വക്കം പുരുഷോത്തമൻ നിഷേധിച്ച പ്രസ് പാസ്

വക്കം പുരുഷോത്തമൻ നിഷേധിച്ച പ്രസ് പാസ്

ദേശാഭിമാനിക്ക് പാസ് നിഷേധിച്ചതില്‍ പ്രതിഷേധിച്ച് അന്ന് മാധ്യമ പ്രവര്‍ത്തകര്‍ നയപ്രഖ്യാപന പ്രസംഗം റിപ്പോര്‍ട്ട് ചെയ്തില്ല
Updated on
5 min read

നിയമസഭ സ്പീക്കറെന്ന നിലയില്‍ വിവാദപരമായ പല സംഭവങ്ങളും അന്തരിച്ച വക്കം പുരുഷോത്തമന്റെ കാലത്ത് സംഭവിച്ചിട്ടുണ്ട്. അത്തരത്തില്‍ ഒന്നായിരുന്നു അന്ന് ദേശാഭിമാനി ലേഖകനായിരുന്ന, ആര്‍ എസ് ബാബുവിന് പ്രസ് പാസ് നിഷേധിച്ച സംഭവം. അത് പിന്നീട് കേസായി. ദേശാഭിമാനിക്ക് പാസ് നിഷേധിച്ചതില്‍ പ്രതിഷേധിച്ച് അന്ന് മാധ്യമ പ്രവര്‍ത്തകര്‍ നയപ്രഖ്യാപന പ്രസംഗം റിപ്പോര്‍ട്ട് ചെയ്തില്ല. ആര്‍ എസ് ബാബു നേരത്തെ എഴുതിയ ലേഖനം ഞങ്ങള്‍ പുനഃപ്രസിദ്ധികരിക്കുന്നു

വാര്‍ത്താസമ്മേളനത്തിന് വിളിച്ചുവരുത്തിയ മാധ്യമങ്ങളില്‍ പ്രധാനപ്പെട്ട രണ്ട് ചാനലുകളെ പുറത്താക്കിയ ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്റെ നടപടി പ്രാകൃതവും ജനാധിപത്യവിരുദ്ധവുമാണ്. ഇതിനോട് മാധ്യമങ്ങള്‍ ഒറ്റക്കെട്ടായി പ്രതിഷേധിക്കുകയാണ് വേണ്ടത്. വിവേചനപൂര്‍വ്വം മാധ്യമങ്ങളെ പുറത്താക്കിയാല്‍ പണ്ട് ബ്രിട്ടീഷുകാരോട് മഹാത്മാഗാന്ധി പറഞ്ഞ 'ക്വിറ്റ് ഇന്ത്യ' എന്നത് 'ക്വിറ്റ് കേരള' എന്ന് ഗവര്‍ണറോട് കേരളസമൂഹം പറയണം. അതിന് ആദ്യം വേണ്ടത് വിവേചനപരമായി വാര്‍ത്താസമ്മേളനം ഗവര്‍ണര്‍ ഇനിയും നടത്തിയാല്‍ ഗവര്‍ണറെ ബഹിഷ്‌കരിക്കാന്‍ മാധ്യമങ്ങള്‍ മുന്നോട്ടുവരണം എന്നതാണ്. അതിനുളള തീരുമാനം മാധ്യമപ്രവര്‍ത്തകരുടെയും മാധ്യമ ഉടമകളുടെയും സംഘടനകളും മാധ്യമസ്ഥാപനം കൈക്കൊളളണം.

അതിന് പ്രചോദനമേകുന്നതാണ് സുപ്രീംകോടതിയുടെ ഭരണഘടനാ ബഞ്ചില്‍ വരെ എത്തിയ പ്രസ് പാസ് കേസ്. ദേശാഭിമാനി ലേഖകന് നിയമസഭാ പ്രവേശനത്തിനുളള പ്രസ് ഗ്യാലറി പാസ് വക്കം പുരുഷോത്തമന്‍ സ്പീക്കറായിരിക്കെ നിഷേധിച്ചു. അതില്‍ പ്രതിഷേധിച്ചു സഭാസമ്മേളനം തുടങ്ങുന്ന ദിവസം മാധ്യമപ്രവര്‍ത്തകര്‍ സഭ ബഹിഷ്‌കരിച്ചു. ആ ദിവസം, 1983 ഫെബ്രുവരി 25, ഗവര്‍ണര്‍ പി രാമചന്ദ്രന്‍ സംസ്ഥാന സർക്കാരിന് വേണ്ടി നയപ്രഖ്യാപന പ്രസംഗം നടത്തിയ ദിവസമാണ്. മാധ്യമ ബഹിഷ്‌കരണം കാരണം ആ നയപ്രഖ്യാപനപ്രസംഗം ഇതുവരെ വെളിച്ചം കണ്ടിട്ടില്ല.

