എഴുതപ്പെട്ട വചനത്തിലെ വിമോചനം

എഴുതപ്പെട്ട വചനത്തിലെ വിമോചനം

നവോത്ഥാന നായകനും കീഴാള ജനവിഭാഗങ്ങളുടെ ഉന്നമനത്തിനായി പ്രവർത്തിച്ച സാമൂഹ്യപരിഷ്കർത്താവുമായ പൊയ്കയില്‍ കുമാര ഗുരുദേവന്റെ എൺപത്തി അഞ്ചാം സ്മൃതിദിനമാണിന്ന്
Updated on
6 min read

കേരളത്തിന് പൊയ്കയില്‍ കുമാര ഗുരുദേവന്‍ എന്നറിയപ്പെടുന്ന പൊയ്കയിൽ അപ്പച്ചന്‍ ആരായിരുന്നു? പത്തൊന്‍പതാം നൂറ്റാണ്ടിലും ഇരുള്‍ മൂടി കിടന്ന ഈ ഭൂപ്രദേശങ്ങളില്‍ വെളിച്ചം തെളിച്ചെത്തിയ നിരവധി നവോത്ഥാന നായകരില്‍ ഒരാള്‍. പ്രത്യേകിച്ച് കീഴാള ജനവിഭാഗങ്ങളുടെ ഇടയില്‍ പ്രവര്‍ത്തിച്ച സാമൂഹ്യ പരിഷ്‌കര്‍ത്താവ്, ആത്മീയ പുരുഷന്‍, ശ്രീമൂലം പ്രജാ സഭാ അംഗം. കേരള നവോത്ഥാന ചതുരങ്ങളിലെ ലളിത കളംവരയ്ക്കലില്‍ വ്യാഖ്യാനിച്ചു തീര്‍ക്കാനാകുന്ന പ്രവര്‍ത്തന മണ്ഡലമായിരുന്നില്ല പൊയ്കയില്‍ അപ്പച്ചന്റേത് . ഒരു പക്ഷേ കീഴാള, മേലാള നവോത്ഥാന പാളികളില്‍ ഏറെ വ്യത്യസ്തമായ കര്‍മമണ്ഡലം കാഴ്‌ചവെച്ച ജീവിതധാരയാണ് അപ്പച്ചന്‍ മുന്നോട്ടുവെച്ചത്. 

യഥാര്‍ഥത്തില്‍ മൂന്നു പാളികളായി പ്രത്യക്ഷപ്പെട്ട ഒരു  ചരിത്രമാണ് പൊയ്കയില്‍ ശ്രീകുമാരന്റെ പ്രവര്‍ത്തനങ്ങള്‍

അപ്പച്ചന്റെ പ്രവര്‍ത്തനമണ്ഡലത്തെക്കുറിച്ച് സവിശേഷമായ നിരീക്ഷണം  നടത്തിയ വിപി സ്വാമി എഴുതുന്നു: യഥാര്‍ഥത്തില്‍ മൂന്നു പാളികളായി പ്രത്യക്ഷപ്പെട്ട ഒരു  ചരിത്രമാണ് പൊയ്കയില്‍ ശ്രീകുമാരന്റെ പ്രവര്‍ത്തനങ്ങള്‍. മുകള്‍ത്തട്ടില്‍ അത് ജ്ഞാനസംവാദത്തിന്റെ തലത്തിലും (ക്രൈസ്തവ മതത്തിന്റെയും ബ്രാഹ്‌മണ മതത്തിന്റേയും ദൈവ ശാസ്ത്രത്തിന്റെയും ജ്ഞാനസംഹിതകളുമായി അത് സംവാദത്തില്‍ ഏര്‍പ്പെടും) രണ്ടാമത്തെ പാളിയില്‍ അത് കീഴാള ജനതയുടെ ജാതി വിരുദ്ധവും മത നിരപേക്ഷവുമായ നിലയിലും ഏറ്റവും അടിത്തട്ടില്‍ ഹീനരും പഴിക്കപ്പെട്ടവരും പാര്‍ശ്വവത്കരിക്കപ്പെട്ടതുമായ മനുഷ്യ സമൂഹത്തിന്റെ ശബ്ദമെന്ന വിധത്തിലും അത് വിന്യസിക്കപ്പെട്ടു. ഈ വ്യത്യസ്ത പാളികളെ അതിന്‌റെ നിലയിൽ പരിശോധിക്കാതെ ഏതെങ്കിലുമൊരു വശത്തെ മാത്രം പരിഗണിക്കുമ്പോള്‍ അതൊരു തെറ്റിദ്ധരിക്കപ്പെട്ട ചരിത്രമായി മാറും. (ശ്രീ കുമാര ഗുരുദേവന്‍ ലഘു ജീവ ചരിത്രം,വി വി സ്വാമി )

