കുമാരനാശാന്‍; ഇരുട്ടില്‍ നിന്നുകൊണ്ട് വെളിച്ചത്തെ ധ്യാനിച്ച കവി

കുമാരനാശാന്‍; ഇരുട്ടില്‍ നിന്നുകൊണ്ട് വെളിച്ചത്തെ ധ്യാനിച്ച കവി

കുമാരനാശാന്റെ കണ്ടെത്തലുകള്‍ എന്നും പ്രസക്തമായിരുന്നു, അതുകൊണ്ടാണ് മലയാളത്തിലെ ഏറ്റവും സമകാലികനായ കവിയായി കുമാരനാശനെ കണക്കാക്കുന്നത്
Updated on
2 min read

കുമാരനാശാന്റെ 150-ാം ജന്മവാര്‍ഷിക ദിനമാണിന്ന് . ആ കവിയെ കുറിച്ചോര്‍ക്കുമ്പോള്‍ മലയാള കവിതക്ക് അദ്ദേഹം നല്‍കിയ മാറ്റങ്ങള്‍ ഏതൊരു വായനക്കാരന്റേയും മനസ്സിലേക്ക് കടന്നു വരും. ഏറ്റവും ലളിതമായി പറഞ്ഞാല്‍ മലയാള കവിതയുടെ ഗതി തിരിച്ചു വിട്ട കവിയാണദ്ദേഹം. ഇരുപതാം നൂറ്റാണ്ടിന്റ ആദ്യ ദശകത്തില്‍,1906 ല്‍ അദ്ദേഹത്തിന്റ വീണപൂവ് എന്ന ചെറുകവിത മലയാള കവിതയുടെ തന്നെ ചരിത്രം തിരുത്തിക്കുറിച്ചു.

അദ്ദേഹത്തിന്റ കാലം ഇരുട്ടിന്റേതായിരുന്നു. എവിടെയും അജ്ഞതയും അനാചാരവും അന്ധതയും നിറഞ്ഞ ഒരു കാലം

കുമാരനാശാന്‍; ഇരുട്ടില്‍ നിന്നുകൊണ്ട് വെളിച്ചത്തെ ധ്യാനിച്ച കവി
"മാറ്റുവിൻ ചട്ടങ്ങളെ സ്വയമല്ലെങ്കിൽ മാറ്റുമതുകളീ നിങ്ങളെത്താൻ", ഇന്ന് മഹാകവി കുമാരനാശാന്റെ 150 -ാം ജന്മവാർഷികം

പുതിയൊരു സൗന്ദര്യശാസ്ത്രവും പുതിയൊരു ജീവിത സങ്കല്‍പ്പവും അദ്ദേഹം കവിതയിലൂടെ അവതരിപ്പിച്ചു. പിന്നീട് വന്ന കാവ്യങ്ങളില്‍ അദ്ദേഹം സ്ത്രീ പുരുഷ പ്രണയത്തിന്റ അഗാധതയും ആഴവും അതിന്റ ദുരന്തവും ഏറ്റവും ഹൃദ്യമായ തരത്തില്‍ അവതരിപ്പിച്ചു. ഒരു പക്ഷേ പ്രണയത്തിന്റ മാധുര്യവും അതിന്റെ ദുരന്ത സ്വഭാവവും മലയാളി ആദ്യമായി സ്പര്‍ശിച്ചറിയുന്നത് കുമാരനാശാന്റെ കാവ്യങ്ങളിലൂടെയാണ്.

