മോദി വന്നാൽ സുരേഷ് ഗോപി ജയിക്കുമോ?
2024ലെ ലോക്സഭ തിരഞ്ഞെടുപ്പിന് സ്ഥാനാർത്ഥികളെ ഏതാണ്ടുറപ്പിച്ച് സൂപ്പർ പോരാട്ടം തുടങ്ങിവെച്ച ഒരൊറ്റ മണ്ഡലമേ കേരളത്തിൽ ഉള്ളൂ, അത് തൃശൂരാണ്. 2024ലെ സ്ഥാനാർത്ഥിത്വം 2019ൽ തന്നെ ഉറപ്പിച്ച് കളി തുടങ്ങിവെച്ചയാളാണ് സുരേഷ് ഗോപി. ഇനി മത്സരത്തിനില്ലെന്ന് ആദ്യം പറഞ്ഞെങ്കിലും നേതൃത്വത്തിൻ്റെ കൃത്യമായ നിർദേശം ലഭിച്ചതിന്റെ അടിസ്ഥാനത്തിൽ പ്രതാപനും ജേഴ്സിയിട്ട് രംഗത്തുണ്ട്. മറിച്ചൊന്നും സംഭവിച്ചില്ലെങ്കിൽ വി എസ് സുനിൽ കുമാർ തന്നെ സിപിഐയുടെ ഫോർവേഡാകും.
സുരേഷ് ഗോപി ജയിക്കേണ്ടത് സുരേഷ് ഗോപിയുടെ മാത്രം ആവശ്യവും ജയിപ്പിക്കേണ്ടത് കേന്ദ്ര നേതൃത്വത്തിന്റെ ഭാരിച്ച ഉത്തരവാദിത്തവുമാണ്
2019ൽ സിപിഐയിൽ നിന്നും മത്സരിച്ച രാജാജി മാത്യു തോമസിനും സുരേഷ് ഗോപിക്കും ഇടയിലെ വോട്ട് വ്യത്യാസം വെറും 27,634. രാജാജിക്ക് ലഭിച്ചത് 321,456 വോട്ട്, സുരേഷ് ഗോപിക്ക് 2 93,822.
30.85 ശതമാനം വോട്ടുകൾ രാജാജിക്കും 28.2 ശതമാനം സുരേഷ് ഗോപിക്കും. ഇത് രണ്ട്, മൂന്ന് സ്ഥാനങ്ങൾക്കിടയിലെ അന്തരം മാത്രം. എന്നാൽ, വിജയിച്ച കോൺഗ്രസ് സ്ഥാനാർത്ഥി ടി എൻ പ്രതാപനെ പിന്തള്ളാൻ ഇതുപോര. സുരേഷ് ഗോപിയേക്കാൾ പ്രതാപന് കൂടുതൽ കിട്ടിയത് 1 ലക്ഷത്തി 21,267 വോട്ടാണ്. 2019ലെ തോൽവിക്ക് ശേഷം ഈ 1 ലക്ഷത്തി 21,267 വോട്ട് മറികടക്കാനെന്ത് വഴി എന്നുമാത്രമാണ് സുരേഷ് ഗോപിയും ബിജെപി കേന്ദ്രനേതൃത്വവും തലപുകഞ്ഞാലോചിച്ചത്. സൂരേഷ് ഗോപി ജയിക്കണമെന്ന് യാതൊരു നിർബന്ധവുമില്ലാത്ത സുരേന്ദ്രാദികൾ ഉൾപ്പെട്ട സംസ്ഥാന നേതൃത്വം ആകട്ടെ ഇതൊന്നുമാലോചിച്ച് സമയം കളഞ്ഞില്ല.
