സോവിയറ്റ് റഷ്യയെ തകര്‍ത്തു എന്നതിനേക്കാള്‍ തകര്‍ക്കാന്‍ വിട്ടു എന്നതാണ് ഗോര്‍ബച്ചേവിനെ കുറിച്ച് പറയുമ്പോള്‍ കൂടുതല്‍ ശരി

സോവിയറ്റ് റഷ്യയെ തകര്‍ത്തു എന്നതിനേക്കാള്‍ തകര്‍ക്കാന്‍ വിട്ടു എന്നതാണ് ഗോര്‍ബച്ചേവിനെ കുറിച്ച് പറയുമ്പോള്‍ കൂടുതല്‍ ശരി

ഗോര്‍ബച്ചേവിന്റെ നിലപാടുകള്‍ ശരിയായിരുന്നെങ്കിലും അവ പ്രാവര്‍ത്തികമാക്കുമ്പോള്‍ സ്വീകരിക്കേണ്ട ജനാധിപത്യപരമായ മുന്‍കരുതലോ ബദലോ ഉണ്ടായില്ല
Updated on
3 min read

കമ്മ്യൂണിസ്റ്റ് നേതാവെന്ന നിലയില്‍ മിഖായേല്‍ ഗോര്‍ബച്ചേവ് എടുത്ത നിലപാടുകള്‍ ശരിയായിരുന്നു. എന്നാല്‍ അവ പ്രാവര്‍ത്തികമാക്കുമ്പോള്‍ സ്വീകരിക്കേണ്ട ജനാധിപത്യപരമായ മുന്‍കരുതലോ ബദലോ ഉണ്ടായില്ല എന്നതാണ് അദ്ദേഹത്തിന്റെ പരാജയം. ജനാധിപത്യവത്കരണം അനിവാര്യമായ ഘട്ടത്തിലാണ് സോവിയറ്റ് യൂണിയനില്‍ അതിനുള്ള പ്രക്രിയകള്‍ക്ക് അദ്ദേഹം തുടക്കമിടുന്നത്. അതിന്റെ അടിസ്ഥാനത്തിലാണ് ഗ്ലാസ്‌നോസ്റ്റും പെരിസ്‌ട്രോയിക്കയും കൊണ്ടുവരുന്നത്. പക്ഷേ, അത് വിജയകരമായി നടപ്പാക്കുന്നതില്‍ അദ്ദേഹം പരാജയപ്പെടുകയാണുണ്ടായത്. യഥാര്‍ത്ഥത്തില്‍ അദ്ദേഹത്തിന്റെ പദ്ധതികള്‍ വിജയിക്കണമെങ്കില്‍, ഇത്തരം പരിഷ്‌കാരങ്ങള്‍ കൊണ്ടുവരുന്നതിനൊപ്പം, സോവിയറ്റ് യൂണിയനെ നിലനിര്‍ത്താന്‍ കഴിയുന്ന കാര്യങ്ങളും ചെയ്യേണ്ടതുണ്ടായിരുന്നു. പക്ഷേ, അത് നടന്നില്ല. അതാണ് ഗോര്‍ബച്ചേവിന് സംഭവിച്ച പ്രധാനപ്പെട്ട പാകപ്പിഴയായി കാണാനാകുന്നത്. വേണ്ടത്ര മുന്നൊരുക്കങ്ങളും ആവശ്യമായ ഗൃഹപാഠവുമൊക്കെ ചെയ്തശേഷമായിരുന്നു ഇതൊക്കെ ചെയ്തിരുന്നതെങ്കില്‍, ഒരു പരിധി വരെ അത് നിലനിര്‍ത്തിക്കൊണ്ടുപോകാന്‍ പറ്റുമായിരുന്നു. സോവിയറ്റ് റഷ്യ എന്ന സംവിധാനത്തെ തകര്‍ത്തു എന്നതിനേക്കാള്‍, തകര്‍ക്കാന്‍ വിട്ടു എന്നതാണ് ഗോര്‍ബച്ചേവിനെ കുറിച്ച് പറയുമ്പോള്‍ കൂടുതല്‍ ശരി.

