മിഖായേല്‍ ഗോര്‍ബച്ചേവ്
മിഖായേല്‍ ഗോര്‍ബച്ചേവ്

സോവിയറ്റ് യൂണിയന്റെ തകര്‍ച്ച അനിവാര്യമായിരുന്നു; ഗോര്‍ബച്ചേവ് ഇല്ലായിരുന്നെങ്കിലും അത് സംഭവിക്കുമായിരുന്നു

കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയുടെ സ്വേച്ഛാധിപത്യത്തിന്റെ, അങ്ങേയറ്റം ജനാധിപത്യവിരുദ്ധമായ അന്തരീക്ഷം മാറ്റാനുള്ള ശ്രമമാണ് ഗോര്‍ബച്ചേവ് നടത്തിയത്
Updated on
3 min read

സോവിയറ്റ് യൂണിയന്റെ തകര്‍ച്ചയ്ക്ക് കാരണക്കാരനായ നേതാവെന്നാണ് മിഖായേല്‍ ഗോര്‍ബച്ചേവിനെ പൊതുവില്‍ വിശേഷിപ്പിക്കുന്നത്. എന്നാല്‍ അതല്ല യാഥാര്‍ത്ഥ്യം. സോവിയറ്റ് യൂണിയന്റെ തകര്‍ച്ച അനിവാര്യമായിരുന്നു. അതിന് ഗോര്‍ബച്ചേവ് അല്ലെങ്കില്‍ മറ്റൊരാള്‍ എന്നേ ഉണ്ടായിരുന്നുള്ളൂ. യൂണിയനില്‍ നിലനിന്നിരുന്ന കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയുടെ സ്വേച്ഛാധിപത്യത്തിന്റെ, അങ്ങേയറ്റം ജനാധിപത്യവിരുദ്ധമായ അന്തരീക്ഷം മാറ്റാനുള്ള ശ്രമമാണ് ഗോര്‍ബച്ചേവ് നടത്തിയത്. ആ നിലയ്ക്ക്, ചില പരിഷ്‌കാരങ്ങള്‍ അവിടെ വളര്‍ന്നുവന്നിരുന്നു. സ്റ്റാലിനുശേഷമുള്ള, ക്രുഷ്‌ചേവിന്റെ കാലഘട്ടത്തില്‍ ചില പരിഷ്‌കരണശ്രമങ്ങള്‍ നടന്നിരുന്നു. എന്നാല്‍, പിന്നീടത് തകര്‍ക്കപ്പെടുകയുണ്ടായി. യാഥാസ്ഥിതിക വിഭാഗത്തിന്റെ പ്രതിനിധിയായിരുന്ന ബ്രഷ്‌നേവ് ക്രുഷിചേവിനെ താഴെയിറക്കി അധികാരം പിടിച്ചെടുത്തതോടെ, പഴയ രീതികള്‍ തന്നെ തുടര്‍ന്നു. അതിനിടെയാണ് ഗോര്‍ബച്ചേവ് പരിഷ്‌കരണ ശ്രമങ്ങളുമായി മുന്നോട്ടുവരുന്നത്. ഒരു പരിധിവരെ, ക്രുഷ്‌ചേവിന്റെ തുടര്‍ച്ചയെന്ന് പറയാവുന്ന രീതിയിലുള്ളതായിരുന്നു ആ പരിഷ്‌കരണ ശ്രമങ്ങള്‍.

ഉടച്ചുവാര്‍ക്കലും ജനാധിപത്യവത്കരണവുമായിരുന്നു ഗോര്‍ബച്ചേവിന്റെ ലക്ഷ്യം. അതിലൂടെയാണ് പുതിയ അന്തരീക്ഷം ഉണ്ടാക്കിയെടുത്തത്.