നരേന്ദ്രമോദി പങ്കെടുക്കുന്ന ജനുവരി രണ്ടിലെ ചടങ്ങ് ഒരർത്ഥത്തിൽ സുരേഷ് ഗോപിയുടെ തിരഞ്ഞെടുപ്പ് പ്രചാരണത്തിന്റെ ഔപചാരികമായ തുടക്കം കുറിക്കലാകും എന്നുറപ്പ്. പൂരപ്പറമ്പിൽ ആള് കൂടും, ആരവങ്ങൾ ഉയരും. ഇതാ സുരേഷ് ഗോപി ജയമുറപ്പിച്ചെന്ന തോന്നലുണ്ടാക്കി മോദി മടങ്ങും. എന്നാൽ, കയ്യടിയും തിരക്കും വോട്ടാകുമോ?
തൃശൂർ ഇക്കുറി പിടിച്ചേപറ്റൂ എന്ന അന്ത്യശാസനമാണ് ഡൽഹിയിൽ നിന്നും കിട്ടിയിരിക്കുന്നത്. ഒപ്പം തിരുവനന്തപുരത്തും കളി തുടങ്ങിക്കഴിഞ്ഞു.
തൃശൂരിൽ സുരേഷ് ഗോപിയേക്കാൾ സ്വാധീനമുള്ള, അടിമുടി ജനകീയ പരിവേഷമുള്ള രണ്ടുപേരാണ് പ്രതാപനും സുനിലും. സിപിഐ മണ്ഡലം സെക്രട്ടറിമാരുടെ യോഗം വിളിക്കുകയും പ്രചാരണ പ്രവർത്തനങ്ങൾ അടിത്തട്ടിൽ ആരംഭിക്കാൻ നിർദേശം നൽകുകയും ചെയ്തു. കെ പി രാജേന്ദ്രൻ വ്യക്തിപരമായ താൽപര്യമില്ലായ്മ സൂചിപ്പിച്ചതിനാൽ സുനിൽ കുമാർ തന്നെ സ്ഥാനാർത്ഥിയാകും എന്നുറപ്പിച്ചാണ് പ്രവർത്തകരും എൽഡിഎഫും മുന്നോട്ട് പോകുന്നത്. അങ്ങനെയെങ്കിൽ, മോദി വന്നുപോയത് കൊണ്ടുമാത്രം സുരേഷ് ഗോപി ജയിക്കില്ല. 2019ൽ സിപിഐയുമായുള്ള വോട്ട് വ്യത്യാസം കുറഞ്ഞതിന് കാരണം സ്ഥാനാർത്ഥി ദുർബലനായി എന്നതാണ്. രാജാജി ചിന്തകനും എഴുത്തുകാരനുമാണ്, എന്നാൽ ജനങ്ങൾക്കിടയിൽ പരിചിതനല്ല. സുനിൽ കുമാർ ആകട്ടെ ആരുടെയും തോളിൽ കയ്യിട്ട് വോട്ടുറപ്പിക്കുന്ന ചങ്ങാത്തത്തിനുടമ. സഭ, സമുദായം, സൗഹൃദങ്ങൾ, അതിലെല്ലാം പ്രതാപം ഒട്ടും കുറവില്ലാത്തയാളാണ് നിലവിലെ എംപിയും. തൃശൂരിന്റെ പൾസ് നന്നായറിയാവുന്ന രണ്ടുപേർ. അങ്ങനെയെങ്കിൽ 2019ലെ വോട്ട് വ്യത്യാസം മറികടക്കുക എന്നതിനപ്പുറമുള്ള പണിയെടുക്കേണ്ടിവരും സുരേഷ് ഗോപി. അതിനാകുമോ എന്നതാണ് ചോദ്യം.
