കലണ്ടറിനുണ്ടൊരു കഥ പറയാൻ 

കലണ്ടറിനുണ്ടൊരു കഥ പറയാൻ 

പുതുവർഷ പിറവി കലണ്ടറുകളുടെ ജന്മദിനം കൂടിയാണ്. ഇന്റർനെറ്റിന്റെയും മൊബൈലിന്റെയും ആക്രമണത്തെ അതിജീവിച്ച് ഇന്നും മലയാളി ഭവനങ്ങളിൽ പുഞ്ചിരിച്ചു തൂങ്ങുകയാണ് കലണ്ടറുകൾ 
Updated on
4 min read

കലണ്ടറിനെക്കുറിച്ച് ഏറ്റവും വ്യത്യസ്തമായി സംസാരിച്ചത് യശശരീരനായ പത്രപ്രവർത്തകൻ കെ ജയചന്ദ്രൻ ആയിരുന്നു. ഒരു സംഭാഷണ വേളയിൽ, വിരൽ ചുമരിലേക്ക് ചൂണ്ടിക്കൊണ്ട് ജയചന്ദ്രൻ പറഞ്ഞു. “രത്നാകരനെ (പത്രപ്രവർത്തകനും എഴുത്തുകാരനുമായ മാങ്ങാട് രത്നാകരൻ) രണ്ടാമത് കാണുമ്പോഴേക്കും, മൂന്നാല് മാതൃഭൂമി കലണ്ടറുകൾ  വീണു'.

ഇങ്ങനെ ഒരു കാലഗണന ഇതുവരെ കേട്ടിട്ടില്ല! അതാണ് ജയചന്ദ്രൻ സ്റ്റെൽ !

ഒരു പത്മരാജൻ ചിത്രം' നവംബറിന്റെ നഷ്ടം' എന്നതിന്റെ പരസ്യം -ഇങ്ങനെ

'നഷ്ടപ്പെടാൻ നവംബറിനെന്തുണ്ട്? ഡിസംബർ, ഡിസംബർ മാത്രം'

അതേപോലെ  നഷ്ടപ്പെടാൻ ഡിസംബറിനെന്തുണ്ട്? കലണ്ടറുകൾ ! കലണ്ടറുകൾ മാത്രം! എന്നും പറയാം !

മൊബൈലും, ഇന്റർ നെറ്റും അപ്രസക്തമാക്കിയ പല ഇനങ്ങളിൽ ഒന്നായി മാറി  ഇപ്പോൾ നമ്മുടെ കലണ്ടറുകൾ. എന്നിട്ടും മനോരമ കലണ്ടറുകൾ ഇപ്പോഴും ഇരുപത്തഞ്ച് ലക്ഷം കോപ്പി വിൽക്കുന്നു. 

മലയാളിയുടെ അടുക്കളയിൽ, ഇന്നും തൂങ്ങുന്നുണ്ട് ഡേറ്റ് കലണ്ടർ, വീട്ടമ്മ ഗ്യാസ് ബുക്ക് ചെയ്ത തിയതി കുറിച്ചിട്ടുന്നത് എവിടെയാണ് ? പത്രത്തിന്റെ പണം കൊടുത്തത്, ചിട്ടിപ്പണം കൊടുക്കേണ്ട തിയതി, തിരുവാതിര നൊയമ്പ്, ചിങ്ങം ഒന്ന് എന്നാണ്? ഇതൊക്കെ വീട്ടമ്മ ഓർമിച്ചെടുക്കുന്നത് ഇപ്പോഴും ആ കലണ്ടറിലെ തീയതിയിലെ  വട്ടം വരയിലാണ്, ഒരു ഗൂഗിളിലൂടെയും അല്ല!

'രാജാവിന്റെ  മകൻ'  - ആൻസിയെ രക്ഷിക്കാനെത്തുന്ന അധോലോക നായകൻ. വിൻസെന്റ് ഗോമസ് പോലും എഴുതിയത് ഭിത്തിയിലെ കലണ്ടറിലാണ് , ഓർമ്മയില്ലെ ? മൈ  ഫോൺ നമ്പർ ഈസ് 2255. എളുപ്പത്തിൽ കിട്ടുന്ന  ഇത്രയും നല്ല സെർവർ വെറെ ഏതുണ്ട്?

