റഷ്യ- യുക്രെയ്ന്‍ യുദ്ധം  ഒരാണ്ട് പിന്നിടുന്നു: നീങ്ങാതെ തുടര്‍പഠനത്തിലെ അനിശ്ചിതത്വം

റഷ്യ- യുക്രെയ്ന്‍ യുദ്ധം ഒരാണ്ട് പിന്നിടുന്നു: നീങ്ങാതെ തുടര്‍പഠനത്തിലെ അനിശ്ചിതത്വം

യുദ്ധം തുടരുമ്പോള്‍ യുക്രെയ്നിലെത്തിയുള്ള തുടര്‍ പഠനം ഏറെ ശ്രമകരമാകും. തിരിച്ചു പോകുന്ന വിദ്യാര്‍ഥികളുടെ സുരക്ഷിതത്വവും ആശങ്കയിലാണ്. രാഷ്ട്രീയത്തിനതീതമായ തീരുമാനങ്ങളാണ് ഇക്കാര്യത്തിലാവശ്യം.
Updated on
2 min read

റഷ്യ- യുക്രെയ്ന്‍ യുദ്ധം ഒരു വര്‍ഷം പിന്നിടുമ്പോള്‍ യുക്രെയ്നില്‍ നിന്നും ഇന്ത്യയില്‍ തിരിച്ചെത്തിയ വിദ്യാര്‍ഥികളുടെ തുടര്‍ പഠന കാര്യത്തിലും അനിശ്ചിതത്വം തുടരുകയാണ്.

റഷ്യ- യുക്രെയ്ന്‍ യുദ്ധം ഒരു വര്‍ഷം പിന്നിടുമ്പോള്‍ യുക്രെയ്നില്‍ നിന്നും ഇന്ത്യയില്‍ തിരിച്ചെത്തിയ വിദ്യാര്‍ഥികളുടെ തുടര്‍പഠന കാര്യത്തിലും അനിശ്ചിതത്വം തുടരുകയാണ്. ഇവരില്‍ 90 ശതമാനത്തിലേറെയും മെഡിക്കല്‍ ബിരുദ വിദ്യാര്‍ഥികളാണ്. 5,000 ത്തോളം മലയാളി വിദ്യാര്‍ഥികളുമുണ്ട്. വളരെ ഫലപ്രദമായി അവരെ യുദ്ധഭൂമിയില്‍ നിന്നും ഒഴിപ്പിച്ചെങ്കിലും തുടര്‍ന്നുള്ള നടപടിക്രമങ്ങളുടെ കാര്യത്തില്‍ തികഞ്ഞ അനാസ്ഥ തുടരുന്നു. ഇവരില്‍ ചെറിയൊരുവിഭാഗം ഓണ്‍ലൈന്‍ ക്ലാസുകളിലൂടെ പഠിക്കാന്‍ ശ്രമിക്കുന്നു. എന്നാല്‍ യുക്രെയ്നിലെ മെഡിക്കല്‍ സ്‌കൂളുകളില്‍ യുദ്ധത്തിനുശേഷം ചിട്ടയോടെയുള്ള ഓണ്‍ലൈന്‍ ക്ലാസുകള്‍ നടക്കുന്നില്ല. മെഡിക്കല്‍ കോഴ്‌സ് ഉപേക്ഷിച്ചു ഇന്ത്യയില്‍ മറ്റുകോഴ്സുകള്‍ക്ക് ചേര്‍ന്ന വിദ്യാര്‍ഥികളുമുണ്ട്. സുമി, ഒഡേസ മെഡിക്കല്‍ സ്‌കൂളുകളില്‍ പഠിക്കുന്ന മലയാളി വിദ്യാര്‍ഥികള്‍ മൊബൈല്‍ ട്രാന്‍സ്ഫര്‍ വഴി ജോര്‍ജിയയില്‍ പഠിക്കുന്നതിനുള്ള നടപടിക്രമങ്ങള്‍ പൂര്‍ത്തിയാക്കി വരുന്നു. ബോള്‍ഗോന പ്രക്രിയ വഴി വിദ്യാര്‍ഥികള്‍ക്ക് യൂറോപ്യന്‍ യൂണിയനിലെ മെഡിക്കല്‍ സ്‌കൂളുകളില്‍ പഠിക്കാമെങ്കിലും ഫീസും നടപടിക്രമങ്ങളും ഇതിനു തടസം സൃഷ്ടിക്കുന്നു. പോളണ്ട്, ഹങ്കറി തുടങ്ങിയ രാജ്യങ്ങിലേക്ക് ചുരുക്കം വിദ്യാര്‍ഥികള്‍ക്ക് മാത്രമേ തുടര്‍പഠനത്തിന് അവസരം ലഭിച്ചുള്ളൂ.

