ഹിറ്റ്‌ലറും തിരഞ്ഞെടുപ്പ് കാലത്തെ മോദിയും, ഒടുവിൽ ധ്യാന തന്ത്രവും
നരേന്ദ്ര മോദി വീണ്ടും ധ്യാനത്തിന് പോകുകയാണ്. 2019 ല്‍ ഉത്തരാഖണ്ഡിലാണ് നേരത്തെ സര്‍വ സൗകര്യങ്ങളോടും തയാറാക്കി വച്ച, ഗുഹയില്‍ അദ്ദേഹം ധ്യാനം ഇരുന്നതെങ്കില്‍ ഇത്തവണ കന്യാകുമാരിയിലാണ്. എന്തൊക്കെ കാര്യങ്ങളാണ് കന്യാകുമാരിയിലെ വിവേകാനന്ദ പാറയില്‍ ഒരുക്കിയിട്ടുള്ളതെന്ന് ഇതുവരെ വ്യക്തമായിട്ടില്ല. അഞ്ച് വര്‍ഷം കൂടുമ്പോള്‍ അവസാനഘട്ട പ്രചാരണം അവസാനിച്ച ഉടനാണ് ധ്യാനത്തിന് നല്ല സമയമായി മോദി തിരഞ്ഞെടുക്കാറുളളത്. പരസ്യ പ്രചാരണം അവസാനിച്ചാലും, പിന്നീടും തന്നിലേക്ക് ക്യാമറയും മാധ്യമ ശ്രദ്ധയും ഉറപ്പുവരുത്തിക്കൊണ്ടുള്ള ഒരു പ്രത്യേക തരം ധ്യാനമാണ് മോദി കഴിഞ്ഞ തവണ നടത്തിയത്. ഇത്തവണയും അതിന് മാറ്റമുണ്ടാകില്ല. ഈ വേഷപ്രച്ഛന്ന പ്രചാരണത്തിന് തിരഞ്ഞെടുപ്പ് കമ്മീഷന്റെ അനുമതിയുണ്ടാകും. 'ദൈവം പ്രത്യേകമായി തിരഞ്ഞെടുത്തതാണ് തന്നെ' എന്ന വലിയ വെളിപ്പെടുത്തലിന് ശേഷമാണ് മോദിയുടെ ഇത്തവണത്തെ ധ്യാനം.
ഈ തിരഞ്ഞെടുപ്പ് കാലത്ത്, ഇന്ത്യന്‍ പ്രധാനമന്ത്രിയുടെ പ്രസംഗങ്ങള്‍, അഭിമുഖങ്ങള്‍ ഇന്ത്യന്‍ ജനാധിപത്യത്തെക്കുറിച്ച് എന്താണ് യഥാര്‍ത്ഥത്തില്‍ പറയുന്നത്. 75 വര്‍ഷത്തെ ചരിത്രം ഉണ്ടായിട്ടും ഇന്ത്യയില്‍ ജനാധിപത്യം ഏത് രീതിയിലാണ് പ്രവര്‍ത്തിക്കുന്നതെന്നതിന്റെ വ്യക്തമായ അടയാളങ്ങളാണ് തിരഞ്ഞെടുപ്പ് വേളയില്‍ പ്രധാനമന്ത്രി നടത്തിയ പ്രസംഗങ്ങളും അഭിമുഖങ്ങളും.
