അമ്പിളി അമ്മാവനിൽ തുടങ്ങുന്ന വായനയുടെ മഹാപ്രപഞ്ചം

അമ്പിളി അമ്മാവനിൽ തുടങ്ങുന്ന വായനയുടെ മഹാപ്രപഞ്ചം

.
Updated on
4 min read

“Reading is solitude. One reads alone, even in another’s presence.”

― Italo Calvino (If on a Winter's Night a Traveler)

അച്ഛനുമമ്മയും അദ്ധ്യാപകരായിരുന്നതുകൊണ്ട് ഓര്‍മ്മവച്ച കാലം മുതല്‍ അക്ഷരങ്ങളും വായനയും ചുറ്റിലുമുണ്ടായിരുന്നു. എഴുത്തിനിരുത്തല്‍ എന്ന സാമ്പ്രദായിക ചടങ്ങ് അച്ഛന്‍ തന്നെയാണ് നടത്തിയത്. പക്ഷേ അതിനു മുമ്പു തന്നെ ഞങ്ങള്‍ താമസിച്ചിരുന്ന ചെറിയ വാടക വീടിന്‍റെ തിണ്ണയില്‍ അച്ഛന്‍ ചോക്കുകൊണ്ട് എഴുതിത്തന്ന അക്ഷരമാല പഠിക്കാന്‍ തുടങ്ങിയിരുന്നു. മഴച്ചാറ്റലുള്ള ആ വൈകുന്നേരം ഇപ്പോഴും ഓര്‍മ്മയുണ്ട്. തുടര്‍ന്ന് അതേ ഇറയത്ത് ഇംഗ്ലീഷ് അക്ഷരമാലയും അച്ഛന്‍ എഴുതിത്തന്നു. ഒന്നാം ക്ലാസ്സില്‍ ചേരുന്നതിനു മുമ്പ് ഒരു വിദ്യാഭ്യാസസ്ഥാപനത്തിലും പോയിട്ടില്ല. നഴ്സറി സ്കൂള്‍ എന്നൊരു സമ്പ്രദായം നിലവിലുണ്ടായിരുന്നെങ്കിലും അവിടേയ്ക്കൊന്നും പോകേണ്ടി വന്നില്ല. എന്‍റെ തലമുറയിലെ പലരേയും പോലെ സ്കൂളിലേയ്ക്ക് ഡയറക്ട് റിക്രൂട്ട്മെന്‍റ് ആയിരുന്നു. നാലാം ക്ലാസ് എത്തിയപ്പോഴേയ്ക്കും (തന്‍റേതല്ലാത്ത കാരണങ്ങളാല്‍) അഞ്ചു സ്കൂളുകളില്‍ പഠിക്കാന്‍ ഭാഗ്യം സിദ്ധിച്ച എന്‍റെ ലോവര്‍ പ്രൈമറി വിദ്യാഭ്യാസം തികഞ്ഞ ആശയക്കുഴപ്പത്തിലായിരുന്നു. ഏതു സ്കൂളില്‍ എന്തൊക്കെ പഠിച്ചു എന്ന് കാര്യമായ ഓര്‍മ്മയൊന്നുമില്ല. അതൊക്കെ അങ്ങനെ കഴിഞ്ഞുപോയി എന്നു മാത്രം പറയാം.

ഏറ്റവും വലിയ കടപ്പാട് അമ്മ മുടങ്ങാതെ വാങ്ങിച്ചു തന്നിരുന്ന അമ്പിളി അമ്മാവന്‍ എന്ന ബാലപ്രസിദ്ധീകരണത്തോടാണ്. അമ്പിളി അമ്മാവനെ വീട്ടില്‍ കൊണ്ടു വന്നിരുന്ന വിശ്വംഭരന്‍ എന്ന മനുഷ്യന്‍റെ മുന്നോട്ടു വളഞ്ഞ രൂപം ഇപ്പോഴും ഓര്‍മ്മയുണ്ട്

