ഇന്ത്യൻ നാഷണൽ കോണ്‍ഗ്രസ്: ഫാസിസത്തിനും ഏകാധിപത്യത്തിനും ഒരേയൊരു ബദല്‍

ഇന്ത്യൻ നാഷണൽ കോണ്‍ഗ്രസ്: ഫാസിസത്തിനും ഏകാധിപത്യത്തിനും ഒരേയൊരു ബദല്‍

അസത്യങ്ങളുടെ കറുത്ത കഥകള്‍ മെനഞ്ഞ് കോണ്‍ഗ്രസ് മുക്ത രാജ്യത്തിനായി കൈ കോര്‍ത്തിരിക്കുന്ന ഇരട്ട സഹോദരങ്ങളാണ് സംഘപരിവാറും കേരളത്തിലെ ഇടതുപക്ഷവും
Updated on
3 min read

1928 നവംബര്‍ 17, തലയ്ക്ക് ഗുരുതര പരിക്കേറ്റ ആ മനുഷ്യൻ കണ്ണടച്ചു. സൈമണ്‍ കമ്മിഷനെതിരെ സമാധാനപരമായി കോണ്‍ഗ്രസ് സംഘടിപ്പിച്ച റാലിക്ക് നേരെ ബ്രിട്ടീഷ് പൊലീസ് കിരാത മര്‍ദനം അഴിച്ചുവിടുകയായിരുന്നു. പഞ്ചാബിന്റെ സിംഹം ലാലാ ലജ്പത് റായ് തലക്കടിയേറ്റ് ചോര വാര്‍ന്ന് തെരുവില്‍ വീണു. 18 ദിവസം നീണ്ട യാതനകൾക്കൊടുവിൽ അദ്ദേഹം മരിച്ചു. ബ്രിട്ടീഷ് പൊലീസ് തലക്കടിച്ച് കൊന്നുവെന്നതാണ് യാഥാര്‍ത്ഥ്യം. പക്ഷെ, ധീരനായ ആ പോരാളിയുടെ സമര ചരിത്രം അവിടെ അവസാനിക്കുകയായിരുന്നില്ല, തുടങ്ങുകയായിരുന്നു; അനേകായിരം സ്വാതന്ത്ര്യസമര ഭടന്‍മാരിലൂടെ, ഇങ്ങൊടുവില്‍ ഫാഷിസ്റ്റ് ഭരണത്തിനെതിരായ ഇന്നത്തെ പോരാട്ടത്തിലും ഓരോ കോണ്‍ഗ്രസുകാരന്റെ മനസിലും ചിന്തയിലും ലജ്പത് റായിയുണ്ട്. നെറ്റിപൊട്ടി ഒഴുകിയ ആ ചോരയുണ്ട്; കെടാ ജ്വാലയായി, തളര്‍ത്താത്ത സമരവീര്യമായ്.

ലജ്പത് റായിയുടെ പോരാട്ടം സ്വാതന്ത്യത്തിനു വേണ്ടി മാത്രമായിരുന്നില്ല. ജാതിവ്യവസ്ഥയ്ക്കും തൊട്ടുകൂടായ്മക്കും തീണ്ടിക്കൂടായ്മക്കും സ്ത്രീകളെ അടിച്ചമര്‍ത്തുന്നതിനുമെരെ ശബ്ദമുയര്‍ത്തിയ സാമൂഹിക പരിഷ്‌ക്കര്‍ത്താവ് കൂടിയായിരുന്നു അദ്ദേഹം. ലജ്പത് റായി എന്ന പോരാളിയുടെ ജീവിതം ഏറെ പ്രസക്തമാകുന്ന കാലഘട്ടത്തിലൂടെയാണ് രാജ്യവും കേരളവും കടന്നുപോകുന്നത്.