കേന്ദ്ര സർക്കാർ യുദ്ധകാലാടിസ്ഥാനത്തില്‍ വിദ്യാര്‍ഥികളുടെ തുടര്‍പഠനത്തിന് അവസരമുണ്ടാക്കുമെന്ന് പ്രഖ്യാപിച്ചിരുന്നെങ്കിലും ദേശീയ മെഡിക്കല്‍ കമ്മീഷന്റെ എതിര്‍പ്പ് മൂലം വിദ്യാര്‍ഥി സൗഹൃദ പദ്ധതികളാവിഷ്‌കരിക്കാന്‍ കഴിഞ്ഞില്ല.

ഇന്ത്യാ ഗവണ്മെന്റ് യുദ്ധകാലാടിസ്ഥാനത്തില്‍ വിദ്യാര്‍ഥികളുടെ തുടര്‍പഠനത്തിന് അവസരമുണ്ടാക്കുമെന്ന് പ്രഖ്യാപിച്ചിരുന്നെങ്കിലും ദേശീയ മെഡിക്കല്‍ കമ്മീഷന്റെ എതിര്‍പ്പ് മൂലം വിദ്യാര്‍ഥി സൗഹൃദ പദ്ധതികളാവിഷ്‌കരിക്കാന്‍ കഴിഞ്ഞില്ല. രാജ്യത്തെ ഡീംഡ്, സ്വകാര്യ മെഡിക്കല്‍ കോളജുകളില്‍ തുടര്‍ പഠനത്തിനുള്ള സൗകര്യമൊരുക്കുമെന്ന് വിശ്വസിച്ചിരുന്ന വിദ്യാര്‍ഥികള്‍ തീര്‍ത്തും നിരാശയിലാണ്. പശ്ചിമ ബംഗാള്‍ സർക്കാർ ഇതിനുള്ള ശ്രമങ്ങള്‍ ആരംഭിച്ചെങ്കിലും ദേശീയ മെഡിക്കല്‍ കമ്മീഷന്റെ അംഗീകാരം ലഭിക്കാത്തത് മൂലം പിന്മാറേണ്ടി വന്നു. യുക്രെയ്നില്‍ നിന്നും കോഴ്സ് പൂര്‍ത്തിയാക്കിയവര്‍ക്ക് ഫോറിന്‍ മെഡിക്കല്‍ ബിരുദ പ്രവേശന പരീക്ഷയ്ക്ക് ശേഷം ഇന്ത്യയില്‍ ഇന്റേണ്‍ഷിപ്പ് ചെയ്യാമെന്ന് അടുത്തയിടെ കേന്ദ്ര സര്‍ക്കാര്‍ ഉത്തരവിറക്കിയിട്ടുണ്ട്. ഇതിനായി 600 ഓളം സ്ഥാപനങ്ങളെ തിരഞ്ഞെടുത്തിട്ടുണ്ട്. ഇവയില്‍ 33 ഓളം സ്ഥാപനങ്ങള്‍ കേരളത്തിലുണ്ടാകും. എന്നാല്‍ ഒരു വര്‍ഷത്തെ ഇന്റേണ്‍ഷിപ്പ് കാലയളവ് രണ്ടു വര്‍ഷമായി വര്‍ധിപ്പിച്ചിട്ടുണ്ട്. കോഴ്‌സും ബിരുദ സ്‌ക്രീനിങ് പരീക്ഷയും പാസായവര്‍ മാത്രമേ ഇന്റേണ്‍ഷിപ്പിന് യോഗ്യത നേടുന്നുള്ളൂ. സ്‌ക്രീനിങ് പരീക്ഷയിലെ വിജയ ശതമാനം 20 ല്‍ താഴെ മാത്രമാണ്. ഇത് വിജയകരമായി പൂര്‍ത്തിയാക്കിയാല്‍ മാത്രമേ അവര്‍ക്ക് ദേശീയ മെഡിക്കല്‍ കൗണ്‍സിലിന്റെ രജിസ്‌ട്രേഷനോടെ പ്രാക്ടീസിനുള്ള അംഗീകാരം ലഭിക്കൂ. ഒന്നാം വര്‍ഷം മുതല്‍ അഞ്ചാം വര്‍ഷം വരെയുള്ള വിദ്യാര്‍ഥികളുടെ തുടര്‍പഠനത്തില്‍ അനിശ്ചിതത്വം തുടരുകയാണ്.

