എപ്പോഴും പൊളിറ്റിക്കലി കറക്ട് ആവണോ? എയറിലാവുന്നതിന്റെ പൊളിറ്റിക്സ് എന്ത് ?

എപ്പോഴും പൊളിറ്റിക്കലി കറക്ട് ആവണോ? എയറിലാവുന്നതിന്റെ പൊളിറ്റിക്സ് എന്ത് ?

കറുപ്പിന് തിന്മയുടേയും വെളുപ്പിന് നന്മയുേടയും നിറം നല്‍കിയിടത്തു നിന്നാണ് നാം തിരുത്തി തുടങ്ങേണ്ടത്. അവിടെയാണ് വംശീയതയുടെ അടിവേരുകളുള്ളത്
Updated on
2 min read

പൊളിറ്റിക്കല്‍ കറക്ട്നെസിന്റെ കാലം

പഞ്ചസാര, ശര്‍ക്കര രണ്ടും മധുരമുള്ളതല്ലേ?

രണ്ടിനും ഒരു പൊതു സ്വഭാവമല്ലേ ഉള്ളത്...

ഏയ് അല്ലല്ലേ...

അതെങ്ങനെ ഒന്ന് വെളുത്തതും മറ്റേത് കറുത്തതുമല്ലേ, അല്ലേ ...!

കഴിഞ്ഞ ദിവസങ്ങളില്‍ ചക്കരയുടെ പേരില്‍ മമ്മൂട്ടിയും, WCC യുടെ പേരില്‍ ഇന്ദ്രന്‍സും വിവാദത്തില്‍പ്പെട്ടിരുന്നു. പുരുഷനേക്കാള്‍ മുകളിലാണ് സ്ത്രീ എന്നതു മനസിലാക്കാത്തവരാണ് സമത്വത്തെ കുറിച്ച് സംസാരിക്കുന്നതെന്ന പരാമര്‍ശമാണ് ഇന്ദ്രന്‍സിനെ വെട്ടിലാക്കിയത്. നടി ആക്രമിക്കപ്പെട്ട സംഭവത്തെ കുറിച്ചും WCC യെ കുറിച്ചുമുള്ള ചോദ്യങ്ങളോടും പ്രതികരിക്കുകയായിരുന്നു അദ്ദേഹം. സമൂഹമാധ്യമങ്ങളിലൂടെ മാപ്പ് പറഞ്ഞാണ് ഇന്ദ്രന്‍സ് രംഗം ശാന്തമാക്കിയത്. അതിന് തൊട്ടുപിന്നാലെയാണ് മമ്മൂട്ടിയും എയറിലായത്.

വിഷയം കരിപ്പെട്ടിയും പഞ്ചസാരയും .

ചക്കരയെന്നാല്‍ കരിപ്പെട്ടിയാണെന്നും തന്നെ വെളുത്ത പഞ്ചസാര എന്ന് പറഞ്ഞുകൂടേയെന്നുമുള്ള നടന്റെ പരാമര്‍ശമാണ് സോഷ്യല്‍ മീഡിയയെ ചൊടിപ്പിച്ചത്. താരം നടത്തിയത് വിദ്വേഷ പരാമര്‍ശമാണെന്നും കറുപ്പിനെയും കറുത്തതിനെയും അവഹേളിച്ചു എന്നുമാണ് എതിർക്കുന്നവരുടെ പോയിന്റ്. അതേസമയം നിർദോഷമായ തമാശ മാത്രമാണ് ഉദ്ദേശിച്ചതെന്ന് പറഞ്ഞ് മമ്മൂട്ടി ആരാധകര്‍ മുന്നോട്ട് വന്നതോടെ സീന്‍ വഷളായി തുടങ്ങി. പൊളിറ്റിക്കല്‍ കറക്ട്നെസിന്റെ കാലത്ത് തമാശ പറയാനും ആസ്വദിക്കാനും പോലും സാധിക്കുന്നില്ലെന്ന വാദവും ഉയരുന്നുണ്ട്. ആ പരാമര്‍ശത്തിനുമപ്പുറം കറുപ്പ്, വെളുപ്പ് എന്നീ നിറങ്ങള്‍ നമുക്കിടയില്‍ ഉണ്ടാക്കിയ ബോധ്യങ്ങളെ കുറിച്ചാണ് പ്രധാനമായും ചര്‍ച്ചചെയ്യേണ്ടത്. കറുപ്പിന് തിന്മയുടേയും വെളുപ്പിന് നന്മയുേടയും നിറം നല്‍കിയിടത്തു നിന്നാണ് നാം തിരുത്തി തുടങ്ങേണ്ടത്. അവിടെയാണ് വംശീയതയുടെ അടിവേരുകള്‍ ആരംഭിക്കുന്നത്.കറുത്തവന്‍ വില്ലനും വെളുത്തവന്‍ നായകനുമായ കാലഘട്ടത്തില്‍ നിന്നും നമ്മള്‍ മുന്നോട്ട് വന്നത് ഈ വേരുകള്‍ പറിച്ചെറിഞ്ഞുകൊണ്ടു തന്നെയാണ്.