ജനാധിപത്യ അന്തരീക്ഷം ഉണ്ടാക്കിയെടുക്കാനുള്ള ശ്രമങ്ങളാണ് ഗോര്‍ബച്ചേവ് തുടങ്ങിയത്. ഗ്ലാസ്‌നോസ്റ്റ്, പെരിസ്‌ട്രോയിക്ക എന്നീ രണ്ട് പ്രക്രിയകളായിരുന്നു മുന്നോട്ടുവെച്ചത്. ഉടച്ചുവാര്‍ക്കലും ജനാധിപത്യവത്കരണവുമായിരുന്നു ലക്ഷ്യം. അതിലൂടെയാണ് പുതിയ അന്തരീക്ഷം ഉണ്ടാക്കിയെടുത്തത്. ഫലത്തില്‍ അത് സോവിയറ്റ് യൂണിയന്റെ തകര്‍ച്ചയ്ക്ക് കാരണമായി എന്നത് യാഥാര്‍ത്ഥ്യമാണ്. അതിന്റെ പ്രധാന കാരണം, സ്റ്റാലിന്റെ കാലഘട്ടത്തില്‍ കിഴക്കന്‍ യൂറോപ്യന്‍ യൂണിയന്‍ രാജ്യങ്ങള്‍ മുഴുവനും തന്നെ സോവിയറ്റ് യൂണിയന്റെ നിയന്ത്രണത്തിന് കീഴിലായിരുന്നു. ഇപ്പോള്‍ കിഴക്കന്‍ യൂറോപ്യന്‍ രാജ്യങ്ങളെന്ന് പറയുന്ന പലതും അന്ന് സോവിയറ്റ് യൂണിയന്റെ ഭാഗമായിരുന്നു. അവരൊക്കെ വ്യത്യസ്ത ഭാഷകളുള്ള, ദേശീയതകളുള്ള രാജ്യങ്ങളായിരുന്നു. അവരൊക്കെ സ്വാതന്ത്ര്യത്തിനുവേണ്ടി പലതരത്തില്‍ സമരം ചെയ്യുന്നുണ്ടായിരുന്നു. എന്നാല്‍, ചെമ്പടയെ അയച്ച് അത്തരം ശ്രമങ്ങളെയെല്ലാം അടിച്ചമര്‍ത്തുന്നതായിരുന്നു സോവിയറ്റ് യൂണിയന്റെ രീതി.

ഓരോരോ രാജ്യങ്ങളും ദേശീയതകളും സ്വാതന്ത്രരാവാന്‍ തുടങ്ങിയതാണ് സോവിയറ്റ് യൂണിയന്റെ തകര്‍ച്ചയ്ക്ക് കാരണമായി എന്ന് പറയാവുന്നത്.

ഗോര്‍ബച്ചേവിന്റെ ആദ്യത്തെ പരിഷ്‌കാരം തന്നെ, ചെമ്പടയെ അത്തരത്തില്‍ അയക്കില്ല എന്നതായിരുന്നു. 1986-87 കാലഘട്ടത്തിലായിരുന്നു അത്തരമൊരു നിലപാട് സ്വീകരിക്കുന്നത്. 1988ഓടെ കിഴക്കന്‍ യൂറോപ്പിലെ രാജ്യങ്ങളും, സോവിയറ്റ് യൂണിയന്റെ ഭാഗമായിരുന്ന ദേശീയതകളും സ്വാതന്ത്ര്യം പ്രഖ്യാപിക്കാന്‍ തുടങ്ങി. മുന്‍കാലങ്ങളില്‍, ഇത്തരം അവസരങ്ങളില്‍ ചെമ്പടയെ അയച്ച് അതിനെയെല്ലാം അടിച്ചൊതുക്കുമായിരുന്നു. എന്നാല്‍, ഗോര്‍ബച്ചേവ് അത് ചെയ്തില്ല. അതോടെ, ഓരോരോ രാജ്യങ്ങളും സോവിയറ്റ് യൂണിയന്റെ ഉള്ളിലുള്ള ദേശീയതകളും സ്വാതന്ത്രരാവാന്‍ തുടങ്ങി. അതാണ് ശരിക്കും സോവിയറ്റ് യൂണിയന്റെ തകര്‍ച്ചയ്ക്ക് കാരണമായി എന്ന് പറയാവുന്നത്.