ഇന്ത്യൻ നാഷണൽ കോണ്‍ഗ്രസ്: ഫാസിസത്തിനും ഏകാധിപത്യത്തിനും ഒരേയൊരു ബദല്‍
കമല്‍നാഥ്, ഗെഹ്ലോട്ട്... പടക്കുതിരകള്‍ വീഴുന്ന കോണ്‍ഗ്രസ്

എതിര്‍പ്പുകളെ, വിമര്‍ശനത്തെ, പ്രതിഷേധ സമരങ്ങളെ അടിച്ചമര്‍ത്തുന്ന ഭരണകൂടങ്ങള്‍ യഥാര്‍ഥത്തില്‍ ആരാണ്? തെറ്റുകള്‍ മാത്രം ആവര്‍ത്തിക്കുന്നവര്‍, സ്വന്തം നിഴലിനെ പോലും ഭയക്കുന്നവര്‍, മാറ്റത്തെ ഉള്‍ക്കൊള്ളാന്‍ കഴിയാത്തവര്‍, ഭിന്നാഭിപ്രായങ്ങളെ വലിയ കുറ്റമായി കാണുന്നവര്‍, വ്യത്യസ്ത ശബ്ദത്തെ വെറുക്കുന്നവര്‍. നിര്‍ഭാഗ്യവശാല്‍ ഇവരുടെ അംഗബലം കൂടി കൂടി വരികയാണ്. എന്തും ചെയ്യാം. എന്തും പറയാം. ആരും ചോദ്യം ചെയ്യരുത്. ആരും വിമര്‍ശിക്കരുത്. എതിര്‍പ്പേ പാടില്ല. ഞാന്‍ പറയുന്നതും ചെയ്യുന്നതും മാത്രം ശരി. ഇവരും ബ്രിട്ടീഷ് സാമ്രാജ്യത്വ കാലത്തെ ക്രൂരന്‍മാരുമായി എന്ത് വ്യത്യാസമാണുള്ളത്? അധികാര ഭ്രമത്തില്‍ സ്വബോധം പോലും നഷ്ടപ്പെട്ടവര്‍, ജാതിമത ചിന്തകള്‍ വലകെട്ടിയ മസ്തിഷ്‌ക്കങ്ങള്‍, കായിക ബലം ഉപയോഗിച്ച് ആരുടെ തലയും അടിച്ചുപൊട്ടിച്ച്, അതിന് സ്വയം ഗുഡ് സര്‍വീസ് എന്‍ട്രി നല്‍കുന്ന അല്‍പന്മാര്‍.

ബാരിസ്റ്റര്‍ വേഷം അഴിച്ചുവച്ച്, ഖദറിന്റെ പരുക്കന്‍ സ്പര്‍ശം സ്വീകരിച്ച ഒരാളുണ്ടായിരുന്നു. അവധൂതന്‍, ഫക്കീര്‍, പോരാളി, രാഷ്ട്രീയ ചിന്തകന്‍, സത്യം തേടി നടന്ന മഹാത്മാവ്. അങ്ങനെ ഒരാള്‍ ചരിത്ര സന്ധികളില്‍ വല്ലപ്പോഴും മാത്രമെ ജനിക്കാറുള്ളൂ. മുന്നില്‍ നിന്നു നയിച്ച സമര ഭടന്‍മാത്രമായിരുന്നുല്ല ആ മനുഷ്യന്‍. നൂറ്റാണ്ടുകള്‍ നീണ്ട അടിമത്തത്തിന്റെ ചങ്ങലകളില്‍ നിന്നും ഒരു ജനതയെ മോചിപ്പിച്ച വിമോചകനാണ് ഗാന്ധി. ക്ഷേത്ര മതിലുകള്‍ക്കുള്ളിലല്ല അദ്ദേഹം രാമനെ തേടിയത്, ദരിദ്ര നാരായണന്‍മാര്‍ക്കിടയിലാണ്. അദ്ദേഹത്തിന്റെ രാമരാജ്യം നീതിയുടേതായിരുന്നു. ലോകം കണ്ട ഏറ്റവും ധീരനായ സ്വാതന്ത്ര്യ സമര പോരാളിയുടെ നെഞ്ചില്‍ വെടിയുതിര്‍ത്തവര്‍ എത്ര കിണഞ്ഞു പരിശ്രമിച്ചാലും അവര്‍ക്കൊപ്പം രാമനുണ്ടാവില്ല. സത്യവും നീതിയുമാണ് ഈശ്വരനെങ്കില്‍, ബിര്‍ളാ മന്ദിറിലെ ആ നടവഴിയില്‍ 75 വര്‍ഷമായി കണ്ണില്‍ ചോരയും തീയുമായി രാമന്‍ നില്‍ക്കുന്നുണ്ട്. ഓരോ ഇന്ത്യാക്കാരന്റെ മനസും അവിടെയാണ് ശിരസ് കുനിക്കേണ്ടത്. കാലമെത്ര കഴിഞ്ഞാലും കൊലയാളികള്‍ക്ക് കൂടെക്കൂട്ടി കുടിയിരുത്താനാവില്ല ഗാന്ധിജിയുടെ രാമനെ.