ഇന്നത്തെ പത്തനംതിട്ട ജില്ലയില്‍ ഇരവിപേരൂര്‍ എന്ന സ്ഥലത്ത് 1879 ഫെബ്രുവരി ഏഴിന് (കൊല്ലവര്‍ഷം കുംഭം 5)നാണ് ശ്രീ കുമാര ഗുരുദേവന്‍ ജനിച്ചത്. കണ്ടനും ലെച്ചിയുമായിരുന്നു മാതാപിതാക്കള്‍. ശങ്കരമംഗലം എന്ന ജന്മികുടുംബത്തിലെ അടിമപ്പണിക്കാരായിരുന്നു അപ്പച്ചന്റെ മാതാപിതാക്കള്‍. ഇവരുടെ പൂര്‍വികരും അടിമകളായിരുന്നുവെന്ന് കരുതപ്പെടുന്നു. മറ്റു രാജ്യങ്ങളിലെ പോലെ അടിമകളെ പ്രത്യേക വിധത്തില്‍ തടവില്‍ പാര്‍പ്പിക്കുന്ന സമ്പ്രദായം കേരളത്തിലുണ്ടായിരുന്നില്ല. അവര്‍ പ്രത്യേക സ്ഥലങ്ങളില്‍ തങ്ങളുടേതായ ജീവിത വ്യവഹാരങ്ങളില്‍ ജീവിച്ചുപോന്നു.

കീഴാള വിഭാഗത്തില്‍ നിലനിന്നിരുന്ന ഉപജാതി വേര്‍തിരിവുകളും അടിമത്തവും ശുദ്ധ സങ്കല്‍പ്പവും മന്ത്രവാദവുമൊന്നും കുമാരന്‍ അംഗീകരിച്ചിരുന്നില്ല

കീഴാള വിഭാഗത്തില്‍പ്പെട്ടവര്‍ക്ക് അക്കാലത്ത് നല്ല പേരുകള്‍ ഇടാന്‍ സമ്മതിച്ചിരുന്നില്ല. അതുകൊണ്ട് കണ്ടനും ലെച്ചിയും തങ്ങളുടെ മകന് കൊമരന്‍ എന്നാണ് പേരിട്ടിരുന്നത്. പിന്നീടത് കുമാരന്‍ എന്ന വിളിപ്പേരായി. അടിമ ബാലന്മാരായിരുന്നു കുമാരന്റെ കളിക്കൂട്ടുകാര്‍. കന്നുകാലികളെ മേയ്ക്കുന്ന ജോലിയായിരുന്നു ഇവര്‍ക്ക്. ചെറുപ്പത്തിലേ തന്നെ അന്ന് നിലനിന്നിരുന്ന തെറ്റായ ജീവിതവ്യവഹാരങ്ങളെ കുമാരന്‍ നിഷേധിച്ചിരുന്നു. കീഴാള വിഭാഗത്തില്‍ നിലനിന്നിരുന്ന ഉപജാതി വേര്‍തിരിവുകളും അടിമത്തവും ശുദ്ധ സങ്കല്‍പ്പവും മന്ത്രവാദവുമൊന്നും കുമാരന്‍ അംഗീകരിച്ചിരുന്നില്ല. തന്റെ കൂട്ടുകാരെ മരത്തണലില്‍ ഇരുത്തി കഥകള്‍ പറഞ്ഞുകൊടുക്കുന്ന ശീലവും കുമാരനുണ്ടായിരുന്നു. 

