യൂണിഫോമിടുന്ന നുണയും 
ക്യാമറ കാണിക്കുന്ന കളവും

യൂണിഫോമിടുന്ന നുണയും ക്യാമറ കാണിക്കുന്ന കളവും

നിയമവും നടപടികളും സാമൂഹിക വിചാരണയും ചേര്‍ന്ന് ആ പതിനാലുകാരിക്ക് സമ്മാനിക്കുന്ന മുറിവുകള്‍ ആജീവനാന്തം നിലനില്‍ക്കും
Updated on
2 min read

ഏഷ്യാനെറ്റ് ന്യൂസ് എന്ന ടെലിവിഷന്‍ ചാനലിന്റെ കൊച്ചി ഓഫീസില്‍ മുപ്പതോളം എസ്എഫ്‌ഐ പ്രവര്‍ത്തകര്‍ നടത്തിയ പ്രകടനം അനുവദനീയമല്ലാത്ത അവിവേകമായി കണ്ട് അപലപിക്കപ്പെട്ടെങ്കിലും മലയാളത്തിലെ ചാനലുകളുടെ മാതാവെന്ന് വിശേഷിപ്പിക്കാവുന്ന ചാനലിന്റെ ഭാഗത്ത് നിന്നുണ്ടായ ഗുരുതരമായ അപഭ്രംശം പൊതു ചര്‍ച്ചയ്ക്ക് വിഷയമാകാന്‍ അത് കാരണമായി. പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ ഉപയോഗിച്ച് വ്യാജവാര്‍ത്ത ചമച്ചെന്ന കേസാണ് ഏഷ്യാനെറ്റിനും ചാനലിന്റെ കണ്ണൂര്‍ ലേഖകന്‍ നൗഫല്‍ ബിന്‍ യൂസഫിനുമെതിരെ ആരോപിക്കപ്പെടുന്നത്. പോക്‌സോ നിയമത്തിലെ വകുപ്പുകള്‍ ചേര്‍ത്ത് പോലീസ് കേസ് രജിസ്റ്റര്‍ ചെയ്ത് നടത്തുന്ന അന്വേഷണത്തിലേക്ക് ജനശ്രദ്ധ തിരിക്കാന്‍ എസ്എഫ്‌ഐയുടെ നടപടി കാരണമായി. നിയമവും നടപടികളും സാമൂഹിക വിചാരണയും ചേര്‍ന്ന് ആ പതിനാലുകാരിക്ക് സമ്മാനിക്കുന്ന മുറിവുകള്‍ ആജീവനാന്തം നിലനില്‍ക്കും.

എസ്എഫ്‌ഐ ചെയ്ത ഈ തെറ്റില്‍ മാത്രം അഭിരമിച്ചുകൊണ്ട് പ്രമുഖ മാധ്യമ പ്രവര്‍ത്തകരും മാധ്യമ പ്രവര്‍ത്തകരുടെ സംഘടനകളും പ്രതികരിച്ചത് ഉചിതമായില്ല

ഏത് മാധ്യമ സ്ഥാപനത്തിനെതിരെയും പ്രതിഷേധിക്കുന്നതിനുള്ള അവകാശം വാര്‍ത്തയെക്കുറിച്ച് ആക്ഷേപമുള്ള വ്യക്തികള്‍ക്കും പൊതു സമൂഹത്തിനും ഉണ്ട്. അത് പുറത്ത് നിന്നാകണം. അകത്ത് കയറിയുള്ള പ്രതിഷേധം, അതിക്രമിച്ചുകടക്കല്‍ എന്ന കുറ്റമാകും. അത് മാധ്യമ പ്രവര്‍ത്തകരുടെ സ്വതന്ത്രമായ പ്രവര്‍ത്തനത്തെ തടസപ്പെടുത്തുന്നതായി വ്യാഖ്യാനമുണ്ടാകും. എസ്എഫ്‌ഐ ചെയ്ത ഈ തെറ്റില്‍ മാത്രം അഭിരമിച്ചുകൊണ്ട് പ്രമുഖ മാധ്യമ പ്രവര്‍ത്തകരും മാധ്യമ പ്രവര്‍ത്തകരുടെ സംഘടനകളും പ്രതികരിച്ചത് ഉചിതമായില്ല. വാര്‍ത്തയെ സംബന്ധിക്കുന്ന മൗലികമായ ചില പ്രശ്‌നങ്ങള്‍ ഈ വിഷയത്തില്‍ ഉള്‍ച്ചേര്‍ന്നിട്ടുണ്ട്. ക്യാമറ കാണിക്കുന്നതെല്ലാം സത്യം എന്ന ചിരപുരാതനതത്ത്വത്തെ കവചമാക്കി ചാനലുകള്‍ക്ക് എന്ത് കളവും കാണിക്കാമെന്ന മൗഢ്യത്തിനേറ്റ തിരിച്ചടികൂടിയാണ് ഏഷ്യാനെറ്റിനേറ്റത്.

