ഇന്ത്യന്‍ പ്രതിപക്ഷം ഹിമാചലില്‍ നിന്ന് വായിക്കേണ്ടത്
പതിനെട്ടു സംസ്ഥാനങ്ങളിലെ തുടര്‍ച്ചയായ തിരഞ്ഞെടുപ്പ് തോല്‍വിക്ക് ശേഷം, അടുത്തവര്‍ഷം നടക്കാനിരിക്കുന്ന ഒന്‍പത് സംസ്ഥാനങ്ങളിലേക്കുള്ള നിയമസഭാ തിരഞ്ഞെടുപ്പിനും ലോക്‌സഭാ തിരഞ്ഞെടുപ്പിനും മുന്നോടിയായി കോണ്‍ഗ്രസ് ഹിമാചലില്‍ അധികാരം പിടിച്ചിരിക്കുകയാണ്. 'സമ്പ്രദായങ്ങളാണ്, സര്‍ക്കാരല്ല മാറേണ്ടത്' എന്ന ബിജെപിയുടെ മുദ്രാവാക്യത്തിന് സമ്പ്രദായങ്ങളെയും സര്‍ക്കാരിനെയും പൊളിച്ചെഴുതിയ വിധിയാണ് ഹിമാചലില്‍ ഉണ്ടായിരിക്കുന്നത്. 1985 മുതല്‍ ഒരു സര്‍ക്കാരിനും തുടര്‍ഭരണം നല്‍കാത്ത സംസ്ഥാനം പക്ഷെ ഇത്തവണ കോണ്‍ഗ്രസിന് 15 സീറ്റിന്റെ ഭൂരിപക്ഷം നല്‍കുന്നുണ്ടെങ്കിലും അത് വെറും 50,000 വോട്ടിന്റെ മാത്രം ബലത്തിലാണ് എന്ന് സാങ്കേതികമായി പറയാം.
പ്രധാനമന്ത്രി നരേന്ദ്രമോദിയും ബിജെപി അധ്യക്ഷന്‍ ജെ പി നഡ്ഡയും തിരഞ്ഞെടുപ്പ് തോല്‍വിക്ക് ശേഷം നല്‍കിയ പ്രസ്താവനകളില്‍ എടുത്തുപറയുന്നതും കോണ്‍ഗ്രസും ബിജെപിയും തമ്മിലുള്ള വ്യത്യാസം കേവലം 9% മാത്രമാണ് എന്നതില്‍ ഊന്നിയാണ്. എന്നാല്‍ ഈ അക്കങ്ങള്‍ പറയാത്ത രാഷ്ട്രീയം ഹിമാചല്‍ പറയുന്നുണ്ട്. നരേന്ദ്ര മോദിയും യോഗി ആദിത്യനാഥും നിരവധി റാലികളില്‍ പ്രസംഗിച്ചിട്ടും ബിജെപി ദേശീയ അദ്ധ്യക്ഷന്റെ സംസ്ഥാനം ബിജെപിക്ക് നഷ്ടപ്പെട്ടത് എങ്ങനെ എന്നുള്ളതിന്റെ കാരണങ്ങളില്‍ ചിലത് കോണ്‍ഗ്രസിന്റെയും കണ്ണ് തുറപ്പിക്കേണ്ടതാണ്.
