മന്‍മോഹന്‍ സിങ്
മന്‍മോഹന്‍ സിങ്

നിശബ്ദ വിപ്ലവത്തിന്റെ മൻമോഹൻ വർഷങ്ങൾ

നവതിയുടെ നിറവില്‍ നില്‍ക്കുന്ന മന്‍മോഹനെ പോലെ സമകാലിക ചരിത്രത്തില്‍ ഇത്രയധികം വിപ്ലവകരമായ തീരുമാനങ്ങള്‍ എടുത്ത മറ്റൊരു നേതാവുണ്ടാകില്ല
Updated on
3 min read

ഇന്ത്യന്‍ രാഷ്ട്രീയം ശബ്ദമുഖരിതമാണ്. ആവേശമുള്ള വാക്കുകളിലൂടെ, ചാട്ടൊലി പോലത്തെ പ്രസംഗങ്ങളിലൂടെ ജനങ്ങള്‍ക്ക് ഊര്‍ജം നല്‍കിയ രാഷ്ട്രീയ നേതാക്കളെ കുറിച്ചാണ് നാം കൂടുതലും പഠിച്ചിട്ടുള്ളത്. ഇവരില്‍ നിന്നെല്ലാം വ്യത്യസ്തമായി, അളന്നെടുത്ത വാക്കുകളും നിശബ്ദതയാണോ എന്ന് ചോദ്യം ചെയ്യപ്പെടാവുന്ന സൗമ്യതയുമായി പത്തുവര്‍ഷം ഇന്ത്യ ഭരിച്ചിരുന്ന വ്യക്തിയായിരുന്നു മന്‍മോഹന്‍ സിങ്. ഇന്ന് നവതിയുടെ നിറവില്‍ നില്‍ക്കുന്ന അദ്ദേഹത്തെപ്പോലെ സമകാലിക ചരിത്രത്തില്‍ ഇത്രയധികം വിപ്ലവകരമായ തീരുമാനങ്ങള്‍ എടുത്ത മറ്റൊരു നേതാവുണ്ടാകില്ല.

എന്നാല്‍, മന്‍മോഹന്‍ സിങ് ഉണ്ടാക്കിയ മാറ്റങ്ങളെ പൂര്‍ണമായ തോതില്‍ മനസിലാക്കാന്‍ ഇതുവരെ ഇന്ത്യന്‍ ജനതയ്ക്ക് സാധിച്ചിട്ടില്ല, എന്തിന് കോണ്‍ഗ്രസുകാര്‍ക്ക് പോലും അദ്ദേഹത്തിന്റെ രാഷ്ട്രീയ വീക്ഷണം പൂര്‍ണമായി അറിയില്ലെന്നതാണ് വസ്തുത.

ഇന്ത്യ സാമ്പത്തിക തകര്‍ച്ച നേരിട്ട കാലത്ത്, രാജീവ് ഗാന്ധിയുടെ അകാല വേര്‍പാടിനുശേഷം 1991ല്‍ നരസിംഹറാവു സര്‍ക്കാരില്‍ ധനമന്ത്രിയായി ഇരുന്നുകൊണ്ട് വലിയ മാറ്റങ്ങള്‍ സൃഷ്ടിച്ചത് മന്‍മോഹന്‍ സിങ്ങാണ്. നെഹ്‌റുവിയന്‍ സാമ്പത്തിക കോണില്‍ നിന്ന് വഴി തിരിഞ്ഞ് സാമ്പത്തിക പരിഷ്‌കാരങ്ങള്‍ നടപ്പാക്കി എന്ന് ആരോപണങ്ങള്‍ കേരളത്തിലടക്കം ഉയര്‍ന്നുവന്ന കാലത്ത് ഇന്ത്യയെ ഒരു സാമ്പത്തിക ശക്തിയായി വളര്‍ത്തിയത് ഇരുവരുമാണ്. എന്നു മാത്രമല്ല കാലം മാറുന്നതിനനുസരിച്ച് മാറ്റങ്ങള്‍ ഉള്‍ക്കൊണ്ട് നെഹ്‌റുവിയന്‍ സോഷ്യലിസത്തിനെ പുതിയ കാലത്തിലേക്ക് മുന്നോട്ട് കൊണ്ടു പോകുവാനും കഴിഞ്ഞു.

നിര്‍ഭാഗ്യവശാല്‍ കോണ്‍ഗ്രസിന് 1996ല്‍ ഭരണം നഷ്ടമായി. പിന്നീട് വന്ന ബിജെപി സര്‍ക്കാരാകട്ടെ സോഷ്യലിസ്റ്റ് ആശയങ്ങള്‍ തകിടം മറിച്ചു.

