ജോൺ ബ്രിട്ടാസ്, ആരിഫ് മുഹമ്മദ് ഖാൻ
ജോൺ ബ്രിട്ടാസ്, ആരിഫ് മുഹമ്മദ് ഖാൻ

ഗവർണറുടെ വിലക്കിനെ കുറിച്ച് ജോൺ ബ്രിട്ടാസ്: മാധ്യമ സ്വാതന്ത്ര്യം ചവിട്ടി മെതിക്കാനുള്ള അവകാശം ഗവർണർക്കില്ല

ഗവർണറുടെ പ്രസ്ബ്രീഫിങ്ങിൽനിന്ന് കൈരളി ടിവി പ്രതിനിധിയെ ഇറക്കി വിട്ടതിനെക്കുറിച്ച് കൈരളി ടി വി എംഡി കൂടിയായ എം പി ജോൺ ബ്രിട്ടാസ് ദ ഫോർത്തിനോട്
Updated on
1 min read

' മിസ്റ്റര്‍ ആരിഫ് മുഹമ്മദ് ഖാന്‍, നിങ്ങള്‍ ഒരു ഏകാധിപതിയല്ല. ഇന്ത്യന്‍ ഭരണഘടനാ പ്രകാരം നിയമിക്കപ്പെട്ട ഗവര്‍ണറാണ്. കേരളത്തിന്റെ മാധ്യമസ്വാതന്ത്ര്യത്തെ ചവിട്ടി മെതിക്കാനുള്ള അനുമതി നിങ്ങള്‍ക്ക് ആരും നല്‍കിയിട്ടില്ല. ലോകത്തിൽ എല്ലാ മാധ്യമസംരംഭങ്ങള്‍ക്കും ഉള്ളതുപോലെ കൈരളിക്കും ഒരു രാഷ്ട്രീയമുണ്ട്. ജനാധിപത്യം, മതനിരപേക്ഷത, ബഹുസ്വരത, ആവിഷ്‌കാര സ്വാതന്ത്ര്യം തുടങ്ങിയ മൂല്യങ്ങള്‍ ഉയര്‍ത്തിപ്പിടിക്കുക എന്നുള്ളതാണ് കൈരളിയുടെ രാഷ്ട്രീയം. ആ പ്രക്രിയ അനുസ്യൂതം തുടരും.

കേരളത്തിലെ മാധ്യമങ്ങളെ വേര്‍തിരിച്ച് കാണാനുള്ള താങ്കളുടെ തന്ത്രം മുമ്പ് പല ഏകാധിപതികളും പയറ്റിയിട്ടുള്ളതാണ്. അതൊന്നും കേരളത്തിന്റെ മണ്ണില്‍ വിലപ്പോവില്ല എന്നുള്ള കാര്യം നിങ്ങള്‍ മനസ്സിലാക്കണം. കേന്ദ്ര വാര്‍ത്താ പ്രക്ഷേപണ മന്ത്രാലയത്തിന്റെ അനുമതിയോടെ ഉള്ളടക്കം സൂക്ഷ്മമായി പരിശോധിക്കപ്പെടുന്ന സാഹചര്യത്തില്‍ പ്രവര്‍ത്തിക്കുന്ന ചാനലാണ് കൈരളി. ഇരുപത് വര്‍ഷമായി കേരളത്തില്‍ തലയെടുപ്പോടു കൂടി കൈരളി നിലകൊള്ളുന്നു.

ഈ ചാനൽ ഉണ്ടെങ്കിൽ മാധ്യമങ്ങളോട് സംസാരിക്കില്ല എന്നും ' ഗെറ്റൌട്ട്' എന്നുള്ള പദപ്രയോഗത്തിലൂടെ തൻ്റെ ഏകാധിപത്യ സ്വഭാവം പ്രകടിപ്പിക്കുകയും ചെയ്ത ഗവർണറോടുള്ള ശക്തമായ എതിർപ്പ് ഞങ്ങൾ പ്രകടിപ്പിക്കുന്നു. ഐതിഹാസികമായ പോരാട്ടങ്ങളിലൂടെ നേടിയെടുത്തതാണ് കേരളത്തിൻ്റെ മാധ്യമ സ്വാതന്ത്ര്യം. അത് ആരുടെയെങ്കിലും മുമ്പിൽ അടിയറവ് വെക്കാൻ കേരളത്തിലെ മാധ്യമങ്ങളോ മാധ്യമപ്രവർത്തകരോ തയ്യാറല്ല. എൻ്റെ മാധ്യമ സുഹൃത്തുക്കൾ കൂടി ഈയൊരു കാര്യം മനസ്സിൽ സൂക്ഷിച്ചാൽ ഉത്തമമാകും.

( സിപിഎം രാജ്യസഭാ എം പിയും കൈരളി ടിവി എംഡിയുമായ ജോണ്‍ ബ്രിട്ടാസുമായി ഞങ്ങളുടെ പ്രതിനിധി സംസാരിച്ച് തയ്യാറാക്കിയത് )

logo
The Fourth
www.thefourthnews.in