ഏതായാലും അക്കാലത്ത് പാഠ്യേതരമായ വായനയില്‍ കമ്പം കയറാന്‍ സഹായിച്ച ചില കാര്യങ്ങളുണ്ടായി. ഏറ്റവും വലിയ കടപ്പാട് അമ്മ മുടങ്ങാതെ വാങ്ങിച്ചു തന്നിരുന്ന അമ്പിളി അമ്മാവന്‍ എന്ന ബാലപ്രസിദ്ധീകരണത്തോടാണ്. അമ്പിളി അമ്മാവനെ വീട്ടില്‍ കൊണ്ടു വന്നിരുന്ന വിശ്വംഭരന്‍ എന്ന മനുഷ്യന്‍റെ മുന്നോട്ടു വളഞ്ഞ രൂപം ഇപ്പോഴും ഓര്‍മ്മയുണ്ട്. വേതാളകഥകള്‍ എന്ന സ്ഥിരം പംക്തിയായിരുന്നു അമ്പിളി അമ്മാവനിലെ ഏറ്റവും വലിയ ആകര്‍ഷണം.

"വിക്രമാദിത്യന്‍ മരത്തില്‍ കയറി ശവമിറക്കി തോളിലിട്ടു കൊണ്ട് പതിവു പോലെ ശ്മശാനം ലക്ഷ്യമാക്കി നിശ്ശബ്ദനായി നടന്നു തുടങ്ങി.." ഇങ്ങനെ തുടങ്ങുന്ന വേതാള കഥകളാണ് വായനയുടെ ആദ്യകാല ഓര്‍മ്മ. ശവത്തിനുള്ളില്‍ സ്ഥിതി ചെയ്യുന്ന വേതാളം വിക്രമാദിത്യനോട് ഒരു കഥ പറയുന്നു. അതിനൊടുവില്‍ ഒരു ചോദ്യം. ഈ ചോദ്യത്തിന് വ്യക്തമായ ഉത്തരം പറഞ്ഞില്ലെങ്കില്‍ "തല ഛിന്നഭിന്നമായിപ്പോകും, ഓര്‍മ്മയിരിക്കട്ടെ" എന്ന ഭീഷണി. പിന്നെ സുഗതകുമാരി ടീച്ചറുടെ പത്രാധിപത്യത്തില്‍ പുറത്തിറങ്ങിയിരുന്ന തളിര് എന്ന മാസിക. അതില്‍ രാമായണകഥ പ്രസിദ്ധീകരിച്ചിരുന്നു. കഥകളി രൂപങ്ങളായിരുന്നു ഇല്ലസ്ട്രേഷന് വേണ്ടി ഉപയോഗിച്ചിരുന്നതെന്ന് ഓര്‍ക്കുന്നു. ദിനംപ്രതി അക്ഷരക്കൂട്ടു തന്നത് മാതൃഭൂമി പത്രമായിരുന്നു. രണ്ടു പ്രധാനപ്പെട്ട വലിയ തലവാചകങ്ങള്‍ ഇപ്പോഴും തെളിഞ്ഞു നില്‍ക്കുന്നു. "വിയറ്റ്നാം യുദ്ധം കഴിഞ്ഞു" എന്ന വലിയ വാര്‍ത്തയാണ് ഒന്ന്. മറ്റൊന്ന് "വയലാര്‍ അന്തരിച്ചു" എന്ന ദുഃഖ വാര്‍ത്തയും. രണ്ടും നടന്നത് 1975 ലാണ്. അന്നു പഠിക്കുന്നത് രണ്ടാം ക്ലാസ്സില്‍.

ഭാവിജീവിതത്തില്‍ ഒട്ടും പ്രാക്ടിക്കലാകാന്‍ സാദ്ധ്യതയില്ലാത്ത ഒരുത്തനെ മുതിര്‍ന്നവരും സഹോദരങ്ങളും അന്നേ വിഭാവനം ചെയ്തു. അത്തരം പരിഹാസങ്ങളൊന്നും അന്നും ഇന്നും എന്നെ സ്പര്‍ശിച്ചിട്ടില്ല

