മതേതരക്കുപ്പായം ലീഗിന് പാകമാകുമോ?
അമേരിക്കന്‍ പര്യടനവേളയില്‍ വാഷിങ്ടണ്‍ ഡിസിയിലെ നാഷണല്‍ പ്രസ് ക്ലബ്ബില്‍ ഇന്ത്യന്‍ യൂണിയന്‍ മുസ്ലിംലീഗിനെ മതേതരപാര്‍ട്ടിയെന്നാണ് രാഹുല്‍ഗാന്ധി വിശേഷിപ്പിച്ചത്. ബിജെപിയെ ഹിന്ദുത്വ വര്‍ഗീയതയുടെ പാര്‍ട്ടിയെന്നു വിശേഷിപ്പിക്കുന്ന താങ്കള്‍ എങ്ങനെ മുസ്ലിംലീഗുമായി സഹകരിക്കുന്നുവെന്ന ചോദ്യത്തിനുള്ള ഉത്തരമായാണ് കോണ്‍ഗ്രസ് മുന്‍ അധ്യക്ഷന്‍ ഇങ്ങനെയൊരു വിശേഷണം ലീഗിനു ചാര്‍ത്തിക്കൊടുത്തത്. താങ്കള്‍ ലീഗിനെപ്പറ്റി വേണ്ടവിധം പഠിക്കാത്തതു കൊണ്ടാണ് ഇങ്ങനെയൊക്കെ ചോദിക്കുന്നതെന്നും രാഹുല്‍ഗാന്ധി ചോദ്യകര്‍ത്താവിനെ ഉപദേശിക്കുകയുണ്ടായി.
പ്രതീക്ഷിച്ച പോലെത്തന്നെയാണ് ബിജെപി അതിനോട് പ്രതികരിച്ചത്. ലീഗിനെ വെള്ളപൂശുന്ന രാഹുല്‍ മുസ്ലിംവര്‍ഗീയതയുടെ തടവറയിലെന്നാണ് അവരുടെ ആരോപണം. അത് അവിടെയിരിക്കട്ടെ. എന്നിരുന്നാലും, രാഹുല്‍ഗാന്ധിയുടെ പ്രസ്താവന ചില ചോദ്യങ്ങള്‍ക്കു ഇടനല്‍കുന്നുണ്ട്. ലീഗ് ഒരു മതേതരപാര്‍ട്ടിയെന്ന് രാഹുല്‍ വിശേഷിപ്പിക്കുമ്പോള്‍ അതിലൂടെ അദ്ദേഹം ഉദ്ദേശിക്കുന്നത് എന്താണ്? ഇന്ത്യന്‍ ദേശീയരാഷ്ട്രീയത്തില്‍ തുടക്കം മുതലേ കോണ്‍ഗ്രസും സോഷ്യലിസ്റ്റ് പാര്‍ട്ടികളും കമ്മ്യൂണിസ്റ്റ് പ്രസ്ഥാനങ്ങളും പുലര്‍ത്തിവന്ന അതേ മതേതരനയങ്ങള്‍ കലര്‍പ്പില്ലാതെ പിന്‍പറ്റുന്ന പാര്‍ട്ടിയാണ് ഇന്ത്യന്‍ യൂണിയന്‍ മുസ്ലിംലീഗ് എന്നാണോ കോണ്‍ഗ്രസ് നേതാവ് ലക്ഷ്യമാക്കുന്നത്? അതേയെങ്കില്‍, അത് വസ്തുതകള്‍ക്ക് നിരക്കുന്നതല്ല.
