വ്യവസ്ഥകളെ ധിക്കരിച്ച ഗൊദാർദിയൻ മാതൃക

വ്യവസ്ഥകളെ ധിക്കരിച്ച ഗൊദാർദിയൻ മാതൃക

രാഷ്ട്രീയ സിനിമയെന്നാല്‍ രാഷ്ട്രീയം വിഷയമാകുന്നതിനെക്കാള്‍ സിനിമ തന്നെ രാഷ്ട്രീയമായി നിര്‍മ്മിക്കപ്പെടുകയെന്നതാണ് എന്ന് ഗൊദാര്‍ദ് വാദിച്ചു
Updated on
2 min read

സിനിമാ നിര്‍മ്മാണത്തിനായി മോഷണം. പിടിക്കപ്പെട്ടപ്പോള്‍ ഉപജീവനത്തിനായി അണക്കെട്ട് നിര്‍മ്മാണത്തില്‍ ജോലിക്കാരനായി. പട്ടിണി കിടന്ന് കൂട്ടിവച്ച പണം കൊണ്ട് വാങ്ങിയ ക്യാമറയില്‍ ചിത്രീകരിച്ച അണക്കെട്ട് നിര്‍മ്മാണം, അതായിരുന്നു ലോകസിനിമയുടെ നെറുകയിലെത്തിയ ഗൊദാര്‍ദിൻ്റെ ചലച്ചിത്ര ജീവിതത്തിൻ്റെ തുടക്കം.  

ഭൗതികവാദിയും കാല്‍പ്പനികനും തീവ്ര മാര്‍ക്സിസ്റ്റും അരാജകവാദിയുമൊക്കെയായിരുന്ന ഗൊദാര്‍ദ് ലോകസിനിമാ ഭാഷയുടെ  വ്യവസ്ഥാപിതത്വങ്ങളെ തകിടം മറിച്ചത് തീവ്രമായ അനുഭവങ്ങളുടെ ചൂട് കൊണ്ടായിരുന്നു. ഗൊദാര്‍ദിയന്‍ സിനിമകള്‍ക്ക് പലപ്പോഴും പല മുഖങ്ങളായിരുന്നു, പല ഭാഷകളായിരുന്നു. അതായിരുന്നു അവയുടെ പ്രത്യേകതയും.

ഫ്രഞ്ച് നവതരംഗ സിനിമയുടെ സ്വാധീനവലയത്തില്‍ 1960 ല്‍ നിര്‍മ്മിച്ച ആദ്യ ഫീച്ചര്‍ സിനിമ ബ്രത്ത്‌ലസ് ആണ് ചലച്ചിത്രകാരനെന്ന നിലയില്‍ ഗോദാര്‍ദിന്  പ്രശസ്തി നേടിക്കൊടുത്തത്. ഫ്രഞ്ച് നവതരംഗസിനിമയില്‍ ശ്രദ്ധേയമായ പ്രഥമ ചിത്രങ്ങളിലൊന്നാണ് ബ്രത്ത്‌ലസ്. പ്രസിദ്ധ സംവിധായകന്‍ ത്രൂഫോ കഥയൊരുക്കി സംവിധാനം ചെയ്യാനിരുന്ന ചിത്രമായിരുന്നു ഇത്. അദ്ദേഹമത് പാതിവഴിയില്‍ ഉപേക്ഷിച്ചപ്പോള്‍ സഹയാത്രികനായിരുന്ന ഗൊദാര്‍ദ് ഏറ്റെടുക്കുകയായിരുന്നു.