അക്കങ്ങള്‍ പറയാത്ത രാഷ്ട്രീയം ഹിമാചല്‍ പറയുന്നുണ്ട്
പ്രാദേശിക നേതൃത്വം
ഹിമാചല്‍ പ്രദേശിലെ ബിജെപി പ്രധാനമായും മൂന്ന് ശാക്തിക ചേരികളിലാണ്. ബിജെപി ദേശീയ അധ്യക്ഷന്‍ ജെ പി നഡ്ഡയും, മുഖ്യമന്ത്രിയായിരുന്ന ജയറാം ഠാക്കൂറും കേന്ദ്ര മന്ത്രി അനുരാഗ് ഠാക്കൂറും നയിക്കുന്ന മൂന്ന് ധ്രുവങ്ങളാണ് ഹിമാചല്‍ ബി ജെ പിയിലുള്ളത്. ഇതില്‍ നിലവിലെ മുഖ്യമന്ത്രി ജയറാം ഠാക്കൂറിന് വെല്ലുവിളി ഉയര്‍ത്തിയിരുന്നത് അനുരാഗ് ഠാക്കൂറാണ്. തന്റെ പിതാവ് പ്രേംകുമാര്‍ ധൂമല്‍ അധികാര രാഷ്ട്രീയത്തില്‍ നിന്ന് വിരമിച്ചു എന്ന് പ്രഖ്യാപിച്ചെങ്കിലും അദ്ദേഹത്തിന്റെ സംഭാവനകള്‍ തുടര്‍ച്ചയായി ഓര്‍മിപ്പിക്കുന്നുണ്ട് അനുരാഗ് ഠാക്കൂര്‍. ഈ കിടമത്സരം 68 സീറ്റുകളില്‍ 21 വിമതരെ ബിജെപിക്ക് സമ്മാനിച്ചു. അവരെ പിന്തിരിപ്പിക്കാന്‍ ഒരുപക്ഷെ കഴിയുമായിരുന്ന നേതാവ് അരുണ്‍ കുമാര്‍ ധൂമലായിരുന്നു. എന്നാല്‍ ആ സാധ്യത ജെ പി നഡ്ഡ പോലും ഉപയോഗിച്ചില്ല. ഉപയോഗിക്കാന്‍ കഴിയുന്ന എല്ലാ സ്രോതസ്സുകളും ഉപയോഗിച്ചില്ലെങ്കില്‍ 'ഹൈക്കമാന്‍ഡുകള്‍' സ്വന്തം സംസ്ഥാനങ്ങളില്‍ അടിതെറ്റും എന്ന് ബിജെപിയുടെ തോല്‍വിയില്‍ നിന്ന് കോണ്‍ഗ്രസ് അടിയന്തരമായി പഠിക്കേണ്ടതാണ്. മറുവശത്ത് തിരഞ്ഞെടുപ്പ് ദിവസം നടത്തിയ രാഹുല്‍ ഗാന്ധിയുടെ ഒറ്റ സന്ദേശത്തിനപ്പുറം കോണ്‍ഗ്രസ് പൂര്‍ണ്ണമായും സംസ്ഥാന നേതൃത്വത്തെ ആശ്രയിച്ചാണ് തിരഞ്ഞെടുപ്പ് നേരിട്ടത്.
ബിജെപി സ്ത്രീകള്‍ക്ക് വേണ്ടിയുള്ള പ്രത്യേക പ്രകടന പത്രിക തയ്യാറാക്കി തിരഞ്ഞെടുപ്പ് നേരിട്ടതിനെ പ്രിയങ്കാ ഗാന്ധിയും പ്രതിഭാ സിങ്ങും സ്വന്തം മുഖം നല്‍കി പ്രതിരോധിച്ചു. രണ്ട് സ്ത്രീകളുടെ നേതൃത്വത്തിന് നല്‍കിയ പുരോഗമന വിപ്ലവ വോട്ടാണ് അതെന്ന് വായിക്കുന്നതിനേക്കാള്‍ കേവല വാഗ്ദാനങ്ങളെക്കാള്‍ തങ്ങള്‍ക്ക് കാണാന്‍ കഴിയുന്ന മൂര്‍ത്ത യാഥാര്‍ഥ്യങ്ങള്‍ക്കാണ് ജനങ്ങള്‍ വോട്ട് ചെയ്യുക എന്ന വായനയാണ് കുറച്ചുകൂടി നേരിനോട് ചേര്‍ന്ന് നില്‍ക്കുന്നത്.
അജണ്ട: സാമ്പത്തിക നയങ്ങള്‍
ഇന്ത്യയിലെ കര്‍ഷകര്‍, കച്ചവടക്കാര്‍, തൊഴിലാളികള്‍ തുടങ്ങിയവരുടെ സാമ്പത്തിക സ്ഥിതി അതിഗുരുതരമായി തുടരുന്നു എന്നത് അടിവരയിടുന്ന തിരഞ്ഞെടുപ്പ് കൂടിയാണ് ഹിമാചലിലേത്. ആപ്പിള്‍ കൃഷി നടത്തുന്ന കര്‍ഷകര്‍ക്ക് ജി എസ് ടി നിരക്ക് വര്‍ധനയുടേയും അദാനി ഗ്രൂപ്പിന്റെ കടന്നുവരവോടെയും നേരിടേണ്ടി വന്ന വരുമാനനഷ്ടം ഈ തിരഞ്ഞെടുപ്പിനെ കാര്യമായി സ്വാധീനിച്ചിട്ടുണ്ട്. രണ്ട് ലക്ഷം വീടുകളെങ്കിലും ഉപജീവനത്തിന് ആശ്രയിക്കുന്നത് ആപ്പിള്‍ കൃഷിയെയാണ്. ഈ മേഖലയില്‍ ഷിംലയിലെയും കുളുവിലെയും കിന്നാറിലെയും പതിമൂന്ന് സീറ്റുകളില്‍ പത്തും ജയിച്ചത് കോണ്‍ഗ്രസാണ്. ജനങ്ങള്‍ സര്‍ക്കാരുകളുടെ സാമ്പത്തിക നയങ്ങളില്‍ പൊറുതിമുട്ടിയിരിക്കുകയാണെന്നും തിരഞ്ഞെടുപ്പിനെ ബാധിക്കുന്ന തരത്തില്‍ അത് പ്രതിഫലിക്കുമെന്നുമുള്ള ദിശാസൂചന ഇന്ത്യയിലെ പ്രതിപക്ഷ കക്ഷികള്‍ക്ക് മുഴുവനും നല്‍കുന്ന തിരഞ്ഞെടുപ്പ് കൂടിയാണ് ഹിമാചലിലേത്.
