ജോൺ സിനിമകളിലെ  ഇശൈത്താര: ചില കുറിപ്പുകൾ

ജോൺ സിനിമകളിലെ  ഇശൈത്താര: ചില കുറിപ്പുകൾ

സംഗീതം എന്ന് നിർവചിക്കപ്പെടുന്ന ശബ്ദരൂപകങ്ങളിൽ നിന്ന് വ്യത്യസ്തമായി ചിത്രത്തിന്റെ ആന്തരികമായ ശബ്ദഘടനയിലൂടെ തന്നെ സംഗീതാത്മകമായ ഒരു വാഖ്യാനം വികസിപ്പിക്കുന്ന രീതി ജോൺ ചിത്രങ്ങളിൽ ഉപയോഗിക്കുന്നുണ്ട്.- ജോൺ ജന്മദിനമായ ഇന്ന് (ഓഗസ്റ്റ്-11) അദ്ദേഹത്തിൻ്റെ സിനിമകളിലെ സംഗീതത്തെകുറിച്ച് എഴുതുകയാണ് ലേഖകൻ
Updated on
5 min read

ജോണ്‍ എബ്രഹാം തൻ്റെ ഫിലിം ഇൻസ്റ്റിറ്റ്യൂട്ട് പഠനകാലത്തു സംവിധാനം ചെയ്ത 'പ്രിയ' എന്ന ചിത്രത്തിലെ ആദ്യ ദൃശ്യത്തിൽ നമ്മൾ കാണുന്നത് ചിത്രത്തിലെ മുഖ്യകഥാപാത്രം ഒരു ഗ്രാമഫോൺ റെക്കോർഡ് അതിൻ്റെ പ്ലെയറിൽ എടുത്തുവയ്ക്കുന്നതാണ്. ജോൺ സംവിധാനം ചെയ്യുന്ന ചിത്രങ്ങളിൽ പിൽക്കാലത്ത് സംഗീതവും ശബ്ദവും നേടുന്ന പ്രാധാന്യത്തെ കുറിച്ചുള്ള വ്യക്തമായ സൂചന നൽകുന്ന ഒന്നാണ് ഈ ദൃശ്യം.  

'പ്രിയ' എന്ന ചിത്രത്തിൽ ആദ്യരംഗത്തിലെ ഗാനത്തെ  കൂടാതെ മറ്റൊരു ഗാനവും ജോൺ ഉൾപ്പെടുത്തിയിട്ടുണ്ട്. ചിത്രീകരിച്ചിരിക്കുന്നത് മിക്കവാറും, ഏതൊരു പോപ്പുലർ ചിത്രങ്ങളിലും കാണുന്ന രീതിയിൽ, കാമുകീകാമുകന്മാരുടെ മരംചുറ്റി പ്രേമം  അടക്കമുള്ള രംഗങ്ങളുടെ അകമ്പടിയോടെയാണ്. പോപ്പുലർ സിനിമകളിലെ ഗാനങ്ങൾ ഇഷ്ടപ്പെട്ടിരുന്നയാളായിരുന്നു ജോൺ. അദ്ദേഹത്തിന്റെ ഇഷ്ടഗായകൻ കിഷോർ കുമാർ ആയിരുന്നുവെന്ന് അറിയാൻ കഴിഞ്ഞിട്ടുണ്ട്. കിഷോർ കുമാറിന്റെ ഒരു ഗാനം ജോൺ സ്‌കൂളിൽ നടന്ന ഒരു പരിപാടിക്കിടെ അവതരിപ്പിക്കുന്നത് താൻ കണ്ടിട്ടുണ്ട് എന്ന് നടൻ തിലകൻ ഒരു ടെലിവിഷൻ പരിപാടിക്കിടെ സാക്ഷ്യപ്പെടുത്തുന്നു. "പിയാ  പിയാ  മോരെ ജിയാ പുക്കാരെ..."  എന്ന ('ബാപ്രെ  ബാപ്' എന്ന ചിത്രത്തിൽ ഒ. പി. നയ്യാർ സംഗീതം നൽകി കിഷോറും ആശാ ബോസ്ലെയും ചേർന്ന് പാടിയ) ഗാനമാണ് ജോൺ അന്ന് പാടിയതെന്നു തിലകൻ സൂചിപ്പിക്കുന്നു.  

