എസ് മുള്‍ഗോക്കര്‍: പത്രപ്രവര്‍ത്തനത്തിലെ വേറിട്ട മുഖം

എസ് മുള്‍ഗോക്കര്‍: പത്രപ്രവര്‍ത്തനത്തിലെ വേറിട്ട മുഖം

ഇന്ത്യന്‍ പത്രലോകത്തെ അസാധാരണ എഡിറ്ററായിരുന്ന എസ് മുള്‍ഗോക്കറുടെ മുപ്പതാം ചരമവാര്‍ഷികമാണിന്ന്
Updated on
8 min read

'ഗുഡ് മോണിങ്ങ് സര്‍' എഡിറ്ററുടെ ക്യാബിനിലെത്തി തന്നെ അഭിവാദ്യം ചെയ്ത, പുതുതായി ജോലിയില്‍ ചേര്‍ന്ന വനിതാസബ് എഡിറ്ററോട് ചീഫ് എഡിറ്ററായ മുള്‍ഗോക്കര്‍ പറഞ്ഞു: '' പത്രപ്രവര്‍ത്തകരില്‍ വലിപ്പച്ചെറുപ്പമില്ല, എന്നെ മിസ്റ്റര്‍ മുള്‍ഗോക്കര്‍ എന്ന് വിളിച്ചാല്‍ മതി.''

സബ് എഡിറ്ററുടെ ലേഖനം വായിച്ച, അതിലെ ലേഡീസ് എന്ന വാക്ക് ചൂണ്ടി അദ്ദേഹം മുഖമുയര്‍ത്തി ഒന്നുകൂടി പറഞ്ഞു: ''In journalism there are no ladies and gentlemen - Only, men and women.''

എഡിറ്റര്‍ എന്ന സ്ഥാപനം ഇന്ന് അപ്രസക്തമായി തോന്നുമെങ്കിലും അത് പലപ്പോഴും അങ്ങനെയായിരുന്നില്ല. എഡിറ്റര്‍ പത്രത്തിന്റെ തലവനായിരുന്ന കാലമുണ്ടായിരുന്നു. ആ കാലത്ത് എഡിറ്റര്‍മാര്‍ ഉയര്‍ന്ന പ്രൊഫഷണലിസവും കഴിവുമുള്ളവരായിരുന്നു. സഹജീവികളുടെ കഴിവുകള്‍ കണ്ടെത്താനും പ്രോത്സാഹിപ്പിക്കാനും അറിവ് മറ്റുള്ളവര്‍ക്ക് പകരാനും അവര്‍ എപ്പോഴും ഉത്സുകരാണ്. വംശനാശഭീഷണി നേരിടുന്ന ജീവികളാണ് ഇന്നവര്‍. അത്തരമൊരാളായിരുന്നു ഇന്ത്യന്‍ പത്രലോകത്തെ അസാധാരണ എഡിറ്ററായിരുന്ന എസ് മുള്‍ഗോക്കര്‍. അദ്ദേഹത്തിന്റെ മുപ്പതാം ചരമവാര്‍ഷികമാണിന്ന്.

സ്വതന്ത്ര്യ ഇന്ത്യയിലെ ഏറ്റവും പ്രഗത്ഭരായ പത്രാധിപരില്‍ ഒരാളായിരുന്നു ശ്രീകൃഷ്ണ മുള്‍ഗോക്കര്‍. നയപരമായ കാര്യങ്ങളില്‍, രണ്ട് ഇന്ത്യന്‍ പ്രധാനമന്ത്രിമാരെ നിര്‍ഭയം എതിര്‍ത്തയാള്‍. 'ഇന്ത്യയുടെ റുഡ്യാര്‍ഡ് കിപ്ലിങ്' എന്ന് പത്രലോകത്തറിയപ്പെട്ട അദ്ദേഹം, വ്യക്തവും മനോഹരവുമായ എഡിറ്റോറിയലുകളിലൂടെയും അഭിപ്രായങ്ങളിലൂടയും ദേശീയസ്വഭാവമുള്ള പൊതുപ്രശ്നങ്ങളെ ശസ്ത്രക്രിയാ വിദഗ്ധനെപ്പോലെ താന്‍ എഡിറ്ററായ പത്രങ്ങളിലൂടെ കൈകാര്യം ചെയ്തു. ഡിസൈന്‍, പ്രൂഫ് റീഡിങ്, റിപ്പോര്‍ട്ടിങ്, സബ് എഡിറ്റിങ് എന്നിവയുള്‍പ്പെടെ പത്രപ്രവര്‍ത്തനത്തിന്റെ എല്ലാ വശങ്ങളും അടുത്തറിയുന്ന എഡിറ്റര്‍മാരുടെ ശ്രേണിയിലെ അവസാനത്തെ ഇന്ത്യന്‍ എഡിറ്ററായിരുന്നു അദ്ദേഹം.

രണ്ട് കാലഘട്ടങ്ങളില്‍, രാജ്യത്തെ ഏറ്റവും വലിയ പത്രമായ ഹിന്ദുസ്ഥാന്‍ ടൈംസിന്റ എഡിറ്ററായായും പിന്നീട് കൂടുതല്‍ ശക്തവും എസ്റ്റാബ്ലിഷ്‌മെന്റുകളെ ശക്തിയായ എതിര്‍ക്കുന്ന ഇന്ത്യന്‍ എക്‌സ്പ്രസിന്റെ എഡിറ്ററെന്ന നിലയിലും പ്രധാനമന്ത്രിയായ ജവഹര്‍ലാല്‍ നെഹറുവിന്റെ തെറ്റായ നയങ്ങളെയും പിന്നീട് പ്രധാനമന്ത്രിയായ ഇന്ദിരാഗാന്ധിയുടെ സ്വേച്ഛാധിപത്യത്തെയും മുള്‍ഗോക്കര്‍ ശക്തമായി എതിര്‍ത്തു.