കലണ്ടറുകൾ മലയാളികളുടെ ജീവിതത്തിലെ അവിഭാജ്യ ഘടകമൊന്നുമല്ലെങ്കിലും, അവ ജീവിതത്തിനോട് ചേർന്നു നിൽക്കുന്ന ഒന്നായിട്ട് അലിഞ്ഞിരിക്കുന്നു. സർക്കാർ കലണ്ടറുകൾ ഇപ്പോഴും എല്ലാ വർഷവും ഔദ്യോഗിക രേഖയായി തുടരുന്നുണ്ടല്ലോ.

ഒരു കാലത്ത് മധ്യ കേരളത്തിൽ അമ്പലമേടിലെ ഫാക്റ്റ് വള നിർമാണ കമ്പനി പുറത്തിറക്കിയിരുന്ന മനോഹരമായ കലണ്ടറുകൾ തൂങ്ങാത്ത ഭിത്തികളുണ്ടായിരുന്നില്ല. അയ്യപ്പന്റെ എറ്റവും മനോഹരമായ ചിത്രമുള്ളത് ഫാക്റ്റിന്റെ കലണ്ടറിലാണ്. ഇതായിരുന്നു, മിക്ക ക്ഷേത്രങ്ങളിലും ചില്ലിട്ട് വെച്ചിരുന്നത്. അത്രക്ക് ഭംഗിയുള്ള വർണ്ണ ചിത്രങ്ങളുമായാണ് ഫാക്റ്റിന്റെ കലണ്ടർ പുറത്ത് വന്നിരുന്നത്. തിരുപ്പതി വെങ്കിട്ടാചലപതി തൊട്ട്  ഗുരു വായൂരപ്പൻ വരെ കലണ്ടറായി വന്നു. ആർക്കും, കണ്ടാൽ അറിയാതെ കൈ കൂപ്പി പോകുന്ന ഭക്തി വരും.

നുസിലി വാഡിയയുടെ 'ബോംബെ ഡൈയിങ്ങ് '  ഗ്ലാമർ സിനിമാ താര ചിത്രത്തോടെ പുറത്തിറക്കിയിരുന്ന പ്രത്യേക നീളത്തിൽ ഒറ്റ ഷീറ്റിലുള്ള കലണ്ടർ ഒരു കാലത്തെ  വിശിഷ്ട ഐറ്റമായിരുന്നു. തെന്നിന്ത്യയിൽ നിന്ന് പോയി ബോളിവുഡ് പിടിച്ചടക്കിയ സൂപ്പർ താരം ശ്രീദേവിയുടെ ചിത്രമുള്ള  കലണ്ടറായിരുന്നു അതിൽ ഏറ്റവും മികച്ചത്. കേരളത്തിലെ ബാർബർ ഷാപ്പുകളിൽ, ഇഷ്ട ദൈവത്തിന്റെ ചിത്രത്തോടൊപ്പം, ഏറെക്കാലം  ആ കലണ്ടർ പടവും പ്രതിഷ്ഠിക്കപ്പെട്ടു. എന്നും, ഇത്തരം കലണ്ടറുകളായിരുന്നു മുടി വെട്ട് കടകളുടെ ഐശ്വര്യം.

കാൽ നൂറ്റാണ്ട് മുൻപ് ഒരു വൃശ്ചിക പുലരിയിലാണ്  കേരളത്തിൽ ഒരു കലണ്ടർ വിവാദം പൊട്ടിപ്പുറപ്പെടുന്നത്. മലയാളത്തിലെ രണ്ട് പ്രധാന ദിനപത്രങ്ങളുടെ വരും വർഷത്തിലെ കലണ്ടറിൽ വൃശ്ചികം ഒന്ന് വ്യത്യസ്ത ദിവസങ്ങളിലായി വന്നതാണ് വിവാദമായത്

ഏറ്റവും കുറഞ്ഞ ചെലവിൽ എവിടെയും എത്തിക്കാനുള്ള ഒരു പരസ്യ മാധ്യമമായി കലണ്ടർ പൊതുവെ അംഗീകരിക്കപ്പെട്ടിരുന്നു. സൂര്യനു കീഴിലുള്ള ഏത് ഉത്പന്നത്തിനും കലണ്ടർ ആവാം. സൗജന്യ വിതരണത്തിലൂടെ, വീടുകളിലും, കടകളിലും കുറച്ച് നാളെങ്കിലും തൂങ്ങിയാടുന്ന പരസ്യം! ജി എസ് ടി വേണ്ട, ടാക്സും വേണ്ട, പരിപാലന ചെലവില്ല, വാടകയും ഇല്ല.