ജോണ്‍ എബ്രഹാം
ജോണ്‍ എബ്രഹാം

'പ്രിയ' എന്ന ചിത്രത്തിലെ ഗാനങ്ങൾ ഉപയോഗിച്ചിരിക്കുന്നത് ചിത്രത്തിൻ്റെ കേന്ദ്രപ്രമേയം എന്ന് വിശേഷിപ്പിക്കാവുന്ന അതിവർത്തനം എന്ന ആശയത്തെ തീവ്രമാക്കാനാണ്. സ്വന്തം ഭർത്താവിൻ്റെ  മേൽക്കോയ്മയെ മറികടന്ന് സുന്ദരനായ ഒരു ചെറുപ്പക്കാരനോട് പ്രിയ എന്ന കഥാപാത്രത്തിനുള്ള മോഹവും അതിൻ്റെ പൂർത്തീകരണവുമാണ് ചിത്രത്തിൻ്റെ  ശ്ലഥമായ കഥാതന്തു. ഇത് സ്വപ്നത്തിൽ സംഭവിക്കുന്ന കാമനാപൂർണ്ണതയാണോ, ഭൂതകാലത്തു നടന്നതോ, ഭാവിയിൽ നടക്കാൻ ഇടയുള്ളതോ എന്ന് വ്യക്തമല്ല. പ്രണയത്തിൻ്റെ ചിത്രീകരണ രംഗത്തിൽ വന്യമായ ഒരു തോട്ടത്തിൽ നടക്കുന്ന ആലാപനം, ഹിന്ദുസ്ഥാനി ഛായയുള്ള, ലളിതമായ ഒരു ഗാനത്തിലൂടെയാണ് ആവിഷ്കരിക്കുന്നത്. ഈ ചിത്രത്തിന്റെ പ്രമേയത്തിൽ സിനിമ ഒരു വിഷയമായി കടന്നുവരുന്നതിനാൽ സിനിമകളുടെ ഒരു പാരഡിയായിട്ടും കാണാവുന്നതാണ്. ഗാനത്തിൻ്റെ അന്ത്യത്തിൽ ഭർത്താവ്, കാമുകനുമേൽ നിറയൊഴിക്കുന്ന സീൻ ഇതിനു കൃത്യമായി ഒരു പാരഡിയുടെ സ്വഭാവം നൽകുന്നു.

ജോണ്‍ എബ്രഹാം സിനിമാ ചിത്രീകരണവേളയില്‍
ജോണ്‍ എബ്രഹാം സിനിമാ ചിത്രീകരണവേളയില്‍

നൗഷാദ് അലി ഈണം നൽകിയ ഗാനങ്ങളിലൂടെ പുകൾ നേടിയ   'മുഗൾ ഈ അസം'  എന്ന ചിത്രത്തിലെ, "പ്യാർ കിയാ തോ ഡർനാ ക്യാ?" എന്ന ഗാനം അതേ കഥയുടെ പാരഡി എന്ന പോലെ ചിത്രത്തിൽ കാണിച്ചിട്ടുണ്ട്. ഈ ഭാഗത്തൊക്കെ ഊന്നൽ ഇന്ത്യൻ സംഗീതരീതിയ്ക്കാണെങ്കിൽ അതിൽ നിന്ന് ഭിന്നമായി പാശ്ചാത്യ സ്വഭാവമുള്ള സംഗീതമാണ്, കാമുകീകാമുകന്മാർ നടത്തുന്ന ഒരു ലൈംഗീക വേഴ്ചയുടെ സൂചനകൾ ഉള്ള സീനിൽ കേൾക്കാൻ കഴിയുക. ഗൊദാർദിന്റെ 'ബ്രേത്ലെസ്സ്' എന്ന ചിത്രത്തെ ഓർമ്മിപ്പിക്കുന്ന ഈ സീനിൽ, പാശ്ചാത്യരീതിയിലുള്ള സംഗീതം തന്നെ, പാരമ്പര്യവുമായി വേറിട്ട ചിന്തയുടെ ആവിഷ്കരണം എന്നോണം,  ഉപയോഗിച്ചിരിക്കുന്നു.


