ലോക ഫോട്ടോഗ്രാഫി ദിനവും ആധുനിക ലോകവും
ഇന്ന് ഓഗസ്റ്റ് 19, ലോക ഫോട്ടോഗ്രാഫി ദിനം. ഒരേ സമയം കലയും ക്രിയാത്മകതയും സാങ്കേതികവിദ്യയും സംഗമിക്കുന്ന അപൂര്‍വതയാണ് ഫോട്ടോഗ്രാഫി. ലോകം മുഴുവന്‍ കൈക്കുമ്പിളില്‍ ഒതുക്കുന്ന പത്ര, ദൃശ്യ, സാമൂഹ്യമാധ്യമങ്ങളും ഓരോ മനുഷ്യന്റെയും നിത്യജീവിതത്തില്‍ ഒഴിച്ചുകൂടാനാവാത്ത സ്മാര്‍ട്ട് ഫോണ്‍ എന്ന ഫോട്ടോഗ്രാഫി ഉപകരണവും...ജീവിതത്തെ ഇതുപോലെ സ്വാധീനിച്ച മറ്റൊരു കാലഘട്ടം ആരുടെയെങ്കിലും ഓര്‍മകളിലുണ്ടോ? ഡിജിറ്റല്‍ കാലഘട്ടത്തിലെ ശരിക്കും ഡിജിറ്റലായ മനുഷ്യന്‍.
''നമുക്ക് മുന്നില്‍ എത്തുന്ന ഓരോ ഫോട്ടോയും ക്യാമറ ഉപയോഗിച്ചാണ് നിര്‍മിച്ചിരിക്കുന്നതെന്നത് മിഥ്യാധാരണയാണ്. എന്നെ സംബന്ധിച്ചിടത്തോളം എന്റെ ഓരോ ഫോട്ടോയും എന്റെ കണ്ണുകള്‍ സാക്ഷിയാക്കി ഹൃദയത്തില്‍ പകര്‍ത്തി തലച്ചോറില്‍ ശേഖരിച്ച് ഒടുവില്‍ അവ ഏതോ ഒരു പ്രതലത്തിലേക്ക് പകര്‍ത്തുന്നു എന്നേയുള്ളൂ,'' എന്ന ലോക പ്രശസ്ത ഫോട്ടോഗ്രാഫര്‍ ഹെന്റി കാര്‍ട്ടിയര്‍ ബ്രെസ്സന്‍ പറഞ്ഞ വാക്കുകള്‍ അന്വര്‍ത്ഥമാക്കിക്കൊണ്ടാണ് ഇന്ന് ലോക ഫോട്ടോഗ്രാഫി ദിനം ആഘോഷിക്കുന്നത്.
ഒരു ഫോട്ടോയോ വിഡിയോയോ ഇല്ലാത്ത ഒരു ദിവസം നമുക്ക് ചിന്തിക്കാനാകുമോ
സാങ്കേതികവിദ്യകളും ശാസ്ത്രവും വാര്‍ത്താവിനിമയ സംവിധാനങ്ങളും പുരോഗമിച്ച ഇരുപത്തി ഒന്നാം നൂറ്റാണ്ടിന്റെ ആദ്യ പാദത്തിലും ഫോട്ടോഗ്രാഫി കാലാതീതമായ ഒരു കലാരൂപമായി തന്നെ നിലകൊള്ളുന്നു.
ക്രിസ്തുവിന് മുന്‍പ് നാലാം നൂറ്റാണ്ടില്‍ അരിസ്റ്റോട്ടില്‍ എന്ന മഹാപ്രതിഭ ആവിഷ്‌കരിച്ച ഇന്നത്തെ ഫോട്ടോഗ്രാഫിയുടെ ആദ്യ രൂപമായ ക്യാമറാ ഒബ്സ്‌ക്യൂറ, ക്യാമറകള്‍ ഉപയോഗിച്ചുള്ള ഫോട്ടോഗ്രാഫിയുടെ ഉപജ്ഞാതാക്കളായി ജോസഫ് നിസെഫോര്‍ നീപ്സെയും ലൂയിസ് ഡാഗുറെയും ചിത്രങ്ങള്‍ പകര്‍ത്തിയ കാലഘട്ടം, അതിനുശേഷം ഫിലിം ഫോട്ടോഗ്രാഫിയും എസ് എല്‍ ആര്‍ ക്യാമറകളും വിവിധയിനം ലെന്‍സുകളും തേരോട്ടം നടത്തിയ ഇരുപതാം നൂറ്റാണ്ട്, ഡിജിറ്റല്‍ എസ് എല്‍ ആര്‍ ക്യാമറകളും ഡിജിറ്റല്‍ മിറര്‍ലെസ് ക്യാമറകളും മൊബൈല്‍ ഫോണ്‍ സെല്‍ഫി ക്യാമറകളും സാധാരണമായ ഇന്നത്തെ ഡിജിറ്റല്‍ കാലഘട്ടം... ഫോട്ടോഗ്രാഫി എന്ന സാങ്കേതികവിദ്യ മനുഷ്യന്റെ നിത്യജീവിതത്തില്‍ വരുത്തുന്ന സ്വാധീനം എത്രമാത്രം വലുതാണെന്ന് ഈ മാറ്റങ്ങള്‍ തെളിയിക്കുന്നു. ഒരു ഫോട്ടോയോ വീഡിയോയോ ഇല്ലാത്ത ഒരു ദിവസം നമുക്ക് ചിന്തിക്കാനാകുമോ?
