നതിനും ഡാറ്റ സെക്യൂരിറ്റി ഉറപ്പുവരുത്തുന്നതിനും അനിവാര്യമാണെന്നാണ് ചൈനീസ് സര്‍ക്കാര്‍ കരുതിയത്.
നേരത്തെ ഉല്‍പ്പാദന കമ്പനികള്‍ക്ക് കയറ്റുമതി വര്‍ധിപ്പിക്കാനായി ഇളവുകള്‍ നല്‍കിയിരുന്ന ചൈനീസ് സര്‍ക്കാര്‍ കോവിഡിനു ശേഷം വിപരീതമായ നിലപാടാണ് സ്വീകരിച്ചത്. ചൈനയിലെ ടെക്‌നോളജി കമ്പനികള്‍ക്ക് വിദേശത്തുനിന്ന് നിക്ഷേപം സ്വീകരിക്കുന്നതിന് നിയന്ത്രണം ഏര്‍പ്പെടുത്തുകയും സ്റ്റീല്‍ ഉള്‍പ്പെടെയുള്ള ലോഹങ്ങളുടെ കയറ്റുമതിക്ക് തീരുവ ഉയര്‍ത്തുകയും മറ്റ് പല ഉല്‍പ്പന്നങ്ങളുടെയും കയറ്റുമതി തടയുകയും കയറ്റുമതി നടത്തുന്ന കമ്പനികള്‍ക്ക് നല്‍കിയിരുന്ന ഇളവുകള്‍ പിന്‍വലിക്കുകയും ചെയ്‌തത് ചൈനയ്ക്ക് ആഗോളസമ്പദ്‌വ്യവസ്ഥയോടുള്ള ആശ്രിതത്വം കുറയ്‌ക്കുന്നതിന് വേണ്ടിയാണ്. ആഭ്യന്തരതലത്തിലുള്ള പണപ്പെരുപ്പവും കുത്തനെയുള്ള വിലക്കയറ്റവും തടയാനും മതിയായ സപ്ലൈ രാജ്യത്തിന് അകത്ത് ഉറപ്പുവരുത്താനുമായിരുന്നു ചൈനയുടെ ഈ നടപടി. പക്ഷേ കയറ്റുമതി കേന്ദ്രിതമായ ഒരു സമ്പദ്‌വ്യവസ്ഥയുടെ സ്വഭാവത്തില്‍ പൊടുന്നനെ മാറ്റങ്ങള്‍ കൊണ്ടുവരാന്‍ ശ്രമിച്ചത് തിരിച്ചടിക്കുകയും അമിത ആത്മവിശ്വാസത്തിനുള്ള വില അവര്‍ക്ക് നല്‍കേണ്ടി വരികയും ചെയ്‌തു. സപ്ലൈ ആവശ്യത്തിലധികവും ഡിമാൻഡ് പരിമിതവുമായതോടെ പണപ്പെരുപ്പത്തില്‍നിന്ന് പണച്ചുരുക്കം എന്ന സ്ഥിതിയിലേക്ക് ചൈനീസ് സമ്പദ്‌വ്യവസ്ഥയുടെ ചക്രം തിരിഞ്ഞു.
ഒരു തരത്തില്‍ ഒരു കമ്യൂണിസ്റ്റ് ഏകാധിപത്യ സര്‍ക്കാര്‍ ഭരിക്കുന്ന രാജ്യത്തിന് ഇതര ലോകവുമായി സാധിക്കാവുന്നതിന്റെ പരമാവധി കൊടുക്കല്‍ വാങ്ങലുകള്‍ ചൈന നടത്തിയെന്നതാണ് യാഥാര്‍ത്ഥ്യം. ഇനി ലോകവുമായി സമ്പര്‍ക്കത്തിലേര്‍പ്പെടുന്ന ജനലുകളും വാതിലുകളും പതുക്കെ അടച്ചുകൊണ്ട് ഏകാധിപത്യ സര്‍ക്കാര്‍ ഭരിക്കുന്ന രാജ്യം തങ്ങളിലേക്ക് ഒതുങ്ങാനും തങ്ങളുടെ രാഷ്‌ട്രീയ അജണ്ടകള്‍ക്ക് മുന്‍ഗണന കൊടുക്കാനുമുള്ള പുതിയ പരിവര്‍ത്തന ഘട്ടത്തിലേക്ക് കടക്കുകയാണ് ചെയ്‌തത്. പക്ഷേ അത് അവര്‍ കരുതിയതു പോലെ സുഗമമായില്ലെന്ന് മാത്രമല്ല, അപ്രതീക്ഷിതമായ പ്രത്യാഘാതങ്ങളിലേക്ക് നയിക്കുകയും ചെയ്‌തു.