മൂന്നാം ക്ലാസ്സില്‍ പഠിക്കുമ്പോഴാണെന്നു തോന്നുന്നു, സ്കൂള്‍ മാറ്റം തൃപ്പൂണിത്തുറയിലേയ്ക്കായി. കൃത്യമായി പറഞ്ഞാല്‍ ഇരുമ്പനം എസ്.എന്‍.ഡി.പി. എല്‍.പി. സ്കൂളില്‍. അതിന്‍റെ കാരണങ്ങളൊന്നും ഇവിടെ പ്രസക്തമല്ല. ഏതായാലും അമ്മയുടെ അനുജത്തിയുടെ വീട്ടിലായിരുന്നു അന്നു ഞാന്‍. കുഞ്ഞമ്മയും അദ്ധ്യാപികയായിരുന്നു. അക്കാലത്ത് ഇളയച്ഛന്‍ ഫാക്ടിലെ ജോലിക്കു പുറമെ ബുക് ബൈന്‍ഡിങ്ങും ചെയ്തിരുന്നു. കുഞ്ഞമ്മയുടെ സ്കൂള്‍ ലൈബ്രറിയിലെ പുസ്തകങ്ങള്‍ ബൈന്‍ഡ് ചെയ്യുന്ന ജോലി അക്കാലത്ത് അദ്ദേഹം ഏറ്റെടുത്തു. മദ്ധ്യവേനലവധിക്കാലമായിരുന്നു അത്. ആ ചെറിയ വീട്ടില്‍ ഒരു സ്കൂള്‍ ലൈബ്രറിയിലെ മുഴുവന്‍ പുസ്തകങ്ങളും ചിതറിക്കിടന്നു. ബൈന്‍ഡിങ്ങിനുപയോഗിക്കുന്ന കട്ടിപ്പേപ്പറുകളുടേയും പശയുടേയും സുഖകരമായ ഗന്ധത്തില്‍ എം.ടി.യും ബഷീറും ഉറൂബും മാലിയും മുതല്‍ കോട്ടയം പുഷ്പനാഥും നീലകണ്ഠന്‍ പരമാരയും വരെ.. എന്‍റെ ഇളയ സഹോദരന്‍മാരും കസിന്‍സും കായികവിനോദങ്ങളില്‍ ഏര്‍പ്പെട്ടുകൊണ്ടിരുന്ന ആ വേനല്‍ക്കാലത്ത് ഒട്ടും സ്പോര്‍ട്ടീവല്ലാത്ത ഞാന്‍ വായനയുടെ ലോകത്തില്‍ വിഹരിച്ചു.

ഭാവിജീവിതത്തില്‍ ഒട്ടും പ്രാക്ടിക്കലാകാന്‍ സാദ്ധ്യതയില്ലാത്ത ഒരുത്തനെ മുതിര്‍ന്നവരും സഹോദരങ്ങളും അന്നേ വിഭാവനം ചെയ്തു. അത്തരം പരിഹാസങ്ങളൊന്നും അന്നും ഇന്നും എന്നെ സ്പര്‍ശിച്ചിട്ടില്ല. ആ വായനായജ്ഞകാലത്ത് ഏറ്റവും ആകര്‍ഷിച്ചത് കോട്ടയം പുഷ്പനാഥ് ആയിരുന്നു. പിന്നീട് അദ്ദേഹത്തെ മാതൃഭൂമി ആഴ്ചപ്പതിപ്പിനു വേണ്ടി ഇന്‍റര്‍വ്യൂ ചെയ്യുകയുമുണ്ടായി. നീലകണ്ഠന്‍ പരമാരയെയും അത്ര തന്നെ ഇഷ്ടപ്പെട്ടിരുന്നു. പുഷ്പനാഥിന്‍റേതില്‍ നിന്നു വ്യത്യസ്തമായിരുന്നു പരമാര സൃഷ്ടിച്ച ഭാവനാലോകം. അജയ്. പി. മങ്ങാട്ടിന്‍റെ 'സൂസന്നയുടെ ഗ്രന്ഥപ്പുര' എന്ന പുസ്തകത്തിലെ ഒരു പ്രധാന പ്രമേയം തന്നെ പരമാരയുടെ ഒരു കൃതിയുടെ കയ്യെഴുത്തു പ്രതിയാണല്ലോ. ഡിക്റ്ററ്റീവ് നോവലുകളോടുള്ള കമ്പം ഏതോ ഘട്ടത്തില്‍ നിലച്ചുപോയി എന്നതാണ് യാഥാര്‍ത്ഥ്യം. (അഗതാ ക്രിസ്റ്റിയുടെ 'ടെയ്ക്കണ്‍ അറ്റ് ദ ഫ്ളഡ്' എന്ന നോവലിനെ ആസ്പദമാക്കി ഒരു ക്രൈം സിരീസ് സംവിധാനം ചെയ്തിട്ടുണ്ടെന്നത് വേറെ കാര്യം.)

