കെ കേളപ്പനു സമീപം എകെജി
കെ കേളപ്പനു സമീപം എകെജി

കേളപ്പനെ ഇടതുപക്ഷവും വലതുപക്ഷവും സംഘിയായി മുദ്രയടിച്ചു; സമഭാവന, മണ്ണാങ്കട്ട!

നവംബര്‍ ഒന്ന് ഗുരുവായൂര്‍ സത്യാഗ്രഹ ആരംഭത്തിന്റെ വാര്‍ഷികദിനമാണ്
Updated on
2 min read

കെ കേളപ്പന്‍ ജീവിതാന്ത്യം വരെ വിശ്വസിച്ചതു സമഭാവനയിലായിരുന്നു. ഇന്ന് ഗുരുവായൂരില്‍ എത്തുമ്പോള്‍, സമരം നടന്ന സ്ഥലത്തേക്കൊന്നു നോക്കുമ്പോള്‍ അവിടെ കാണുന്നത് എകെജിയുടെ സ്മാരകം. അന്ന് 18 വയസ്സുള്ള വളണ്ടിയര്‍ ക്യാപ്റ്റനും കോണ്‍ഗ്രസ് പ്രവര്‍ത്തകനുമായിരുന്നു എ കെ ഗോപാലന്‍. ഗുരുവായൂര്‍ ക്ഷേത്ര പ്രവേശന സമരത്തിലെ ആദ്യാവസാന നായക വേഷം കേളപ്പനായിരുന്നു. ഈ കേളപ്പനെ ഇടതുപക്ഷവും വലതുപക്ഷവും സംഘിയായി മുദ്രയടിച്ചു. കേളപ്പനെ സംഘം ഏറ്റടുത്തു.

സത്യഗ്രഹം വേണമെന്ന് വടകര നടന്ന കെ പി സി സി സമ്മേളനത്തില്‍ പ്രമേയം അവതരിപ്പിച്ചതു പ്രസിഡന്റും മാതൃഭൂമി പത്രാധിപരുമായ കേളപ്പജിയായിരുന്നു.

ഇങ്ങനെയൊരു സത്യഗ്രഹം വേണമെന്ന് വടകര നടന്ന കെ പി സി സി സമ്മേളനത്തില്‍ പ്രമേയം അവതരിപ്പിച്ചതു പ്രസിഡന്റും മാതൃഭൂമി പത്രാധിപരുമായ കേളപ്പജിയായിരുന്നു. ബോംബെയില്‍ പോയി ഗാന്ധിജിയെ കണ്ട് സമരത്തിന് അംഗീകാരം വാങ്ങിയതും ഈ കേരള ഗാന്ധി. തിരിച്ചുവന്ന് അതിനു വേണ്ടി പ്രചാരവേല തുടങ്ങിയതും കേളപ്പന്‍.

ഈ കാര്യം വിശദീകരിക്കാന്‍ ഗുരുവായൂര്‍ ക്ഷേത്രത്തിന്റെ നടവഴിയിലൂടെ അവര്‍ണരോടൊപ്പം നടന്നു വരുമ്പോഴാണ് കേളപ്പനെ സനാതനികള്‍ തടഞ്ഞത്. അതോടെ സമരം ബ്രിട്ടിഷ് മലബാറിലുള്ള ഗുരുവായൂരില്‍ തുടങ്ങാന്‍ നിശ്ചയിച്ചതും ഈ പോരാളി തന്നെ. വീണ്ടും ബോംബെയിലേക്ക് പോയി ഗാന്ധിജിയെക്കണ്ട് അതിനുള്ള അനുവാദം വാങ്ങി. ഗാന്ധിജിയുടെ നിര്‍ദ്ദേശമനുസരിച്ച് കേളപ്പന്‍ പ്രസിഡന്റായി ഒരു കമ്മറ്റി രൂപീകരിച്ചു. മന്നത്തു പത്മനാഭന്‍, എസ് എന്‍ ഡി പി സെകട്ടറി കുഞ്ഞുകൃഷ്ണന്‍, കുറൂര്‍ നീലകണ്ഠന്‍ നമ്പൂതിരിപ്പാട്, എം കാര്‍ത്ത്യായനി അമ്മ, പി അച്യുതന്‍ വക്കീല്‍ സി കുട്ടന്‍ നായര്‍, ഡോ. സി ഐ രുഗ്മണിയമ്മ, വി ടി ഭട്ടതിരിപ്പാട്, കെ പി കയ്യാലക്കല്‍ എന്നിവര്‍ അടങ്ങുന്ന കമ്മറ്റിയും രൂപീകരിച്ചു. പിന്നീട് കേളപ്പനും മന്നവും കയ്യാലയ്ക്കലും കാര്‍ത്ത്യായനി അമ്മയും കേരളത്തിലുടനീളം പ്രചാരണ പര്യടനം തുടങ്ങി.