അക്കാലങ്ങളില്‍ അടിമജീവിതം വളരെ ദയനീയമായിരുന്നു. ഉദാഹരണത്തിന് അടിമകള്‍ക്ക് ഭക്ഷണം കൊടുത്തിരുന്നതിന് മണ്ണില്‍ ചെറിയ കുഴിയുണ്ടാക്കി അതിനുമേൽ പട്ടപ്പാള വെച്ച് (കവുങ്ങിന്റെ പാള ഒരു പ്രത്യേക രീതിയില്‍ മടക്കിവെച്ച്)  അതില്‍ കഞ്ഞി ഒഴിച്ചുകൊടുക്കുകയായിരുന്നു ചെയ്തിരുന്നത്. ഇതിനെ ചോദ്യം ചെയ്ത് ഒരു ദിവസം തന്റ പാള എടുത്ത് അടുത്തു കണ്ട  കല്ലില്‍ അടിച്ചു പൊട്ടിച്ചു ദൂരെ കളഞ്ഞു . കുമാരന്‍ കാണിച്ച ഈ പ്രവൃത്തി കൂടെയുള്ളവരെ ഭയവിഹ്വലരാക്കി . എന്നാല്‍ കുമാരന്റ പ്രവൃത്തിയുടെ  അര്‍ഥം തമ്പുരാന് മനസിലാക്കുകയും അടിയാളന്‍മാര്‍ക്ക് പട്ടപ്പാളയില്‍ കഞ്ഞിക്കൊടുക്കുന്ന പ്രവൃത്തി അതോടെ അവസാനിപ്പിക്കുകയും ചെയ്തു. കുമാരന്റെ ഇത്തരത്തിലുള്ള പല പ്രവർത്തികളും കണ്ട കൂട്ടുകാര്‍ക്ക് കുമാരനില്‍ അസാമാന്യമായ പ്രത്യേകതകളുമുള്ളതായി തോന്നി . മണിമലയാറിന്റെ തീരത്തേക്കാണ് സാധാരണ കുമാരനും കൂട്ടുകാരും  കന്നുകാലികളെ മേയ്ക്കാന്‍ പോകുക. മുഷിഞ്ഞ കള്ളിത്തോര്‍ത്തും തൊപ്പിപ്പാളകളും കാണും. കന്നുകാലികളെ മേയ്ക്കാന്‍ ഒരു വടിയും കയ്യില്‍ കാണും. ഇതിനിടയില്‍ കൂട്ടുകാരുമായുള്ള സൗഹൃദത്തിന് അദ്ദേഹം ഏറെ പ്രധാന്യം നല്‍ക. കുമാരനെവിടെ പോയാലും ഇവര്‍ കൂടെയുണ്ടാകും. ഇവരാണ് പിന്നീട് പൊയ്ക കൂട്ടമായത് . 

ബൈബിള്‍ പ്രസംഗം നടത്തുമ്പോഴും ഇത് തന്റെയും തന്റെ വംശത്തിന്റെയും കഥയല്ലെന്നും തന്റെ രാജ്യത്തിന്റെ കഥ ഇതില്ലില്ലെന്നും കുമാരന്‍ കൂട്ടുകാര്‍ക്ക് വിശദീകരിച്ചു കൊടുത്തിരുന്നു

ഇതിനിടയില്‍ കുമാരന്‍ എഴുത്തും വായനയും പഠിച്ചു. അക്ഷരം പഠിച്ച കുമാരന്‍ കിട്ടിയ പുസ്തകങ്ങളൊക്കെ വായിച്ചു. പ്രധാനമായും കിട്ടിയിരുന്ന പുസ്തകങ്ങള്‍ ക്രിസ്ത്യന്‍ മിഷണറികളുടെ ലഘുലേഖകളും ബൈബിള്‍ വിവര്‍ത്തനങ്ങളുമായിരുന്നു. വായിച്ച കാര്യങ്ങള്‍ കൂട്ടുകാരുമായി പങ്കുവെച്ചു . ബൈബിളിനെ ആധാരമാക്കി സുവിശേഷ പ്രസംഗം ചെയ്യുക എന്നുള്ളത് കുമാരന്റെ വിനോദമായിരുന്നു. എന്നാല്‍ ഈ പ്രവൃത്തി ക്രൈസ്തവ  ജന്മിമാര്‍ക്ക്, പ്രത്യേകിച്ച് ശങ്കരമംഗലം കുടുംബക്കാര്‍ക്ക് ദഹിച്ചില്ല. ക്രൈസ്തവ വിശ്വാസിയാകാത്ത കുമാരന്റെ ഉദ്ദേശ്യം എന്തെന്ന് അവര്‍ക്ക് ബോധ്യപ്പെട്ടിരുന്നില്ല. ബൈബിള്‍ പ്രസംഗം നടത്തുമ്പോഴും ഇത് തന്റെയും തന്റെ വംശത്തിന്റെയും കഥയല്ലെന്നും തന്റെ രാജ്യത്തിന്റെ കഥ ഇതില്ലില്ലെന്നും കുമാരന്‍ കൂട്ടുകാര്‍ക്ക് വിശദീകരിച്ചു കൊടുത്തിരുന്നു . 

