കണ്ടെത്താം നെഹ്റുവിലേക്ക്, അതുവഴി കോണ്‍ഗ്രസിലേക്ക് ഒരു ഗാന്ധി മാര്‍ഗം

കണ്ടെത്താം നെഹ്റുവിലേക്ക്, അതുവഴി കോണ്‍ഗ്രസിലേക്ക് ഒരു ഗാന്ധി മാര്‍ഗം

തന്റെ ചിതാഭസ്മം കൃഷിഭൂമികളിൽ അധ്വാനിക്കുന്ന കർഷകന്റെ വളമായിത്തീരണമെന്നാഗ്രഹിച്ച പ്രധാനമന്ത്രിയുണ്ടായിരുന്ന രാജ്യമാണ് നമ്മുടേത്
Updated on
1 min read

ഇന്ത്യൻ റിപ്പബ്ലിക് ലോകത്തെ രാഷ്ട്രീയ അദ്‌ഭുതങ്ങളിൽ ഒന്നാണ്. നൂറ്റാണ്ടുകളുടെ വൈദേശിക ചൂഷണം കൊണ്ടുണ്ടായ സാമ്പത്തിക പ്രത്യാഘാതങ്ങൾ, വിഭജനമുണ്ടാക്കിയ സാമൂഹ്യ പ്രത്യാഘാതങ്ങൾ, സാംസ്‌കാരികമായും ഭാഷാപരമായുമുള്ള വൈവിദ്ധ്യങ്ങൾ-  ഇങ്ങനെ നിരവധി വെല്ലുവിളികളായിരുന്നു ഇന്ത്യക്ക് നേരിടേണ്ടിയിരുന്നത്. രാഷ്ട്രത്തിന്റെ ശൈശവ ദശയിൽ തന്നെ കഴിഞ്ഞ നിരവധി ദശകങ്ങളിൽ ഇന്ത്യയെയും ഇന്ത്യയെ നയിച്ച കോൺഗ്രസ്‌ പാർട്ടിയെയും മുന്നോട്ടുനയിച്ച ചാലകശക്തികളായിരുന്ന ഗാന്ധിയെയും പട്ടേലിനെയും നമുക്ക് നഷ്ടമായി.  എന്നിട്ടും, ഇന്ത്യ അതിജീവിക്കുക മാത്രമല്ല, പുരോഗമനപരമായി പുനഃസൃഷ്ടിക്കപ്പെടുക കൂടി ചെയ്തു. ആ അദ്‌ഭുതത്തിന്റെ ശില്പി നെഹ്‌റുവായിരുന്നു. 

ഹരിയാനയിലെയും പഞ്ചാബിലെയും രാജസ്ഥാനിലെയും പച്ചപുതച്ച വയലുകൾ കാണുമ്പോഴെല്ലാം 58 വർഷങ്ങൾക്ക് മുൻപ് വരണ്ടു മരുഭൂമി പോലെ കിടന്നിരുന്ന അതേ പ്രദേശങ്ങളെയും ഭക്രാനങ്കൽ അണക്കെട്ടിനെയും കുറിച്ചോർക്കുമെന്നാണ് ഹരിയാനയുടെ മുൻ മുഖ്യമന്ത്രി ഭുപീന്ദർ സിംഗ് ഹൂഡ പറഞ്ഞത്.  തന്റെ ചിതാഭസ്മം കൃഷിഭൂമികളിൽ അധ്വാനിക്കുന്ന കർഷകന്റെ വളമായിത്തീരണമെന്നാഗ്രഹിച്ച പ്രധാനമന്ത്രിയുണ്ടായിരുന്ന രാജ്യമാണ് നമ്മുടേത്. അതേ മണ്ണിൽ നിന്നും കർഷകർക്ക് രാജ്യതലസ്ഥാനത്തേക്ക് മാർച്ച്‌ ചെയ്യേണ്ടിവന്ന മറ്റൊരു കാലമാണ് ഇത്. 

ജനാധിപത്യ മതേതര മൂല്യങ്ങളിൽ അധിഷ്ഠിതമായി ഇന്ത്യയിലെ ഭരണഘടനാ സ്ഥാപനങ്ങൾ കെട്ടിപ്പടുക്കാനും സോഷ്യലിസ്റ്റ് മാതൃകയിൽ അടിസ്ഥാന മേഖലകളിൽ ശക്തമായ അടിത്തറയുറപ്പാക്കാനും നെഹ്‌റുവിന് സാധിച്ചു.

ഭരണഘടന, പഞ്ചവത്സര പദ്ധതികൾ, ആസൂത്രണക്കമ്മീഷൻ, ഐ.ഐ.ടികൾ, എയിംസ്, വ്യക്തിത്വവും മാനവികതയുമുയർത്തിപ്പിടിച്ച വിദേശ നയം ഇങ്ങനെ ഇന്ത്യയുടെ അടിസ്ഥാനമായിത്തീർന്ന എല്ലാറ്റിലും നെഹ്‌റുവെന്ന സ്റ്റേറ്റ്സ്മാനെ കാണാം.

