ഗോളടിക്കുന്ന മഹാത്മാഗാന്ധി
മിഡ്‌ഫീൽഡിൽ നിന്ന് വിംഗിലൂടെ പന്തുമായി കുതിച്ചെത്തി എതിർ പ്രതിരോധവലയം ഭേദിച്ച് പോസ്റ്റിലേക്ക് നിറയൊഴിക്കുന്ന ഒരു മഹാത്മാഗാന്ധിയെ സങ്കല്പിക്കാനാകുമോ?
അങ്ങനെയുമുണ്ട് ഒരു ഗാന്ധി. ഇവിടെയല്ല; ബ്രസീലിൽ. ഒന്നാം ഡിവിഷൻ ഫുട്ബാൾ ക്ലബ്ബായ അത്ലറ്റികോ ഗോയനീസിന്റെ മിഡ്‌ഫീൽഡർ. ഇപ്പോൾ ലോൺ അടിസ്ഥാനത്തിൽ മൂന്നാം ഡിവിഷൻ ടീമായ ഇപോറയ്ക്ക് കളിക്കുന്നു. ദേശീയ ടീമിന് കളിച്ചിട്ടില്ലെങ്കിലും പ്രാദേശിക ലീഗിലെ ഭേദപ്പെട്ട ഗോളടിക്കാരിലൊരാളാണ് ഈ മുപ്പതുകാരൻ മഹാത്മാഗാന്ധി.
സാക്ഷാൽ മഹാത്മജിയോടുള്ള അകമഴിഞ്ഞ ആരാധനയിൽ നിന്നാണ് ബ്രസീലിയൻ മാതാപിതാക്കൾ മകന് ഇതിഹാസതുല്യമായ ആ പേര് സമ്മാനിച്ചത്. പൂർണ്ണ നാമം മഹാത്മാഗാന്ധി ഹീബർപിയോ മാറ്റോസ് പൈറസ് എന്നാണെങ്കിലും മാധ്യമങ്ങൾക്ക് കമ്പം ``ഗാന്ധി''യിൽ തന്നെ. മഹാത്മാഗാന്ധിയുടെ ഗോൾ, മഹാത്മാഗാന്ധിയുടെ ഫ്രീകിക്ക്, മഹാത്മാഗാന്ധിയുടെ ഡ്രിബ്ലിംഗ് .... ബ്രസീലിയൻ പത്രങ്ങളുടെ സ്പോർട്ട്സ് പേജുകളിൽ ഗാന്ധിയൻ വീരഗാഥ തുടങ്ങിയിട്ട് പതിറ്റാണ്ടുകൾ രണ്ടാകുന്നു. ഒരു പക്ഷേ ലോകത്ത് ഇന്ന് അവശേഷിക്കുന്ന ഒരേയൊരു മഹാത്മാഗാന്ധി ഈ പന്തുകളിക്കാരനാകണം.
ഇംഗ്ളണ്ടിൽ ചെലവഴിച്ച കൗമാരകാലത്താണ് ഗാന്ധിജി ഫുട്ബാളിൽ ആകൃഷ്ടനായതെന്ന് പറയുന്നു മിഷിഗൻ സ്റ്റേറ്റ് യൂണിവേഴ്സിറ്റിയിലെ അധ്യാപകനും ചരിത്രാന്വേഷിയുമായ പീറ്റർ അലേഗി
പേരിലൂടെ മാത്രം തൻ്റെ പിൻഗാമിയായി അറിയപ്പെടുന്ന ഈ കളിക്കാരനിൽ ഒതുങ്ങുന്നില്ല ``ഒറിജിനൽ'' മഹാത്മജിയുടെ ഫുട്ബാൾ ബന്ധം. ദക്ഷിണാഫ്രിക്കൻ ജീവിത കാലത്ത്, കാൽപ്പന്തുകളിയെ അസമത്വത്തിനെതിരായ പോരാട്ടത്തിൽ ആയുധമാക്കിയ ചരിത്രവുമുണ്ട് അദ്ദേഹത്തിന്. ഈ യുദ്ധത്തിന്റെ ഭാഗമായി ഡർബനിലും പ്രിട്ടോറിയയിലും ജൊഹാനസ്ബർഗിലും മൂന്ന് ഫുട്ബാൾ ക്ലബുകൾക്ക് രൂപം നൽകി ഗാന്ധിജി. മൂന്നിനും ഒരേ പേര് തന്നെ: പാസീവ് റെസിസ്റ്റേഴ്‌സ് സോക്കർ ക്ലബ്. ഇതിനു പുറമെ സാധാരണക്കാർക്ക് പന്ത് തട്ടാനായി ഒരു ഫുട്ബാൾ മൈതാനം നിർമ്മിക്കാൻ മുൻകൈയെടുക്കുകയും ചെയ്‌തു. ഡർബനിലെ ഫീനിക്സ് സെറ്റിൽമെന്റിൽ ഇപ്പോഴുമുണ്ട് ആ മൈതാനം.
