ശ്രീനിവാസനെതിരായ മാധ്യമ വിചാരണ നല്‍കുന്ന സന്ദേശം

ശ്രീനിവാസനെതിരായ മാധ്യമ വിചാരണ നല്‍കുന്ന സന്ദേശം

സന്ദേശം പഴയ എബിവിപിക്കാരന്റെ സിനിമയാണെന്ന വിചിത്രമായ ആരോപണം ഇത്തരം വിചാരണാ വിനോദങ്ങള്‍ ഏതറ്റം വരെ പോകുമെന്നതിന്‌ ഒരു ഉദാഹരണമാണ്‌.
Updated on
2 min read

രോഗാതുരത്വവും വാര്‍ധക്യത്തിന്റെ അവശതകളും മൂലം സംസാരിക്കാനും ആലോചിക്കാനുമുള്ള ശേഷി അല്‍പ്പം പിറകോട്ടുപോയ ഒരു സ്ഥിതിയില്‍ ഒരു കലാകാരന്‍ പറയുന്ന വാക്കുകള്‍ അദ്ദേഹത്തിന്റെ കലാസൃഷ്‌ടികള്‍ക്ക്‌ മൊത്തത്തില്‍ വലതുപക്ഷ രാഷ്‌ട്രീയത്തിന്റെ ചാപ്പ പതിപ്പിച്ചുനല്‍കാനുള്ള പഴുതായി എടുക്കുന്നത്‌ നിര്‍ഭാഗ്യകരമാണ്‌. രാഷ്‌ട്രീയ ടാഗുകള്‍ ആളുകളുടെ നെറ്റിയില്‍ തങ്ങളുടെ ഇഷ്‌ടാനുസരണം പതിപ്പിച്ചു നല്‍കി രസിക്കുന്ന മാധ്യമ വിചാരണ അതിന്റെ ഉദ്ദേശ്യശുദ്ധിയെ തന്നെ സംശയമുനയില്‍ നിര്‍ത്തുന്നു. സന്ദേശം പഴയ എബിവിപിക്കാരന്റെ സിനിമയാണെന്ന വിചിത്രമായ ആരോപണം ഇത്തരം വിചാരണാ വിനോദങ്ങള്‍ ഏതറ്റം വരെ പോകുമെന്നതിന്‌ ഒരു ഉദാഹരണമാണ്‌.

ശ്രീനിവാസനെതിരായ മാധ്യമ വിചാരണ നല്‍കുന്ന സന്ദേശം
'മോഹൻലാലുമായി അത്ര നല്ല ബന്ധമല്ല, പിണറായിയെ അധികാരം ദുഷിപ്പിച്ചു': ശ്രീനിവാസൻ

രാഷ്ട്രീയമെന്നാല്‍ കക്ഷിരാഷ്ട്രീയമാണെന്ന ധാരണ ഒരു ശരാശരി മലയാളിയുടെ മനസില്‍ ഉറച്ചുപോയിട്ടുണ്ട്. അതുകൊണ്ടുതന്നെ കക്ഷിരാഷ്ട്രീയത്തിന്റെ നവീകരിക്കാത്ത ചില രീതികളെ, വ്യവസ്ഥാപിതത്വത്തെ, അധോഗമന സ്വഭാവത്തെ വിമര്‍ശിക്കുന്നവരെല്ലാം അവര്‍ക്ക് അരാഷ്ട്രീയവാദികളാണ്. രാഷ്ട്രീയവും അധികാര രാഷ്ട്രീയവും തമ്മിലുള്ള വ്യത്യാസമെന്തെന്ന് തിരിച്ചറിയാത്ത, തീര്‍ത്തും ഉപരിതല സ്പര്‍ശിയായതും ഉറച്ചുപോയതുമായ ബോധ്യങ്ങള്‍ കൊണ്ടുനടക്കുന്നത് ഒരു സമൂഹത്തിന്റെ 'മീഡിയോക്രിറ്റി'യുടെ ലക്ഷണങ്ങളാണ്.

