മുത്തങ്ങ സമരകാലത്തെ ഒളിവു ജീവിതവും പോലീസ് നടപടിയും; ആ ഓര്‍മകള്‍ പങ്കുവച്ച് മാധ്യമപ്രവര്‍ത്തകന്‍
അട്ടപ്പാടിയില്‍ മധുവും കോഴിക്കോട് വിശ്വനാഥനും ആള്‍ക്കൂട്ട വിചാരണയുടെ ഇരകളാണ്. മുത്തങ്ങയുടെ പശ്ചാത്തലത്തില്‍ ഇരുപത് വര്‍ഷം മുമ്പ് സി കെ ജാനുവും എം ഗീതാനന്ദനും സമാന രീതിയില്‍ വിചാരണയ്ക്ക് വിധേയരായവരാണ്. ഒന്നര മാസത്തോളം സമരം നടത്തിയ മുത്തങ്ങ വനത്തില്‍ നിന്ന് ഒരു കിലോമീറ്ററിനകത്താണ് നാട്ടുകാരുടെ ഭേദ്യത്തിനിരയായത്. ദേഹോപദ്രവം ഏല്‍ക്കേണ്ടി വന്നില്ലെങ്കിലും അവിടെ നിന്നും അവര്‍ക്ക് കടുത്ത അപമാനം ഏറ്റുവാങ്ങേണ്ടി വന്നു. 2003 ഫെബ്രുവരി 22 നായിരുന്നു സംഭവം. മണ്ണിനുവേണ്ടിയുള്ള തദ്ദേശ ജനതയുടെ പോരാട്ടം ദയാരഹിതമായി രക്തപങ്കിലമാക്കിയ മുത്തങ്ങ വെടിവെയ്പ് നടത്തി മൂന്നു ദിവസത്തിന് ശേഷം. 2003 ഫെബ്രുവരി 19 നാണ് മുത്തങ്ങ വനഭൂമിയില്‍ തോക്കുകള്‍ ഗര്‍ജ്ജിച്ചതും ജോഗിയെന്ന ആദിവാസി വെടിയേറ്റ് കൊല്ലപ്പെട്ടതും. കാട്ടില്‍ നിന്നും ആദിവാസികളെ കുടിയൊഴിപ്പിക്കാനെത്തിയ പോലീസ് സേനയിലെ ഒരംഗമായ വിനോദിന്റെ ജീവന്‍ പൊലിഞ്ഞതും ഇതേ ദിനത്തില്‍ തന്നെ.
ജീവിക്കാനാവശ്യമായ ഭൂമി നല്‍കാമെന്ന സര്‍ക്കാര്‍ ഉറപ്പു പാലിക്കണമെന്നാവശ്യപ്പെട്ട് സമരരംഗത്തിറങ്ങിയ ആദിവാസികള്‍ എങ്ങനെ ദ്രുതഗതിയില്‍ ജനസാമാന്യത്തിന്റെ എതിരാളികളായെന്നറിയാതെ അന്ധാളിച്ചവരില്‍ ഈ ലേഖകനും ഉള്‍പ്പെടും
അധിനിവേശത്തിന്റെയും കുടിയേറ്റത്തിന്റെയും അക്രമണോത്സുകമായ മുഖമാണ് വയനാട്ടിലെ ആദിവാസികള്‍ക്ക് ആ ദിനങ്ങളില്‍ കാണേണ്ടി വന്നത്. വര്‍ണവും വസ്ത്രവും അവര്‍ക്ക് ശാപമായി. അന്നുവരെ പാപ്പനും യജമാനനുമായിരുന്നുവര്‍ അവരെ ശത്രുക്കളെയെന്നപോല്‍ മര്‍ദിച്ചും മാനം കൊടുത്തിയും നിര്‍ദാക്ഷിണ്യത്തോടെ പെരുമാറി. ജീവിക്കാനാവശ്യമായ ഭൂമി നല്‍കാമെന്ന സര്‍ക്കാര്‍ ഉറപ്പു പാലിക്കണമെന്നാവശ്യപ്പെട്ട് സമരരംഗത്തിറങ്ങിയ ആദിവാസികള്‍ എങ്ങനെ ദ്രുതഗതിയില്‍ ജനസാമാന്യത്തിന്റെ എതിരാളികളായെന്നറിയാതെ അന്ധാളിച്ചവരില്‍ ഈ ലേഖകനും ഉള്‍പ്പെടും.