ഗോര്‍ബച്ചേവിനുശേഷം അധികാരത്തിലെത്തിയ ബോറിസ് യെത്സിന്‍ നേതൃത്വത്തിലായിരുന്നു പിന്നീടുള്ള പരിഷ്‌കാരങ്ങള്‍. സോവിയറ്റ് യൂണിയന്റെ 80 ശതമാനത്തോളം വരുന്ന, റഷ്യന്‍ ദേശീയതയുടെ പ്രതിനിധിയായിരുന്നു യെത്സിന്‍. ഗോര്‍ബച്ചേവിന്റെ ശിഷ്യനായിട്ടാണ് യെത്സിന്‍ ഉയര്‍ന്നുവന്നത്. പിന്നീട് അടിസ്ഥാനപരമായ പരിഷ്‌കാരങ്ങള്‍ നടത്തിയത് യെത്സിനായിരുന്നു. റഷ്യയെ സ്വതന്ത്ര രാജ്യമായി പ്രഖ്യാപിക്കുകയും ചെയ്തു. അതോടെയാണ്, സോവിയറ്റ് യൂണിയന്‍ എന്ന സങ്കല്‍പ്പം തകര്‍ന്നുപോകുന്നത്. സോവിയറ്റ് യൂണിയനിലെ റിപ്പബ്ലിക്കുകള്‍ വിവിധ ദേശീയതകളായി മാറി. ഇതിനെല്ലാം നേതൃത്വം നല്‍കിയ ആളെന്ന നിലയില്‍, സോവിയറ്റ് യൂണിയന്റെ തകര്‍ച്ചയ്ക്ക് കാരണക്കാരന്‍ ഗോര്‍ബച്ചേവാണെന്നാണ് റഷ്യയിലേതുള്‍പ്പെടെ വലിയൊരു വിഭാഗം വിശ്വസിക്കുന്നത്. അവര്‍ ഒരു തരത്തിലും ഗോര്‍ബച്ചേവിനെ ബഹുമാനിക്കുന്നില്ല. അതേസമയം, ജനാധിപത്യത്തെക്കുറിച്ച് ഗൗരവപൂര്‍വം ചിന്തിക്കുന്നവര്‍ ഗോര്‍ബച്ചേവാണ് അവിടെ ജനാധിപത്യവത്കരണത്തിന് കാരണക്കാരനായതെന്നും വിശ്വസിക്കുന്നു. 25 ശതമാനം ആളുകളേ ഇത്തരത്തില്‍ വിശ്വസിക്കുകയും അംഗീകരിക്കുകയും ചെയ്യുന്നുള്ളൂ.

മിഖായേല്‍ ഗോര്‍ബച്ചേവ്
"മരണം കൊണ്ട് ഗോര്‍ബച്ചേവ് വിശുദ്ധനാക്കപ്പെടുന്നില്ല''

