മതയാഥാസ്ഥിതികത്വത്തിന് കീഴടങ്ങിയുള്ള നിയമത്തെ മറികടന്നു, ഇനി വേണ്ടത് സ്വത്തിലുളള തുല്യ അവകാശം
ഇന്നത്തെ ചീഫ് ജസ്റ്റിസ് ഡി വൈ ചന്ദ്രചൂഡിന്റെ പിതാവ് ചീഫ് ജസ്റ്റിസ് വൈ വി ചന്ദ്രചൂഡിന്റെ നേതൃത്വത്തിലുള്ള അഞ്ചംഗ ബെഞ്ചാണ് ഇന്ത്യയുടെ രാഷ്ട്രീയചരിത്രം പോലും മാറ്റി മറിക്കുവാൻ കാരണമായ Mohd. Ahmed Khan v. Sha Banu Begum ( 1985 SCR ( 3 ) 844 ) കേസിൽ വിധി പറഞ്ഞത്.
1978 ൽ, 62 വയസ് പ്രായമുള്ള ഭാര്യ ഷഹബാനു തന്റെ ഭർത്താവായ അഡ്വ. മുഹമ്മദ് അഹ്മദ് ഖാനിൽനിന്നു ചെലവിനു ലഭിക്കുന്നതിനുവേണ്ടി കേസ് ഫയൽ ചെയ്തു. 43 വർഷമാണ് അവർ ഒന്നിച്ചുതാമസിച്ചത്. വിവാഹമോചിതയായതിനാൽ ഇസ്ലാമിക ശരീഅ പ്രകാരം ഇദ്ദ കാലയളവിൽ മാത്രം (മൂന്നു ചന്ദ്ര മാസം) ചെലവ് ( maintenance) ലഭിക്കാൻ അർഹതയുള്ളൂവെന്ന വാദം സ്ഥാപിക്കാനാണ് ഭർത്താവ് സുപ്രീം കോടതിയെ വരെ പോയത്.
അയാളുടെ എല്ലാ വാദങ്ങളും തള്ളിയ സുപ്രീം കോടതി ഷഹ ബാനു ബീഗത്തിനു സിആർപിസി 125 പ്രകാരം ചെലവിനു ലഭിക്കാൻ അവകാശമുണ്ടെന്നു കണിശമായി പറഞ്ഞു. മതനിയമത്തിനു മുകളിൽ സെക്യുലർ നിയമത്തെ പ്രതിഷ്ഠിച്ചുവെന്നു മാത്രമല്ല, ഒരു മതേതര രാജ്യത്ത് മുസ്ലിം സ്ത്രീക്ക് സംരക്ഷണം ഉറപ്പുവരുത്തുന്ന വിധിന്യായമായിരുന്നു അത്. ആ വിധിക്കെതിരെ മത മേധാവികൾ രാജ്യത്തിന്റെ എല്ലാ ഭാഗങ്ങളിലും ശരീഅത്ത് സംരക്ഷണ റാലികൾ സംഘടിപ്പിച്ചു.
സ്വതന്ത്ര ഇന്ത്യയിൽ മുസ്ലിംസ്ത്രീക്കു നേരെ പുരുഷന്മാർ ഒറ്റക്കെട്ടായി നിന്ന് രാഷ്ട്രീയനേതൃത്വത്തെ കീഴ്‌പ്പെടുത്തി സമ്പാദിച്ച അന്യായ നിയമമാണ് 1986 ലെ നിയമം. മതമേധാവിത്വത്തിനു രാഷ്ട്രീയനേതൃത്വത്തെ കീഴ്പ്പെടുത്താൻ കഴിയുന്ന അശ്ലീല കാഴ്ചയായിരുന്നു 1986 ലെ നിയമത്തിലൂടെ സംഭവിച്ചത്. അതു ഹിന്ദുത്വ രാഷ്ട്രീയത്തിനു നൽകിയ കുതിപ്പു നിസ്സാരമായിരുന്നില്ല.
43 വർഷം കൂടെത്താമസിച്ച സ്ത്രീക്ക് ചെലവിനു നൽകണമെന്ന മനുഷ്യത്വപരമായ വിധിന്യായത്തിനെതിരെയാണ് മതനേതൃത്വവും അവരോടൊപ്പം ചേർന്നു മതരാഷ്ട്രീയക്കാരും പ്രക്ഷോഭം സംഘിപ്പിച്ചത്. അന്നു ഒൻപതിലോ പത്തിലോ പഠിക്കുകയായിരുന്ന ഞാനും ശരീഅത്ത് സംരക്ഷണറാലിയിൽ പങ്കെടുക്കുകയും മുദ്രാവാക്യങ്ങൾ വിളിക്കുകയും ചെയ്തിരുന്നു. മഹല്ലുകൾ കേന്ദ്രീകരിച്ചു റാലികളും പ്രഭാഷണങ്ങളും സംഘടിപ്പിച്ചു.