ദൃശ്യമാധ്യമങ്ങളുടെ വരവും അവയുടെ പ്രഹര ശേഷിയും ജനത്തിന് അനുഭവപ്പെടുന്നതും ഈ ഘട്ടത്തിലാണെന്ന് പറയാം. ഒരു പക്ഷെ മറച്ചുവെയ്ക്കാന്‍ കഴിയുമായിരുന്ന ഭരണകൂടാതിക്രമം വിവര സാങ്കേതിക ജ്ഞാനത്തിന്റെ ബലത്തില്‍ ലോകമാകെ മണിക്കൂറുകള്‍ക്കകം എത്തിക്കാന്‍ ദൃശ്യമാധ്യമത്തെ ചിലര്‍ ഉപയോഗിച്ചു
കീഴടക്കുന്നവനില്‍ ഒരിക്കലും ശമിക്കാതെ അവശേഷിക്കുന്ന ഉള്‍ഭയത്തിന്റെ പ്രതിഫലനമാണ് കുടിയേറ്റക്കാരന്റെ സഹജീവി വിദ്വേഷത്തിന് കാരണമെന്ന് തിരിച്ചറിഞ്ഞത് അക്കാലത്താണ്. ആദിവാസികള്‍ മാത്രമല്ല അവരോട് അനുതാപം പ്രകടിപ്പിച്ചവരെല്ലാം പൊതുസമൂഹത്തിന് രുചിക്കാത്തവരായിരുന്നു. ഡയറ്റ് അധ്യാപകനായ കെ കെ സുരേന്ദ്രനും സാമൂഹ്യ, മാധ്യമ പ്രവര്‍ത്തകരില്‍ ചിലരും ശത്രു ഗണത്തില്‍പെട്ടതങ്ങനെയാണ്. പൊതുവെ സമൂഹത്തിലെ ഉന്നത കുലജാതര്‍ കൈകാര്യം ചെയ്തിരുന്ന വര്‍ത്തമാന പത്രങ്ങള്‍ പരിഷ്‌കരണത്തിന് വിധേയമാവാന്‍ തുടങ്ങിയ ഘട്ടം കൂടിയായിരുന്നു അത്. ദൃശ്യമാധ്യമങ്ങളുടെ വരവും അവയുടെ പ്രഹര ശേഷിയും ജനത്തിന് അനുഭവപ്പെടുന്നതും ഈ ഘട്ടത്തിലാണെന്ന് പറയാം. ഒരു പക്ഷെ മറച്ചുവെയ്ക്കാന്‍ കഴിയുമായിരുന്ന ഭരണകൂടാതിക്രമം വിവര സാങ്കേതിക ജ്ഞാനത്തിന്റെ ബലത്തില്‍ ലോകമാകെ മണിക്കൂറുകള്‍ക്കകം എത്തിക്കാന്‍ ദൃശ്യമാധ്യമത്തെ ചിലര്‍ ഉപയോഗിച്ചു. യുദ്ധസമാനമായ സാഹചര്യം കൃത്രിമമായി സൃഷ്ടിക്കുകയും പൊതുസമൂഹത്തിന്റെ വീക്ഷണത്തില്‍ വിദ്വേഷത്തിന്റെ മനോ നില രൂപപ്പെടുത്തുന്നതിനും ഭരണകൂടം ശ്രമിക്കുകയും അതില്‍ വിജയിക്കുകയും ചെയ്തു.