ശ്രീകൃഷ്ണ മുള്‍ഗോക്കര്‍
ശ്രീകൃഷ്ണ മുള്‍ഗോക്കര്‍

1911 ല്‍ ബോംബയില്‍, പാഴ്സി കുടംബത്തില്‍ ജനിച്ച മുള്‍ഗോക്കര്‍ വില്‍സണ്‍ കോളേജില്‍ ബിരുദത്തിന് ചേര്‍ന്നെങ്കിലും പൂര്‍ത്തിയാക്കാതെ ഭാഗ്യം പരീക്ഷിക്കാനായി ഷെയര്‍ ബ്രോക്കിങ് സ്ഥാപനത്തില്‍ ചേര്‍ന്നു. അതില്‍ വിജയം നേടാനാവില്ലെന്ന് മനസിലാക്കിയ അദ്ദേഹം പത്രപ്രവര്‍ത്തത്തിലേക്കിറങ്ങി. ബോംബെ ക്രോണിക്കിളില്‍ ലേഖകനായി. പിന്നീട് ലക്നൗവിലെ പയനിയറില്‍ സബ് എഡിറ്റര്‍. 1955ല്‍ ഡല്‍ഹിയില്‍ ഹിന്ദുസ്ഥാന്‍ ടൈംസില്‍ അസിസ്റ്റന്റ് എഡിറ്റര്‍. തന്റെ അസാമാന്യമായ വിശകലനവും എഴുതാനുള്ള കഴിവും കൊണ്ട് പടിപടിയായി ഉയര്‍ന്ന

മുള്‍ഗോക്കര്‍ ലണ്ടനില്‍ ടൈംസ് ഓഫ് ഇന്ത്യയുടെ ലേഖകനായിരിക്കെയാണ് ബിര്‍ളയുടെ ക്ഷണപ്രകാരം ജി.ഡി ബിര്‍ളയുടെ കൂടെ ഹിന്ദുസ്ഥാന്‍ ടൈംസ് എഡിറ്ററായി 1958 ല്‍ ഡല്‍ഹിയിലെത്തുന്നത്.

സ്വാതന്ത്ര്യസമരക്കാലത്ത് ദേശീയപ്രസ്ഥാനത്തെ പിന്തുണച്ച പത്രമാണ് ഹിന്ദുസ്ഥാന്‍ ടൈംസ്. 1930 കളില്‍ മുങ്ങാന്‍പോയ ഹിന്ദുസ്ഥാന്‍ ടൈംസിനെ രക്ഷപ്പെടുത്തി ഡല്‍ഹിയിലെ ഒന്നാമത്തെ പത്രമാക്കിയത് പോത്തന്‍ ജോസഫാണെങ്കില്‍ അതിന്റെ രൂപവും ഭാവവും ആധുനികവല്‍ക്കരിച്ചത് മുള്‍ഗോക്കറായിരുന്നു. പ്രൊഫഷണല്‍ പത്രപ്രവര്‍ത്തകനായ അദ്ദേഹ, ടൈംസ് ഓഫ് ഇന്ത്യയുടെ ലേഖകനായി ലണ്ടനിലും പാരീസിലും 16 വര്‍ഷം വിദേശത്ത് ചെലവഴിച്ചിരുന്നു. ലോകോത്തര ബ്രിഡ്ജ് കളിക്കാരനും ഫ്രഞ്ച് പാചകരീതിയില്‍ സാമാന്യം നല്ല അറിവുമുള്ള വ്യക്തിയുമായിരുന്നു അദ്ദേഹം.

ജനാധിപത്യ രാജ്യങ്ങളിലുള്ള പത്രങ്ങളുടെ പ്രൊഫഷണല്‍ നൈതികത ഉള്‍ക്കൊണ്ട മുള്‍ഗോക്കര്‍ അവ തന്റെ പത്രത്തില്‍ നടപ്പാക്കി. എഡിറ്ററായി മാസങ്ങള്‍ക്കുള്ളില്‍ അദ്ദേഹം ഹിന്ദുസ്ഥാന്‍ ടൈംസിന്റെ സംസ്‌കാരം മാറ്റിമറിച്ചു. ഇതിനായി അദ്ദേഹം സ്വയം രണ്ട് ജോലികള്‍ ചെയ്തു. വാര്‍ത്താ പേജുകളില്‍ വിമര്‍ശനാത്മക വീക്ഷണം അവതരിപ്പിക്കുക, കോണ്‍ഗ്രസില്‍നിന്ന് അകലം പാലിക്കുക, പത്രത്തിന്റെ എഡിറ്റോറിയല്‍ വശം ശക്തിപ്പെടുത്തുക.

അതിനായി പുത്തന്‍ പ്രതിഭകളെ അദ്ദേഹം പത്രത്തിലേക്ക് കൊണ്ടുവന്നു. രജീന്ദര്‍ പുരിയെന്ന കാര്‍ട്ടൂണിസ്റ്റ്, കിഷോര്‍ പരേഖ് എന്ന ഫോട്ടോഗ്രാഫര്‍ എന്നിവരൊക്കെ മുള്‍ഗോക്കറുടെ കണ്ടുപിടുത്തമായിരുന്നു. ഇരുവരും പിന്നീട്, അവരുടെ മേഖലയില്‍ രാജ്യാന്തര പ്രശസ്തരായി അറിയപ്പെട്ടു. ലോകത്തിലെ ഏറ്റവും മികച്ച പൊളിറ്റിക്കല്‍ കാര്‍ട്ടൂണിസ്റ്റ് എന്നാണ് രജീന്ദര്‍ പുരിയെ 1960 ല്‍, ന്യൂ സ്റ്റേറ്റ്സ്മാന്റെ മുന്‍ എഡിറ്ററും ഇന്ത്യയിലെ ബ്രിട്ടീഷ് ഹൈക്കമ്മിഷണറായ ജോണ്‍ ഫ്രീമാന്‍ വിശേഷിപ്പിച്ചത്.

ചൈനീസ് ആക്രമണം സംബന്ധിച്ച
മുൾഗോക്കറുടെ ലേഖനം
ചൈനീസ് ആക്രമണം സംബന്ധിച്ച മുൾഗോക്കറുടെ ലേഖനം

മുള്‍ഗോക്കര്‍ എഡിറ്ററായ കാലയളവില്‍, പത്തു വര്‍ഷത്തിനുള്ളില്‍ ഹിന്ദുസ്ഥാന്‍ ടൈംസ് ഊര്‍ജസ്വലമായ പ്രസിദ്ധീകരണമായി വളരുകയും രാജ്യത്തെ ഏറ്റവും മികച്ച രൂപകല്‍പ്പനയിലുള്ള പത്രമായി മാറുകയും ചെയ്തു.ഇന്ത്യയിലെ ഏറ്റവും പ്രഗല്‍ഭനായ പത്രപ്രവര്‍ത്തകനായാണ് മുള്‍ഗോക്കറെ പ്രധാനമന്ത്രി ജവഹര്‍ലാല്‍ നെഹ്റു പരിഗണിച്ചിരുന്നത്. നെഹ്റുവിന്റെ ഭരണകാലത്ത് ആദ്യഘട്ട പരിഷ്‌കാരങ്ങളെ മുള്‍ഗോക്കള്‍ അനുകൂലിച്ചെങ്കിലും അറുപതുകളില്‍ നെഹ്‌റുവിന്റെ സോഷ്യലിസ്റ്റ് സാമ്പത്തിക നയങ്ങളെയും ചൈനയോടുള്ള അദ്ദേഹത്തിന്റെ അന്ധവും ഏറെക്കുറെ ബാലിശമായ വിശ്വാസത്തെയും മുള്‍ഗോക്കര്‍ തുടര്‍ച്ചയായി വിമര്‍ശിച്ചതോടെ ഇരുവരും തമ്മില്‍ തെറ്റി.

