കേരളത്തിന്റെ കഥ ഇതല്ല!

കേരളത്തിന്റെ കഥ ഇതല്ല!

പകയുടെയും വിദ്വേഷത്തിന്റെയും ഹിംസയുടെയും രാഷ്ട്രീയം കേരളത്തിൽ വിതയ്ക്കാനുള്ള സംഘപരിവാർ ഗൂഢാലോചനയുടെ പത്തി നീട്ടലാണ്‌, ചലച്ചിത്രമെന്ന് ചിലർ വിശേഷിപ്പിക്കുന്ന കേരളാ സ്റ്റോറിയുടെ ട്രെയ്‌ലർ
Updated on
2 min read

വരാനിരിക്കുന്ന വൻ ഗൂഢപദ്ധതികളുടെ ട്രെയ്‌ലർ വന്നുകഴിഞ്ഞു. പകയുടെയും വിദ്വേഷത്തിന്റെയും ഹിംസയുടെയും രാഷ്ട്രീയം കേരളത്തിൽ വിതയ്ക്കാനുള്ള സംഘപരിവാർ ഗൂഢാലോചനയുടെ പത്തി നീട്ടലാണ്‌, ചലച്ചിത്രമെന്ന് ചിലർ വിശേഷിപ്പിക്കുന്ന കേരളാ സ്റ്റോറിയുടെ ട്രെയ്‌ലർ. കേരളത്തെ സംബന്ധിച്ച് അവാസ്തവത്തിലും അസത്യത്തിലും അധിഷ്ഠിതമായ, യാഥാര്‍ഥ്യത്തിന് നേര്‍ വിപരീതമായി വ്യാജ പ്രതീതി ജനിപ്പിക്കുന്നതാണ് ഈ ചിത്രമെന്നാണ് ഇതിന്റെ ട്രെയ്‌ലറില്‍ നിന്നും വ്യക്തമായത്. ഈ ചിത്രം അവതരിപ്പിക്കാന്‍ ശ്രമിക്കുന്നതല്ല കേരളത്തിന്റെ യഥാര്‍ത്ഥ കഥ. വികസിത രാജ്യങ്ങൾക്കൊപ്പം നിൽക്കാൻ കഴിയുന്ന സാമൂഹിക സൂചികകളുടെയും ഇന്ത്യയ്ക്ക്‌ മാതൃകയായ മാനവ വികസന നേട്ടങ്ങളുടെയും മതനിരപേക്ഷതയുടെയും സഹിഷ്ണുതയുടെയും സമാധാന ജീവിതത്തിന്റെയും നേരനുഭവമാണത്‌.

സാമ്പത്തിക വളർച്ചയുടെ ദേശീയ‌ നിരക്ക്‌ ആറ് ശതമാനമാണെങ്കിൽ കേരളത്തിലത്‌ 12 ശതമാനമാണ്‌. 60 ലക്ഷം പേർക്ക്‌ സാമൂഹ്യ സുരക്ഷാ പെൻഷൻ കൊടുക്കുന്നതടക്കമുള്ള ക്ഷേമ പ്രവർത്തനത്തിലെ മികവിനൊപ്പം, സാമ്പത്തിക വളർച്ചയിലും കേരളം മുന്നേറുകയാണ്‌. നീതി ആയോഗിന്റെ കണക്കനുസരിച്ച് ദാരിദ്ര്യത്തിന്റെ ദേശീയ ശരാശരി 25 ശതമാനമുള്ളപ്പോള്‍, 0.71 ശതമാനം മാത്രമാണ്‌ കേരളത്തിലെ ദരിദ്രർ. അവശേഷിക്കുന്ന ദാരിദ്ര്യം കൂടി തുടച്ചുനീക്കാന്‍ ലോകത്ത് ചൈനക്ക് ശേഷം ആദ്യമായും, ഇന്ത്യയില്‍ ആദ്യമായും ഒരു പദ്ധതി നടപ്പാക്കുന്ന സംസ്ഥാനമാണ് കേരളം. കേരളത്തിന്റെ മുന്‍ഗണനകള്‍ ഇതൊക്കെയാണ്.