ലൂയിസ് ഡാഗുറെയും ജോസഫ് നൈസ്ഫോര്‍ നീപ്സും ചേര്‍ന്ന് 1837-ല്‍ നടത്തിയ ഫോട്ടോഗ്രാഫിക് പ്രക്രിയയുടെ ആദ്യകാല രൂപങ്ങളിലൊന്നായ ഡാഗെറോടൈപ്പിന്റെ കണ്ടുപിടുത്തത്തിന് ആദരവ് അര്‍പ്പിച്ചുകൊണ്ട് ഒരു ദിനാചരണമെന്ന ചിന്ത 2010 ഓഗസ്റ്റ് 19ന് പ്രശസ്ത ഓസ്ട്രേലിയന്‍ ഫോട്ടോഗ്രാഫര്‍മാരായ കോര്‍സ്‌കെ ആരയുടെയും ടിം ഹാര്‍വിയുടെയും നേതൃത്വത്തില്‍ ആവിര്‍ഭവിച്ചതോടെയാണ് ലോക ഫോട്ടോഗ്രാഫി ദിനത്തിന്റെ ഉത്ഭവമെന്ന് പറയാം. ഫോട്ടോഗ്രാഫി എന്ന കലയെ കൂടുതല്‍ പ്രോത്സാഹിപ്പിക്കാനും സമൂഹമാധ്യമങ്ങളിലൂടെ മനുഷ്യജീവിതം ആഘോഷിക്കാനുമുള്ള തയ്യാറെടുപ്പിന്റെയും ഭാഗമായാണ് ഇത്തരം ഒരു ദിനത്തെക്കുറിച്ച് ഇരുവരും ചിന്തിച്ചത്.
ഡാഗെറോടൈപ്പിന്റെ കണ്ടുപിടുത്തം പിന്നീട് ഈ രംഗത്തേക്ക് കടന്നുവന്ന, ലോകമെങ്ങുമുള്ള നിരവധി ഫോട്ടോഗ്രാഫര്‍മാരുടെ ജീവിതത്തില്‍ വലിയൊരു വഴിത്തിരിവായി മാറി. 1839 ജനുവരി 9-ന്, ഫ്രഞ്ച് അക്കാദമി ഓഫ് സയന്‍സസ് ഡാഗെറോടൈപ്പ് ഔദ്യോഗികമായി അംഗീകരിച്ചു. ഇതിനുശേഷം ഏഴ് മാസത്തിനുശേഷം, 1839 ഓഗസ്റ്റ് 19-ന് ഫ്രഞ്ച് സര്‍ക്കാര്‍ ഉപകരണത്തിന്റെ പേറ്റന്റ് വാങ്ങി. ഡാഗറോ ടൈപ്പ് കണ്ടുപിടുത്തത്തെ 'ലോകത്തിനുള്ള സമ്മാനം' എന്ന് വിളിക്കുകയും എല്ലാവര്‍ക്കും സൗജന്യമായി ലഭ്യമാക്കുകയും ചെയ്തു.