യുദ്ധകാലയളവില്‍ പഠിച്ചിരുന്ന വിദ്യാര്‍ത്ഥികള്‍ക്ക് ഇന്ത്യയിലെ മെഡിക്കല്‍ കോളജുകളില്‍ തുടര്‍ പഠന, ക്ലിനിക്കല്‍ നൈപുണ്യ സൗകര്യമൊരുക്കിയാല്‍ ഇന്ത്യയിലെ 20000 ത്തോളം വിദ്യാര്‍ത്ഥികള്‍ക്ക് ഏറെ ഗുണകരമാകും.

യുദ്ധകാലയളവില്‍ പഠിച്ചിരുന്ന വിദ്യാര്‍ഥികള്‍ക്ക് ഇന്ത്യയിലെ മെഡിക്കല്‍ കോളേജുകളില്‍ തുടര്‍പഠന, ക്ലിനിക്കല്‍ നൈപുണ്യ സൗകര്യമൊരുക്കിയാല്‍ ഇന്ത്യയിലെ 20,000 ത്തോളം വിദ്യാര്‍ഥികള്‍ക്ക് ഏറെ ഗുണകരമാകും. ദേശീയ മെഡിക്കല്‍ പ്രവേശന പരീക്ഷയായ നീറ്റില്‍ യോഗ്യത നേടിയാണ് വിദ്യാര്‍ത്ഥികള്‍ മെഡിക്കല്‍ ബിരുദ കോഴ്‌സിന് അഡ്മിഷന്‍ നേടിയത്. 35-40 ലക്ഷം രൂപയോളം ചെലവാക്കിയ വിദ്യാര്‍ഥികളുടെയും രക്ഷിതാക്കളുടെയും സ്ഥിതി വിലയിരുത്തിയെങ്കിലും തുടര്‍ പഠനത്തിനുള്ള അവസരങ്ങള്‍ നിഷേധിക്കരുത്. യുദ്ധം തുടരുമ്പോള്‍ യുക്രെയ്നിലെത്തിയുള്ള തുടര്‍ പഠനം ഏറെ ശ്രമകരമാകും. തിരിച്ചു പോകുന്ന വിദ്യാര്‍ഥികളുടെ സുരക്ഷിതത്വവും ആശങ്കയിലാണ്. രാഷ്ട്രീയത്തിനതീതമായ തീരുമാനങ്ങളാണ് ഇക്കാര്യത്തിലാവശ്യം.

logo
The Fourth
www.thefourthnews.in