അതി ദാരിദ്ര്യം ഇല്ലാതാക്കല്‍, മെച്ചപ്പെട്ട പൊതു വിദ്യാഭ്യാസം, പൊതുജനാരോഗ്യം, പൊതുഗതാഗത സൗകര്യം വര്‍ധിപ്പിക്കല്‍, വിജ്ഞാന സമ്പദ്‌വ്യവസ്ഥ സൃഷ്ടിക്കൽ, മെച്ചപ്പെട്ട ജീവിത നിലവാരം ഉറപ്പുവരുത്തല്‍ ഇതൊക്കെയാണ് കേരളത്തിന്റെ പ്രയോറിറ്റി. ഇതാണ്‌ കേരളത്തിന്റെ റിയല്‍ സ്റ്റോറിയും

റിയല്‍ കേരള സ്‌റ്റോറി എന്നാല്‍ ഇന്ത്യയിലെ ഏറ്റവും ഉയർന്ന ആയുർദൈർഘ്യം, ഏറ്റവും കുറഞ്ഞ ശിശുമരണ നിരക്ക്, ഏറ്റവും കുറഞ്ഞ മാതൃമരണ നിരക്ക്, പോഷകാഹാരക്കുറവ് ഏറ്റവും കുറഞ്ഞ സംസ്ഥാനം, ദേശീയ ശരാശരിയിലധികം കുട്ടികള്‍ ഉന്നത വിദ്യാഭ്യാസം നേടുന്ന സംസ്ഥാനം, വിദ്യാഭ്യാസ രംഗത്ത് ലിംഗ സമത്വം കൈവരിച്ച സംസ്ഥാനം, വിദ്യാഭ്യാസ രംഗത്തെ കൊഴിഞ്ഞുപോക്ക് ഏറെക്കുറെ ഇല്ലാതാക്കിയ സംസ്ഥാനം, മുഴുവൻ കുട്ടികളും സ്‌കൂളില്‍ പോകുന്ന സംസ്ഥാനം എന്നതൊക്കെയാണ്‌. കഴിഞ്ഞ ആറ് വർഷമായി നീതി ആയോഗിന്റെ ദേശീയ സ്കൂൾ ഗുണമേന്മാ സൂചികയിൽ കേരളം ഒന്നാമതാണെന്ന് മാത്രമല്ല, മറ്റ്‌ സംസ്ഥാനങ്ങളേക്കാൾ ബഹുദൂരം മുന്നിലുമാണ്‌.

ഏറ്റവും മികച്ച സ്റ്റാര്‍ട്ട് അപ്പ് എക്കോ സിസ്റ്റമുള്ള ലോകത്തിലെ അഞ്ച് സ്ഥലങ്ങളിലൊന്നെന്ന് ലോകബാങ്കിന്റെ ഗ്ലോബൽ സ്റ്റാർട്ടപ്പ്‌ എക്കോസിസ്റ്റം റിപ്പോർട്ട്‌ തന്നെ ചൂണ്ടിക്കാണിച്ചത്‌ കേരളത്തെക്കുറിച്ചാണ്‌. ഇന്ത്യയിൽ നിന്ന് ഈ പട്ടികയിൽ ഇടം നേടിയ ഏക പ്രദേശവും കേരളമാണെന്ന് ഓർക്കുക. ഇതൊക്കെയാണ് കേരളം. ഇന്ത്യയില്‍ ഏറ്റവും പുരോഗതി കൈവരിച്ച, ഏറ്റവും സമാധാനത്തോടെ ജനങ്ങള്‍ ജീവിക്കുന്ന സ്ഥലമാണിത്‌. പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് തന്നെ പ്രത്യേക മുന്നറിയിപ്പൊന്നും കൂടാതെ തെരുവിലിറങ്ങി നടക്കാന്‍ കഴിയുന്ന സമാധാന അന്തരീക്ഷം കേരളത്തിലുണ്ടെന്ന് കഴിഞ്ഞ ദിവസം ഏവർക്കും മനസിലായതാണ്‌. അത്രയും സമാധാനത്തോടെയും ഐക്യത്തോടെയും ജനങ്ങള്‍ ജീവിക്കുന്ന സ്ഥലമാണ് കേരളം.