സ്വാതന്ത്ര്യാനന്തര ഇന്ത്യയില്‍ വിവിധതരത്തിലുള്ള കക്ഷികള്‍ അധികാര പങ്കാളിത്തത്തിനായി മത്സരരംഗത്തുണ്ട്. അവയുടെ അജണ്ടകളും നയപരിപാടികളും പ്രവര്‍ത്തനരീതിയും അനുയായിവൃന്ദവും ഒന്നിനൊന്നു വ്യത്യസ്തമാണ്. അത്തരം ഭിന്നതകളുടെ അടിസ്ഥാനത്തിലാണ് കക്ഷികളെ രാഷ്ട്രീയപണ്ഡിതര്‍ പലതരത്തില്‍ വര്‍ഗീകരിക്കുന്നത്. അതില്‍ മുഖ്യധാരയിലെ മതേതര കക്ഷികള്‍ എന്ന പോലെത്തന്നെ മതേതരസ്വഭാവം പുലര്‍ത്തുന്ന പ്രാദേശിക കക്ഷികളുണ്ട്; മതപരമോ സാമുദായികമോ ആയ പശ്ചാത്തലത്തില്‍ സവിശേഷ സാമൂഹികവിഭാഗങ്ങളെ പ്രതിനിധീകരിക്കുന്ന സ്വത്വരാഷ്ട്രീയ പ്രസ്ഥാനങ്ങളുണ്ട്. അതില്‍തന്നെ ചിലത് മറ്റു സമുദായങ്ങളോടും മതവിഭാഗങ്ങളോടുമുള്ള വിരോധം പ്രധാന അജണ്ടയായി കൊണ്ടുനടക്കുന്നവരാണ്. പരമതവിരോധമാണ് അവരുടെ കൈമുതല്‍.
എന്നാല്‍ വേറെ ചിലര്‍ തങ്ങളുടെ മതപരമോ സാമുദായികമോ ആയ താല്‍പ്പര്യങ്ങള്‍ക്ക് മുന്‍തൂക്കം കൊടുക്കുകയും അതേസമയം മറ്റു സമുദായങ്ങളുമായി രഞ്ജിപ്പിലും സൗഹൃദത്തിലും വര്‍ത്തിക്കുകയും ചെയ്യുന്നതിനു താല്പര്യം കാണിക്കുന്നു. വെറുപ്പല്ല, സ്വാര്‍ത്ഥതയാണ് അവരുടെ കൈമുതല്‍.ഇത്തരം ഭിന്നതകള്‍ പരിശോധിക്കുമ്പോള്‍ മുസ്ലിംലീഗിനെ കോണ്‍ഗ്രസും ഇടതുപാര്‍ട്ടികളും പ്രതിനിധീകരിക്കുന്ന മുഖ്യധാരാ മതേതര പാര്‍ട്ടികളുടെ കൂട്ടത്തില്‍ എണ്ണുന്നത് വസ്തുതാപരമായിരിക്കില്ലെന്ന കാര്യം ഉറപ്പാണ്. കാരണം മുസ്ലിംലീഗ് അതിന്റെ പേരുതന്നെ സൂചിപ്പിക്കുന്നതു പോലെ മുസ്ലിംസമുദായ താല്പര്യങ്ങള്‍ ഉയര്‍ത്തിപ്പിടിക്കുന്ന ഒരു രാഷ്ട്രീയകക്ഷിയാണ്. 1948ല്‍ അതിന്റെ ആരംഭം മുതല്‍ അത്തരമൊരു നയസമീപനമാണ് പാര്‍ട്ടി കൈക്കൊണ്ടുവന്നത്. അതിന്റെ ഗുണങ്ങളും ദോഷങ്ങളും ആ പാര്‍ട്ടിക്കുണ്ട്. മതേതരത്വമൂല്യങ്ങളെ ബഹുമാനിക്കുന്ന ഒരു സമുദായിക കക്ഷി എന്നുതന്നെയാണ് അതിനെ വിവരിക്കേണ്ടത്.