സമരം ആദിവാസികളുടേതല്ലെന്നും പുറത്തു നിന്നുള്ളവരുടെയും തീവ്രവാദികളുടെയും പ്രേരണയും നേതൃത്വവുമാണ് സമരത്തെ നയിച്ചതെന്ന നുണ പ്രചരിപ്പിക്കുകയാണ് പിന്നീടുണ്ടായത്
പോലീസിനു മുന്നില്‍ കീഴടങ്ങാന്‍ പുറപ്പെട്ട ജാനുവിനെയും കൂട്ടാളിയെയും പ്രദേശവാസികള്‍ നമ്പിക്കൊല്ലി വയലില്‍ തടഞ്ഞുവെച്ചത് സര്‍ക്കാര്‍ ഉണ്ടാക്കിയെടുത്ത ആദിവാസി വിരുദ്ധ വികാരത്തിന്റെ പ്രത്യക്ഷ ദൃഷ്ടാന്തമായിരുന്നു. നാട്ടുകാരന്‍ നല്‍കിയ വിവരമനുസരിച്ച് സ്ഥലത്തെത്തിയ പോലീസ് അഞ്ച് കിലോമീറ്റര്‍ മാത്രം അകലെയുള്ള സ്റ്റേഷനിലേയ്ക്ക് ഇവരെയും കൊണ്ടെത്തുന്നത് ഏതാണ്ട് ഒരു മണിക്കൂര്‍ കഴിഞ്ഞാണ്. പോലീസ് വാഹനത്തിനുള്ളില്‍ വെച്ച് അതിക്രൂരമായി ഇവരെ മര്‍ദിച്ചു. തങ്ങളുടെ സഹപ്രവര്‍ത്തകന്റെ മരണത്തിനുത്തരവാദികളായവരെ തല്ലാനും കൊല്ലാനും അവകാശമുണ്ടെന്ന നിലപാടിലേയ്ക്ക് സാധാരണ കോണ്‍സ്റ്റബിള്‍ വരെയുള്ളവര്‍ ഇതിനകം എത്തിപ്പെട്ടിരുന്നു. ആദിവാസി സമരത്തെ പോലീസ് നേരിട്ട രീതിയും സര്‍ക്കാര്‍ നിലപാടും എല്ലാ ഭാഗത്തു നിന്നുമുള്ള വലിയ വിമര്‍ശനത്തിന് കാരണമായി. സമരം ആദിവാസികളുടേതല്ലെന്നും പുറത്തു നിന്നുള്ളവരുടെയും തീവ്രവാദികളുടെയും പ്രേരണയും നേതൃത്വവുമാണ് സമരത്തെ നയിച്ചതെന്ന നുണ പ്രചരിപ്പിക്കുകയാണ് പിന്നീടുണ്ടായത്. സ്ഥാപിത താല്പര്യക്കാരായ ചിലര്‍ ഇതിനിടയില്‍ കുരുക്കിനനുയോജ്യമായ കഴുത്ത് കണ്ടെത്തിക്കഴിഞ്ഞിരുന്നു.
മാധ്യമ പ്രവര്‍ത്തകരില്‍ ചിലരെ പോലീസ് നോട്ടമിടുന്നുണ്ടെന്ന പ്രചാരണം തുടക്കം മുതല്‍ ഉണ്ടായിരുന്നു. അങ്ങനെ സംശയിക്കപ്പെടുന്നവരുടെ ഗണത്തില്‍ ഈ ലേഖകന്റെ പേരിനായിരുന്നു മുന്‍തൂക്കം
ദൃശ്യ മാധ്യമപ്രവര്‍ത്തകനായ ഈ ലേഖകനും സുരേന്ദ്രനുമെല്ലാം അങ്ങനെ അവര്‍ വിരിച്ച വലയില്‍ അകപ്പെട്ടവരായിരുന്നു. ഗീതാനന്ദന്‍ സൂക്ഷിച്ചിരുന്ന പോക്കറ്റ് ഡയറിയില്‍ പച്ചമഷിയില്‍ എഴുതിയ ടെലഫോണ്‍ നമ്പരാണ് സുരേന്ദ്രനിലേയ്ക്ക് വഴി തുറന്നതെന്നാണ് പോലീസ് പറഞ്ഞതെങ്കിലും തിരക്കഥ നേരത്തെ തയ്യാറാക്കിവെച്ചിരുന്നു. ഡയറ്റില്‍ ജോലിചെയ്തു കൊണ്ടിരുന്ന സുരേന്ദ്രനെ മാനദണ്ഡങ്ങളൊന്നും പാലിക്കാതെ ബലം പ്രയോഗിച്ച് അറസ്റ്റിന് വിധേയനാക്കി സ്റ്റേഷനിലെത്തിച്ച് ക്രൂരമായി തല്ലിച്ചതച്ചു. മര്‍ദനത്തില്‍ അദ്ദേഹത്തിന്റെ കര്‍ണ പടം തകര്‍ന്ന് കേള്‍വി നശിച്ചു. മാരകമായി പരുക്കേല്‍പ്പിച്ച് സ്റ്റേഷനിലെത്തിച്ച ജാനുവിലും കൂട്ടാളികളില്‍ നിന്നും സുരേന്ദ്രനെ സംബന്ധിച്ച വിവരങ്ങള്‍ ശേഖരിക്കാന്‍ ഒരു മണിക്കൂര്‍ പോലും പോലീസിന് വേണ്ടി വന്നില്ല.