ഗോര്‍ബച്ചേവ് ഇല്ലായിരുന്നെങ്കില്‍പ്പോലും മറ്റൊരാളിലൂടെ സോവിയറ്റ് യൂണിയന്‍ തകരുമായിരുന്നു എന്നതാണ് യാഥാര്‍ത്ഥ്യം. സോവിയറ്റ് യൂണിയന്റെ ഘടന അങ്ങനെയായിരുന്നു. അതിലായിരുന്നു പ്രശ്‌നം ഉണ്ടായിരുന്നത്. ഒറ്റ പാര്‍ട്ടിയുടെ നേതൃത്വത്തില്‍, സ്വേച്ഛാധിപത്യ സ്വഭാവത്തിലായിരുന്നു അതിന്റെ പ്രവര്‍ത്തനം. വിവിധ ദേശീയ ജനവിഭാഗങ്ങളെ മുഴുവന്‍ അടിച്ചമര്‍ത്തി നിര്‍ത്തുകയാണ് ചെയ്തിരുന്നത്. സോവിയറ്റ് യൂണിയനില്‍ ഉണ്ടായിരുന്നതിനേക്കാള്‍ അധികം ദേശീയതകള്‍, ഭാഷാ വിഭാഗങ്ങള്‍ ഇന്ത്യയിലുണ്ട്. എന്നാല്‍, ജനാധിപത്യ ഫെഡറല്‍ സംവിധാനം ഉള്ളതുകൊണ്ടാണ് ഇന്ത്യന്‍ യൂണിയന്‍ തകര്‍ന്നുപോകാത്തത്. മതേതരത്വ ജനാധിപത്യവും ഫെഡറലിസവുമുണ്ട്. വിവിധ ദേശീയ ജന വിഭാഗങ്ങള്‍ക്ക്, അവരുടേതായ അധികാരം കൈയാളാനുള്ള ഫെഡറല്‍ സംവിധാനം ഇവിടെയുണ്ട്. അതുകൊണ്ടാണ് ഇന്ത്യന്‍ യൂണിയന്‍ തകര്‍ച്ച നേരിടാത്തത്. സോവിയറ്റ് യൂണിയന്‍ അങ്ങനെയായിരുന്നില്ല. കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയുടെ നിയന്ത്രണത്തില്‍, എല്ലാവരെയും അടിച്ചമര്‍ത്തി ഒരുമിപ്പിച്ച് നിര്‍ത്തുന്ന ഒരു സംവിധാനമാണ് ഉണ്ടായിരുന്നത്. അതുകൊണ്ടാണ് അത് തകര്‍ച്ചയിലേക്ക് നീങ്ങിക്കൊണ്ടിരുന്നത്.

മിഖായേല്‍ ഗോര്‍ബച്ചേവ്
ഗോര്‍ബച്ചേവിനെ ഓര്‍ക്കുകയെന്നാല്‍...

സോവിയറ്റ് സമ്പ്രദായമാണ് തകര്‍ച്ചയുടെ അടുത്ത കാരണം. സമ്പത്ത് മുഴുവന്‍ പൊതു ഉടമസ്ഥതയില്‍ കൊണ്ടുവരിക എന്നതാണ് സോഷ്യലിസത്തിന്റെ അടിസ്ഥാന തത്വമായി കണക്കാക്കപ്പെട്ടിരുന്നത്. എന്നാല്‍ സോവിയറ്റ് യൂണിയനില്‍ സമ്പത്ത് കേന്ദ്രീകരിക്കപ്പെടുകയായിരുന്നു ചെയ്തത്. സമ്പത്തിന്റെ നിയന്ത്രണം മുഴുവന്‍ സമൂഹത്തിലാകുന്നു എന്നതായിരുന്നു വെപ്പ്, എന്നാല്‍ സമൂഹത്തിന് വലിയ പിടിയില്ലായിരുന്നു. ഉദാഹരണത്തിന്, നമ്മുടെ കെഎസ്ആര്‍ടിസിയും കെഎസ്ഇബിയും പൊതുസമ്പത്താണെന്ന് പറയുന്നു. പക്ഷേ ആര്‍ക്കാണ് നിയന്ത്രണം? തലപ്പത്തുള്ള ഉദ്യോഗസ്ഥര്‍ക്ക് നിയന്ത്രണം ഉണ്ടെന്നല്ലാതെ, ജനങ്ങള്‍ക്ക് എന്താണ് അതില്‍ പങ്ക്? ഇതുപോലെ, സോവിയറ്റ് യൂണിയനിലും സമ്പത്ത് കേന്ദ്രീകരിക്കപ്പെടുകയായിരുന്നു. സോഷ്യലിസ്റ്റ് രാജ്യങ്ങളിലെല്ലാം അതാണ് സംഭവിച്ചത്. അതുവഴി ഉത്പാദന രംഗത്ത് ഉള്‍പ്പെടെ പരിമിതികള്‍ ഉണ്ടായി. സ്റ്റാലിന്‍ മരിക്കുന്ന കാലത്ത്, അമേരിക്കയില്‍നിന്ന് ഗോതമ്പ് ഇറക്കുമതി ചെയ്യേണ്ട അവസ്ഥയിലെത്തിയിരുന്നു. ആ അവസ്ഥ പരിഷ്‌കരിക്കാനാണ്, മുതലാളിത്തവത്കരണ രീതിയില്‍ ഭൗതിക പ്രചോദനം എന്ന ആശയം കൊണ്ടുവരുന്നത്. കൂടുതല്‍ ജോലി ചെയ്താല്‍ കൂടുതല്‍ പ്രതിഫലം ലഭിക്കും എന്ന അവസ്ഥയാണ് ക്രുഷ്‌ചേവ് കൊണ്ടുവന്നത്.