ഹിന്ദുസ്ഥാന്‍ ടൈംസില്‍ വന്ന മുള്‍ഗോക്കറുടെ ലേഖനങ്ങളും എഡിറ്റോറിയലുകളും ഈ വിഷയത്തില്‍ വി കെ കൃഷ്ണ മേനോനെതിരെ പൊതുജനാഭിപ്രായം രൂപപ്പെടുത്തുന്നതില്‍ നിസ്തുല പങ്ക് വഹിച്ചതായി അന്നത്തെ പത്രലോകം വിലയിരുത്തിയിരുന്നു

അറുപതുകള്‍ക്ക് ശേഷം, ഇന്ത്യന്‍ രാഷ്ട്രീയം ചൈനീസ് ആക്രമണത്തിന്റെ പശ്ചാത്തലത്തില്‍ പ്രക്ഷുബ്ധമായി. പ്രതിരോധമന്ത്രിയായ വി കെ കൃഷ്ണമേനോന്റെ തെറ്റായ നയങ്ങളാണ്. ഹിന്ദി ചീനീ ഭായ് ഭായ് മന്ത്രമൊക്കെ മാറ്റിവച്ച് ചൈന ഇന്ത്യയെ ആക്രമിച്ചതെന്ന നിലപാടില്‍ പ്രതിപക്ഷവും കോണ്‍ഗ്രസിലെ ഒരു വിഭാഗവും കൃഷ്ണമേനോനെതിരെ ആഞ്ഞടിച്ചു. അമേരിക്കന്‍ ചായ്വുള്ള അറുപതോളം വലതുപക്ഷ എം പിമാര്‍ പാര്‍ലിമെന്റില്‍ കൃഷ്ണമേനോന്റെ രക്തത്തിനായ് മുറിവിളി കൂട്ടി. കൃഷ്ണ മേനോന്റെ പരാജയത്തെ ഉയര്‍ത്തിക്കാട്ടി ഹിന്ദുസ്ഥാന്‍ ടൈംസില്‍ നിരവധി ലേഖനങ്ങള്‍ പ്രത്യക്ഷപ്പെട്ടു. കാര്യങ്ങള്‍ വഷളായി. ഒന്നുകില്‍ മേനോന്‍ പോകണം അല്ലെങ്കില്‍ നെഹ്റു തന്നെ സ്ഥാനമൊഴിയണമെന്ന അവസ്ഥ സംജാതമായി. സമ്മര്‍ദ്ദങ്ങള്‍ക്കൊടുവില്‍ വി കെ കൃഷ്ണ മേനോന്‍ പ്രതിരോധമന്ത്രി സ്ഥാനം രാജിവച്ചു.

രജീന്ദർ പുരിയുടെ കാർട്ടൂൺ, കൃഷ്ണ മേനോൻ പുറത്ത്.
രജീന്ദർ പുരിയുടെ കാർട്ടൂൺ, കൃഷ്ണ മേനോൻ പുറത്ത്.

ഹിന്ദുസ്ഥാന്‍ ടൈംസില്‍ വന്ന മുള്‍ഗോക്കറുടെ ലേഖനങ്ങളും എഡിറ്റോറിയലുകളും ഈ വിഷയത്തില്‍ വി കെ കൃഷ്ണ മേനോനെതിരെ പൊതുജനാഭിപ്രായം രൂപപ്പെടുത്തുന്നതില്‍ നിസ്തുല പങ്ക് വഹിച്ചതായി അന്നത്തെ പത്രലോകം വിലയിരുത്തിയിരുന്നു. യുദ്ധഭീഷണി അവസാനിക്കുകയും നെഹ്റു തന്റെ രാഷ്ട്രീയമേധാവിത്വം പുന:സ്ഥാപിക്കുകയും ചെയ്തതോടെ മുള്‍ഗോക്കര്‍ ബിര്‍ളയ്ക്ക് അനഭിമതനായിയെന്നത് മറ്റൊരു കാര്യം.

ഇന്ത്യയിലെ വന്‍കിട പത്രത്തിന്റെ എഡിറ്ററായിരുന്നിട്ടും രാഷ്ട്രീയക്കാരുമായോ അധികാരശ്രേണിലുള്ളവരുമായോ യാതൊരു ബന്ധവും പുലര്‍ത്താത്ത ഒരാളായിരുന്നു മുള്‍ഗോക്കര്‍. അധികാരത്തിന്റെ ഇടനാഴിയില്‍നിന്ന് എന്നും ഒഴിഞ്ഞുനിന്നു. അദ്ദേഹം എഴുതാനായി ഒരിക്കലും ലൈബ്രറിയേയോ റഫറന്‍സ് ഗ്രന്ഥങ്ങളോ ഉപയോഗിച്ചില്ല. സ്വയം ആര്‍ജിച്ച അറിവ് ഉപയോഗിച്ചായിരുന്നു എഴുത്ത്. തന്റെ തൊട്ടുതാഴെയുള്ള സഹപ്രവര്‍ത്തകരോട് മാത്രം ഇടപഴുകി.

ഒരിക്കല്‍ എഡിറ്റോറിയല്‍ പേജില്‍ പ്രസിദ്ധീകരിച്ച ഒരു ലേഖനത്തിന് പ്രതിഫലമായി അതെഴുതിയ വ്യക്തിക്ക് പ്രതിഫലമായി, തുകയെഴുതിയ വൗച്ചര്‍ ഹിന്ദുസ്ഥാന്‍ ടൈംസിന്റെ ഓഫീസില്‍വച്ച് മുള്‍ഗോക്കര്‍ കൊടുത്തു. അയാള്‍ അതുമായി അക്കൗണ്ട് സെക്ഷനില്‍ ചെന്നു. അത് കൈകാര്യം ചെയ്ത ക്ലര്‍ക്ക് എഴുതിയ തുക 500 രൂപയാണെന്ന് കണ്ട് അമ്പരന്നു. അക്കാലത്ത് അത് വലിയൊരു തുകയായിരുന്നു. ഈ അസാധാരണമായ ഇടപാട് കണ്ട് ക്ലര്‍ക്ക് അന്നത്തെ ഹിന്ദുസ്ഥാന്‍ ടൈംസിന്റെ സര്‍വാധികാരിയും ജനറല്‍ മാനേജറുമായ ജി.എന്‍. ഷാഹിയെ ചെന്ന് കണ്ട് വൗച്ചര്‍ കാണിച്ച് കാര്യം പറഞ്ഞു. സംഗതി ശരിയാണെന്ന് ബോധ്യപ്പെട്ട ഷാഹി ഇന്റര്‍കോമിലൂടെ മുള്‍ഗോക്കറെ വിളിച്ച് തുക ശരിയാണോയെന്ന് തിരക്കി. മുള്‍ഗോക്കര്‍ വൗച്ചറുമായി എഴുത്തുകാരനെ തന്റെ ക്യാബിനിലേക്ക് തിരികെ അയയ്ക്കാന്‍ മാത്രം പറഞ്ഞു.