സംസ്ഥാന തിരഞ്ഞെടുപ്പുകളിലെ ക്ഷേമരാഷ്ട്രീയ നരേറ്റീവ്
ക്ഷേമ രാഷ്ട്രീയ നറേറ്റീവുകളുടെ സംസ്ഥാന തിരഞ്ഞെടുപ്പിലെ പ്രസക്തി ഒന്നുകൂടി ഊട്ടിയുറപ്പിക്കുന്ന തിരഞ്ഞെടുപ്പ് കൂടിയാണ് ഹിമാചലിലേത്. ആന്ധ്രയിലും തമിഴ്‌നാട്ടിലും ഗോവയിലും കേരളത്തിലും രാഷ്ട്രീയ പാര്‍ട്ടികള്‍ വാഗ്ദാനം ചെയ്ത് ഭരണം നേടിയതും ആം ആദ്മി പാര്‍ട്ടിക്ക് പത്ത് വര്‍ഷം കൊണ്ട് ഇന്ത്യന്‍ തിരഞ്ഞെടുപ്പ് പ്രഹേളികയില്‍ സ്ഥാനം നല്‍കിയതുമായ ക്ഷേമ രാഷ്ട്രീയം ഹിമാചലിലും പ്രവര്‍ത്തിച്ചു. മുമ്പ് ഉദ്യോഗസ്ഥര്‍ക്കുള്ള പെന്‍ഷന്‍ സംവിധാനത്തില്‍ മുഴുവന്‍ തുകയും സംസ്ഥാന സര്‍ക്കാര്‍ വഹിച്ചിരുന്നു. ഇത് മാറി അടിസ്ഥാന ശമ്പളത്തിന്റെ 10 ശതമാനം അവര്‍ തന്നെ വഹിക്കേണ്ടുന്ന രീതി നിലവില്‍ വന്നു. പഴയ പെന്‍ഷന്‍ സംവിധാനം തിരികെ കൊണ്ടുവരുമെന്ന കോണ്‍ഗ്രസ് വാഗ്ദാനം തിരഞ്ഞെടുപ്പിനെ വ്യക്തമായി സ്വാധീനിച്ചു. ഇതിനൊക്കെ എവിടുന്ന് പണം എന്ന ബിജെപിയുടെ ചോദ്യത്തെ വോട്ടര്‍മാര്‍ ഒന്നടങ്കം തള്ളിക്കളഞ്ഞു എന്നത് വരുന്ന തിരഞ്ഞെടുപ്പുകളില്‍ കോണ്‍ഗ്രസിനുള്ള ദിശാസൂചകമാണ്.
ചുരുക്കത്തില്‍, പ്രാദേശിക നേതൃത്വത്തെ കൂടുതല്‍ ആശ്രയിക്കുകയും വിശ്വാസത്തില്‍ എടുക്കുകയും ജനങ്ങളുടെ അടിസ്ഥാന ജീവല്‍ പ്രശ്‌നങ്ങള്‍ ഉന്നയിക്കുകയും നല്‍കുന്ന വാഗ്ദാനങ്ങളില്‍ ജനം വിശ്വസിക്കുകയും ചെയ്യുന്ന നേതൃത്വം ഇന്ത്യയിലെ പ്രതിപക്ഷത്തെ തിരിച്ചുകൊണ്ടുവന്നേക്കും എന്ന ശുഭോതര്‍ക്കമായ സന്ദേശമാണ് ഹിമാചല്‍ നല്‍കുന്നത്.