 ജീവിതകാലം മുഴുവൻ കോൺഗ്രസിനെ വിമർശിച്ചവരെ മന്ത്രിസഭയിൽ ഉൾപ്പെടുത്താനും കള്ളപ്പേരിൽ ലേഖനമെഴുതി തന്നെത്തന്നെ വിമർശിക്കാനും സാധിക്കുന്ന ഉന്നതമായ ജനാധിപത്യ ബോധം അദ്ദേഹത്തിനുണ്ടായിരുന്നു.

ഈ നെഹ്‌റുവിനെ സൃഷ്ടിച്ചതെന്താണ് എന്ന് തിരിച്ചറിയേണ്ടത് തീർച്ചയായും അനിവാര്യമാണ്. നെഞ്ചത്ത് പനിനീർ പൂ ചൂടി നടന്ന ആകർഷകത്വവും പണ്ഡിത്യവും വേണ്ടുവോളമുള്ള ഒരു സ്വപ്നജീവിയായിരുന്നില്ല നെഹ്‌റു. ഏതാണ്ട് ഒരു ദശകത്തോളം ജയിൽ വാസമനുഷ്ഠിച്ച ദീർഘമായ സമരചരിത്രം അദ്ദേഹത്തിനുണ്ട്. സ്ത്രീകളും കുട്ടികളും ഉൾപ്പടെ അദ്ദേഹത്തിന്റെ കുടുംബത്തിലെ മിക്കവാറും പേർ ജയിൽ വാസമനുഷ്ഠിച്ചിരുന്നു. നെഹ്‌റു ഇന്ത്യയെ കണ്ടെത്തുന്നത് ജനബന്ധത്തിലൂടെയാണ്. വിവിധ തുറകളിലുള്ള തൊഴിലാളികളും കർഷകരുമടങ്ങുന്ന മനുഷ്യരിലേക്ക് തന്റെയും കോൺഗ്രസിന്റെയും ലോകം വിശാലമാക്കിയ ഗാന്ധിയെപ്പറ്റി 'ഇന്ത്യയെ കണ്ടെത്തൽ' എന്ന പുസ്തകത്തിൽ നെഹ്‌റു വാചാലനാവുന്നുണ്ട്. ഖനിത്തൊഴിലാളികളുടെ തൊഴിലിടത്തിൽ ശ്വാസം മുട്ടി നിന്ന തന്നെ സ്വയം ഓർത്തെടുക്കുന്നുണ്ട്. ഇന്ത്യയിൽ ജീവിക്കുന്ന മനുഷ്യരുടെ ദൈനം ദിന ജീവിതത്തെ തൊട്ടറിഞ്ഞും അതിൽ പ്രയോഗികമായി ഇടപെട്ടുമാണ് പിന്നീട് കോൺഗ്രസ്‌ ദേശീയ പ്രസ്ഥാനത്തെ മുന്നോട്ടു കൊണ്ടുപോയത്. അതായിരുന്നു നെഹ്‌റുവെന്ന സ്റ്റേറ്റ്സ്മാന്റെ  രാഷ്ട്രഭാവനയുടെ അടിത്തറയായിത്തീർന്ന വിദ്യാഭ്യാസം.  ഉപരിതലസ്പർശിയായ നെഹ്‌റുവിന്റെ വ്യക്തിത്വത്തിന്റെ പ്രത്യേകതകളിൽ കുടുങ്ങികിടക്കേണ്ടതല്ല നെഹ്‌റുവിന്റെ വീണ്ടെടുപ്പിനുള്ള ശ്രമങ്ങൾ.

രാഹുൽ ഗാന്ധിയുടെ നേതൃത്വത്തിൽ ഇന്ത്യൻ നാഷണൽ കോൺഗ്രസ്‌ നടത്തുന്ന 'ഭാരത് ജോഡോ യാത്ര' യിൽ സംഭവിക്കുന്നത് അത്തരമൊരു വീണ്ടെടുപ്പാണ്. കോൺഗ്രസിനെ തന്നെ  വീണ്ടും കണ്ടെത്തലാണ്. കർഷകരിലേക്കും തൊഴിലാളികളിലേക്കും യുവാക്കളിലേക്കുമാണ് ആ യാത്ര. നെഹ്‌റുവിലേക്കുള്ള ശരിയായ ദിശ അതു തന്നെയാണ്. കാരണം, ഗാന്ധിയിലൂടെയല്ലാതെ നെഹ്‌റുവിലേക്ക് കുറുക്കുവഴികളില്ല.

(കോൺഗ്രസ് നേതാവും കുണ്ടറ എം എൽ എയുമാണ് ലേഖകൻ)

logo
The Fourth
www.thefourthnews.in