ഇന്ത്യൻ നാഷണൽ കോണ്‍ഗ്രസ്: ഫാസിസത്തിനും ഏകാധിപത്യത്തിനും ഒരേയൊരു ബദല്‍
പഴയിടത്തിന്റെ 'ശുദ്ധ' അടുക്കളയില്‍നിന്ന് കേരളത്തിന്റെ കൗമാരത്തെ വീണ്ടും ഊട്ടാൻ ഇടതുസർക്കാർ

ഗാന്ധിയെ കൊന്നവരും അദ്ദേഹത്തെ അവഹേളിച്ച് ബ്രിട്ടിഷുകാരുടെ കാലു നക്കാന്‍ പോയവരും ഒന്നിക്കുന്നതില്‍ അത്ഭുതമില്ല. വലത് - ഇടത് മേലങ്കി അണിഞ്ഞ അത്തരക്കാരോട് കോണ്‍ഗ്രസിന് സന്ധിയില്ല. ഗുരുഹത്യയും പിതൃഹത്യയും ഒന്നിച്ചു ചെയ്തവര്‍ നീതിമാന്റെ മുഖം മൂടി ധരിച്ച് കോണ്‍ഗ്രസിനെ പഠിപ്പിക്കാന്‍ വരേണ്ട.

ആധുനിക ഇന്ത്യയുടെ മഹാക്ഷേത്രങ്ങളെല്ലാം പണിതുയര്‍ത്തിയത് പണ്ഡിറ്റ് ജവഹര്‍ലാല്‍ നെഹ്‌റുവാണ്. ഭക്രാനംഗല്‍, ഐഐടികള്‍, സര്‍വകലാശാലകള്‍, ഫാക്ടറികള്‍, ഐഎസ്ആര്‍ഒ, ശാസ്ത്ര ഗവേഷണ സ്ഥാപനങ്ങള്‍, ദേശീയ മ്യൂസിയങ്ങള്‍. ഇന്ദിരാജിയും രാജീവ് ഗാന്ധിയും മുതല്‍ മന്‍മോഹന്‍ സിങ് വരെ ഈ രാജ്യത്തിനായി ചെയ്ത സത്കര്‍മ്മങ്ങളുടെ പട്ടിക അവസാനിക്കുന്നില്ല. യുപിഎ സര്‍ക്കാരിന്റെ കാലത്ത് സോണിയ ഗാന്ധി മുന്നിട്ടിറങ്ങി രൂപം നല്‍കിയ ഭൂമി ഏറ്റെടുക്കല്‍ നഷ്ട പരിഹാര നിയമം ഈ പാരമ്പര്യത്തിന്റെ തുടര്‍ച്ചയാണ്. ഈ നേട്ടങ്ങളെയൊക്കെ തമസ്‌ക്കരിച്ച്, അസത്യങ്ങളുടെ കറുത്ത കഥകള്‍ മെനഞ്ഞ് കോണ്‍ഗ്രസ് മുക്ത രാജ്യത്തിനായി കൈ കോര്‍ത്തിരിക്കുന്ന ഇരട്ട സഹോദരങ്ങളാണ് സംഘപരിവാറും കേരളത്തിലെ ഇടതുപക്ഷവും.

ഇന്ത്യൻ നാഷണൽ കോണ്‍ഗ്രസ്: ഫാസിസത്തിനും ഏകാധിപത്യത്തിനും ഒരേയൊരു ബദല്‍
മോദി വന്നാൽ സുരേഷ് ഗോപി ജയിക്കുമോ?

ലോകത്തെ മാറ്റിമറിച്ച സമര പോരാട്ടങ്ങളുടെ ഉറവിടവും സ്വാതന്ത്ര്യാനന്തര ഇന്ത്യയെ കെട്ടിപ്പടുത്ത ശക്തിയും ജയ പരാജയങ്ങളെ സ്ഥൈര്യത്തോടെ നേരിട്ട രാഷ്ട്രീയ നേതൃത്വവും അചഞ്ചലമായ മതനിരപേക്ഷതയുമാണ് കോണ്‍ഗ്രസ്. ലോകത്തിന് മുന്നില്‍ ആധുനികവും ചേരിചേരാതെയുമുള്ള നിലപാടുകളുമായി ഇന്ത്യയെന്ന ശക്തിയെ ഉറപ്പിച്ചതും കോണ്‍ഗ്രസ് തന്നെ.