തന്റെ ജനതയെ തേടിയിറങ്ങിയ കുമാരന്‍ അടിമവേല ഉപേക്ഷിച്ചു . മധ്യതിരുവിതാംകൂറിലെ കീഴാള ജനത തിങ്ങിപ്പാര്‍ക്കുന്ന ഇടങ്ങളിലേക്കായിരുന്നു യാത്ര. കുമ്പനാട്, ഓതറ, മുതലറ, വാകത്താനം , കുളത്തൂര്‍, കുമരകം, ചെങ്കോട്ട  എന്നിങ്ങനെ പോകുന്നു സ്ഥലങ്ങള്‍. ഇവിടെ ചെന്ന് ആളുകളുമായി സഞ്ചരിച്ച് അവിടുത്തെ പ്രായമുള്ള ഒരാളുടെ നേതൃത്വത്തില്‍ ഒരു കൂട്ടമുണ്ടാക്കുന്നു. ഇവരുടെയെല്ലാം അടിമ ചരിത്രവും പൂര്‍വകഥകളും കഥകളിലൂടെയും പാട്ടുകളിലൂടെയും പ്രസംഗിച്ചു . 

അടിത്തട്ടു ജനതയെ സമൂഹ്യമായി പുനര്‍ നിര്‍മിക്കുന്ന പ്രവൃത്തിയാണ് കുമാര ഗുരുദേവന്‍ ആദ്യം നടത്തുന്നത്. നിരവധിയായ ഗോത്രങ്ങളും ഉപജാതികളും ശുദ്ധ-അശുദ്ധ വേര്‍തിരിവുകളാലും ചിതപ്പെട്ടുപ്പോയ ജനതയെ ഒന്നാക്കാനും അക്കാലത്തെ ആധുനിക ജീവിത പരിസരങ്ങളിലേക്ക് മാറ്റി പാര്‍പ്പിക്കാനുള്ള ശ്രമമാണ് കുമാര ഗദുരു ദേവന്‍ നടത്തിയിരുന്നത്. ഇതിനു വേണ്ടി ഇനി പറയുന്ന നിര്‍ദേശങ്ങള്‍ അപ്പച്ചന്‍ നല്‍കി.

വീടും പരിസരവും വൃത്തിയായി സൂക്ഷിക്കണം, വെള്ള വസ്ത്ര ധരിക്കണം, നികൃഷ്ടമായ ഭക്ഷണം കഴിക്കരുത്, മൂന്നിടങ്ങഴി വെള്ളവും ഇലകളും ഉപയോഗിച്ചു വേണം ശൗചം ചെയ്യാന്‍, സ്ത്രീയ്ക്കും പുരുഷനും ഒരേ ദൈവിക ചൈതന്യമായാല്‍  തരംതിരുവുകള്‍ പാടില്ല, കാളയുടേയും പോത്തിന്റെയും മാംസം ഭക്ഷണത്തിന് ഉപയോഗിക്കരുത്, കണ്ടു മുട്ടുമ്പോഴും വിടവാങ്ങുമ്പോഴും വന്ദനം പറയണം, ജാതീയ ചിന്ത ഉപേക്ഷിക്കണം.  

അടിമ ശരീരത്തില്‍ നിന്നും കീഴാള ശരീരങ്ങളെ ആധുനിക ശരീരങ്ങളാക്കി മാറ്റുന്ന സാമൂഹ്യ വിപ്ലവമാണ് ഈ നിര്‍ദേശങ്ങളിൽ നമുക്ക് കാണാൻ കഴിയുന്നത്. 1901-1904 കാലഘട്ടത്തിലാണ് അപ്പച്ചന്‍ ഇത്തരം പ്രവര്‍ത്തനങ്ങള്‍ക്ക് പ്രാധാന്യം കൊടുത്തത്. ഇക്കാലത്ത് കീഴാള വിഭാഗങ്ങള്‍ ധാരാളമായി ക്രിസ്തു മതത്തിലേക്ക് പരിവര്‍ത്തനം ചെയ്യപ്പെട്ടിരുന്നു. ഹിന്ദുമതത്തിലെ  ഹീനാചാരങ്ങളില്‍ നിന്നും മുക്തി നേടുക എന്നതായിരുന്നു ഈ പരിവര്‍ത്തനങ്ങളുടെ പ്രധാന ഉദ്ദേശ്യം . നവോത്ഥാനം, നല്ല ശരീരം, നല്ല പേര് ഇവയൊക്കെ പ്രധാന ഘടകമായി മാറി . ഇക്കാലത്ത് കുമാരനും തന്റെ പേര് യോഹന്നാന്‍ എന്നാക്കി മാറ്റുന്നുണ്ട്. യോഹന്നാന്‍ എന്ന പേര് സ്വീകരിച്ചു കൊണ്ട് കുമാരന്‍ ക്രൈസ്തവ സഭംഗങ്ങളുമായി കൂടിച്ചേർന്നു. എന്നാലിത് സംവാദങ്ങളിലും തര്‍ക്കങ്ങളിലുമാണ് എത്തിച്ചേർന്നത്. ക്രൈസ്തവ സഭയ്ക്കുള്ളിലെ ജാതി വ്യവസ്ഥയെ കുമാരന്‍ നിശിതമായി ചോദ്യം ചെയ്തു . 