2021 ൽ കോവിഡാനന്തരം, വാണിജ്യ പരസ്യലോകത്ത്, ഏറെ പേരെ ദുഃഖിപ്പിച്ചു കൊണ്ട് ആ വാർത്ത പുറത്ത് വന്നു. 'കിങ്ഫിഷർ ' കലണ്ടറുകൾ, ഇനിയില്ല! ലോകത്തിലെ ഏറ്റവും ചെലവേറിയ കലണ്ടറുകളിലൊന്നായിരുന്നു വിജയമല്യയുടെ 'യുണൈറ്റഡ് ബീവറേജസിന്റെ 'ഗ്ലാമർ' കലണ്ടർ, നീന്തൽ വേഷത്തിലുള്ള മോഡലുകളാണ് കവർ ചിത്രങ്ങൾ കത്രീന കൈഫ്, യാന ഗുപ്ത എന്നി സിനിമാ താരങ്ങളൊക്കെ ആദ്യ കാലത്ത് ഈ കലണ്ടറിൽ മോഡലായിരുന്നു. അതുൽ കസ് ബേക്കർ എന്ന എഷ്യയിലെ തന്നെ,ഏറ്റവും മികച്ച ഫാഷൻ ഫോട്ടോഗ്രാഫറാണ് , 2003 മുതൽ 19 വർഷം തുടർച്ചയായ് ഈ കലണ്ടർ ഫോട്ടോ ഷൂട്ട് നടത്തിയത്. സീ ഷെൽസ്, ഗ്രീസ്, ദക്ഷിണാഫ്രിക്ക തുടങ്ങിയവ ഷൂട്ട് ചെയ്ത ലൊക്കേഷനുകളിൽ ചിലത് മാത്രം. 2015 ൽ ഈ വിഷയം ആസ്പദമാക്കി മധു ഭണ്ഡാർക്കർ' 'കലണ്ടർ ഗേൾസ്' എന്നൊരു ചലച്ചിത്രം പോലും സംവിധാനം ചെയ്തു.

സാമ്പത്തിക കുറ്റങ്ങളിൽ  നിന്ന് രക്ഷപ്പെടാൻ ഇന്ത്യയിൽ നിന്ന് മുങ്ങി, ലണ്ടനിൽ താമസിച്ച്, ഇപ്പോൾ ബ്രിട്ടനിലെ പ്രധാനപ്പെട്ട സ്കോച്ച് ഡിസ്റ്റലറികൾ വാങ്ങിക്കൂട്ടുന്ന കോടീശ്വരൻ വിജയ് മല്യയുടെ സ്വകാര്യ അഹങ്കാരമായിരുന്ന  ഈ കലണ്ടർ മഹാമഹം അങ്ങനെ, അവസാനിച്ചു.

കാൽ നൂറ്റാണ്ട് മുൻപ് ഒരു വൃശ്ചിക പുലരിയിലാണ്  കേരളത്തിൽ ഒരു കലണ്ടർ വിവാദം പൊട്ടിപ്പുറപ്പെടുന്നത്. സംഭവം ഇങ്ങനെ. മലയാളത്തിലെ രണ്ട് പ്രധാന ദിനപത്രങ്ങളുടെ വരും വർഷത്തിലെ കലണ്ടറിൽ വൃശ്ചികം ഒന്ന് വ്യത്യസ്ത ദിവസങ്ങളിലായി കാണപ്പെട്ടു. ഒരു ദിവസം ഇരു കലണ്ടറിലും രണ്ട് വ്യത്യസ്ത തീയതികളിൽ ! അതും ശബരിമലയിൽ  നട തുറക്കുന്ന  വൃശ്ചികം ഒന്നാം തീയതി.

ഇന്നത്തെ പോലെ സോഷ്യൽ മീഡിയയോ ചാനലുകളോ വൈകീട്ട് ചേരിതിരിഞ്ഞ് കോഴി കൊത്തും പോലെ കൊത്തുന്ന, ചാനൽ ചർച്ചക്കാരോ അന്ന്  ഇല്ല. പോരാഞ്ഞ്, ഇത് സാധാരണക്കാരനെ ബാധിക്കുന്ന ഒരു പ്രശ്നമല്ലാത്തതിനാൽ ഈ സംഭവം അങ്ങനെ ചൂടായില്ല.