''എന്റെ തീരുമാനത്തെ ചോദ്യം ചെയ്യാന്‍ ഈ തന്തയില്ലാത്തവനാരാണ് എന്ന പിറുപിറുപ്പോടെ, മുള്‍ഗോക്കര്‍ വൗച്ചര്‍ തിരികെ വാങ്ങി 500 രൂപയെന്നുള്ളത് ഒരു പൂജ്യം കൂടി ചേര്‍ത്ത് 5,000 എന്നാക്കി. തുക അക്ഷരത്തില്‍ 'റുപ്പീസ് ഫൈവ് തൗസന്റ് ഓണ്‍ലി' എന്ന് കൂടി വൗച്ചറില്‍ എഴുതി അത് എഴുത്തുകാരനെ ഏല്‍പ്പിച്ചു. വൗച്ചറുമായി അയാള്‍ വീണ്ടും സെക്ഷനില്‍ ചെന്ന് ക്ലര്‍ക്കിനെ കാണിച്ചു. അവിടെയുണ്ടായിരുന്ന ഷാഹി വൗച്ചര്‍ ഒന്ന് നോക്കിയിട്ട് ക്ലര്‍ക്കിനോട് പറഞ്ഞു,''വേഗം ആ തുക കൊടുക്കുക. അല്ലെങ്കില്‍ അത് ഇനി 50,000 മായി മാറും.'' ആ കാലത്ത്, പത്രമോഫീസില്‍ ചോദ്യം ചെയ്യപ്പെടാത്ത തീരുമാനമായിരുന്നു എഡിറ്ററുടേത്.

നിര്‍ഭാഗ്യവശാല്‍ വര്‍ഷങ്ങള്‍ക്കുശേഷം, തന്തയില്ലാത്തവനാണെന്ന് കോടതി മുറിയില്‍ സ്വയം പ്രഖ്യാപിക്കേണ്ടി വന്ന സന്ദര്‍ഭവും മുള്‍ഗോക്കര്‍ക്കുണ്ടായി. ബോംബയിലെ പ്രശസ്തമായ 'ബ്ലിറ്റ്സ്' വാരികയില്‍ പ്രസിദ്ധീകരിച്ച ഒരു ലേഖനത്തില്‍, ഹിന്ദുസ്ഥാന്‍ ടൈംസ് എഡിറ്ററായ മുള്‍ഗോക്കര്‍, പത്രയുടമയായ ബിര്‍ളക്കുവേണ്ടി അവിഹിതമായി സര്‍ക്കാരിനെ സ്വാധീനിക്കുവെന്ന് എഴുതിയിരുന്നു. അപകീര്‍ത്തിപരമായ ഈ ലേഖനത്തിനെതിരെ മുള്‍ഗോക്കര്‍ കേസ് ഫയല്‍ ചെയ്തു.

ഡല്‍ഹിയിലെ തീസ് ഹസാരിയിലെ കോടതിയില്‍ കേസ് വിചാരണയ്ക്ക് വന്നു. ഇന്ത്യയിലെ പ്രശസ്തമായ രണ്ട് മാധ്യമങ്ങള്‍ തമ്മിലുള്ള കേസ് പത്രലോകത്ത് വളരെ ശ്രദ്ധയാകര്‍ഷിച്ചു.ബ്ലിറ്റ്സ് എഡിറ്റര്‍, പ്രശസ്തനായ റൂസി കരിഞ്ചിയയായിരുന്നു കേസിലെ പ്രതി. കരഞ്ജിയക്കുവേണ്ടി ഹാജരായത് ബോബെയിലെ പ്രശസ്ത അഭിഭാഷകന്‍ എ എസ് ആര്‍ ചാരിയായിരുന്നു. നീണ്ട മൂക്കും ആകാശം തുളയ്ക്കുന്ന ശബ്ദവും വാക്കിനെ വെല്ലുന്ന വചനവും ചേര്‍ന്ന കമ്യുണിസ്റ്റ് അനുഭാവിയായ ചാരി കോടതി മുറികളെ പ്രകമ്പനം കൊള്ളിച്ചിരുന്ന പ്രകടനം നടത്തുന്ന അഭിഭാഷകനായിരുന്നു. മുള്‍ ഗോക്കറെ ചാരി ക്രോസ് ചെയ്തു.

ഏറ്റവും ശ്രദ്ധേയമായ കാര്യം അവരിരുവരും ബോംബെയില്‍ കോളേജ് സഹപാഠികളായിരുന്നുവെന്നതാണ്. വാദത്തിനിടയില്‍ കരഞ്ജിയ ഒരു കുറിപ്പ് ചാരിക്ക് കൈമാറി. ചാരി അത് വായിച്ചെങ്കിലും പ്രതികരിച്ചില്ല. പക്ഷേ, കരഞ്ജിയ വിട്ടില്ല. തന്റെ ആവശ്യം അദ്ദേഹം വീട്ടുവീഴ്ചയില്ലാതെ ആവര്‍ത്തിച്ചു. ഒടുവില്‍ ചാരി, കരഞ്ജിയയയുടെ ആവശ്യം നിറവേറ്റി.

ചാരി മുള്‍ഗോക്കറോട് ചോദിച്ചു: ''താങ്കളുടെ അച്ഛന്‍ ആരാണെന്നറിയാമോ?'' കോടതിയില്‍ ആളുകള്‍ നോക്കിനില്‍ക്കെ ഇല്ല എന്നായിരുന്നു മുള്‍ഗോക്കറുടെ മറുപടി. ''അച്ഛനാരാണെന്ന് എനിക്കറിയില്ല,'' അദ്ദേഹം ഉറപ്പിച്ചു പറഞ്ഞു. കോടതി ഒരു നിമിഷം സ്തഭിച്ചുപോയി.