വായനയുടെ നല്ല കാലം ശരിക്കും തുടങ്ങിയത് അച്ഛന്‍റെ നാടായ പുത്തന്‍വേലിക്കരയിലേയ്ക്ക് ഞങ്ങള്‍ വീടുവച്ചു മാറിയതിനുശേഷമാണ്. എളന്തിക്കര ഹൈസ്കൂളിനു തൊട്ടുമുന്നിലുള്ള ഗുരുസ്മാരക വായനശാലയില്‍ തരക്കേടില്ലാത്ത ഒരു പുസ്തകശേഖരം ഉണ്ടായിരുന്നു. മലയാളത്തിലിറങ്ങുന്ന പുതിയ പുസ്തകങ്ങള്‍ ലൈബ്രറിയിലേയ്ക്കു വാങ്ങാന്‍ ഉത്സാഹം കാണിച്ചിരുന്ന ഏതാനും ചെറുപ്പക്കാര്‍ അക്കാലത്ത് അവിടെയുണ്ടായിരുന്നു. എണ്‍പതുകളുടെ തുടക്കത്തില്‍ മലയാള സാഹിത്യത്തിലുണ്ടായ പുതിയ പ്രവണതകളെ അല്പമെങ്കിലും പരിചയപ്പെടാന്‍ ആ ഗ്രന്ഥശാല സഹായിച്ചു. കോളേജില്‍ ചേര്‍ന്നതിനു ശേഷവും ഗുരുസ്മാരക വായനശാലയുമായുള്ള ബന്ധം വെടിഞ്ഞില്ല. പ്രീഡിഗ്രിക്കാലത്താണ് ദസ്തയോവ്സ്കിയുടെ 'കുറ്റവും ശിക്ഷയും' വായിക്കുന്നത്. ഇടപ്പള്ളി കരുണാകര മേനോന്‍റെ പരിഭാഷ. കോളേജിലേയ്ക്കുള്ള ബസ് യാത്രയ്ക്കിടെയാണ് റോഡിയന്‍ റൊമനോവിച് റസ്കോള്‍ നിക്കോഫ് വട്ടിപ്പണക്കാരിയായ ആ വൃദ്ധയെയും അവരുടെ സഹോദരിയെയും കൊല്ലുന്ന ഭാഗം വായിച്ചത്. കരുണാകരമേനോന്‍റെ പരിഭാഷ ഒരു ഗൃഹാതുരതയായി നിലനില്‍ക്കുന്നതു കൊണ്ടും അത്യാവശ്യം വേഗത്തിലോടുന്ന ബസ്സിലിരുന്ന് ആ കൊലപാതകത്തിന്‍റെ വിവരണം വായിച്ചതിന്‍റെ ഭീതി വിട്ടുമാറാത്തതുകൊണ്ടും പുസ്തകം ഇപ്പോള്‍ തപ്പിയെടുത്തു. ആ ഭാഗം ഇവിടെ പകര്‍ത്താതെ വയ്യ.