ഫിലിം ഇൻസ്റ്റിറ്റ്യൂട്ട് വിദ്യാർത്ഥിയായിരിക്കെ സംവിധാനം ചെയ്ത 'ഹൈഡ് ആൻഡ് സ്ട്രിങ്ക്സ്' കൃത്യമായി ഇന്ത്യൻ സംഗീത ശൈലിയിലേക്കുള്ള ഒരു യാത്രയാണ് പഴയ പൂനാ നഗരത്തിന്റെ ഭാഗമായ ബുധവാർ പേട്ട് എന്ന സ്ഥലത്ത് സ്ഥിതി ചെയ്യുന്ന സംഗീതോപകരണങ്ങളുടെ ഒരു വില്പനശാലയിൽ കേന്ദ്രീകരിച്ചാണ് ഈ ചിത്രം ജോൺ മെനഞ്ഞെടുത്തിരിക്കുന്നത്. ഏതാണ്ട്  6 മിനിറ്റിനടുത്ത്  ദൈർഘ്യമുള്ള ഒരു ഹിന്ദുസ്ഥാനി സിത്താർ ആലാപനത്തിനെ അടിസ്ഥാനമാക്കിയാണ്  ഈ ചിത്രം ജോൺ രൂപപ്പെടുത്തിയിരിക്കുന്നത്. ആലാപനം പുരോഗമിക്കെത്തന്നെ വാദ്യോപകരണ നിർമ്മാണശാലയിലെ വിവിധ പ്രവർത്തനങ്ങൾ നമുക്ക് സംവേദ്യമാകുന്നു. തുകൽവാദ്യങ്ങളുടെയും തന്ത്രി വാദ്യങ്ങളുടെയും നിർമ്മാണത്തിന്റെ വിവിധ ഘട്ടങ്ങൾ സംഗീതത്തിന്റെ താളലയങ്ങൾക്ക് അനുസൃതമായി, ഭിന്ന വേഗങ്ങളിൽ എഡിറ്റ് ചെയ്തു ചേർത്തുകൊണ്ടാണ് ഈ ചിത്രം പൂർത്തിയാക്കിയിരിക്കുന്നത്.

'ഹൈഡ് ആൻഡ് സ്ട്രിങ്ക്സ്' പൂർണമായും ഒരു ആലാപനത്തിന്റെ ആവിഷ്കാരമാണ്. ജോൺ എബ്രഹാം ഇൻസ്റ്റിറ്റ്യൂട്ടിൽ വിദ്യാർത്ഥി ആയിരിക്കെ തന്നെ, അവിടെ അധ്യാപകനായി പ്രവർത്തിച്ചിരുന്ന ഭാസ്കർ ചന്ദവർക്കാർ തന്നെയാണ് ഈ ചിത്രത്തിനായി സിത്താർ വായിച്ചിരിക്കുന്നത്. വിവിധ ചിത്രങ്ങൾക്ക് സംഗീതം നൽകിയിട്ടുള്ള ചന്ദവർക്കാർ കെജി ജോർജിന്റെ 'സ്വപ്നാടനം' എന്ന ചിത്രത്തിലെ സംഗീതത്തിന് കേരള സർക്കാരിന്റെ പുരസ്കാരം നേടിയിട്ടുണ്ട്. 