മുസ്ലിംലീഗ് മതേതരം എന്ന രാഹുല്‍ഗാന്ധിയുടെ സര്‍ട്ടിഫിക്കറ്റ് ഭാവിയില്‍ ലീഗിനുപോലും ഒരു കുരിശായി മാറിയേക്കാം. കാരണം അവര്‍ക്ക് തങ്ങളുടെ സാമുദായിക പാരമ്പര്യമോ താല്പര്യങ്ങളോ നേതൃശൈലിയോ ഉപേക്ഷിക്കാനാവില്ല. അങ്ങനെ ഉപേക്ഷിച്ചാല്‍ ആ പാര്‍ട്ടിയില്‍ പിന്നെ ആളുണ്ടാവുകയുമില്ല. പിന്നെ എന്തുകൊണ്ട് മുസ്ലിലീഗ് മതേതരഹെന്ന പ്രഖ്യാപനം രാഹുല്‍ഗാന്ധി നടത്തിയെന്ന ചോദ്യം പ്രസക്തമാണ്. ഒരുപക്ഷേ, അമേത്തിയിലെ ജനങ്ങള്‍ കൈവിട്ടപ്പോള്‍ ആകെയൊരു അത്താണിയായി വന്നത് മുസ്ലിം വോട്ടുകള്‍ക്ക് നിര്‍ണായക പ്രാധാന്യമുള്ള വയനാട്ടിലെ വോട്ടര്‍മാരാണെന്ന ഓര്‍മയുടെ മുന്നില്‍ അദ്ദേഹം സമര്‍പ്പിച്ച ഒരു കൃതജ്ഞതാ പ്രകടനമായി അതിനെ കാണാവുന്നതാണ്.
അല്ലെങ്കില്‍ അടുത്തവര്‍ഷം വീണ്ടും ലോക്സഭാ തിരഞ്ഞെടുപ്പ് നടക്കാനിരിക്കെ മുസ്ലിംലീഗ് പോലെയൊരു ദീര്‍ഘകാല സഖ്യകക്ഷിയെ എന്തിനു മുഷിപ്പിക്കണമെന്ന ചിന്തയായിരിക്കാം രാഹുലിനെ നയിച്ചത്. അതുമല്ലെങ്കില്‍, മുസ്ലിംലീഗിനും അതു പ്രതിനിധാനം ചെയ്തുവന്ന സമുദായിക രാഷ്ടീയത്തിനും ഒരു മതേതര സ്വഭാവമുണ്ടെന്ന അത്യന്തം ഗൗരവപൂര്‍ണമായ ഒരു വിലയിരുത്തലില്‍ കോണ്‍ഗ്രസ് എത്തിച്ചേര്‍ന്നു കഴിഞ്ഞിരിക്കുന്നുവെന്നതിന്റെ സൂചനയുമാവാം അദ്ദേഹത്തിന്റെ പ്രഖ്യാപനം.
രാഷ്ട്രീയനിലപാടിന്റെ കാര്യത്തില്‍ അങ്ങനെയൊരു താത്വികപരിവര്‍ത്തനം യഥാര്‍ത്ഥത്തില്‍ കോണ്‍ഗ്രസ്സിലുണ്ടായിരിക്കുന്നുവെന്നാണ് അതിന്റെ സൂചനയെങ്കില്‍ അത് വളരെ ദൂരവ്യാപകമായ അര്‍ത്ഥതലങ്ങളുള്ള നിരവധി പുതുചോദ്യങ്ങള്‍ ഉയര്‍ത്തുമെന്ന് തീര്‍ച്ചയാണ്. ആദ്യത്തെ പ്രശ്‌നം, അപ്പോള്‍ ആരാണ് മതേതരം, ആര് സമുദായികം, ആര് വര്‍ഗീയം എന്ന ചോദ്യമാണ്. അല്ലെങ്കില്‍ ഇനിയങ്ങോട്ട് അത്തരം അതിര്‍വരമ്പുകള്‍ പ്രസക്തമല്ല എന്നാണോ? മതത്തിന്റെയോ സമുദായത്തിന്റെയോ ജാതിയുടെയോ അടിസ്ഥാനത്തില്‍ കെട്ടിപ്പടുക്കപ്പെട്ട കക്ഷികളെയെല്ലാം മതേതരമെന്നു വിളിച്ചു മാമോദീസ മുക്കിയെടുക്കാന്‍ സാധ്യമാണോ? പഞ്ചാബില്‍ അകാലികളും ഹൈദരാബാദില്‍ ഒവൈസിയും കേരളത്തില്‍ കത്തോലിക്കാ സഭയും ഇത്തരത്തില്‍ സമുദായികതയുടെ അടിസ്ഥാനത്തില്‍ രാഷ്ട്രീയപ്രസ്ഥാനങ്ങള്‍ക്ക് രൂപം കൊടുക്കുകയോ അവയെ പിന്നില്‍നിന്ന് നയിക്കുകയോ ചെയ്യുന്നുണ്ട്.
