പി എഫ് ഐ നിരോധനത്തിന്റെ അനന്തരയാഥാർഥ്യം
ഇന്ന് ഇന്ത്യ ഭരിക്കുന്ന ദേശീയ ജനാധിപത്യ സഖ്യത്തിന്റെ മാർഗ ദർശക പ്രസ്ഥാനമായ രാഷ്ട്രീയ സ്വയം സേവക് സംഘ് സ്വതന്ത്ര ഇന്ത്യയിൽ മൂന്ന് തവണ നിരോധനം നേരിട്ട പ്രസ്ഥാനമാണ്. പുരാണങ്ങളിൽ എതിരാളിയുടെ ശക്തികൂടെ ആവാഹിച്ചു കരുത്താർജിക്കുന്ന കഥാപാത്രത്തെ പോലെ ഓരോ നിരോധനവും ആർ എസ് എസിന്റെ ശക്തി പതിന്മടങ്ങ് വര്ധിപ്പിക്കാനേ സഹായിച്ചിട്ടുള്ളൂ. രാജ്യം സ്വാതന്ത്ര്യം നേടി 75 വര്ഷം പിന്നിടുമ്പോൾ ആർ എസ് എസ് എല്ലാ ഭരണഘടനാ സംവിധാനങ്ങളെയും സ്വാധീനിക്കാൻ കെല്പുള്ള ശക്തിയായി വളർന്നുവെന്നതാണ് യാഥാർഥ്യം.
ഇന്ന് രാവിലെ കേന്ദ്ര സർക്കാർ പോപുലർ ഫ്രണ്ട് ഓഫ് ഇന്ത്യയെയും അനുബന്ധ സംഘടനകളെയും നിരോധിച്ചതുപോലും സംഘ പരിവാറിന്റെ വിശാല അജണ്ടയുടെ ഭാഗമായുള്ള നടപടിയായി വേണം കാണാൻ. നിരോധന ഉത്തരവിലെ കുറ്റപത്രത്തിൽ സർക്കാർ പിഎഫ്ഐക്കെതിരെ നിരത്തിയിരിക്കുന്നത് അതീവ ഗുരുതരമായ കുറ്റകൃത്യങ്ങളാണ്. അവ വാസ്തവമാണെങ്കിൽ നിരോധനത്തിന് നിയമ സാധുത ലഭ്യമാവും. പക്ഷെ, എൻ ഐ എയും ഇഡിയും കഴിഞ്ഞ കുറെ നാളുകളായി പിന്തുടരുന്ന രീതിവച്ചു വിലയിരുത്തിയാൽ ഈ കുറ്റങ്ങൾക്ക് പലതിനും കേവലമായ രാഷ്ട്രീയ ആരോപണങ്ങളുടെ സ്വഭാവം മാത്രമാണുള്ളത്.
വർഷങ്ങളായി വിചാരണ കാത്ത് കിടക്കുന്ന അബ്ദുൽ നാസർ മഅദനിയും തൊഴിൽ ചെയ്യാൻ പോകും വഴി പൊടുന്നനെ യു എ പി എ തടവുകാരനായി മാറിയ സിദ്ധിഖ് കാപ്പനും ഭീമാ കൊറേഗാവ് കേസിലെ രാഷ്ട്രീയ തടവുകാരുമൊക്കെ എൻ ഐ എയുടെ കടലാസ്സിൽ അതീവ ഗുരുതരമായ കുറ്റം നേരിടുന്നവരാണ്. ഇവർക്കെതിരെയുള്ള നിയമനടപടികളുടെ ഒച്ചിഴയും വേഗവും കോടതികളിൽ നിന്ന് അന്വേഷണ ഏജൻസികൾക്ക് നേരിടേണ്ടി വരുന്ന അസുഖകരമായ ചോദ്യങ്ങളുമെല്ലാം പാതിവെന്ത കുറ്റപത്രങ്ങളുമായി തങ്ങളുടെ രാഷ്ട്രീയ യജമാനന്മാരെ പ്രീതിപ്പെടുത്താൻ ഇറങ്ങിയിരിക്കുന്ന അന്വേഷകരെ തുറന്നുകാട്ടാനാണ് കൂടുതൽ സഹായിച്ചിട്ടുള്ളത്‍.