1991ലെ സാമ്പത്തിക പരിഷ്‌കാരങ്ങള്‍ കൊണ്ടുവരുന്നതിനു മുമ്പ് കോണ്‍ഗ്രസില്‍ വര്‍ക്കിങ്ങ് കമ്മിറ്റി നടത്തിയ ചര്‍ച്ചകളും ഇതുമായി ബന്ധപ്പെട്ട രേഖകളും പരിശോധിച്ചാല്‍ ഇക്കാര്യങ്ങള്‍ വ്യക്തമാകും. നിര്‍ഭാഗ്യവശാല്‍ കോണ്‍ഗ്രസിന് 1996ല്‍ ഭരണം നഷ്ടമായി. പിന്നീട് വന്ന ബിജെപി സര്‍ക്കാരാകട്ടെ സോഷ്യലിസ്റ്റ് ആശയങ്ങള്‍ തകിടം മറിച്ചു. 2004ല്‍ യുപിഎ അധികാരത്തിലേറുമ്പോള്‍ മന്‍മോഹന്‍ ഇന്ത്യയുടെ പ്രധാനമന്ത്രിയായി. അദ്ദേഹം ഭരിച്ച 10 വര്‍ഷങ്ങളില്‍ ഏറ്റവും പിന്നോക്കം നില്‍ക്കുന്ന ആളുകളെ ഉയര്‍ത്തിക്കൊണ്ടു വരുക എന്നതിനാണ് കൂടുതല്‍ പ്രാധാന്യം നല്‍കിയത്.

സാമ്പത്തിക പരിഷ്‌കാരത്തിന്റെ സോഷ്യലിസ്റ്റ് വശങ്ങള്‍ ഏറ്റവും കൂടുതല്‍ പ്രാവര്‍ത്തികമാക്കിയ ഒരാള്‍ കൂടിയാണ് അദ്ദേഹം. സാമ്പത്തിക പരിക്ഷ്‌കാരങ്ങള്‍ പാവങ്ങളിലേക്കും എത്തണം എന്ന തരത്തിലാണ് അദ്ദേഹം പരിഷ്‌കാരങ്ങള്‍ നടപ്പാക്കിയത്. ഇതിന് ഉദാഹരണമാണ് അദ്ദേഹം പ്രധാനമന്ത്രിയായിരുന്നപ്പോള്‍ നടപ്പാക്കിയ മഹാത്മാഗാന്ധി ഗ്രാമീണ തൊഴിലുറപ്പ് പദ്ധതി (2005), അദ്ദേഹത്തിന്റെ കാലത്ത് തന്നെ പാസാക്കപ്പെട്ട വനാവകാശ നിയമം (2006), വിവരാവകാശ നിയമം (2005), ഭക്ഷ്യ സുരക്ഷ നിയമം (2013), സ്ഥലം ഏറ്റെടുപ്പ് നിയമം (2013) എന്നിവയെല്ലാം തന്നെ ഈ ആശയവുമായി ചേര്‍ന്നു നില്‍ക്കുന്നതാണ്.

മന്‍മോഹന്റെ ഭരണകാലത്താണ് ഇന്ത്യയിലെ 27 കോടി ജനങ്ങളെ ദാരിദ്ര്യത്തില്‍ നിന്ന് മുക്തമാക്കുകയും രാജ്യം ഭക്ഷണം, വിദ്യാഭ്യാസം, കുടിവെള്ളം, വൈദ്യുതി, ശിശുക്ഷേമം തുടങ്ങിയ കാര്യങ്ങളില്‍ വലിയ നേട്ടം കൈവരിച്ചതെന്നും പില്‍ക്കാലത്ത് അന്താരാഷ്ട്ര ഏജന്‍സികള്‍ രേഖപ്പെടുത്തി.

ഇന്നത്തെ പ്രധാനമന്ത്രിയെ പോലെ തന്റെ വികസനങ്ങള്‍ കൊട്ടിഘോഷിക്കാന്‍ മന്‍മോഹന്‍ തയ്യാറായില്ല.

പക്ഷേ പൊതുജനത്തിന്റെ മുമ്പില്‍ 2ജി സ്പെക്ട്രം അഴിമതിയും നിര്‍ഭയ കേസും ലോക്പാല്‍ സമരവും എല്ലാം ചേര്‍ന്ന് മന്‍മോഹന്‍ സര്‍ക്കാരിനെ ജനവിരുദ്ധമാക്കി. എട്ടു വര്‍ഷങ്ങള്‍ക്കിപ്പുറം തിരിഞ്ഞുനോക്കുമ്പോള്‍ സ്‌പെക്ട്രം അഴിമതിയും ലോക്പാലുമെല്ലാം മുന്‍കൂട്ടി തയ്യാറാക്കിയ ഒരു തിരക്കഥയാണെന്ന് ബോധ്യമാകും.