ജോണിന്റെ ആദ്യ ഫീച്ചർചിത്രമായ 'വിദ്യാർഥികളെ ഇതിലെ ഇതിലെ' എന്ന ചിത്രത്തിന്റെ ഇന്ന് അവശേഷിക്കുന്ന രേഖകളിൽ പ്രധാനപ്പെട്ടത് അവയിലെ ഗാനങ്ങൾ തന്നെയാണ്.

ജോണിന്റെ ആദ്യ ഫീച്ചർചിത്രമായ 'വിദ്യാർഥികളെ ഇതിലെ ഇതിലെ' എന്ന ചിത്രത്തിന്റെ ഇന്ന് അവശേഷിക്കുന്ന രേഖകളിൽ പ്രധാനപ്പെട്ടത് അവയിലെ ഗാനങ്ങൾ തന്നെയാണ്. പിൽക്കാലത്ത് ജോണിന്റെ അടുത്ത സുഹൃത്തുക്കളിൽ ഒരാളായി മാറിയ എം ബി ശ്രീനിവാസൻ സംഗീതം നൽകിയ ഗാനങ്ങൾ, ഇന്നും പോപ്പുലർ ചലച്ചിത്രാസ്വാദകരെ പിടിച്ചിരുത്തുന്നതാണ്. ഈ ഗാനങ്ങളിൽ ആവിഷ്കരിക്കപ്പെടുന്ന, സവിശേഷമായ ചിന്തയും, അവയുടെ അനന്യമായ സംഗീതാവിഷ്കരണ ശൈലിയും ഒരുപക്ഷേ ചിത്രത്തിൽ നിന്ന് ഭിന്നമായി, സ്വതന്ത്രമായ ഒരു അസ്‌തിത്വം നൽകുന്നു. ലളിതഗാനത്തിന്റെ ശൈലിയിലും സെമി ക്ലാസിക് ശൈലിയിലും എംബിഎസ് ചിട്ടപ്പെടുത്തിയ "നളന്ദ തക്ഷശില..." എന്നു തുടങ്ങുന്ന രണ്ട് ഗാനങ്ങളിലും, വയലാർ രാമവർമ്മ തന്റെ സ്വതസിദ്ധമായ ശൈലിയിൽ ഇന്ത്യാചരിത്രത്തെ കുറിച്ചുള്ള നിരീക്ഷണങ്ങൾ പങ്കുവയ്ക്കുന്നു. അവയാകട്ടെ അദ്ദേഹത്തിന്റെ ഇടതുപക്ഷ രാഷ്ട്രീയ വിശ്വാസവുമായി കൃത്യമായി ചേർന്നു പോകുന്നതും ആണ്. ഒരു ക്രൈസ്തവ ഭക്തിഗാനം എന്ന് വിശേഷിപ്പിക്കാവുന്ന "വെളിച്ചമേ നയിച്ചാലും..." എന്ന ഗാനത്തിലും, വയലാർ തന്റെ തൊഴിലാളിവർഗ്ഗ പക്ഷപാതിത്വം കൊണ്ടു വരുന്നുണ്ട്. അടൂർ ഭാസിയും മനോരമയും ചേർന്ന് ആലപിച്ച 'ജിഞ്ചിലജിൽ ജിലും...' എന്ന ഗാനം കുറത്തി പാട്ടുകളുടെ ശൈലിയിൽ രൂപപ്പെടുത്തിയ ഒരു നൃത്തഗാനമാണ്.