ചില പഴയ കാര്യങ്ങളെ ഈ സംഭവം അനുസ്മരിപ്പിക്കുന്നുണ്ട്. ഡല്‍ഹിയിലെ ലൈവ് ഇന്ത്യ എന്ന ചാനല്‍ 2007ല്‍ നടത്തിയ സ്റ്റിങ് ഓപറേഷനാണ് ഒന്ന്. വിദ്യാര്‍ഥിനിയല്ലാത്ത പെണ്‍കുട്ടിയെ വിദ്യാര്‍ഥിനിയായി വേഷം കെട്ടിച്ച് അധ്യാപികയുടെ പ്രോസ്റ്റിറ്റ്യൂഷന്‍ റാക്കറ്റ് എന്ന കഥ ചമയ്ക്കുകയായിരുന്നു ചാനല്‍. അമര്‍ഷത്തിലായ ജനം വിദ്യാലയത്തിലേക്ക് ഇരച്ച് കയറി ഉമ ഖുറാന എന്ന അധ്യാപികയെ ആക്രമിക്കുകയും വിവസ്ത്രയാക്കി അപമാനിക്കുകയും ചെയ്തു. അധ്യാപിക ജയിലിലായി. വാര്‍ത്ത വ്യാജമാണെന്ന് തെളിഞ്ഞപ്പോള്‍ ഡല്‍ഹി ഹൈക്കോടതി ചാനലിനെതിരെ സ്വമേധയാ കേസെടുത്തു.

പത്രങ്ങള്‍ക്ക് പ്രസ് കൗണ്‍സില്‍ എന്ന പോലെ ടെലിവിഷന് നിയമപ്രകാരമുള്ള നിയന്ത്രണ സംവിധാനമില്ലാത്തതിനാല്‍ ഈ ശുപാര്‍ശകള്‍ക്ക് പ്രാധാന്യമുണ്ട്.

എ കെ ശശീന്ദ്രന്റെ രാജിയില്‍ കലാശിച്ച മംഗളം ടെലിവിഷന്റെ സ്റ്റിങ് ഓപറേഷനും ഇവിടെ ഓര്‍ക്കേണ്ടതുണ്ട്. രാത്രിയിലെ വശ്യഭാഷിണിയായി അഭിനയിച്ചത് ചാനലിലെ റിപ്പോര്‍ട്ടര്‍ തന്നെയായിരുന്നു. കാര്യങ്ങള്‍ വെളിപ്പെട്ടപ്പോള്‍ ചാനലിന്റെ ധര്‍മവിരുദ്ധവും നിയമവിരുദ്ധവുമായ നടപടിക്കെതിരെ വ്യാപകമായ പ്രതിഷേധമുണ്ടായി. ചാനല്‍ വാര്‍ത്ത പിന്‍വലിക്കുകയും പ്രേക്ഷകരോട് മാപ്പ് ചോദിക്കുകയും ചെയ്തു. ചാനല്‍ മേധാവി ജയിലിലായി. അന്ന് രൂപീകൃതമായ ആന്റണി കമ്മീഷന്റെ റിപ്പോര്‍ട്ട് പരസ്യപ്പെടുത്തിയിരുന്നെങ്കില്‍ ഇത്തരം വ്യാജ വാര്‍ത്തകളും കല്പിത വാര്‍ത്തകളും തടയുന്നതിന് എന്തെങ്കിലും ശുപാര്‍ശകളുണ്ടോ എന്നറിയാമായിരുന്നു. പത്രങ്ങള്‍ക്ക് പ്രസ് കൗണ്‍സില്‍ എന്ന പോലെ ടെലിവിഷന് നിയമപ്രകാരമുള്ള നിയന്ത്രണ സംവിധാനമില്ലാത്തതിനാല്‍ ഈ ശുപാര്‍ശകള്‍ക്ക് പ്രാധാന്യമുണ്ട്.