ബഹുജന്‍ സമാജ് പാര്‍ട്ടി പോലുള്ള കക്ഷികള്‍ ജാതീയമായ പിന്നാക്കാവസ്ഥയുടെ അടിസ്ഥാനത്തില്‍ രൂപംകൊണ്ട കക്ഷികളാണ്. ആദിവാസി വിഭാഗങ്ങള്‍ക്കിടയില്‍ പ്രവര്‍ത്തിക്കുന്ന പല കക്ഷികളും വടക്കേ ഇന്ത്യയിലും വടക്കുകിഴക്കേ ഇന്ത്യയിലും സജീവമാണ്. തങ്ങളുടെ സവിശേഷപ്രശ്‌നങ്ങളെ പൊതുജനാധിപത്യ മണ്ഡലത്തില്‍ അവര്‍ പ്രതിനിധാനം ചെയ്യുന്നു. അവരില്‍ അധികം പേരും മതത്തിന്റെയോ ജാതിയുടെയോ പേരില്‍ ആരുമായും കലഹിക്കാന്‍ പോകാറില്ല. അതിനാല്‍ അവയെ വര്‍ഗീയമെന്ന് വിളിക്കാനുമാവില്ല. പക്ഷേ അവയെയെല്ലാം പൂര്‍ണാര്‍ത്ഥത്തില്‍ മതേതരമെന്ന് വിശേഷിപ്പിക്കാനാവുമോ? അങ്ങനെയെങ്കില്‍ ബിജെപിയുടെ ഹിന്ദുത്വരാഷ്ട്രീയത്തെ എങ്ങനെയാണ് ഇന്ത്യന്‍ പൊതുമണ്ഡലത്തില്‍ നമുക്ക് എതിര്‍ക്കാനാവുക?
ബിജെപിയും സംഘ്പരിവാരവും പിന്തുടര്‍ന്നു വരുന്ന ഭൂരിപക്ഷ വര്‍ഗീയതയുടെ രാഷ്ട്രീയത്തെ ഇന്ത്യന്‍ പൊതുമണ്ഡലത്തില്‍ കോണ്‍ഗ്രസ് അടക്കമുള്ള മതേതര കക്ഷികള്‍ക്ക് എതിര്‍ക്കാന്‍ കഴിയണമെങ്കില്‍ വര്‍ഗീയതയെ അതിന്റെ ഉറവിടം എന്തായാലും താത്വികതലത്തിലെങ്കിലും എതിര്‍ക്കാന്‍ ബന്ധപ്പെട്ട കക്ഷികള്‍ തയ്യാറാവുക തന്നെ വേണ്ടിവരും. അതില്‍ ഒത്തുതീര്‍പ്പുകള്‍ക്ക് ഒട്ടും സാധ്യതയില്ല. അതല്ലെങ്കില്‍ ബിജെപിയും സംഘ്പരിവാരവും ഉയര്‍ത്തുന്ന ഭീഷണിയെ സത്യസന്ധമായി എതിരിടാനും കഴിയില്ല. അതിനര്‍ത്ഥം ലീഗടക്കം, ഇന്ത്യന്‍ മതേതരചേരിയുമായി യോജിച്ചുനില്‍ക്കുന്ന സാമുദായിക കക്ഷികളുമായി അകലം പാലിക്കണമെന്നല്ല. അവയുമായി സഖ്യം ഇന്ത്യന്‍ ജനാധിപത്യത്തിന്റെ സംരക്ഷണത്തിനു അനിവാര്യമാണ്.