നിയമസഭാ രജതജൂബിലി ആഘോഷ ചെലവിനെ പറ്റി എഴുതിയ ലേഖനമാണ് പാസ് നിഷേധിക്കാൻ കാരണമെന്നായിരുന്നു സ്പീക്കർ പറഞ്ഞത്

നിയമനിര്‍മാണ സഭയില്‍ പത്രലേഖകര്‍ക്ക് പ്രവേശനം നല്‍കുക ജനാധിപത്യ സംവിധാനത്തിലെ അംഗീകൃത പാരമ്പര്യമാണ്. ഈ അംഗീകൃത പാരമ്പര്യത്തിന്റെ നിഷേധമായിരുന്നു . ദേശാഭിമാനി ലേഖകന് നിയമസഭയില്‍ പ്രവേശന വിലക്ക് കല്പിച്ച കേരള നിയമസഭാ സ്പീക്കറുടെ 1983 ലെ തീരുമാനം.

തുടക്കം രജതജൂബിലി ആഘോഷ റിപ്പോര്‍ട്ട്

നിയമസഭാ പ്രവേശനത്തിനുളള പ്രസ് പാസ് ഈ ലേഖകന് സ്പീക്കര്‍ വക്കം പുരുഷോത്തന്‍ നിഷേധിച്ച കാര്യം അറിഞ്ഞത് 1983 ഫിബ്രവരി 23ന് ബുധനാഴ്ച ഉച്ചകഴിഞ്ഞ നേരത്താണ്. തലസ്ഥാനത്തെ 75 അക്രഡിറ്റഡ് ലേഖകരില്‍ എനിക്കൊഴികെ മറ്റെല്ലാവര്‍ക്കും പാസ് നല്‍കി. ഇതിന്റെ കാരണം രേഖാമൂലം വ്യക്തമാക്കിയിരുന്നില്ല. പ്രശ്നം രമ്യമായി തീര്‍ക്കാനായി അതില്‍ തലമുതിര്‍ന്ന പത്രപ്രവര്‍ത്തകരോടും പത്രമുടമാ പ്രതിനിധികളോടും സ്പീക്കര്‍ പറഞ്ഞത് നിയമസഭാ രജതജൂബിലി ആഘോഷ ചെലവിനെ പറ്റി എഴുതിയ ലേഖനമാണ് പാസ് നിഷേധത്തിന് കാരണമെന്നാണ്.

നിയമസഭാ രജതജൂബിലി ആഘോഷ ചെലവിനെ പറ്റി അക്കൗണ്ട് ജനറല്‍ ചില ക്രമക്കേട് ചൂണ്ടിക്കാട്ടി വിശദീകരണം തേടിയിരുന്നു. അക്കൗണ്ട് ജനറല്‍ അംഗീകരിക്കാതിരുന്ന ചെലവുകളുടെ ഇനങ്ങള്‍ ഫയല്‍ നമ്പര്‍ സഹിതം ചേര്‍ത്താണ് 'ദേശാഭിമാനി' വാര്‍ത്ത പ്രസിദ്ധീകരിച്ചത്.

നയപ്രഖ്യാപന പ്രസംഗത്തിന് മാധ്യങ്ങളോ ന്യൂസ് ഏജൻസികളോ നിയമസഭയിൽ കയറിയില്ല

സ്പീക്കര്‍ വക്കം പുരുഷോത്തമന്‍ വിദേശ സഞ്ചാരത്തിന് ശേഷം മടങ്ങിയെത്തിയപ്പോഴാണ് വാര്‍ത്ത വരുന്നത്. അദ്ദേഹം ഏറെ ക്ഷുഭിതനായി നിയമസഭാ സെക്രട്ടേറിയറ്റിലെ ജീവനക്കാരോട് തട്ടിക്കയറി. ചില ജീവനക്കാരെ സ്ഥലം മാറ്റി. വാര്‍ത്ത പുറത്തുപോയത് നിയമസഭാ സെക്രട്ടറിയറ്റ് സ്റ്റാഫ് മുഖാന്തിരമാണെന്ന ധാരണയെ അടിസ്ഥാനമാക്കിയായിരുന്നു ഈ നടപടി. പക്ഷേ, അത് തെറ്റായ ധാരണയായിരുന്നു.

