കസവുടുത്ത അംബേദ്ക്കർ സ്വാംശീകരണത്തിന്റെ പുതിയ തന്ത്രം
കലയുടെയും ആശയാവിഷ്‌ക്കാരത്തിന്റെയും സ്വാതന്ത്ര്യത്തെപ്പറ്റിയുള്ള വിപുലമായ ചര്‍ച്ചകള്‍ നമ്മുടെ സാംസ്‌ക്കാരിക- നിയമ വ്യവസ്ഥയുടെ ഭാഗമാണ്. കലാപങ്ങളും ആക്രമണങ്ങളും എഴുത്തുകാര്‍ക്കും കലാപ്രവര്‍ത്തകര്‍ക്കും നേരെയുള്ള അതിക്രമങ്ങളുമൊക്കെ ഇതിന്റെ ഭാഗമായുണ്ടായിട്ടുണ്ട്. സല്‍മാന്‍ റുഷ്ദിയ്ക്ക് നേരെയുണ്ടായ ആക്രമണമാണ് ഒടുവിലത്തെ ഉദാഹരണം.
ഉണ്ണി ആറിന്റെ 'മലയാളി മെമ്മോറിയല്‍' എന്ന കഥാസമാഹാരത്തിന്റെ കവര്‍ ചിത്രത്തില്‍ കസവ് മുണ്ടും കസവ് നേര്യതും ധരിച്ച അംബേദ്ക്കറുടെ ചിത്രം കലാവിഷ്‌ക്കാരവും സ്വാതന്ത്ര്യവും തമ്മിലുള്ള ബന്ധത്തെക്കുറിച്ച് ആലോചിക്കാന്‍ വീണ്ടും പ്രേരിപ്പിക്കുന്നു. സന്തോഷ് നായര്‍ എന്ന ചെറുപ്പക്കാരന്‍ പ്രൈമറി ക്ലാസില്‍ പഠിക്കുമ്പോള്‍ അംബേദ്ക്കറായി വേഷമിട്ടതിന്റെ പേരില്‍ പരിഹസിക്കപ്പെടുന്നതാണ് മലയാളി മെമ്മോറിയല്‍ എന്ന കഥയുടെ പ്രമേയം. പ്രച്ഛന്നവേഷത്തില്‍ ഗാന്ധിക്കൊപ്പം അംബേദ്ക്കര്‍ കൂടി വേണമെന്ന നിര്‍ബന്ധം കുറുപ്പുന്തറക്കാരന്‍ ബാബു സാറിന്റെ പ്രേരണയും നിര്‍ദ്ദേശവുമായിരുന്നെന്ന് കഥയില്‍ സൂചിപ്പിക്കുന്നുണ്ട്. അംബേദ്ക്കര്‍ എന്ന പേര് പരിഹാസ്യവും ചരിത്രബാധ്യതയുമായി മാറുന്നുവെന്ന (ദു) സൂചനയിലൂടെ കഥയുടെ രാഷ്ട്രീയം വ്യക്തമാണ്.
സൈനുല്‍ ആബിദിന്റെ ഭാവനയിലൂടെ കേരളത്തിലെ മേല്‍ജാതിഹിന്ദുവിന്റെ സാംസ്‌കാരിക പരിസരത്തിലേയ്ക്ക് അംബേദ്ക്കറിനെ സ്ഥാപിക്കുകയാണ് ചെയ്യുന്നത്. കലാവിഷ്‌ക്കാരമെന്നനിലയില്‍ അത് സ്വാതന്ത്ര്യത്തെ ഉള്‍വഹിക്കുന്നുണ്ടെങ്കിലും സമകാലിക ഇന്ത്യയിലെ ഹിന്ദുത്വരാഷ്ട്രീയത്തിന്റെ സ്വാംശീകരണയുക്തിയിലേക്ക് അംബേദ്ക്കറെ കൂട്ടിക്കെട്ടുന്നതിന്റെ അപകടകരമായ വശം ശ്രദ്ധിക്കേണ്ടതുണ്ട്. ചുവരില്‍ തൂങ്ങുന്ന ഗാന്ധിയുടെ സൂക്ഷ്മനോട്ടം ഗാംഭീര്യമുള്ള അംബേദ്ക്കറുടെ പ്രതീകാത്മകമൂല്യത്തെ വര്‍ദ്ധിപ്പിക്കുന്നുണ്ട്.
ഇന്ത്യയിലെ ഹിന്ദുത്വരാഷ്ട്രീയ പദ്ധതിയില്‍ കീഴാള - ദളിത് - ബഹുജനങ്ങളുടെ പ്രതീകാത്മകമൂല്യത്തെ ഉയര്‍ത്തിക്കാട്ടിയാണ് സംഘപരിവാര്‍ തിരഞ്ഞെടുപ്പില്‍ വിജയം ആവര്‍ത്തിക്കുന്നത്. കേരളത്തിലെ 'പൊതു 'സാംസ്‌ക്കാരിക ബോധ്യങ്ങളും ഭാവനാപരമായ വ്യവഹാരങ്ങളും ഈ പ്രവണതയെ സമീപകാലത്തായി ശക്തിപ്പെടുത്തുന്നതും നാം കാണുന്നുണ്ട്. കസവുടുത്ത ഡോ. അംബേദ്ക്കര്‍ കേവലമായ ചിത്രത്തിലുപരി പുതിയ രാഷ്ട്രീയ പ്രക്രിയകളുടെയും സ്വാംശീകരണത്തിന്റെയും തന്ത്രങ്ങളുടെ കൂടി പ്രതീകമാണെന്ന് തിരിച്ചറിയേണ്ടിയിരിക്കുന്നു.