സ്വതന്ത്ര ഇന്ത്യയുടെ രാഷ്ട്രീയത്തില്‍ ഏതെങ്കിലും ഒരു നേതാവ് താന്‍ ദൈവത്താല്‍ തിരഞ്ഞെടുക്കപ്പെട്ടവനാണെന്ന് പറഞ്ഞിട്ടുണ്ടെന്ന് തോന്നുന്നില്ല. നേരത്തെ പാകിസ്താനെതിരായ യുദ്ധത്തില്‍ ഇന്ത്യ വിജയിച്ചപ്പോള്‍ അന്നത്തെ പ്രധാനമന്ത്രി ഇന്ദിരാഗാന്ധിയെ ചിലര്‍ 'ദുര്‍ഗാ ദേവി' എന്നു വിശേഷിപ്പിച്ചിട്ടുണ്ട്. അങ്ങനെ വിശേഷിപ്പിച്ചവരില്‍ പ്രധാനി എ ബി വാജ്‌പേയിയായിരുന്നു
ഭരണം ദൈവഹിതമാണെന്ന് രാജാക്കന്മാരുടെ യുക്തി ഉപയോഗിച്ച് തന്റെ അധികാരാസക്തിയ്ക്ക് നീതികരണം ചമച്ച സ്വതന്ത്ര ഇന്ത്യയിലെ ആദ്യത്തെ ഭരണാധികാരിയെന്ന നിലയില്‍ കൂടിയാവും നരേന്ദ്ര മോദി അറിയപ്പെടുക. ചെറുബാല്യത്തിലെ മുതലയെ മെരുക്കിയെടുത്തവനാണ് മോദിയെന്ന കഥയാണ് 2014 മുതല്‍ കേട്ടത്. തന്നില്‍ കല്‍പ്പിച്ച അനിതര സാധാരണ വൈഭവത്തിന് മോദി തന്നെ ന്യായം ചമയ്ക്കുന്നതാണ് ഈയടുത്ത് ഒരു ടെലിവിഷന്‍ ചാനല്‍ അഭിമുഖത്തില്‍ കണ്ടത്. താന്‍ ഒരു സാധാരണ മനുഷ്യന്‍ അല്ല. തന്റെത് ഒരു സാധാരണ ബയോളജിക്കല്‍ ജന്മം അല്ല. 'എനിയ്ക്ക് ഉറപ്പാണ് എന്നെ പ്രത്യേക ഉദ്ദേശ്യത്തിന് വേണ്ടി ദൈവം തിരഞ്ഞെടുത്തതാണെന്ന്. ദൈവം അവന്റെ ഉദ്ദേശ്യങ്ങള്‍ വെളിപ്പെടുത്തുന്നില്ല. എന്നെകൊണ്ട് ചില കാര്യങ്ങള്‍ ചെയ്യിക്കുകയാണ്.' തന്നിലുള്ള ഊര്‍ജ്ജം സാധാരണ മനുഷ്യ ജന്മത്തിന്റെതല്ല, അത് ദൈവം നല്‍കിയതാണെന്നാണ് അദ്ദേഹം കരുതുന്നു.
സ്വതന്ത്ര ഇന്ത്യയുടെ രാഷ്ട്രീയത്തില്‍ ഏതെങ്കിലും ഒരു നേതാവ് താന്‍ ദൈവത്താല്‍ തിരഞ്ഞെടുക്കപ്പെട്ടവനാണെന്ന് പറഞ്ഞിട്ടുണ്ടെന്ന് തോന്നുന്നില്ല. നേരത്തെ പാകിസ്താനനെതിരായ യുദ്ധത്തില്‍ ഇന്ത്യ വിജയിച്ചപ്പോള്‍ അന്നത്തെ പ്രധാനമന്ത്രി ഇന്ദിരാഗാന്ധിയെ ചിലര്‍ ദുര്‍ഗാ ദേവി എന്നുവിശേഷിപ്പിച്ചിട്ടുണ്ട്. അങ്ങനെ വിശേഷിപ്പിച്ചവരില്‍ പ്രധാനി എ ബി വാജ്‌പേയിയായിരുന്നു. പിന്നീട് ഇന്ത്യ തന്നെയാണ് ഇന്ദിരയെന്ന് ചില കോണ്‍ഗ്രസുകാര്‍ വിശേഷിപ്പിച്ചു. അടിയന്തരാവസ്ഥ കാലത്ത്.
ദൈവം ജര്‍മ്മന്‍കാരനാണെന്നായിരുന്നു അഡോള്‍ഫ് ഹിറ്റ്‌ലര്‍ വിശ്വസിച്ചത്. 'ഞാന്‍ ദൈവത്തില്‍ വിശ്വസിക്കുന്നു, സവിശേഷ ജര്‍മ്മന്‍ ദൈവത്തില്‍', അയാള്‍ ഒരിക്കല്‍ പറഞ്ഞു. വധശ്രമത്തില്‍നിന്ന് രക്ഷപ്പെട്ടപ്പോള്‍ (1944-ല്‍) ഹിറ്റ്‌ലര്‍ പറഞ്ഞത് തന്നെ ചില ലക്ഷ്യങ്ങള്‍ പുര്‍ത്തിയാക്കാന്‍ ദൈവമാണ് രക്ഷിച്ചതെന്നാണ്. ഹിറ്റ്‌ലറിന്റെ ഈ വാക്കുകള്‍ മോദിയുടെതിന് അടുത്തുനില്‍ക്കും. 80 വര്‍ഷങ്ങള്‍ കഴിഞ്ഞിട്ടും മെഗളോമാനിയിക്കുകളുടെ തോന്നലുകള്‍ എത്രമാത്രം സമാനമാണെന്ന് തോന്നാം.