തമ്പുരാനൊരു പള്ളി, അടിയാനൊരു പള്ളി 

അക്കൂറും ഇക്കൂറും വെവ്വേറെ പള്ളി 

പറയനൊരു പള്ളി, പുലയനൊരു പള്ളി

മീന്‍ പിടുത്തക്കാരന്‍ മരയ്ക്കാനൊരു പള്ളി 

പള്ളിയോടു പള്ളി നിരന്നിങ്ങ് വന്നിട്ടും 

വ്യത്യാസം മാറി ഞാന്‍ കാണുന്നില്ല 

പാശ്ചാത്യ ദൈവ ശാസ്ത്രം ദളിതരെ എങ്ങനെ അന്യവത്കരിക്കുന്നു എല്ലെങ്കില്‍ അവര്‍ എതില്‍ എങ്ങനെ അന്യ വത്കരിക്കപ്പെടുന്നു എന്നു കൂടി ഗുരുദേവന്‍ വിശദമാക്കുന്നുണ്ട്

എന്നാല്‍ കേവലമായ ജാതി വിമര്‍ശനം മാത്രമല്ല കുമാര ഗുരുദേവന്‍ നടത്തിയത്. പാശ്ചാത്യ ദൈവ ശാസ്ത്രം ദളിതരെ എങ്ങനെ അന്യവത്കരിക്കുന്നു എല്ലെങ്കില്‍ അവര്‍ എതില്‍ എങ്ങനെ അന്യ വത്കരിക്കപ്പെടുന്നു എന്നു കൂടി ഗുരുദേവന്‍ വിശദമാക്കുന്നുണ്ട് . അതുകൊണ്ടാണ് അപ്പച്ചന്‍ പിന്നീട് ഇങ്ങനെ പാടിയത്:  

ക്രിസ്തുവിന്‍ രക്തത്തില്‍ മുങ്ങിയതില്‍ 

പിന്നെ തീരാ പുലയങ്ങു തീര്‍ന്നു പോയ്  

കേട്ടോ, പിന്നെ പുലയനെന്നു വിളിച്ചാല്‍ 

ആ പള്ളിലേക്ക് വരുന്നില്ല കേട്ടോ 

ഇതിന്റെ തുടര്‍ച്ചയെന്നോണം  1907 ല്‍ അടിച്ചൻ എബ്രഹാമിന്റെ പുരയിടത്തിലെ പതിനാലു ദിവസം നീണ്ടു നിന്ന യോഗത്തില്‍ വച്ച് അപ്പച്ചന്‍ ബൈബിള്‍ കത്തിക്കുന്നതിനെ സണ്ണി എം കപിക്കാട് നിരീക്ഷിക്കുന്നത് ഇങ്ങനെയാണ്: ക്രിസ്ത്യന്‍ മിഷനറി പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെടുമ്പോഴും അദ്ദേഹം പ്രതിനിധാനം ചെയ്യാന്‍ ശ്രമിച്ചത് അടിമ സന്തതികളെയായിരുന്നു . അതുകൊണ്ടാണ് അദ്ദേഹത്തിന്റെ വിയോജിപ്പുകള്‍ ബൈബിള്‍ കത്തിക്കുന്നതിലേക്കും അതിനുമപ്പുറം അടിമ സന്തതികള്‍ക്കായുള്ള ദൈവ ശാസ്ത്ര അന്വേഷണത്തിലേക്കും നീളുന്നതും (ജനതയും ജനാധിപത്യവും). 

ഒരു സ്ഥലത്തു നിന്നും മറ്റൊരു സ്ഥലത്തേക്ക് സഞ്ചരിച്ച് അപ്പച്ചന്‍ നടത്തിയ പ്രസംഗങ്ങള്‍ കേരളത്തിലെ മത മേധാവിത്യത്തേയും ജാതിയേയും അടിമത്ത വ്യവസ്ഥിതിയേയും നിശിതമായി വിമര്‍ശിക്കുന്നതായിരുന്നു. സ്വഭാവികമായും അക്കാലത്തെ വ്യവസ്ഥാപിത വ്യവസ്ഥയെ ചോദ്യം ചെയ്തതിന്റെ പേരില്‍ ഈ സഞ്ചാര പ്രസംഗങ്ങളില്‍ വലിയ സംഘര്‍ഷങ്ങള്‍ ഉണ്ടായിട്ടുണ്ട്. അപ്പച്ചന്റെ ജീവനു തന്നെ ഭീഷണിയാകുന്ന നിരവധി സംഘര്‍ങ്ങള്‍ ഉണ്ടായി. കോട്ടയം കാളച്ചന്ത, ചങ്ങനാശ്ശേരി, വാകത്താനം, മുതലപ്ര, കുമരകം, ഓതറ, ഊട്ടുപ്പാറ, കരിയാംപ്ലാവ്, മാരങ്കുളം ചെങ്ങളം, മഞ്ചാടിക്കരി, കടുത്തുരുത്തി, വെള്ളാശ്ശേരി തുടങ്ങിയ സ്ഥലങ്ങളിലെല്ലാം വിപുലമായ യോഗം നടന്നു . 

