ഖസാക്ക്, തസ്രാക്കിന്റെ മറ്റൊരു പേര്
ഒ വി വിജയന്റെ വിഖ്യാത നോവല്‍ 'ഖസാക്കിന്റെ ഇതിഹാസ'ത്തിന്റെ ഉറവിടമായ പാലക്കാടന്‍ ഗ്രാമം തസ്രാക്കിലേക്ക് പലവട്ടം പോയിട്ടുണ്ട്. പറളിയിലെ കുട്ടിക്കാലം മുതല്‍ ഞാന്‍ കണ്ട പാലക്കാടന്‍ പ്രകൃതിയുടെ തണുപ്പും ചൂടും വരണ്ട കാറ്റും നോവലിലെ ഏടുകളിലൂടെ അനുഭവിക്കുവാന്‍ കഴിയുന്നുണ്ട്. ഓരോ തവണയും ഇവിടെ സന്ദര്‍ശിക്കുമ്പോള്‍ ഇല്ലാതായിക്കൊണ്ടിരിക്കുന്ന ഭൂവിടങ്ങള്‍. പാടവും വരമ്പും അതിലെ കൃഷിയുമൊക്കെ വേര്‍തിരിച്ച് കെട്ടിടങ്ങളായി മാറ്റുന്നു. ഖസാക്കിലെ ഞാറ്റുപുരയും കുളങ്ങളും ആടുമേയുന്ന കുന്നുകളുമൊക്കെ പഴയകാല ചിത്രങ്ങള്‍ എന്നതുപോലെ ഏതോ ചുമരില്‍ തൂങ്ങുന്നു.
ഭാവനയുടെ വിസ്തൃതി എത്രമാത്രം ആഴങ്ങളെയും പരപ്പുകളെയും ഉള്‍ക്കൊള്ളുന്നുവെന്ന് ഓരോ തസ്രാക്ക് യാത്രയിലും ഈ സ്ഥലങ്ങളിലൂടെ കടന്നുപോകുമ്പോള്‍ ഓര്‍ക്കും
ഖസാക്കിലെ ഞാറ്റുപുര, പള്ളി, അറബിക്കുളം, ഏകാധ്യാപക വിദ്യാലയം എനിക്ക് മുന്നില്‍ 100 മീറ്റര്‍ നീളമുള്ള നാട്ടിടവഴിയില്‍ നില്‍ക്കുന്നു. ഒരറ്റത്ത് നിന്ന് മറ്റേയറ്റം വരെ, ചിലയിടത്ത് മുള്ളുവേലി കെട്ടിയും പിന്നെ ഇടിഞ്ഞുപൊളിഞ്ഞ ചില മതിലുകളുമൊക്കെയായി വഴി ചുരുങ്ങുന്നു. ഇതുവഴി നടന്നുപോവുകയും ജീവിക്കുകയും ചെയ്തവരെ നോവലില്‍ കാണുമ്പോള്‍ ഒരു പെരുമ്പാതയിലാണ് കഥ നടന്നത് എന്ന് തോന്നും. ഭാവനയുടെ വിസ്തൃതി എത്രമാത്രം ആഴങ്ങളെയും പരപ്പുകളെയും ഉള്‍ക്കൊള്ളുന്നുവെന്ന് ഓരോ തസ്രാക്ക് യാത്രയിലും ഈ സ്ഥലങ്ങളിലൂടെ കടന്നുപോകുമ്പോള്‍ ഓര്‍ക്കും.
തസ്രാക്കിലെ പള്ളി പൊളിച്ചുപണിതിട്ടുണ്ട്. ഏകാധ്യാപക വിദ്യാലയം നടത്തിയിരുന്ന മൂന്നു മുറികള്‍ ഇപ്പോള്‍ ചില കുടുംബങ്ങള്‍ താമസിക്കുന്ന വീടുകളായി മാറിയിട്ടുണ്ട്. ഖസാക്കിലെ ജിന്നുകളും ഇഫ്രീത്തുകളും നീരാടാന്‍ ഇറങ്ങിയ അറബിക്കുളം (പള്ളിക്കുളം) പച്ചപ്പായല്‍ മൂടിക്കിടക്കുന്നു. ആ കുളവും നോവലിസ്റ്റിന്റെ ഭാവനയില്‍ എത്രയോ വിശാലമായി വളര്‍ന്നിരിക്കുന്നു. പള്ളിക്കും കടമുറികള്‍ക്കുമിടയില്‍ ദാറുല്‍ ഉലും മദ്രസ. അള്ളാപ്പിച്ച മൊല്ലാക്കയുടെ കാലടികള്‍ ഇപ്പോഴും ഈ അന്തരീക്ഷത്തില്‍ സ്പന്ദിക്കുന്നതായും ഖാളിയാര്‍ ആ വഴിയിലൂടെയൊക്കെ നടന്നു പോകുന്നതായും തോന്നി.