രാജ്യത്തെ അപകടകരമായ മതരാഷ്ട്ര സങ്കല്‍പത്തിലേക്ക് വലിച്ചു കൊണ്ടു പോകുന്ന സംഘപരിവാര്‍ ശക്തികളുടെ ഏകശിലാ ബോധ്യങ്ങളാകട്ടെ, ഏകാധിപത്യ അഹന്തയുടെ കറതീര്‍ന്ന കേരളത്തിലെ പ്രതിരൂപമാകട്ടെ, ഇവയെയെല്ലാം കോണ്‍ഗ്രസ് എതിര്‍ക്കും. എതിര്‍ക്കാന്‍ കോണ്‍ഗ്രസെയുള്ളൂ എന്നതാണ് സത്യം. ആ ബോധ്യമാണ് കടുത്ത പരീക്ഷണങ്ങള്‍ക്കു നടുവിലും കോണ്‍ഗ്രസ് പ്രവര്‍ത്തകരെ നയിക്കുന്ന ശക്തി. നടന്നു വന്ന വഴികള്‍, മുന്നേ നടന്നവരുടെ തലയും ചങ്കും പിളര്‍ന്ന് ഉറവെടുത്ത ചോരപ്പുഴകള്‍, കറുത്ത ജയില്‍ മുറികളില്‍ കെട്ടുപോയ ജീവിത വെളിച്ചങ്ങള്‍, തെരുവുകളില്‍ അടിയും വെടിയും ചവിട്ടും കൊണ്ട് അടഞ്ഞുപോയ കണ്ണുകളിലെ അണയാ ജ്വാലകള്‍, രാജ്യത്തിന് സ്വയം സമര്‍പ്പിച്ചവരുടെ ഹൃദയനൈര്‍മല്യങ്ങള്‍, ഇവരെ ഓര്‍ക്കുമ്പോള്‍ മനസുണരും.

ഇന്ത്യൻ നാഷണൽ കോണ്‍ഗ്രസ്: ഫാസിസത്തിനും ഏകാധിപത്യത്തിനും ഒരേയൊരു ബദല്‍
അടിയന്തരാവസ്ഥ മുതല്‍ ഇപ്പോള്‍ കശ്മീര്‍ വരെ, ശക്തമായ 'ഭരണകൂട' തീരുമാനങ്ങള്‍ക്ക് കോടതി അംഗീകാരം നല്‍കുമ്പോള്‍

ഏകാധിപത്യത്തിനും മതവല്‍ക്കരണത്തിനും ഭിന്നിപ്പിക്കലിനും എതിരെയുള്ള സന്ധിയില്ലാസമരമാണ് കോണ്‍ഗ്രസിന്റെ രാഷ്ട്രീയവും നിലപാടും പ്രവര്‍ത്തനവും. ഭാരത് ജോഡോ യാത്രയോളം വ്യക്തമായി ഈ രാഷ്ട്രീയ നിലപാട് മുന്നോട്ട് വെച്ച മറ്റൊരു മുന്നേറ്റം സമീപകാല ഇന്ത്യയില്‍ ഉണ്ടായിട്ടില്ല. വര്‍ഗീയതക്കും വെറുപ്പിനുമെതിരെയുള്ള ഈ യാത്രയെ കേരളത്തിലെ ഇടത് പക്ഷം എങ്ങനെയാണ് കണ്ടത്? പ്രതീക്ഷിച്ചപോലെ തന്നെ, ചുവപ്പിന് കൂട്ട് കാവി, കാവിക്ക് കൂട്ട് ചുവപ്പ്. ശരിയെ തമസ്‌ക്കരിക്കുക, തെറ്റിനെ കൂട്ടുപിടിക്കുക, ലോകത്തെമ്പാടും ഇടതിന് പരിചയമുള്ളതാണല്ലോ ഇത്. ന്യായീകരണ തൊഴിലാളികള്‍, സൈബര്‍കടന്നലുകള്‍, കൊലയാളി സ്‌ക്വാഡുകള്‍, അടി ഇടി സംഘങ്ങള്‍, ബ്രാഞ്ച് ഏരിയാ ഏമാനന്‍മാര്‍. ചരിത്രപരമായ തെറ്റുകള്‍ ആവര്‍ത്തിക്കുക ചിലരുടെ ഒരുവിനോദമാണ്, പറയാതെവയ്യ.