'സന്ദേശം' കക്ഷി രാഷ്ട്രീയത്തിലെ ജീര്‍ണതകളെയും പുഴുകുത്തുകളെയും തൊലിയുരിഞ്ഞുകാട്ടുകയും അപഹസിക്കുകയും ചെയ്യുന്ന ഒരു സിനിമ

കക്ഷിരാഷ്ട്രീയം ശ്വസിച്ചും ഭുജിച്ചും വിസര്‍ജിച്ചും കഴിയുന്ന ഒരു വിഭാഗം മലയാളികളുടെ അക്രമോത്സുകതയാണ് സോഷ്യല്‍ മീഡിയയില്‍ കാണുന്ന കടന്നലാക്രമണത്തിന്റെ സ്വഭാവത്തിലുള്ള അതിതീവ്ര പ്രതികരണങ്ങളില്‍ പ്രതിഫലിക്കുന്നത്. ശ്രീനിവാസന്റെ സിനിമകളെ ഒരേ സമയം വലതുപക്ഷക്കാരന്റെയും അരാഷ്ട്രീയവാദിയുടെയും (വലതുപക്ഷക്കാരന്‍ എങ്ങനെയാണ് അരാഷ്ട്രീയവാദിയാകുന്നത്?) സൃഷ്ടികളായി ചിത്രീകരിക്കാനുള്ള ശ്രമം ഈ അക്രമോത്സുകതയുടെ ഏറ്റവും പുതിയ ഉദാഹരണമാണ്. ഏതെങ്കിലും പാര്‍ട്ടിയുടെ വക്താക്കളില്‍ നിന്ന് മാത്രമല്ല, മാധ്യമപ്രവര്‍ത്തകരും സാംസ്‌കാരിക ഇടങ്ങളില്‍ സജീമായവരും ഈ പ്രക്രിയയില്‍ തങ്ങളുടേതായ സംഭാവനകള്‍ ചൊരിയുന്നിടത്താണ് 'മീഡിയോക്രിറ്റി' നമ്മെ ഏതറ്റം വരെയും ഗ്രസിച്ചിരിക്കുന്നത് എന്ന് വെളിപ്പെടുന്നത്.

ശ്രീനിവാസനെതിരായ മാധ്യമ വിചാരണ നല്‍കുന്ന സന്ദേശം
പ്രവചനത്തിന് തയ്യാറാവാത്ത പിണറായി, ഗ്രൗണ്ടിനെ തിയേറ്ററായി കാണുന്ന ശ്രീനിവാസന്‍

1991ല്‍ പുറത്തിറങ്ങിയ 'സന്ദേശം' കക്ഷി രാഷ്ട്രീയത്തിലെ ജീര്‍ണതകളെയും പുഴുകുത്തുകളെയും തൊലിയുരിഞ്ഞുകാട്ടുകയും അപഹസിക്കുകയും ചെയ്യുന്ന ഒരു സിനിമയാണ്. ആ ചിത്രത്തിലെ സംഭാഷണങ്ങള്‍ പ്രവൃത്തിയും വാക്കുകളും തമ്മില്‍ ചേരാത്ത രാഷ്ട്രീയനേതാക്കളെയും അവരുടെ ന്യായീകരണ തൊഴിലാളികളെയും കുറിച്ചുള്ള എക്കാലത്തെയും മികച്ച ട്രോളുകളാണ്. സന്ദേശത്തിലെ ചില സീനുകളിലും സംഭാഷണങ്ങളിലും അവര്‍ തങ്ങളെ തന്നെ കണ്ട് ''അത് തന്നെ കുറിച്ചാണ്, തന്നെ കുറിച്ചു മാത്രമാണ്'' എന്ന് അസ്വസ്ഥരാകാന്‍ തുടങ്ങിയിട്ട് മുപ്പതു വര്‍ഷത്തിലേറെയായി.

മൂന്ന് പതിറ്റാണ്ട് പിന്നിട്ടിട്ടും 'സന്ദേശം' ചര്‍ച്ച ചെയ്യപ്പെടുന്നതിന്റെ കാരണം ആ സിനിമ കൈകാര്യം ചെയ്ത പ്രമേയം ഇപ്പോഴും അതീവ പ്രസക്തമാണെന്നതു കൊണ്ടാണ്. കാലാതിവര്‍ത്തിയാകുന്ന സൃഷ്ടികളെയാണ് ക്ലാസിക്കുകള്‍ എന്ന് വിശേഷിപ്പിക്കുന്നത്. ആ അര്‍ത്ഥത്തില്‍ സന്ദേശം മലയാളത്തിലെ രാഷ്ട്രീയ ആക്ഷേപഹാസ്യ സിനിമകളുടെ കൂട്ടത്തില്‍ കെജി ജോര്‍ജിന്റെ 'പഞ്ചവടി പാലം' പോലെ ഒരു ക്ലാസിക് ആയി നിലകൊള്ളുന്നു.