ജോണിന്റെ ക്ലാസ്സിക്ക് ചിത്രം എന്ന് വിശഷിപ്പിക്കാവുന്ന 'അഗ്രഹാരത്തിൽ കഴുത'യിൽ പ്രമുഖവേഷം ചെയ്യുന്നത് സംഗീത സംവിധായകനായ എം.ബി.ശ്രീനിവാസൻ ആണെങ്കിലും,  സംഗീതത്തിന്റെ സ്വഭാവം വ്യത്യസ്തമാണ് ഇവിടെ. വ്യത്യസ്ത ശബ്ദങ്ങളിൽ കൂടിയുള്ള ഒരു സംഗീതാന്തരീക്ഷം ജോൺ ഈ ചിത്രത്തിൽ സൃഷ്ടിക്കുന്നത് വ്യക്തമായി അനുഭവിക്കാനാകും. പശ്ചാത്തല സംഗീതം ചെയ്തിട്ടുള്ള എം.ബി.ശ്രീനിവാസൻ തൻ്റെ സവിശേഷമായ സ്പർശം പല ഇടങ്ങളിലും പ്രകടമാക്കുന്നതു കേൾക്കാം. ചില പശ്ചാത്തല സംഗീതഭാഗങ്ങൾ പിന്നീട് പോപ്പുലർ ചിത്രങ്ങളിലെ  ഗാനങ്ങളായി  അനുകരിക്കപ്പെട്ടിട്ടുമുണ്ട്. ഉദാഹരണത്തിന് 31 :50 മുതലുള്ള ഭാഗങ്ങൾ (പൊട്ടറ്റോ ഈറ്റർസ് കളക്റ്റീവ് അപ്‌ലോഡ് ചെയ്ത 'അഗ്രഹാരത്തിൽ കഴുത'യുടെ  യൂട്യൂബ് വീഡിയോ). 

'കഴുത'യിൽ പ്രധാനമായും തുകൽ വാദ്യങ്ങളും താളപ്രധാനമായ അവയുടെ ഉപയോഗവുമാണ് സ്വീകരിച്ചിരിക്കുന്നത്. താളപ്രധാനമായ തുകൽ വാദ്യങ്ങളുടെ സാന്നിധ്യം വ്യക്തമായ മൂന്നു സന്ദർഭങ്ങൾ ചിത്രത്തിൽ ഉണ്ട്.

'കഴുത'യിൽ പ്രധാനമായും തുകൽ വാദ്യങ്ങളും താളപ്രധാനമായ അവയുടെ ഉപയോഗവുമാണ് സ്വീകരിച്ചിരിക്കുന്നത്. കഴുതയുമൊത്ത് പ്രൊഫസ്സർ നാരായണസ്വാമിയും ഊമയായ പെൺകുട്ടിയും ചിലവഴിക്കുന്ന ഹൃദ്യമായ നിമിഷങ്ങളിൽ മാത്രമാണ് ഓടക്കുഴൽ വയലിൻ തുടങ്ങിയ ഉപകരണങ്ങളിലൂടെ മെലഡി എന്ന് പറയാവുന്ന ഈണങ്ങൾ ഉപയോഗിച്ചിരിക്കുന്നത്. താളപ്രധാനമായ തുകൽ വാദ്യങ്ങളുടെ സാന്നിധ്യം വ്യക്തമായ മൂന്നു സന്ദർഭങ്ങൾ ചിത്രത്തിൽ ഉണ്ട്.

തുടക്കത്തിൽ ടൈറ്റിലുകൾ കാണുമ്പോൾ നമ്മൾ കേൾക്കുന്ന സുബ്രമണ്യഭാരതിയുടെ, തീയുടെ ശക്തിയെ  പ്രകീർത്തിക്കുന്ന സ്തോത്രം ആലപിക്കുമ്പോൾ. രണ്ടാമതായി മൂന്നു കോടാങ്കിമാർ അഗ്രഹാരം സന്ദർശിച്ചു ഫലം പറയുമ്പോൾ (ഈ രംഗത്തിൽ ടി വി ചന്ദ്രനും ജോണും വരുന്നുണ്ട്). മൂന്നാമത് അഗ്രഹാരത്തിനു തീയിടുമ്പോൾ ചടുലമായ നൃത്തത്തിന് ഒപ്പം ആലപിക്കപ്പെടുന്ന, നേരത്തെ സൂചിപ്പിച്ച ഭാരതിയുടെ തീയെ കുറിച്ചുള്ള വർണ്ണന.

