നമ്മള്‍ ഐശ്വര്യാ റായിയുടെ തീവ്രാരാധകരായി 
തുടരുമ്പോള്‍

നമ്മള്‍ ഐശ്വര്യാ റായിയുടെ തീവ്രാരാധകരായി തുടരുമ്പോള്‍

നാൽപ്പത്തിയൊമ്പതിന്റെ ചെറുപ്പത്തിൽ ഐശ്വര്യ റായി
Updated on
3 min read

മണിരത്‌നത്തിന്റെ പൊന്നിയിന്‍ സെല്‍വനില്‍ വല്ലവരയ്യന്‍ വന്തിയതേവന്‍ പഴുവൂര്‍ രാജ്ഞി നന്ദിനിയെ ആദ്യമായി കാണുന്ന രംഗമുണ്ട്. പല്ലക്കിലേറിയാണ് പഴുവൂര്‍ രാജ്ഞിയുടെ യാത്ര. അകത്തിരിക്കുന്നത് ഒരു അഭൗമ സൗന്ദര്യമാണെന്ന് വന്തിയതേവന് അറിയാം. പക്ഷേ പല്ലക്കിനൊപ്പം ഓടിയിട്ടും ആ കാഴ്ച സാധ്യമാകുന്നില്ല. പല്ലക്കിന്റെ വിരി കാറ്റില്‍ തെല്ല് മാറി അകത്തിരിക്കുന്നയാളെ കാണാന്‍ അയാള്‍ ഓട്ടം തുടരുന്നുണ്ട്. വന്തിയതേവനോടൊപ്പം പ്രേക്ഷകരുടെ ആകാംക്ഷയും സഞ്ചരിക്കുന്നു. പല്ലക്കിന്റെ സഞ്ചാരം നിലച്ച് ജനാലവിരിക്കു പിറകില്‍ നിന്ന് ആ കണ്ണുകളും മുഖവും തെളിയുന്നതോടെ ഒരു നിമിഷ നേരത്തേക്ക് വന്തിയതേവന്റെയും നമ്മുടെയും ശ്വാസഗതി ഒരുപോലെ നിലയ്ക്കുന്നു. കണ്ണെടുക്കാനാകാതെ നോക്കിയിരുന്നു പോകുന്നു. ആ വശ്യ രാജസ സൗന്ദര്യത്തില്‍ ഒരിക്കല്‍കൂടി നമ്മള്‍ വിഭ്രമിച്ചു പോകുന്നു. ഒരു വേള സ്ഥലകാലമെല്ലാം നഷ്ടമായി ഒറ്റയിടത്തേക്കു മാത്രം ശ്രദ്ധ ഒതുങ്ങിയൊതുങ്ങി ചുരുങ്ങുന്നു. അതിനിടെ എത്ര കാലം കടന്നുപോയി, എത്ര മാറ്റങ്ങളുണ്ടായി, എന്നിട്ടും തെല്ലും ഒളിമങ്ങാതെ, തേജസ്സ് കെടാതെ, അനന്തമനന്തകാലത്തേക്കു കാത്തുവയ്ക്കാവുന്ന സൗന്ദര്യാരാധന

ഒരു പെണ്ണിന്റെ സൗന്ദര്യത്തെ 'ഐശ്വര്യറായിയെ പോലെ' എന്നാണ് പോയ രണ്ടര പതിറ്റാണ്ടുകള്‍ അളന്നത്

ഇരുപത്തഞ്ചാണ്ട് പിറകിലേക്ക് സഞ്ചരിക്കുമ്പോള്‍ മറ്റൊരു മണിരത്‌നം ചിത്രം. ഇരുവര്‍. 'ഹലോ മിസ്റ്റര്‍ എതിര്‍കച്ചി' എന്ന പാട്ടിനൊപ്പം കല്‍പ്പനയുടെ നൃത്തം ആനന്ദന്‍ കാണുന്നു. ആ സൗന്ദര്യം അയാളെ മറ്റൊരു തലത്തിലേക്കും ആരാധനയിലേക്കും കൊണ്ടുപോകുന്നുണ്ട്. ആ ചുവടുകളും സൗന്ദര്യവും ആനന്ദന്റെ ജീവിതം തന്നെ മാറ്റിമറിയ്ക്കുന്നു.