"ഇനി ഒരു നിമിഷവും കളഞ്ഞുകൂടാ. അയാള്‍ മഴു വലിച്ചെടുത്തു. രണ്ടു കൈ കൊണ്ടും ഉയര്‍ത്തി. ശക്തിയെടുക്കാതെ മിക്കവാറും ഒരു യന്ത്രത്തിന്‍റെ മാതിരി കിഴവിയുടെ ശിരസിലെത്തിച്ചു. പക്ഷേ വെട്ടിക്കഴിഞ്ഞയുടനെ അയാള്‍ക്കു വേഗം ബലം കൈവന്നു. പതിവുപോലെ അലീനാ നഗ്നശിരസായിരുന്നു! മെഴുക്കുപുരണ്ട അവളുടെ നരച്ച തലമുടി അങ്ങിങ്ങായി ഏതാനുമുള്ളത് ഒരു കെട്ടാക്കി പിറകില്‍ കഴുത്തോടടുപ്പിച്ച് ഒരു പേന്‍വാരി കൊണ്ട് ഉറപ്പിച്ചു വച്ചിരുന്നു. മഴു ശരിക്കും അവളുടെ നിറുകന്തലയ്ക്കു തന്നെ എത്തി. അത് അധികവും അവളുടെ പൊക്കക്കുറവു കൊണ്ടാണ് പറ്റിയത്. വളരെ പതുക്കെയെങ്കിലും ഒന്നു കരയുക കൂടി ചെയ്യാതെ അവള്‍ ഒരു കൂമ്പാരമായി തറയില്‍ വീണു. കൈയുയര്‍ത്തി തല തടയുവാനും മാത്രം ബലം അവള്‍ക്ക് എപ്പോഴും ശേഷിച്ചിരുന്നു. പക്ഷേ ഒരു കൈയില്‍ ആ പണ്ടം പിടിച്ചിട്ടുണ്ട്. അതിനിടെ ബലം മുഴുവനും കൈവന്ന റസ്കാള്‍നിക്കാഫ് ആ കിഴവിയുടെ മൂര്‍ദ്ധാവില്‍ പുതിയതായി രണ്ടു വെട്ടുകൂടി വെട്ടി. ചോര കുടുകുടെ പ്രവഹിച്ചു. ശരീരം കിടന്നു പിടച്ചു. ആ നിമിഷത്തില്‍ യുവാവ് പുറകോട്ടു മാറി. അവള്‍ നിലത്തു നിവര്‍ന്നു കിടക്കുന്നതു കണ്ടയുടനെ അയാള്‍ അവളുടെ മുഖത്തിനു നേരെ കുനിഞ്ഞു. അവള്‍ മരിച്ചിരുന്നു. മിഴിച്ചു നിന്നിരുന്ന ആ നയനങ്ങള്‍ പോളകളില്‍ നിന്നു ചാടാന്‍ ഭാവിക്കുന്നതു പോലെ തോന്നി. മരണസമയത്തെ വികൃത ഗോഷ്ടികള്‍ ആ മുഖഭാവത്തില്‍ ഭയാനകമായ ഒരു രസം ഉദിപ്പിച്ചിരുന്നു."

(പേജ് 104, കുറ്റവും ശിക്ഷയും. പരിഭാഷ: ഇടപ്പള്ളി കരുണാകരമേനോന്‍. സാഹിത്യപ്രസാധക സഹകരണ സംഘം.)

പിന്നീട് എം.എ.യ്ക്ക് യൂറോപ്യന്‍ ഫിക്ഷന്‍ എന്ന പേപ്പറിലുണ്ടായിരുന്ന പതിനാറു നോവലുകളില്‍ 'ക്രൈം ആന്‍ഡ് പണിഷ്മെന്‍റും' ഉണ്ടായിരുന്നു. പതിനഞ്ചാം വയസിലെ വായനയില്‍ നിന്നു വ്യത്യസ്തമായിരുന്നു ഈ ഉത്കൃഷ്ട കൃതിയിലൂടെയുള്ള രണ്ടാം സഞ്ചാരമെന്നു പ്രത്യേകം പറയേണ്ടതില്ലല്ലോ. ഏഴു വര്‍ഷം പഠിച്ച ആലുവ യു.സി. കോളേജിലെ ലൈബ്രറിയുടെ സ്റ്റോക് റൂമിലേയ്ക്ക് പ്രവേശനം കിട്ടിയത് എംഎയ്ക്കു പഠിക്കുമ്പോഴാണ്. ഒരു സമയം ഏഴു പുസ്തകങ്ങള്‍ എടുക്കാം. പുസ്തകറാക്കുകള്‍ക്കിടയിലൂടെ പ്രാക്തനവും നവീനവുമായ ഗ്രന്ഥഗന്ധങ്ങള്‍ ശ്വസിച്ച് ജീവിതവും ദര്‍ശനങ്ങളും തുടിച്ചു നില്‍ക്കുന്ന താളുകള്‍ മറിച്ചുകൊണ്ടുള്ള ആ നടപ്പുപോലെ സുഖകരമായ മറ്റനുഭൂതികള്‍ അക്കാലത്ത് ഏറെയുണ്ടായിരുന്നില്ല. കലിക്കറ്റ് യൂണിവേഴ്സിറ്റി ക്യാംപസില്‍ എം.സി.ജെ.യ്ക്കു ചേര്‍ന്നപ്പോള്‍ കൂടുതല്‍ സമയം വായനയ്ക്കു വേണ്ടി ലഭിച്ചു. പക്ഷേ അവിടുത്തെ സെന്‍ട്രല്‍ ലൈബ്രറി അത്രയ്ക്കു സമൃദ്ധമായിരുന്നില്ല എന്നാണു തോന്നിയത്. ഡിപ്പാര്‍ട്മെന്‍റുകള്‍ കേന്ദ്രീകരിച്ചായിരുന്നു പുസ്തകങ്ങളുണ്ടായിരുന്നത്. ഡല്‍ഹിയിലെ പത്രപ്രവര്‍ത്തന ജീവിതകാലത്ത് വായന കുറഞ്ഞു. ബ്രിട്ടിഷ് കൗണ്‍സില്‍ ലൈബ്രറിയിലും അമേരിക്കന്‍ കൗണ്‍സില്‍ ലൈബ്രറിയിലും അംഗത്വമുണ്ടായിരുന്നു. പക്ഷേ ജോലിയായിരുന്നു പ്രധാനം. അവിടെ ദി ഏഷ്യന്‍ ഏജ് എന്ന പത്രമായിരുന്നു ലാവണം. പുസ്തകപ്പുഴുവായിരുന്നാല്‍ ഉഗ്രശാസനരായ എം.ജെ. അക്ബറും ശേഖര്‍ ഭാട്ടിയയുമൊക്കെ വിളിക്കുന്ന ഇംഗ്ലീഷ് പുലഭ്യങ്ങള്‍ നിത്യേന കേള്‍ക്കേണ്ടി വരും. അവധി ദിവസങ്ങളില്‍ കൊണാട്ട് പ്ലേസിലും ദര്യാഗഞ്ജിലും അലഞ്ഞു നടക്കും. പണം കയ്യിലുണ്ടെങ്കില്‍ സെക്കന്‍ഡ് ഹാന്‍ഡ് പുസ്തകങ്ങള്‍ വാങ്ങും.