നിറത്തിന് നമ്മുടെ സാമൂഹിക രാഷ്ട്രീയവുമായും ബന്ധമുണ്ട് . കറുപ്പ് അഭംഗിയാണെന്ന അപകര്‍ഷതാ ബോധത്തിലേക്ക് എത്ര കുഞ്ഞുങ്ങളെയാണ് നമ്മള്‍ തള്ളി വിട്ടിരിക്കുന്നത് . കറുത്ത നിറത്തിനെതിരെയുള്ള പോരാട്ടത്തില്‍ എത്ര ഫെയര്‍ ആന്റ് ലൗവ്‌ലികളുടെ ട്യൂബുകള്‍ അണിനിരന്നിട്ടുണ്ട് നമ്മുടെ നാട്ടില്‍. ദളിത് രാഷ്ട്രീയം പോരാടുന്നതും ഈ വെളുപ്പിന്റെ കറ സമൂഹത്തില്‍ നിന്നും പാടെ മായ്ച്ചു കളയാനാണെന്നതാണ് വാസ്തവം. പറഞ്ഞു വരുന്നത് ഇതിനെ ചെറിയ ഒരു തമാശയായി മാത്രം തള്ളിക്കളയാന്‍ സാധിക്കില്ലെന്നു തന്നെയാണ്

മമ്മൂട്ടിയിലേക്ക് വരാം...

എല്ലാം കാര്യത്തിലും അപ്‌ഡേറ്റഡ് ആണ് താനെന്ന് നിരന്തരം തെളിയിച്ച് 70ാം വയസിന്റെ ചെറുപ്പത്തില്‍ കഴിയുന്ന മമ്മൂട്ടി പറഞ്ഞത് ഒരു തമാശയായി അംഗീകരിക്കാന്‍ സാധിക്കില്ല. കറുപ്പും വെളുപ്പും തമ്മിലുള്ള അന്തരം കുറച്ചു കൊണ്ടുവരാന്‍ പാടുപെടുന്ന ഒരു കാലഘട്ടത്തില്‍ ഈ പരാമര്‍ശം വെറുമൊരു തമാശയല്ല. മമ്മൂട്ടിയൊരു റേസിസ്‌ററാണോ അല്ലയോ എന്നതിനേക്കാളും ചര്‍ച്ചക്കപ്പുറം തമാശയുടെ പേരില്‍ കടത്തുന്ന ഇത്തരം പ്രയോഗങ്ങളെ പ്രതിരോധിക്കുക എന്നതു തന്നെയാണ് .

കറുത്തവനെ, മെലിഞ്ഞവനെ, തടിച്ചവനെ, മുടിയുള്ളവനെ, മുടിയില്ലാത്തവനെയൊക്കെ തമാശയാക്കി കണ്ട കാലത്തിന്റെ പ്രതിനിധി കൂടിയാണ് മമ്മൂട്ടിയടക്കമുള്ള പൊതു സമൂഹം. വര്‍ഷങ്ങളായി മലയാള സിനിമയും സമൂഹവും കളിയാക്കാനായി ഉപയോഗിച്ച ഇത്തരം പ്രയോഗങ്ങളെ കഴിഞ്ഞ കുറേ വര്‍ഷങ്ങളായി അകറ്റി നിര്‍ത്താന്‍ മലയാളി സമൂഹം ശ്രമിക്കുന്നുണ്ട്, അതിന്റെ അടയാളമായാണ് ഈ വിമര്‍ശനങ്ങളെ കാണേണ്ടത് . ഇത്ര കാലവും വളര്‍ത്തുകയും കൈമാറ്റം ചെയ്യപ്പെടുകയും ചെയ്ത ബോധ്യങ്ങളെ അപനിർമ്മിതി ചെയ്യേണ്ട കാലഘട്ടമായിരിക്കുന്നു എന്നതാണ് ഈ സംഭവവും തെളിയിക്കുന്നത്