സന്ദേശം കെജി ജോര്‍ജിന്റെ 'പഞ്ചവടി പാലം' പോലെ ഒരു ക്ലാസിക്

അമിതവും യാന്ത്രികവുമായ കക്ഷിരാഷ്ട്രീയവല്‍ക്കരണം സമൂഹത്തിന്റെ പുനര്‍നിര്‍മാണ പ്രക്രിയയില്‍ സജീവമായി പങ്കുവഹിക്കേണ്ട യഥാര്‍ത്ഥ രാഷ്ട്രീയവുമായി എന്തുമാത്രം അകന്നുനില്‍ക്കുന്നു എന്ന വീക്ഷണം തമാശയുടെ മേമ്പൊടിയോടെ അവതരിപ്പിച്ചതിന്റെ പേരില്‍ ആ സിനിമ ഇറങ്ങിയ കാലം തൊട്ടേ ശ്രീനിവാസനും സത്യന്‍ അന്തിക്കാടും വേട്ടയാടപ്പെടുന്നുണ്ട്. കുമാരപിള്ളയുടെയും യശ്വന്ത് സഹായിയുടെയും കെ ജി പൊതുവാളിന്റെയും അപരരൂപങ്ങളെ അന്നും ഇന്നും ഒരു പോലെ കക്ഷി രാഷ്ട്രീയത്തില്‍ കാണുന്നതുകൊണ്ടാണ് സന്ദേശം അത്തരം നേതാക്കളുടെ അനുയായികള്‍ക്കും ആ പാര്‍ട്ടികളുടെ വക്താക്കള്‍ക്കും കാലഭേദമന്യേ പൊള്ളുന്ന അനുഭവമാകുന്നത്.

ശ്രീനിവാസന്റെ സിനിമകള്‍ക്കെതിരായ വിമര്‍ശനങ്ങളുടെ കൂട്ടത്തില്‍ ഏറ്റവും കൗതുകരവും വിചിത്രവുമായി തോന്നിയ ഒരു ആരോപണം സന്ദേശം കേരളത്തില്‍ ബിജെപിയുടെ വളര്‍ച്ചയ്ക്ക് സംഭാവന ചെയ്ത ഒരു സിനിമയാണെന്നത് ആണ്. ഇടതുപക്ഷത്തെയും വലതുപക്ഷത്തെയും ഒരു പോലെ വിമര്‍ശിക്കുന്ന നിലപാട് ബിജെപിയുടെ വളര്‍ച്ചയ്ക്ക് സഹായകമായി എന്ന സാമാന്യവല്‍ക്കരണം രാഷ്ട്രീയ ചരിത്രത്തെ സൂക്ഷ്മമായി വിശകലനം ചെയ്യാനുള്ള കഴിവുകേടില്‍ നിന്നു കൂടി ഉണ്ടാകുന്നതാണ്.

കോണ്‍ഗ്രസിന്റെയും ഇടതുപക്ഷത്തിന്റെയും രാഷ്ട്രീയ വീഴ്ചകള്‍ ബിജെപിയുടെ വളര്‍ച്ചയ്ക്ക് വഴിയൊരുക്കി