ബിജെപി വിരുദ്ധ വോട്ടുകള്‍ പരമാവധി ഒന്നിപ്പിക്കുകയെന്നതു തന്നെയാവണം മതേതര കക്ഷികളുടെ നിലപാട്. മാത്രമല്ല, ഇന്ത്യയില്‍ മുസ്ലിംകളും ക്രൈസ്തവരും അടക്കമുള്ള ന്യൂനപക്ഷങ്ങളും ദളിത്-ആദിവാസികള്‍ പോലുള്ള പാര്‍ശ്വവല്കൃത ജനവിഭാഗങ്ങളും ഹിന്ദുത്വ രാഷ്ട്രീയത്തിന്റെ കടന്നാക്രമണത്തിന്റെ സ്ഥിരം ഇരകളാണ്. അതിനാല്‍ അവരുടെ സംരക്ഷണത്തിന്റെ ഭാഗമായും ഇത്തരം ബന്ധങ്ങളെ ഊട്ടിയുറപ്പിക്കണം. കേരളത്തില്‍ ആദ്യമായി മുസ്ലിംലീഗുമായി കോണ്‍ഗ്രസ് സഖ്യമുണ്ടാക്കിയ അമ്പതുകളില്‍ അന്നത്തെ പ്രധാനമന്ത്രി ജവാഹര്‍ലാല്‍ നെഹ്റു അടക്കമുള്ള കോണ്‍ഗ്രസ് നേതാക്കള്‍ അത്തരമൊരു പ്രായോഗിക രാഷ്ട്രീയനയമാണ് സ്വീകരിച്ചത്. കമ്മ്യൂണിസ്റ്റ് ഭരണം അവസാനിപ്പിക്കാന്‍ വിമോചനസമരത്തില്‍ കോണ്‍ഗ്രസ് ലീഗുമായി കൂട്ടുകൂടിയിരുന്നു.
പിന്നീട് അറുപതുകളുടെ ആദ്യം മുതല്‍ അവരുമായി തിരഞ്ഞെടുപ്പ് സഖ്യങ്ങളും സ്ഥാപിച്ചു. അതിനര്‍ത്ഥം ലീഗിനെ സംബന്ധിച്ച കോണ്‍ഗ്രസ്സിന്റെ ആദ്യകാല വിമര്‍ശനങ്ങള്‍ അപ്രസക്തമെന്നല്ല. മറിച്ച് അത്തരം വിമര്‍ശനങ്ങളും പിന്നീട് പാര്‍ലമെന്ററി പ്രവര്‍ത്തനത്തിലെ അനുഭവങ്ങളും മുസ്ലിംലീഗിനെ പ്രായോഗിക രാഷ്ട്രീയത്തില്‍ മതേതര കക്ഷികളുമായി യോജിച്ചുപോകാന്‍ തയ്യാറുള്ള ഒരു സമീപനത്തിലേക്കു നയിച്ചുവെന്നുവേണം കരുതാന്‍. അത്തരത്തില്‍ പ്രായോഗികതയുടെ അടിസ്ഥാനത്തിലുള്ള ബന്ധങ്ങള്‍ ലീഗുമായി ആദ്യം സ്ഥാപിച്ചത് കേരളത്തിലെ കമ്മ്യൂണിസ്റ്റ് പ്രസ്ഥാനമാണെന്നതും ചരിത്രസത്യമാണ്. 1954ല്‍ മലബാര്‍ ഡിസ്ട്രിക്റ്റ് ബോര്‍ഡ് തിരഞ്ഞെടുപ്പില്‍ അത്തരമൊരു സഖ്യമുണ്ടാക്കിയാണ് കമ്യൂണിസ്റ്റ് പാര്‍ട്ടിയുടെ നേതാവ് പി ടി ഭാസ്‌കരപ്പണിക്കര്‍ അന്ന് ചെയര്‍മാനായി ചുമതലയേറ്റത്. എന്നാല്‍ 1957ല്‍ പരസ്യമായി അത്തരമൊരു സഖ്യമുണ്ടായിരുന്നില്ല.