സ്ത്രീ പുരുഷ പ്രണയത്തിലൂടെ മനുഷ്യന്റെ അവസ്ഥയെന്തെന്നദ്ദേഹം കവിതകളിലൂടെ അന്വേഷിക്കുന്നത് ഈ കവിതകളില്‍ കാണാന്‍ കഴിയും

നളിനിയും ലീലയുമൊക്കെ മലയാളിയുടെ മനസ്സിനെ ആഴത്തില്‍ സ്വാധീനിച്ചു. സൂക്ഷിച്ചു നോക്കുമ്പോള്‍ പ്രണയകാവ്യങ്ങളില്‍ നിറഞ്ഞു നിന്നത് പ്രണയം മാത്രമായിരുന്നില്ല. മറിച്ച് അവയില്‍ മനുഷ്യാവസ്ഥയുടെ ദുരന്തം കൂടി പ്രമേയമാകുന്നു എന്നതാണ് നമുക്ക് മനസ്സിലാക്കാന്‍ പറ്റുന്ന കാര്യം. സ്ത്രീ പുരുഷ പ്രണയത്തിലൂടെ മനുഷ്യന്റെ അവസ്ഥയെന്തെന്ന് അദ്ദേഹം അന്വേഷിക്കുന്നത് ഈ കവിതകളില്‍ കാണാന്‍ കഴിയും .

കുമാരനാശാന്‍ ശ്രീനാരായണ ഗുരുവിനൊപ്പം
കുമാരനാശാന്‍ ശ്രീനാരായണ ഗുരുവിനൊപ്പം

മൗലിക പ്രതിഭയുള്ള കവിയായിരുന്നു ആശാനെന്ന് എല്ലാവര്‍ക്കും അറിയാം. മൗലിക പ്രതിഭയുള്ള കവിയുടെ കാവ്യ ജീവിതത്തിന് പല വശങ്ങളുണ്ട്. നളിനിയും ലീലയുമെഴുതിയ കുമാരനാശാനല്ല പിന്നീട് പല കവിതകളുമെഴുതിയ കുമാരനാശാന്‍. കുമാരനാശാന്റ കവിതകള്‍ക്ക് ഒരു രാഷ്ട്രീയ മുഖം വന്നു ചേരുന്നു. കുമാരനാശാനാണ് മലയാളത്തിലെ ഏറ്റവും മികച്ച രാഷ്ട്രീയ കവിയെന്നാണ് ഞാന്‍ പറയുക. കാരണം ഇരുട്ടില്‍ നിന്ന് കൊണ്ട് വെളിച്ചത്തെ ധ്യാനിച്ച കവിയാണദ്ദേഹം.

സീതയുടെ ചിന്തകളിലൂടെ ഇന്ത്യന്‍ സംസ്‌കാരത്തിന്റെ ഉള്ളിലുള്ള ജീര്‍ണതകളെ അദ്ദേഹം അതികഠിനമായി വിമര്‍ശിക്കുന്നുണ്ട്

അദ്ദേഹത്തിന്റെ കാലം ഇരുട്ടിന്റേതായിരുന്നു. എവിടെ നോക്കിയാലും അജ്ഞതയും അനാചാരവും അന്ധതയും നിറഞ്ഞ കാലം. ആ കാലത്ത് വെളിച്ചത്തിനു വേണ്ടി ദാഹിക്കുന്ന, മാറ്റത്തിനു വേണ്ടി പോരാടുന്ന കുമാരനാശാനെന്ന കവിയെ കാണാം.ഇത് അദ്ദേഹത്തിന്റെ വലിയ നേട്ടമാണ്.

അദ്ദേഹത്തിന്റെ കവിത ചിന്താവിഷ്ടയായ സീത വാസ്തവത്തില്‍ മനുഷ്യസ്വാതന്ത്ര്യത്തിനു വേണ്ടി ഇന്നും ശബ്ദിക്കുന്ന ഒരു കവിതയാണ്. സ്ത്രീത്വത്തിന്റെ ഉജ്വല പ്രതീകമായ സീതയുടെ ചിന്തകള്‍ മാത്രമല്ല ആ കവിത, അതില്‍ രാഷ്ട്രീയമുണ്ട്. സീതയുടെ ചിന്തയിലൂടെ ഇന്ത്യന്‍ സംസ്‌കാരത്തിന്റെ ഉള്ളിലുള്ള ജീര്‍ണതകളെ അദ്ദേഹം അതികഠിനമായി വിമര്‍ശിക്കുന്നുണ്ട്. ഈ കാലഘട്ടത്തിലും ഏറെ പ്രസക്തിയുള്ള കവിത തന്നെയാണ് ചിന്താവിഷ്ടയായ സീത.