ഇംഗ്ളണ്ടിൽ ചെലവഴിച്ച കൗമാരകാലത്താണ് ഗാന്ധിജി ഫുട്ബാളിൽ ആകൃഷ്ടനായതെന്ന് പറയുന്നു മിഷിഗൻ സ്റ്റേറ്റ് യൂണിവേഴ്സിറ്റിയിലെ അധ്യാപകനും ചരിത്രാന്വേഷിയുമായ പീറ്റർ അലേഗി. ``വലിയ ഫുട്ബാൾ കമ്പക്കാരനൊന്നും ആയിരുന്നില്ല അദ്ദേഹം. പക്ഷേ സാധാരണക്കാർക്കിടയിൽ ഫുട്ബാളിനുള്ള സ്വാധീനത്തെ കുറിച്ച് ഉറച്ച ബോധ്യമുണ്ടായിരുന്നു. ഇന്ത്യൻ വംശജരെ സംഘടിപ്പിച്ച് 1896 ൽ ട്രാൻസ്‌വാൾ ഇന്ത്യൻ ഫുട്ബാൾ അസോസിയേഷന് രൂപം നൽകിയത് ഈ വിശ്വാസം മനസ്സിൽ വെച്ചുകൊണ്ടാവണം.''
ഇംഗ്ളണ്ടിൽ നിയമവിദ്യാർത്ഥിയായിരുന്ന കാലത്ത് ക്രിക്കറ്റിലും സൈക്ക്ളിംഗിലും ആയിരുന്നു യുവ മോഹൻദാസിന് കമ്പം എന്ന് സാക്ഷ്യപ്പെടുത്തുന്നു മറ്റൊരു ഗാന്ധി ചരിത്രകാരനായ ബോൺഗനി സിത്തോൾ. ദക്ഷിണാഫ്രിക്കയിൽ എത്തിയ ശേഷമാണ്, സമൂഹത്തിലെ താഴെത്തട്ടിലുള്ളവരെ ഒന്നിപ്പിച്ചു നിർത്താനുള്ള ഫുട്ബാളിന്റെ കഴിവ് അദ്ദേഹം തിരിച്ചറിഞ്ഞത്.
പാസീവ് റെസിസ്റ്റേഴ്‌സ് സോക്കർ ക്ലബുകൾ തമ്മിൽ പ്രദർശന മത്സരങ്ങൾ സംഘടിപ്പിച്ച് അതുവഴി ലഭിക്കുന്ന വരുമാനം തുറുങ്കിലടക്കപ്പെട്ട സാമൂഹ്യ പ്രവർത്തകരുടെ കുടുംബങ്ങൾക്ക് വീതിച്ചു നൽകുകയായിരുന്നു ഗാന്ധിജിയുടെ രീതി. സമത്വം, സ്വാതന്ത്ര്യം, സാഹോദര്യം എന്ന സന്ദേശം ദരിദ്രർക്കിടയിൽ എത്തിക്കാൻ പന്തുകളിയെപ്പോലെ ഉചിതമായ മറ്റൊരു മാർഗ്ഗവുമില്ലെന്ന് വിശ്വസിച്ചു അദ്ദേഹം.
പിൽക്കാലത്ത് ഫുട്ബാളിനോടുള്ള ഗാന്ധിജിയുടെ സമീപനം മാറിയിരിക്കാം. ഉറച്ച മനസ്സുകളും ശരീരങ്ങളും പിറവിയെടുക്കേണ്ടത് ഫുട്ബാൾ മൈതാനങ്ങളിലല്ല, ചോളപ്പാടങ്ങളിലും നെൽപ്പാടങ്ങളിലുമാണെന്ന ഗാന്ധിയൻ വീക്ഷണം ഓർക്കുക. എങ്കിലും, ദക്ഷിണാഫ്രിക്കൻ കായികലോകത്തിന് മഹാത്മജിയെ മറക്കാനാവില്ല. വിവേചനരഹിതമായ ഒരു സ്പോർട്ട്സ് സംസ്കാരത്തിന് അവിടെ അടിത്തറയിട്ടത് മഹാത്മാഗാന്ധിയായിരുന്നല്ലോ.