ജയിലിൽ നിന്നിറങ്ങുന്ന അവരെ ഹാരമണിയിച്ച്‌ സ്വീകരിക്കാൻ മന്ത്രിമാർ പോകുന്ന സംഘപരിവാർ സംസ്കാരവും കേരളത്തിൽ കാണില്ല. രാജ്യത്തിന്‌ അഭിമാനമായ ഒളിമ്പിക്സ്‌ മെഡൽ ജേതാക്കൾക്ക്‌ തെരുവിൽ രാപ്പകൽ സമരം നടത്തേണ്ടി വരുന്ന ഗതികേടും കേരളത്തിലുണ്ടായിട്ടില്ല

കേരളത്തില്‍ വന്ന മോദിക്ക് തന്നെ പറയേണ്ടി വന്നു, ഡിജിറ്റല്‍ സയന്‍സ് പാര്‍ക്കും വാട്ടര്‍ മെട്രോയും ഇന്ത്യയ്ക്ക് മാതൃകയാണെന്ന്. കേരളം ഡിജിറ്റല്‍ സയന്‍സ് പാര്‍ക്ക് സ്ഥാപിക്കുമ്പോള്‍ ഉത്തരേന്ത്യയില്‍ പലയിടത്തും ഗോമൂത്ര മികവിനെ കുറിച്ചാണ് ഗവേഷണം നടത്തുന്നത്. അതാണ് കേരളവും മറ്റ് ഇന്ത്യന്‍ സംസ്ഥാനങ്ങളും തമ്മിലുള്ള അന്തരം. നമ്മള്‍ ഒരു വിജ്ഞാന സമൂഹത്തിന്റെ നിര്‍മിതിയെക്കുറിച്ചാണ് ആലോചിക്കുന്നത്. മറ്റ് പല സംസ്ഥാനങ്ങളിലും നടക്കുന്നതു പോലെ ജനപ്രതിനിധികളെ വിലയ്‌ക്കെടുക്കാനും കേരളത്തില്‍ സാധിക്കില്ല.

ഇന്ത്യയില്‍ പൊതുജനാരോഗ്യത്തിന് സര്‍ക്കാര്‍ ഏറ്റവുമധികം പണം മുടക്കുന്ന സംസ്ഥാനമാണ്‌ കേരളം‌ (ജിഡിപിയുടെ ഒരു ശതമാനത്തിന് മുകളില്‍). അതി ദാരിദ്ര്യം ഇല്ലാതാക്കല്‍, മെച്ചപ്പെട്ട പൊതു വിദ്യാഭ്യാസം, പൊതുജനാരോഗ്യം, പൊതുഗതാഗത സൗകര്യം വര്‍ധിപ്പിക്കല്‍, വിജ്ഞാന സമ്പദ്‌വ്യവസ്ഥ സൃഷ്ടിക്കൽ, മെച്ചപ്പെട്ട ജീവിത നിലവാരം ഉറപ്പുവരുത്തല്‍ ഇതൊക്കെയാണ് കേരളത്തിന്റെ പ്രയോറിറ്റി. ഇതാണ്‌ കേരളത്തിന്റെ റിയല്‍ സ്റ്റോറിയും.