പി എഫ് ഐ അടുത്തിടെ നടത്തിയ രാഷ്ട്രീയ കൊലപാതകങ്ങളാണ് നിരോധനത്തിനുള്ള മറ്റൊരു കാരണമായി പറഞ്ഞിരിക്കുന്നത്. അതാണ് മാനദണ്ഡമെങ്കിൽ കേരളത്തിലെ രാഷ്ട്രീയ കൊലപാതകങ്ങളുടെ ചരിത്രം പരിശോധിച്ചാൽ വിശുദ്ധമെന്നു പ്രഖ്യാപിക്കാൻ ഏതു മുഖ്യധാരാ രാഷ്ട്രീയ പ്രസ്ഥാനമാവും ബാക്കിയുണ്ടാവുക?
ഇന്ത്യയിൽ സർക്കാരിന്റെ നിരോധനം നിലവിലുള്ള മറ്റൊരു പ്രസ്ഥാനം മാവോയിസ്‌റ്റ് പാർട്ടിയാണ്. എന്നാൽ, മാവോയിസ്റ്റുകളും പി എഫ് ഐയും തമ്മിൽ പ്രവർത്തന രീതികളിൽ അജഗജാന്തരമുണ്ട്. ഒരു കൂട്ടർ കാട്ടിനുള്ളിൽ ഒളിവിലിരുന്ന് സർക്കാരിനെതിരെ സായുധസമരത്തിന് കോപ്പ് കൂട്ടുമ്പോൾ, മറു കൂട്ടർ ഗ്രാമ, നഗര വ്യത്യാസമില്ലാതെ ചാരിറ്റി പ്രവർത്തനങ്ങളിലും മനുഷ്യാവകാശ പ്രവർത്തനങ്ങളിലും ഏർപ്പെട്ടും രാഷ്ട്രീയ സംഘടന രൂപീകരിച്ചു ജനാധിപത്യത്തിൽ സക്രിയമായി ഇടപെട്ടും തങ്ങളുടെ അജൻഡ സമർത്ഥമായി നടപ്പാക്കാനാണ് ശ്രമിക്കുന്നത്.
ലക്ഷക്കണക്കിന് പ്രവർത്തകർ രാജ്യത്തുടനീളം പ്രവർത്തിക്കുന്ന പി എഫ് ഐ പോലുള്ള പ്രസ്ഥാനത്തെ നിരോധിക്കുന്നത് അരാജകത്വത്തെ വികേന്ദ്രീകരിക്കുന്ന അപക്വമായ നടപടിയായി തിരിച്ചടിക്കാനുള്ള സാധ്യതയേറെയാണ്
നിരോധനം മാവോയിസ്റ്റുകളെ കാടിന്റെ ഉള്ളകങ്ങളിലേക്ക് വലിയാൻ പ്രേരിപ്പിച്ചെങ്കിൽ ലക്ഷക്കണക്കിന് പ്രവർത്തകർ രാജ്യത്തുടനീളം പ്രവർത്തിക്കുന്ന പി എഫ് ഐ പോലുള്ള പ്രസ്ഥാനത്തെ നിരോധിക്കുന്നത് അരാജകത്വത്തെ വികേന്ദ്രീകരിക്കുന്ന അപക്വമായ നടപടിയായി തിരിച്ചടിക്കാനുള്ള സാധ്യതയേറെയാണ്. ഈ നിരോധനത്തെ കൂടുതൽ സങ്കീർണമാക്കുന്നത് തീരുമാനത്തിന്റെ സമയവും രാഷ്ട്രീയ പശ്ചാത്തലവുമാണ്. ഇസ്ലാമോഫോബിയ അപകടകരമാം വിധം പിടിമുറുക്കിയ ഒരു സമൂഹത്തിൽ ന്യൂനപക്ഷ സമുദായത്തിനെതിരെ വെറുപ്പും അക്രമവും വർധിപ്പിക്കാൻ ഈ തീരുമാനം ഇടയാക്കിയേക്കാം. അതിന്റെ മറുവശം, ഇതേ വസ്തുത മുസ്‌ലിംകൾക്കിടയിൽ തങ്ങളോടുള്ള രഹസ്യ അനുഭാവം വർധിപ്പിക്കാനായി പിഎഫ്ഐ സമർത്ഥമായി ഉപയോഗിക്കുമെന്നതാണ്. തങ്ങൾ ഇരകളാണെന്നും നാളെ നിങ്ങളും ഇരയാകുമെന്നും അവർത്തിച്ചുറപ്പിച്ചു നിശബ്ദമായ മതമൗലിക വൽക്കരണത്തിന് ഒളിവിലുള്ള പോപുലർ ഫ്രണ്ട് പ്രവർത്തകർ കിണഞ്ഞു പരിശ്രമിച്ചേക്കും.