സോവിയറ്റ് യൂണിയനില്‍ പരിഷ്‌കരണം അനിവാര്യമായിരുന്നു. പഴയ കേന്ദ്രീകരിക്കപ്പെട്ട ഘടനയുമായി സോഷ്യലിസത്തിന് മുന്നോട്ടുപോകാന്‍ ആകുമായിരുന്നില്ല.

ക്രുഷ്‌ചേവ്
ക്രുഷ്‌ചേവ്

ക്രുഷ്‌ചേവിന്റെ പരിഷ്‌കാരം സോവിയറ്റ് യൂണിയനെ മുതലാളിത്ത രീതിയിലേക്ക് നയിക്കുമെന്നതായിരുന്നു വിമര്‍ശനം. കൂടുതല്‍ പ്രതിഫലം ലഭിക്കുന്നത് സ്വകാര്യസ്വത്ത് സംരക്ഷിക്കേണ്ട സാഹചര്യമുണ്ടാക്കും. അത് സ്വാഭാവികമായും സ്വകാര്യസ്വത്ത് സമ്പ്രദായത്തിന് വഴിമാറുകയും സോഷ്യലിസം തകരുകയും ചെയ്യുമെന്നത് ശരിയാണ്. പക്ഷേ, അത്തരമൊരു നടപടിയെടുക്കയല്ലാതെ സോവിയറ്റ് യൂണിയന് പിടിച്ചുനില്‍ക്കാന്‍ കഴിയാത്ത സാഹചര്യമുണ്ടായിരുന്നു. കാരണം, ഉത്പാദനം തകര്‍ന്നുകൊണ്ടിരിക്കുകയായിരുന്നു. കൃഷി ഫലപ്രദമായി നടക്കുന്നുണ്ടായിരുന്നില്ല. വ്യവസായശാലകളില്‍ ഉത്പാദനം നടക്കാതെ, ആരും നിയന്ത്രിക്കാനില്ലാത്ത സ്ഥിതി വന്നിരുന്നു. ആ അവസ്ഥയിലാണ്, ക്രുഷ്‌ചേവില്‍ തുടങ്ങിയ പരിഷ്‌കരണങ്ങള്‍ ഗോര്‍ബച്ചേവിലൂടെ തുടര്‍ന്നത്. പരിഷ്‌കരണം അനിവാര്യമായിരുന്നു. പഴയ കേന്ദ്രീകരിക്കപ്പെട്ട ഘടനയുമായി സോഷ്യലിസത്തിന് മുന്നോട്ടുപോകാന്‍ ആകുമായിരുന്നില്ല. ഗോര്‍ബച്ചേവ് അല്ലെങ്കില്‍ മറ്റൊരാള്‍ തീര്‍ച്ചയായും അത്തരമൊരു പരിഷ്‌കരണം നടത്തുമായിരുന്നു. ഗോര്‍ബച്ചോവിന്റെ കാലത്ത്, യൂണിയനെ ജനാധിപത്യ സമൂഹമാക്കി മാറ്റാനുള്ള ശ്രമങ്ങള്‍ നടത്തി. എന്നാല്‍ ആ നടപടികള്‍ സ്വഭാവികമായും യൂണിയന്റെ തകര്‍ച്ചയിലേക്ക് നയിച്ചു.

ശീതയുദ്ധം അവസാനിക്കുന്നതും ഗോര്‍ബച്ചേവിന്റെ ധീരമായ നിലപാടിലൂടെയാണ്.

