ഫാസിസം അയോഗ്യരാക്കിയവരിലുണ്ട് ജനാധിപത്യത്തിന്റെ സാധ്യതകള്‍

ഫാസിസം അയോഗ്യരാക്കിയവരിലുണ്ട് ജനാധിപത്യത്തിന്റെ സാധ്യതകള്‍

ജനാധിപത്യത്തെയും ഇന്ത്യന്‍ ഭരണഘടനയേയും ഔദ്യോഗികമായി തന്നെ അയോഗ്യമാക്കാനുളള നീക്കത്തിന്റെ പടവുകള്‍ കയറുകയാണ് അധികാരികള്‍
Updated on
3 min read

കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി 2022 സെപ്റ്റംബര്‍ ഏഴാം തീയതി കന്യാകുമാരിയില്‍നിന്ന് പദയാത്ര ആരംഭിച്ചപ്പോള്‍ അതിന് വലിയ പ്രധാന്യമൊന്നും ഇന്ത്യയിലെ മാധ്യമങ്ങള്‍ നല്‍കിയിരുന്നില്ല. നരേന്ദ്ര മോദിയുടെ മടയില്‍ കിടക്കുന്നുവെന്ന് ആക്ഷേപിക്കപ്പെടുന്ന ഇന്ത്യന്‍ മാധ്യമങ്ങള്‍ അദ്ദേഹത്തിന്റെ രാഷ്ട്രീയ എതിരാളിയുടെ യാത്രയ്ക്ക് പ്രാധാന്യം നല്‍കാത്തത് മാത്രമായിരുന്നില്ല കാരണം. രാഹുല്‍ ഗാന്ധിക്ക് എത്രത്തോളം മോദിയെ രാഷ്ട്രീയമായി വെല്ലുവിളിക്കാനുള്ള ശേഷിയുണ്ടെന്ന സംശയം കൊണ്ടുകൂടിയാകാം. എന്നാല്‍, യാത്ര തമിഴ്നാടും കേരളവും പിന്നിട്ട് കോണ്‍ഗ്രസിന് ഇപ്പോള്‍ കാര്യമായ സ്വാധീനമില്ലാത്ത നാടുകളില്‍ പോലും സ്വീകാര്യത കിട്ടി തുടങ്ങിയത് മാധ്യമങ്ങളില്‍ ചിലരെയെങ്കിലും ഒരു പരിധിവരെ മാറ്റി ചിന്തിപ്പിച്ചു. പ്രൈം ടൈമുകളില്‍ ചെറിയ സമയത്തേക്കെങ്കിലും രാഹുലിന്റെ യാത്ര ചില ദിവസങ്ങളിലെങ്കിലും ചര്‍ച്ചയായി.

ഉത്തരേന്ത്യയിലെത്തിയതോടെ, രാഹുലിന്റെ യാത്ര കോവിഡ് വ്യാപനത്തിന് കാരണമാകുമെന്ന് പോലും പറയേണ്ടി വന്നു കേന്ദ്ര സര്‍ക്കാരിന്. നാലായിരത്തിലേറെ കിലോ മീറ്റര്‍ പിന്നിട്ട് രാഹുല്‍ ഗാന്ധി കശ്മീരില്‍ യാത്ര അവസാനിപ്പിച്ചപ്പോള്‍ രാഹുലിനെ പപ്പുവെന്ന് വിളിച്ച് അധിക്ഷേപിച്ചവര്‍ക്ക് പോലും അത് ആവര്‍ത്തിക്കാന്‍ പറ്റാതായി. ഇതിന്റെ പ്രതികരണങ്ങളാണ് പിന്നീട് രാജ്യത്ത് പല രീതിയില്‍ കണ്ടത്. ചെറിയ രാഷ്ട്രീയ പ്രതിരോധങ്ങളില്‍ പോലും അസ്വസ്ഥരാകുന്ന, ആത്മവിശ്വാസം നഷ്ടപ്പെടുന്ന, സമഗ്രാധിപത്യത്തിന്റെ ആരാധകരായ ഭരണകൂടത്തിന്റെ പ്രവര്‍ത്തനങ്ങളാണ് രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ പിന്നീട് നടന്നത്. രാഹുല്‍ ഗാന്ധിയെ അയോഗ്യനാക്കിയുള്ള നടപടിയെ ഇതിന്റെ തുടര്‍ച്ചയായി കാണാവുന്നതാണ്.