അദ്ദേഹത്തിന്റെ ജനാധിപത്യ പ്രക്രിയകള്‍ക്കും അത്തരത്തിലുള്ള സംവിധാനങ്ങള്‍ക്കും പിന്തുണ കൊടുക്കേണ്ടതാണ്. അതോടൊപ്പം, ആ സംവിധാനത്തെ നിലനിര്‍ത്തുന്നതിന് ആവശ്യമായിട്ടുള്ള കാര്യങ്ങള്‍ ഗോര്‍ബച്ചേവ് ചെയ്യേണ്ടതുണ്ടായിരുന്നുവെന്നും പറയണം.

ഗോര്‍ബച്ചേവിന്റെ നിലപാടുകള്‍ ശരിയാണെന്ന് തന്നെ വിലയിരുത്താന്‍ പറ്റുകയുള്ളൂ. സോവിയറ്റ് റഷ്യയിലും കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയിലും ജനാധിപത്യവത്കരണം ആവശ്യമായിരുന്നു. സോവിയറ്റ് റഷ്യയുടെ പുനഃരൂപീകരണവും ആവശ്യമായിരുന്നു. എങ്കില്‍ മാത്രമേ, സാമ്പത്തികമായി അവര്‍ക്ക് മുന്നോട്ടുപോകുവാന്‍ കഴിയുമായിരുന്നുള്ളൂ. പക്ഷേ, അത് ചെയ്തതില്‍ അദ്ദേഹത്തിന് പാളിച്ച പറ്റി. ഭൂരിപക്ഷം വിശ്വസിക്കുന്നതുപോലെ, സോവിയറ്റ് റഷ്യയെ തകര്‍ക്കാനായിരുന്നു ഗോര്‍ബച്ചേവിന്റെ ഉദ്ദേശ്യമെങ്കില്‍ ഇത്രയൊന്നും ചെയ്യേണ്ട കാര്യമില്ലായിരുന്നു. പക്ഷേ, അത്തരമൊരു വീക്ഷണകോണില്‍ ആരും ഗോര്‍ബച്ചേവിനെ കാണുന്നില്ല. ഒന്നല്ലെങ്കില്‍, സോവിയറ്റ് റഷ്യയെ തകര്‍ത്ത ഒരാളായിട്ട് അല്ലെങ്കില്‍ ജനാധിപത്യവത്കരിച്ച ഒരാളായിട്ട് മാത്രമാണ് ഗോര്‍ബച്ചേവിനെ കാണുന്നത്. ആ രണ്ട് കാഴ്ചപ്പാടും ശരിയല്ല. അദ്ദേഹത്തിന്റെ ജനാധിപത്യ പ്രക്രിയകള്‍ക്കും അത്തരത്തിലുള്ള സംവിധാനങ്ങള്‍ക്കും പിന്തുണ കൊടുക്കേണ്ടതാണ്. അതോടൊപ്പം, ആ സംവിധാനത്തെ നിലനിര്‍ത്തുന്നതിന് ആവശ്യമായിട്ടുള്ള കാര്യങ്ങള്‍ ഗോര്‍ബച്ചേവ് ചെയ്യേണ്ടതുണ്ടായിരുന്നുവെന്നും പറയണം. ഗോര്‍ബച്ചേവിന്റെ നടപടികള്‍ സോവിയറ്റ് റഷ്യയെ കൂടുതല്‍ മെച്ചപ്പെട്ട അവസ്ഥയിലേക്ക് പിന്നീട് എത്തിച്ചിട്ടില്ല എന്നത് വാസ്തവമാണ്. വളരെ പരിതാപകരമായ അവസ്ഥയിലേക്കാണ് സോവിയറ്റ് റഷ്യ എത്തിയത്. നിലവില്‍ വ്‌ളാഡിമിര്‍ പുടിന്റെ സ്വേച്ഛാധിപത്യത്തിനു കീഴിലാണ് റഷ്യയെങ്കിലും മറ്റു ചെറു രാജ്യങ്ങള്‍ ഒരു തരത്തില്‍ അല്ലെങ്കില്‍ മറ്റൊരു തരത്തില്‍ ശിഥിലീകരണത്തിലേക്ക് പോയിക്കൊണ്ടിരിക്കുകയാണ്. ഇതെല്ലാം ഗോര്‍ബച്ചേവിന്റെ പരിഷ്‌കാരങ്ങളുടെ പരിണിതഫലമാണ്.