ദീര്‍ഘകാലം ഒളിവില്‍ കഴിയേണ്ടി വന്നില്ലെങ്കിലും സ്വാതന്ത്ര്യം എത്രത്തോളം വിലപ്പെട്ടതാണെന്ന് ബോധ്യമായ ഘട്ടംകൂടിയായിരുന്നു എനിക്കത്
മാധ്യമ പ്രവര്‍ത്തകരില്‍ ചിലരെ പോലീസ് നോട്ടമിടുന്നുണ്ടെന്ന പ്രചാരണം തുടക്കം മുതല്‍ ഉണ്ടായിരുന്നു. അങ്ങനെ സംശയിക്കപ്പെടുന്നവരുടെ ഗണത്തില്‍ ഈ ലേഖകന്റെ പേരിനായിരുന്നു മുന്‍തൂക്കം. സഹപ്രവര്‍ത്തകരില്‍ ചിലര്‍ ഒളിഞ്ഞും തെളിഞ്ഞും ഇക്കഥ പ്രചരിപ്പിച്ചുകൊണ്ടിരുന്നു. അന്നത്തെ വനം മന്ത്രിയായിരുന്ന കെ സുധാകരന്‍ സുല്‍ത്താന്‍ ബത്തേരി ഗസ്റ്റ് ഹൗസില്‍ നടത്തിയ വാര്‍ത്താസമ്മേളനം മുഖ്യമായും മാധ്യമപ്രവര്‍ത്തകരെ ഭീഷണിപ്പെടുത്തുക എന്ന ഉദേശ്യത്തോടെയാണ് സംഘടിപ്പിച്ചത്. വാര്‍ത്താസമ്മേളനത്തിന് തൊട്ട് മുമ്പ് ഗസ്റ്റ് ഹൗസ് കാമ്പസില്‍ വെച്ച് പരസ്യമായി എന്നെ അധിക്ഷേപിക്കുകയും ഭീഷണിപ്പെടുത്തുകയും ചെയ്തു. ഏഷ്യാനെറ്റ് ന്യൂസ് റീജിയണല്‍ എഡിറ്ററായിരുന്ന എന്‍ പി ചന്ദ്രശേഖരന്‍ ഇതിന് സാക്ഷിയായിരുന്നു.
എന്നെ ഒളിവില്‍ പാര്‍പ്പിക്കുകയെന്നത് സഹായിച്ചവരില്‍ ചിലര്‍ക്കൊക്കെ മടുപ്പുള്ള അനുഭവമായി മാറി. അന്ന് ഒരോ നിമിഷവും പ്രയാസപ്പെട്ടാണ് മറികടന്നെതെങ്കിലും ഉള്ളില്‍ ഒരു ഊര്‍ജം എനിക്ക് ധൈര്യം നല്‍കിക്കൊണ്ടിരുന്നു.