കീഴാള ജനതയുടെ ആത്മീയ പുരോഗതി എന്ന ആശയം വ്യക്തമാക്കുന്ന യോഗമായിരുന്നു 14 ദിവസം നീണ്ടു നിന്ന 1905 ലെ വാകത്താനം യോഗം. ആ യോഗത്തില്‍ വെച്ചാണ് അപ്പച്ചന്‍ ഇങ്ങനെ പാടിയത് .

എന്നിലൊരു പുതു ശക്തിയുണ്ട്

എന്നിലൊരു പുതു ജീവനുണ്ട്

ഞാനൊരു പുതിയ ആകാശം കണ്ടു

ഞാനൊരു പുതിയ ഭൂമിയും കണ്ടു 

കാണുന്നു ഞാനൊരു വിശുദ്ധ സഭ 

അടിയാള ജനത തങ്ങള്‍ക്ക് പുതിയ ആകാശവും ഭൂമിയും ലഭിച്ചതായി തിരിച്ചറിഞ്ഞു. അവര്‍ അപ്പച്ചനെതങ്ങളുടെ രക്ഷകനായി കരുതി. ജനങ്ങള്‍ പണിക്കു പോകാതെയായി. ഗുണ്ടകള്‍ വന്ന് യോഗം അക്രമിക്കുന്ന സ്ഥിതിയുണ്ടായി. വിമോചനത്തിന്റെ പുതിയ വഴികള്‍ തുറന്നുകൊണ്ട് മുതലപ്രയില്‍ നടന്ന യോഗത്തില്‍ വേദ പുസ്തകത്തില്‍ നിന്ന് മോക്ഷം പ്രഖ്യാപിച്ചു അപ്പച്ചന്‍. 

അപ്പച്ചന്‍ ഇങ്ങനെ പാടി: 

എഴുതപ്പെട്ടെഴുത്തുകള്‍ 

എന്റേതെന്നോര്‍ത്തുകൊണ്ട് 

ഇതുവരെ ജീവിച്ചു ഞാന്‍ 

എഴുതപ്പെട്ട വചനത്തില്‍ 

പിടിക്കപ്പെട്ടവരെല്ലാം 

വിടുവിന്‍ വേഗത്തില്‍ 

എഴുത്ത് നമുക്കുള്ളതല്ലല്ലോ 

അടിമ ജനത സ്വയം ദൈവത്തെ കണ്ടെത്തുന്നു ഇവിടെ. 

അപ്പച്ചന്റെ പ്രവര്‍ത്തനങ്ങള്‍ക്ക് ഇതിനോടകം വലിയ പ്രചാരം ലഭിച്ചു. ഒന്നാം ലോക മഹായുദ്ധത്തിലേക്ക് ലോകം നീങ്ങിക്കൊണ്ടിരിക്കുന്ന കാലത്ത് അപ്പച്ചന്‍ യുദ്ധത്തിനെതിരെ പ്രസംഗിച്ചു. ഫലത്തില്‍ ബ്രിട്ടീഷുകാര്‍ക്കെതിരായിരുന്നു പ്രസംഗം. മുതലപ്രയില്‍ നടന്ന യോഗത്തില്‍ വെച്ച് അപ്പച്ചനെ അറസ്റ്റ് ചെയ്യാന്‍ ശ്രമിച്ചു. എന്നാല്‍ പിറ്റേ ദിവസം  കോടതിയില്‍ എത്തിക്കോള്ളാമെന്ന ഉറപ്പില്‍ പോലീസ് പിന്മാറി. പിറ്റേ ദിവസം കോടതിയില്‍ ചെന്നപ്പോള്‍ ്പ്പച്ചനോട് ചോദിച്ച് രണ്ട് ചോദ്യങ്ങളില്‍ ഒന്ന് സഭയുടെ പേരെന്താണ് എന്നായിരുന്നു . അല്‍പ്പം ആലോചിച്ച് അപ്പച്ചന്‍ മറുപടി പറഞ്ഞു പ്രത്യക്ഷ രക്ഷാ ദൈവ സഭ (prds). 