നായക കഥാപാത്രങ്ങള്‍ക്ക് ഐശ്വര്യാ റായിയുടെ നായികയോട് തോന്നിയ അതേ കൗതുകവും ആരാധനയും നമുക്കും തോന്നി

ഈ രണ്ട് മണിരത്‌നം സിനിമകള്‍ക്കിടയില്‍ ഇരുപത്തഞ്ചാണ്ട് കടന്നുപോയിരിക്കുന്നു. കല്‍പ്പനയില്‍ നിന്ന് നന്ദിനിയിലേക്കും ഇരുപത്തഞ്ചാണ്ടിന്റെ ദൂരമുണ്ട്. ഐശ്വര്യ റായിയുടെ പ്രായം അന്നത്തെ ഇരുപത്തിനാലില്‍ നിന്ന് അമ്പതിലേക്കുള്ള പ്രവേശത്തിലാണ്. പക്ഷേ പ്രായം സൗന്ദര്യത്തെ തെല്ലും ബാധിച്ചിട്ടില്ല. ഇരുപത്തിനാലിന്റെ ചെറുപ്പമായിരുന്നു ഇരുവറില്‍. പൊന്നിയിന്‍ സെല്‍വനിലേക്ക് എത്തുമ്പോള്‍ യൗവ്വനം വിട്ടുപോകാന്‍ മടിച്ച് 'ചെറുതായില്ല ചെറുപ്പം' എന്ന മട്ടില്‍ ശരീരത്തിലത് പ്രത്യക്ഷമാകുന്നു. അങ്ങനെ നമ്മള്‍ ഇരുപത്തഞ്ചാണ്ടിനിപ്പുറവും ഐശ്വര്യാ റായിയുടെ തീവ്ര സൗന്ദര്യാരാധകരായി നമ്മളും തുടര്‍ന്നു പോരുന്നു

തനതായ അഭിനയ മികവില്‍ തനിക്ക് ലഭിച്ച കഥാപാത്രങ്ങളില്‍ മികവു കാട്ടാന്‍ ഐശ്വര്യക്കാകുന്നു

കടന്നുപോയ രണ്ടര പതിറ്റാണ്ടിനിടയില്‍ എത്രയധികം കഥാപാത്രങ്ങളായി അവരെ നമ്മള്‍ കണ്ടിരിക്കുന്നു. നായക കഥാപാത്രങ്ങള്‍ക്ക് ഐശ്വര്യാ റായിയുടെ നായികയോട് തോന്നിയ അതേ കൗതുകവും ആരാധനയും നമുക്കും തോന്നി. ഇക്കാലയളവില്‍ ഇന്ത്യന്‍ സിനിമയിലെയും ജീവിതത്തിലെയും സൗന്ദര്യസങ്കല്‍പ്പത്തിന്റെ അവസാനവാക്കായി ഐശ്വര്യാ റായ് മാറി. ഒരു പെണ്ണിന്റെ സൗന്ദര്യത്തെ 'ഐശ്വര്യറായിയെ പോലെ' എന്നാണ് പോയ രണ്ടര പതിറ്റാണ്ടുകള്‍ അളന്നത്. ലോകസുന്ദരി പട്ടത്തിനായുള്ള മത്സരത്തില്‍ വിജയികളായ മറ്റു പല സുന്ദരിമാരും വാര്‍ത്തയില്‍ നിന്നും സൗന്ദര്യാരാധനയില്‍ നിന്നും മോഡലിംഗ്, ചലച്ചിത്ര മേഖലകളില്‍ നിന്നും ചുരുക്കം ചില വര്‍ഷങ്ങള്‍ കൊണ്ട് പിന്മാറ്റപ്പെട്ടപ്പോഴും അഴകളവുകള്‍ തുല്യം ചാര്‍ത്തിയ ഐശ്വര്യറായ് എന്ന സുന്ദരിയെ കണ്ടുമതിയാകാന്‍ ലോകം കൂട്ടാക്കിയില്ല.