ക്രോണികാപ്പിറ്റലിസവും കമ്യൂണിസ്റ്റ് ഏകാധിപത്യവും ചേര്‍ന്ന വിചിത്രമായ കോക്‌ടെയില്‍
കമ്യൂണിസ്റ്റ് ഭരണത്തിന്‍ കീഴിലായിരുന്ന മറ്റ് രാജ്യങ്ങള്‍ നേരിട്ടതു പോലുള്ള തകര്‍ച്ചയോ ആന്തരിക ദൗര്‍ബല്യമോ ഒഴിവാക്കാനും ലോകത്തിലെ ഏറ്റവും വലിയ രണ്ടാമത്തെ സാമ്പത്തിക ശക്തിയായി മാറാനും ചൈനക്ക് കഴിഞ്ഞത് ഏക പാര്‍ട്ടി രാഷ്‌ട്രീയവും കാപ്പിറ്റലിസ്റ്റ് സാമ്പത്തിക നയങ്ങളും ചേര്‍ത്തുള്ള വിചിത്രമായ കോക്ക്‌ടെയിലിന്റെ സേവയിലൂടെയാണ്. പരമ്പരാഗത കാപ്പിറ്റലിസ്റ്റ് രാജ്യങ്ങളേക്കാള്‍ ശക്തമാം വിധം കാപ്പിറ്റലിസത്തെ ഉപയോഗപ്പെടുത്തിയുള്ള വളര്‍ച്ചാസാധ്യതകള്‍ അന്വേഷിക്കുകയാണ് ചൈന ചെയ്‌തത്. ചെലവ് കുറഞ്ഞ തൊഴിലിടങ്ങളും ഏറെ ഉദാരമായ തൊഴില്‍ നിയമങ്ങളും വഴിയാണ് ആഗോള ഭീമന്‍മാരായ കമ്പനികളെ ചൈനയിലേക്ക് ആകര്‍ഷിച്ചത്. ഒപ്പം ചൈനീസ് കമ്പനികളില്‍ നിക്ഷേപിക്കാനും ആഗോള നിക്ഷേപകര്‍ മുന്നോട്ടുവന്നു. ലോകത്തിന്റെ മുക്കിലൂം മൂലയിലും ഉല്‍പ്പന്നങ്ങള്‍ എത്തിച്ച് ഏറ്റവും വലിയ കയറ്റുമതി രാജ്യമായി ചൈന മാറിയപ്പോള്‍ അവരുടെ സാമ്പത്തിക നിലയിലുണ്ടായ വളര്‍ച്ച ദ്രുതഗതിയിലാണ്.
