ഇസ്ലാമോഫോബിയയ്ക്ക് കഞ്ഞിവയ്ക്കുന്ന
'ഇസ്ലാമിസ്റ്റുകള്‍'

ഇസ്ലാമോഫോബിയയ്ക്ക് കഞ്ഞിവയ്ക്കുന്ന 'ഇസ്ലാമിസ്റ്റുകള്‍'

യാഥാസ്ഥിതികരുടെയും പുരുഷാധിപത്യ മൂല്യം പേറുന്നവരുടെയും ലോകം ഇടുങ്ങിയതാണ്. അതില്‍ നീതിയ്ക്ക് ഇടമില്ല
Updated on
3 min read

കണ്ണൂരിലെ കല്യാണത്തെക്കുറിച്ച് സിനിമാ താരം നിഖിലാ വിമല്‍ നടത്തിയ പ്രസ്താവന, സാമൂഹ്യ മാധ്യമങ്ങളില്‍ തീ പടര്‍ത്തിയിരിക്കുകയാണ്. സമീപകാലത്തെ പല സാമൂഹ്യ മാധ്യമചര്‍ച്ചകളെയും പോലെ, ഇവിടെയും ഇസ്ലാമോഫോബിയയും സംഘ്പരിവാര്‍ അജണ്ടകളുമാണ് നിറഞ്ഞുനില്‍ക്കുന്നത്. മുസ്ലീം വീടുകളിലെ കല്യാണങ്ങളില്‍ സ്ത്രീകള്‍ അടുക്കള ഭാഗത്തിരുന്നാണ് ഭക്ഷണം കഴിക്കാറുള്ളതെന്നും ഇപ്പോഴും അത്തരം കാര്യങ്ങള്‍ നടക്കുന്നുണ്ടെന്നുമായിരുന്നു നിഖിലാ വിമലിന്റെ പ്രസ്താവന. ഒഴുക്കന്‍ മട്ടില്‍ നടത്തിയ ഒരു പ്രസ്താവനയാണ് കേരളത്തിലെ സാമൂഹ്യ മാധ്യമങ്ങളെ ഇളക്കിമറിച്ചത്.

പറഞ്ഞത് നിഖിലാ വിമല്‍ എന്ന പേരുകാരിയായതും അത് ചില മുസ്ലീം വീടുകളിലെ അവസ്ഥയെക്കുറിച്ചുമായതാണ് സാമൂഹ്യ മാധ്യമങ്ങളില്‍ പ്രക്ഷുബ്ധാവസ്ഥ ഉണ്ടാക്കിയത്. എന്തിന് മുസ്‌ലീം വീടുകളിലെ അവസ്ഥയെക്കുറിച്ച് നിഖിലാ വിമല്‍ പറയുന്നു? അങ്ങനെ പറയുന്നത് വഴി സമൂഹത്തില്‍ നിലനില്‍ക്കുന്ന ഇസ്ലാമോഫോബിയയ്ക്ക് ആക്കം കൂട്ടുകയാണ് അവര്‍ ചെയ്യുന്നതെന്നും അതുവഴി സംഘ്പരിവാറിന്റെ ചട്ടുകമായി അവര്‍ മാറുകയാണെന്നുമുള്ള ആരോപണവും ഉയര്‍ന്നു.