ഖസാക്കില്‍ ഒരു ശ്മശാനമുണ്ടായിരുന്നു. ദഹിപ്പിച്ചതിന് ശേഷം ആളുകള്‍ കുളിക്കുന്ന കുളവും. ചെമ്മരിയാടിന്‍ പറ്റങ്ങള്‍ മേഞ്ഞ പാടത്തെ നീണ്ട വരമ്പിലൂടെ നടന്നാല്‍ കുളത്തിന്റെ വക്കിലെത്താം. പലതരം ചെടികള്‍ വളര്‍ന്ന് പായല്‍ മൂടിയ ആ കുളവും തൂര്‍ന്നു പോയിരിക്കുന്നു. മുളകളും മരങ്ങളും ഉയര്‍ന്നു നില്‍ക്കുന്ന വിശാലമായ ഒരിടവഴി കുളത്തിലേക്കുള്ള തുറസ്സാണ്. ശബ്ദമൊന്നുമില്ലാതെ വിജനമായിരുന്നു ആ സ്ഥലം. പെട്ടെന്ന് മുള്ളുവേലിയുടെ മറവില്‍ നിന്ന് തലയില്‍ വൈക്കോല്‍കെട്ടുകളുമായി മൂന്ന് സ്ത്രീകള്‍ ആ വഴി കടന്നുവന്നു. ആ നിശബ്ദതയെ ഇല്ലാതാക്കാന്‍ അവരും ഇഷ്ടപ്പെട്ടില്ലെന്ന് തോന്നി. അവര്‍ നടന്നു നീങ്ങുന്നതിന് പോലും ശബ്ദമുണ്ടായിരുന്നില്ല.
കുളത്തിലെ ചെടികള്‍ക്ക് മുകളിലായി അന്നേരം തുമ്പികള്‍ ഉയര്‍ന്നുപൊങ്ങി. ഖസാക്കിലെ തുമ്പികള്‍. വേലിപ്പടര്‍പ്പുകളിലും ചെടിക്കൂട്ടങ്ങളിലും വെയില്‍ വെളിച്ചത്തിലും ഖസാക്കില്‍ പാറിനടന്ന തുമ്പികള്‍. എണ്ണത്തില്‍ അവ വളരെ കുറച്ചേ ഉണ്ടായിരുന്നുള്ളു. മനുഷ്യന്‍ കാലത്തിനും പ്രകൃതിക്കുമേല്‍പ്പിച്ച ആഘാതത്തിന്റെ സൂചകങ്ങളായി എണ്ണത്തില്‍ കുറഞ്ഞ തുമ്പികള്‍ ഖസാക്കിന്റെ സ്ഫടിക മാനത്തേക്ക് പറന്നുയര്‍ന്നു.
ഒ വി വിജയന്‍ എന്ന എഴുത്തുകാരന്‍ കണ്ടതും കുറച്ചുനാള്‍ ജീവിച്ചതുമായ ഒരു ഗ്രാമം ഇതിഹാസമാകുന്നത് ഭാവനയിലാണ്
വഴികള്‍ തീര്‍ത്തും വിജനമാണ്. രവി ബസ്സിറങ്ങിയ വഴിയമ്പലം കഥയില്‍ മാത്രം. ചൂട് ആവിയായി പൊങ്ങുന്നു. കരിമ്പനകള്‍ ഒരിക്കലും തണല്‍ വീഴ്ത്തിയില്ല. പനമ്പട്ടകളില്‍ കാറ്റ് തപ്പട കൊട്ടുന്നു. കനാലിന്റെ കരയില്‍ ഒറ്റയ്ക്കും തെറ്റയ്ക്കുമായി ആടുകളും മാടുകളും, അവയ്ക്ക് തിന്നാന്‍ കരിഞ്ഞപുല്ലുകള്‍ മാത്രം. നടന്നു നീങ്ങിയത് ഒരു വഴിയമ്പലം തേടിയാണ്. കഥയില്‍ നിന്നും ഖസാക്ക് ഒരുപാട് അകന്നിരിക്കുന്നു. തസ്രാക്ക് എന്ന ഗ്രാമത്തിന്റെ ജൈവികത ഇന്ന് നമുക്ക് ഖസാക്കിന്റെ ഇതിഹാസത്തിന്റെ ഏടുകളില്‍ മാത്രമേ കാണാന്‍ കഴിയൂ. ശിവരാമന്‍ നായരുടെ ഞാറ്റുപുര മാത്രം സര്‍ക്കാര്‍ ഏറ്റെടുത്ത് സ്മാരകമാക്കിയിട്ടുണ്ട്. അല്ലെങ്കിലും കഥകള്‍ മനസ്സിലാണ് സംഭവിക്കുന്നത്. ഒ വി വിജയന്‍ എന്ന എഴുത്തുകാരന്‍ കണ്ടതും കുറച്ചുനാള്‍ ജീവിച്ചതുമായ ഒരു ഗ്രാമം ഇതിഹാസമാകുന്നത് ഭാവനയിലാണ്.