സോവിയറ്റ് റഷ്യയെ തകര്‍ത്തു എന്നതിനേക്കാള്‍ തകര്‍ക്കാന്‍ വിട്ടു എന്നതാണ് ഗോര്‍ബച്ചേവിനെ കുറിച്ച് പറയുമ്പോള്‍ കൂടുതല്‍ ശരി
സോവിയറ്റ് യൂണിയന്റെ തകര്‍ച്ച അനിവാര്യമായിരുന്നു; ഗോര്‍ബച്ചേവ് ഇല്ലായിരുന്നെങ്കിലും അത് സംഭവിക്കുമായിരുന്നു

ഗോര്‍ബച്ചേവിന്റെ പരിഷ്‌കാരങ്ങള്‍ ലോകത്തിലെ മറ്റു കമ്മ്യൂണിസ്റ്റ് പാര്‍ട്ടികളെ ഏത് രീതിയില്‍ സ്വാധീനിച്ചു എന്നതാണ് മറ്റൊരു വശം. ഇന്ത്യയില്‍, കേരളത്തില്‍ മാത്രമാണ് കമ്മ്യൂണിസ്റ്റ് പാര്‍ട്ടി അധികാരത്തിലുള്ളത്. അതിന് കാരണം, ഗോര്‍ബച്ചേവിനെ പോലുള്ള നേതാക്കളുടെ ഇടപെടലാണെന്ന് പറയാനാവില്ല. പാര്‍ട്ടിയുടെ ആന്തരികമായ പോരായ്മകളാണ് കമ്മ്യൂണിസ്റ്റ് പ്രസ്ഥാനത്തെ തകര്‍ത്തത്. ഒരു ഘട്ടത്തില്‍ ഇന്ത്യയിലെ വലിയ ശക്തിയായിരുന്നു കമ്മ്യൂണിസ്റ്റ് പാര്‍ട്ടി. കേരളത്തേക്കാള്‍ മുന്നേ കമ്മ്യൂണിസ്റ്റ് പാര്‍ട്ടി അധികാരത്തില്‍ വരുമെന്ന് കരുതിയിരുന്ന ആന്ധ്ര, ബോംബെ, കല്‍ക്കട്ട ഉള്‍പ്പെടെ ഒട്ടുമിക്ക നഗരങ്ങളിലും തൊഴിലാളിവര്‍ഗ പ്രസ്ഥാനങ്ങള്‍ ശക്തമായിരുന്നു. എന്നാല്‍ ക്രമേണ അവിടെയൊക്കെ ജാതിശക്തികള്‍ കടന്നുവന്നു. അതിനെയൊക്കെ പ്രതിരോധിക്കാനുള്ള കാര്യങ്ങള്‍ ചെയ്യുന്നതില്‍ കമ്മ്യൂണിസ്റ്റ് പാര്‍ട്ടികള്‍ പരാജയപ്പെട്ടു. പാര്‍ട്ടിക്കകത്തും പുറത്തും ജനാധിപത്യ പ്രക്രിയയ്ക്കുള്ള വാദങ്ങളും എതിര്‍വാദങ്ങളും ഉയര്‍ന്നുവന്നിരുന്നതുകൊണ്ടാണ് കേരളത്തില്‍ രക്ഷപ്പെട്ടുപോയത്.

കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയെ എല്ലാക്കാലത്തും മുന്നോട്ടുനയിക്കുന്ന ശക്തി എന്ന് പറയുന്നത് ധാര്‍മ്മികതയാണ്. ആ ധാര്‍മ്മികതയെ ഇപ്പോഴുള്ള എല്ലാ ഭരണകൂടങ്ങളും, അത് കേരളത്തിലേതായാലും ബംഗാളിലേതായാലും റഷ്യയിലേതായാലും അധികാരത്തിലേക്ക് കീഴ്‌പ്പെടുത്തി കളഞ്ഞു. അവിടെയാണ് പാര്‍ട്ടി നേതൃത്വത്തിന്റെ തന്നെ മറ്റൊരു വിഭാഗം ഉയര്‍ന്നുവന്നത്. അതിനെതിരെ അതിശക്തമായ സമരമാണ് പോളണ്ടില്‍ ഉള്‍പ്പെടെ കാണാനായത്. സോവിയറ്റ് റഷ്യയിലും അത് സംഭവിച്ചു. അതിനുള്ള സാധ്യത കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയുടെ ചട്ടക്കൂടിനുള്ളില്‍ തന്നെയുണ്ട് എന്നാണ് മനസിലാക്കാനാകുന്നത്. അതാണ് സ്വേച്ഛാധിപത്യത്തിലേക്കും തകര്‍ച്ചയിലേക്കുമൊക്കെ പാര്‍ട്ടിക്ക് വഴിയൊരുക്കുന്നത്. അത് തടയണം. അത് തടഞ്ഞാല്‍ മാത്രമാണ് കമ്മ്യൂണിസ്റ്റ് പാര്‍ട്ടിക്ക് മുന്നോട്ടുപോകാന്‍ കഴിയുക. ഈ പറഞ്ഞ അര്‍ത്ഥതലങ്ങള്‍ മുഴുവന്‍ ഗോര്‍ബച്ചേവിന്റെ പ്രവര്‍ത്തനങ്ങളില്‍ ഉണ്ടായിരുന്നു.