പക്ഷേ, കഥാപാത്രങ്ങളായ പത്രങ്ങൾ ഇത് വിടാൻ ഭാവ മുണ്ടായിരുന്നില്ല. തങ്ങളുടെ കലണ്ടറിലെ തീയതിയാണ് ശരിയെന്ന് വാദമുഖങ്ങൾ നിരത്തി . യുദ്ധമാരംഭിച്ചു.  അക്കാലത്ത് കൊടുമ്പിരിക്കൊണ്ട പത്ര പ്രചാരത്തിലെ യുദ്ധം , കലണ്ടർ യുദ്ധമായി മാറി എന്ന് മാത്രം. തങ്ങളുടെ കലണ്ടറിലെ തീയതിയാണ് ആധികാരികം എന്ന് ഒരു പത്രം  ഉറപ്പിച്ച് പറഞ്ഞപ്പോൾ ശബരിമല നട തുറന്നത് ഞങ്ങളുടെ കലണ്ടറിലെ തീയതി അനുസരിച്ചാണ് അതിനാൽ  ഞങ്ങളുടെ കലണ്ടറാണ് ശരിയെന്ന് മറ്റേ പത്രം തിരിച്ചടിച്ചു.

അങ്ങനെ, സംഭവം ചൂടായി, സർക്കാർ ഗസ്റ്റ് ഹൗസിലെ ചട്ട്ണിക്ക് ഉപ്പു കുറഞ്ഞാൽ പോലും ഉടനെ പ്രസ്താവനയിറക്കുന്ന രാഷ്ട്രീയക്കാർ  ഈ പ്രശ്നത്തിൽ പക്ഷം പിടിക്കാതെ  ഒഴിഞ്ഞ് മാറി. രണ്ട് പത്രങ്ങളെയും പിണക്കാൻ അവർക്ക് ധൈര്യമില്ലാത്തതിനാൽ ഒരാളും അനങ്ങിയില്ല. രാഹുകാലം നോക്കി മാത്രം , പുറത്തിറങ്ങി  പ്രസംഗിക്കാൻ പോകുന്ന നേതാക്കളുള്ള നാടാണല്ലോ കേരളം.

കേരളത്തിലെ യുക്തിവാദികളുടെ മാർപ്പാപ്പയായ പവനൻ മാത്രം  ഈ അസംബന്ധ വിഷയം ചർച്ച ചെയ്ത് പത്രങ്ങൾ വിലപിടിപ്പുള്ള പത്ര സ്ഥലവും സമയവും കളയരുതെന്ന് ഒരു ലേഖനത്തിലൂടെ പ്രതികരിച്ചു.

റേഷൻ കടകളെക്കാൾ കൂടുതൽ  കേരളത്തിൽ ജ്യോതിഷക്കാരുണ്ട് എന്ന് ജനങ്ങൾക്ക് മനസിലായത് അപ്പോഴാണ്. കാരണം, കവടി കയ്യിലുള്ള കണിയാന്മാരെല്ലാം രംഗത്ത് വന്നു. കേരളത്തിലെ ജ്യോത്സ്യന്മാർ രണ്ടായി ചേരിതിരിഞ്ഞ് രണ്ട് പത്രങ്ങൾക്ക് വേണ്ടി ആവേശപൂർവം കവടി നിരത്തി , വാദമാരംഭിച്ചു.

ഒരു പത്രമാകട്ടെ തൃശൂർ സാഹിത്യ അക്കാദമിയിൽ ഒരു കൂട്ടം ജ്യോതിഷക്കാരെ ക്ഷണിച്ച്  മഹാജ്യോത്സ്യ സമ്മേളനം നടത്തി , തങ്ങളുടെ വാദമാണ് ശരിയെന്ന് ഐക്യദാർഢ്യം പ്രഖ്യാപിച്ച് പ്രമേയം പാസാക്കി , തങ്ങളുടെ  കലണ്ടർ തന്നെ ശരിയെന്നും പ്രസ്താവനയിറക്കി. എന്നാൽ കേരളത്തിലെ പ്രമുഖരായ ജ്യോതിഷികളൊന്നും അറിയാതെയാണ് ഈ യോഗം സംഘടിപ്പിച്ചെതെന്നും അതിൽ പങ്കെടുത്ത ഒരു ജ്യോതിഷിയും ആധികാരികതയുള്ളവരല്ലായെന്നും ഇത് ഒരു ഗൂഢാലോചന മാത്രമാണെന്നും എതിരാളിയായ പത്രം തിരിച്ചടിച്ചു.