മാധ്യമം ദിനപത്രം വയനാട് മേധാവിയായിരുന്ന വി മുഹമ്മദാലി നല്‍കിയ സന്ദേശവും സുഹൃത്തുക്കളില്‍ ചിലരുടെ മുന്‍കരുതലുമാണ് എന്നെ പോലീസ് പിടിയിലാകാതെ രക്ഷിച്ചത്. പോലീസിന്റെയും അതിലേറെ സര്‍ക്കാര്‍ അനുകൂലികളുടെയും കണ്ണില്‍ പെടാതെയുള്ള വാസം മാസങ്ങള്‍ നീണ്ടു. ദീര്‍ഘകാലം ഒളിവില്‍ കഴിയേണ്ടി വന്നില്ലെങ്കിലും സ്വാതന്ത്ര്യം എത്രത്തോളം വിലപ്പെട്ടതാണെന്ന് ബോധ്യമായ ഘട്ടംകൂടിയായിരുന്നു എനിക്കത്. സാമൂഹ്യ യാഥാര്‍ത്ഥ്യങ്ങള്‍ മനസ്സിലാക്കാനും രഹസ്യ കേന്ദ്രങ്ങളിലുള്ള ജീവിതം സഹായിച്ചു. ഏഷ്യാനെറ്റ് ന്യൂസ് ക്യാമറാമാനായ കെ പി രമേശിന്റെ മൂടാടിയിലെ കടല്‍ തീരത്തെ വസതിയില്‍ ദിവസങ്ങളോളം ഞാന്‍ പുറത്തിറങ്ങാതെ താമസിച്ചു. എന്റെ രുചിയെക്കുറിച്ചുള്ള രമേശിന്റെ വിവരണം അമ്മ ശരിക്കും മനസ്സിലാക്കിയത് പോലെ മത്സ്യമായിരുന്നു അവിടുത്തെ പ്രധാന ഭക്ഷണം. നല്ല തീറ്റക്കാരനാണെന്ന പട്ടം ആ അമ്മ എനിക്ക് ചാര്‍ത്തി തരികയും രമേശ് അതെന്നോട് പങ്ക് വെയ്ക്കുകയും ചെയ്തു.
അവിടെ നിന്നും കോഴിക്കോട്ടെ ഏഷ്യാനെറ്റ് ന്യൂസിന്റെ ഓഫീസില്‍ വാസം. പരിചിതര്‍ വരുമ്പോള്‍ എഡിറ്റ് റൂമിലോ അടുക്കളയിലോ കക്കൂസിലോ മറഞ്ഞു നിന്നു. പോലീസ് ഹെഡ് ക്വാട്ടേഴ്‌സില്‍ വരുന്ന വിവരങ്ങള്‍ക്കായി ബ്യൂറോ ഒന്നാകെ ചെവിയോര്‍ത്തിരുന്നു. എന്‍ പി ചന്ദ്രശേഖരനും സുരേഷ് പട്ടാമ്പിയും പ്രദീപും എല്ലാവരും എനിക്ക് ചുറ്റും സുരക്ഷയുടെ വലയം തീര്‍ത്ത് കാവല്‍ നിന്നു. ഓഫീസ് ഒന്നാകെ ജാഗരൂകരായി. മുന്‍കൂര്‍ ജാമ്യത്തിനുവേണ്ടി ശ്രമിച്ചെങ്കിലും തീരുമാനമാവാതെ കോടതി നടപടികള്‍ നീണ്ടുപോയി. എന്നെ ഒളിവില്‍ പാര്‍പ്പിക്കുകയെന്നത് സഹായിച്ചവരില്‍ ചിലര്‍ക്കൊക്കെ മടുപ്പുള്ള അനുഭവമായി മാറി. അന്ന് ഒരോ നിമിഷവും പ്രയാസപ്പെട്ടാണ് മറികടന്നെതെങ്കിലും ഉള്ളില്‍ ഒരു ഊര്‍ജം എനിക്ക് ധൈര്യം നല്‍കിക്കൊണ്ടിരുന്നു.
മാസങ്ങള്‍ക്ക് ശേഷം മുന്‍കൂര്‍ ജാമ്യം കിട്ടി. പ്രത്യേക അന്വേഷണ സംഘങ്ങള്‍ക്ക് മുന്നില്‍ ചോദ്യം ചെയ്യലിന് ഹാജരായി. സിബിഐ സംഘത്തിന്റെ രണ്ടു ദിവസം ദൈര്‍ഘ്യമുള്ള ചോദ്യചെയ്യല്‍. ഒടുവില്‍ കേസില്‍ നിന്നുള്ള കുറ്റവിമുക്തി.