സ്ത്രീവിരുദ്ധ പരാമര്‍ശങ്ങളും ശാരീരിക അവഹേളനയും തമാശയായി കണ്ട കാലഘട്ടത്തില്‍ നിന്നും നമ്മുടെ സമൂഹം മാറി സഞ്ചരിച്ചു തുടങ്ങിയിരിക്കുന്നു എന്നത് അഭിമാനകരമായ നേട്ടം തന്നെയാണ്. രാത്രി മദ്യപിച്ചു വരുമ്പോള്‍ തൊഴിക്കാനൊരു പെണ്ണിനെ വേണം എന്ന് നായകന്‍ പറഞ്ഞപ്പോള്‍ കൈയടിച്ച സമൂഹത്തില്‍ നിന്നും മുഖം ചുളിക്കുന്ന സമൂഹത്തിലേക്കുളള നടത്തം അത്ര എളുപ്പമായിരുന്നില്ല . കലയും സാഹിത്യവും പുനര്‍ വായന നടത്തുമ്പോള്‍ ശരി തെറ്റുകള്‍ ചൂണ്ടിക്കാണിക്കുന്നത് സ്വാഭാവിക പ്രക്രിയ മാത്രമാണ് . അഞ്ച് വര്‍ഷം മുന്‍പ് വരെ ആസ്വദിച്ച താമാശകളില്‍ പലതിനോടും വിരക്തി തോന്നുന്നിടത്ത് നമ്മള്‍ വളരുകയാണെന്നതാണ് തിരിച്ചറിയേണ്ടതുണ്ട്.

നിലവില്‍ സിനിമയില്‍ നിന്നും മാറി നില്‍ക്കുന്ന, വ്യക്തമായി പറഞ്ഞാല്‍ പുതിയ കാലം മാറ്റിനിര്‍ത്തിയ ഇത്തരം തമാശകളെ ഇനിയും കൊണ്ടു നടക്കുന്നത് അല്‍പ്പം ഹാനികരമാണ് . നിറത്തേയും രൂപത്തേയും അവഹേളിക്കുന്ന തമാശകള്‍ ഇനിയും വാരിവിതറി ജനങ്ങളുടെ കൈയടി വാങ്ങാം എന്ന വിചാരം ഇപ്പോഴും സൂക്ഷിക്കുന്നവരോട് പറയാനുള്ളത് വിമര്‍ശനങ്ങളെ നേരിടാന്‍ തയ്യാറാവുക എന്നതാണ് . ആരെയും വ്യക്തിപരമായി അവഹേളിക്കാതിരിക്കുന്നതിനൊപ്പം, കൃത്യമായി വിമര്‍ശനമുന്നയിക്കുന്നത് ഒരു രാഷ്ട്രീയ പ്രവര്‍ത്തനം തന്നെയാണ്. കുറച്ചു മുന്‍പുള്ള മമ്മൂട്ടിയുടെ ഒരഭിമുഖത്തില്‍ ജൂഡ് ആന്റണിയുമായി ബന്ധപ്പെട്ട പരാമര്‍ശത്തെച്ചൊല്ലി സമൂഹമാധ്യമങ്ങളില്‍ വിമര്‍ശനങ്ങളുയര്‍ന്ന ഘട്ടത്തില്‍ അത് തിരുത്താന്‍ കാണിച്ച മനസ് ഇവിടെയും പ്രതീക്ഷിക്കുന്നു .

തമാശകളിലെ പോലും ശരിയും തെറ്റും ഇഴകീറി പരിശോധിക്കുകയും, തെറ്റ് ചൂണ്ടിക്കാണിക്കുകയും അത് ചര്‍ച്ചചെയ്യുകയും ചെയ്യുമ്പോള്‍ മനസിലാക്കേണ്ടത്, പുരോഗമന സമൂഹത്തിന്റെ ഭാഗമാകാന്‍ നമ്മളും തയ്യാറാകുന്നു എന്നതു തന്നെയാണ്. ജനാധിപത്യ മൂല്യങ്ങള്‍ നിരന്തരം ചര്‍ച്ചയാവുകയും, കലയും സാഹിത്യവുമൊക്കെ പുനർവായന നടത്തുകയും, അതിലെ ശരിയും തെറ്റും ചൂണ്ടിക്കാണിക്കുന്ന പൊളിറ്റിക്കല്‍ കറക്ടനസിനെക്കുറിച്ച് സംസാരിക്കുകയും ചെയ്യുന്ന കാലത്ത് വാക്കുകളിലും പ്രയോഗങ്ങളിലും ശ്രദ്ധ പുലര്‍ത്തേണ്ടത് അത്യാവശ്യമാണ്

logo
The Fourth
www.thefourthnews.in