ജെ എൻ എന്ന ഒപ്പും ആ പുഞ്ചിരിക്കുന്ന മുഖവും മായ്ച്ചു കളയാൻ സംഘപരിവാർ രാപകൽ ശ്രമിക്കുന്നതിന്റെ കാരണം വ്യക്തമാണ്. നാളെയുടെ രാഷ്ട്രീയത്തിൽ നെഹ്റൂവിയൻ സോഷ്യലിസത്തിനുള്ള പ്രാധാന്യം അവർക്കറിയാം . ആ ധിക്ഷണയെ അവർക്ക് ഭയമാണ്. രാജ്യം നിലനിൽക്കുവോളം അവിടെ ഗാന്ധിയുണ്ട് എന്നത് അവരെ അലോസരപ്പെടുത്തുന്നു. ഫാസിസ്റ്റ് ശക്തികൾക്കെതിരായ പോരാട്ടത്തിൽ തിരഞ്ഞെടുപ്പ് വിജയങ്ങൾ കൊണ്ട് മാത്രം ജയ - പരാജയങ്ങൾ അളക്കാനാകില്ല. രാജസ്ഥാൻ, മധ്യപ്രദേശ്, ചത്തീസ്ഗഡ് തിരഞ്ഞെടുപ്പുകൾ തരുന്ന പാഠങ്ങൾ നിശിതവും വലുതുമാണ്. തെലങ്കാന ആവേശമാണ്. കോൺഗ്രസില്ലാതെ ബിജെപി വിരുദ്ധ പോരാട്ടം സാധ്യമാകുമെന്ന് പറയുന്നവർ എതിർപ്പുകളെ വെറുക്കുന്നവരും 'ഭയം' ഭരിക്കുന്നവരുമാണ്.

ഇന്ത്യൻ നാഷണൽ കോണ്‍ഗ്രസ്: ഫാസിസത്തിനും ഏകാധിപത്യത്തിനും ഒരേയൊരു ബദല്‍
അഗ്നിപഥിൽ കത്തിയ തെരുവുകൾ മുതല്‍ പാർലമെന്റ് അതിക്രമം വരെ; തൊഴിലില്ലായ്മയില്‍ അസ്വസ്ഥമാവുന്ന ഇന്ത്യന്‍ യുവത്വം

കോണ്‍ഗ്രസിന് മുന്നിലെ മുന്‍ഗണനകളെന്താണ്?

വര്‍ഗീയതയ്ക്കും ഏകാധിപത്യത്തിനും ഫാഷിസത്തിനും എതിരായ അക്ഷീണ പോരാട്ടം തന്നെയാണ് ആദ്യം. ജനങ്ങളുടെ പ്രത്യേകിച്ച് സാമ്പത്തികവും സാമൂഹികമായും പിന്നാക്കം നില്‍ക്കുന്നവരുടെ ഒപ്പം നില്‍ക്കുക. അവരുടെ ക്ഷേമത്തിനും മുന്നേറ്റത്തിനുമായി എന്തെല്ലാം ചെയ്യാമോ അതെല്ലാം നിരന്തരം ചെയ്തുകൊണ്ടിരിക്കുക. പ്രാദേശിക തലം മുതല്‍ ദേശീയതലം വരെ കൈകോര്‍ത്ത് മുന്നേറുക. പ്രവര്‍ത്തിക്കാനും ചിന്തിക്കാനും പ്രതിഷേധിക്കാനും അനുവദിക്കാതെ അടിച്ചമര്‍ത്തല്‍ തുടര്‍ന്നാല്‍, വിട്ടുവീഴ്ചയില്ലാതെ എതിര്‍ക്കുക, പോരാടുക. ഈ പോരാട്ടത്തില്‍ ലാലാ ലജ്പത്‌ റായിയും മഹാത്മജിയും ഉള്‍പ്പെടെ അനേകായിരങ്ങളുടെ ശരീരത്തില്‍ നിന്നും ഈ മണ്ണിലേക്കിറ്റു വീണ ചുടുചോരയുടെ വീര്യം കെടാതെ നെഞ്ചേറ്റുക. ഈ പ്രസ്ഥാനത്തിന്റെ ജന്മദിനം ഓര്‍മ്മപ്പെടുത്തുന്നതും ഇതുതന്നെയാണ്.

logo
The Fourth
www.thefourthnews.in