രാഷ്ട്രീയ പ്രസംഗങ്ങളും ജനക്കൂട്ടത്തെ ഇളക്കി മറിക്കുന്ന ആവേശപ്രകടനങ്ങളുമായിരുന്നില്ല അദ്ദേഹത്തിന്റെ ശൈലി. ആധാര്‍, ഇന്ത്യ- അമേരിക്ക ആണവ കരാര്‍, പ്രത്യേക സാമ്പത്തിക മേഖല നിയമം, ചാന്ദ്രയാന്‍, മംഗള്‍യാന്‍ ദൗത്യങ്ങള്‍ നടപ്പാക്കുമ്പോളും ഇന്നത്തെ പ്രധാനമന്ത്രിയെ പോലെ തന്റെ വികസനങ്ങള്‍ കൊട്ടിഘോഷിക്കാന്‍ മന്‍മോഹന്‍ തയ്യാറായില്ല. എപ്പോഴും ഒരു മിതവാദിയായി, രണ്ടാമനായി നില്‍ക്കാനാണ് അദ്ദേഹം ആഗ്രഹിച്ചത്.

മന്‍മോഹന്‍ മൂകനും നിശബ്ദനുമായിരുന്നു എന്ന് എതിരാളികള്‍ ആരോപിക്കുമ്പോഴും ശബ്ദഘോഷങ്ങളില്ലാതെ രാജ്യത്ത മുന്നോട്ട് കൊണ്ടുപോകാന്‍ സാധിച്ചതും അദ്ദേഹത്തിന്റെ മികവ് തന്നെയാണ്

പലരും പറയുന്നതുപോലെ അദ്ദേഹം ദുര്‍ബലനായ ഒരു പ്രധാനമന്ത്രി അല്ലായിരുന്നു. അമേരിക്കയുമായിട്ടുള്ള ആണവ ഉടമ്പടിയില്‍ മുന്നില്‍ നിന്ന് പോരാടി, കൃത്യമായ രാഷ്ട്രീയം പറഞ്ഞ മന്‍മോഹനെ ലോകത്തിനു ഓര്‍മയുണ്ട്. മന്‍മോഹന്‍ സിംഗിനോട് നമ്മള്‍ കടപ്പെട്ടിരിക്കുന്നു. ഒരു വലിയ മധ്യവര്‍ഗ സമൂഹത്തെ വളര്‍ത്തിയെടുത്തു കൊണ്ട്, പുതിയ തലമുറയ്ക്ക് വളരുവാനുള്ള വാതായനങ്ങള്‍ തുറന്ന് നല്‍കുന്നതിനൊപ്പം എറ്റവും കൂടുതല്‍ പരിഗണന അര്‍ഹിക്കുന്ന പാവപ്പെട്ടവരെ ഉയര്‍ത്തിപ്പിടിക്കുന്നതിനായി പദ്ധതികള്‍ ആവിഷ്‌കരിച്ച പ്രധാനമന്ത്രിയാണ് അദ്ദേഹം.

മന്‍മോഹന്‍ സിംഗ് മൂകനും നിശബ്ദനുമായിരുന്നു എന്ന് എതിരാളികള്‍ ആരോപിക്കുമ്പോഴും ശബ്ദഘോഷങ്ങളില്ലാതെ രാജ്യത്തെ മുന്നോട്ട് കൊണ്ടുപോകാന്‍ സാധിച്ചതും അദ്ദേഹത്തിന്റെ മികവ് തന്നെയാണ്. രാജ്യത്ത് സാമ്പത്തിക നീതിയും സാമൂഹ്യ നീതിയും നടപ്പാക്കിയ മഹാനായ ഭരണാധികാരിയായിരുന്നു അദ്ദേഹം.

കോണ്‍ഗ്രസ് പാര്‍ട്ടി വൃത്തങ്ങളില്‍ 1991നുശേഷമുള്ള സാമ്പത്തിക പരിഷ്‌കാരങ്ങളുടെ പൂര്‍ണ ഉത്തരവാദിത്വം ഏറ്റെടുക്കാനുള്ള വിമുഖത കാണുന്നുണ്ട്. 2004-2014 വരെയുള്ള ജനപ്രിയ പദ്ധതികള്‍ നാം തന്നെ പലപ്പോഴും മറക്കുന്നു. ഈ വിഷയങ്ങളും കോണ്‍ഗ്രസ് ചരിത്രത്തിന്റെ ഭാഗമായി കാണുവാനും ജനങ്ങളില്‍ എത്തിക്കുവാനും നേതൃത്വത്തിന് കഴിയണം.

2012ലെ ഒരു പത്രസമ്മേളനത്തില്‍ മന്‍മോഹന്‍ സിങ് പറഞ്ഞ വാക്കുകള്‍ ശ്രദ്ധേയമാണ് ' history will be kinder to me than the contemporary media, or for that matter, the opposition parties in Parliament'. 'ചരിത്രം എന്നോട് സമകാലിക മാധ്യമങ്ങളെക്കാളും ഇവിടത്തെ പ്രതിപക്ഷത്തെക്കാളും ദയാലുവായിരിക്കും' അതിപ്പോള്‍ യാഥാര്‍ത്ഥ്യമാകുന്ന കാഴ്ചയാണ് കാണുന്നത്. നിസ്വാര്‍ത്ഥമായി, നിശബ്ദമായി ചരിത്രം സൃഷ്ടിച്ച ക്രാന്തദര്‍ശിയാണ് മന്‍മോഹന്‍ സിങ്.

logo
The Fourth
www.thefourthnews.in