കഥകളില്‍ വായിച്ച് സങ്കല്‍പ്പിച്ചുപോന്ന രാജകുമാരിയെയാണ് നേര്‍ക്കാഴ്ചയിലും വെള്ളിത്തിരയിലും അവര്‍ പൂര്‍ണതയിലെത്തിച്ചത്

1990 കളുടെ രണ്ടാം പകുതി തൊട്ട് ഇന്ത്യന്‍ സ്ത്രീസൗന്ദര്യ സങ്കല്‍പ്പത്തിന്റെ അവസാനവാക്കെന്ന പൊന്‍തൂവല്‍ അലങ്കരിക്കുമ്പോള്‍ തന്നെയും തനതായ അഭിനയ മികവില്‍ തനിക്ക് ലഭിച്ച കഥാപാത്രങ്ങളില്‍ കൂടി മികവു കാട്ടാന്‍ ഐശ്വര്യക്കായി. ഇതിനുള്ള അംഗീകാരമാണ് രണ്ടര പതിറ്റാണ്ട് പിന്നിടുമ്പോഴും ഇന്ത്യന്‍ സിനിമാ വ്യവസായത്തിലെ വിലപിടിപ്പുള്ള താരമായി അവര്‍ തുടരുന്നത്.

പുരാണ, ചരിത്രേതിഹാസങ്ങളിലെ രാജകുമാരിയുടെ രൂപമാണ് ഐശ്വര്യാ റായിക്ക്. കഥകളില്‍ വായിച്ച് സങ്കല്‍പ്പിച്ചുപോന്ന രാജകുമാരിയെയാണ് നേര്‍ക്കാഴ്ചയിലും വെള്ളിത്തിരയിലും അവര്‍ പൂര്‍ണതയിലെത്തിച്ചത്. അതുകൊണ്ടാണ് സഞ്ജയ് ലീല ബന്‍സാലി ഹം ദില്‍ ദേ ചുക് ദേ സനവും ദേവദാസും, അശുതോഷ് ഗോവര്‍കര്‍ ജോധാ അക്ബറും, മണിരത്‌നം ഇരുവറും രാവണും പൊന്നിയിന്‍ സെല്‍വനും ചിന്തിക്കുമ്പോള്‍ നായികയായി ഐശ്വര്യറായ് എന്ന തെരഞ്ഞെടുപ്പിലേക്ക് എളുപ്പത്തില്‍ എത്തിച്ചേരുന്നത്. പിരീഡ് സിനിമകളെ കുറിച്ച് ആലോചിക്കുമ്പോള്‍ തന്നെ അതിലെ സുപ്രധാന കഥാപാത്രമായി സങ്കല്‍പ്പിക്കാനും അതിന് സ്വാഭാവികത നല്‍കാന്‍ കഴിയുന്ന മുഖവും ശരീരഭാഷയുമാണ് ഐശ്വര്യ റായിയുടേത്. ഐശ്വര്യയുടെ ആദ്യസിനിമയായ ഇരുവറും കരിയറില്‍ വഴിത്തിരിവായ ഹം ദില്‍ ദേ ചുക് ദേ സനവും ശ്രദ്ധേയ പ്രകടനങ്ങള്‍ നടത്തിയ ദേവദാസ്, ഗുരു, ജോധാ അക്ബര്‍ എന്നിവയെല്ലാം പിരീഡ് മൂവികളുടെയോ അതിനോട് സാമ്യപ്പെടുത്താവുന്നതോ ആയ ഈ പ്രത്യേകതകളും പശ്ചാത്തലവും പിന്തുടരുന്നവയാണ്

പിരീഡ് സിനിമകളെ കുറിച്ച് ആലോചിക്കുമ്പോള്‍ തന്നെ അതിലെ സുപ്രധാന കഥാപാത്രമായി സങ്കല്‍പ്പിക്കാനും അതിന് സ്വാഭാവികത നല്‍കാന്‍ കഴിയുന്ന മുഖവും ശരീരഭാഷയുമാണ് ഐശ്വര്യ റായിയുടേത്

ഷങ്കറിന്റെ ജീന്‍സില്‍ നായകന്‍ സപ്താത്ഭുതങ്ങളെ കുറിച്ച് പാടി എട്ടാമത്തെ അത്ഭുതമായി കണക്കാക്കുന്നത് തന്റെ പ്രണയിനിയെ തന്നെയാണ്. ഈ പ്രണയിനിയുടെ മുഖം ഐശ്വര്യ റായിയുടേതാകുമ്പോള്‍ കാണികള്‍ക്കും അതിശയോക്തി തോന്നാനിടയില്ല. ഷങ്കറിന്റെ തന്നെ എന്തിരനില്‍ യന്ത്രമനുഷ്യനില്‍ പോലും പ്രണയമെന്ന വികാരം സൃഷ്ടിക്കാന്‍ ഐശ്വര്യയുടെ സൗന്ദര്യത്തിനാകുന്നുണ്ട്.