ഡല്‍ഹി വാസകാലത്ത് ആകെക്കൂടി പത്തു പുസ്തകങ്ങള്‍ പോലും തികച്ചു വായിച്ചിട്ടുണ്ടാകില്ല. കോഴിക്കോട്ടെ ഇന്‍ഡ്യന്‍ എക്സ്പ്രസ് കാലം പിന്നെയും വായനയ്ക്ക് ഉണര്‍വ്വേകി. അവിടുത്തെ ലൈബ്രറി അത്രയ്ക്ക് ആകര്‍ഷകമായിരുന്നില്ല അക്കാലത്ത്. എങ്കിലും പുസ്തകങ്ങള്‍ പലയിടങ്ങളില്‍ നിന്നായി സംഘടിപ്പിച്ചു. കൈരളി ടി.വി. യില്‍ എത്തിയതോടെ മാദ്ധ്യമപ്രവര്‍ത്തനത്തിന്‍റെ സജീവലോകത്തിലേയ്ക്ക് കൂപ്പുകുത്തി. ഒന്നിനും സമയമില്ലാതായി. ജീവിതത്തിന്‍റെയും വായനയുടെയും മറ്റൊരു ഘട്ടത്തിലേയ്ക്കു പ്രവേശിച്ചിട്ട് കുറച്ചു കാലമായി. വായനയിലെ താത്പര്യങ്ങള്‍ മാറിയിരിക്കുന്നു. ചലച്ചിത്രസംബന്ധിയായ പുസ്തകങ്ങളും ചരിത്രവുമൊക്കെ കൂടുതല്‍ ഇഷ്ടമാകാന്‍ തുടങ്ങിയിരിക്കുന്നു. എന്‍റെ തലമുറയുടെ കൗമാരയൗവനങ്ങളില്‍ ഉണ്ടായിരുന്നതിന്‍റെ എത്രയോ ഇരട്ടി പുസ്തകങ്ങളും ആനുകാലിക പ്രസിദ്ധീകരണങ്ങളുമാണ് ഇപ്പോഴുള്ളത്. ഇവിടെ വന്നു കുമിഞ്ഞുകൂടിയിരുന്ന പ്രസിദ്ധീകരണങ്ങളില്‍ പലതിന്‍റെയും വായന മനസില്ലാമനസോടെ ഡിജിറ്റല്‍ മാധ്യമത്തിലേയ്ക്കാക്കിയിരിക്കുന്നു. റാപ്പര്‍ പൊട്ടിക്കാതെ അടുക്കി വച്ചിരിക്കുന്ന വാരികകള്‍ എന്നെ ഇപ്പോള്‍ പരിഹാസത്തോടെ നോക്കുന്നില്ല. എല്ലാം മറ്റൊരു സ്പേസില്‍ സുരക്ഷിതമാണ്. കാലത്തിനൊത്തുള്ള കോലം മാറല്‍.