നാമോരുരുത്തരും ഫോട്ടോഗ്രാഫര്‍മാരായി പരിണമിച്ചിരിക്കുന്നു
ആദ്യ ലോക ഫോട്ടോഗ്രാഫി ദിനത്തിനുശേഷമുള്ള 13 വര്‍ഷങ്ങളില്‍ ഫോട്ടോഗ്രാഫി മേഖലയിലുണ്ടായ അതിവേഗത്തിലുള്ള സാങ്കേതിക വളര്‍ച്ചയുടെ കഥ കൂടിയാണ് ഇന്നത്തെ ദിനം നമ്മെ ഓര്‍മിപ്പിക്കുന്നത്. പത്ര, ദൃശ്യ മാധ്യമങ്ങളോടൊപ്പം സമൂഹമാധ്യമങ്ങള്‍ ഓരോ മനുഷ്യന്റെയും ജീവിതത്തില്‍ ചെലുത്തുന്ന സ്വാധീനവും ഇന്നത്തെ ദിനത്തിന്റെ പ്രാധാന്യം വര്‍ധിപ്പിക്കുന്നു. ഇന്നിപ്പോള്‍ നാമോരുരുത്തരും ഫോട്ടോഗ്രാഫര്‍മാരായി പരിണമിച്ചിരിക്കുന്നു. വലിയ ട്വിന്‍ ലെന്‍സ്, സിംഗിള്‍ ലെന്‍സ് റിഫ്ളക്സ് പെന്റാ പ്രിസം ക്യാമറകള്‍ വിരലിലെണ്ണാവുന്ന പ്രൊഫഷണല്‍ ഫോട്ടോഗ്രാഫര്‍മാര്‍ക്ക് മാത്രം പ്രാപ്യമായിരുന്ന ഒരു സമൂഹം അരനൂറ്റാണ്ട് മുന്‍പ് നമുക്കുണ്ടെന്നത് ഇവിടെ ഓര്‍ക്കാവുന്നതാണ്.
നാം കാണുന്ന ഓരോ ഫോട്ടോഗ്രാഫും വിവിധ സൈദ്ധ്യാന്തികതലത്തിലും സൗന്ദര്യാസ്വാദന തലത്തിലും ദര്‍ശിക്കാനാകും. ഒരേ സമയം കലയും സാങ്കേതികവിദ്യയും ക്രിയാത്മകതായും സമന്വയിക്കുന്ന അപൂര്‍വം ചില മേഖലകളിലൊന്നാണ് ഫോട്ടോഗ്രാഫി. സ്വകാര്യമായ ഓരോ ഫോട്ടോയിലൂടെയും നാമറിയാതെ ഭൂതകാലത്തിലേക്കും സുഖ, ദുഃഖ സമ്മിശ്ര വികാരങ്ങളുടെ വേലിയേറ്റം സൃഷ്ടിക്കുന്ന ചിന്തകളിലേക്കും ഊളിയിടുമ്പോള്‍, വാര്‍ത്താ ചിത്രങ്ങള്‍ ലോകത്തിന്റെ മാറുന്ന ചിന്തകളുടെയും അധികാരത്തിന്റെയും തിന്മയുടെയും സ്വാര്‍ത്ഥതയുടെയും നന്മയുടെയും കരുതലിന്റെയും സ്നേഹത്തിന്റെയും ഒക്കെ കാഴ്ചകള്‍ മുന്നിലെത്തിക്കുന്നു.
ലോക ഫോട്ടോഗ്രാഫി ദിനം, ഓരോ ലെന്‍സിന് പിന്നിലെയും കലാപരതയുടെയും സര്‍ഗാത്മകതയുടെയും ആഘോഷം കൂടിയാണ്
ഓര്‍മകളെ മൂര്‍ത്തമാക്കാനുള്ള കലയാണ് ഫോട്ടോഗ്രാഫിയെന്ന് നിസ്സംശയം പറയാം. ചിത്രങ്ങള്‍ പകര്‍ത്തുന്നതിലും നമ്മുടെ ജീവിതത്തിന്റെ നിമിഷങ്ങള്‍ പങ്കുവയ്ക്കുന്നതിലും വിപ്ലവം സൃഷ്ടിച്ച സാങ്കേതിക മുന്നേറ്റങ്ങള്‍ക്കുള്ള ആദരവ് മാത്രമല്ല ലോക ഫോട്ടോഗ്രാഫി ദിനം, ഓരോ ലെന്‍സിന് പിന്നിലെയും കലാപരതയുടെയും സര്‍ഗാത്മകതയുടെയും ആഘോഷം കൂടിയാണ്.