പോലീസ് ചുമത്തിയ കുറ്റങ്ങള്‍ മാധ്യമങ്ങള്‍ വഴിയറിഞ്ഞ് അച്ഛനുമമ്മയും കടുത്ത മനോവ്യഥയിലായി. പോലീസ് പ്രചരിപ്പിക്കുന്നതില്‍ കുറച്ചൊക്കെ വസ്തുതയുണ്ടാവില്ലേയെന്ന സന്ദേഹം കുടുംബത്തിലെ ചിലരില്‍ നിന്നു ഉയര്‍ന്നു. സൗഹൃദത്തിന്റെ മനോഹാരിത എന്നെ ത്രസിപ്പിച്ച സന്ദര്‍ഭം കൂടിയായിരുന്നു എനിക്കത്. എനിക്ക് വേണ്ടി അവരില്‍ ചിലര്‍ രാത്രികളെ നിദ്രാരഹിതമാക്കി കാവലിരുന്നു. എന്നെ അന്വേഷിക്കാനെത്തിയവരെന്ന് സംശയിച്ച് രണ്ടുപേരെ കായികമായി നേരിട്ട് ഓഫീസിന് പുറത്താക്കി. ഏത് നിമിഷവും പോലീസ് പിടിയിലാവുമെന്ന് ശങ്കിച്ച ഘട്ടം. ധൈര്യം തന്നത് സുഹൃത്തുക്കള്‍.
ഇതിനകം സ്ഥാപനങ്ങളുടെയും മാധ്യമ പ്രവര്‍ത്തകരുടെയും മുന്‍ഗണനാക്രമങ്ങള്‍ പുനര്‍നിര്‍ണയിക്കപ്പെട്ടിരുന്നു. കാടിനോടും വന്യജീവികളോടും അവിടുത്തെ മനുഷ്യരോടുമുള്ള സമീപനത്തിലും ഭേദമുണ്ടായി. പൊതുസമൂഹത്തിന്റെ ബോധ്യത്തിനനുസൃതമായി മാധ്യമങ്ങളും പൂര്‍ണമായും മാറ്റത്തിന് വിധേയമായി
മുത്തങ്ങ സമരവും അനുബന്ധ സംഭവങ്ങളും രാഷ്ട്രീയ, സാമൂഹ്യ നിറം മാറ്റങ്ങളുടെ കാലംകൂടിയായിരുന്നു. വേട്ടക്കാര്‍ ഇരകള്‍ക്ക് വേണ്ടി ഒച്ചയിടുകയും തെരുവില്‍ കലഹിക്കുകയും ചെയ്തു. സ്ഥാപനം നിലപാട് മാറ്റി ഭരണകൂടത്തിന്റെ താത്പര്യങ്ങള്‍ക്കായി പുതിയ കഥകള്‍ ചമയ്ക്കാന്‍ തയ്യാറായി. വ്യവഹാരം സംബന്ധിച്ച കാര്യങ്ങള്‍ ഏഷ്യാനെറ്റ് മേധാവിയെ അറിയിക്കാനുള്ള ശ്രമം വിജയിച്ചില്ല. കാരണം മേധാവികളില്‍ ചിലര്‍ എന്നെ തടഞ്ഞു. മാസങ്ങള്‍ക്ക് ശേഷം മുന്‍കൂര്‍ ജാമ്യം കിട്ടി. പ്രത്യേക അന്വേഷണ സംഘങ്ങള്‍ക്ക് മുന്നില്‍ ചോദ്യം ചെയ്യലിന് ഹാജരായി. സിബിഐ സംഘത്തിന്റെ രണ്ടു ദിവസം ദൈര്‍ഘ്യമുള്ള ചോദ്യചെയ്യല്‍. ഒടുവില്‍ കേസില്‍ നിന്നുള്ള കുറ്റവിമുക്തി.
പിന്നീട് ഏഷ്യാനെറ്റില്‍ അധിക കാലമൊന്നും ജോലി ചെയ്യാന്‍ അവസരം ലഭിച്ചില്ല. മറ്റെന്തെക്കെയോ കാരണങ്ങള്‍ ചൂണ്ടിക്കാണിച്ച് അവരുടെ മേല്‍വിലാസത്തില്‍ നിന്ന് പുറത്താക്കി. ഇതിനകം സ്ഥാപനങ്ങളുടെയും മാധ്യമ പ്രവര്‍ത്തകരുടെയും മുന്‍ഗണനാക്രമങ്ങള്‍ പുനര്‍നിര്‍ണയിക്കപ്പെട്ടിരുന്നു. കാടിനോടും വന്യജീവികളോടും അവിടുത്തെ മനുഷ്യരോടുമുള്ള സമീപനത്തിലും ഭേദമുണ്ടായി. പൊതുസമൂഹത്തിന്റെ ബോധ്യത്തിനനുസൃതമായി മാധ്യമങ്ങളും പൂര്‍ണമായും മാറ്റത്തിന് വിധേയമായി.