ദൈവത്തിന്റെ വാക്കുകള്‍ കേട്ട് മോദി എന്തൊക്കെ ചെയ്തിട്ടുണ്ടാവും? ഗുജറാത്തില്‍ മുസ്ലീങ്ങള്‍ കൂട്ടുക്കുരുതിയ്ക്ക് ഇരയായപ്പോള്‍ 'രാജധര്‍മ്മം' പാലിക്കാതിരുന്നതുമുതല്‍ ( വാജ്‌പേയി അന്ന് മോദിയെ കുറ്റപ്പെടുത്തിയത് ഈ വാക്കുപയോഗിച്ചായിരുന്നു), മുസ്ലീങ്ങള്‍ കുടിയേറ്റക്കാരാണെന്നും പറഞ്ഞതും കോണ്‍ഗ്രസുകാര്‍ അധികാരത്തില്‍ വന്നാല്‍ അയോധ്യയിലെ ക്ഷേത്രം ബുള്‍ഡോസര്‍ വെച്ച് തകര്‍ക്കുമെന്ന് പറഞ്ഞതും ഹിന്ദുക്കളുടെ സമ്പാദ്യം മുസ്ലീങ്ങള്‍ക്ക് നല്‍കുമെന്ന് പറഞ്ഞതുമെല്ലാം ആ ദൈവം ചെയ്യിച്ചതായിരിക്കുമോ. ഹിറ്റ്‌ലര്‍ ദൈവം ജര്‍മ്മന്‍ ആണെന്ന് പറഞ്ഞതുപോലെ, മോദിയുടെ ദൈവം ആര്‍എസ്എസുകാരനായ വര്‍ഗീയ വാദിയായിരിക്കുമോ?
ആശയങ്ങളുടെ സംഘര്‍ഷമായിരിക്കും തിരഞ്ഞെടുപ്പു വേളയില്‍ ഉണ്ടാവുകയെന്ന ജനാധിപത്യത്തെക്കുറിച്ചുള്ള യാഥാസ്ഥിതിക ധാരണയൊക്കെ ഇന്ത്യ തിരുത്തിയിട്ട് കാലം കുറയേയി. പഞ്ചവത്സര പദ്ധതികളെക്കുറിച്ചും വികസന രീതികളെക്കുറിച്ചുമൊക്കെയാണ് നെഹ്‌റുവിനെ പോലുള്ള നേതാക്കള്‍ തിരഞ്ഞെടുപ്പ് വേളകളില്‍ സംസാരിച്ചിരുന്നതെന്നത് ചരിത്ര പുസ്തകത്തിലെ കഥകള്‍ മാത്രമായി ചുരുങ്ങി. റമദാന്‍ മാസത്തില്‍ ഇസ്രയേലിനെക്കൊണ്ട് വെടിനിര്‍ത്തിച്ചവനാണ് താനെന്ന് പറയുന്ന മോദിയേയും ലോകം കണ്ടു. സത്യാനന്തര ലോകം ഒരു വ്യക്തിയിലേക്ക് ചുരുങ്ങുകയാണെങ്കില്‍ അതാണ് നരേന്ദ്ര മോദിയെന്ന് തെളിയിച്ച കാലം കൂടിയാണ് ഈ തിരഞ്ഞെടുപ്പ് സമയം.
സ്വയം വീരനെന്ന് വിശേഷിപ്പിച്ച ഒരു വര്‍ഗീയവാദിയാണ് മോദിയടക്കമുള്ള സംഘ്പരിവാറുകാരുടെ ആചാര്യപുരുഷന്‍. ഗാന്ധിയെ കൊലപ്പെടുത്തിയ കേസില്‍ പ്രതിയാക്കപ്പെട്ട് തെളിവില്ലെന്ന് പറഞ്ഞ് വിട്ടയക്കപ്പെട്ട വിഡി സവര്‍ക്കര്‍. അയാള്‍ തന്നെ കള്ളപേരില്‍ എഴുതിയ പുസ്തകത്തിലാണ് സവര്‍ക്കര്‍ എന്ന തന്റെ പേരിന് മുന്‍പില്‍ വീര എന്ന് ചേര്‍ത്തത് എന്ന് ലോകം മനസ്സിലാക്കിയത് പിന്നീടാണ്. അങ്ങനെ സത്യം ചെരുപ്പിട്ട് ലോകത്തെ വാസ്തവം അറിയിക്കാന്‍ തുടങ്ങിയപ്പോഴും 'വീര' എന്നത് അയാളുടെ പേരിന് മുന്നില്‍ വിളക്കി ചേര്‍ക്കപ്പെട്ടിരുന്നു.