പി.എസ്.പി ആയിരുന്നു ലീഗിന് ഒരേയൊരു കൂട്ട്. ലീഗിനെയും കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയെയും ഒരുപോലെ അതിശക്തമായി വിമര്‍ശിച്ചുകൊണ്ടാണ് കോണ്‍ഗ്രസ്സ് അന്ന് തിരഞ്ഞെടുപ്പിനെ നേരിട്ടത്; ഭംഗിയായി തോല്‍ക്കുകയും ചെയ്തു. കോഴിക്കോട് വെസ്റ്റ്ഹില്‍ മൈതാനത്ത് അന്ന് നെഹ്റു ചെയ്ത പ്രസംഗം ചരിത്രപ്രസിദ്ധമാണ്. മുസ്ലിംലീഗിനെ കടന്നാക്രമിച്ചുകൊണ്ട് നെഹ്റു പറഞ്ഞത് അവര്‍ ഇന്ത്യന്‍ രാഷ്ട്രീയത്തിലെ അഞ്ചാംപത്തി (ശത്രുരാജ്യത്തിനു വേണ്ടി പണിയെടുക്കുന്നവര്‍ എന്ന അര്‍ഥം വരുന്ന ക്വിസ്ലിങ് എന്ന വാക്കാണ് നെഹ്റു ഉപയോഗിച്ചത്) ആണെന്നാണ്. ലീഗ് ഒരു ചത്ത കുതിരയാണെന്നും അതിന്റെ സംസ്‌കാരം ഇന്ത്യന്‍ മണ്ണില്‍ നടത്തുമെന്നും കൂടി അദ്ദേഹം പ്രഖ്യാപിക്കുകയുണ്ടായി.
അതൊക്കെ പഴയ കഥ. ഏതാനും വര്‍ഷം കഴിഞ്ഞ് 1960ല്‍ തന്നെ ലീഗുമായി കൂട്ടുകൂടാന്‍ നെഹ്റുവിനും കോണ്‍ഗ്രസ്സിനും പ്രയാസമേതുമുണ്ടായില്ല. പക്ഷേ മത്സരം കഴിഞ്ഞു വോട്ടെണ്ണി മന്ത്രിസഭയുണ്ടാക്കുന്ന നേരത്ത് കോണ്‍ഗ്രസ്സിന് വീണ്ടും തങ്ങളുടെ തത്വാധിഷ്ഠിത മതേതര നിലപാടുകള്‍ ഓര്‍മ വന്നു. മന്ത്രിക്കുപ്പായം പ്രതീക്ഷിച്ച ലീഗിന് ആകെക്കിട്ടിയത് സ്പീക്കര്‍ പദവി മാത്രം. രണ്ടുകൊല്ലം കഴിഞ്ഞ് സീതി സാഹിബിന്റെ മരണശേഷം സി എച്ച് മുഹമ്മദ്കോയ സ്പീക്കറായെങ്കിലും അദ്ദേഹത്തെ അങ്ങേയറ്റം അപമാനിച്ചുകൊണ്ടാണ് കോണ്‍ഗ്രസ് ആ പദവി നല്‍കിയത്. ഏതാനും മാസം കഴിഞ്ഞു സിഎച്ച് സ്പീക്കര്‍ സ്ഥാനം രാജിവയ്ക്കുകയും ചെയ്തു.അതെല്ലാം സൂചിപ്പിക്കുന്നത് മുസ്ലിംലീഗ് മാത്രമല്ല, കോണ്‍ഗ്രസും കമ്മ്യൂണിസ്റ്റ് പാര്‍ട്ടികളുമെല്ലാം കാലാകാലങ്ങളായി തങ്ങളുടെ അനുഭവങ്ങളിലൂടെ ഒരുപാട് മാറ്റങ്ങള്‍ക്കു വിധേയരായെന്നുതന്നെയാണ്.