പാസ് നിഷേധ തീരുമാനത്തില്‍നിന്നും പുരുഷോത്തമനെ പിന്തിരിപ്പിക്കാന്‍ എ കെ ആന്റണി അടക്കമുളള കോണ്‍ഗ്രസ് നേതാക്കള്‍ പോലും ശ്രമിച്ചു. പക്ഷേ അദ്ദേഹം വഴങ്ങിയില്ല. ഫിബ്രുവരി 24ന് വൈകീട്ട് പ്രസ് റൂമില്‍ ഒത്തുകൂടിയ പത്രലേഖകര്‍ പാസ് നിഷേധത്തില്‍ പ്രതിഷേധിക്കാന്‍ തീരുമാനിച്ചു.

ഫിബ്രുവരി 25ന് വെളളിയാഴ്ച രാവിലെ ഗവര്‍ണര്‍ പി രാമചന്ദ്രന്റെ നയപ്രഖ്യാപന പ്രസംഗത്തോടെയാണ് നിയമസഭയുടെ ബജറ്റ് സമ്മേളനം ആരംഭിക്കുക. നയപ്രഖ്യാപന പ്രസംഗം ഉള്‍പ്പെടെയുളള 25ന്റെ നിയമസഭാ നടപടി ബഹിഷ്‌കരിക്കാന്‍ പത്രലേഖകര്‍ തീരുമാനിച്ചു. അത് വിജയമായി. ന്യൂസ് ഏജന്‍സി ലേഖകര്‍ അടക്കമുളള മുഴുവന്‍ പത്രപ്രവര്‍ത്തകരും സഭയില്‍ കയറിയില്ല. പിന്നീട് പ്രസ് ക്ലബ്ബില്‍ കെ പി നായരുടെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗം ഗവര്‍ണറുടെ നയപ്രഖ്യാപന പ്രസംഗവും അതിനോടുളള പ്രതികരണവും പത്രങ്ങളില്‍ കൊടുക്കണ്ട എന്ന് തീരുമാനിച്ചു. അടുത്ത ദിവസത്തെ പത്രങ്ങളിലൊന്നും ഗവര്‍ണറുടെ നയപ്രഖ്യാപന പ്രസംഗം വെളിച്ചം കണ്ടില്ല.

ഖേദിച്ചാല്‍ പാസ് തരാം'

ഇതിനിടെ പത്രം ഉടമാസംഘത്തിന്റെ പ്രതിനിധികള്‍ സ്പീക്കറെ കണ്ട് ഒത്തുതീര്‍പ്പ് നീക്കം നടത്തി. വാര്‍ത്തയില്‍ ഖേദിക്കുന്നു എന്ന് ഒറ്റവരി ലേഖകന്‍ എഴുതിക്കൊടുത്താല്‍ പാസ് നല്‍കാം എന്ന് സ്പീക്കര്‍ സമ്മതിച്ചതായി പത്രം ഉടമാ സംഘം അറിയിച്ചു. പക്ഷേ മാപ്പ് പറയാനോ ഖേദം പ്രകടിപ്പിക്കാനോ തയ്യാറല്ലെന്ന് ദേശാഭിമാനി ചീഫ് എഡിറ്റര്‍ ഇ കെ നായനാരും തിരുവനന്തപുരം ബ്യുറോ ചീഫ് എസ് ആര്‍ ശക്തിധരനും ഈ ലേഖകനും വ്യക്തമാക്കി.