ആശയപരമായി നോക്കുകയാണെങ്കിൽ  'ചെറിയാച്ചന്റെ  ക്രൂരകൃത്യങ്ങൾ' എന്ന ചിത്രത്തിന്റെ തുടർച്ചയായി കാണാവുന്ന ഒന്നാണ്  'അമ്മ അറിയാൻ'.  'ചെറിയാച്ചന്റെ ക്രൂരകൃത്യങ്ങൾ' സിനിമ എന്ന നിലയിൽ അവതരിപ്പിക്കുന്നതും, തുടക്കം മുതൽ ചെറിയാച്ചന്റെ കഥ പറയുന്നതും സ്വന്തം അമ്മ തന്നെയാണ്.

സമാനമായ രീതിയിൽ ക്രൈസ്തവമായ ഒരു പ്രാർത്ഥനാഗാനത്തിന്റെ ആലാപനത്തിലൂടെയാണ് 'ചെറിയാച്ചന്റെ ക്രൂരകൃത്യങ്ങൾ' അവതരിപ്പിക്കുന്നത്. ചെറിയാച്ചൻ എന്ന കഥാപാത്രത്തിൻറെ ആന്തരികമായ നിഷ്കളങ്കതയും പാപബോധവും ശക്തമായി അവതരിപ്പിക്കുന്ന, 'ക്രൂശിന്മേൽ ക്രൂശിന്മേൽ കാണുന്നതാരിതാ' എന്ന് തുടങ്ങുന്ന, ഈ ഗാനം സംഗീതത്തിലൂടെ ഭാവങ്ങൾ വ്യക്തമാക്കുന്ന ജോണിൻറെ രീതിയുടെ വ്യക്തമായ ആവിഷ്കരണമാണ്. ക്രൈസ്തവമായ അന്തരീക്ഷത്തിനു വിപരീതമായി ഈ ചിത്രത്തിൽ വരുന്ന കുട്ടനാട്ടിലെ തൊഴിലാളികളുടെ സമരചരിത്രവും സംഗീതത്തിലൂടെയാണ് ജോണ് ആവിഷ്കരിക്കുന്നത്. 'ബലികുടീരങ്ങളെ...' എന്ന ഗാനവും കമ്യൂണിസ്റ്റ് ഇന്റർനാഷണലിനെ  അനുവർത്തിച്ചുള്ള കൊയ്ത്തുപാട്ടിന്റെ  താളത്തിലുള്ള വാദ്യസംഗീതവും ഇതിന്റെ ഭാഗമായി ജോൺ  അവതരിപ്പിക്കുന്നുണ്ട്. പിൽക്കാലത്ത്  മലയാളചലച്ചിത്ര വേദിയിലെ  ശ്രദ്ധേയനായ സംഗീത സംവിധായകനായി മാറിയ  ജോൺസൺ ആണ്  ഈ ചിത്രത്തിലെ സംഗീതം രൂപപ്പെടുത്തിയത് എന്ന് ഇവിടെ സൂചിപ്പിക്കേണ്ടിയിരിക്കുന്നു. 

ജോണ്‍ എബ്രഹാം
ജോണ്‍ എബ്രഹാം

ആശയപരമായി നോക്കുകയാണെങ്കിൽ  'ചെറിയാച്ചന്റെ  ക്രൂരകൃത്യങ്ങൾ' എന്ന ചിത്രത്തിന്റെ തുടർച്ചയായി കാണാവുന്ന ഒന്നാണ്  'അമ്മ അറിയാൻ'.  'ചെറിയാച്ചന്റെ ക്രൂരകൃത്യങ്ങൾ' സിനിമ എന്ന നിലയിൽ അവതരിപ്പിക്കുന്നതും, തുടക്കം മുതൽ ചെറിയാച്ചന്റെ കഥ പറയുന്നതും സ്വന്തം അമ്മ തന്നെയാണ്. 