നിഖിലാ വിമല്‍ പറഞ്ഞത് അവരുടെ അഭിപ്രായമാണെന്നും അവര്‍ക്കത് പറയാനുള്ള സ്വാതന്ത്ര്യം ഈ പൊതുസമൂഹത്തിലുണ്ടെന്നും മനസിലാക്കാന്‍ എന്തുകൊണ്ടോ ഒരു വിഭാഗത്തിന് മനസിലാകുന്നില്ലെന്നതാണ് ഇതിലൂടെ വ്യക്തമാകുന്നത്. അഭിപ്രായസ്വാതന്ത്ര്യത്തിന്റെ കാര്യം പലപ്പോഴും അങ്ങനെയാണ്. സ്ത്രീകള്‍ സ്വന്തം നിലയിലാണ് മാറിയിരിക്കാന്‍ തയ്യാറാകുന്നതെന്നും അങ്ങനെ ചെയ്യാന്‍ അവര്‍ക്കാണ് അവകാശമെന്നും പറയുന്ന പുരുഷമേധാവിത്വ മൂല്യം പേറുന്നവര്‍ പക്ഷേ സ്വവര്‍ഗാനുരാഗികളെക്കുറിച്ച് അങ്ങനെ പറയില്ല. യാഥാസ്ഥിതികരുടെയും പുരുഷാധിപത്യ മൂല്യം പേറുന്നവരുടെയും ലോകം ഇടുങ്ങിയതാണ്. അതില്‍ നീതിയ്ക്ക് ഇടമില്ല.

മുസ്ലീം സമൂഹത്തിലെ യാഥാസ്ഥിതികവും സ്ത്രീവിരുദ്ധവുമായ കാര്യങ്ങളെക്കുറിച്ച് ഇതര സമൂഹത്തില്‍പെട്ടവര്‍ അഭിപ്രായപ്പെടരുതെന്നാണ് വാദം. അഥവാ അങ്ങനെ പറഞ്ഞാൽ അവര്‍ ജനിച്ച സമുദായത്തിലെ സകലമാന പ്രശ്‌നങ്ങളും പരിഹരിച്ചശേഷമായിരിക്കണം അങ്ങനെ ചെയ്യേണ്ടത്...എങ്ങിനെയുള്ള വാദങ്ങളാണ് ഉയര്‍ത്തുന്നത്. സമൂഹമാധ്യമങ്ങളിലൂടെ മുഖമില്ലാതെ എന്തും വിളിച്ചുപറഞ്ഞ് മതത്തെ പ്രതിരോധിക്കാന്‍ ശ്രമിക്കുന്നവര്‍ യഥാര്‍ത്ഥത്തില്‍ ഈ ഫാസിസ്റ്റ് വല്‍ക്കരണകാലത്ത് ആര്‍ക്കാണ് ആയുധങ്ങള്‍ നല്‍കുന്നതെന്നതാണ് പ്രധാനം.

നിഖില പറഞ്ഞ കാര്യം പൂര്‍ണ്ണമായി തള്ളിക്കളയാവുന്ന ഒന്നല്ലെന്നത് മലബാറില്‍ ജനിച്ചുവളര്‍ന്ന മുസ്ലീമെന്ന നിലയില്‍ എനിക്ക് പറയാന്‍ കഴിയും. നിഖിലാ വിമല്‍ ഇക്കാര്യത്തെ പങ്കുവയ്ക്കുന്നതും ഒരു അനുഭവമായിട്ടാണ്. വിവാഹപരിപാടികളുടെ പ്രധാന ചടങ്ങുകളില്‍ സ്ത്രീകള്‍ അടുക്കളഭാഗത്തേക്ക് പിന്‍വലിയുന്നതും മുറ്റത്ത് തടിച്ചുകൂടിയിരിക്കുന്ന പുരുഷന്മാര്‍ ചടങ്ങിന് പങ്കാളികളാവുന്നതും വളരെ സ്വാഭാവികമെന്നോണം നടന്നുവരുന്ന ഒന്നാണ്. വിവാഹസല്‍ക്കാരത്തിലെ ഭക്ഷണത്തിന് സ്ത്രീകള്‍ക്ക് അടുക്കളയോട് ചേര്‍ന്ന് ഇരിപ്പിടം ഒരുക്കുന്നതും പുരുഷന്മാര്‍ വിവാഹവേദിക്ക് തൊട്ടരികില്‍ ഇരുന്ന് ഭക്ഷണം കഴിക്കുന്നതും മലബാറിലെ മുസ്ലിം കല്യാണവീടുകളില്‍ ഇന്നും കാണാവുന്ന കാഴ്ച തന്നെയാണ്.