മാനനഷ്ടവുമായി ബന്ധപ്പെട്ട നിയമങ്ങള്‍ എങ്ങനെയാണ് പ്രവര്‍ത്തിക്കുന്നതെന്ന് പോലും അറിയാതെയാണ് ജഡ്ജി കേസില്‍ വിധി കല്‍പ്പിച്ചതെന്നാണ് വിഖ്യാത നിയമ പണ്ഡിതന്‍ ഗൗതം ഭാട്ടിയ ഇതേക്കുറിച്ച് പറഞ്ഞത്

സമീപ വര്‍ഷങ്ങളില്‍ സുപ്രീംകോടതി അടക്കമുള്ള ഇന്ത്യന്‍ കോടതികളില്‍നിന്നുണ്ടായ നിരവധി ഉത്തരവുകള്‍ പരിശോധിക്കുമ്പോള്‍ സൂറത്തിലെ ജില്ലാ മജിസ്‌ട്രേറ്റിന്റെ ഉത്തരവ്, അതില്‍ നിയമജ്ഞര്‍ എന്തൊക്കെ കുഴപ്പങ്ങള്‍ കണ്ടെത്തിയാലും അദ്ഭുതപെടുത്തുന്നതല്ല. 30 ദിവസത്തിനകം അപ്പീല്‍ നല്‍കി സ്റ്റേ സംബന്ധിച്ച തീരുമാനം വരുന്നതിന് മുൻപ് തിരഞ്ഞെടുപ്പ് കമ്മീഷന്‍ വയനാട്ടില്‍ ഉപതിരഞ്ഞെടുപ്പ് പ്രഖ്യാപിക്കുമോ എന്ന് മാത്രമെ കണ്ടറിയാനുള്ളൂ. അങ്ങനെ നടന്നാലും ഇപ്പോഴത്തെ സാഹചര്യത്തില്‍ അദ്ഭുതപെടേണ്ടതില്ല.

സൂറത്ത് കോടതിയുടെ വിധി നേരത്തെ സൂചിപ്പിച്ചതുപോലെ, ഇന്ത്യയിലെ നിലവിലെ രാഷ്ട്രീയ സാഹചര്യത്തില്‍ വേറിട്ട ഒന്നല്ല. കഴിഞ്ഞയാഴ്ചയാണ് കന്നഡ നടന്‍ ചേതന്‍ കുമാര്‍ അഹിംസ ഒരു ട്വീറ്റിന്റെ പേരില്‍ അറസ്റ്റ് ചെയ്യപ്പെട്ടത്. ഹിന്ദുത്വം എന്നത് നുണകൊണ്ട് കെട്ടിപ്പടുത്തതാണെന്നും അതിനെ സത്യം കൊണ്ട് മാത്രമെ പരാജയപ്പെടുത്താന്‍ കഴിയൂവെന്നായിരുന്നു അദ്ദേഹം ട്വീറ്റ് ചെയ്തത്. കര്‍ണാടകത്തിലെ ബിജെപി സര്‍ക്കാര്‍, ആര്‍ എസ് എസ് നിയന്ത്രണത്തിലുള്ള എല്ലാ സര്‍ക്കാരുകളെയും പോലെ, രാഷ്ട്രീയ വിമര്‍ശനത്തെ ജനാധിപത്യപരമായി സ്വീകരിക്കുന്നവരല്ല. അതുകൊണ്ട് തന്നെ ചേതന്‍ കുമാറിന്റെ അറസ്റ്റും അദ്ഭുതപ്പെടുത്തുന്നതല്ല. എന്നാല്‍, അദ്ദേഹത്തെ 14 ദിവസത്തെ ജുഡീഷ്യല്‍ കസ്റ്റഡിയില്‍ അയക്കുകയാണ് കോടതി ചെയ്തത്. അദ്ദേഹത്തിന് പിന്നീട് ജാമ്യം അനുവദിച്ചു. ബംജ്‌റംഗ്ദള്‍ എന്ന സംഘ്പരിവാര്‍ സംഘടന നല്‍കിയ പരാതിയില്‍ നടനെതിരെ വ്യത്യസ്ത വിഭാഗക്കാര്‍ക്കിടയില്‍ ഭിന്നതയുണ്ടാക്കാന്‍ ശ്രമിച്ചതിനെതിരായ ഇന്ത്യന്‍ ശിക്ഷാ നിയമത്തിലെ വകുപ്പുകള്‍ ഉപയോഗിച്ചാണ് കേസ് രജിസ്റ്റര്‍ ചെയ്തത്.

ജനാധിപത്യത്തെ അയോഗ്യമാക്കാന്‍ നിരന്തരം ശ്രമിക്കുന്ന കേന്ദ്ര സര്‍ക്കാരിനെ സംബന്ധിച്ച് ഈ മാര്‍ച്ച് മാസം നിര്‍ണായക കാല്‍വയ്പ്പുകളുടേത് കൂടിയാണ്.