1986 അന്നത്തെ പ്രധാനമന്ത്രി രാജീവ് ഗാന്ധി ഇസ്ലാം മതമൗലിക വാദികൾക്കു കീഴടങ്ങി. സുപ്രീംകോടതി വിധിയെ മറികടക്കാൻ മുസ്ലിം വിവാഹമോചിത സംരക്ഷണ നിയമം 1986 പാസാക്കി. രാജീവ് ഗാന്ധി മന്ത്രിസഭയിലെ നിയമ മന്ത്രി അശോക് സെൻ ആയിരുന്നു അന്ന് സഭയിൽ ബിൽ അവതരിപ്പിച്ചത്. ഞങ്ങളൊക്കെ ശരീഅത്ത് സംരക്ഷിക്കുന്നതിൽ പങ്കുവഹിക്കുവാൻ കഴിഞ്ഞതിൽ പടച്ചവനെ സ്തുതിച്ച് രണ്ട് റകഅത്ത് നിസ്കരിച്ചു. അന്നത്തെ മുസ്ലിം ഏകീകരണവും മതമൗലികവാദികൾക്കു കീഴടങ്ങിയ നിയമനിർമാണവും ഹിന്ദുത്വരാഷ്ട്രീയം ശക്തിപ്പെടുവാൻ കാരണമായി. ഈ "മുസ്ലിം പ്രീണന"ത്തിനെതിരെ വലിയ തോതിൽ അവർ പ്രചാരണം നടത്തി. രാമക്ഷേത്ര ശിലാന്യാസവും അയോധ്യയും കത്തിച്ചുനിർത്തി.
സ്വതന്ത്ര ഇന്ത്യയിൽ മുസ്ലിം സ്ത്രീക്കുനേരെ പുരുഷന്മാർ ഒറ്റക്കെട്ടായിനിന്ന് രാഷ്ട്രീയനേതൃത്വത്തെ കീഴ്‌പ്പെടുത്തി സമ്പാദിച്ച അന്യായ നിയമമാണ് 1986 ലേത്. മതമേധാവിത്വത്തിനു രാഷ്ട്രീയനേതൃത്വത്തെ കീഴ്പ്പെടുത്താൻ കഴിയുന്ന അശ്ലീല കാഴ്ചയായിരുന്നു ഈ നിയമത്തിലൂടെ സംഭവിച്ചത്. അതു ഹിന്ദുത്വ രാഷ്ട്രീയത്തിനു നൽകിയ കുതിപ്പു നിസ്സാരമായിരുന്നില്ല. 1986 ലെ നിയമം പലഘട്ടങ്ങളിലും സുപ്രീം കോടതിയിൽ ചോദ്യം ചെയപ്പെട്ടു. ഡാനിയൽ ലെത്തീഫി കേസിൽ 1986 ലെ നിയമം ഭരണഘടനപരമാണെന്നു സുപ്രീം കോടതിയുടെ അഞ്ചംഗ ബെഞ്ച് നിരീക്ഷിച്ചു. (Daniel Latifi & Anr v. Union of India).
എന്നാൽ എന്തുകാരണം കൊണ്ടാണോ 1986 ലെ നിയമം ഉണ്ടായത്, അതിന്റെ അടിവേര് മുറിക്കുന്ന ഉത്തരവാണ് 2009 ൽ സുപ്രീം കോടതി ഷഹ ബാനു കേസിൽ പറഞ്ഞത്. ഈ കേസിൽ 1986 ലെ നിയമമുണ്ടെങ്കിലും 125 സിആർപിസി പ്രകാരം ജീവനാംശ അവകാശം മുസ്ലിം സ്ത്രീക്കുണ്ടെന്നു വീണ്ടും സുപ്രീംകോടതി പറഞ്ഞു. 2010 ൽ K. Zunaideen v Ameena Begum കേസിൽ ഇത് ആവർത്തിച്ചു.