ഒരു കാലത്ത് തിരഞ്ഞെടുപ്പ് രാഷ്ട്രീയത്തിന്റെ ചിത്രത്തില്‍ തന്നെയില്ലാതിരുന്ന ബിജെപിയുടെ വളര്‍ച്ചയ്ക്ക് നിലവിലുള്ള രാഷ്ട്രീയ പാര്‍ട്ടികള്‍ നല്‍കിയ സംഭാവനകള്‍ ചെറുതല്ല. കോണ്‍ഗ്രസിന്റെയും ഇടതുപക്ഷത്തിന്റെയും കടുത്ത രാഷ്ട്രീയ വീഴ്ചകളും ബിജെപിയുടെ വളര്‍ച്ചയ്ക്ക് വഴിയൊരുക്കാന്‍ സഹായകമായിട്ടുണ്ട്. ആപ്പിനും ട്വന്റി ട്വന്റിക്കും വോട്ട് ചെയ്യാന്‍ ഒരു വിഭാഗം ജനങ്ങള്‍ തയാറാകുന്നതും ഇതുവരെ ഭരണം കൈയാളിയ പാര്‍ട്ടികളിലുള്ള വിശ്വാസം അവര്‍ തന്നെ നശിപ്പിച്ചതുകൊണ്ടാണ്. മതേതരത്വവും ഉന്നതമായ ജനാധിപത്യ ബോധവും പുരോഗമന ചിന്തയും കൊടിയടയാളമാകേണ്ട ഒരു രാഷ്ട്രീയപക്ഷം തീര്‍ത്തും ദുര്‍ബലമായപ്പോഴാണ് തീവ്രവലതുപക്ഷത്തിന് ഇന്ത്യയില്‍ ശക്തിയാര്‍ജിക്കാന്‍ കഴിഞ്ഞത്. വംശീയതയും വര്‍ഗീയതയും കൈമുതലാക്കി തീവ്ര വലതുപക്ഷ പ്രത്യയശാസ്ത്രത്തിന് വേരൂകളാഴ്ത്താന്‍ കഴിഞ്ഞത് അത്രത്തോളം ഊര്‍ജമുള്ള ഒരു ഇടതുപ്രസ്ഥാനത്തിന്റെ ബദല്‍ സാധ്യതകള്‍ തുറയ്ക്കാന്‍ നിലവിലുള്ള രാഷ്ട്രീയ കക്ഷികള്‍ക്ക് കഴിയാത്തതു കൊണ്ടാണ്.

'ചിന്താവിഷ്ടയായ ശ്യാമള' ഹിന്ദുത്വ രാഷ്ട്രീയമോ വലതുപക്ഷ ചിന്തയോ മനസിലേറ്റുന്ന ഒരാള്‍ക്ക് സൃഷ്ടിക്കാവുന്ന സിനിമയല്ല

വലതുപക്ഷവും വ്യവസ്ഥാപിത ഇടതുപക്ഷവും തങ്ങളുടെ വീഴ്ചകളിലൂടെ ഒരുക്കിയ വഴികളിലൂടെ തീവ്ര വലതുപക്ഷം കടന്നുവന്നതിന്റെ ചരിത്രം കൂടിയാണ് സമീപകാല ഇന്ത്യയുടെ രാഷ്ട്രീയ ചിത്രം. അത് ലോകമെമ്പാടും തീവ്രവലതുപക്ഷം ശക്തിയാര്‍ജിക്കുന്ന പ്രവണതയുമായി കൂടി ചേര്‍ത്തുവായിക്കേണ്ടതാണ്.

ഭക്തിയുടെ ലഹരി മദ്യലഹരി പോലെ ഒരു വ്യക്തിയെ എത്രത്തോളം അപഭ്രംശത്തിലേക്ക് നയിക്കുന്നുവെന്ന് ചിത്രീകരിച്ച 'ചിന്താവിഷ്ടയായ ശ്യാമള' ഹിന്ദുത്വ രാഷ്ട്രീയമോ വലതുപക്ഷ ചിന്തയോ മനസിലേറ്റുന്ന ഒരാള്‍ക്ക് സൃഷ്ടിക്കാവുന്ന സിനിമയല്ല. ഇടതുപക്ഷക്കാരന്റെ ലേബല്‍ പേറി, അക്കാദമികളുടെയും സിനിമാസംഘടനകളുടെയും ഉന്നത സ്ഥാനങ്ങളിലിരിക്കുന്ന സംവിധായകരുടെ സിനിമകളില്‍ കാണുന്നതു പോലുള്ള ഫ്യൂഡല്‍ ബിംബങ്ങളോ തീവ്ര വലതുപക്ഷ ചായ്വോ അധോഗമനത്തെ തുണയ്ക്കുന്ന നിലപാടുകളോ ശ്രീനിവാസന്റെ സിനിമകളില്‍ ദൃശ്യമായിട്ടില്ല. അതുകൊണ്ടുതന്നെ സംഘടനകളുടെയും പാര്‍ട്ടികളുടെയും പിന്തുണയുള്ള അത്തരം ചലച്ചിത്രകാരന്‍മാര്‍ക്കൊന്നും ബാധകമല്ലാത്ത മാധ്യമവിചാരണ ശ്രീനിവാസന് മേല്‍ മാത്രം എന്തുകൊണ്ട് അടിച്ചേല്‍പ്പിക്കപ്പെടുന്നു എന്ന ചോദ്യം പ്രസക്തമാണ്.

logo
The Fourth
www.thefourthnews.in