നരേന്ദ്രമോദി പങ്കെടുക്കുന്ന ജനുവരി രണ്ടിലെ ചടങ്ങ് ഒരർത്ഥത്തിൽ സുരേഷ് ഗോപിയുടെ തിരഞ്ഞെടുപ്പ് പ്രചാരണത്തിന്റെ ഔപചാരികമായ തുടക്കം കുറിക്കലാകും
തൃശൂർ ഇക്കുറി പിടിച്ചേപറ്റൂ എന്ന അന്ത്യശാസനമാണ് ഡൽഹിയിൽ നിന്നും കിട്ടിയിരിക്കുന്നത്. ഒപ്പം തിരുവനന്തപുരത്തും കളി തുടങ്ങിക്കഴിഞ്ഞു. തിരുവനന്തപുരത്ത് നരേന്ദ്രമോദി തന്നെ മത്സരിച്ചാലും അത്ഭുതപ്പെടാനില്ല എന്ന ട്രെൻഡിലേക്ക് കാര്യങ്ങൾ മാറ്റാൻ ആദ്യ റൗണ്ടിൽ ബിജെപിക്കായിട്ടുണ്ട്. അതൊക്കെ പക്ഷെ, തൃശൂരിൽ തുണക്കുമോ എന്നറിയാൻ മോദിയുടെ വരവും കാത്തിരിക്കേണ്ട കാര്യമൊന്നുമില്ല. അപ്പുറത്ത് പ്രതാപനും സുനിലുമെങ്കിൽ ഇപ്പുറത്ത് സുരേഷ് ഗോപി ഇക്കുറിയും വിയർക്കും. ആൾക്കൂട്ടം വോട്ടായി മാറ്റുന്ന ജാലവിദ്യ ശീലമുള്ള നാടല്ല തൃശൂർ. കുടമാറ്റങ്ങൾ അനവധി കണ്ട നഗരമെങ്കിലും തെക്കേഗോപുരനടയിൽ താമരക്കുട വിരിയാൻ കാലങ്ങളിനിയും കാത്തിരിക്കേണ്ടി വരും.
ആൾക്കൂട്ടം വോട്ടായി മാറ്റുന്ന ജാലവിദ്യ ശീലമുള്ള നാടല്ല തൃശൂർ. കുടമാറ്റങ്ങൾ അനവധി കണ്ട നഗരമെങ്കിലും തെക്കേഗോപുരനടയിൽ താമരക്കുട വിരിയാൻ കാലങ്ങളിനിയും കാത്തിരിക്കേണ്ടി വരും.
തന്റെ സ്ഥാനാർത്ഥിത്വം രണ്ടുപേർ തീരുമാനിക്കുമെന്നാണ് അമിത് ഷായെ സാക്ഷിയാക്കി തൃശൂർ തേക്കിൻകാട് മൈതാനിയിൽ സുരേഷ് ഗോപി പറഞ്ഞത്. അതായത് നരേന്ദ്രമോദിയും അമിത് ഷായും മാത്രം. സംസ്ഥാനത്തെ ബിജെപി നേതാക്കൾക്ക് അതിൽ ഒരു റോളുമില്ലെന്ന് സുരേന്ദ്രനെ മുന്നിലിരുത്തി പ്രഖ്യാപിച്ച സൂപ്പർതാരത്തിന്റെ വിരുതിന് നല്ല നമസ്കാരം നേർന്ന് ഗ്യാലറിയിലിരുന്ന് കളി കാണുകയാണ് തൃശൂർ ജില്ലാ കമ്മിറ്റി പോലും. ആയതിനാൽ സുരേഷ് ഗോപി ജയിക്കേണ്ടത് സുരേഷ് ഗോപിയുടെ മാത്രം ആവശ്യവും ജയിപ്പിക്കേണ്ടത് കേന്ദ്ര നേതൃത്വത്തിന്റെ ഭാരിച്ച ഉത്തരവാദിത്തവും ആയിരിക്കുന്നു. റഫറിയുടെ വിസിലിന് കാത്തുനിൽക്കാതെ പന്ത് തട്ടാൻ നരേന്ദ്രമോദി നേരിട്ട് വരുന്നതും അതുകൊണ്ട്. മോദി വന്നാൽ ബിജെപിക്ക് വോട്ട് കൂടുമോ?