വടക്കേ ഇന്ത്യയിലെ, പ്രശസ്തമായ ഒരു ക്ഷേത്രത്തിലെ പൂജാരിക്ക് വെപ്പാട്ടിയായ ദേവദാസിയില്‍ പിറന്ന മകനാണ് മുള്‍ഗോക്കറെന്ന് ഡല്‍ഹിയിലെ പത്രലോകത്ത് ഒരു കഥ പ്രചരിച്ചിരുന്നു. ഇത്തരം കേസുകളില്‍ പരാതിക്കാരന്, നഷ്ടപ്പെടാന്‍ മാനമില്ലെന്ന് വരുത്താനായി ചോദിക്കുന്ന പതിവ് രീതിയിലുള്ള ചോദ്യം മാത്രമായിരുന്നു അത്. ഒടുവില്‍ ഈ കേസില്‍ പരാതിക്കാരന് മാനനഷ്ടമില്ലെന്ന നിഗമനത്തിലെത്തിയ കോടതി കേസ് തള്ളി. ഈ കേസിനെക്കുറിച്ച് ഒരു വരി പോലും ഹിന്ദുസ്ഥാന്‍ ടൈംസില്‍ കൊടുക്കരുതെന്ന് പത്രത്തിന്റെ ജനറല്‍ മാനേജര്‍ ന്യൂസ് എഡിറ്ററായ ഹരിഹരനോട് കര്‍ശനമായി പറഞ്ഞ് ചട്ടംകെട്ടിയിരുന്നു.

ഒരു പത്രത്തിന്റെ എഡിറ്റര്‍ താന്‍ 'Bastard' ആണെന്ന് തന്റെ പത്രത്തിലൂടെ പ്രഖ്യാപിക്കുകയെന്നത് ലോകത്തിൽ ആദ്യമായിരിക്കും

പക്ഷേ, അതിന് കടകവിരുദ്ധമായി പിറ്റേദിവസത്തെ ഹിന്ദുസ്ഥാന്‍ ടൈംസിന്റെ മുന്‍പേജില്‍ വാര്‍ത്ത ബോക്സ് ഐറ്റമായി അച്ചടിച്ചുവന്നു. 'I am a bastard' എന്നായിരുന്നു തലക്കെട്ട്. ഇതുകണ്ട ക്ഷുഭിതനായ ജനറല്‍ മാനേജര്‍ ന്യൂസ് എഡിറ്ററെ ഫോണില്‍ വിളിച്ച് കാരണം തിരക്കി,'' വ്യക്തമായ നിര്‍ദേശം നല്‍കിയിട്ടും ഇതെങ്ങനെ സംഭവിച്ചു?''

ന്യൂസ് എഡിറ്ററായ ഹരിഹരന്‍ വിശദീകരണം നല്‍കി. ''മുള്‍ഗോക്കര്‍ നേരിട്ട് ഓഫീസില്‍ വന്ന് സ്വന്തം കയ്യക്ഷരത്തില്‍ വാര്‍ത്തയെഴുതി എഡിറ്റ് ചെയ്ത് തലവാചകം ചേര്‍ത്ത് കോപ്പി, മുന്‍പേജ് ബോക്സായി മാര്‍ക്ക് ചെയ്ത് കൊടുക്കുകയായിരുന്നു. എഡിറ്ററുടെ തീരുമാനം ചോദ്യം ചെയ്യാന്‍ ന്യൂസ് എഡിറ്റര്‍ക്ക് അധികാരമില്ല,'' ഹരിഹരന്‍ വ്യക്തമാക്കി.

ഒരു പത്രത്തിന്റെ എഡിറ്റര്‍ താന്‍ 'Bastard' ആണെന്ന് തന്റെ പത്രത്തിലൂടെ പ്രഖ്യാപിക്കുകയെന്നത് ലോകത്തിലാദ്യമായിരിക്കും. എതിരാളിയായ പേട്രിയറ്റ് ദിനപത്രം പിറ്റേദിവസം വാര്‍ത്ത നന്നായി കൊടുക്കുമെന്ന ധാരണയിലായിരുന്നു മുള്‍ഗോക്കര്‍ അത് ചെയ്തത്.

കെ കെ ബിര്‍ളയുടെ കാലമായപ്പോഴേക്കും ഹിന്ദുസ്ഥാന്‍ ടൈംസിന്റെ എഡിറ്റര്‍ പദവിയുടെ യശസ്സിന് ഇളക്കം തട്ടി തുടങ്ങിയിരുന്നു. ഏറെ താമസിയാതെ മുള്‍ഗോക്കറെ മാറ്റാന്‍ കെ കെ ബിര്‍ള ശ്രമങ്ങളാരംഭിച്ചു

പക്ഷേ, പേട്രിയറ്റിന്റെ എഡിറ്റര്‍, മുള്‍ഗോക്കറോട് കടുത്ത വിയോജിപ്പുണ്ടായിരുന്ന എടത്തട്ട നാരായണന്‍ വിവാദമായ ചോദ്യമോ ഉത്തരമോ തന്റെ പത്രത്തില്‍ കൊടുത്തില്ല. അദ്ദേഹം വ്യക്തിഹത്യ ചെയ്യുന്ന ഒരു എഡിറ്ററായിരുന്നില്ല. വിയോജിപ്പുകളെ മാനിക്കുന്ന സന്മനസ് എടത്തട്ടയ്ക്കുണ്ടായിരുന്നു.

ഇതിനിടയില്‍ ഹിന്ദുസ്ഥാന്‍ ടൈംസിന്റെ തലപ്പത്ത് വന്‍ മാറ്റങ്ങള്‍ സംഭവിച്ചു. മുള്‍ഗോക്കറിനെ പത്രത്തിലേക്ക് കൊണ്ടുവരികയും എഡിറ്റായിരുന്നപ്പോള്‍ എല്ലാ പിന്തുണ നല്‍കുകയും ചെയ്തിരുന്ന ജി ഡി ബിര്‍ള വിരമിച്ചു. പകരം രണ്ടാമത്തെ മകന്‍ കെ കെ ബിര്‍ള (കൃഷ്ണകാന്ത് ബിര്‍ള) ഡയറക്ടര്‍ ബോര്‍ഡ് ചെയര്‍മാനായി സ്ഥാനമേല്‍ക്കുകയും ഹിന്ദുസ്ഥാന്‍ ടൈംസിന്റെ സര്‍വാധികാരിയായി മാറുകയും ചെയ്തു. പത്രാധിപന്മാരെ കൈകാര്യം ചെയ്യുന്നതില്‍ പ്രത്യേക വൈഭവം കാണിച്ച ഉടമയായിരുന്നു അദ്ദേഹം. ഒരു എഡിറ്ററുടെ സേവനം തങ്ങളുടെ പ്രസിദ്ധീകരണങ്ങളില്‍ അഞ്ച് വര്‍ഷത്തില്‍ കൂടുതല്‍ ആവശ്യമില്ലെന്ന തത്വത്തില്‍ വിശ്വസിച്ച പത്രയുടമായിരുന്നു കെ കെ ബിര്‍ള. ബി ജി വര്‍ഗീസ് പത്രാധിപരായിരിക്കെ അദ്ദേഹത്തിനെഴുതിയ കത്തില്‍ ഇക്കാര്യം വ്യക്തമാക്കാന്‍ കെ കെ ബിര്‍ള മടിച്ചില്ല.