സൂറത്ത് കോടതിയുടെ വിധി ഇക്കാര്യത്തില്‍ പ്രധാനമാണ്. രാജ്യത്തെ കള്ളന്മാര്‍ക്കെല്ലാം മോദിയെന്ന പേരെങ്ങനെ വന്നുവെന്ന ഒരു രാഷ്ട്രീയ ചോദ്യമാണ് രാഹുല്‍ ഗാന്ധി തിരഞ്ഞെടുപ്പ് പ്രചാരണത്തിനിടെ ചോദിച്ചത്. ഇത് മോദി എന്ന് വിളിക്കുന്നവര്‍ക്ക് മാനനഷ്ടമുണ്ടാക്കി എന്നാണ് സൂറത്തിലെ ചീഫ് ജുഡീഷ്യല്‍ മജിസ്‌ട്രേറ്റ് എച്ച് എച്ച് വര്‍മ കണ്ടെത്തിയത്. ഈ കണ്ടെത്തലില്‍ നിയമപരമായി വലിയ പിശുകകളുണ്ടെന്ന് ഇതിനകം തന്നെ നിയമജ്ഞരില്‍ പലരും കണ്ടെത്തിയിരുന്നു. മാനനഷ്ടവുമായി ബന്ധപ്പെട്ട നിയമങ്ങള്‍ എങ്ങനെയാണ് പ്രവര്‍ത്തിക്കുന്നതെന്ന് പോലും അറിയാതെയാണ് ജഡ്ജി കേസില്‍ വിധി കല്‍പ്പിച്ചതെന്നാണ് വിഖ്യാത നിയമ പണ്ഡിതന്‍ ഗൗതം ഭാട്ടിയ ഇതേക്കുറിച്ച് പറഞ്ഞത്. ആര്‍ക്കാണോ മാനനഷ്ടമുണ്ടായതെന്ന് കരുതുന്നത് അവര്‍ക്കാണ് കോടതിയെ സമീപിക്കാന്‍ കഴിയുകയെന്നും അക്കാര്യം പോലും പരിഗണിക്കാതെയാണ് വിധിന്യായം ഉണ്ടായതെന്നും അദ്ദേഹം പറഞ്ഞു. വാദി തന്നെ കേസിന്റെ വിചാരണയ്ക്ക് സ്റ്റേ വാങ്ങിച്ച സംഭവവും ഈ കേസില്‍ ഉണ്ടായി. ഒരു വര്‍ഷത്തോളം വിചാരണ വൈകുകയും ചെയ്തു. എന്തായാലും സര്‍ക്കാര്‍ ഉദ്ദേശിച്ച വിധി ഉണ്ടായി. മുപ്പത് ദിവസത്തെ സ്റ്റേ അനുവദിച്ചെങ്കിലും, ഉടന്‍ തന്നെ രാഹുലിനെ ലോക്‌സഭയില്‍നിന്ന് അയോഗ്യനാക്കി ലോക്‌സഭാ സെക്രട്ടറിയേറ്റ് ഉത്തരവും പുറപ്പെടുവിച്ചു.

വലത്തോട്ട് നോക്കി, മധ്യമാര്‍ഗത്തിലൂടെ എന്ന് പറഞ്ഞു നടക്കുന്നവര്‍ക്ക് ഫാസിസത്തെ നേരിടാന്‍ കഴിയുമോ എന്നതാണ് പ്രശ്‌നം.

നരേന്ദ്ര മോദി അധികാരത്തില്‍ വരുന്നതിന് മുൻപ് ഇത്തരത്തില്‍ ഇന്ത്യന്‍ ജനാധിപത്യം ദുര്‍ബലമാകുമെന്ന് ഊഹിക്കാന്‍ പോലും സാധിക്കില്ലായിരുന്നു. ഇതിന് സമാനമായ മറ്റൊരു സംഭവമാണ് ഡല്‍ഹിയില്‍ നടന്നത്. 'നരേന്ദ്ര മോദിയെ മാറ്റൂ, ഇന്ത്യയെ രക്ഷിക്കൂ' എന്ന പോസ്റ്റര്‍ പതിച്ചതിനാണ് ഡല്‍ഹിയില്‍ അമിത് ഷായുടെ നിയന്ത്രണത്തിലുള്ള പോലീസ് നടപടിയെടുത്തത്. 100 കേസുകളാണ് രജിസ്റ്റര്‍ ചെയ്തത്. പോസ്റ്ററുകള്‍ പ്രിന്റ് ചെയ്ത പ്രസ്സുകള്‍ക്കെതിരെ പോലും നടപടിയുണ്ടായി. പൊതുസ്ഥലങ്ങള്‍ വൃത്തികേടാക്കിയതിനെതിരായ വകുപ്പുകള്‍ ഉപയോഗിച്ചായിരുന്നു കേസ്. കേസുകള്‍ ഇപ്പോഴും തുടരുന്നു. അസമില്‍ രാഷ്ട്രീയ സ്വഭാവമുള്ള കവിത എഴുതിയതിന് വിദ്യാര്‍ഥിയെ അറസ്റ്റ് ചെയ്തതും അവരെ വിട്ടയച്ചാല്‍ മനുഷ്യബോംബായി തിരിച്ചുവരുമെന്ന് മുഖ്യമന്ത്രി പ്രഖ്യാപിച്ചതും ഏറെ നാളായിട്ടില്ല.