സ്പീക്കറുടെ ഏകാധിപത്യ നടപടിയില്‍ പ്രതിഷേധിച്ച് പ്രതിപക്ഷ നേതാവുകൂടിയായ നായനാര്‍ പ്രസ് കൗണ്‍സിലിനും മറ്റും കമ്പിസന്ദേശം അയച്ചു. മാര്‍ച്ച് ഒന്നിന് നേമം ഉപതെരഞ്ഞെടുപ്പായിരുന്നു. രണ്ടിനു വോട്ടെണ്ണല്‍ നടക്കുമ്പോള്‍ നിയമസഭ അസാധാരണ ബഹളത്തില്‍ നിര്‍ത്തിവെച്ചു. പാസ് നിഷേധ പ്രശ്നമായിരുന്നു വിഷയം. മുക്കാല്‍ മണിക്കൂറിനു ശേഷം സഭ ചേര്‍ന്നപ്പോള്‍ സ്പീക്കര്‍ പാസ് നിഷേധത്തെ ആസ്പദമാക്കി ഒരു പ്രസ്താവന ചെയ്തു.

സ്പീക്കറുടെ നടപടി ഭരണഘടനാവിരുദ്ധമാണെന്ന് ചൂണ്ടിക്കാട്ടി പി രാജന്‍ മാതൃഭൂമിയുടെ ഒന്നാം പേജില്‍ ലേഖനം പ്രസിദ്ധപ്പെടുത്തി. പാസ് നിഷേധത്തെ ചോദ്യം ചെയ്യാന്‍ കോടതിയെ അഭയം പ്രാപിക്കണം എന്ന ആശയം മൂര്‍ത്തമായി ആദ്യം അവതരിപ്പിച്ചത് രാജനാണ്. അതേ തുടര്‍ന്ന് നടന്ന ചര്‍ച്ചയിലൂടെ ഹൈക്കോടതിയില്‍ റിട്ട് ഹര്‍ജി ഫയല്‍ചെയ്യാന്‍ കേരള പത്രപ്രവര്‍ത്തക യൂണിയനും തിരുവനന്തപുരം പ്രസ് ക്ലബ്ബും തീരുമാനിച്ചു. മാര്‍ച്ച് 7ന് ഹൈക്കോടതിയില്‍ ഈശ്വരയ്യരും മകന്‍ ഇ സുബ്രമണിയും മുഖേന കേസ് ഫയല്‍ ചെയ്തു. ജസ്റ്റിസ് എം പി മേനോന്റെ കോടതിയിലാണ് കേസ് വന്നത്. കേരള സര്‍ക്കാരിന്റെ പ്രതിനിധി ചീഫ് സെക്രട്ടറി, സ്പീക്കര്‍, നിയമസഭാ സെക്രട്ടറി എന്നിവര്‍ക്ക് നോട്ടീസ് അയയ്ക്കാന്‍ ജസ്റ്റിസ് എം പി മേനോന്‍ ഉത്തരവായി.

ഹര്‍ജിക്കാരന്റെ പരാതി

ഭരണഘടനയുടെ 226-ാം വകുപ്പുപ്രകാരമുളള ഹര്‍ജിയാണ് സമര്‍പ്പിച്ചത്. ഹര്‍ജിയില്‍ പരാതിപ്പെട്ടത് ഇപ്രകാരമാണ്. അംഗീകൃത പത്രലേഖകര്‍ക്ക് പാസ് കൊടുക്കുന്ന പതിവുണ്ട്. പരാതിക്കാരനായ ലേഖകന്‍ മൂന്നുവര്‍ഷമായി ഈ സൗകര്യം അനുഭവിച്ചുവരികയായിരുന്നു. പക്ഷേ ഫിബ്രുവരി 29 മുതല്‍ ആരംഭിച്ച സമ്മേളനത്തില്‍ സ്പീക്കറുടെ നിര്‍ദ്ദേശപ്രകാരം പാസ് നിഷേധിച്ചു.ബാക്കി 74 അംഗീകൃത പത്രലേഖകര്‍ക്കും പാസ് നല്‍കി. പാസ് നിഷേധത്തിന് കാരണം പറഞ്ഞില്ല. ഭരണഘടനയുടെ 14-ാം വകുപ്പ് ലംഘിച്ച് ദേശാഭിമാനി ലേഖകനെ ഒറ്റപ്പെടുത്തി വിവേചനം കാട്ടി.