ജനാധിപത്യ ബദല്‍ മുന്നോട്ടുവെക്കുന്നതില്‍ പ്രായോഗികമായും താത്വികമായും ബെര്‍ബച്ചേവ് പരാജയമായിരുന്നു.

സോവിയറ്റ് റഷ്യയില്‍ മാത്രമല്ല, കിഴക്കന്‍ യൂറോപ്യന്‍ രാജ്യങ്ങളിലെ ജനാധിപത്യത്തിനായുള്ള ശ്രമങ്ങളെയും ചെമ്പടയെ ഉപയോഗിച്ച് അടിച്ചമര്‍ത്തുക എന്നതായിരുന്നു ഗോര്‍ബച്ചേവിന്റെ കാലത്തിന് മുന്‍പ് നടന്നിരുന്നത്. എന്നാല്‍, ഗോര്‍ബച്ചേവ് ചെമ്പട സംവിധാനം പിന്‍വലിച്ചു. പക്ഷേ അവിടെയായിരുന്നില്ല, പ്രശ്‌നം. ഇത്തരം സംവിധാനങ്ങള്‍ പിന്‍വലിക്കുമ്പോള്‍ അതിനൊരു ജനാധിപത്യ ബദല്‍ ആവശ്യമായിരുന്നു. അത് മുന്നോട്ടുവെക്കുന്നതില്‍ പ്രായോഗികമായും താത്വികമായും ഗോര്‍ബച്ചേവ് പരാജയമായിരുന്നു. താത്വികമായി വന്നത് ഗ്ലാസ്‌നോസ്റ്റും പെരിസ്‌ട്രോയിക്കയുമാണ്. കൂടുതല്‍ ജനാധിപത്യം, കൂടുതല്‍ സ്വാതന്ത്ര്യം, കൂടുതല്‍ തുറന്ന അവസ്ഥ എന്നതായിരുന്നു ഗ്ലാസ്‌നോസ്റ്റ് ആശയം. അതുവരെ ഉണ്ടായിരുന്ന സാമ്പത്തിക സംവിധാനം, പാര്‍ട്ടി ഘടന, ഭരണകൂട സംവിധാനങ്ങളുടെ പൊളിച്ചെഴുത്ത് എന്നിവയായിരുന്നു പെരിസ്‌ട്രോയിക്ക. ഇതെല്ലാം നടപ്പാക്കുമ്പോഴും, അതിന്റെ അനന്തരഫലങ്ങള്‍ നേരിടാന്‍ ആവശ്യമായ ബദല്‍ നിര്‍ദേശിക്കാന്‍ ഗോര്‍ബച്ചേവിന് കഴിഞ്ഞില്ല എന്നതാണ് അദ്ദേഹത്തിന്റെ പരാജയം. അങ്ങനെയാണ് അദ്ദേഹത്തെ വിലയിരുത്തേണ്ടത്. അല്ലാതെ, ഗോര്‍ബച്ചേവിനെ പൂര്‍ണ്ണമായി തള്ളിക്കളയുകയോ, സ്വീകരിക്കുകയോ അല്ല വേണ്ടത്. ഗോര്‍ബച്ചേവിന്റെ പ്രവര്‍ത്തനങ്ങള്‍ക്ക് നല്ല വശവും ഒപ്പം തന്നെ ചില കുഴപ്പങ്ങളും ഉണ്ടായിരുന്നു.