യുപിയിലെപ്പോലെ പോലീസ് വലയത്തില്‍ ആളുകളെ നിഷ്കരുണം വെടിവച്ച്‌ കൊല്ലാന്‍ അക്രമികള്‍ക്ക് ലഭിക്കുന്ന സ്വാതന്ത്ര്യം കേരളത്തിലുണ്ടാകില്ല. ഗുജറാത്തിലെ പോലെ കൂട്ടക്കൊലയും കൂട്ട ബലാത്സംഗവും നടത്തിയ പ്രതികൾ കേരളത്തിലാണെങ്കിൽ സ്വൈര്യവിഹാരം നടത്തില്ല. ജയിലിൽ നിന്നിറങ്ങുന്ന അവരെ ഹാരമണിയിച്ച്‌ സ്വീകരിക്കാൻ മന്ത്രിമാർ പോകുന്ന സംഘപരിവാർ സംസ്കാരവും കേരളത്തിൽ കാണില്ല. രാജ്യത്തിന്‌ അഭിമാനമായ ഒളിമ്പിക്സ്‌ മെഡൽ ജേതാക്കൾക്ക്‌ തെരുവിൽ രാപ്പകൽ സമരം നടത്തേണ്ടി വരുന്ന ഗതികേടും കേരളത്തിലുണ്ടായിട്ടില്ല.

കോവിഡ്‌ കാലത്ത്‌ ലക്ഷങ്ങൾ കൂട്ടപ്പലായനം നടത്തുകയും, നൂറു കണക്കിന് ആളുകൾ റെയിൽ പാളത്തിൽ ചതഞ്ഞുതീരുകയും ചെയ്ത ദാരുണ കാഴ്ചകളൊന്നും കേരളത്തിലുണ്ടായിട്ടില്ല. കൂട്ടച്ചിതകളുടെ ദൃശ്യങ്ങളും കേരളത്തിൽ നിന്ന് വന്നിട്ടില്ല. ഇതെല്ലാം വന്നത്‌ സംഘപരിവാർ കൊടികുത്തി വാഴുന്ന, അവരുടെ ഭരണ താണ്ഡവം നടക്കുന്ന സംസ്ഥാനങ്ങളിൽ നിന്ന് ആയിരുന്നുവെന്നത്‌ മറക്കരുത്‌. കേരളത്തിൽ നിന്ന് വന്നത്‌ അതിഥി തൊഴിലാളികളടക്കം എല്ലാ മനുഷ്യരെയും വിശന്നിരിക്കാൻ അനുവദിക്കാതെ സ്നേഹാർദ്രമായ കരുതലോടെ ചേർത്തുപിടിച്ചതിന്റെ വാർത്തകളും ദൃശ്യങ്ങളുമാണ്‌.

ഈ കേരളത്തെ കുറിച്ചാണ്‌ അടിമുടി വ്യാജമായ ഒരു വഷളൻ ഫാസിസ്റ്റ്‌ കെട്ടുകഥ സംഘപരിവാർ ബുദ്ധികേന്ദ്രങ്ങളുടെ ആസൂത്രണത്തിൽ സിനിമാ വേഷത്തിൽ ഇപ്പോൾ പ്രചരിപ്പിച്ചുകൊണ്ടിരിക്കുന്നത്‌. ഇതിന്റെ പിന്നില്‍ പ്രവര്‍ത്തിക്കുന്നത് കേരളം പിടിക്കാനുള്ള ആര്‍എസ്എസിന്റെ ഗൂഢപദ്ധതിയാണ്. ഇതിനായി ആയിരക്കണക്കിന്‌ കോടി രൂപയാണ്‌ പല നിലയില്‍ മുടക്കുന്നത്‌ എന്നാണ്‌ ഇതിലൂടെ മനസിലാക്കേണ്ടത്‌‌. സിനിമ എങ്ങനെ ഫാസിസ്റ്റ് പ്രയോഗത്തിന്റെ ആയുധമായി തീരുന്നു എന്നുകൂടി നമ്മള്‍ ഇതിലൂടെ കാണുകയാണ്‌. അതുകൊണ്ട് കരുതിയിരിക്കണം, ഇനിയും ഇങ്ങനെയുള്ള പലതും വരാനിരിക്കുന്നു എന്ന മുന്നറിയിപ്പായി ഇതിനെ കാണണം.

logo
The Fourth
www.thefourthnews.in