നിയമസഭാ നടപടികള്‍ റിപ്പോര്‍ട്ട് ചെയ്യാനാവശ്യമായ സൗകര്യം നിഷേധിക്കുന്നത് ഭരണഘടനയുടെ 361-എ വകുപ്പ് പ്രകാരമുളള അവകാശങ്ങളുടെ ലംഘനമാണ്. (361-എ വകുപ്പ് പാസാക്കിയ ഭരണഘടനാ ഭേദഗതിയാണ്. സഭാനടപടി സത്യസന്ധമായി റിപ്പോര്‍ട്ട് ചെയ്യാന്‍ പത്രങ്ങള്‍ക്ക് സ്വാതന്ത്ര്യം നല്‍കുന്നതാണ് ഈ ഭേദഗതി) ഭരണഘടനയുടെ 208-ാം വകുപ്പുപ്രകാരം ഉണ്ടാക്കിയിട്ടുളള നടപടി ചട്ടങ്ങളിലെ 309-ാം ചട്ടം ഭരണഘടനയുടെ വകുപ്പുകള്‍ക്ക് വിധേയമാണ്. അതുകൊണ്ട് അപ്രകാരമുളള അധികാരം ഉപയോഗിച്ച് കൈക്കൊളളുന്ന നടപടികള്‍ ഹര്‍ജിക്കാരന്റെ മൗലികാവകാശത്തെയോ മറ്റു ഭരണഘടനാദത്തമായ അവകാശങ്ങളെയോ ഹനിക്കാന്‍ പാടില്ല.

(ഒരു സംസ്ഥാന നിയമസഭയ്ക്ക് അതിന്റെ നടപടികള്‍ നടത്താനും യോഗം ക്രമീകരിക്കാനും വേണ്ട ചട്ടങ്ങള്‍ രൂപീകരിക്കാനുളള അധികാരം നല്‍കുന്ന ഭരണഘടനാ വകുപ്പാണ് 208. ഈ അധികാരം പ്രയോഗിച്ച് കേരള നിയമസഭയും ചില ചട്ടങ്ങള്‍ ഉണ്ടാക്കിയിട്ടുണ്ട്. അതിലെ 309-ാം ചട്ടമാണ് നിയമസഭാംഗങ്ങള്‍ക്ക് മാത്രമായി പ്രവേശനം പരിമിതപ്പെടുത്തിയിട്ടില്ലാത്ത നിയമസഭയിലെ മറ്റു ഭാഗങ്ങളില്‍ അന്യര്‍ക്ക് പ്രവേശനം കൊടുക്കുന്നതിനെപ്പറ്റി പറയുന്നത്.)

ഈ കേസില്‍ ഭരണഘടനയുടെ 212(2) വകുപ്പിന് പ്രസക്തിയില്ല. എന്തുകൊണ്ടെന്നാല്‍ പ്രസ് ഗ്യാലറിയില്‍ ലേഖകരെയോ സന്ദര്‍ശക ഗ്യാലറിയില്‍ അപരിചിതരെയോ അയയ്ക്കുന്നത് സഭ നടപടിയുടെ നടത്തിപ്പോ ക്രമീകരണമോ ആയി ബന്ധപ്പെട്ട കാര്യമല്ല. (നിയമസഭാ ചട്ടം അനുസരിച്ച് പ്രവര്‍ത്തിക്കുന്ന നിയമനിര്‍മ്മാണ സഭയുടെ അധികാരിയുടെയോ അംഗത്തിന്റെയോ നടപടിയെ കോടതിയില്‍ ചോദ്യം ചെയ്തുകൂടാ എന്ന വ്യവസ്ഥ ചെയ്യുന്നതാണ് ഭരണഘടനയുടെ 212(2) വകുപ്പ്.

നോട്ടീസ് കോടതി ആപ്പീസില്‍ നിന്നും അയക്കുന്നതിനുമുമ്പേ, മാര്‍ച്ച് 10ന്, എതിര്‍കക്ഷികളുടെ പട്ടികയില്‍ നിന്ന് സ്പീക്കറെയും നിയമസഭാ സെക്രട്ടറിയെയും മാറ്റണമെന്ന് നിര്‍ദ്ദേശിച്ച് ഒരപേക്ഷ സംസ്ഥാന സര്‍ക്കാരിനുവേണ്ടി അഡ്വക്കറ്റ് ജനറല്‍ (ഇപ്പോഴത്തെ ഹൈക്കോടതി ജഡ്ജി വി ഭാസ്‌കരന്‍ നമ്പ്യാര്‍ ആയിരുന്നു അന്ന് അഡ്വക്കേറ്റ് ജനറല്‍) ഫയല്‍ചെയ്തു. നോട്ടീസ് അയക്കാനുളള ജസ്റ്റിസ് മേനോന്റെ ഉത്തരവ് മാര്‍ച്ച് 15 വരെ മരവിപ്പിച്ച് ജസ്റ്റിസ് ഭാസ്‌കരന്‍ ഉത്തരവിട്ടു. 14-ന് ജസ്റ്റിസ് മേനോന്റെ കോടതിയില്‍ വാദംകേട്ട ശേഷം തീരുമാനം എടുക്കാനും ഉത്തരവ് നിർദേശിച്ചു