'ആര്‍ത്തവ അശുദ്ധിയില്‍' കിടപ്പുമുറികളില്‍നിന്നും അടുക്കളകളില്‍നിന്നും മാറ്റിനിര്‍ത്തപ്പെട്ട സ്ത്രീകള്‍ ഈ വിവേചനത്തിന്റെ തന്റെ മറ്റൊരു രൂപമാണ്. മനുഷ്യന്റെ ജാതി കണക്കാക്കി എച്ചില്‍ ഭക്ഷണം കഴിക്കാന്‍ നല്‍കിയിരുന്ന കാലവും ഇതേ വിവേചനത്തിന്റെ തന്നെ ചിത്രങ്ങളിലാണ്. അതിനാല്‍ സ്ത്രീവിരുദ്ധതകളും വിവേചനങ്ങളും ഇസ്ലാമില്‍ മാത്രം നിലനിന്നു പോരുന്നുവെന്ന ചിലരുടെ വാദം നിലനില്‍ക്കുന്നതല്ല. അത് പല ജാതി, മത, സാമൂഹിക ചുറ്റുപാടുകള്‍ അനുസരിച്ച് ഏറിയും കുറഞ്ഞും ഇരിക്കുന്നു.

ഇങ്ങനെ സ്ത്രീകളെ ചില സ്ഥലങ്ങളില്‍നിന്ന് മാറ്റിനിര്‍ത്തുന്നത് എല്ലാ മതങ്ങളുടെയും ഒരു മുഖ്യപരിപാടി തന്നെയാണ്. എന്നിരുന്നാലും വര്‍ഷങ്ങള്‍ കടന്നുപോകും തോറും ഈ രീതികള്‍ക്ക് വലിയ മാറ്റം വന്നിട്ടുണ്ടെന്നുള്ളതും സത്യമാണ്. എന്റെ കുട്ടിക്കാലത്ത് കാണിച്ച കണിശതയോടെ ഇക്കാലത്ത് ഈ വേര്‍തിരിക്കല്‍ നിലനില്‍ക്കുന്നതായി കാണാറില്ല. ഒരുപാട് കുടുംബങ്ങള്‍ ഈ കല്യാണരീതികള്‍ക്ക് മാറ്റം വരുത്താന്‍ തങ്ങളുടേതായ ശ്രമങ്ങള്‍ നടത്താറുണ്ട്. ഒപ്പം അതില്‍ തന്നെ ഉറച്ചുനില്‍ക്കാന്‍ ശ്രമിക്കുന്ന ഒരു കൂട്ടരുമുണ്ട്. ചുരുക്കത്തില്‍ നിഖില പറഞ്ഞ രീതി എല്ലാ ഇസ്ലാം മത വിശ്വാസികളും പിന്തുടരുന്നുവെന്നോ ആരും പിന്തുടരുന്നില്ലെന്നോ പറയാന്‍ സാധിക്കില്ല. രണ്ട് രീതികളും നിലവിലുണ്ട് എന്ന് വേണം പറയാന്‍.