'അമ്മ അറിയാൻ' എന്ന ചിത്രത്തിൽ  ഹരി എന്ന കഥാപാത്രം അടിസ്ഥാനപരമായി ഒരു സംഗീത കലാകാരനാണ്. പോലീസ് മർദ്ദനത്തെ തുടർന്ന്  തബല വായിക്കാനുള്ള ശേഷി നഷ്ടപ്പെട്ട ഹരിയുടെ  ജീവിതത്തെ കുറിച്ചുള്ള ആഖ്യാനം ഒരു സംഗീതയാത്ര തന്നെയായിട്ടാണ് ജോൺ  അവതരിപ്പിച്ചിരിക്കുന്നത്. 
ഒരർത്ഥത്തിൽ ബുധവാർ പേട്ടിലെ വാദ്യോപകരണ നിർമ്മാണശാലയിൽ  താൻ കണ്ട തബല ഭിന്നമാനങ്ങൾ ആർജ്ജിച്ചു ഈ ചിത്രത്തിൽ തിരിച്ചെത്തുന്നു. 

സംഗീതം എന്ന് നിർവചിക്കപ്പെടുന്ന ശബ്ദരൂപകങ്ങളിൽ നിന്ന് വ്യത്യസ്തമായി ചിത്രത്തിന്റെ ആന്തരികമായ ശബ്ദഘടനയിലൂടെ തന്നെ സംഗീതാത്മകമായ ഒരു വാഖ്യാനം വികസിപ്പിക്കുന്ന രീതി ജോൺ തന്റെ ചിത്രങ്ങളിൽ ഉപയോഗിക്കുന്നുണ്ട്

സംഗീതത്തിന്റെ വിവിധ പാറ്റേണുകൾ  വ്യത്യസ്ത സന്ദർഭങ്ങളിലായി ജോൺ 'അമ്മ അറിയാനി'ൽ  ഉപയോഗിച്ചിട്ടുണ്ട്.  ഉമ്പായി ആലപിക്കുന്ന 'കിസ് ഷാൻ സെ...' എന്നു തുടങ്ങുന്ന ഗസൽ തന്നെയാണ് ചിത്രത്തിന്റെ തുടർച്ചയെ നിർണയിക്കുന്ന ഒരു ഘടകം. ഹരി മൃദംഗം വായിക്കുമ്പോൾ ഞരളത്ത് രാമപ്പൊതുവാൾ പാടുന്ന ഒരു അഷ്ടപദി ചിത്രത്തിനിടയിൽ ജോൺ ചേർത്തിട്ടുണ്ട്.  

'അമ്മ അറിയാനി'ല്‍ രസകരമായി തോന്നിയ ഒരു സീക്വൻസ്, ഹരിയുടെ സുഹൃത്തുക്കൾ നടത്തുന്ന യാത്രയ്ക്കിടെ വാൻ ഡ്രൈവറായ ചന്ദ്രബാബു  ആലപിക്കുന്ന  തമിഴ് ഗാനമാണ്. " സിലർ അഴുവാർ സിലർ സീരിപ്പാർ നാൻ അഴുതുകോണ്ടേ സിരിപ്പേൻ... " എന്ന ഗാനം  'പാവമന്നിപ്പ്' എന്ന് തമിഴ് ചിത്രത്തിൽ ടി എം സൗന്ദർരാജൻ പാടിയതാണ്. കണ്ണദാസന്റെ  രചനയിൽ വിശ്വനാഥൻ-രാമമൂർത്തി സംഗീതം നൽകിയ ഈ ഗാനം തമിഴ് ചലച്ചിത്ര വേദിയിലെ സംഗീതമേഖലയിൽ സംഭവിച്ച ഒരു വിച്ഛേദനത്തിന്റെ ഭാഗമായി സൂചിപ്പിക്കപ്പെടുന്നു. ഒരു കൂട്ടായ്മയുടെ ആവിഷ്കരണം ആയി കരുതപ്പെടുന്ന 'അമ്മ അറിയാൻ' എന്ന  ചിത്രത്തിലെ ജോണിന്റെ  ആത്മനിഷ്ഠമായ ഒരു ഇടപെടലാണ് ഈ ഗാനം എന്നത് വ്യക്തമാണ് . 