ഇങ്ങനെ രണ്ടുവട്ടം സുപ്രീം കോടതി മുസ്ലിം സ്ത്രീയുടെ സെക്യുലർ അവകാശം ആവർത്തിച്ച് ഉറപ്പിച്ചിട്ടും അതിനെതിരെ സുപ്രീംകോടതിയെ സമീപിക്കാൻ മുസ്ലിം പുരുഷൻ തയ്യാറാകുന്നതു മതവകാശം നൽകുന്ന ബലത്തിൽ മാത്രമാണ്. 1937 ലെ ശരീഅത്ത് അപ്ലിക്കേഷൻ ആക്ട് വിവാഹം, വിഹാഹമോചനം, ദത്ത്, ജീവനാംശം, അനന്തരവകാശം തുടങ്ങിയ കാര്യങ്ങളിൽ മുസ്ലിങ്ങൾക്ക് ശരീഅത്താണ് ബാധകമാവുകയെന്നു വ്യക്തമായി പറഞ്ഞിട്ടുണ്ടെന്ന ബലത്തിലാണ് പലവട്ടം സുപ്രിംകോടതി നിരാകരിച്ച കാര്യത്തിനുവേണ്ടി വീണ്ടും കോടതിയെ സമീപിക്കുന്നത്.
അവസാനം സുപ്രീംകോടതി അതിശക്തമായി തന്നെ ജൂലൈ 10 നു Muhammed Abdul Samad v. State of Telangana & Anr കേസിൽ പറഞ്ഞത് 1986 ആക്ട് ഉണ്ടെങ്കിലും സിആർപിസി 125 പ്രകാരം ത്വലാഖ് ചൊല്ലപ്പെട്ട മുസ്ലിം സ്ത്രീയ്ക്കു ജീവനാംശം ലഭിക്കാൻ അവകാശമുണ്ടെന്നുതന്നെയാണ്. മാത്രവുമല്ല വിവാഹമോചിതയായ മുസ്ലിം സ്ത്രീക്ക് 125 സിആർപിസി പ്രകാരവും 1986 ലെ നിയമപ്രകാരവും ജീവനാംശം തേടാമെന്ന സുപ്രധാനമായ പ്രഖ്യാപനവുമാണ് സുപ്രീം കോടതി നടത്തിയിരിക്കുന്നത്.
ആ വിധി ന്യായത്തിലെ പ്രധാന നിരീക്ഷണങ്ങൾ
1. Section 125 of the CrPC applies to all married women including Muslim married women.
2. Section 125 of the CrPC applies to all non-Muslim divorced women.
3. Insofar as divorced Muslim women are concerned, -
4. Section 125 of the CrPC applies to all such Muslim women, married and divorced under the Special Marriage Act in addition to remedies available under the Special Marriage Act.
ii) If Muslim women are married and divorced under Muslim law then Section 125 of the CrPC as well as the provisions of the 1986 Act are applicable. Option lies with the Muslim divorced women to seek remedy under either of the two laws or both laws. This is because the 1986 Act is not in derogation of Section 125 of the CrPC but in addition to the said provision.
iii) If Section 125 of the CrPC is also resorted to by a divorced Muslim woman, as per the definition under the 1986 Act, then any order passed under the provisions of 1986 Act shall be taken into consideration under Section 127(3)(b) of the CrPC. [This means that if any maintenance has been given to Muslim wife under the personal law, then it shall be taken into account by the Magistrate to alter the maintenance order under Section 127(3)(b)]
5. In case of an illegal divorce as per the provisions of the 2019 Act then,
i)relief under Section 5 of the said Act could be availed for seeking subsistence allowance or, at the option of such a Muslim woman, remedy under Section 125 of the CrPC could also be availed.
ii) If during the pendency of a petition filed under Section 125 of the CrPC, a Muslim woman is 'divorced' then she can take recourse under Section 125 of the CrPC or file a petition under the 2019 Act.
iii) The provisions of the 2019 Act provide remedy in addition to and not in derogation of Section 125 of the CrPC.
1937 ലെ ശരീഅത്ത് അപ്ലിക്കേഷൻ ആക്ട് അപ്രസക്തമാക്കുന്ന വിധിന്യായമാണ് ഈ കേസിലും സുപ്രീംകോടതി ആവർത്തിച്ചിരിക്കുന്നത്.
1985, 2009, 2010 വര്‍ഷങ്ങളില്‍ പുറപ്പെടുവിച്ച അതേ വിധി ന്യായം തന്നെ 2024 ലും സുപ്രീം കോടതി പുറപ്പെടുവിക്കുകയുണ്ടായി. എന്നാൽ 1985 ലെ വിധിന്യായത്തെ മറികടക്കാൻ 1986ൽ സർക്കാർ ഒരു നിയമം നിർമിച്ചു. 86 ലെ നിയമം നിലനിൽക്കേ തന്നെയാണ് ആ നിയമത്തിന്റെ സത്തയെ ചോർത്തിക്കളയുന്ന രീതിയിൽ സുപ്രധാനമായ മൂന്ന് വിധി ന്യായങ്ങൾ സുപ്രീം കോടതി പുറപ്പെടുവിച്ചിട്ടുള്ളത്.