കൃത്യമായ തിരക്കഥ പോലുമില്ലാതെയാണ് ചിത്രീകരണം നടന്നത്.  നിയമത്തിന്റെ പിടിയില്‍ നിന്ന് രക്ഷപ്പെട്ടോടുന്ന രണ്ടു പ്രണയികളുടെ കഥയായിരുന്നു പ്രമേയം. കഥാപാത്രങ്ങള്‍ക്കനുസരിച്ച് അപ്പപ്പോള്‍  എഴുതിയുണ്ടാക്കുന്ന സംഭാഷണങ്ങളായിരുന്നു ഉപയോഗിച്ചത്. ലോകസിനിമയിലെ ന്യൂവേവ് സംവിധാനശൈലിയുടെ തുടക്കമായിട്ടാണ് ചിത്രം വിലയിരുത്തപ്പെടുന്നത്.

സിനിമയുടെ ചിത്രീകരണം

മിക്കവാറും ഹാന്‍ഡ് ഹെല്‍ഡ് കാമറയിലായിരുന്നു. ഒരു ദൃശ്യത്തില്‍ നിന്ന് അതുമായി നേരിട്ടുബന്ധമില്ലാത്ത മറ്റൊരു ദൃശ്യത്തിലേക്ക് പൊടുന്നനേ കാഴ്ചയെ അടര്‍ത്തി മാറ്റുന്ന ജംപ് കട്ടുകളായിരുന്നു മറ്റൊരു പ്രത്യേകത. ഇത്തരം കട്ടുകള്‍ സര്‍ഗാത്മകമായി ആദ്യമായി ഉപയോഗിച്ചത് ഗൊദാര്‍ദായിരുന്നു. നിരവധി അന്താരാഷ്ട്ര ചലച്ചിത്രമേളകളില്‍ സിനിമ ശ്രദ്ധിക്കപ്പെട്ടു. ഗൊദാര്‍ദിൻ്റെ മറ്റൊരു പരീക്ഷണമായിരുന്നു 'ഡാഡ്‌സ് സിനിമ'. ഒരു നിഷേധമായിരുന്നു ആ സിനിമയെന്ന് ഗൊദാര്‍ദ് പറഞ്ഞിട്ടുണ്ട്. ഏതു സീക്വന്‍സും അതിന്റെ യുക്തിഭദ്രമായ പൂര്‍ണതയിലെത്തുന്നതിനു മുന്‍പ് ഗൊദാര്‍ദ് വെട്ടിമുറിച്ചു. സംഭാഷണങ്ങള്‍ പോലും പലപ്പോഴും പകുതിക്കുവച്ച് മുറിച്ചു. തനിക്കു തോന്നുന്ന ഇടത്ത് സീന്‍ അവസാനിപ്പിക്കുമെന്ന നിലപാടായിരുന്നു അത്. അതുംഏറെ ശ്രദ്ധിക്കപ്പെട്ടു.

നാലു പതിറ്റാണ്ടിനിടെ ഗൊദാര്‍ദ് നിര്‍മ്മിച്ച എഴുപതിലധികം സിനിമകളും രാഷ്ട്രീയമായി കറ തീര്‍ത്തവയായിരുന്നു. രാഷ്ട്രീയ സിനിമയെന്നാല്‍ രാഷ്ട്രീയം വിഷയമാകുന്നതിനെക്കാള്‍ സിനിമ തന്നെ രാഷ്ട്രീയമായി നിര്‍മ്മിക്കപ്പെടുകയെന്നതാണ് എന്ന് അദ്ദേഹം വാദിച്ചു. രാഷ്ട്രീയ വിമര്‍ശനത്തിനുള്ള മൂര്‍ച്ചയേറിയ ആയുധമായും സിനിമയെ അദ്ദേഹം ഉപയോഗിച്ചു. വ്യവസ്ഥാപിത രീതികളെ തച്ചുടക്കാന്‍ മുന്നിട്ടിറങ്ങിയ അദ്ദേഹം തന്നെക്കുറിച്ച് 'സെല്‍ഫ് പോര്‍ട്രെയ്റ്റ് ഇന്‍ ഡിസംബര്‍' എന്നൊരു ഡോക്യൂമെൻ്ററിയും നിര്‍മ്മിച്ചിട്ടുണ്ട്.

logo
The Fourth
www.thefourthnews.in