ചെറിയാച്ചനിൽ എന്നപോലെ, കമ്മ്യൂണിസ്റ്റ് ഇന്റർനാഷണൽ ഗാനം ഒരു പ്രകടനത്തിന്റെ ഭാഗമായി ജോൺ ഉപയോഗിക്കുന്നുണ്ട്. ചിത്രം എഡിറ്റ് ചെയ്യുന്ന സമയത്ത് ഈ ഗാനം ശബ്ദരേഖയിൽ ഇല്ലായിരുന്നുവെന്നും അത് അവിടെ ചേർക്കണം എന്ന് തീരുമാനം ജോൺ പിന്നീടാണ് കൈക്കൊള്ളുന്നതെന്നും  ചിത്രത്തിന്റെ  എഡിറ്ററായ ബീന പോൾ സൂചിപ്പിക്കുന്നുണ്ട്. 

ജോണ്‍ എബ്രഹാം സിനിമാ ചിത്രീകരണവേളയില്‍
ജോണ്‍ എബ്രഹാം സിനിമാ ചിത്രീകരണവേളയില്‍

ഹിന്ദുസ്ഥാനി സംഗീതം, സോപാനസംഗീതം, ലളിത സംഗീതം  എന്നിവയോടൊപ്പം തന്നെ  പാശ്ചാത്യസംഗീതത്തിന്റെ അടരുകളും  'അമ്മ അറിയാൻ' എന്ന ചിത്രത്തിൽ കാണാം. അമ്മ അറിയാൻ നിർമ്മിച്ചു കൊണ്ടിരിക്കുന്ന  കാലത്ത് തന്നെ പുറത്തിറങ്ങിയ "ഫ്രീ ഫ്രീ നെൽസൺ മണ്ടേല..." എന്ന റാപ്പ് ഗാനം ജോൺ ഈ ചിത്രത്തിൽ ഉപയോഗിക്കുന്നുണ്ട്. ഹരി തബല കുത്തിക്കയറുന്ന ദൃശ്യത്തിന് തൊട്ടുമുമ്പായി ചടുലമായ ഡ്രം സംഗീതമാണ് ഉപയോഗിച്ചിരിക്കുന്നത്. ഒരർത്ഥത്തിൽ ഭിന്ന സംഗീത രൂപങ്ങളുടെ ഒരു കൊളാഷായി തന്നെ 'അമ്മ അറിയാൻ' കാണാവുന്നതാണ്. 

സംഗീതം എന്ന് നിർവചിക്കപ്പെടുന്ന ശബ്ദരൂപകങ്ങളിൽ നിന്ന് വ്യത്യസ്തമായി ചിത്രത്തിന്റെ ആന്തരികമായ ശബ്ദഘടനയിലൂടെ തന്നെ സംഗീതാത്മകമായ ഒരു വാഖ്യാനം വികസിപ്പിക്കുന്ന രീതി ജോൺ തന്റെ ചിത്രങ്ങളിൽ ഉപയോഗിക്കുന്നുണ്ട്. ജോണിനെ സംബന്ധിച്ചിടത്തോളം ശബ്ദത്തിൽ നിന്നാണ് സിനിമ രൂപപ്പെടുന്നത്. വചനം രൂപമായി എന്ന് പറയുന്നതുപോലെ. രൂപത്തിന് മേൽ  വചനത്തിന് അല്ലെങ്കിൽ ശബ്ദത്തിന്, ജോണിന്റെ സിനിമകളിൽ ഉള്ള മേൽക്കോയ്മ സവിശേഷമായ ഒരു വിശകലനം ആവശ്യപ്പെടുന്നു. അത് മറ്റൊരു ലേഖനത്തിന്റെ വിഷയമായതിനാൽ ഇവിടെ പരിശോധിക്കാൻ ശ്രമിക്കുന്നില്ല.

logo
The Fourth
www.thefourthnews.in