എന്നാൽ 1985 ൽനിന്ന് 2024 ൽ എത്തുമ്പോളുണ്ടായ മൗലികമായ മാറ്റം സുപ്രീംകോടതി വിധിന്യായത്തെ ചോദ്യംചെയ്യാൻ മതപൗരോഹിത്യമോ മതരാഷ്ട്രീയക്കാരോ തയ്യാറാകുന്നില്ലെന്നതാണ്. മതപൗരോഹിത്യം സ്ത്രീവിരുദ്ധ നിലപാടുകൾ കൈക്കൊള്ളുമ്പോളും മുസ്ലിംസമുദായം അതു നിരാകരിക്കുന്ന കാഴ്ചയാണ് ഇത് വ്യക്തമാക്കുന്നത്.
1986 ലെ നിയമനിർമാണത്തിന് നേതൃത്വം നൽകിയ കോൺഗ്രസോ അന്ന് അതിനെ പിന്തുണച്ചിരുന്ന ജമാ അത്തെ ഇസ്ലാമി, മുസ്ലിം ലീഗ്, മുസ്ലിം പേഴ്സണൽ ലോ ബോർഡ് തുടങ്ങി ഒരു സംഘടനയും 2024 ലേ വിധി ന്യായത്തിനെതിരെ നിലപാടുകളെടുക്കുന്നില്ലെന്നതും ആശാവഹമാണ്. ജീവനാംശം, ദത്തവകാശം, വിവാഹമോചനം തുടങ്ങിയ കാര്യങ്ങളിൽ മത പണ്ഡിതർ പറയുന്ന ശരീഅത്ത് നിലപാടുകളെ പൂർണമായും തളളുന്ന സമീപനമാണ് നമ്മുടെ കോടതികൾ സ്വീകരിക്കുന്നത്.
ദത്തവകാശം മുസ്ലിങ്ങൾക്കില്ലെന്നു കർശന നിലപാട് സമുദായ നേതാക്കൾ പറഞ്ഞപ്പോൾ 2014 ലെ Shabnam Hashmi v Union of India (AIR 2014 SC1281) കേസിൽ സുപ്രീം കോടതി പറഞ്ഞത് മുസ്ലിങ്ങൾക്ക് ജുവനൈൽ ജസ്റ്റിസ് (Care & Protection) ആക്ട് പ്രകാരം ദത്തവകാശമുണ്ടെന്നു തന്നെയാണ്.
മുസ്ലിംസ്ത്രീക്ക് വിവാഹമോചന അവകാശമുണ്ടെന്നു കേരള ഹൈക്കോടതി പറഞ്ഞപ്പോഴും പുരുഷ പണ്ഡിതസഭ അതിനെതിരെ നിലപാടുകളെടുത്തു. നൂറുകണക്കിനു മുസ്ലിം സ്ത്രീകളാണ് കേരളത്തിലെ കുടുംബക്കോടതികൾ വഴി ഈ അവകാശം വിനിയോഗിച്ച് വിവാഹമോചനം നേടിയത്. ദൗർഭാഗ്യകരമായ കാര്യം ഈ വിധിക്കെതിരെ സുപ്രീം കോടതിയെ സമീപിച്ചത് കേരളത്തിലെ മുസ്ലിം പുരുഷന്മാരാണെന്നതാണ്. ഇങ്ങനെ ഓരോന്നും പരിശോധിച്ചാൽ 1937 ലെ ശരീഅത്ത് അപ്ലികേഷൻ ആക്ട് പ്രകാരം ബാക്കിയുള്ളത് അനന്തരസ്വത്തിലെ വിവേചനവും പുരുഷൻ അനുഭവിക്കുന്ന ബഹുഭാര്യത്വ അവകാശവും മാത്രമാണെന്നു കാണാം.