എന്‍റെ സുഹൃത്ത് രാംമോഹന്‍ പാലിയത്ത് (വെബിനിവേശകാരന്‍) രണ്ടു മാസം മുമ്പ് ഫെയ്സ് ബുക്കില്‍ എഴുതി. മഹാഭാരതത്തിലെ യക്ഷപ്രശ്നത്തിന്‍റെ ഒരു പാരഡിയാണ്. അദ്ദേഹത്തിന്‍റെ അനുവാദത്തോടെ അത് ഇവിടെ കുറിക്കട്ടെ..

യക്ഷന്‍: എന്താണ് ഏറ്റവും വലിയ ആശ്ചര്യം?

യുധിഷ്ഠിരന്‍: ദിവസന്തോറും ജീവജാലങ്ങള്‍ യമപുരിയിലേയ്ക്കും വായിക്കാത്ത പുസ്തകങ്ങള്‍ നിശ്ചലതയിലേയ്ക്കും പോയിക്കൊണ്ടിരിക്കുന്നു. ശേഷം പേര്‍ തങ്ങള്‍ക്കു നാശമില്ലെന്നും ഇവിടെ സ്ഥിരമാണെന്നും വിചാരിച്ച് പുസ്തകങ്ങള്‍ വാങ്ങിക്കൂട്ടുന്നു. ഇതില്‍പ്പരം ആശ്ചര്യമെന്താണ്?

രാംമോഹന്‍ പറഞ്ഞത് നൂറു ശതമാനം സത്യമാണ്. എങ്കിലും ഏകാന്തതയില്‍ ഏറ്റവും വലിയ കൂട്ടുകാര്‍ പുസ്തകങ്ങള്‍ തന്നെയാണ്. വായന ഏകാന്തതയാണ് (Reading is solitude) എന്ന് പ്രശസ്ത ഇറ്റാലിയന്‍ നോവലിസ്റ്റ് ഇതലോ കാല്‍വിനോ അദ്ദേഹത്തിന്‍റെ പ്രസിദ്ധമായ 'ഇഫ് ഓണ്‍ എ വിന്‍റേഴ്സ് നൈറ്റ് എ ട്രാവ്ലര്‍ ' എന്ന നോവലില്‍ പറയുന്നുണ്ട്. ഇഫ് ഓണ്‍ എ വിന്‍റേഴ്സ് നൈറ്റ് എ ട്രാവ്ലര്‍ എന്ന പേരിലുള്ള ഒരു നോവല്‍ വായിക്കാന്‍ ശ്രമിക്കുന്ന വായനക്കാരനാണ് അതിലെ കേന്ദ്രകഥാപാത്രം. വായന എന്ന പ്രക്രിയയുടെ സങ്കീര്‍ണ്ണത വായനക്കാരനെ അനുഭവിപ്പിക്കുന്ന നോവല്‍. ഒരേ പുസ്തകം പല വായനക്കാരെ പലതരത്തില്‍ സ്വാധീനിക്കുന്നു. പലപ്പോഴും വായനക്കാരനു പിടികൊടുക്കാതെ പുസ്തകം ഒളിഞ്ഞുകളിക്കുന്നു. വ്യക്തിപരമായി പറഞ്ഞാല്‍ ആ സങ്കീര്‍ണ്ണപ്രക്രിയയുടെ മോഹവലയത്തിലാണ് ഇപ്പോള്‍ ജീവിതം. ഏകാന്തതയില്‍ നിന്നു രക്ഷപ്പെടാന്‍ മറ്റു മാര്‍ഗ്ഗങ്ങള്‍ അധികമില്ല. പുസ്തകങ്ങള്‍ പകരുന്ന മായക്കാഴ്ചകള്‍ ഒരിക്കലും അവസാനിക്കാതിരിക്കട്ടെ.

logo
The Fourth
www.thefourthnews.in