ഏഷ്യാനെറ്റിലെ വിവാദ വാര്‍ത്തയിലും അതിനാധാരമായ കൃത്രിമ അഭിമുഖത്തിലും ഈ രണ്ട് സംഭവങ്ങളുടെയും പ്രതിധ്വനിയുണ്ട്. റേറ്റിങ്ങിന് വേണ്ടി എന്തും ചെയ്യേണ്ടതായ അവശാവസ്ഥയിലല്ല ഏഷ്യാനെറ്റ് എന്നിരിക്കേ മറ്റെന്തെങ്കിലുമായിരിക്കാം ഇതിന് പിന്നിലെ ഉദ്ദേശ്യം. അതല്ലെങ്കില്‍ ഒരു റിപ്പോര്‍ട്ടറുടെ അമിതോത്സാഹവുമാകാം. പത്രത്തിലേത് പോലെ വിപുലമായ സംശോധനാ സംവിധാനം ടെലിവിഷനില്‍ സാധ്യമല്ലാത്തതിനാല്‍ എന്തും കടന്നുപോകാന്‍ സാധ്യതയുണ്ട്. തെറ്റുമ്പോള്‍ തിരുത്തുന്നതിനുള്ള ആര്‍ജവം ഏഷ്യാനെറ്റിനെപ്പോലെ ചരിത്രപരമായ കാരണങ്ങളാല്‍ അന്തസ് പാലിക്കാന്‍ ബാധ്യസ്ഥമായ ചാനലിനുണ്ട്.

അള്‍ത്താര സ്വയം പങ്കിലമാക്കിയതിന് ശേഷം ആരാധനാ സ്വാതന്ത്ര്യത്തെക്കുറിച്ച് വേവലാതിപ്പെടുന്ന എറണാകുളത്തെ വിശ്വാസികളെ പോലെയാകരുത് സ്വാതന്ത്ര്യ കാംക്ഷികളായ മാധ്യമപ്രവര്‍ത്തകര്‍

കണ്ടെത്തുന്ന വസ്തുതകളെ അടിസ്ഥാനമാക്കിയാണ് വാര്‍ത്ത ചമയ്ക്കപ്പെടേണ്ടത്. വസ്തുതകള്‍ പവിത്രമെന്ന സി പി സ്‌കോട്ടിന്റെ പ്രസ്താവന ക്‌ളാസ്മുറികളിലെന്ന പോലെ വാര്‍ത്താമുറികളിലും പ്രസക്തമാണ്. അള്‍ത്താര സ്വയം പങ്കിലമാക്കിയതിന് ശേഷം ആരാധനാ സ്വാതന്ത്ര്യത്തെക്കുറിച്ച് വേവലാതിപ്പെടുന്ന എറണാകുളത്തെ വിശ്വാസികളെ പോലെയാകരുത് സ്വാതന്ത്ര്യ കാംക്ഷികളായ മാധ്യമപ്രവര്‍ത്തകര്‍. പള്ളിയിലായാലും പത്രത്തിലായാലും പോലീസിന്റെ ഇടപെടല്‍ കഴിയുന്നതും ഒഴിവാക്കണം.

logo
The Fourth
www.thefourthnews.in