മറ്റേതൊക്കെയോ ഭൂമികയെ കോര്‍ത്തിണക്കി, സ്വന്തമായ ഒരു കഥാ പശ്ചാത്തലം ഒ വി വിജയന്‍ നിര്‍മിച്ചു. കണ്ടുമുട്ടിയ മനുഷ്യരില്‍ കഥയുണ്ടെന്ന് തിരിച്ചറിഞ്ഞു. അറിഞ്ഞതില്‍ മുഴുവനും പറഞ്ഞു തീര്‍ത്തുവോ എന്ന് ഓരോ നോവല്‍ വായനയിലും പാലക്കാടിന്റെ വഴികളിലൂടെയുള്ള സഞ്ചാരത്തിലും ഇതിഹാസത്തിന്റെ ഇതിഹാസം വായിച്ചപ്പോഴുമൊക്കെ ചിന്തിച്ചുപോയി. പലപ്പോഴും തസ്രാക്കിലേക്ക് പോകുമ്പോഴും ഖസാക്ക് വായിക്കുമ്പോഴും ഈ നോവല്‍ എങ്ങനെയാണ് ഉത്ഭവിച്ചത് എന്ന് അത്ഭുതപ്പെട്ടിട്ടുണ്ട്.
ആദികാലത്ത് വാമൊഴിയായി പറഞ്ഞ് ഉരുവം കൊണ്ട പുരാണ ഇതിഹാസങ്ങള്‍ പോലെതെന്നെയാകാം വിജയന്‍ എന്ന മഹാജ്ഞാനി ഖസാക്കിലെ ജീവിതവും എഴുതിയത്
ഭാഷ, പ്രകൃതി, മനുഷ്യര്‍ ഇതൊക്കെ എപ്പോഴും കണ്ടതും കേട്ടതും തന്നെ. എന്നിട്ടും എങ്ങനെയാണ് ഒരു ഇതിഹാസമുണ്ടായത്? ആദികാലത്ത് വാമൊഴിയായി പറഞ്ഞ് ഉരുവം കൊണ്ട പുരാണ ഇതിഹാസങ്ങള്‍ പോലെതെന്നെയാകാം വിജയന്‍ എന്ന മഹാജ്ഞാനി ഖസാക്കിലെ ജീവിതവും എഴുതിയത്. ലോകത്തിന്റെ മറ്റൊരിടത്തായിരുന്നുവെങ്കില്‍ ഖസാക്കും ഒരു മക്കോണ്ടയായേനേയെന്ന് തോന്നുന്നു. എഴുത്തുകാരന്റെ ഭാവനയറിഞ്ഞ ലോകത്തിന്റെ രൂപമല്ലല്ലോ ഇക്കണ്ട കാഴ്ച്ചകളില്‍ എന്നും മനസ് പറഞ്ഞു. വിജയന്‍ എന്ന എഴുത്തുകാരന്‍ വരച്ച ചിത്രങ്ങള്‍ കാറ്റുപോലെ ആഞ്ഞടിക്കുന്നതാണ്. ചിതലിയുടെ മീതെ അത് പറന്നിറങ്ങും. ഇനിയും വായിക്കുന്ന മനുഷ്യര്‍ അത് തേടിയെത്തുക തന്നെ ചെയ്യും.