കെ കെ ബിർള
കെ കെ ബിർള

മുള്‍ഗോക്കര്‍ തന്നെ തന്റെ സഹപ്രവര്‍ത്തകരോട് ഇടയ്ക്ക് പറയാറുള്ള ഒരു വാചകമുണ്ട്: 'You know, any under secretary in the Commerce Ministry can rid off my job by delaying a license to the Birlas'. രാജ്യത്തെ ഏറ്റവും വലിയ പത്രത്തിന്റെ എഡിറ്ററുടെ ജോലി സുരക്ഷിതത്വം അത്രയേയുള്ളൂവെന്ന് സൂചിപ്പിക്കുകയായിരുന്നു അദ്ദേഹം.

കെ കെ ബിര്‍ളയുടെ കാലമായപ്പോഴേക്കും ഹിന്ദുസ്ഥാന്‍ ടൈംസിന്റെ എഡിറ്റര്‍ പദവിയുടെ യശസ്സിന് ഇളക്കം തട്ടി തുടങ്ങിയിരുന്നു. ഏറെ താമസിയാതെ മുള്‍ഗോക്കറെ മാറ്റാന്‍ കെ കെ ബിര്‍ള ശ്രമങ്ങളാരംഭിച്ചു. ഇടക്കാല പ്രധാനമന്ത്രിയായ ഗുല്‍സാരിലാല്‍ നന്ദയുടെ ആളായ കിഷന്‍ ഭാട്ടിയെ എക്സിക്യൂട്ടിവ് എഡിറ്റായി നിയമിച്ചു. അയാളിലൂടെ നന്ദയെ സ്വാധീനിക്കുകയായിരുന്നു ലക്ഷ്യം. മുള്‍ഗോക്കറെ എഡിറ്റര്‍-ഇന്‍-ചീഫ് എന്ന അധികാരങ്ങളൊന്നുമില്ലാത്ത പുതിയ പോസ്റ്റ് സൃഷ്ടിച്ച് അതിലേക്ക് മാറ്റി. അഭിമാനിയായ മുള്‍ഗോക്കര്‍ രാജിവച്ചു. 10 വര്‍ഷത്തെ തന്റെ സേവനം അവസാനിച്ച് അദ്ദേഹം പടിയിറങ്ങുമ്പോള്‍, ഹിന്ദുസ്ഥാന്‍ ടൈംസ് ഇന്ത്യയിലെ മികച്ച പത്രമായി സ്ഥാനം ഉറപ്പിച്ചു കഴിഞ്ഞിരുന്നു.

ഹിന്ദുസ്ഥാന്‍ ടൈംസ് വിട്ട മുൾഗോക്കർ അഞ്ച് വര്‍ഷത്തിനുശേഷം ഒരിക്കല്‍ കൂടി പത്രമോഫീസിന്റെ പടികയറി

ഇതിനകം പ്രധാനമന്ത്രിയായ ഇന്ദിരാ ഗാന്ധിയുമായി പോരാട്ടമാരംഭിച്ചു കഴിഞ്ഞ ഗോയങ്ക, തന്റെ പത്രത്തിന് ശക്തനായ എഡിറ്ററെ തേടുകയായിരുന്നു. ഫ്രാങ്ക് മോറൈസ് വിരമിച്ചശേഷം ആ സ്ഥാനത്തേക്ക് പരിഗണിക്കേണ്ട വ്യക്തിയാരാണെന്ന് ഗോയങ്കയ്ക്ക് സംശയമില്ലായിരുന്നു. ഒരിക്കല്‍ ഗോയങ്ക പറഞ്ഞു: ''മുള്‍ഗോക്കര്‍ വെറുമൊരു എഡിറ്ററോ എഴുത്തുകാരനോ അല്ല. അദ്ദേഹം ഒരു മികച്ച പത്രപ്രവര്‍ത്തകനായിരുന്നു. ആ അര്‍ത്ഥത്തില്‍. അദ്ദേഹത്തെപ്പോലെ ആരും ഉണ്ടായിട്ടില്ല. പ്രത്യേകിച്ച് അദ്ദേഹത്തെപ്പോലെ സത്യസന്ധനായൊരാള്‍.''

പിന്നീട് രാംനാഥ് ഗോയങ്കയുമായി മുള്‍ഗോക്കര്‍ അസാധാരണമായ ബന്ധം വളര്‍ത്തിയെടുക്കുകയും ഇടയ്ക്കിടെ അദ്ദേഹത്തോടൊപ്പം ബ്രിഡ്ജ് കളിക്കുകയും ചെയ്തു. ന്യൂഡല്‍ഹിയിലെ ടോണി ജോര്‍ ബാഗിലെ വിശാലവും അതിമനോഹരവുമായ വീടിന്റെ താഴത്തെ ഭാഗം താമസിക്കാനായി മുള്‍ഗോക്കറിന് ഗോയങ്ക നല്‍കി. എക്സ്പ്രസില്‍നിന്ന് വിരമിച്ച മുള്‍ഗോക്കറെ മരണം വരെയും ആ വീട്ടില്‍ താമസിക്കാന്‍ അനുവദിച്ചിരുന്നു.

1972 ഡിസംബറില്‍ ഡല്‍ഹിയില്‍ ഇന്ത്യന്‍ എക്‌സ്പ്രസിന്റെ എഡിറ്ററായി തന്റെ പത്രപ്രവര്‍ത്തനത്തിലെ രണ്ടാമൂഴം മുള്‍ഗോക്കര്‍ ആരംഭിച്ചു. ഇന്ത്യന്‍ എക്‌സ്പ്രസിലും ലേഔട്ടിലും ഭാഷയിലും മുള്‍ഗോക്കര്‍ തന്റെ കൃത്യത പാലിച്ചു. മൂന്ന് കോളങ്ങളുള്ള സിംഗിള്‍ ലൈന്‍ തലക്കെട്ടുകള്‍ ഇന്ത്യന്‍ എക്‌സ്പ്രസില്‍ ആദ്യമായി അവതരിപ്പിച്ചത് മുള്‍ഗോക്കറാണ്.