താനാണ് രാജ്യമെന്ന തോന്നലാണ് ഏത് സമഗ്രാധിപതിയുടെയും രാഷ്ട്രീയം. അത് അടിയന്തരാവസ്ഥ കാലത്ത് ഇന്ത്യ കണ്ടതാണ്. ഇപ്പോള്‍ കാണുന്നതും അതിന്റെ വ്യത്യസ്ത രീതി. അടിയന്തരാവസ്ഥകാലത്ത് ഇന്ത്യയെന്നാല്‍ ഇന്ദിരയെന്ന മനോഭാവം പരസ്യമായി പറയുമായിരുന്നു ഡി കെ ബറൂവയെപോലുള്ള അന്നത്തെ ചില കോണ്‍ഗ്രസുകാര്‍. എന്നാല്‍ ഇന്നത്തെ അപ്രഖ്യാപിത അടിയന്താരവസ്ഥ കാലത്ത് അമിത് ഷാ മുതല്‍ കിരണ്‍ റിജിജ്ജു വരെയുള്ളവര്‍ അങ്ങനെ പരസ്യപ്പെടുത്തില്ലെന്ന് മാത്രം. അവര്‍ ഇന്ത്യയില്‍ ജനാധിപത്യം അട്ടിമറിക്കപ്പെട്ടതിനെക്കുറിച്ച് കേംബ്രിഡ്ജ് സര്‍വകലാശാലയില്‍ പ്രസംഗിച്ച രാഹുല്‍ ഗാന്ധിയെ ഇന്ത്യയെ അപകീര്‍ത്തിപെടുത്തിയെന്ന പേരില്‍ വിമര്‍ശിക്കും. രാജ്യത്തെ അപകീര്‍ത്തിപെടുത്തിയാല്‍ ആരേയും വെറുതെവിടില്ലെന്ന് ആക്രോശിക്കും. തങ്ങൾ വെല്ലുവിളിക്കപ്പെടുന്നുവെന്ന തോന്നലുണ്ടായാൽ തീവ്ര വലതുപക്ഷ സമഗ്രാധിപതികള്‍ എത്രത്തോളം അപകടകാരികള്‍ ആകുമെന്നതിന് ചരിത്രത്തില്‍ എത്രയോ ഉദാഹരണങ്ങള്‍ ഉണ്ട്. അതുതന്നെയാണ് മോദിയുടെ ഇന്ത്യയിലും കാണുന്നത്. രാഹുല്‍ അയോഗ്യനായതൊക്കെ ഇതിന്റെ ഭാഗം മാത്രം. ജനാധിപത്യത്തെയും ഇന്ത്യന്‍ ഭരണഘടനയേയും ഔദ്യോഗികമായി തന്നെ അയോഗ്യമാക്കാനുളള നീക്കത്തിന്റെ പടവുകള്‍ കയറുകയാണ് അധികാരികള്‍. അങ്ങനെ ഫാസിസത്താല്‍ അയോഗ്യരാക്കപ്പെടുന്നവരിലാണ് ജനാധിപത്യത്തിന്റെ സാധ്യതകള്‍. ആ സാധ്യതകള്‍ പ്രയോഗിക്കുന്നതിനുളള രാഷ്ട്രീയം, ഉള്‍കൊള്ളാനുള്ള രാഷ്ട്രീയം വീണ്ടെടുക്കാന്‍ ഇന്ത്യയിലെ പ്രതിപക്ഷങ്ങള്‍ക്ക് പ്രത്യേകിച്ച് കോണ്‍ഗ്രസിന് കഴിയുമോ എന്നതാണ് പ്രധാനം. വലത്തോട്ട് നോക്കി, മധ്യമാര്‍ഗത്തിലൂടെ എന്ന് പറഞ്ഞു നടക്കുന്നവര്‍ക്ക് ഫാസിസത്തെ നേരിടാന്‍ കഴിയുമോ എന്നതാണ് പ്രശ്‌നം. ഈ ചോദ്യം കോണ്‍ഗ്രസ് എന്ന സംഘടനയെകൊണ്ട് ചോദിപ്പിക്കാന്‍ രാഹുല്‍ ഗാന്ധിക്ക് കഴിയുമോ എന്നതാണ് വെല്ലുവിളി. ആ വെല്ലുവിളി ഏറ്റെടുക്കാന്‍ കഴിയുന്നതില്‍ കൂടിയാണ് ജനാധിപത്യത്തിന്റെ സാധ്യതകള്‍ ഉള്ളത്.

logo
The Fourth
www.thefourthnews.in