മുസ്ലിം സ്ത്രീകൾക്കു നേരെയുള്ള വിവേചനം സമൂഹത്തിന്റെ ശ്രദ്ധയിൽപ്പെടുത്തുന്നതിനും അനന്തരാവകാശ നിയമത്തിലെ സ്ത്രീവിവേചനം അവസാനിപ്പിക്കാനും നിലവിലെ ഇന്ത്യൻ സാഹചര്യത്തിൽ ഉപയോഗിക്കാവുന്ന മാർഗമെന്ന നിലയിലാണ് സ്പെഷ്യൽ മാര്യേജ് ആക്ട് (SMA ) വകുപ്പ് 15 പ്രകാരം 2023 മാർച്ച് എട്ടിനു ഞങ്ങളുടെ വിവാഹം ഹോസ്‌ദുർഗ് സബ് രജിസ്ട്രാർ മുമ്പാകെ രജിസ്റ്റർ ചെയ്തത്. പൗരോഹിത്യവും മതരാഷ്ട്രീയക്കാരും അതിശക്തമായ എതിർപ്പ് അന്നു ഉയർത്തിയിരുന്നുവെങ്കിലും അതിനുശേഷം കേരളത്തിലെ സബ് രജിസ്ട്രാർ ഓഫീസുകളിൽ വകുപ്പ് 15 പ്രകാരം രജിസ്റ്റർ ചെയ്യപ്പെടുന്ന മുസ്ലിം സമുദായ അംഗങ്ങളുടെ വിവാഹത്തിന്റെ എണ്ണം പരിശോധിച്ചാൽ പൗരോഹിത്യത്തിന്റെയും മതരാഷ്ട്രീയക്കാരുടെയും നിലപാടുകൾ തള്ളുന്ന സമീപനമാണ് സമുദായം കൈക്കൊള്ളുന്നതെന്ന് ബോധ്യമാകും. അതേപോലെ മുസ്ലിം സമുദായത്തിലെ ബഹുഭാര്യത്വവും അവസാനിച്ച മട്ടാണ്.
1980 കൾക്കുശേഷമുള്ള കണക്കുകൾ പരിശോധിച്ചാൽ ബഹു ഭാര്യാത്വ നിരക്ക് കുത്തനെ താഴേക്കു വരുന്നതായി കാണാം. ബഹുഭാര്യത്വ അവകാശത്തോട് മുഖംതിരിഞ്ഞ് നിൽക്കുന്ന സമൂഹമാണ് മുസ്ലിം സമുദായമെന്നു പ്രയോഗികതലത്തിൽ ബോധ്യമാകും. എന്നാൽ തീർത്തും ഉപയോഗശൂന്യമായ ഒരവകാശത്തിനുവേണ്ടി മുസ്ലിം പൗരോഹിത്യം വാശിപിടിക്കുന്നതിനു കൂട്ടുനിൽക്കുന്ന സമീപനമാണ് രാഷ്ട്രീയനേതൃത്വം കൈക്കൊള്ളുന്നത്. ഇന്ത്യൻ ശിക്ഷ നിയമവകുപ്പ് 494 പ്രകാരം ഒരാൾക്ക് ഒരു വിവാഹം മാത്രമേ അനുവദിക്കുന്നുള്ളൂ.
ഈ വകുപ്പ് ഒന്നിൽ കൂടുതൽ വിവാഹം കഴിച്ച ആളിനെ ശിക്ഷിക്കാനുള്ളതാണ്. ജൂലൈ ഒന്നുമുതൽ നിലവില വന്ന ഭാരതീയ ന്യായ സംഹിത (ബി എൻ എസ്) ൽ സമാനമായ വകുപ്പ് 82 ആണ്. പഴയ നിയമത്തിലും പുതിയ നിയമത്തിലും മുസ്ലിം പുരുഷന്മാർക്കു ശിക്ഷയില്ല. മുസ്ലിം പുരുഷന്മാർക്കു നൽകുന്ന ഈ പരിരക്ഷ ആധുനിക സമൂഹത്തോട് ചേർന്നുപോകുന്ന ഒന്നല്ല. അത് എടുത്ത് മാറ്റേണ്ടതാണ്. അത്തരം പരിരക്ഷ നൽകുന്നത് സ്ത്രീകളുടെ അന്തസ്സിനും അഭിമാനത്തിനും നേരെയുള്ള വെല്ലുവിളി കൂടിയാണ്.
ഭരണഘടനയിലെ അനുച്ഛേദം 14 , 21 പ്രകാരം ഈ രണ്ട് കാര്യത്തിൽ നിയമനിർമാണ സഭകളോ കോടതികളോ നിലപാടുകൾ എടുത്താൽ ഇന്ത്യയിലെ മുസ്ലിം സ്ത്രീക്ക് അഭിമാനകരമായ ജീവിതം സാധ്യമാകും.