രാജീവ് മേനോന്റെ കണ്ടുകൊണ്ടേന്‍ കണ്ടുകൊണ്ടേനും മണിരത്‌നത്തിന്റെ ഗുരുവും ആണ് ഗാനങ്ങളിലുള്‍പ്പെടെ ഐശ്വര്യയുടെ സൗന്ദര്യം പുറത്തുകൊണ്ടുവന്ന മറ്റു ചിത്രങ്ങള്‍

കല്‍പ്പിതകഥയാണെങ്കില്‍ പോലും ഒരു വേള അത് വിശ്വസനീയമെന്നു തോന്നിക്കുന്നത് ഈ സൗന്ദര്യം ഒന്നു തന്നെയാണ്. സുഭാഷ് ഗായുടെ താല്‍ കരിയറിന്റെ തുടക്കത്തില്‍ ഏറെ ശ്രദ്ധിക്കപ്പെട്ട ഐശ്വര്യ ചിത്രമാണ്. ഹം ദില്‍ ദേ ചുകേ സനത്തിനു ശേഷം പാട്ടുകളില്‍ ഉള്‍പ്പെടെ ഐശ്വര്യ റായുടെ സൗന്ദര്യം ഏറ്റവുമധികം ചൂഷണം ചെയ്ത സിനിമയാണ് താല്‍. രാജീവ് മേനോന്റെ കണ്ടുകൊണ്ടേന്‍ കണ്ടുകൊണ്ടേനും മണിരത്‌നത്തിന്റെ ഗുരുവും ആണ് ഗാനങ്ങളിലുള്‍പ്പെടെ ഐശ്വര്യയുടെ സൗന്ദര്യം പുറത്തുകൊണ്ടുവന്ന മറ്റു ചിത്രങ്ങള്‍. ജോധാ അക്ബറില്‍ മഹാറാണി ജോധയും രാവണില്‍ രാമായണ കഥാപാത്രം സീതയെ അവലംബമാക്കിയുള്ള രാഗിണിയും ഐശ്വര്യയുടെ സൗന്ദര്യത്തെ ക്യാമറ സൂക്ഷ്മമായി പകര്‍ത്തിയവയാണ്. 2016 ല്‍ പുറത്തിറങ്ങിയ കരണ്‍ ജോഹറിന്റെ യേ ദില്‍ ഹേ മുഷ്‌കില്‍ ഐശ്വര്യയുടെ ചോര്‍ന്നുപോയിട്ടില്ലാത്ത സൗന്ദര്യത്തെ സാക്ഷ്യപ്പെടുത്തി അടുത്ത കാലത്ത് വന്ന സിനിമയാണ്.

25 വര്‍ഷത്തിനിടെ 5 ഭാഷകളിലായി അമ്പതോളം സിനിമകളില്‍ ഐശ്വര്യറായ് അഭിനയിച്ചു. പക്ഷേ ഈ കണക്കുകള്‍ക്കപ്പുറത്താണ് സൗന്ദര്യം കൊണ്ട് അവര്‍ തീര്‍ത്ത കരിസ്മ. കേവലം ഒരു സിനിമാ നായികാസങ്കല്‍പ്പത്തിലോ മോഡലിലോ ഒതുങ്ങി നില്‍ക്കാത്തതാണ് ഐശ്വര്യാ റായിയുടെ സൗന്ദര്യം. അതുകൊണ്ടു തന്നെ പ്രകൃതിയുടെ പരിപൂര്‍ണതയുള്ളതയുള്ള സൗന്ദര്യസൃഷ്ടിയെന്നോ കാലാന്തരങ്ങളില്‍ മാത്രം സാധ്യമായേക്കാവുന്ന വിസ്മയമെന്നോ ഐശ്വര്യ റായ് എന്ന പേരിനെ ചേര്‍ത്തു വിശേഷിപ്പിക്കുന്നതില്‍ അതിശയോക്തിയില്ല

logo
The Fourth
www.thefourthnews.in