എന്നാല്‍ പലകാലങ്ങളിലായി പല മതവിഭാഗങ്ങള്‍ക്കിടയില്‍ നിലനിന്നുപോന്ന വിവേചനങ്ങളുടെ ഒരു രൂപമാണ് ഈ കല്യാണവീടുകളിലും നിഴലിക്കുന്നത്. 'ആര്‍ത്തവ അശുദ്ധിയില്‍' കിടപ്പുമുറികളില്‍ നിന്നും അടുക്കളകളില്‍ നിന്നും മാറ്റി നിര്‍ത്തപ്പെട്ട സ്ത്രീകള്‍ ഈ വിവേചനത്തിന്റെ തന്റെ മറ്റൊരു രൂപമാണ്. മനുഷ്യന്റെ ജാതി കണക്കാക്കി എച്ചില്‍ഭക്ഷണം കഴിക്കാന്‍ നല്‍കിയിരുന്ന കാലവും ഇതേ വിവേചനത്തിന്റെ തന്നെ ചിത്രമാണ്. അതിനാല്‍ സ്ത്രീ വിരുദ്ധതകളും വിവേചനങ്ങളും ഇസ്ലാമില്‍ മാത്രം നിലനിന്നപോരുന്നുവെന്ന ചിലരുടെ വാദം നിലനില്‍ക്കുന്നതല്ല. അത് പല ജാതി, മത, സാമൂഹിക ചുറ്റുപാടുകള്‍ അനുസരിച്ച് ഏറിയും കുറഞ്ഞും ഇരിക്കുന്നു. യാഥാസ്ഥിതികരായ ചിലര്‍ ഇക്കാലത്തും ഈ ചിന്താഗതികളെ കൈവിടാന്‍ തയ്യാറാവുന്നില്ലെന്നത് വസ്തുത തന്നെയാണ്.

ഇരകളാകാന്‍ വിധിക്കപ്പെട്ട ഒരു സമൂഹത്തിനെതിരെ ഉയര്‍ത്തുന്ന വിമര്‍ശനങ്ങള്‍ അതുകൊണ്ട് തന്നെ അലസമായി പോകരുതെന്നതും പ്രധാനമാണ്. എന്നാല്‍ നിഖിലാ വിമല്‍ പലകാര്യങ്ങളും പറഞ്ഞ കൂട്ടത്തില്‍ പറഞ്ഞ ഒരു അനുഭവത്തില്‍ ഇസ്ലാമാഫോബിയ കണ്ടുപിടിക്കുന്നത് ഏത് മട്ടിലാണ് ഹിന്ദുത്വ പ്രതിരോധമാകുന്നത് എന്നതാണ് മനസ്സിലാകാത്തത്.

നിഖിലാ വിമലിന്റെ പ്രസ്താവനയെ എതിര്‍ക്കാന്‍ ചില മുസ്ലീം സംഘടന നേതാക്കള്‍ ഉന്നയിക്കുന്ന വാദം സെഗ്രഗേഷനും ഡിസ്‌ക്രിമിനേഷനും രണ്ടാണെന്ന് വാദം ഉയര്‍ത്തിയാണ്. ലോകത്തെ നീതിയ്ക്കു വേണ്ടിയുള്ള പോരാട്ടങ്ങളില്‍ മാറ്റിനിര്‍ത്തലിനെതിരെ കൂടിയായിരുന്നുവെന്ന കാര്യമൊന്നും മതങ്ങളിലെ പുരുഷാധിപത്യക്രമത്തെ ന്യായീകരിക്കുന്ന തിരക്കില്‍ 'ബുദ്ധിജീവി'കള്‍ മറന്നുപോകുന്നത്. ദക്ഷിണാഫ്രിക്കയില്‍ വെളളക്കാര്‍ക്ക് മാത്രമായി തീവണ്ടികളില്‍ സീറ്റുകള്‍ പരിമിതപ്പെടുത്തിയതിന് എതിരെയായിരുന്നു ഗാന്ധിജി സമരം ചെയ്തത്. ആഫ്രോ അമേരിക്കന്‍ വംശജരെ പലയിടത്തുനിന്നും മാറ്റിനിര്‍ത്തുന്നതിനെതിരെ കൂടിയായിരുന്നു അമേരിക്കയിലെ നീതിയ്ക്ക് വേണ്ടിയുള്ള പോരാട്ടം. അമേരിക്കന്‍ സിവില്‍ സൊസൈറ്റി മൂവ്മെന്റിന്റെ ഏറ്റവും നിര്‍ണായക പോരാട്ടം നടത്തിയ റോസാ പാര്‍ക്ക്‌സിനെയൊന്നും ഇവര്‍ ഇപ്പോള്‍ ഓര്‍ത്തെടുക്കുക പോലുമില്ല. സ്ത്രീകള്‍ എവിടെയിരിക്കണമെന്നത് അവര്‍ കൂടി തീരുമാനിച്ചിട്ടാണെന്നാണ് ഇവര്‍ വാദിക്കുന്നത്.