മുസ്ലിം ലീഗ് പോലുള്ള മുഖ്യധാരാ മുസ്ലിം പാർട്ടികൾ എടുക്കാൻപോകുന്ന നിലപാടും ഈ ഘടകത്തെ സ്വാധീനിക്കും. പി എഫ് ഐയുടെ രാഷ്ട്രീയ മുഖമായ എസ് ഡി പി ഐ തിരഞ്ഞെടുപ്പുകളിൽ മത്സരിച്ച് ജയിക്കുന്ന രാഷ്ട്രീയ സംഘടനയാണെന്ന് മാത്രമല്ല ഈ സംഘടനയുടെ പ്രതിനിധികൾ ത്രിതല പഞ്ചായത്തുകളിൽ അംഗങ്ങളാണ്. പലയിടങ്ങളിലും മുഖ്യധാര രാഷ്ട്രീയ പാർട്ടികളെ ഇവർ പിന്തുണയ്ക്കുന്നു എന്നാരോപണവും ഉയർന്നുവന്നിട്ടുണ്ട്.
പൊതുസമൂഹത്തിൽ ഇടപഴകി പ്രവർത്തിക്കുമ്പോഴും സമൂഹം വിശ്വസിക്കുന്ന ജനാധിപത്യ മൂല്യങ്ങളെ അംഗീകരിക്കാൻ തീരെ തയാറാകാത്ത പോപുലർ ഫ്രണ്ടിന് നിയമപോരാട്ടത്തിൽ പൊതു സമൂഹത്തിന്റെ പിന്തുണ ലഭിക്കാനും സാധ്യത കുറവാണ്.
ഇനി പിഎഫ്ഐക്ക് മുന്നിലുള്ള വഴി നിയമപരമായും ഭരണഘടനപരമായും ലഭ്യമായ പരിഹാരം തേടുകയെന്നതാണ്. നിരോധനത്തെ സുപ്രീം കോടതിയിൽ ചോദ്യം ചെയ്യാൻ കഴിയും. എന്നാൽ ഇന്നലെവരെ തങ്ങളുടെ പ്രവർത്തനരീതി ഭരണഘടനാ സ്ഥാപനങ്ങളെ അവഹേളിക്കുകയും ജനാധിപത്യ മര്യാദകളെ അവഗണിക്കുകയും ചെയ്യുന്ന തരത്തിലായിരുന്നു എന്നത് അതെ സ്ഥാപനങ്ങളിൽ നിന്ന് തന്നെ പരിഹാരം തേടാനുള്ള അവരുടെ ശ്രമത്തെ പരിഹാസ്യമാക്കുന്ന ഘടകമാണ്. ഹാദിയ കേസിൽ ഹൈക്കോടതി മാർച്ച് നടത്തുകയും, ടിജെ ജോസഫിന്റെ കൈ വെട്ടുകയും കഴിഞ്ഞയാഴ്ചത്തെ കേരള ഹർത്താലിൽ വ്യാപക അക്രമം അഴിച്ചുവിടുകയും ഒക്കെ ചെയ്ത സംഘടന ഇതിലൊന്നും ഇതുവരെ ഒരു ഖേദവും പൊതുസമൂഹത്തിനു മുന്നിൽ പ്രകടിപ്പിച്ചിട്ടില്ല. പൊതുസമൂഹത്തിൽ ഇടപഴകി പ്രവർത്തിക്കുമ്പോഴും സമൂഹം വിശ്വസിക്കുന്ന ജനാധിപത്യ മൂല്യങ്ങളെ അംഗീകരിക്കാൻ തീരെ തയാറാകാത്ത പോപുലർ ഫ്രണ്ടിന് നിയമപോരാട്ടത്തിൽ പൊതു സമൂഹത്തിന്റെ പിന്തുണ ലഭിക്കാനും സാധ്യത കുറവാണ്.