സോവിയറ്റ് റഷ്യയെ തകര്‍ത്തു എന്നതിനേക്കാള്‍ തകര്‍ക്കാന്‍ വിട്ടു എന്നതാണ് ഗോര്‍ബച്ചേവിനെ കുറിച്ച് പറയുമ്പോള്‍ കൂടുതല്‍ ശരി
"മരണം കൊണ്ട് ഗോര്‍ബച്ചേവ് വിശുദ്ധനാക്കപ്പെടുന്നില്ല''

ശീതയുദ്ധം അവസാനിപ്പിക്കുന്ന കാര്യത്തിലും ഇതു തന്നെയാണ് കാണാന്‍ കഴിയുന്നത്. ശീതയുദ്ധം അവസാനിപ്പിക്കണം എന്നുണ്ടെങ്കില്‍, ലോക പോലീസായി അമേരിക്ക വരുന്ന സാഹചര്യം സൃഷ്ടിച്ചെടുക്കുകയായിരുന്നില്ല വേണ്ടിയിരുന്നത്. തുല്യതയുടെ അവസ്ഥയാണ് സൃഷ്ടിക്കേണ്ടിയിരുന്നത്. ഒരാളുടെമേലും അമേരിക്കയുടെയോ സോവിയറ്റ് റഷ്യയുടെയോ നേതൃത്വത്തിലുള്ളതോ, സാമ്രാജ്യത്വശക്തികളുടെയോ ഇടപെടല്‍ ഉണ്ടാകാന്‍ പാടില്ല എന്ന സ്ഥിതിയാണ് ഉണ്ടാകേണ്ടിയിരുന്നത്. എന്നാല്‍ അതിലേക്ക് കാര്യങ്ങള്‍ എത്തിയില്ല. ശീതയുദ്ധം അവസാനിച്ചെങ്കിലും അമേരിക്ക കുത്തകവാഴ്ച തുടങ്ങി. അത് പുതിയൊരു ലോകക്രമമാണ് സൃഷ്ടിച്ചത്.

സോവിയറ്റ് റഷ്യയെ തകര്‍ത്തു എന്നതിനേക്കാള്‍ തകര്‍ക്കാന്‍ വിട്ടു എന്നതാണ് ഗോര്‍ബച്ചേവിനെ കുറിച്ച് പറയുമ്പോള്‍ കൂടുതല്‍ ശരി
ഗോര്‍ബച്ചേവിനെ ഓര്‍ക്കുകയെന്നാല്‍...

ഗൗരവപൂര്‍വ്വം ഇടപെടേണ്ട പ്രശ്‌നങ്ങളെക്കുറിച്ച് ഗോര്‍ബച്ചേവിന് തിരിച്ചറിവുണ്ടായിരുന്നു. അതനുസരിച്ചുള്ള ഇടപെടലുകളും അദ്ദേഹം നടത്തി. എന്നാല്‍ പരിഷ്‌കാരങ്ങള്‍ക്കപ്പുറം സംഭവിക്കാവുന്ന പ്രത്യാഘാതങ്ങളെ മുന്‍കൂട്ടി കാണാനോ ബദല്‍ നിര്‍ദേശിക്കാനോ ഗോര്‍ബച്ചേവിന് കഴിഞ്ഞില്ല. ജനാധിപത്യവത്കരണത്തിനായുള്ള സമീപനം ശരിയായിരുന്നു. സോവിയറ്റ് റഷ്യയുടെ പുനഃരൂപീകരണത്തിനുള്ള ശ്രമങ്ങളും, ശീതയുദ്ധത്തിന് അവസാനം കാണാനുള്ള ശ്രമങ്ങളും ശരിയായിരുന്നു. എന്നാല്‍, അത് എങ്ങനെയായിരിക്കണം നടപ്പാക്കേണ്ടതെന്നും അതിന്റെ ജനാധിപത്യ പ്രക്രിയ എന്തായിരിക്കണമെന്നുമുള്ള കാര്യത്തിലാണ് ഗോര്‍ബച്ചേവിന് തെറ്റുപറ്റിയത്. ഇത്തരത്തില്‍, ഗോര്‍ബച്ചേവിന്റെ തുടക്കങ്ങളെല്ലാം പോസിറ്റീവ് ആയിരുന്നു, ഒടുക്കം വന്‍ ദുരന്തവും.

logo
The Fourth
www.thefourthnews.in