കീഴാള വിഭാഗങ്ങളെ വിശേഷിപ്പിക്കുവാൻ അടിമ സന്തതികൾ എന്ന പദമാണ് അപ്പച്ചൻ ഉപയോഗിച്ചത്. 

അപ്പച്ചൻ സംസാരിച്ചത് അടിമകൾക്ക് വേണ്ടിയായിരുന്നു. നമ്മുടെ സാധാരണ സങ്കല്പത്തിലെ അടിമസങ്കല്പമല്ല (സ്പാർട്ടക്കസ്) അപ്പച്ചൻ വിഷയമായി അവതരിപ്പിച്ചത്. ലോകത്തിലെ എല്ലാ അനാഥത്വങ്ങളേയും അപ്പച്ചൻ അടിമ എന്ന സംജ്ഞയിലേക്ക് കൊണ്ടുവന്നു - “ദൈവം അടിമയുടെ ശരീരം ഒരു വസ്ത്രമായി സ്വീകരിച്ചുകൊണ്ട് ഭൂമിയിലേക്ക് ഇറങ്ങിവന്നു.” അടിമ അവസ്ഥ ഏഴു വിധത്തിൽ ഉണ്ടെന്നാണ് അപ്പച്ചൻ വിശദീകരിക്കുന്നത്. ദൈവത്തിന്റെ, മതത്തിന്റെ, രാജ്യത്തിന്റെ പേരിലും മായാശക്തികൾക്കും സേവാ മൂർത്തികൾക്കുമായുള്ള മാർഗങ്ങളുടെ പേരിലും ജീവന്റെയും ശരീരത്തിന്റെയും പേരിലും അടിമത്തം ഒരാൾ അനുഭവിക്കുന്നു. കീഴാള വിഭാഗങ്ങളെ വിശേഷിപ്പിക്കുവാൻ അടിമ സന്തതികൾ എന്ന പദമാണ് അപ്പച്ചൻ ഉപയോഗിച്ചത്. 

1921 ലും 1931 ലും കുമാര ഗുരുദേവൻ ശ്രീമൂലം പ്രജാ സഭയിലേക്ക് നാമനിർദേശം ചെയ്യപ്പെട്ടു. സഭയ്ക്കുള്ളിൽ അദ്ദേഹം നടത്തിയ പ്രവർത്തനവും ജനതയുടെ അടിസ്ഥാന ആവശ്യമായ വിദ്യാഭ്യാസം, ഭൂമി, തൊഴിൽ എന്നിവ കേന്ദ്രീകരിച്ചായിരുന്നു. സ്ത്രീകൾക്ക് പ്രത്യേക പ്രാതിനിധ്യം ആവശ്യപ്പെട്ടുകൊണ്ടുള്ള നിവേദനം അപ്പച്ചൻ സമർപ്പിച്ചിരുന്നു. 

കീഴാള നവോതഥാനത്തിന് സവിശേഷമായ ഒരു ആത്മീയ ധാര നിർമിച്ചുവെന്നത് കുമാര ഗുരുദേവനെ ചരിത്രത്തിൽ വ്യത്യസ്തനാക്കുന്നു. അദ്ദേഹത്തിന്റെ ആത്മീയധാര ബ്രാഹ്മണ വിരുദ്ധം എന്നതുപോലെ പാശ്ചാത്യ ദൈവശാസ്ത്ര നവീകരണം കൂടെയായിരുന്നു. ലോകമെമ്പാടുമുള്ള അവഗണിത സ്വത്വത്തെയാണ് അത് പരിഗണിച്ചത്. അതുകൊണ്ട് ഇന്ത്യയിലെ നവോത്ഥാന ഘട്ടത്തിലെ ഏറ്റവും കീഴാളമായ ഒരു ധാരയെയാണ് കുമാര ഗുരുദേവൻ പ്രതിനിധീകരിക്കുന്നത്. അമ്പലങ്ങളും പള്ളികളും നിര്മിക്കുകയായിരുന്നില്ല, പിന്നണി ജനവിഭാഗങ്ങളെ പുതിയൊരു ജീവിത വ്യവസ്ഥയിലേക്ക് കൊണ്ടുവരികയായിരുന്നു ശ്രീ കുമാര ഗുരുദേവൻ. പാരമ്പര്യത്തെ പരിഷ്കരിക്കുകയല്ല, അതിന്റെ ആത്മസത്തയെ നവീനമായ ഒരു ആധ്യാത്മികതയിലേക്ക് സന്നിവേശിപ്പിക്കുകയാണ് അദ്ദേഹം ഇവിടെ ചെയ്തതെന്ന് വി വി സ്വാമി നിരീക്ഷിക്കുന്നു. 