ശീതയുദ്ധം അവസാനിക്കുന്നതും ഗോര്‍ബച്ചേവിന്റെ ധീരമായ നിലപാടിലൂടെയാണ്. രണ്ടാം ലോകമഹായുദ്ധത്തിനുശേഷം, സോവിയറ്റ് യൂണിയനും അമേരിക്കയും രണ്ട് ചേരിയില്‍ മത്സരിച്ചിരുന്ന കാലഘട്ടമായിരുന്നു അത്. അപകടകരമായ അന്തരീക്ഷമായിരുന്നു നിലനിന്നിരുന്നത്. നാറ്റോയുടെ നേതൃത്വത്തില്‍ കിഴക്കന്‍ യൂറോപ്പിലെങ്ങും ആണവായുധങ്ങള്‍ സംഭരിക്കപ്പെട്ടിരുന്നു. സോവിയറ്റ് യൂണിയന്റെ ആണവകേന്ദ്രങ്ങളും തയ്യാറെടുപ്പുകള്‍ നടത്തിയിരുന്നു. മൂന്നാം ലോക യുദ്ധത്തിന്റെയോ ആണവയുദ്ധത്തിന്റെയോ ആശങ്കകള്‍ ലോകത്തെ പിടിച്ചുലച്ചിരുന്നു. ഗോര്‍ബച്ചേവ് വരുന്നതിന് മുന്‍പ് വരെ ഇരു പക്ഷവും തമ്മിലുള്ള മത്സരം ശക്തമായി തുടര്‍ന്നുകൊണ്ടിരുന്നു. അതിനെ ഒരു സൗഹൃദാന്തരീക്ഷത്തിലേക്ക് കൊണ്ടുവരികയെന്നതായിരുന്നു ആവശ്യം.

ഗോര്‍ബച്ചേവ്, റൊണാള്‍ഡ് റീഗന്‍
ഗോര്‍ബച്ചേവ്, റൊണാള്‍ഡ് റീഗന്‍

മുന്‍ ആലോചനകളേതുമില്ലാതെ, ശീതയുദ്ധം അവസാനിപ്പിക്കാന്‍ മുന്നിട്ടിറങ്ങിയത് ഗോര്‍ബച്ചേവാണ്. യുഎസിലെത്തി പ്രസിഡന്റ് റൊണാള്‍ഡ് റീഗനുമായി ചര്‍ച്ചകള്‍ നടത്താന്‍ തയ്യാറായി. പിന്നാലെ, കിഴക്കന്‍ യൂറോപ്പിലെയും സോവിയറ്റ് യൂണിയന്‍ മേഖലയിലെയും ആണവായുധങ്ങളില്‍ വലിയൊരു വിഭാഗം പിന്‍വലിച്ചു. യുഎസോ, നാറ്റോയോ ആവശ്യപ്പെടാതെയായിരുന്നു ഗോര്‍ബച്ചേവിന്റെ നടപടി. അതോടെ, നാറ്റോയും ആയുധങ്ങള്‍ പിന്‍വലിക്കാന്‍ നിര്‍ബന്ധിതരായി. ഇത്തരത്തില്‍, രണ്ട് വന്‍ ശക്തികള്‍ മുഖാമുഖം നിലനിന്നിരുന്ന യുദ്ധാന്തരീക്ഷം ഇല്ലാതാക്കാന്‍ ധീരമായ ഇടപെടലാണ് ഗോര്‍ബച്ചേവ് നടത്തിയത്. പാര്‍ട്ടിയില്‍ പോലും ആലോചിക്കാതെ നടത്തിയ ഏകപക്ഷീയ നടപടിയെന്ന നിലയില്‍ ഗോര്‍ബച്ചേവ് വിമര്‍ശിക്കപ്പെട്ടെങ്കിലും ശീതയുദ്ധത്തിന്റെ അന്ത്യത്തിന് അത് കാരണമാകുകയായിരുന്നു.

logo
The Fourth
www.thefourthnews.in