2010 ഓഗസ്റ്റ് 19 ന് ലോക ഫോട്ടോഗ്രാഫി ദിനത്തോടനുബന്ധിച്ചുള്ള ആദ്യത്തെ ആഗോള ഓണ്‍ലൈന്‍ ഹോസ്റ്റ് ചെയ്തു. വിവിധ രാജ്യങ്ങളില്‍ നിന്നുള്ള പ്രശസ്തരായ 270-ലധികം ഫോട്ടോഗ്രാഫര്‍മാര്‍ അവരുടെ ഫോട്ടോകള്‍ ഇതിലൂടെ ലോകത്തിനുമുന്നില്‍ പങ്കിട്ടു. നൂറിലധികം രാജ്യങ്ങളില്‍നിന്നുള്ള ഫോട്ടോഗ്രാഫി പ്രേമികള്‍ ഔദ്യോഗിക വെബ്സൈറ്റ് ദിനേന സന്ദര്‍ശിച്ചുകൊണ്ടിരിക്കുന്നു. ഇന്ന് ആഗോളതലത്തില്‍ ലോക ഫോട്ടോ ദിനത്തിന്റെ ഔദ്യോഗിക അടയാളമായി ഈ ഗാലറി മാറിക്കഴിഞ്ഞു.
ഇത്തവണത്തെ ലോക ഫോട്ടോഗ്രാഫി ദിനത്തിന്റെ തീം 'ലാന്‍ഡ്സ്‌കേപ്പുകള്‍' എന്നതാണ്. ആധുനിക മനുഷ്യന്‍ യാത്രകള്‍ ഇഷ്ടപ്പെടുന്നവരാണ്. ഓരോ യാത്രകളിലും നാം നിരന്തരം പ്രകൃതിയുമായി സംവദിക്കുന്നു. യാത്രകളില്‍ നാം പകര്‍ത്തുന്ന പ്രകൃതിദൃശ്യങ്ങളും നാം ജീവിക്കുന്ന നമ്മുടെ ചുറ്റുപാടുകളില്‍നിന്ന് പകര്‍ത്തുന്ന പ്രകൃതിദൃശ്യങ്ങളും വ്യത്യസ്ത വികാരങ്ങളാണ് നമ്മുടെയുള്ളില്‍ സൃഷ്ടിക്കുക. പ്രകൃതിയുമായി നാം ക്യാമറയിലൂടെ സംവദിക്കുമ്പോള്‍ അത് നമ്മുടെ ബോധ- അബോധ തലങ്ങളിലൂടെ ചിന്തകളില്‍ സൃഷ്ടിക്കുന്ന മാറ്റങ്ങള്‍, ചിലപ്പോള്‍ എങ്കിലും നാമറിയാതെ നാമോരുത്തരെയും പ്രകൃതിയുടെ സംരക്ഷകരും പ്രചാരകരും ആക്കി മാറ്റിയേക്കാം. ആഗോള താപനത്തിന്റെയും കാലാവസ്ഥാ വ്യതിയാനത്തിന്റെയും ഈ കാലഘട്ടത്തില്‍ നാമോരോരുത്തരും പ്രകൃതിസംരക്ഷകരാവുകയെന്ന ദൗത്യം കൂടി ഈ ലോക ഫോട്ടോഗ്രാഫി ദിനം ഓര്‍മിപ്പിക്കുന്നു.
ഫോട്ടോഗ്രാഫി ജീവിതയാഥാര്‍ഥ്യത്തിന്റെ തീവ്രവും ജ്വലിക്കുന്നതുമായ കവിതയാണ് എന്നും. ''വാക്കുകള്‍ അവ്യക്തമാകുമ്പോള്‍, ഞാന്‍ ഫോട്ടോഗ്രാഫുകളില്‍ ശ്രദ്ധകേന്ദ്രീകരിക്കും. ചിത്രങ്ങള്‍ അപര്യാപ്തമാകുമ്പോള്‍, ഞാന്‍ നിശബ്ദതയില്‍ തൃപ്തനാകും,''എന്ന് പറഞ്ഞ ലോകപ്രശസ്ത തത്വചിന്തകന്‍ അന്‍സല്‍ ആഡംസും ''നിങ്ങള്‍ പകര്‍ത്തുന്ന ഓരോ ചിത്രത്തിലും ഈ നിമിഷത്തിന്റെ മാനവികത നിര്‍ബന്ധമായും അടങ്ങിയിരിക്കണം,'' എന്ന് ഓര്‍മിപ്പിച്ച റോബര്‍ട്ട് ഫ്രാങ്കും ഓരോ ചിത്രം പകര്‍ത്തുമ്പോഴും നമ്മുടെ ചിന്തകളില്‍ ഉണ്ടാകട്ടെ...