ഈ ചരിത്രത്തിനും ചരിത്രത്തിലൊരു പൂര്‍വ മാതൃകയുണ്ട്. ബാലനായ നരേന്ദ്രന്റെ വീരസാഹിസിക കഥകള്‍ ആദ്യം മുതലപിടുത്തവുമായി ബന്ധപ്പെട്ടും പിന്നീട് രാജ്യത്തെ രക്ഷിക്കാനുള്ള ദൈവ പുരുഷനായും വന്നത് പോലൊരു കഥ. അതും ഹിറ്റ്‌ലറുമായി ബന്ധപ്പെട്ട്. ഹിറ്റ്‌ലറിനെ ക്രിസ്തുവിന്റെ അവതാരമായി അവതരിപ്പിച്ചുകൊണ്ട് ഒരു പുസ്തകം ജര്‍മ്മനിയില്‍ പുറത്തിറങ്ങിയത് 1920-കളിലാണ്. അയാളുടെ പ്രസംഗങ്ങളൊക്കെ ചേര്‍ത്ത് ജീവചരിത്ര മാതൃകയില്‍ ഒരു പുസ്തകം. ജര്‍മ്മനിയുടെ രക്ഷകനാണ് ഹിറ്റ്‌ലര്‍ എന്നതായിരുന്നു Adolf Hitler, His time and his speeches എന്ന പുസ്തകത്തിന്റെ ലക്ഷ്യം. വിക്ടര്‍ വോണ്‍ കോയെര്‍ബര്‍ എന്ന യുദ്ധകാലത്തെ ഒരു വീര പുരുഷന്റെ പേരിലായിരുന്നു ഈ പുസതകം പ്രസിദ്ധീകരിക്കപ്പെട്ടത്. എന്നാല്‍, ഇതെഴുതിയത് ഹിറ്റ്‌ലര്‍ തന്നെയാണെന്നാണ് ചരിത്രകാരനായ തോമസ് വെബര്‍ ചില രേഖകളുടെ അടിസ്ഥാനത്തില്‍ സ്ഥാപിക്കുന്നത്. അതായത് സ്വയം ദൈവമായും വീരനായും അവതരിപ്പിക്കുന്ന, സവര്‍ക്കറിലും, പിന്നീട് മോദിയിലും കണ്ട പ്രവണതയുടെ തുടക്കവും അഡോള്‍ഫ് ഹിറ്റ്ലറില്‍ നിന്നുതന്നെ.
മോദി ധ്യാനമിരിക്കാന്‍ പോകുന്ന വിവേകാനന്ദ പാറ, പൊതു പിന്തുണ ഉറപ്പാക്കി, ഹിന്ദുത്വം നിര്‍മ്മിച്ചെടുത്തതാണ്. ഏകനാഥ് റാനെഡെ എന്ന ആര്‍ എസ് എസുകാരനാണ് ഈ സ്മാരക നിര്‍മ്മിതിയ്ക്ക് മുന്‍കൈയെടുത്തത്. അന്നത്തെ കേന്ദ്ര സര്‍ക്കാരും വിവിധ സംസ്ഥാന സര്‍ക്കാരുകളും ആ നിര്‍മ്മാണത്തിന് സാമ്പത്തിക സംഭാവന നല്‍കി. എന്നാല്‍ അക്കാലത്ത് കേരളം ഭരിച്ചിരുന്ന ഇ എം എസ്സ് സര്‍ക്കാരില്‍നിന്ന് മാത്രം സംഭാവന ലഭിച്ചില്ലെന്ന് റാനെഡ പിന്നീട് പറയുന്നുണ്ട്. അത് മറ്റൊരു ചരിത്ര കൗതുകം.
ഒന്നാം ഘട്ട പോളിങിന് ശേഷം തുടര്‍ച്ചയായി മുസ്ലീം വിരുദ്ധതയും ചെടുപ്പിക്കുന്ന രീതിയില്‍ കള്ളവും തന്‍പോരിമയും നിറഞ്ഞ ഒരു തിരഞ്ഞെടുപ്പ് കാലത്തിന് മോദിയുടെ ധ്യാനമെന്ന കെട്ടുകാഴചയോടെ അവസാനമാകും. നിശബ്ദ പ്രചരണത്തിനായി ധ്യാനം തിരഞ്ഞെടുത്ത തന്ത്രശാലിയെന്ന് മാധ്യമങ്ങള്‍ മോദിയെ വാഴ്ത്തുമായിരിക്കും. വിവേകാകനന്ദ ചിന്തകളില്‍ ഹിന്ദുത്വത്തിന്റെ അടിവേരുകള്‍ സാമൂഹ്യ ശാസ്ത്രകാരന്മാര്‍ നേരത്തെ കണ്ടെത്തിയ സ്ഥിതിയ്ക്ക് കന്യാകുമാരി മോദിയ്ക്ക് ഉചിതമായ സ്ഥലവുമായിരിക്കാം. പക്ഷെ ഇന്ത്യന്‍ ജനാധിപത്യത്തെക്കുറിച്ച് എന്താണ് ഈ തിരഞ്ഞെടുപ്പ് കാലം അവശേഷിപ്പിക്കുന്നത് എന്ന ചോദ്യം മാത്രം അവശേഷിക്കുന്നു.