ശബരിമല വിധിയുടെ കാലത്ത് റെഡി ടു വെയ്റ്റ് വാദവുമായി പുരുഷ്യാധിപത്യ മൂല്യങ്ങള്‍ പേറുന്ന സവര്‍ണസ്ത്രീകള്‍ എടുത്ത നിലപാടിന്റെ മറ്റൊരു വശമാണിത്. ഇങ്ങനെയൊക്കെ ആവുമ്പോഴും, നമ്മുടെ സമൂഹത്തില്‍ ഉയര്‍ന്നുവരുന്ന മുസ്‌ലീം വിമര്‍ശനങ്ങള്‍ ഏറ്റവും കൂടുതല്‍ ആയുധമാക്കുന്നത് ഹിന്ദുത്വ വാദികളാണെന്നത് സത്യമാണ്. ഇരകളാകാന്‍ വിധിക്കപ്പെട്ട ഒരു സമൂഹത്തിനെതിരെ ഉയര്‍ത്തുന്ന വിമര്‍ശനങ്ങള്‍ അതുകൊണ്ട് തന്നെ അലസമായി പോകരുതെന്നതും പ്രധാനമാണ്. എന്നാല്‍ നിഖിലാ വിമല്‍ പലകാര്യങ്ങളും പറഞ്ഞ കൂട്ടത്തില്‍ പറഞ്ഞ ഒരു അനുഭവത്തില്‍ ഇസ്ലാമാഫോബിയ കണ്ടുപിടിക്കുന്നത് ഏത് മട്ടിലാണ് ഹിന്ദുത്വ പ്രതിരോധമാകുന്നതെന്നതാണ് മനസ്സിലാകാത്തത്.

മുസ്ലീം സമൂഹത്തില്‍ മാത്രമല്ല, ഏത് സമൂഹത്തിലും നീതിയ്ക്കും തുല്യതയ്ക്കും പുരുഷാധിപത്യത്തിനുമെതിരായ ചെറുത്തുനില്‍പ്പുകള്‍ അതത് സമൂഹത്തില്‍നിന്ന് തന്നെയാണ് തുടങ്ങേണ്ടത്. അതിന്റെ അര്‍ത്ഥം ഒരു ബഹുസ്വര സമൂഹത്തില്‍ 'മറ്റുള്ള'വരുടെ കാര്യത്തില്‍ വേറെ ആരും അഭിപ്രായം പറയരുതെന്നല്ല. അങ്ങനെ സമൂഹത്തെ ഒരു അടഞ്ഞയിടമായി നിര്‍ത്താന്‍ ചില കൊടും യാഥാസ്ഥിതികര്‍ ശ്രമിക്കുന്നുണ്ട്. അവരും കൂടിയാണ് ഹിന്ദുത്വത്തിന് ഇസ്ലാമോഫോബിയയുടെ ആയുധങ്ങള്‍ നല്‍കുന്നത്. സ്ത്രീകള്‍ക്ക് മാത്രമായി ഇരിപ്പിടം നല്‍കുന്നതിനെ ന്യായീകരിക്കാന്‍ പുരുഷന്മാര്‍ക്കുവേണ്ടി മാത്രമല്ലേ ലോകകപ്പ് ഫുട്‌ബോള്‍ നടത്തുന്നുവെന്ന് ചോദിക്കുന്ന, അതിബുദ്ധിമാന്മാരായി നടിക്കുന്ന സങ്കുചിത വാദികള്‍ ഈ സമൂഹത്തെ എങ്ങോട്ടുകൊണ്ടുപോകുമെന്നാണ് പറയുന്നത്?

logo
The Fourth
www.thefourthnews.in