145 വർഷം കഴിഞ്ഞിട്ടും അദ്ദേഹത്തിന്റെ ചിന്തയും പ്രവർത്തിയും അനാഥമാക്കപ്പെട്ടവരുടെ ഊർജമായി മാറുകയാണ്

കൊല്ലവർഷം 1114 മിഥുനം 15 (1939) പൊയ്കയിൽ ശ്രീ കുമാര ഗുരുദേവൻ ഈ ലോകം വെടിഞ്ഞു. 145 വർഷം കഴിഞ്ഞിട്ടും അദ്ദേഹത്തിന്റെ ചിന്തയും പ്രവർത്തിയും അനാഥമാക്കപ്പെട്ടവരുടെ ഊർജമായി മാറുകയാണ്. വർത്തമാന ലോകം, പാർശ്വവൽകൃത മനുഷ്യരെ അന്യവൽക്കരണത്തിലേക്കും അദൃശ്യതയിലേക്കും തള്ളിയിടുമ്പോൾ അവരുടെ രക്ഷ ആരിലേക്കാണ് പോകേണ്ടത്? കാലം കഴിയും തോറും അപ്പച്ചൻ സൃഷ്ടിച്ച ജ്ഞാന വ്യവസ്ഥ വിമോചനത്തിന്റെ പന്തമായി മാറുകയാണ്. 

കേവല വിപ്ലവകാരികളിൽ നിന്നും പരിഷ്കർത്താക്കളിൽ നിന്നും മാറി ഒരു ജനതയുടെ സമഗ്രമായ പുതുക്കിപ്പണിയലാണ് അപ്പച്ചൻ നടത്തിയത്. പൊയ്കയിൽ കുമാര ഗുരുദേവന്റെ 145 -ആം ജന്മദിന വേളയിൽ ലോകത്തെ അടിച്ചമർത്തപ്പെട്ട എല്ലാ ജനങ്ങളുടെയും പ്രതീക്ഷയും പ്രതീകവുമാകുന്നു അപ്പച്ചൻ. “നേരം ഇരുട്ടി തുടങ്ങിയിരുന്നു. അപ്പച്ചൻ ഒരു കുന്നിന്റെ മുകളിലെത്തി. താഴ്വരയിലേക്ക് നോക്കി. ആരെയും കാണുന്നുണ്ടായിരുന്നില്ല. ഒരു മരത്തിനു മുകളിൽ കയറി നാലുപാടും നോക്കി കൂവിവിളിച്ചു. കുറച്ചുകഴിഞ്ഞപ്പോൾ ദൂരെനിന്ന് ഒരു കൂവൽ കേട്ടു. അപ്പച്ചൻ മരത്തിൽ നിന്നിറങ്ങി കൂവൽ കേട്ട ഭാഗത്തേക്ക് ചെന്ന്. ഒരു കുടിലാണ് കണ്ടത്. പെണ്ണുങ്ങൾ പച്ചനെല്ല് കുത്തുന്നു. ആണുങ്ങൾ കരുമരം കൊട്ടിപ്പാടുകയാണ്: 

“കൂവി വെളുക്കാനൊരു പൂങ്കോഴിയില്ലേ 

ചിലച്ചു വെളുപ്പിക്കാനൊരു ചിലപ്പക്ഷിയില്ലേ 

അന്തിത്തിരി വയ്ക്കാനൊരു സന്തതിയില്ലേ 

പൂവിങ്കലമ്മ പെറ്റിട്ടൊരു സന്തതിയില്ലേ…”  

അപ്പച്ചൻ കുടിലിനടുത്തെത്തി അവരോട് ഈ പാട്ട് എവിടുന്ന് കിട്ടിയെന്ന് ചോദിച്ചു. അവർ ഒന്നും മിണ്ടിയില്ല. അപ്പച്ചൻ ആ പാട്ട് ഇങ്ങനെ മാറ്റിപ്പാടി: 

“കൂവി വെളുക്കാനൊരു പൂങ്കോഴിയുണ്ട് 

ചെലച്ചു വെളുക്കാനൊരു ചെലപ്പക്ഷിയുണ്ട് 

പൂവിങ്കലമ്മ പെറ്റിട്ടൊരു സന്തതിയുണ്ടേ…”

പാട്ട് അവസാനിച്ചപ്പോൾ അവിടെ ഒരു കൂട്ടക്കരച്ചിൽ ആയിരുന്നു. ആർക്കും സങ്കടം അടക്കാനായില്ല. 

logo
The Fourth
www.thefourthnews.in