ഒടുവിൽ രണ്ട് പത്രങ്ങൾക്കും കലണ്ടറിൽ സമയം കുറിച്ചു കൊടുത്ത പയ്യന്നൂരിലെ 'ഗണിത ജ്യോതിഷ ചക്രവർത്തി' വി പി കെ പൊതുവാൾ രംഗത്ത് വന്നു (കാഞ്ചി കാമകോടി ശങ്കരാചാര്യരാണ്  പൊതുവാളിനെ  ഈ പദവി നൽകി ആദരിച്ചത്). അദ്ദേഹം പറഞ്ഞു 'ഞാൻ രണ്ട് പത്രങ്ങൾക്കും ഒരേ തീയതിയാണ് കുറിച്ചു കൊടുത്തത്. ആരോ ഒരാൾ അത് മാറ്റിയിരിക്കുന്നു.'

അങ്ങനെ, ആരും ജയിക്കാതെ , തോൽക്കാതെ ആ കലണ്ടർ വിവാദം കെട്ടടങ്ങി. ഇതൊന്നും വിൽപ്പനയെ ബാധിക്കാതെ, രണ്ട് കലണ്ടറുകളും ചൂടോടെ വിറ്റുപോവുകയും ചെയ്തു.

'സപ്പർ സർക്കീട്ട്കാർ' അതിന്റെ നേതാവായ ഉസ്താദ് വാസുവിന്റെ നേതൃത്വത്തിൽ കലണ്ടർ ശേഖരണ വിതരണം നടത്തുന്ന സാഹസിക കഥ, കഥാകാരൻ എസ് കെ പൊറ്റെക്കാട് ഒരു ദേശത്തിന്റെ കഥയിൽ മനോഹരമായി അവതരിപ്പിച്ചത് വായിച്ച് കോരിത്തരിക്കാത്തവരാരുണ്ട്? നിർദോഷമായ കലാപരിപാടികൾ രാത്രി നേരങ്ങളിൽ നടത്തിയിരുന്ന ഒരു കൂട്ടം യുവാക്കളാണ്  ഒരു ദേശത്തിന്റെ കഥയിലെ അതിരാണിപ്പാടത്തെ 'സപ്പർ സർക്കീറ്റ്' എന്ന സംഘം. കഥാനായകൻ ശ്രീധരൻ (പൊറ്റെക്കാട് തന്നെ)  ഈ സെറ്റിൽ മൈനറായ അംഗമാണ്. ഈ സംഘത്തിന്റെ വികൃതി രാത്രി ഒരു പുരയിൽ രാത്രി കേറി കലണ്ടർ മോഷ്ടിച്ച് മറ്റൊരു വീട്ടിൽ കേറി അവിടെ തൂക്കുക, ആ വീട്ടിലെ കലണ്ടർ എടുത്ത് വെറെ വീട്ടിൽ പ്രതിഷ്ഠിക്കുക എന്നിങ്ങനെയൊക്കെ ആയിരുന്നു. പിറ്റേന്ന് വീട്ടുകാരും  നാട്ടുകാരും അമ്പരക്കണം. തീർന്നില്ല. ഒരാഴ്ച കഴിഞ്ഞ് ഈ കലണ്ടറുകൾ പഴയ പടി തിരിച്ചിടണം. അപ്പോഴും നാട്ടുകാർ അന്തം വിടണം!

ആളുകൾക്ക് കലണ്ടറുകളോടുള്ള അഭിനിവേശം എക്കാലത്തുമുണ്ടായിരുന്നു.. ബോണിയെം എന്ന മ്യൂസിക്ക് ബാൻഡ്, ജനുവരി മുതൽ ഡിസംബർ വരെ മാസങ്ങളുടെ പേരുകൾ കോർത്തിണക്കി കൊണ്ടൊരു പാട്ട്  40 കൊല്ലം മുൻപ്, തങ്ങളുടെ ആൽബത്തിൽ ഉൾപ്പെടുത്തി  പേര് 'കലണ്ടർ സോങ്ങ്'

ഒരിക്കെലെങ്കിലും ഭിത്തിയിലെ കലണ്ടറിൽ നോക്കാത്തവരുണ്ടാകുമോ? ഈ വർഷത്തെ പിറന്നാൾ ? കഴിഞ്ഞ മാസത്തെ ബന്ദ് എന്നായിരുന്നു ? ഭാഗ്യം ഈ വർഷം തിരുവോണം ശനിയാഴ്ചയാണ് ! ഓഗസ്റ്റ് മാസത്തെ പേജിലെ പിൻ ഭാഗത്ത് എഴുതിയ ആ ഫോൺ നമ്പർ (രഹസ്യമാണേ) ആരും കാണല്ലെ !

ഓർമ്മിപ്പിക്കാൻ  ഒരു സെർവർ !

logo
The Fourth
www.thefourthnews.in