യാഥാസ്ഥിതിക സോഷ്യലിസ്റ്റ് സംവിധാനത്തെ അടുത്ത കാലം വരെ മുറുകെ പിടിച്ച ക്യൂബ പോലുള്ള രാജ്യങ്ങള്‍ക്ക് പോലും പില്‍ക്കാലത്ത് പ്രലോഭനമായി മാറിയ ചൈനീസ് കോക്‌ടെയിലിന്റെ ചേരുവകളില്‍ വരുത്തിയ മാറ്റങ്ങളുടെ തിക്തഫലങ്ങളാണ് ഇന്ന് ലോകത്തിലെ രണ്ടാമത്തെ വലിയ സമ്പദ്‌വ്യവസ്ഥ നേരിടുന്നത്. യഥാര്‍ത്ഥത്തില്‍ ചൈനയിലെ കമ്യൂണിസ്റ്റ് സര്‍ക്കാര്‍ അതിവേഗത്തിലുള്ള വളര്‍ച്ചയ്‌ക്കായി പരീക്ഷിച്ചത് കമ്യൂണിസ്റ്റ് പാര്‍ട്ടിയുടെ ആസൂത്രണത്തിന്‍ കീഴില്‍ തീര്‍ത്തും കേന്ദ്രിതമായ നിയന്ത്രണമുള്ള ക്രോണി കാപ്പറ്റലിസമാണ്. പരിസ്ഥിതി മലിനീകരണം അവഗണിച്ചും തൊഴില്‍ നിയമങ്ങളില്‍ വെള്ളം ചേര്‍ത്തും സാമ്പത്തിക പ്രവര്‍ത്തനങ്ങള്‍ക്ക് വേഗം കൂട്ടുന്ന കാപ്പിറ്റലിസത്തിന്റെ തീവ്രമുഖമാണ് ചൈനയിലുള്ളത്. കാപ്പിറ്റലിസ്റ്റ് സമ്പദ്‌വ്യവസ്ഥ നിലനില്‍ക്കുന്ന വികസിത രാജ്യങ്ങള്‍ പാലിക്കുന്നതു പോലുള്ള ചട്ടങ്ങള്‍ക്ക് വേണ്ടത്ര പ്രാധാന്യം കൊടുക്കാതെ ലോകത്തിലെ ഒന്നാം നമ്പര്‍ സാമ്പത്തിക ശക്തിയാവുക എന്ന ലക്ഷ്യം മാത്രം മുന്‍നിര്‍ത്തി ആര്‍ത്തിയും അതിവേഗതയും കൈമുതലാക്കിയാണ് അവര്‍ സമ്പദ്‌വ്യവസ്ഥ കെട്ടിപ്പടുത്തത്. കര്‍ശനമായ രാഷ്‌ട്രീയ അച്ചടക്കം നിലനില്‍ക്കുന്ന രാജ്യത്തിന് സാമ്പത്തിക അച്ചടക്കത്തോട് പ്രതിപത്തിയുണ്ടായിരുന്നില്ല. ജിഡിപിയുടെ 300 ശതമാനം കടം എന്ന ഗുരുതരമായ അവസ്ഥയിലേക്ക് ചൈന എത്തിയത് അത് മൂലമാണ്. കടം കുമിഞ്ഞതോടെ മുന്‍കാലങ്ങളില്‍ ചെയ്‌തിരുന്നതു പോലെ സര്‍ക്കാരിന്റെ മൂലധന ചെലവ് വര്‍ധിപ്പിക്കുന്നതു വഴി സമ്പദ്‌വ്യവസ്ഥയ്‌ക്ക് ഉത്തേജനം നല്‍കാനുള്ള സാധ്യതയും ഇല്ലാതായി.
തങ്ങളുടെ സാമ്പത്തിക, രാഷ്ട്രീയ അജണ്ടകള്‍ പലതും യാഥാര്‍ത്ഥ്യത്തിന് നിരക്കുന്നതല്ലെന്ന ബോധ്യത്തിലേക്ക് ഈ പ്രതിസന്ധി ചൈനീസ് സര്‍ക്കാരിനെ എത്തിക്കേണ്ടതാണ്. ലോകസമ്പദ്‌വ്യവസ്ഥയില്‍ തങ്ങള്‍ക്കുണ്ടായിരുന്ന സ്ഥാനത്തിന്റെ പകിട്ട് കുറച്ചതില്‍ തങ്ങളുടെ തന്നെ നയങ്ങള്‍ക്ക് പങ്കുണ്ടെന്ന തിരിച്ചറിവുമായി പൊരുത്തപ്പെടുക ഒരു ഏകാധിപത്യ സര്‍ക്കാരിന് പ്രയാസകരമായ കാര്യം തന്നെയായിരിക്കും.