രാംനാഥ് ഗോയങ്ക
രാംനാഥ് ഗോയങ്ക

അടിയന്തരാവസ്ഥയില്‍ സ്ഥാനം നഷ്ടപ്പെട്ട ആദ്യത്തെ എഡിറ്റായിരുന്നു മുള്‍ഗോക്കര്‍

എഡിറ്റര്‍ സ്ഥാനത്തുനിന്ന് മുള്‍ഗോക്കറെ നീക്കം ചെയ്യാന്‍ സമ്മര്‍ദം ചെലുത്തി. ആ സമയത്ത് രാമനാഥ് ഗോയങ്ക ഹൃദ്രോഗം ബാധിച്ച് കല്‍ക്കട്ടയില്‍ ആശുപത്രിയിലായിരുന്നു. ഗോയങ്കയുടെ മകൻ ഭഗവന്‍ ദാസിനെയും ഭാര്യ സരോജിനെയും 'മിസ' കരുതല്‍ നിയമപ്രകാരം അറസ്റ്റ് ചെയ്ത ജയിലിലടക്കുമെന്ന് വി സി ശുക്ല സമര്‍ദ്ദം ചെലുത്തി. ഒടുവില്‍ ഹിന്ദുസ്ഥാന്‍ ടൈംസ് ഉടമ കെ കെ ബിര്‍ള ഇടപെട്ടു. ഇന്ത്യന്‍ എക്‌സ്പ്രസ് ഡയറക്ടര്‍ ബോര്‍ഡ് സര്‍ക്കാരിന് താല്‍പ്പര്യമുള്ളവരെ ചേര്‍ത്ത് പുന:സംഘടിപ്പിക്കാനും ശ്രമിച്ചു. ഇതിന്റെ ഭാഗമായി മുള്‍ഗോക്കറെ എഡിറ്റര്‍ സ്ഥാനത്തുനിന്ന് മാറ്റി. പകരം ഫൈനാഷ്യല്‍ എക്‌സ്പ്രസ് എഡിറ്റര്‍ വി കെ നരസിംഹനെ എഡിറ്ററാക്കി. അടിയന്തരാവസ്ഥയില്‍ സ്ഥാനം നഷ്ടപ്പെട്ട ആദ്യത്തെ എഡിറ്റായിരുന്നു മുള്‍ഗോക്കര്‍.

ടാഗോറിന്റെ കവിതയും പുരാണ കഥകളിലെയും സാരോപദേശങ്ങളിലും ഒളിച്ചുവച്ച വിമര്‍ശനങ്ങളോടെ ഇന്ത്യന്‍ എക്‌സ്പ്രസ് പുറത്തിറക്കാന്‍ തുടങ്ങി

വി കെ നരസിംഹന്‍ അടിയന്തരാവസ്ഥക്കാലത്ത് രണ്ടു പത്രങ്ങളുടെയും എഡിറ്റര്‍ സ്ഥാനം വഹിച്ചു. നരസിംഹന്‍ തികച്ചും നിരുപദ്രകാരിയാവുമെന്ന സഞ്ജയ് ഗാന്ധിയുടെയും വി സി ശുക്ലയുടേയും ധാരണ തെറ്റായിരുന്നു. ടാഗോറിന്റെ കവിതയും പുരാണ കഥകളിലെയും സാരോപദേശങ്ങളിലും ഒളിച്ചുവച്ച വിമര്‍ശനങ്ങളോടെ ഇന്ത്യന്‍ എക്‌സ്പ്രസ് പുറത്തിറക്കാന്‍ തുടങ്ങി. സെന്‍സര്‍മാര്‍ കാര്യമറിയുമ്പോഴേക്കും ശൈലി മാറ്റി. പത്രസ്വാതന്ത്ര്യത്തില്‍ അടിയുറച്ച വിശ്വാസമുള്ള നരസിംഹന്‍ അഭിപ്രായസ്വാതന്ത്ര്യത്തിനുവേണ്ടി പ്രതിബദ്ധമായിരിക്കണം തന്റെ പത്രമെന്ന് ഉറച്ച് വിശ്വസിച്ചു. അടിയന്തരാവസ്ഥയിലുടനീളം നരസിംഹന്‍ തന്റെ നിലപാടില്‍ ശക്തമായി ഉറച്ചുനിന്നു. രണ്ട് ലക്ഷത്തോളം കോപ്പികളാണ് ഈ കാലയളവില്‍ വര്‍ധിച്ചത്.

അടിയന്തരാവസ്ഥ പിന്‍വലിക്കുകയും പിന്നീട് നടന്ന തിരഞ്ഞെടുപ്പില്‍ ഇന്ദിരാ ഗാന്ധി പരാജയപ്പെടുകയും ജനതാ സര്‍ക്കാര്‍ അധികാരത്തില്‍ വരികയും ചെയ്തപ്പോള്‍ രാംനാഥ് ഗോയങ്ക തന്റെ മേധാവിത്വം പുന:സ്ഥാപിച്ചു. ആദ്യം തന്നെ ചെയ്തത് മുള്‍ഗോക്കറെ തിരികെ വിളിച്ച് എക്‌സ്പ്രസിന്റെ എഡിറ്ററാക്കുകയായിരുന്നു. രാവിലെ എക്‌സ്പ്രസ് ഓഫിസിലെത്തിയ നരസിംഹന്‍ കണ്ടത് എഡിറ്റര്‍ സ്ഥാനത്തിരിക്കുന്ന മുള്‍ഗോക്കറെയാണ്. അടിയന്തരാവസ്ഥയില്‍ ചരിത്രം കുറിച്ച എഡിറ്റായ തന്നോട് ഒരു വാക്ക് പോലും സൂചിപ്പിക്കാതെ, എക്‌സ്പ്രസിന്റെ പ്രിന്റ് ലൈനില്‍നിന്ന് തന്റെ പേര് നീക്കം ചെയ്തതായി നരസിംഹന്റെ ശ്രദ്ധയില്‍ പതിഞ്ഞു. തന്നോട് കാണിച്ച നീതികേടില്‍ പ്രതിഷേധിച്ച് നിശബ്ദനായി അദ്ദേഹം എക്‌സ്പ്രസ് വിട്ടു.

പിന്നീട്, അദ്ദേഹത്തെ തിരികെ കൊണ്ടുവരാന്‍ എക്‌സ്പ്രസ് ന്യൂസ് സര്‍വീസിന്റെ മേധാവിയായ കുല്‍ദീപ് നയ്യാരെ ഗോയങ്ക നിയോഗിച്ചു. കുല്‍ദീപ് നയ്യാര്‍ ഗോയങ്കയ്ക്കു വേണ്ടി സംസാരിച്ചെങ്കിലും നരസിംഹന്‍ വഴങ്ങിയില്ല. രാമനാഥ് ഗോയങ്കയുടെ അനൗചത്യപൂര്‍വമായ നടപടി അദ്ദേഹത്തിനെ മുറിവേല്‍പ്പിച്ചിരുന്നു. തന്നെക്കാള്‍ മുതിര്‍ന്ന ഒരു എഡിറ്ററുടെ സ്ഥാനത്ത് ഇരിക്കാന്‍ അയാളുടെ അറിവോ സമ്മതമോ കൂടാതെ മുള്‍ഗോക്കര്‍ ഗോയങ്കയുടെ ക്ഷണം സ്വീകരിച്ചത് അതിലും തരം താഴ്ന്നതായിപ്പോയിയെന്ന അഭിപ്രായമായിരുന്നു പത്രലോകത്ത് പലര്‍ക്കും.