രാഷ്ട്രീയം നിരന്തരം മാറിക്കൊണ്ടിരിക്കുന്ന ഒരു ജൈവപ്രക്രിയയാണ്. 1957ല്‍ നെഹ്‌റു ലീഗിനെപ്പറ്റി പറഞ്ഞ കാര്യങ്ങള്‍ക്കു ഇന്നൊരു പ്രസക്തിയുമില്ല. കാരണം വിഭജനത്തിന്റെ ഭാഗമായോ മൂകസാക്ഷിയായോനിന്ന തലമുറ തന്നെ ഇന്ന് കുറ്റിയറ്റു പോയിരിക്കുന്നു. ആരാണ് വിഭജനത്തിന്റെ ഉത്തരവാദിയെന്ന ചോദ്യത്തിന് ഇന്ന് അക്കാദമികമായ പ്രസക്തി മാത്രമേയുള്ളൂ. അതിനാല്‍ ലീഗിനും മുസ്ലിം സമുദായത്തിനുമെതിരെ ബിജെപിയും സംഘ്പരിവാരവും നിരന്തരം നടത്തുന്ന പ്രകോപനപരമായ ആരോപണങ്ങള്‍ക്ക് യാതൊരു അടിസ്ഥാനവുമില്ല. വയനാട്ടില്‍ ആരൊക്കെയോ പാക് പതാക വീശി എന്നായിരുന്നു രാഹുല്‍ഗാന്ധിയുടെ പ്രചാരണവേളയില്‍ യോഗി ആദിത്യനാഥും അമിത് ഷായും മറ്റും ആരോപിച്ചത്. അത്തരം വസ്തുതാവിരുദ്ധമായ ആരോപണങ്ങള്‍ എന്തെങ്കിലും വ്യക്തമാക്കിയെങ്കില്‍ അത് ബിജെപിയുടെ രാഷ്ടീയത്തില്‍ അന്തര്‍ലീനമായ വര്‍ഗീയ പക്ഷപാതിത്വങ്ങളെ മാത്രമാണ്. അതിനാലാണ് വയനാട്ടിലെ ഹിന്ദുക്കളും മുസ്ലിംകളും ക്രൈസ്തവരുമായ വോട്ടര്‍മാര്‍ ഒരേമനസ്സോടെ അതിനെ പുച്ഛത്തോടെ തള്ളിയത്.
പക്ഷേ രാഹുല്‍ഗാന്ധിയുടെ അമേരിക്കന്‍ പ്രസ്താവന അദ്ദേഹം ഇപ്പോള്‍ മറുകണ്ടം ചാടുന്നുവെന്ന പ്രതീതിയാണ് സൃഷ്ടിക്കുന്നത്. കാരണം മുസ്ലിംലീഗിനെ എങ്ങനെ വലിച്ചുനീട്ടിയാലും പൂര്‍ണാര്‍ത്ഥത്തിലുള്ള ഇന്ത്യന്‍ മതേതര രാഷ്ട്രീയകക്ഷിയെന്ന് വ്യാഖ്യാനിക്കാനാവില്ല. അതിന്റെ സാമൂഹികാടിത്തറയും അതിന്റെ നിലപാടുകളും അതിന്റെ അംഗത്വവും നേതൃഘടനയും കാണിക്കുന്നത് മുസ്ലിംലീഗ് മുസ്ലിം സമുദായത്തില്‍ വേരുകളുറപ്പിച്ച ഒരു സാമുദായിക രാഷ്ട്രീയ കക്ഷിയാണെന്നാണ്. അതില്‍ ഒട്ടും ജാള്യത്തിന്റെ ആവശ്യവുമില്ല. കാരണം സമുദായികതയും വര്‍ഗീയതയും രണ്ടും രണ്ടാണ്. അത്തരം വസ്തുതകള്‍ മൂടിവച്ച് ലീഗുകാരെ മതേതരക്കുപ്പായം അണിയിക്കാന്‍ ശ്രമിച്ചാല്‍ അത് ആത്യന്തികമായി വലതുപക്ഷ വര്‍ഗീയശക്തികളെ മാത്രമാണ് സഹായിക്കുക.