1931 ഒക്ടോബര്‍ 21 ന് പദയാത്ര തുടങ്ങാന്‍ ടി എസ് തിരുമുമ്പിനോട് ആവശ്യപ്പെട്ടത് ഒരു കത്തിലൂടെയാണ്. തിരുമുമ്പ് കണ്ണൂരില്‍ നിന്ന് ആരംഭിച്ച ജാഥയുടെ വളണ്ടിയര്‍ ക്യാപ്റ്റനായിരുന്നു കൗമാരം പിന്നിട്ട എ കെ ഗോപാലന്‍ നമ്പ്യാര്‍. ജാഥ ഒക്ടോബര്‍ 31 ന് ഗുരുവായൂരില്‍ എത്തി. നവംബര്‍ ഒന്നിന് കേരളം ഉണര്‍ന്നത് മാതൃഭൂമി പ്രസിദ്ധീകരിച്ച ' ഈ വാതിലുകള്‍ തുറക്കുമോ ? എന്ന മുഖപ്രസംഗം കണ്ടാണ്.

കിഴക്കേനടയില്‍ പുതുശ്ശേരി കുട്ടാപ്പു നല്‍കിയ സ്ഥലത്താണ് സമരസമിതി ആശ്രമം കെട്ടിയത്.

എല്ലാവരും ഒഴിഞ്ഞു മാറിയപ്പോള്‍ കിഴക്കേനടയില്‍ പുതുശ്ശേരി കുട്ടാപ്പു നല്‍കിയ സ്ഥലത്താണ് സമരസമിതി ആശ്രമം കെട്ടിയത്. മഞ്ജുളാലിനു സമീപമായിരുന്നു സമരവേദി. ഇതിനിടയിലും ഗാന്ധിജി ഉള്‍പ്പെടെയുള്ളവര്‍, ക്ഷേത്രം എല്ലാ വിഭാഗങ്ങള്‍ക്കും തുറന്നു കൊടുക്കണമെന്ന് ആവശ്യപ്പെട്ടുകൊണ്ട് ക്ഷേത്രം ഊരാളനായ സാമൂതിരിക്ക് കത്തും നിവേദനവും നല്‍കിയിരുന്നു. മറ്റൊരു സംഘം സാമൂതിരിയെ നേരിട്ട് കാണാന്‍ ശ്രമിച്ചെങ്കിലും അനുമതി നല്‍കിയില്ല.