അടിയന്തരാവസ്ഥയുമായി ബന്ധപ്പെട്ട എന്തു കേട്ടാലും കലി കയറുന്ന അവസ്ഥയിലായിരുന്നു മുള്‍ഗോക്കര്‍

അടിയന്തരാവസ്ഥയെയും ഇന്ദിരാ ഗാന്ധിയുടെ ചെയ്തികളെയും വാഴ്ത്തുന്ന, രണ്ട് റഷ്യക്കാര്‍ ചേര്‍ന്നെഴുതിയ ഒരു ചരിത്ര പുസ്തകം ആയിടയ്ക്ക് പുറത്തുവന്നു. സി പി ഐയുടെ ഡല്‍ഹിയിലെ പ്രസിദ്ധീകരണശാലയായ പീപ്പിള്‍സ് പബ്ലിക്കേഷന്‍ ഹൗസായിരുന്നു പ്രസാധകര്‍. പുസ്തകത്തിന്റെ ലക്ഷ്യം ഇന്ദിരാ സ്തുതി തന്നെ. റഷ്യയും സി പി ഐയും അടിയന്തരാവന്ഥയെ പിന്തുണച്ചവരാണല്ലോ. ലക്ഷ്യം അതാണെങ്കിലും അതൊരു കാലം തെറ്റിയ പുസ്തകമായിരുന്നു. സി പി ഐ അടിയന്തരാവസ്ഥയെയും ഇന്ദിരയയും തള്ളിപ്പറയാന്‍ തുടങ്ങിയിരുന്നു. പെട്ടെന്ന് പുസ്തകം കിട്ടാനില്ലാതായി. നാണക്കേട് തോന്നിയ പ്രസാധകര്‍ പിന്‍വലിച്ചതായിരുന്നു. ആ കാലത്ത് അടിയന്തരാവസ്ഥയുമായി ബന്ധപ്പെട്ട എന്തു കേട്ടാലും കലി കയറുന്ന അവസ്ഥയിലായിരുന്നു മുള്‍ഗോക്കര്‍. അടിയന്തരാവസ്ഥയില്‍ തനിക്ക് നേരിട്ട അപമാനത്തില്‍ വ്രണിതഹൃദയനായിരുന്നു. ഈ വാര്‍ത്ത അദ്ദേഹത്തിന് ആഹ്ളാദം പകര്‍ന്നു.

പിറ്റേ ദിവസം എക്‌സ്പ്രസില്‍ മാത്രമായി ആദ്യ പേജില്‍ വാര്‍ത്ത: 'സി പി ഐ ഇന്ദിരാ സ്തുതി പിന്‍വലിക്കുന്നു'. മുള്‍ഗോക്കറെയും സി പി എമ്മുകാരെയും ഒരേപോലെ സന്തോഷിപ്പിച്ച സി പി ഐക്കുകിട്ടിയ 'ഈ കൊട്ട് വാര്‍ത്ത' എഴുതിയത് പ്രശസ്തമലയാളി പത്രപ്രവര്‍ത്തകനായ കെ ഗോവിന്ദന്‍ കുട്ടിയായിരുന്നു. ഈ വാര്‍ത്തയുടെ പേരില്‍ പിന്നിട് എഡിറ്റോറിയല്‍ യോഗത്തി മുള്‍ഗോക്കര്‍ ഗോവിന്ദന്‍കുട്ടിയെ പ്രശംസിച്ചപ്പോള്‍, തൊട്ടടുത്തിരുന്ന ഒരു സഹപ്രവര്‍ത്തകന്‍ ഗോവിന്ദന്‍കുട്ടിയോട് പറഞ്ഞു: 'ഈ അപൂര്‍വ പ്രശംസ ഒരു ബിരുദത്തിന് സമാനമാണ്.' ആരോടും അര നല്ലവാക്ക് പറയാത്തവനും ശകാരത്തില്‍ ധാരാളിയുമായിരുന്നു മുള്‍ഗോക്കര്‍.

താനെഴുതിയ ലേഖനങ്ങള്‍ സമാഹരിച്ച് പുസ്തകമാക്കാനോ അനുഭവക്കുറിപ്പെഴുതാനോ മുൾഗോൾക്കർ ഒരിക്കലും തയാറായില്ല

1987 ല്‍ രാഷ്ട്രപതി സെയില്‍ സിങ്ങും അന്നത്തെ പ്രധാനമന്ത്രി രാജീവ് ഗാന്ധിയും തമ്മില്‍ രൂക്ഷമായ അഭിപ്രായ വ്യത്യാസമുണ്ടായി. ഇരുവരും പരസ്യമായി അകല്‍ച്ച പ്രകടിപ്പിച്ച കാലത്ത് തപാല്‍ ബില്ലിനെ സംബന്ധിച്ച് തര്‍ക്കമുണ്ടായി. രാഷ്ട്രപതി ബില്ല് തടഞ്ഞുവച്ചു. ഇതുസംബന്ധിച്ച് ഒരു കത്ത് സെയില്‍ സിങ്ങ് പ്രധാനമന്ത്രിക്കയച്ചത് വിവാദമായി. ഏറെ ഒച്ചപ്പാട് സൃഷ്ടിച്ച ആ കത്ത് സെയില്‍ സിങ്ങിനുവേണ്ടി എഴുതിയത് മുള്‍ഗോക്കറാണെന്ന് പിന്നീട് പുറത്തുവന്നു. അക്കാലത്ത് രാജീവ് ഗാന്ധിയുമായി ഇന്ത്യന്‍ എക്‌സ്പ്രസ് യുദ്ധമാരംഭിച്ചിരുന്നു.

താനെഴുതിയ ലേഖനങ്ങള്‍ സമാഹരിച്ച് പുസ്തകമാക്കാനോ അനുഭവക്കുറിപ്പെഴുതാനോ മുൾഗോൾക്കർ ഒരിക്കലും തയാറായില്ല. ലേഖനങ്ങളെഴുതുമ്പോള്‍ മുഴുവന്‍ പേര് പോലും ഉപയോഗിച്ചിരുന്നില്ല. ലേഖനത്തിന്റെ ചുവടെ എസ് എം എന്ന് മാത്രമെഴുതി. അതിലും പാലിച്ചു ഒരാസാധരണത്വം. അനോരാഗ്യം മൂലം എക്‌സ്പ്രസില്‍നിന്ന് വിരമിച്ച മുള്‍ഗോക്കര്‍ ഡല്‍ഹിയില്‍ 1993 മെയ് ഒന്‍പതിന് അന്തരിച്ചു.

logo
The Fourth
www.thefourthnews.in