ജസ്റ്റിസ് മേനോന്റെ വിധി

ജസ്റ്റിസ് മേനോന്‍ മാര്‍ച്ച് 14-ന് കേസ് എടുത്തു. പക്ഷേ വാദം കേള്‍ക്കാന്‍ അടുത്ത ദിവസത്തേക്ക് മാറ്റി. 15-ന് അഡ്വക്കേറ്റ് ജനറലിന്റെ വാദമായിരുന്നു. മാര്‍ച്ച 23-ന് അഡ്വ.ഈശ്വരയ്യര്‍ തന്റെ വാദമുഖങ്ങള്‍ നിരത്തി. പിന്നീട് അഡ്വക്കേറ്റ് ജനറലും ഒരു മണിക്കൂറോളം വാദം നടത്തി. നോട്ടീസ് അയയ്ക്കാമോ എന്ന കാര്യം തീരുമാനിക്കാനായി കേസ് മറ്റൊരു ദിവസത്തേക്ക് മാറ്റി. മാര്‍ച്ച് 25-ന് ജസ്റ്റിസ് മേനോന്റെ വിധിയുണ്ടായി. സ്പീക്കര്‍, നിയമസഭ സെക്രട്ടറി, ചീഫ് സെക്രട്ടറി എന്നിവര്‍ക്ക് നോട്ടീസ് അയയ്ക്കാനുളള തീരുമാനം ഭരണഘടനാനുസൃതമാണെന്ന സുദീര്‍ഘമായ വിധിന്യായത്തില്‍ വ്യക്തമാക്കി.

ഭരണഘടനയുടെ 14,19(1) (എ), 208,212,361 എ എന്നീ വകുപ്പുകളുടെ ഉദ്ദേശത്തെപറ്റി ഗൗരവമായ ചോദ്യങ്ങള്‍ ഉയര്‍ത്തുന്നതുകൊണ്ടാണ് ഹര്‍ജി അനുവദിച്ചതെന്ന് ജസ്റ്റിസ് മേനോന്‍ പറഞ്ഞു. (സമത്വമോ, നിയമത്തിന്റെ സമത്വപൂര്‍ണ്ണമായ സംരക്ഷണമോ സര്‍ക്കാര്‍ ആര്‍ക്കും നിഷേധിക്കാന്‍ പാടില്ലെന്ന് 14-ാം വകുപ്പ് പറയുന്നു. സംസാര സ്വാതന്ത്ര്യമടക്കമുളള മൗലികാവകാശമാണ് 19(1) (എ) വകുപ്പ്).

വിധി ന്യായത്തില്‍ ഇപ്രകാരം പറഞ്ഞു: 'സഭാ ക്രമീകരണ നടപടികള്‍ ഭരണഘടനയുടെ 14,19,361 എ വകുപ്പുപ്രകാരം ബാബുവിന് ലഭിക്കുന്ന അവകാശങ്ങള്‍ക്ക് കുഴിതോണ്ടുന്നതാവാന്‍ പാടില്ല. അഡ്വക്കേറ്റ് ജനറലിന്റെ വാദം, അതായത് അപരിചിതനായ ഒരാള്‍ക്ക് പാസ് നിഷേധിച്ചു എന്നതില്‍ കൂടുതല്‍ ഒന്നുമില്ല എന്നത് ഈ ഘട്ടത്തിലെങ്കിലും സ്വീകരിക്കാന്‍ വിഷമമാണ്. ബാബു വെറുമൊരു അപരിചിതനാണോ എന്ന ചോദ്യം, അയാള്‍ ഭരണഘടനയുടെ 19 , 361 വകുപ്പുപ്രകാരം പത്ര സ്വാതന്ത്ര്യത്തെ ആശ്രയിച്ചുവരുമ്പോള്‍, പ്രത്യേക പ്രാധാന്യമുളളതു തന്നെയാണ്.'