നവംബര്‍ ഒന്നിന് പുലര്‍ച്ചെ മൂന്നരയ്ക്ക് ക്ഷേത്രം തുറന്നപ്പോള്‍ കേളപ്പന്റെ നേതൃത്വത്തില്‍ അയിത്തജാതിക്കാര്‍ ഉള്‍പ്പെടെയുള്ള വളണ്ടിയര്‍മാര്‍ കുളിച്ച് കുറിയിട്ട് ശുഭ്ര വസ്ത്രം ധരിച്ച് ക്ഷേത്ര നടയിലെത്തി. അവരെ കാവല്‍ക്കാര്‍ തടഞ്ഞു. പിന്നീട് തിരിച്ചു വന്ന് സത്യഗ്രഹമിരുന്നു. പ്രാര്‍ത്ഥന, ഭജന, പ്രഭാഷണം, പൊതുയോഗം, നട അടയ്ക്കും മുമ്പ് കൂട്ട പ്രാര്‍ത്ഥന... ഇതായിരുന്നു സമര രീതി. പ്രചാരവേലയ്ക്കായി കേളപ്പന്‍, മാതൃഭൂമിയില്‍ നിന്ന് കെ മാധവനാറേയും എന്‍ പി ദാമോദരനേയും വിളിച്ചു വരുത്തി. അവരും മന്നം, വി ടി, സാമി ആഗമാനന്ദന്‍, വൈശ്രവണത്ത് രാമന്‍ നമ്പൂതിരി, കയ്യാലയ്ക്കല്‍, കാര്‍ത്ത്യായനിയമ്മ എന്നിവരുമായിരുന്നു പ്രഭാഷകര്‍. തിരുമുമ്പ് എന്നും ഭാഗവതം വായിച്ചു.

ഗുരുവായൂരിലെ നാട്ടുകാര്‍ ഡോ പി ജി നായര്‍, കിട്ടുവത്ത് കൃഷ്ണന്‍നായര്‍, എ സി രാമന്‍, കെ പി കരുണാകര മേനോന്‍, കാക്കനാട്ട് മാമി വൈദ്യര്‍, സി എസ് ഗോപാലന്‍, പുതുശ്ശേരി കുട്ടാപ്പു, ഡോ എ കെ തോമസ് എന്നിവരുടെ നേതൃത്വത്തില്‍ സമരത്തിനു പിന്തുണ നല്‍കി. സത്യഗ്രഹം സംബന്ധിച്ചു കവിത എഴുതിയതിന്റെ പേരില്‍ തിരുമുമ്പിനെ അറസ്റ്റ് ചെയ്ത് ജയിലില്‍ അടച്ചതാണ് ആദ്യ സംഭവം. പിന്നീട് വളണ്ടിയര്‍ ക്യാപ്‌ററനായ എ കെ ജിയെ സത്യഗ്രഹത്തിന്റെ എതിരാളികള്‍ തല്ലിച്ചതച്ചു.

ക്ഷേത്രത്തില്‍ കയറി മണിയടിച്ചു തൊഴുത പി കൃഷ്ണപിള്ളയും മര്‍ദനത്തിന് ഇരയായി. ഇത് സംഘര്‍ഷത്തിനു ഇടയാക്കി. അതോടെ പൂജ മുടക്കി ക്ഷേത്രം അടച്ചു. പിന്നീട് 1932 ജനുവരി 28 നാണ് ക്ഷേത്രം തുറന്നത്. പത്ത് മാസം സമരം തുടര്‍ന്നു. സെപ്റ്റംബര്‍ ഒന്നിന് കേളപ്പന്‍ നിരാഹാരം തുടങ്ങി. കേളപ്പന്‍ മരണപ്പെടുമെന്ന നില വന്നു. കുറൂര്‍, ജയിലില്‍ കഴിയുന്ന ഗാന്ധിജിയെ കണ്ട് കാര്യങ്ങള്‍ പറഞ്ഞു. ഗാന്ധിജിയുടെ കമ്പിസന്ദേശം കിട്ടിയതിനെ തുടര്‍ന്ന് കേളപ്പന്‍ സത്യഗ്രഹം നിര്‍ത്തി. അതിനു ശേഷം കെ മാധവന്‍ നായരുടെ നേതൃത്വത്തില്‍ നടന്ന റഫറണ്ടത്തില്‍ 77 ശതമാനം സവര്‍ണരും എല്ലാവര്‍ക്കും ക്ഷേത്രം തുറന്നു കൊടുക്കണമെന്നാണ് ആവശ്യപ്പെട്ടത്. അയിത്തത്തിനെതിരെ കേരളത്തിലുടനീളം ജനവികാരം ഉണര്‍ത്താന്‍ ഈ സമരത്തിനു കഴിഞ്ഞു.

logo
The Fourth
www.thefourthnews.in