സിംഹ നാദം, ഒരു ഉദ്‌ബോധനം തുടങ്ങിയ കവിതകളൊക്കെ വാസ്തവത്തില്‍ സ്വാതന്ത്രത്തിനു വേണ്ടി ജനങ്ങളെ ഉണര്‍ത്തുന്നവയാണ്

Saranya Das

സ്വാതന്ത്ര്യത്തിന്റെ ആരാധകനായിരുന്നു കുമാരനാശാന്‍.

സ്വാതന്ത്ര്യം തന്നെയമൃതം

സ്വാതന്ത്ര്യം തന്നെ ജീവിതം

പാരതന്ത്ര്യം മാനികള്‍ക്ക്

മൃതിയേക്കാള്‍ ഭയാനകം

ഈ വരികള്‍ മലയാളത്തില്‍ എഴുതാന്‍ കുമാരനാശാനല്ലാതെ മറ്റാര്‍ക്കും സാധിക്കില്ല. ഇത് ഉജ്വലമായ സ്വാതന്ത്ര്യത്തെ കുറിച്ചുള്ള പ്രഖ്യാപനമാണ്. ഈ പ്രഖ്യാപനം കുമാരനാശാന്റ ഉള്ളില്‍ നിറഞ്ഞു നിന്നിരുന്നു. അദ്ദേഹത്തിന്റ ചെറുകവിതകളായ സിംഹനാദം, ഒരു ഉദ്‌ബോധനം തുടങ്ങിയ കവിതകളൊക്കെ വാസ്തവത്തില്‍ സ്വാതന്ത്ര്യബോധത്തിലേക്ക് ജനങ്ങളെ ഉണര്‍ത്തുന്നവയാണ്

'സ്വതന്ത്ര രാജ്യത്തിന്‍ സമ്രാട്ടേ' എന്നാരംഭിക്കുന്ന സ്വാതന്ത്ര്യ ഗാഥക്ക് ഇന്നും പ്രസക്തിയുണ്ട്. ഉള്ളിലെ ശക്തിയെ ഉണര്‍ത്തുവാന്‍ പറയുന്ന സിംഹനാദവും ഇന്നത്തെ കവിതയാണെന്നതാണ് വാസ്തവം. ഒരു ദൂഷിതമായ ന്യായാസനം എന്ന പേരില്‍ കുമാരനാശാന്‍ കവിത എഴുതിയിട്ടുണ്ട്. നമ്മുടെ ന്യായപീഠങ്ങളെക്കുറിച്ച് വര്‍ഷങ്ങള്‍ക്ക് മുന്‍പ് അദ്ദേഹം എഴുതിയത് ഇന്നും പ്രസക്തമാണ്.

നമ്മുടെ ന്യായാധിപര്‍ ദൂഷിത വലയത്തില്‍ അകപ്പെട്ടിരിക്കുന്നു എന്നതാണ് കവിതയുടെ സാരം. സത്യത്തില്‍ കുമാരനാശാന്റെ കണ്ടെത്തലുകള്‍ അന്നും എന്നും പ്രസക്തമാണ്. മലയാളത്തിലെ ഏറ്റവും സമകാലികനായ കവി കുമാരനാശാന്‍ ആണെന്ന് ഉറപ്പിച്ചു പറയാന്‍ സാധിക്കുന്നതും ഇന്നും മലയാളത്തില്‍ ആശാന്‍ കവിതകള്‍ക്ക് പുതിയ വായനകളും വ്യാഖ്യാനങ്ങളും ഉണ്ടായിക്കൊണ്ടിരിക്കുന്നതും അതുകൊണ്ടുതന്നെയാണ്.

logo
The Fourth
www.thefourthnews.in