നോട്ടീസ് അയയ്ക്കാനുളള ജസ്റ്റിസ് മേനോന്റെ ഉത്തരവ് താത്ക്കാലികമായി തടഞ്ഞ് ഹൈക്കോടതിയുടെ ഫുള്‍ ബഞ്ചിലേക്ക് ഡിവിഷന്‍ ബഞ്ച് മാര്‍ച്ച് 28-ന് റഫര്‍ചെയ്തു. ചീഫ് ജസ്റ്റിസ് പി.സുബ്രഹ്‌മണ്യം പോറ്റി, ജസ്റ്റിസ് വി ഖാലിദ്, ജസ്റ്റിസ് കെ.ഭാസ്‌കരന്‍ എന്നിവരടങ്ങിയ ഫുള്‍ബഞ്ച് ഇരുഭാഗത്തെയും വാദം കേട്ടശേഷം 1983 ആഗസ്റ്റ് 5-ന് വിധി പ്രസ്താവിച്ചു.

സ്പീക്കര്‍ക്ക് നോട്ടീസ് അയയ്ക്കാനുളള ജസ്റ്റിസ് മേനോന്റെ ഉത്തരവ് ഫുള്‍ ബഞ്ച് ശരിവച്ചു. സര്‍ക്കാര്‍ സമര്‍പ്പിച്ച റിട്ട് അപ്പീല്‍ സാങ്കേതികമായിത്തന്നെ നിലനില്പില്ലാത്തതാണെന്ന് ചൂണ്ടിക്കാട്ടി. ഒന്ന് റിട്ട് ഹര്‍ജി അന്തിമമായി തൂരുമാനം ആയില്ല. പ്രാഥമിക ഉത്തരവിന് എതിരെ അപ്പീല്‍ പാടില്ല. രണ്ട്- നോട്ടീസ് അയക്കുന്നതിനുളള ഉത്തരവ് ബാധകമാകുന്നത് സ്പീക്കര്‍ക്കാണ്. സ്പീക്കര്‍ക്ക് പകരം സര്‍ക്കാര്‍ അപ്പീല്‍ സമര്‍പ്പിക്കേണ്ട കാര്യമില്ല.

സാങ്കേതികമായ കാരണങ്ങളാല്‍ മാത്രമല്ല അപ്പീല്‍ നിരാകരിക്കപ്പെട്ടത്. മൗലികാവകാശങ്ങള്‍ ലംഘിക്കപ്പെട്ടു എന്ന ആവലാതിയുമായി ഒരു പൗരന്‍ കോടതിയെ സമീപിച്ചാല്‍ നിശബ്ദമായിരിക്കാന്‍ കോടതിക്ക് കഴിയില്ലെന്ന് ഫുള്‍ബഞ്ചിന് വേണ്ടി ചീഫ് ജസ്റ്റിസ് വായിച്ച 54 പേജുളള വിധിന്യായത്തില്‍ പറഞ്ഞു. നിയമസഭയും സാമാജികരും സ്പീക്കറും കോടതിയുടെ പരിശോധനയ്ക്ക് അതീതരാണെന്ന വാദം അല്പം കടന്നതാണെന്ന് ഫുള്‍ ബഞ്ച് ചൂണ്ടിക്കാട്ടി. കാരണം കാണിക്കാതെ, വിശദീകരണം ആവശ്യപ്പെടാതെ പാസ് നിഷേധിച്ച നടപടി മൗലികാവകാശങ്ങളുടെ വെളിച്ചത്തില്‍ കോടതിക്ക് പരിശോധനാ വിഷയമാക്കാതിരിക്കാന്‍ കഴിയില്ലെന്ന് ഫുള്‍ ബഞ്ച് ചൂണ്ടിക്കാട്ടി.

ഇതിനിടെ സ്പീക്കര്‍മാരുടെ അഖിലേന്ത്യാ സമ്മേളനം ലോക്സഭാ സ്പീക്കര്‍ ബല്‍റാം ജാക്കറുടെ അധ്യക്ഷതയില്‍ ബോംബെയില്‍ ചേര്‍ന്ന് കോടതി ഇടപെടലില്‍ നിന്നും നിയമനിര്‍മ്മാണസഭയ്ക്ക് രക്ഷവേണമെന്ന പ്രമേയം പാസാക്കി.

ഫുള്‍ ബഞ്ച് വിധിക്ക് എതിരെ സംസ്ഥാനസര്‍ക്കാര്‍ സുപ്രീം കോടതിയില്‍ സ്പെഷ്യല്‍ ലീവ് പെറ്റീഷന്‍ സമര്‍പ്പിച്ചു. ചീഫ് ജസ്റ്റിസ് കേസ് നാല് ജഡ്ജിമാരടങ്ങിയ ഭരണഘടനാ ബഞ്ചിന് റഫര്‍ ചെയ്തു. ചീഫ് ജസ്റ്റിസ് അതില്‍ ഉള്‍പ്പെടും. പത്രപ്രവര്‍ത്തക യൂണിയന്‍, തിരുവനന്തപുരം പ്രസ് ക്ലബ്ബ്, ലേഖകന്‍ എന്നിവര്‍ക്കു പുറമെ സുപ്രീം കോടതിയില്‍ ദേശാഭിമാനി മാനേജര്‍ കണ്ണന്‍ നായരും കക്ഷി ചേര്‍ന്നു. ദേശാഭിമാനിക്കു വേണ്ടി അഡ്വ.സോമനാഥ ചാറ്റര്‍ജിയും യൂണിയനും പ്രസ് ക്ലബ്ബിനും വേണ്ടി അഡ്വ.വി എം താര്‍കുണ്ഡെയും ഹാജരായി. ആവശ്യമെങ്കില്‍ വാദിക്കാന്‍ എത്താമെന്ന് അഡ്വ.സോളി സൊറാബ്ജി സമ്മതിച്ചു. സര്‍ക്കാരിനു വേണ്ടി അഡ്വ.എഫ്.എസ്.നരിമാനും അഡ്വ. ഗോപാലും ഹാജരായി. ഭരണഘടനാ ബഞ്ച് മുമ്പാകെ ഒരു ദിവസം വാദം നടന്നു. തുടര്‍ന്ന കേസ് തീയതി നിശ്ചയിക്കാതെ മാറ്റി. കേസ് സാങ്കേതികമായി ഇപ്പോഴും ഭരണഘടനാ ബഞ്ചിന്റെ പരിഗണനയിലാണ്.

ലോക്സഭാ തിരഞ്ഞെടുപ്പിനെ തുടര്‍ന്ന് വക്കം പുരുഷോത്തമന്‍ സ്പീക്കര്‍ സ്ഥാനം രാജിവയ്ക്കുകയും ഡെപ്യൂട്ടി സ്പീക്കറായിരുന്ന ഹംസക്കുഞ്ഞിന് സ്പീക്കറുടെ ചുമതല കിട്ടുകയും ചെയ്തു. 1985ലെ ബജറ്റ് സമ്മേളനത്തില്‍ മുഖ്യമന്ത്രി കെ കരുണാകരന്‍, നിയമസഭാ സെക്രട്ടറി തുടങ്ങിയവരുടെ എതിര്‍പ്പുകളെ അവഗണിച്ച് ഹംസക്കുഞ്ഞ് ഈ ലേഖകന് പ്രസ് ഗ്യാലറി പാസ് തിരിച്ചുതന്നു. നിയമസഭയുടെ അവകാശങ്ങള്‍ ഭരണഘടന ഉറപ്പുനല്‍കുന്ന പൗരന്റെ മൗലികാവകാശങ്ങള്‍ക്ക് അതീതമാണോ? സ്പീക്കര്‍ വിവേചനത്തോടെ പെരുമാറിയാല്‍ കോടതിക്ക് ഇടപെടാമോ? ഈ മൗലിക ചോദ്യങ്ങള്‍ക്ക് ഉത്തരം നല്‍കിയതാണ് സുപ്രീം കോടതിയുടെ ഭരണഘടനാ ബഞ്ചിന് മുമ്പാകെയുളള പ്രസ് പാസ് കേസ്.

പത്രസമ്മേളനങ്ങളില്‍ പ്രീതി ഇല്ലാത്ത ഗവര്‍ണര്‍ക്ക് മാധ്യമങ്ങളെ പുറത്താക്കാന്‍ അധികാരമില്ല. ഭരണഘടന സ്ഥാനത്തിരിക്കുന്ന ഒരാള്‍ അങ്ങനെ ചെയ്യുന്നത് ജനാധിപത്യവിരുദ്ധവും ഭരണഘടനാ ലംഘനവുമാണ് .

logo
The Fourth
www.thefourthnews.in